Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരുടെ ശ്രദ്ധക്ക്

ടി. മുഹമ്മദ് വേളം

രാള്‍ തന്റെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു. സുഹൃത്തിനും ഭാര്യക്കുമിടയില്‍ എന്തോ ഒരു ചെറിയ പിണക്കമുള്ളതായി അദ്ദേഹത്തിനു തോന്നി. ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ തമ്മില്‍ എന്തോ ഒരു പ്രശ്‌നമുണ്ടല്ലോ?'' ഭാര്യ പറഞ്ഞു: ''അങ്ങനെ വലിയ പ്രശ്‌നമൊന്നുമില്ല. ഉള്ളത് ഒരു ചെറിയ വിഷയമാണ്.'' അദ്ദേഹം വിഷയമെന്താണെന്നു ചോദിച്ചു. സുഹൃത്തിന്റെ ഭാര്യ പറഞ്ഞു: ''മകനുണ്ടായിട്ട് ആറുമാസമായി. ഇതുവരെ പേരിട്ടിട്ടില്ല.'' അദ്ദേഹം ചോദിച്ചു: ''അതെന്താ?'' സുഹൃത്തിന്റെ ഭാര്യ പറഞ്ഞു: ''അദ്ദേഹം പറയുന്നു കുട്ടിക്ക് അദ്ദേഹത്തിന്റെ അഛന്റെ പേരിടണം.'' ഞാന്‍ പറഞ്ഞു: ''എന്റെ അഛനെന്താ മോശക്കാരനാ, മകന് എന്റെ അഛന്റെ പേരിടണം.'' സുഹൃത്ത് ഭര്‍ത്താവിനോട് ചോദിച്ചു: ''നിങ്ങളുടെ അഛന്റെ പേരെന്താണ്?'' അദ്ദേഹം പറഞ്ഞു: ''ഗോപാലന്‍.'' ഭാര്യയോട് ചോദിച്ചു: ''നിങ്ങളുടെ അഛന്റെ പേരെന്താണ്?'' അവര്‍ പറഞ്ഞു: ''കൃഷ്ണന്‍.'' സുഹൃത്ത് പറഞ്ഞു: ''പ്രശ്‌നം എളുപ്പം പരിഹരിക്കാമല്ലോ? കുട്ടിക്ക് ഗോപാല ശ്രീനിവാസ കൃഷ്ണന്‍ എന്ന് പേരിട്ടാല്‍ മതിയല്ലോ?'' ഭര്‍ത്താവ് ആശ്ചര്യത്തോടെ ചോദിച്ചു: ''ഗോപാലന്‍ എന്റെ അഛന്റെ പേര്, കൃഷ്ണന്‍ ഇവളുടെ അഛന്റെ പേര്. അതിനിടയിലെ ശ്രീനിവാസന്‍ എന്താണ്?'' സുഹൃത്ത് പറഞ്ഞു: ''അത് എന്റെ അഛന്റെ പേര്.'' 

പ്രശ്‌നപരിഹാര ശാസ്ത്രത്തിന്റെ ഒരു പ്രാഥമിക തത്ത്വം വിശദീകരിക്കുന്ന കഥയാണിത്. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. മൂന്നാം കക്ഷി ഇടപെട്ടാല്‍ അയാളുടെ എന്തോ ഒരു സ്വാര്‍ഥതാല്‍പര്യം പരിഹാരപ്രക്രിയയില്‍ പങ്കുവഹിക്കും. ഇതു ചിലപ്പോള്‍ ബോധപൂര്‍വം തന്നെയായിരിക്കാം. ചിലപ്പോള്‍ അബോധപൂര്‍വവുമാകാം. പക്ഷേ ഇതൊരു ഇസ്‌ലാമികമായ തത്ത്വമല്ല. കേവല ഭൗതിക തത്ത്വമാണ്. മനുഷ്യനിലെ ഈ കേവല ഭൗതികതയെ മറികടക്കാനാണ് അവര്‍ക്ക് ദൈവം ഇസ്്‌ലാമിനെ നല്‍കിയത്. 

ആളുകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മധ്യസ്ഥന്മാരെ എല്ലാ നാടുകളിലും കാണാന്‍ കഴിയും. ഇവര്‍ ഒരു സമൂഹത്തില്‍ നിര്‍വഹിക്കുന്ന സേവനം വളരെ വലുതാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമൂഹത്തെ താളത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പക്ഷേ ചിലപ്പോഴെങ്കിലും ഇസ്‌ലാമിക താല്‍പര്യങ്ങളെ മറികടന്ന് നേരത്തേ ഉദ്ധരിച്ച കഥയില്‍ പറഞ്ഞപോലെ ഇടപെടുന്നവരുടെ ചെറുതോ വലുതോ ആയ താല്‍പര്യങ്ങള്‍ പ്രശ്‌നപരിഹാരത്തിലും ചിലപ്പോള്‍ പ്രശ്‌നം വഷളാക്കുന്നതിലും പങ്കുവഹിക്കുന്നതായി കാണാം. മധ്യസ്ഥന്മാര്‍ ഒരു സാമൂഹിക സ്ഥാപനമായി മാറും. പ്രശ്‌നം പരിഹരിക്കാനുള്ള വഴി എന്നതിനേക്കാള്‍ അവര്‍ കക്ഷികളാല്‍ പരിപാലിക്കപ്പെടേണ്ടവരായിത്തീരുന്നു. ഒരു പ്രശ്‌നപരിഹാരത്തിലെ കേന്ദ്രഘടകം മധ്യസ്ഥരുടെ ഈഗോ ആയി മാറുന്നു. പ്രശ്‌നത്തിലെ ശരിതെറ്റുകളേക്കാള്‍ പരിഗണിക്കപ്പെടേണ്ടത് മധ്യസ്ഥരുടെ ഈഗോ ആണ് എന്നുവരുന്നു. അപ്പോള്‍  അടിസ്ഥാനം മറക്കുകയും വിശദാംശം വളരെ വലുതായി മാറുകയും ചെയ്യുന്നു. മധ്യസ്ഥര്‍ എന്തിനായിരുന്നു എന്നതുപോലും മധ്യസ്ഥരും കക്ഷികളും എല്ലാവരും മറക്കുന്നു.

ദമ്പതികള്‍ക്കിടയില്‍ വഴക്കോ പ്രശ്‌നമോ ഉണ്ടാവുകയും ഭാര്യാഭര്‍ത്താക്കന്മാര്‍ പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍ അവന്റെ കുടുംബത്തില്‍നിന്നും അവളുടെ കുടുംബത്തില്‍നിന്നും മധ്യസ്ഥരെ നിയോഗിക്കുക. അവരിരുവരും അനുരഞ്ജനം ആഗ്രഹിച്ചാല്‍ അല്ലാഹു അതിന് സൗഭാഗ്യം നല്‍കുമെന്ന് ഖുര്‍ആനില്‍ പറയുന്നു (സൂറ അന്നിസാഅ് 35).

ദമ്പതികള്‍ക്കിടയിലെ രമ്യതയേക്കാള്‍ കുടുംബങ്ങളുടെയോ ഇടപെടുന്ന കുടുംബ കാരണവന്മാരുടെയോ മാനാഭിമാനത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ പ്രശ്‌നപരിഹാരം അസാധ്യമായിരിക്കുമെന്നാണ് അല്ലാഹു പറയുന്നത്്.

മഅ്ഖലുബ്‌നു യസാര്‍ എന്ന പ്രവാചകാനുചരന്‍ തന്റെ സഹോദരിയെ ഒരാള്‍ക്ക്് വിവാഹം ചെയ്തുകൊടുത്തു. കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ അവരെ ഒരു ത്വലാഖ് ചെയ്തു. ഇദ്ദാകാലം തീരുന്നതുവരെ ത്വലാഖ് റദ്ദാക്കുകയോ തിരിച്ചെടുക്കുകയോ  ചെയ്്തില്ല. ഇദ്ദ അവസാനിച്ച ശേഷം അയാള്‍ക്ക് അവരോട് അനുരാഗം തോന്നി. അവള്‍ക്ക് അയാളോടും. അയാള്‍ ചില ഇടനിലക്കാരോടൊപ്പം മഅ്ഖലിനെ സമീപിച്ച് വീണ്ടും വിവാഹാഭ്യാര്‍ഥന നടത്തി. മഅ്ഖലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''നന്ദികെട്ടവനേ, ഞാന്‍ നിന്നെ ആദരിച്ചുകൊണ്ട് അവളെ നിനക്ക് വിവാഹം ചെയ്തുതന്നു, എന്നിട്ട് നീ അവളെ ത്വലാഖ് ചെയ്തു അല്ലേ, ഇനിയൊരിക്കലും അവള്‍ നിന്നിലേക്ക് തിരിച്ചുവരില്ല.'' ഇതില്‍ ഇടപെട്ടുകൊണ്ട് അല്ലാഹു പറഞ്ഞു: ''നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര്‍ തങ്ങളുടെ അവധിക്കാലം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ വിവാഹം കഴിക്കുന്നത് നിങ്ങള്‍ വിലക്കരുത്. നിങ്ങളില്‍ ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക്  ഏറ്റവും വിശുദ്ധവും. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല'' (അല്‍ ബഖറ 232).

ഈ ദിവ്യവാചകങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മഅ്ഖലുബ്‌നു യസാര്‍ പറഞ്ഞു: ''എന്റെ നാഥാ, ഞാന്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു.'' അദ്ദേഹം സഹോദരിയെ വിവാഹമോചനം ചെയ്ത ആളെ വിളിച്ചറിയിച്ചു: ''ശരി ഞാന്‍ വിവാഹം ചെയ്തുതരാം. നിന്നെ ബഹുമാനിക്കാം.'' അദ്ദേഹം സഹോദരിയെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു (ബുഖാരി, തിര്‍മിദി, അബൂദാവൂദ്). 

മഅ്ഖലിന്റെ ആത്മാഭിമാനത്തേക്കാള്‍ വലുതാണ് സഹോദരിയുടെയും മുന്‍ഭര്‍ത്താവിന്റെയും അനുരാഗവും ഒരുമിക്കാനുള്ള ആഗ്രഹവും. അവര്‍ ഒരുമിക്കുക എന്നത് നല്ല നിലയിലുള്ളത്, ഗുണകരമായത് (മഅ്‌റൂഫ്) ആണ് എന്നത് ആദ്യവിവാഹത്തിലൂടെ മഅ്ഖലുബ്‌നു യസാര്‍ തന്നെ അംഗീകരിച്ചതുമാണല്ലോ? പിന്നെ അവശേഷിക്കുന്ന പ്രശ്‌നം സഹോദരിയെ വിവാഹം ചെയ്തുകൊടുത്തതിലൂടെ മഅ്ഖല്‍ അവനോടു കാണിച്ച മര്യാദയും, പുലര്‍ത്തിയ ആദരവും  അവന്‍ തിരിച്ചുകാണിച്ചില്ല എന്നതാണ്. മര്യാദകേടും അനാദരവും കാണിക്കുകയും ചെയ്തു. പക്ഷേ അല്ലാഹു പറയുന്നത് പ്രശ്‌നപരിഹാരത്തിനു പരിഗണിക്കപ്പെടേണ്ടത് ഇതിലെ രക്ഷാകര്‍ത്താവിന്റെ അഭിമാനദുരഭിമാനങ്ങളല്ല. മറിച്ച്, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ന്യായമായ താല്‍പര്യങ്ങളാണ്. അത് മനസ്സിലാക്കുകയും നിറവേറ്റിക്കൊടുക്കുകയും ചെയ്യേണ്ട സാമൂഹിക സംവിധാനമാണ് രക്ഷാകര്‍തൃത്വം. അഥവാ മൂന്നാം കക്ഷിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഒന്നും രണ്ടും കക്ഷികള്‍ പ്രവര്‍ത്തിക്കേണ്ടിവരികയില്ല. ഒന്നും രണ്ടും കക്ഷികളുടെ ന്യായമായ താല്‍പര്യം മനസ്സിലാക്കി അത്  പ്രാവര്‍ത്തികമാക്കാന്‍ നേതൃത്വം നല്‍കലാണ് മൂന്നാം കക്ഷിയുടെ ചുമതല. 

വിവാഹം ഒന്നാമതായി ഒരു കുടുംബ-ഗോത്ര-സമൂഹ വിഷയമല്ല, വ്യക്തിവിഷയമാണ്. മേല്‍പറഞ്ഞ ഏജന്‍സികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി വ്യക്തി പ്രവര്‍ത്തിക്കേണ്ടിവരികയല്ല, വ്യക്തിയുടെ ന്യായമായ താല്‍പര്യം നടപ്പിലാക്കാന്‍ ഈ ഏജന്‍സികള്‍ അവനെ/അവളെ സഹായിക്കുകയാണ് വേണ്ടത്. സ്ത്രീ തയാാറായിരിക്കെ വിധവകളുടെ വിവാഹത്തിന് താല്‍പര്യമെടുക്കാത്ത, അതിനെ മുടക്കുന്ന കുടുംബങ്ങള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമുള്ള മുന്നറിയിപ്പുകൂടിയാണ് ഈ വേദഭാഗം. എല്ലാതരം വിവാഹംമുടക്കികള്‍ക്കും എതിരായ ശക്തമായ താക്കീതും. ദുര്‍ബലനായ വ്യക്തിയും ശക്തമായ സമൂഹവും എന്ന ഫ്യൂഡല്‍ നാടുവാഴി വ്യവസ്ഥക്കും ശക്തനായ വ്യക്തിയും അയഞ്ഞ സമൂഹവും എന്ന മുതലാളിത്ത സാമൂഹിക ക്രമത്തിനുമെതിരെ, ശക്തനായ വ്യക്തി അവന്റെ/അവളുടെ ന്യായമായ എല്ലാ താല്‍പര്യങ്ങളെയും സംരക്ഷിക്കുന്ന ആരോഗ്യമുള്ള സമൂഹം എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. 

കുടുംബത്തെയും സമൂഹത്തെയും പ്രതിനിധീകരിച്ച്, വ്യക്തികളുടെ അഭിരുചിപ്രധാനമായ വിവാഹം പോലുള്ള വിഷയങ്ങളില്‍ ഇടപെടുന്നവര്‍, ഇടപെടുന്നവരുടെ മാനാഭിമാനത്തിനും സമൂഹത്തിന്റെ കേവല കീഴ്‌വഴക്കങ്ങള്‍ക്കും വേണ്ടി വ്യക്തികളുടെ താല്‍പര്യങ്ങളെ പരുവപ്പെടുത്തുന്നതിന് പകരം ന്യായമായ വ്യക്തിതാല്‍പര്യങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. വ്യക്തികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ ഇടപെടുന്നവരുടെ ആത്മാഭിമാനം ഏറ്റവും പ്രധാനമായി പരിഗണിക്കുന്നതിനു പകരം പ്രശ്‌നപരിഹാരം ഏറ്റവും പ്രധാനമായി കരുതണം. താഴോട്ടുവരേണ്ടിവന്നാലും, ആത്മാഭിമാനം എന്ന് തങ്ങള്‍ കരുതുന്ന ഒന്നിന് ക്ഷതം പറ്റിയാലും പ്രശ്‌നം ഏറ്റവും ന്യായമായ നിലയില്‍ പരിഹരിക്കാനാണ് മധ്യസ്ഥന്മാര്‍ ശ്രമിക്കേണ്ടത്. അപ്പോള്‍ മാത്രമാണ് മധ്യസ്ഥം ഒരു പുണ്യകര്‍മമാകുന്നത്. ഇല്ലെങ്കില്‍ പുറമെ മാന്യനും അകമേ ഹിംസ്രജന്തുവുമായ 'ഞാന്‍' എന്ന വിചിത്ര മൃഗത്തെ വളര്‍ത്താനുള്ള പുല്ലും വെള്ളവും മാത്രമായി അവരുടെ മുമ്പാകെ വരുന്ന എല്ലാ പ്രശ്‌നങ്ങളും മാറും. അങ്ങനെയാണ് മധ്യസ്ഥങ്ങള്‍ കുറ്റകൃത്യങ്ങളായി മാറുന്നത്.   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍