സി.എം റബീഅ
ജി.ഐ.ഒ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു റബീഅ (24). എഴുത്തുകാരനും അധ്യാപകനുമായ സി.എം റഫീഖ് കോക്കൂരിന്റെ മകള്‍. എസ്.ഐ.ഒ പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ആലവിയുടെ ഭാര്യ. സംഘടനാ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് റബീഅ ചെറുപ്രായത്തില്‍ അല്ലാഹുവിങ്കലേക്ക് യാത്രയായത്.
റബീഅയുടെ പ്രിയപ്പെട്ട അധ്യാപകന്‍ കെ.എം അശ്‌റഫ് നീര്‍ക്കുന്നം പറഞ്ഞതുപോലെ റബീഅ ഒരു വസന്തമായിരുന്നു. ജീവിച്ചിരുന്ന ഇടങ്ങളിലൊക്കെയും വസന്തം വിരിയിച്ചവള്‍. പഠന വര്‍ഷങ്ങളില്‍ അധ്യാപകരുടെയും സഹപാഠികളുടെയും അരുമയായിരുന്നു റബീഅ. പുതുതലമുറയിലെ പെണ്ണും ആണും ഭൗതികതക്ക് പിറകെ ഓടുമ്പോള്‍ ദുന്‍യാവിലെ മായക്കാഴ്ചകളിലൊന്നിനോടും അവള്‍ക്ക് പ്രേമമുണ്ടായിരുന്നില്ല.
ഏക മകള്‍ നുഹ്‌യ ഷാദ് മോള്‍ക്ക് ഏകദേശം എട്ടു മാസം പ്രായമുള്ളപ്പോഴാണ് ജി.ഐ.ഒയുടെ ജില്ലാ സെക്രട്ടറി സ്ഥാനം റബീഅയില്‍ ഏല്‍പിക്കപ്പെട്ടത്. ഈ പിഞ്ചുകുഞ്ഞിനെ വെച്ച് അവള്‍ എങ്ങനെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കുമെന്ന് അന്ന് എല്ലാവരും ആശങ്കിച്ചിരുന്നു. പക്ഷേ, തന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചും പ്രാദേശിക സംഘാടനവുമായി ബന്ധപ്പെട്ട് പുതിയ സ്വപ്നങ്ങള്‍ നെയ്തും നേതൃത്വത്തില്‍ സജീവമായി അവള്‍. ജനുവരി അവസാനം നടന്ന ഏരിയാ സന്ദര്‍ശനങ്ങളുടെ റിപ്പോര്‍ട്ട് പോലും ഭംഗിയായി തയാറാക്കിവെച്ചാണ് അവള്‍ വിടപറഞ്ഞത്. സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിലും സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തികഞ്ഞ സൂക്ഷ്മതയും കണിശതയും പുലര്‍ത്തിയിരുന്നു. സഹപ്രവര്‍ത്തകരെ കുറ്റപ്പെടുത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന പ്രകൃതമായിരുന്നില്ല റബീഅയുടേത്. വിനയത്തോടെ തെറ്റ് ചൂണ്ടിക്കാട്ടുകയും തിരുത്തുകയുമായിരുന്നു അവളുടെ രീതി.
ആസ്ത്മയുമായി ബന്ധപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് മറ്റുള്ളവരെ പ്രയാസപ്പെടുത്തിയിരുന്നില്ല റബീഅ. ഇസ്‌ലാമിക മാര്‍ഗത്തില്‍ റബീഅക്ക് ചേര്‍ന്ന പങ്കാളിയായിരുന്നു പ്രിയതമന്‍ നൗഷാദ്. ഭാര്യയുടെ വേര്‍പാട് വരുത്തിയ നഷ്ടം റബ്ബ് അദ്ദേഹത്തിന് നികത്തിക്കൊടുക്കട്ടെ. 'ഒരു പൂവും പുഷ്പിച്ചില്ലെങ്കിലും വസന്തം വന്നെത്തുക തന്നെ ചെയ്യും' എന്ന മഹാനായ പണ്ഡിതന്‍ മുസ്ത്വഫസ്സിബാഈയുടെ വരികള്‍ അന്വര്‍ഥമാക്കി മറ്റുള്ളവരെയെല്ലാം പിന്നിലാക്കി വസന്തം വിരിയിച്ചവളാണ് റബീഅ. വായനയോടും പുസ്തകത്തോടും വല്ലാത്ത അഭിനിവേശം കാണിച്ചിരുന്ന ഞങ്ങളുടെ സഹോദരിയെ നാഥാ, നീ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. ഉമ്മ: റശീദ. സഹോദരങ്ങള്‍: റഈസ, റഫീഅ, റഈബ, റഊഫ്.
ശംസിയ ഹമീദ്
പ്രസിഡന്റ്, ജി.ഐ.ഒ പാലക്കാട്
ബാവ മൂപ്പന്‍
പ്രമുഖ വ്യവസായിയും മത സാമൂഹിക സംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു എം. ബാവ മൂപ്പന്‍. ആലുവ സ്വദേശിയായ അദ്ദേഹം സ്വദേശത്തും വിദേശത്തും ബിസിനസ് നടത്തിവരികയായിരുന്നു.
വിവിധ മുസ്‌ലിം വിദ്യാഭ്യാസ, സാംസ്‌കാരിക സംരംഭങ്ങളില്‍ സജീവ പങ്കാളിയായിരുന്ന ബാവ മൂപ്പന്‍ എം.ഇ.എസ്, കെ.എം.ഇ.എ, ഫോറം ഫോര്‍ ഫെയ്ത് ആന്റ് ഫ്രാറ്റേണിറ്റി, ഫ്രൈഡെ ക്ലബ് എന്നിവയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു.
ആലുവ അസ്ഹറുല്‍ ഉലൂം, ചാലക്കല്‍ ഇസ്‌ലാമിക് ബോര്‍ഡിംഗ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. എ.ഐ.സി.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായിരുന്ന അദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റിയായിരുന്നു.
കേരളത്തിലെ വിവിധ ദീനി വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സഹായവും പിന്തുണയും ലഭിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രം ആരംഭിക്കുന്നതിനുള്ള ആലോചനാ യോഗത്തില്‍ തന്നെയുണ്ടായ അദ്ദേഹത്തിന്റെ സഹായ വാഗ്ദാനം ഏറെ പ്രയോജനപ്പെട്ടു. ആരംഭകാലത്ത് മാധ്യമം നേരിട്ട പ്രതിസന്ധികളില്‍ ബാവ മൂപ്പന്‍ എന്നും ഒരു താങ്ങായിരുന്നു.
1970 മുതല്‍ മര്‍ഹൂം വി.എം അലി സാഹിബു(ചാലക്കല്‍)മായി ബാവ മൂപ്പനുണ്ടായിരുന്ന ബിസിനസ് പങ്കാളിത്തം പ്രസ്ഥാനവും നേതൃത്വവുമായി ബന്ധപ്പെടാന്‍ ഏറെ സഹായകമായി. സിദ്ദീഖ് ഹസന്‍ സാഹിബുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം 'വിഷന്‍ 2016' മായി സഹകരിക്കാന്‍ കൂടുതല്‍ അവസരമേകി. വിവിധ രാഷ്ട്രീയ നേതാക്കളുമായും പ്രമുഖ വ്യവസായികളുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ കണ്ണിയായി വര്‍ത്തിക്കാന്‍ സഹായകമായി.
ഭാര്യ: പരേതയായ നിസ മൂപ്പന്‍, മക്കള്‍: അജിത് അന്‍സാര്‍ മൂപ്പന്‍ (ബിസിനസ്), ബിജിത് മൂപ്പന്‍ (യു.എസ്.എ), സുനിത മെഹര്‍ അലി (മസ്‌കത്ത്).
വി.എ ശംസുദ്ദീന്‍ ആലുവ
Comments