സംഘ്പരിവാര്‍ കാലത്തെ ദേശസ്‌നേഹികളും ദേശദ്രോഹികളും
ഏതാനും ആഴ്ചകളായി രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ജെ.എന്‍.യു പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ചിലര്‍ രാജ്യത്തെ ജനങ്ങളെ ദേശസ്‌നേഹികളെന്നും ദേശദ്രോഹികളെന്നും രണ്ട് ചേരികളായി തിരിച്ചിരിക്കുകയാണ്. ആരാണ് യഥാര്‍ഥ ദേശസ്‌നേഹി /ദേശദ്രോഹി? ചിലര്‍ ജെ.എന്‍.യു സംഭവത്തിലെ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സമൂഹത്തെ ഒന്നടങ്കം ദേശദ്രോഹികളായും നിലവില്‍ അധികാരത്തിലിരിക്കുന്ന ഭരണകൂടത്തെയും അതിന്റെ ചാലകശക്തികളെയും ദേശസ്‌നേഹികളുടെ പ്രതീകമായും ചിത്രീകരിക്കുന്നു. മറ്റു ചിലരാകട്ടെ, കനയ്യ കുമാറിനുവേണ്ടി വാദിക്കുമ്പോള്‍തന്നെ ഉമര്‍ ഖാലിദ്, എസ്.എ.ആര്‍ ഗീലാനി എന്നിവരെക്കുറിച്ച് മൗനം പാലിക്കുന്നു. ദൃശ്യ-പത്ര മാധ്യമങ്ങളൊന്നും തന്നെ ഇതിന് കൃത്യമായ മറുപടി നല്‍കുന്നില്ല. മാധ്യമങ്ങളുടെ മുഴുവന്‍ സംസാരവും ഉമര്‍ ഖാലിദ് എന്ന 'ദേശദ്രോഹി'യില്‍ കേന്ദ്രീകരിക്കുന്നതും നാം കണ്ടു. കനയ്യ കുമാറിനു വേണ്ടി മുദ്രാവാക്യം വിളിച്ച പല നാവുകളും ഉമര്‍ ഖാലിദ് വിഷയത്തില്‍ നിശ്ശബ്ദമായി. കനയ്യ കുമാറിനേക്കാള്‍ കടുത്ത ഇടത് രാഷ്ട്രീയ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഗവേഷക വിദ്യാര്‍ഥിയായ 'ഉമര്‍ ഖാലിദി'ന്റെ പേര് അവരില്‍ സംശയമുണര്‍ത്തുന്നു. യഥാര്‍ഥത്തില്‍ ഇവിടെ ഇരയാക്കപ്പെടുന്നത് കനയ്യ കുമാര്‍ മാത്രമല്ല, ഉമര്‍ ഖാലിദ് എന്ന നാമം പ്രതിനിധാനം ചെയ്യുന്ന സമുദായവും അതിനെ കാമ്പസിനുള്ളില്‍ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ഥി സമൂഹവും ഒന്നടങ്കമാണ്. ഈയൊരു പരിണതി തന്നെയായിരിക്കണം ജെ.എന്‍.യു വിഷയം ഊതിവീര്‍പ്പിച്ചവര്‍ ലക്ഷ്യം വെച്ചതും.
ഇന്ത്യയെന്ന രാജ്യത്തെ രൂപപ്പെടുത്തിയത് ഒരേക ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ ചരിത്രത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നെങ്കില്‍ നടേ സൂചിപ്പിച്ച സംഭവവികാസങ്ങളെ അതിന്റെ വക്താക്കള്‍ക്കെങ്കിലും ന്യായീകരിക്കാമായിരുന്നു. എന്നാല്‍ വൈവിധ്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ രാജ്യത്ത് രാജ്യസ്‌നേഹികളെ എപ്രകാരം നിര്‍വചിക്കും എന്നത് പ്രസക്തമായ ചോദ്യമാണ്. ഭരണഘടനയിലെ പത്തൊമ്പതാം ആര്‍ട്ടിക്ക്ള്‍ ഇന്ത്യയിലെ ഏതൊരു പൗരന്നും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ എതിര്‍സ്വരങ്ങള്‍ ഉയര്‍ത്തിയ അഫ്‌സല്‍ ഗുരു-യഅ്ഖൂബ് മേമന്‍ വധശിക്ഷയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സംസാരിക്കുന്നതും ജാതി വിവേചനം, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ എന്നിവക്കെതിരെ പ്രതിഷേധങ്ങളുയര്‍ത്തുന്നതും എപ്രകാരമാണ് രാജ്യദ്രോഹമായി നിര്‍വചിക്കാനാവുക? അതേസമയം അഫ്‌സല്‍ ഗുരുവിനെക്കുറിച്ച് പറയുന്നവരെ ദേശദ്രോഹികളാക്കുന്നവര്‍തന്നെയാണ്, വ്യക്തമായ അഫ്‌സല്‍ ഗുരു അനുകൂല നിലപാടുള്ള പി.ഡി.പിയുമായി കശ്മീരില്‍ അധികാരം പങ്കിട്ടതും പങ്കിടാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതും. ജുഡീഷ്യറി വധശിക്ഷക്കു വിധിച്ച് തൂക്കിക്കൊന്നതിനെ ചോദ്യം ചെയ്യരുതെന്നു പറയുന്നവര്‍ തന്നെയാണ് മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സയെ ദേശസ്‌നേഹിയെന്ന് വിളിക്കുന്നതും ഗാന്ധിഘാതകന്റെ ജന്മദിനത്തില്‍ മധുരം വിതരണം ചെയ്യുന്നതും. രാജ്യസ്‌നേഹമല്ല, മറിച്ച് ചില പ്രത്യേക ജനവിഭാഗങ്ങളോടുള്ള വെറുപ്പും തങ്ങള്‍ ചിന്തിക്കുന്നതുപോലെ മറ്റുള്ളവരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന ഫാഷിസ്റ്റ് നിലപാടുമാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള സവര്‍ണ ദേശീയതയാണ് ഇന്ന് ഇന്ത്യന്‍ ദേശീയതയെന്ന പേരില്‍ ഭരണകൂടവും മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിയെഴുന്നള്ളിക്കുന്നതും രാജ്യത്തെ പൗരന്മാരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതും.
ദേശീയതയെ സംബന്ധിച്ച ചര്‍ച്ചയില്‍ പ്രഫ. ഗോപാല്‍ ഗുരു ഉയര്‍ത്തിയ ചോദ്യം പ്രസക്തമാണ്: 'ദേശത്തെക്കുറിച്ച് ഈ രാജ്യത്ത് നിലനില്‍ക്കുന്ന അധീശധാരണ അതിര്‍ത്തികളെ അടിസ്ഥാനമാക്കിയുള്ളതാണ്. അപരനെ സൃഷ്ടിക്കാനാഗ്രഹിക്കുന്നവരെ സംബന്ധച്ചേടത്തോളം ദേശാതിര്‍ത്തി വളരെ പ്രധാനമാണ്. എന്നാല്‍ ഞാന്‍ ദേശത്തെ മനസ്സിലാക്കുന്നത് അത് നല്‍കുന്ന വാഗ്ദാനങ്ങളെയും ജനങ്ങള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളെയും അടിസ്ഥാനമാക്കിയാണ്. അതായത് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക നീതി ഉറപ്പുവരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക എന്ന അടിസ്ഥാനത്തില്‍.' പ്രസ്തുത വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ദേശം, അഥവാ അതിനെ പ്രതിനിധീകരിക്കുന്ന ഭരണകൂടം പരാജയപ്പെടുകയോ അല്ലെങ്കില്‍ ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിക്കുകയോ ചെയ്തപ്പോള്‍ അതിനെ ചോദ്യം ചെയ്തവരാണ് രോഹിത് വെമുലയും കനയ്യ കുമാറും ഉമര്‍ ഖാലിദും പ്രതിനിധീകരിക്കുന്ന വിദ്യാര്‍ഥി സമൂഹം. അതുകൊണ്ടാണ് അവര്‍ ദേശത്തിനുള്ളില്‍ അപരരാക്കപ്പെടുന്നതും ഭരണകൂടത്തിന്റെ കണ്ണില്‍ ദേശദ്രോഹികളായിത്തീരുന്നതും. കാമ്പസിനുള്ളില്‍ സവര്‍ണ ഫാഷിസത്തിനെതിരെ അധഃസ്ഥിത-പിന്നാക്ക വിഭാഗങ്ങളെ ഐക്യപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ക്കിടെയാണ് രോഹിത് വെമുല കാമ്പസിനുള്ളില്‍ ഭ്രഷ്ടനാകുന്നത്. ഈയൊരു ഐക്യമാണ് സവര്‍ണ ഫാഷിസം ഏറെ ഭയപ്പെടുന്നതും. പ്രസ്തുത ഐക്യം ഇല്ലായ്മ ചെയ്യുന്നതിനും സമൂഹത്തില്‍ അതിനെ വികലമാക്കുന്നതിനുമുള്ള ഭരണകൂട നീക്കങ്ങളാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലും ജെ.എന്‍.യു വിലും നടക്കുന്നത്.
ലോകത്ത് മറ്റെവിടെയുമുള്ളതുപോലെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന ഒരു ഡീപ് സ്റ്റേറ്റ് നമ്മുടെ രാജ്യത്തുമുണ്ട്. 'ഒരു രാജ്യം ഒരു സംസ്‌കാരം ഒരു മതം' എന്ന സാംസ്‌കാരിക ദേശീയതയുടെ വക്താക്കളായ സവര്‍ണ ഫാഷിസ്റ്റുകളാണ് പ്രസ്തുത ഡീപ് സ്റ്റേറ്റിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്. രാജ്യത്തെ പ്രമുഖ മൂലധനശക്തികളുടെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയും അവര്‍ക്കുണ്ട്. ദേശീയ, പ്രാദേശിക ഭരണകൂടങ്ങള്‍ നടേ സൂചിപ്പിച്ച ഡീപ് സ്റ്റേറ്റിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണ്. ബ്യൂറോക്രസിയിലും പോലീസിലും ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റായ മീഡിയയിലുമൊക്കെ ഈ ഡീപ് സ്റ്റേറ്റിന് ശക്തമായ ആധിപത്യമുണ്ട്. അതിനാല്‍ രാജ്യത്തെ അധഃസ്ഥിത-പിന്നാക്ക സമൂഹങ്ങള്‍ക്ക് ശബ്ദമുണ്ടാകുന്നതിനെയും അവര്‍ക്ക് പ്രാതിനിധ്യം ലഭ്യമാക്കുന്ന സംവരണത്തെയും അവര്‍ ഭയപ്പെടുന്നു. സംവരണവും ന്യൂനപക്ഷ സംരക്ഷണവും പൊതുജന വിരുദ്ധമാണന്ന വാദം ഉയര്‍ത്തുകയും ചെയ്യുന്നു. എന്നാലിവിടെ പ്രസക്തമായ ചോദ്യം, ആരാണ് പൊതുജനം അഥവാ എന്താണ് പൊതുജനതാല്‍പര്യങ്ങള്‍ എന്നതാണ്. ജനസംഖ്യയില്‍ ന്യൂനപക്ഷമായ സവര്‍ണ വിഭാഗം തങ്ങളുടെ താല്‍പര്യങ്ങള്‍ ഗവണ്‍മെന്റ് നയങ്ങളുടെയും മീഡിയയുടെയും സഹായത്തോടെ പൊതുജനതാല്‍പര്യമായി രൂപപ്പെടുത്തുന്നു. ഇപ്രകാരം രൂപപ്പെടുത്തുന്ന പൊതുജനതാല്‍പര്യത്തെ ചോദ്യം ചെയ്യുന്നവരെ അതേ മീഡിയ ഉപയോഗിച്ച് ക്രിമിനലുകളാക്കുകയും ഭരണകൂടത്തിന്റെ സഹായത്തോടെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നു.
ഈ ഡീപ് സ്റ്റേറ്റിന്റെ കൈകളിലെ കളിപ്പാവകള്‍ മാത്രമായി മാറിയിരിക്കുന്നു ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും. ഡീപ് സ്റ്റേറ്റിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങളെ ചോദ്യം ചെയ്യുന്നവരെല്ലാം അവര്‍ നിര്‍മിച്ച ദേശസങ്കല്‍പത്തില്‍ അപരരും ഭ്രഷ്ടരുമായിരിക്കും. അതുകൊണ്ടാണ് കൂടംകുളം ആണവനിലയ വിരുദ്ധ സമരമുന്നണി ഒന്നടങ്കവും കബീര്‍ കലാ മഞ്ചിലെ അംഗങ്ങളും മഅ്ദനിയും ബിനായക് സെന്നും പേരറിവാളനും ഏറ്റവുമൊടുവില്‍ രോഹിത് വെമുലയും കനയ്യ കുമാറും ഉമര്‍ ഖാലിദുമെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നത്. ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ പ്രസ്തുത ഡീപ് സ്റ്റേറ്റിന് കാര്യങ്ങള്‍ നേരിട്ട് നിയന്ത്രിക്കാനാവുന്നു എന്നു മാത്രം. ലോകത്ത് ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാാരെന്ന് സ്വയം വാദിക്കുന്ന അമേരിക്കയുടെ സ്ഥിതിയില്‍നിന്ന് ഒട്ടും ഭിന്നമല്ല ഇത്. സയണിസ്റ്റ് കോര്‍പ്പറേറ്റിസവും വെള്ളവംശീയതയും സമ്മിശ്രമായ ഡീപ് സ്റ്റേറ്റാണ് അമേരിക്കന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പ്രകടമാകുന്ന വ്യത്യസ്താഭിപ്രായങ്ങള്‍ ഭരണതലത്തില്‍ പ്രകടമാകാത്തതും രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം പേരില്‍ മാത്രം അവശേഷിക്കുന്നതും. അതായത് വാചകമടിയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ വക്താക്കളായ അമേരിക്കയില്‍ സയണിസ്റ്റ് കോര്‍പ്പറേറ്റിസത്തെയും വെള്ളവംശീയതയും ചോദ്യം ചെയ്യുന്നവര്‍ ഭരണകൂടത്തിന്റെ മുന്നില്‍ വെറുക്കപ്പെട്ടവരാണ്.
പോസ്റ്റ് മണ്ഡല്‍ കാലഘട്ടത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അധഃസ്ഥിത-പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ പുരോഗമനാത്മകമായ വളര്‍ച്ച വളരെ പ്രകടമാണ്. അവര്‍ കാമ്പസിനകത്തും പുറത്തും തങ്ങളുടേതായ അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും അവ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമൂഹം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന, അഥവാ ഭരണകൂടം മൂടിവെക്കുന്ന പല വിഷയങ്ങളും അവിടെ ചര്‍ച്ചക്ക് വിഷയീഭവിക്കുന്നു. ജാതി ഉച്ചനീചത്വങ്ങള്‍, സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഭരണകൂട ഭീകരത, കരിനിയമങ്ങള്‍, കശ്മീര്‍ പ്രശ്‌നം, സാംസ്‌കാരിക ഫാഷിസം തുടങ്ങിയവയെല്ലാം അക്കാദമിക സ്വഭാവത്തില്‍ കാമ്പസുകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ അധീശ ജ്ഞാന സങ്കല്‍പങ്ങളെ പൊളിച്ചെഴുതുകയും തങ്ങളുടെ സ്വത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവരെ ഭയപ്പെടുന്നവരാണ് ഈ ശബ്ദങ്ങളെ എച്ച്.സി.യുവിലും ജെ.എന്‍.യുവിലും രാജ്യത്താകമാനം തന്നെയും നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നത്.
(ലേഖകന്‍ ജെ.എന്‍.യുവില്‍ എം.എ.ഇന്‍ ഡെവലപ്‌മെന്റ് ആന്റ് ലേബര്‍ സ്റ്റഡീസ് വിദ്യാര്‍ഥിയാണ്).
Comments