Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

ഫാഷിസം മുഖംമൂടിയില്ലാതെ

ധശിക്ഷയെക്കുറിച്ച് ഈ മാസമാദ്യം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ചില വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചര്‍ച്ച ഇത്ര വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പാട്യാല കോടതി പരിസരത്തുവെച്ച് കനയ്യ കുമാറിനെ മാത്രമല്ല, ഒപ്പമുള്ള അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയും സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള ഒരുപറ്റം അഭിഭാഷകര്‍ കൈയേറ്റം ചെയ്തു; എല്ലാം പോലീസ്  നോക്കിനില്‍ക്കെ. ദേശീയതയുടെയും ദേശഭക്തിയുടെയും പേരില്‍ എന്ത് ഹിംസയുമാകാം എന്ന അത്യന്തം അപകടകരമായ സന്ദേശമാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. ഇതെഴുതുമ്പോള്‍ ഡി.എസ്.യു നേതാക്കളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പോലീസിന് മുമ്പില്‍ കീഴടങ്ങിയിട്ടുണ്ട്. 

ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലയാണ് ജെ.എന്‍.യു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. ഇന്ത്യയുടെ ബൗദ്ധിക ജീവിതത്തെ നയിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന കലാലയം. ഇവിടെനിന്ന് പഠിച്ചിറങ്ങിയവര്‍ ഗവേഷകരായും അധ്യാപകരായും ഭരണകര്‍ത്താക്കളായുമൊക്കെ ഇന്ത്യക്കകത്തും പുറത്തും പേരെടുത്തവരാണ്. ഈ സ്ഥാപനത്തില്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഒരുപോലെ ഫാഷിസ്റ്റ് പ്രവണതകളെയും വര്‍ഗീയ പ്രചാരണങ്ങളെയും ചെറുത്തുപോന്നിട്ടുണ്ട്. ഭരിക്കുന്ന കക്ഷിയുടെ പേരും കുറിയും നോക്കിയായിരുന്നില്ല ആ ചെറുത്തുനില്‍പുകള്‍. ആ പ്രതിരോധം തകര്‍ക്കാനാവാതെ ഭരണകൂടങ്ങള്‍ പിന്‍വാങ്ങിയതും ചരിത്രം. 

എന്നാല്‍, ജെ.എന്‍.യു ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് മുമ്പത്തേതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയ, അക്കാദമിക സാഹചര്യത്തെയാണ്. ഇപ്പോഴത്തെ സംഭവങ്ങളൊന്നും യാദൃഛികമല്ല എന്ന് വിശ്വസിക്കാനാണ് ന്യായം. ജെ.എന്‍.യുവിനെ തകര്‍ക്കാന്‍ ഒരു തിരക്കഥ എഴുതപ്പെട്ടിട്ടുണ്ട്. അതുപ്രകാരമാണ് ഓരോ നീക്കവും. കേന്ദ്ര ഭരണത്തെ തന്നെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് ആസ്ഥാനമാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. ആഭ്യന്തര മന്ത്രാലയവും ദല്‍ഹി പോലീസും വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് തെളിവുകളായി സമര്‍പ്പിച്ചതെല്ലാം ചില ചാനലുകളുടെ സഹായത്തോടെ കെട്ടിച്ചമച്ചതായിരുന്നുവെന്ന് തെളിഞ്ഞിട്ടും അത്യന്തം വാശിയോടെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നതിന് മറ്റെന്ത് ന്യായമാണുള്ളത്? വിയോജിപ്പുകളെയും എതിര്‍സ്വരങ്ങളെയും അനുവദിക്കില്ല എന്ന താക്കീതാണ് ഭരണകൂടം നല്‍കിക്കൊണ്ടിരിക്കുന്നത്. യൂനിവേഴ്‌സിറ്റി അധികൃതരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും പോലീസിനെ വിട്ടും, അഭിഭാഷകരെയും ഗുണ്ടാസംഘങ്ങളെയും അയച്ചും വിരട്ടി തങ്ങളുടെ ചൊല്‍പടിക്കുകീഴില്‍ കൊണ്ടുവരാനാണ് ശ്രമം. എതിര്‍സ്വരങ്ങള്‍ പൊങ്ങുന്ന ഏത് കലാലയത്തിലും സമാനമായ രംഗങ്ങള്‍ പ്രതീക്ഷിക്കാം. 

കനയ്യ കുമാര്‍ തന്റെ അറസ്റ്റിനു മുമ്പ് നടത്തിയ പ്രസംഗത്തില്‍, 'ഹിന്ദു ഇന്ത്യ'ക്ക് വേണ്ടി ഒച്ചവെക്കുകയും ദേശഭക്തിയുടെ കുത്തക അവകാശപ്പെടുകയും  ചെയ്യുന്ന ശക്തികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഒത്തുകളിക്കുകയും ചെയ്തിരുന്നുവെന്ന് തുറന്നടിക്കുന്നുണ്ട്. ഇത് സംഘ് കേന്ദ്രങ്ങളെ നന്നായി ക്ഷുഭിതരാക്കിയിട്ടുണ്ട് എന്നതിന് തെളിവാണ് പോലീസ് കസ്റ്റഡിയില്‍ കനയ്യക്ക് ഏല്‍ക്കേണ്ടിവന്ന മര്‍ദനങ്ങള്‍. നേരത്തേ സംഘ്പരിവാറിന്റെ പ്രയോഗം 'സാംസ്‌കാരിക ദേശീയത' എന്നായിരുന്നു. ഇപ്പോഴത് 'ദേശഭക്തി' എന്നാണ്. ദേശഭക്തര്‍ ആരെന്നും ദേശദ്രോഹികള്‍ ആരെന്നും അവര്‍ സ്വയം തീരുമാനിക്കുകയാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെയെല്ലാം ദേശദ്രോഹികളുടെ ഗണത്തില്‍പെടുത്തുകയാണ്. 'ജെ.എന്‍.യുവിലെ ദേശദ്രോഹികളെ സംരക്ഷിക്കുന്നവന്‍' എന്ന മുദ്ര പ്രതിപക്ഷനിരയിലെ പ്രമുഖനായ രാഹുല്‍ ഗാന്ധിക്ക് വരെ പതിച്ചുകിട്ടിയിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ, സംഘ്പരിവാര്‍ അനുകൂലികള്‍ ദേശഭക്തരും അവരെ എതിര്‍ക്കുന്ന മറ്റെല്ലാവരും ദേശദ്രോഹികളുമെന്ന സമവാക്യം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഫാഷിസ്റ്റ് ശക്തികള്‍. 

ഭരണമേറ്റ് ഒന്നരവര്‍ഷം പിന്നിട്ടെങ്കിലും എടുത്തുപറയാവുന്ന നേട്ടങ്ങളൊന്നും മോദി സര്‍ക്കാറിന് ഇല്ല എന്നതാണ് സത്യം. സാമ്പത്തിക രംഗം അടിക്കടി മോശമാവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കൂപ്പുകുത്തിയിട്ടും അതിന്റെ പ്രയോജനം പൊതുജനത്തിന് ലഭിക്കുന്നില്ല. എല്ലാം കോര്‍പറേറ്റുകള്‍ അടിച്ചുമാറ്റുന്നു. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ ഭരണനേട്ടങ്ങള്‍ എടുത്തുകാട്ടി ബി.ജെ.പിക്ക് നേരിടാനാവില്ലെന്ന് ഉറപ്പ്. പിന്നെ പഴയ അടവുകള്‍ പുറത്തെടുക്കുകയേ മാര്‍ഗമുള്ളൂ-ജനങ്ങളെ വംശീയമായും വര്‍ഗീയമായും ധ്രുവീകരിക്കുക, പ്രതിയോഗികളെ ദേശദ്രോഹികളായി മുദ്രകുത്തുക. കാലങ്ങളായി മുസ്‌ലിംകള്‍ക്കായിരുന്നു ആ മുദ്ര ചാര്‍ത്തിനല്‍കിയിരുന്നതെങ്കില്‍, അധഃസ്ഥിതര്‍ക്കുവേണ്ടി പൊരുതുന്നവരും കോര്‍പറേറ്റുവല്‍ക്കരണത്തെയും നവ ലിബറല്‍ അജണ്ടകളെയും എതിര്‍ക്കുന്നവരുമൊക്കെ ഇപ്പോള്‍ ആ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. വളരെ അപകടകരമാണ് ഈ സ്ഥിതിവിശേഷം. മുഴുവന്‍ ഗവണ്‍മെന്റ് സംവിധാനങ്ങളെയും ഭരിക്കുന്ന പാര്‍ട്ടി തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ചട്ടുകങ്ങളാക്കുകയാണ്. ഇതിനെതിരെ കക്ഷിഭേദമന്യേ എല്ലാ വിഭാഗങ്ങളും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്. നമ്മുടെ ജാഗ്രതക്കുറവിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും.   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍