വനിതാ സംഘടനകള്‍ കാതുകൊടുക്കേണ്ട കാര്യങ്ങള്‍
മാര്‍ച്ച് 8 വനിതാദിനം
സ്ത്രീ തന്റെ വ്യക്തിത്വവും അസ്തിത്വവും ഉറപ്പാക്കാന്‍ തെരുവില്‍ പോരാടിയതിന്റെ ഓര്‍മ ദിനമാണ് മാര്‍ച്ച് 8. 1905-ല്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വനിതാ നേതാവ് ക്ലാരാ സ്റ്റീവല്‍സിന്റെ നേതൃത്വത്തില്‍ പതിനേഴ് രാജ്യങ്ങളില്‍നിന്നുള്ള സോഷ്യലിസ്റ്റ് സംഘടനാ നേതാക്കള്‍ ഒത്തുചേര്‍ന്ന് വനിതാ ദിനം എന്ന ആശയം മുന്നോട്ടുവെക്കുകയും ഫ്രഞ്ച്-റഷ്യന്‍ വിപ്ലവങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്തുടനീളം വനിതാ ദിനം ആചരിക്കാന്‍ തീരുമാനിക്കുകയും 1975-ല്‍ അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാന്‍ യു.എന്‍ അംഗീകാരം നല്‍കുകയുമാണുണ്ടായത്.
വിവിധ ചിന്താധാരകള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും കീഴില്‍ സ്ത്രീക്ക് എങ്ങനെയൊക്കെ ജീവിക്കേണ്ടിവന്നിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. ഒരുപാട് ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാണ് അവളുടെ അസ്തിത്വവും വ്യക്തിത്വവും തുല്യനീതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും. ഫ്രഞ്ച് വിപ്ലവത്തോടുകൂടി കൂടുതല്‍ സമത്വാധിഷ്ഠിത സ്ത്രീ സങ്കല്‍പം ലോകത്തുടനീളം പ്രചാരം നേടി. പക്ഷേ, അത് പിന്നീട് പുരുഷാധിപത്യ മുതലാളിത്ത വിപണിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ശരീരകേന്ദ്രീകൃതമായ ആസ്വാദനോപധിയായി സ്ത്രീ മാറുന്നിടത്തേക്ക് അധഃപതിക്കുകയാണുണ്ടായത്. സ്ത്രീകള്‍ക്ക് ലോകത്തെവിടെയും ജനസംഖ്യാനുപാതികമായ ലിംഗനീതിയും തുല്യാവസരവും ലഭിച്ചില്ലെന്നു മാത്രമല്ല, കുടുംബഘടനയെ തകര്‍ത്തുകൊണ്ട് ലാഭാധിഷ്ഠിതമായ വ്യവസ്ഥിതിയില്‍ അവളുടെ ശരീരം കച്ചവടവല്‍ക്കരിക്കപ്പെടുകയും ചെയ്തു. സാമൂഹിക സദാചാരനിയമങ്ങള്‍ അപ്പാടെ മാറ്റിമറിക്കപ്പെട്ട ലോകക്രമത്തില്‍ തൊഴില്‍ ശാലകളില്‍ മാത്രമല്ല, കുടുംബത്തിലും പാഠശാലകളില്‍ പോലും ചാരിത്ര്യം പിച്ചിച്ചീന്തപ്പെട്ടു. സ്ത്രീധനം, ഗര്‍ഭഛിദ്രം, വിവാഹമോചനം, ശാരീരിക പീഡനം തുടങ്ങിയ സാമൂഹിക ദുരാചാരങ്ങളൊക്കെയും സ്ത്രീയെ നിത്യദുരിതത്തിലാക്കുന്ന തരത്തിലാണ്. പക്ഷേ ഇന്ന് ഭാഗികമായെങ്കിലും സാമൂഹിക-കുടുംബ രംഗത്തും തൊഴില്‍ ശാലകളിലും സ്ത്രീ അനുഭവിക്കുന്ന നീതിക്കും അവസരത്തിനും അവകാശങ്ങള്‍ക്കും ഒരുപാട് സംഘടനകളോടും പ്രസ്ഥാനങ്ങളോടും അവള്‍ കടപ്പെട്ടിരിക്കുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ പരിഷ്‌കൃത സമൂഹം എന്നവകാശപ്പെടാനാവൂ എന്ന ചിന്തയാണ് സ്ത്രീകള്‍ക്കായി നിയമമുണ്ടാക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഇതിനൊക്കെയും അമ്പത് വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം സ്ത്രീകളില്‍ മൂന്നിലൊന്നും അതിക്രമത്തിനിരയാവുന്നത് സ്വന്തം കുടുംബത്തില്‍നിന്നാണ്. അത് തടയാനായി 2005-ല്‍ മാത്രമാണ് നമ്മുടെ രാജ്യത്ത് 'ഗാര്‍ഹിക പീഡന നിയമം' എന്ന പേരില്‍ സ്ത്രീ സുരക്ഷക്കായി നിയമം പാസാക്കിയെടുത്തത്. കര്‍ശന നിയമവ്യവസ്ഥകളോടെ മാത്രം സാധ്യമാകുന്ന ഇന്ത്യന്‍ വിവാഹമോചന നിയമം 2001-ലാണ് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആവശ്യപ്രകാരം പുതുക്കിയത്. അതില്‍തന്നെ വ്യഭിചാരം, മതപരിവര്‍ത്തനം, ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ പറ്റാത്ത രോഗം തുടങ്ങിയവയായിരിക്കണം വിവാഹമോചനത്തിന് കാരണം. 1974-ഡിസംബറില്‍ കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബ വ്യവസ്ഥാ നിയമം എടുത്തുകളഞ്ഞത്, 1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമാണ്. 1996-ലെ ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമത്തിലാണ് ഒരു മുസ്‌ലിം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ അവകാശങ്ങളെ പറ്റിയും, കടബാധ്യതക്ക് പിന്തുടര്‍ച്ചാവകാശികള്‍ക്കുള്ള ബാധ്യതയെ പറ്റിയും പറയുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് ഏതാനും വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. 1980-കളില്‍ മേരി റോയ് നിയമ പോരാട്ടം നടത്തിയാണ് ഇന്ത്യന്‍ പീനല്‍ കോഡില്‍ ക്രൈസ്തവ സമുദായത്തില്‍ അഛന്റെ സ്വത്തില്‍ വിവാഹിതയായ മക്കള്‍ക്ക് അവകാശം സ്ഥാപിച്ചെടുത്തത്.
ലോകത്തെല്ലായിടത്തും സ്ത്രീയുടെ പൊതുപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമാണെങ്കിലും സാമൂഹികശാസ്ത്രകാരന്മാരുടെ മുഖ്യ പരിഗണനാവിഷയം മുസ്‌ലിം സ്ത്രീ വിഷയങ്ങള്‍ മാത്രമാവുന്നത് എന്തുകൊണ്ടാണ്? സ്ത്രീയോടുള്ള ഇസ്‌ലാമിന്റെ സമീപനങ്ങളും ഖുര്‍ആന്റെ അടിസ്ഥാനാധ്യാപനങ്ങളും, നിലവില്‍ പ്രചാരത്തിലുള്ള സാംസ്‌കാരിക രീതികളും സമ്പ്രദായങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളും വൈജാത്യങ്ങളുമാണ് അതിനൊരു കാരണം. അടിസ്ഥാന ചിന്തകള്‍ക്കും അധ്യാപനങ്ങള്‍ക്കുമകത്ത് പ്രാദേശികമായ ആചാര സമ്പ്രദായങ്ങളെയും വൈജാത്യങ്ങളെയും അതിലെ നന്മകളെയും ഉള്‍ക്കൊള്ളുക എന്നത് മതം വെച്ചുതരുന്ന വിശാലതയുടെ അടയാളമാണ്. പക്ഷേ, അടിസ്ഥാന തത്ത്വങ്ങളെ പ്രാദേശികമായ എല്ലാ തരം ജീര്‍ണതകളുമായും സ്ത്രീ വിരുദ്ധനിലപാടുകളുമായും കൂട്ടിക്കെട്ടുന്ന സമ്പ്രദായം എല്ലായിടത്തും സംഭവിച്ചിട്ടുണ്ട്. ആചാരങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളിലെ നന്മകളെയും അംഗീകരിക്കുന്നതിന് തടസ്സമില്ല. പക്ഷേ, മനുഷ്യനിര്‍മിത അനാചാരങ്ങള്‍ വിധിവിലക്കുകളായി മാറുന്നത് അപകടമാണ്. മതരംഗത്ത് പ്രാദേശിക സങ്കുചിതത്വങ്ങളും അന്യമായ ആചാരാനുഷ്ഠാനങ്ങളും കടന്നുകൂടിയതോടെ ഇസ്‌ലാമിന്റെ സ്ത്രീയെക്കുറിച്ച താത്ത്വിക അധ്യാപനങ്ങള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. ഇത് എല്ലാ കാലത്തും എല്ലാ സ്ത്രീ സമൂഹങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചേടത്തോളം അത് മതത്തിന്റെ പേരില്‍ വരവ് വെക്കപ്പെടുകയാണുണ്ടായത്. അതോടെ അവളുടെ ചിട്ടകള്‍ ലോകത്തിന്റെ വിശാലതയില്‍നിന്ന് മാറി വീട്, കുട്ടികള്‍, ഭര്‍ത്താവ് എന്നിവ മാത്രമായി പൗരോഹിത്യം ചുരുക്കി. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ സ്ത്രീ ചരിത്രം പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കെത്തന്നെ സ്ത്രീകള്‍ക്കെതിരെ വിലക്കുകളുമായി മതനേതാക്കന്മാര്‍ രംഗത്തുവന്നു.
വിദ്യാഭ്യാസ-തൊഴില്‍-രാഷ്ട്രീയ-ഭരണരംഗങ്ങളിലെ സ്ത്രീയുടെ കടന്നുവരവ് ഏറെ വിവാദമാകുന്നുണ്ടെങ്കിലും ആശാവഹമായ പുരോഗതി ഈ മേഖലകളില്‍ കൈവരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. സാമൂഹിക സാഹചര്യത്തിനനുസരിച്ച് എല്ലാ സമൂദായങ്ങളിലെയും സ്ത്രീകളും മുന്നേറുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി മാറിനില്‍ക്കാനാവില്ല. ആ മുന്നേറ്റത്തിന് മുസ്‌ലിം സ്ത്രീകള്‍ നന്ദി പറയേണ്ടത് പരിഷ്‌കരണവാദികളായ സമുദായത്തിനകത്തെ പുരുഷന്മാരോട് തന്നെയാണ്.
ഒരു വ്യക്തിയെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കുടുംബത്തിനകത്തെ സംവിധാനങ്ങളാണ്. കുടുംബം രൂപപ്പെട്ടുവരുന്നത് സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹ ഉടമ്പടിയിലൂടെയും. ഇത് ഇസ്‌ലാമികദൃഷ്ട്യാ പാവനവും പരിശുദ്ധവുമെന്നു മാത്രമല്ല, ഏറെ ലളിതവും സ്ത്രീപുരുഷന്മാരിലാര്‍ക്കും ഒരുതരത്തിലുള്ള സമ്മര്‍ദവും ഉണ്ടാക്കാത്തതുമാണ്. സാമൂഹിക സ്ഥാപനങ്ങളുടെ ആദ്യപടിയായ വിവാഹത്തിലൂടെ സ്ത്രീ പരാശ്രയത്വത്തിന്റെ മേഖലകളിലേക്ക് എത്തിപ്പെടുകയല്ല ചെയ്യുന്നത്. ''അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ.'' ''കുടുംബജീവിതത്തില്‍ സ്ത്രീകള്‍ക്ക് ന്യായമായ അവകാശമുണ്ട് പുരുഷന്മാര്‍ക്ക് അവരുടെ അവകാശമുള്ളതുപോലെ'' (അല്‍ബഖറ 228).
മാതൃകാ കുടുംബജീവിതം നയിച്ച പ്രവാചകന്റെ അനുയായികളിന്ന് കുടുംബ സംവിധാനത്തിനകത്തെ വിവാഹം, വിവാഹമോചനം, ത്വലാഖ് എന്നിവയില്‍ ചുറ്റിത്തിരിയുകയാണ്. മുസ്്‌ലിം പെണ്ണ് എന്നു കേള്‍ക്കുമ്പോള്‍ തലാഖ്-ബഹുഭാര്യാത്വം എന്നു മാത്രമാണ് ഇതര സമുദായങ്ങള്‍ ചിന്തിച്ചുപോകുന്നത്. മുസ്‌ലിം പെണ്ണിന്റെ വിവാഹം, വിവാഹപ്രായം, വിവാഹമോചനം, ജീവനാംശം, മുത്ത്വലാഖ് എന്നിവ സമൂദായത്തിനുള്ളില്‍ ചര്‍ച്ചയാകുന്നതിനേക്കാളേറെ സമുദായത്തിനു പുറത്താണ് ചര്‍ച്ചയാകുന്നത്.
അടുത്തിടെ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം. മുസ്‌ലിം പെണ്ണിന്റെ മാത്രം പ്രശ്‌നമല്ലായിരുന്നു അത്. ശൈശവ വിവാഹം സര്‍വസാധാരണമായി നടക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യയിലങ്ങോളമിങ്ങോളമുണ്ട്. മുസ്‌ലിം സമുദായത്തേക്കാള്‍ കൂടുതലായി അതിന്റെ ദുരിതം ഏറ്റുവാങ്ങുന്നവര്‍ മറ്റു സമുദായക്കാരാണുതാനും. 2012 വരെ പതിനെട്ടു വയസ്സു തികയുന്നതിനു മുന്നേ നടന്ന എല്ലാ വിവാഹങ്ങള്‍ക്കും നിയമസാധുത ഉണ്ടാക്കിയെടുക്കുക എന്ന വകുപ്പുമന്ത്രിയുടെ നല്ല മനസ്സ് വരുത്തിവെച്ച വിനയായിരുന്നു ആ വിവാദം. പക്ഷേ മന്ത്രിയുടെ പ്രസ്താവനക്കൊപ്പം ചില പണ്ഡിതന്മാരുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ കൂടി വന്നതോടെ അത് മുസ്്‌ലിം പെണ്ണിന്റെ മാത്രം പ്രശ്‌നമായി ആഘോഷിക്കപ്പെട്ടു.
വിവാഹമോചനം എല്ലാ സമുദായങ്ങളിലുമെന്നപോലെ മുസ്്‌ലിം സമുദായത്തിലും ഏറിവരികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്‌ലാം കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മൂന്ന് മാസക്കാലം ഇദ്ദയിരിക്കണം; അതും ഭര്‍ത്താവിന്റെ വീട്ടില്‍. എന്നിട്ടും സാധ്യമല്ലെങ്കിലാണ് ത്വലാഖ് ചൊല്ലേണ്ടത്. കാരണവന്മാരും പുരോഹിതന്മാരും ചേര്‍ന്ന് 'കാര്യം തീര്‍ക്കു'മ്പോള്‍ ഇത്തരം സംഗതികള്‍ എവിടെയും പാലിക്കപ്പെടുന്നില്ലെന്നുമാത്രമല്ല, അത്തരമൊരു നിര്‍ദേശം ഖുര്‍ആനിലുള്ളതായി ആരും ഗൗനിക്കുന്നുപോലുമില്ല.
അടുത്തിടെ മറ്റൊരു സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്ത്രീ ജീവിത നിലവാരം പഠിക്കാന്‍ യു.പി.എ സര്‍ക്കാര്‍ 2012 ഫെബ്രുവരിയില്‍ പഞ്ചാബ് സര്‍വകലാശാലാ പ്രഫസറായിരുന്ന ഡോ. രാജ്പുതിന്റെ നേതൃത്വത്തിലാണ് ഉന്നതസമിതിയെ നിയോഗിച്ചത്. 2014 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച 14 അംഗസമിതിയുടെ റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളിലൊന്ന് മുസ്്‌ലിം സമൂഹത്തിലുള്ള മുത്ത്വലാഖ് നിര്‍ത്തണമെന്നായിരുന്നു. ഭാര്യയെ മൂന്നു പ്രാവശ്യം മൊഴിചൊല്ലി പറഞ്ഞുവിടുന്ന മുസ്‌ലിം വിവാഹനിയമത്തിലെ മുത്ത്വലാഖിന് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തണമെന്നും, മുസ്‌ലിം ഭാര്യമാരുടെ ജീവിതം യാതനാപൂര്‍ണവും അരക്ഷിതവുമാക്കുന്നതാണ് ഈ സമ്പ്രദായമെന്നുമാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ഈ നിര്‍ദേശം വന്നപ്പോള്‍ സ്വാഗതം ചെയ്യേണ്ടിയിരുന്ന സമുദായ നേതൃത്വം, സങ്കുചിതമായ മദ്ഹബീ പക്ഷപാതിത്വത്തില്‍ കുടുങ്ങി ഈ വിഷയം വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല. ശാഖാപരവും കര്‍മശാസ്ത്രപരവുമായ വേര്‍തിരിവുകള്‍ പൊലിപ്പിച്ചുകാട്ടി സമുദായത്തിനുള്ളില്‍ വലിയ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് ഉല്‍പതിഷ്ണു വിഭാഗങ്ങളും കരുതുന്നത്.
അടുത്തിടെ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കെ സുപ്രിം കോടതി പറഞ്ഞത് ആ സമുദായത്തിലെ അംഗങ്ങളാരും (സ്ത്രീ)അതാവശ്യപ്പെടാത്തിടത്തോളം കാലം അതിനു സാധ്യമല്ലെന്നാണ്. പക്ഷേ ഇസ്‌ലാമിക ശരീഅത്തും മുസ്്‌ലിം പേഴ്‌സണല്‍ ലോയും തമ്മിലെ വ്യത്യാസങ്ങളും നിലവിലെ നാട്ടുസമ്പ്രദായത്തില്‍ ഗാര്‍ഹികരംഗത്ത് സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി അത്തരം ഒരാവശ്യവുമായി ആര്‍ക്കും കോടതിയെ സമീപിക്കാവുന്നതേയുള്ളൂ.
മുസ്‌ലിം സ്ത്രീ തൊഴിലിടങ്ങളില്‍
ഇസ്‌ലാമിക ചരിത്രത്തില്‍ സ്ത്രീകള്‍ ജോലിചെയ്തതിനും സമ്പത്ത് സ്വയം വിനിയോഗിച്ചതിനും തെളിവുകളേറെയുണ്ട്. തന്റെ സമ്പത്ത് കുടുംബത്തില്‍ വിനിയോഗിക്കാന്‍ പെണ്ണിനെ നിര്‍ബന്ധിക്കരുതെന്ന് മാത്രമേ ഇസ്്‌ലാം പറഞ്ഞിട്ടുള്ളൂ. അല്ലാതെ സ്ത്രീ സമ്പാദിക്കരുതെന്ന് പറഞ്ഞിട്ടില്ല. തലമുറകളെ വാര്‍ത്തെടുക്കുന്നവള്‍ എന്ന നിലയില്‍ അവരുടെ ധാര്‍മിക ശിക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം പേറുന്ന മുസ്‌ലിം പെണ്ണ് പുറം ജോലി ചെയ്യുന്നില്ല എന്നതിന്റെ പേരില്‍ ഫെമിനിസ്റ്റുകളില്‍നിന്നും മറ്റും ഏല്‍ക്കേണ്ടിവരുന്ന പഴി കാര്യമാക്കേണ്ടതില്ല. അതേസമയം, കുടുംബഭാരം പറഞ്ഞ് സ്ത്രീയെ പുറംജോലിക്ക് പറഞ്ഞയക്കാന്‍ വിസമ്മതിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നു. പഴയകാല സാമ്പത്തിക, സാമൂഹിക വ്യവസ്ഥിതിയെപോലെ കന്നുകാലി വളര്‍ത്തല്‍, കാര്‍ഷിക വൃത്തി എന്നിവയുമായി ബന്ധപ്പെട്ടതല്ല ഇന്നത്തെ ജീവിത സാഹചര്യം. അന്ന്് അവളുടെ തൊഴിലിടവും വീടും ഒന്നുതന്നെയായിരുന്നു. ഇന്ന് വീട് കേന്ദ്രീകരിച്ചുമാത്രം സ്ത്രീക്ക് ജോലിചെയ്യാന്‍ സാധ്യമല്ല, താല്‍പര്യമുള്ള സ്ത്രീയുടെ അറിവും കഴിവും സമൂഹ നന്മക്കുപകരിക്കാതെ തളച്ചിടുന്നത് ശരിയല്ല, വമ്പിച്ച വൈജ്ഞാനിക പുരോഗതി നേടുകയും ജോലിസാധ്യതകള്‍ തുറന്നിടുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.
സാമ്പത്തിക സ്വാശ്രയത്വം നേടിയാല്‍ സ്ത്രീ സ്വതന്ത്രയാകില്ല. പക്ഷേ, തൊഴില്‍ ഒരു സ്ത്രീക്ക് സാമ്പത്തിക സ്വാശ്രയത്വത്തിന്റെ ഭാഗം മാത്രമല്ല, അവള്‍ നേടിയ വിദ്യയുടെയും പങ്കുവെക്കലിന്റെയും സാമൂഹിക പങ്കാളിത്തത്തിന്റെയും ഭാഗമാണ്. ഇനി ധനസമ്പാദനം മാത്രം ഉദ്ദേശിച്ചാണെങ്കില്‍ പോലും അതവള്‍ക്ക് അനുവദിക്കപ്പെട്ടതാണ്. സമ്പാദിച്ചതില്‍നിന്ന് വിനിയോഗിക്കാന്‍ ആവശ്യപ്പെടരുതെന്നാണ് ഇസ്‌ലാമിക പാഠം. അല്ലാതെ സമ്പാദിക്കരുത് എന്നല്ല. പിന്നാക്കം നില്‍ക്കുന്ന സമൂഹമെന്ന നിലയില്‍ അര്‍ഹതപ്പെട്ട സംവരണങ്ങളുടെ തോത്് കൃത്യമായി ലഭിക്കുന്നു എന്നുറപ്പുവരുത്തണമെങ്കില്‍ അത് ആണ്‍ ജനസംഖ്യകൊണ്ട് മാത്രം പൂര്‍ത്തിയാവുന്ന ഒന്നുമല്ല. അധികാരത്തിന്റെ ഭാഗമാവുക എന്നതാണ് സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള എളുപ്പവഴി.
ചരിത്രം കോറിയിടാനുള്ളതല്ലെന്നും ചരിത്രത്തോടൊപ്പം നടക്കേണ്ടവരാണ് മുസ്‌ലിംകളെന്നും സമുദായത്തെ പഠിപ്പിക്കാന്‍ ബാധ്യസ്ഥരായവരാണ് സമുദായത്തിനകത്തെ സ്ത്രീ സംഘടനകള്‍. അവര്‍ ഈ കാര്യത്തില്‍ നിഷ്‌ക്രിയരാണ്. ഇന്നലെകളിലെ സ്ത്രീചരിത്രം പാടാതെ ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ മുന്നോട്ടുവെക്കാനും കാതലായ മാറ്റം കൊണ്ടുവരാനും സമുദായത്തിനകത്തെ വനിതാ സംഘടനകള്‍ക്കും സമുദായത്തിലെ പരിഷ്‌കരണവാദികള്‍ക്കും സാധ്യമാവേണ്ടതുണ്ട്.
Comments