ഡികൊളോണിയാലിറ്റിയും ഇസ്‌ലാമിന്റെ വിമോചന സങ്കല്‍പങ്ങളും
അര നൂറ്റാണ്ട് മുമ്പ് കൊളോണിയലിസം അവസാനിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതിന്റെ പ്രയോഗങ്ങള്‍ ഇന്നും വ്യത്യസ്ത രൂപങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. വെള്ളക്കാരുടെ ആധിപത്യം, യൂറോകേന്ദ്രിത ചിന്തകള്‍, വൈജ്ഞാനിക ഹിംസകള്‍ തുടങ്ങി പല രീതികളില്‍ കോളനിവത്കരണം തുടരുന്നു എന്ന തിരിച്ചറിവാണ് ഡികൊളോണിയാലിറ്റി എന്ന ആശയം വ്യാപകമായി ചര്‍ച്ചയാകാനുള്ള പ്രേരകം. അരികുവത്കരിക്കപ്പെട്ടവര്‍ക്കും വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം സാധ്യമാക്കുന്ന ജ്ഞാനശാസ്ത്രത്തിനും വേണ്ടി ഇവര്‍ വാദിച്ചു. യൂറോകേന്ദ്രിത ചിന്തകള്‍ക്കപ്പുറത്ത് വിജ്ഞാനവും അതിന്റെ ടൂളുകളും വികസിപ്പിക്കുകയെന്നതായിരുന്നു ഡികൊളോണിയാലിറ്റിയുടെ സമീപനം. വാള്‍ട്ടര്‍ മിഗ്നാലോ, തിമോത്തി ലോറി, ആനിബല്‍ ക്യുബാനെ പോലുള്ള ചിന്തകരാണ് ഈ മേഖലയിലെ ചലനങ്ങള്‍ക്ക് തുടക്കമിട്ടത്.
ആധുനിക ശാസ്ത്രവും അറിവുമെല്ലാം യൂറോപ്യരുടെ പ്രത്യേകമായ ചില ചരിത്രാനുഭവങ്ങളില്‍നിന്നാണ് രൂപപ്പെട്ടത്. എന്നാല്‍ പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകള്‍ വരെ കാര്യങ്ങളുടെ സ്ഥിതി നേരെ തിരിച്ചായിരുന്നു. യൂറോപ്പില്‍നിന്നുള്ള ക്രിസ്ത്യന്‍ പണ്ഡിതര്‍ ശാസ്ത്രവും തത്ത്വശാസ്ത്രവും പഠിക്കുന്നതിനായി മുസ്‌ലിംകള്‍ ഭരിക്കുന്ന സ്‌പെയിനിലേക്കും മറ്റു മുസ്‌ലിം പ്രദേശങ്ങളിലേക്കും വന്നിരുന്നു. അപ്രകാരം ക്രിയാത്മകതക്കും ചിന്തക്കും പ്രേരണ നല്‍കുന്ന സ്വതന്ത്ര മുസ്‌ലിം നാടുകളിലെ അന്തരീക്ഷം യൂറോപ്യന്‍ ചര്‍ച്ചിന്റെ ആധിപത്യം നിലനില്‍ക്കുന്ന മേഖലകളിലേക്ക് പറിച്ചുനടാനും അവര്‍ ശ്രമിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ ചര്‍ച്ചിനും ശാസ്ത്രത്തിനും ഇടയില്‍ സംഘര്‍ഷങ്ങള്‍ക്കാണ് കാരണമായത്. യൂറോപ്യന്‍ ജ്ഞാനശാസ്ത്ര ചട്ടക്കൂടുകളെ രൂപപ്പെടുത്തുന്നതില്‍ ഈ സംഘര്‍ഷങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നു.
1492-ല്‍ തുടര്‍ച്ചയായ കുരിശുയുദ്ധങ്ങള്‍ക്കൊടുവില്‍ മുസ്‌ലിംകള്‍ക്ക് സ്‌പെയിനില്‍ പരാജയം നേരിട്ടു. ഈ കുരിശുയുദ്ധങ്ങള്‍ ലോകത്ത് പുതിയൊരു ആഗോള അധീശശക്തിയെ രൂപപ്പെടുത്തി. സ്‌പെയിന്‍ വിജയത്തിന് തൊട്ടുടനെ അവിടെ അധികാരത്തിലേറിയ ക്രിസ്ത്യന്‍ ഭരണകൂടം ക്രിസ്റ്റഫര്‍ കൊളംബസിനെ പോലുള്ളവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു. അങ്ങനെയാണ് കൊളംബസ് മധ്യ അമേരിക്കയിലെ ബഹാമസില്‍ എത്തുന്നത്. അവിടെ നിന്നുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ കൊളംബസ് യൂറോപ്പില്‍ പുതിയ ചിന്തകള്‍ക്ക് തുടക്കമിട്ടു. മധ്യ അമേരിക്കയിലെ ജനങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ക്രിസ്ത്യന്‍ മതവും വിശ്വാസവും ഇല്ലാത്തതിനാല്‍ അവിടെയുള്ളവര്‍ക്ക് ആത്മാവും ഇല്ലെന്ന് യൂറോപ്യര്‍ സിദ്ധാന്തിച്ചു. ധാരാളം ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം അവിടെയുള്ള ആദിമജനങ്ങള്‍ മനുഷ്യവര്‍ഗമല്ല, മൃഗങ്ങളിലെ ഒരു വിഭാഗമാണെന്ന നിഗമനത്തിലാണ് യൂറോപ്യര്‍ എത്തിച്ചേര്‍ന്നത്! ആ നിലക്കാണ് അവരോട് പെരുമാറേണ്ടതെന്ന തീര്‍പ്പിലും അവരെത്തി. ഇത്തരം ജ്ഞാനസിദ്ധാന്ത പരിസരങ്ങളില്‍നിന്നാണ് യൂറോകേന്ദ്രിതമായ ആധുനികജ്ഞാനങ്ങളുടെ തുടക്കം. അതുകൊണ്ടുതന്നെ ഡികൊളോണിയല്‍ പണ്ഡിതര്‍ പറയുന്നതുപോലെ ആധുനികജ്ഞാനങ്ങളുടെ അച്ചുതണ്ട് യൂറോപ്യരുടെ സാമൂഹികവും രാഷ്ട്രീയപരവും ബുദ്ധിപരവുമായ അനുഭവങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാനാവും.
യൂറോപ്യന്‍ വിജ്ഞാനങ്ങളുടെ ഈയൊരു പരിമിതി കാരണം ദൈവത്തിനു പകരം വെളുത്ത പുരുഷന്‍ കേന്ദ്രസ്ഥാനം ഏറ്റെടുത്തു എന്ന് റമോന്‍ റാസ്ഫുഗല്‍ സൂചിപ്പിക്കുന്നുണ്ട്. റാസ്ഫുഗല്‍ പറയുന്നു: ''നമുക്ക് സാധ്യമാകുന്ന സ്ഥാനത്തിനും സമയത്തിനും അപ്പുറമുള്ള സാര്‍വത്രികമായ യാഥാര്‍ഥ്യങ്ങളെ പോലും മനസ്സിലാക്കുന്നത് പ്രപഞ്ചനിയമങ്ങളുടെ അടിസ്ഥാനത്തിലായി മാറി. മാത്രമല്ല, ഇത്തരം ശാസ്ത്രീയ വിജ്ഞാനങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെടുത്താനുള്ള കഴിവ് പാശ്ചാത്യ ബുദ്ധിക്ക് മാത്രമാണെന്നും സ്ഥാപിക്കപ്പെട്ടു. ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട് എന്നതായിരുന്നു ഈ വിജ്ഞാനങ്ങളുടെ അടിസ്ഥാനം. ഇത് മനുഷ്യന്റെ മനസ്സ്/ ശരീരം അല്ലെങ്കില്‍ ബുദ്ധി/പ്രകൃതി തുടങ്ങിയ ദ്വന്ദ്വ സംഘട്ടനങ്ങളാണ് സൃഷ്ടിച്ചത്. സാര്‍വത്രികവും നിലവിലെ അവസ്ഥകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതുമായ ദൈവികമായ അറിവുകളുടെ സാധ്യതകള്‍ തന്നെ അപ്രകാരം ഇല്ലാതാക്കപ്പെട്ടു.''1
തുടര്‍ന്ന് വെള്ളക്കാരുടെ വൈജ്ഞാനികാധിപത്യം സ്ഥാപിക്കുന്നതിനായി ക്രൂരവും നിരന്തരവുമായ വൈജ്ഞാനിക കൊലപാതകങ്ങളാണ് (എപ്പിസ്റ്റമിസൈഡ്) നടന്നത്. സ്‌പെയിനിലും കൊര്‍ദോവയിലും ബഗ്ദാദിലും രൂപംകൊണ്ട ഇസ്‌ലാമിക ജ്ഞാനശാസ്ത്രങ്ങളോ പാരമ്പര്യങ്ങളോ മാത്രമല്ല ഇപ്രകാരം ഇല്ലാതാക്കപ്പെട്ടത്. ആദിമവിഭാഗങ്ങളുടെ എല്ലാ പാരമ്പര്യ വിജ്ഞാനീയങ്ങളും ജ്ഞാനശാസ്ത്രങ്ങളുമാണ് ഇവിടെ ഹിംസിക്കപ്പെട്ടത്. ഇത്തരം ഹിംസകള്‍ക്കു വേണ്ടി പോസിറ്റീവിസം, എംപിരിസിസം തുടങ്ങിയ കൃത്രിമമായ ശാസ്ത്രീയ പഠനരീതികളും മാര്‍ഗങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുകയും ചെയ്തു. കോളനിവത്കരണത്തിലൂടെ നേടിയെടുത്ത ഭൗതികമായ ശക്തിയാണ് ഈ എപ്പിസ്റ്റമിക് വയലന്‍സിനും (ജ്ഞാനശാസ്ത്രഹിംസ) ജ്ഞാനാധികാര സ്ഥാപനത്തിനും വംശീയ ആധിപത്യത്തിനും ഉപയോഗിക്കപ്പെട്ടത്. ഭൗതികാര്‍ഥത്തിലുള്ള കോളനിവല്‍ക്കരണവും അധിനിവേശവും അവസാനിച്ചെങ്കിലും വൈജ്ഞാനികമായ കോളനിബോധം നിലനിന്നു. ഇപ്രകാരം പാശ്ചാത്യ ജ്ഞാനാധികാരവും ആധിപത്യ വ്യവസ്ഥയും പാശ്ചാത്യേതര ജ്ഞാനങ്ങള്‍ക്കും ചിന്തകള്‍ക്കും മേലുണ്ടാക്കിയ ധാരാളം സ്വാധീനങ്ങള്‍ റാസ്ഫുഗല്‍ വിവരിക്കുന്നുണ്ട്.2
റാസ്ഫുഗല്‍ തുടരുന്നു: ''പൊതുജനങ്ങളെ ശാക്തിക പാരസ്പര്യത്തില്‍ എതിര്‍ഭാഗത്ത് നിര്‍ത്താന്‍ കഴിഞ്ഞു എന്നതോടൊപ്പം ജ്ഞാനശാസ്ത്രപരമായി അവരെ അടിച്ചമര്‍ത്തല്‍ എളുപ്പമാകുന്ന തരത്തില്‍ അവരില്‍ തങ്ങളോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാക്കാനായി എന്നതാണ് ആധുനിക കൊളോണിയല്‍ ശക്തികള്‍ കൈവരിച്ച വിജയം.''3
ആനിബല്‍ ക്യുബാനെ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. കോളനിവത്കരിക്കപ്പെട്ട പ്രദേശങ്ങളിലും അവയുടെ ചുറ്റുപാടുകളിലും (ഭൗതികവും ബൗദ്ധികവും) ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനും സാധിച്ചിട്ടുണ്ട്.4 കോളനിവത്കരണത്തിന്റെ സ്വാധീനങ്ങളെ മുഴുവനായി നിഷേധിക്കുകയെന്നതല്ല, ഇത്തരം അധികാര സ്ഥാപനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന കൊളോണിയല്‍ അധികാരങ്ങളുടെ സ്വാധീനങ്ങളെ നിരാകരിക്കുന്നതാണ് ഡികൊളോണിയാലിറ്റി.5
യൂറോപ്യര്‍ സ്‌പെയിന്‍ പിടിച്ചടക്കുകയും അമേരിക്കയില്‍ അധിനിവേശങ്ങള്‍ ആരംഭിക്കുകയും ചെയ്തതിനെ കുറിച്ച് മുമ്പ് സൂചിപ്പിച്ചു. ഇത്തരം പ്രദേശങ്ങളിലെ ആദിമവാസികളെയും യഥാര്‍ഥ അവകാശികളെയും യൂറോപ്യര്‍ മനുഷ്യരായല്ല, സംസ്‌കരിക്കപ്പെടേണ്ട മൃഗ-മനുഷ്യരായാണ് കണക്കാക്കിയത്. ഏകാസ്തിത്വവും ഏകമതവും ഏകരാജ്യവും എന്ന ഹിംസാത്മകമായ നിലപാടാണ് അവിടെ സ്വീകരിക്കപ്പെട്ടത്. ഇത്തരം ആശയസംഹിതകള്‍ അധിനിവിഷ്ട പ്രദേശങ്ങളിലെ ആളുകളെ അടിമപ്പെടുത്തുന്നതിനും അവരോട് ക്രൂരമായി പെരുമാറുന്നതിനും ന്യായമായിത്തീര്‍ന്നു. മനുഷ്യര്‍ക്കെതിരല്ല, ആത്മാവില്ലാത്ത പ്രത്യേക സൃഷ്ടികള്‍ക്കെതിരെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് ന്യായീകരണങ്ങള്‍ ചമക്കപ്പെട്ടു. വംശീയതയെ കുറിച്ച് അള്‍ജീരിയന്‍ തത്ത്വചിന്തകന്‍ ഫ്രാന്‍സ് ഫാനന്റെ കാഴ്ചപ്പാടുകള്‍ ഇവിടെ പ്രസക്തമാണ്. ഉണ്മ തിരിച്ചറിയപ്പെടുന്നവരും (സോണ്‍ ഓഫ് ബീയിംഗ്) ഉണ്മ തിരിച്ചറിയപ്പെടാത്തവരും (സോണ്‍ ഓഫ് നോണ്‍ബീയിംഗ്) ആയി വംശീയത മനുഷ്യരെ വേര്‍തിരിച്ചു എന്നാണ് ഫാനന്റെ കാഴ്ചപ്പാട്.
ഉണ്മ തിരിച്ചറിയപ്പെടാത്തവരെ (Humanity not recognised) പൂര്‍ണ മനുഷ്യരായി കണക്കാക്കിയിരുന്നില്ല. കഴിവുകളും ശ്രേഷ്ഠതകളും ഉണ്മ തിരിച്ചറിയപ്പെടുന്ന (Humanity recognised) വിഭാഗങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കപ്പെട്ടു. ഉണ്മ തിരിച്ചറിയപ്പെടുന്ന മേഖലകളില്‍ സംഘട്ടനങ്ങളും പ്രശ്‌നങ്ങളും നിയന്ത്രണവിധേയമായിരിക്കും. ഹിംസകള്‍ ഒറ്റപ്പെട്ടതായിരിക്കും. എന്നാല്‍ പൂര്‍ണ മനുഷ്യരായി ഗണിക്കപ്പെടാത്തവര്‍ താമസിക്കുന്ന മേഖലകളില്‍ എപ്പോഴും ഹിംസകളും അക്രമങ്ങളുമാണ്. സമാധാനം വളരെ വിരളമായി സംഭവിക്കുന്ന അസ്വാഭാവികതയായിരിക്കും. ഇങ്ങനെയാണ് സിദ്ധാന്തത്തിന്റെ പോക്ക്.
വംശീയമായ ഇത്തരം സങ്കല്‍പങ്ങളാണ് ആധിപത്യവ്യവസ്ഥയായി തുടക്കത്തില്‍ നിലനിന്നത്. ഇന്ന് ഇസ്‌ലാമാണ് ഇത്തരം ജ്ഞാനശാസ്ത്ര ഹിംസകളുടെ പ്രധാന ഇര. പാശ്ചാത്യാധിപത്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി ഇപ്പോള്‍ കണക്കാക്കുന്നത് ഇസ്‌ലാമിനെയാണെന്നതാണ് അതിന് കാരണം. ഈ സാഹചര്യങ്ങളാണ് ഇസ്‌ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയത്.
ഇസ്‌ലാമിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സംഭാവനകളെയും തമസ്‌കരിക്കുകയെന്നതായിരുന്നു ഇസ്‌ലാമോഫോബിയയുടെ അക്കാദമിക ശൈലിയെന്ന് റാസ്ഫുഗല്‍ പറയുന്നുണ്ട്. പാശ്ചാത്യ ആഗോളീകരണ അധിനിവേശ വ്യവസ്ഥകള്‍ക്കെതിരെ ഇസ്‌ലാമിക ചിന്തകര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ പരിഗണിക്കാതിരിക്കാന്‍ പാശ്ചാത്യരെ പ്രേരിപ്പിച്ചത് ജ്ഞാനശാസ്ത്രപരമായ ഈ വംശീയതയാണെന്നും റാസ്ഫുഗല്‍ നിരീക്ഷിക്കുന്നുണ്ട്.6
യൂറോപ്പില്‍ നിലനില്‍ക്കുന്ന വംശീയതയുടെ ഒരു രൂപമാണ് ഇസ്‌ലാമോഫോബിയ എന്നാണ് റസ്ഫുഗല്‍ മനസ്സിലാക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ വരേണ്യതയുടെയും മ്ലേഛതയുടെയും ശ്രേണികള്‍ സൃഷ്ടിക്കുന്നതിലൂടെ മുസ്‌ലിംകളെ പൈശാചികരും അതിക്രമകാരികളുമാക്കി മനുഷ്യഗണത്തില്‍നിന്ന് പുറത്താക്കാന്‍ വംശീയവാദികള്‍ ശ്രമിക്കുകയാണ്. അങ്ങനെ പ്രത്യേക മതത്തിനും സംസ്‌കാരത്തിനും വംശത്തിനും വര്‍ഗത്തിനും പ്രാമുഖ്യമുള്ള വിജ്ഞാനം സൃഷ്ടിക്കാന്‍ സാധിച്ചു. മുസ്‌ലിംകളെ അംഗീകരിക്കപ്പെടാത്ത സ്വത്വങ്ങളും അര്‍ധ മനുഷ്യരുമാക്കി ചിത്രീകരിക്കാനും സോണ്‍ ഓഫ് നോണ്‍ബീയിംഗ് എന്ന ഗണത്തിലേക്ക് അവരെ തള്ളാനും ഈ നീക്കത്തിലൂടെ അവര്‍ ശ്രമിക്കുന്നു.
ഇസ്‌ലാമിന്റെ വിമോചന സങ്കല്‍പം
മനുഷ്യവംശവും അതിന്റെ നിലനില്‍പ്പും നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് എന്നുകൂടി അന്വേഷിക്കേണ്ടതുണ്ട്. ചരിത്രത്തില്‍ ഇസ്‌ലാം വലിയ വിമോചന സിദ്ധാന്തമായി നിലനിന്നിട്ടുണ്ട്. കാലങ്ങളായി നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥ ക്രിയാത്മകമായി ഇല്ലാതാക്കിയ ചരിത്രം ഇസ്‌ലാമിനുണ്ട്. ആധുനികലോകം ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ തുടങ്ങുന്നതിനും എത്രയോ ശതാബ്ദങ്ങള്‍ക്കു മുമ്പാണ് ഇസ്‌ലാം ഇത് സാധിച്ചത്. സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും ഇസ്‌ലാം എല്ലാ അവകാശങ്ങളും നല്‍കി. വംശം, വര്‍ഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അനീതികളും അക്രമങ്ങളും ഇല്ലാതാക്കി. പ്രവാചക പാഠശാലയിലെ ആദ്യ പഠിതാക്കളായിരുന്ന സ്വഹാബിമാര്‍ ഇസ്‌ലാമിനെ വിമോചനാത്മകമായാണ് ഉള്‍ക്കൊണ്ടത്. അധീശാധികാരങ്ങളുടെ അടിച്ചമര്‍ത്തലില്‍നിന്ന് മനുഷ്യരെ മോചിപ്പിക്കലാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഏകനായ അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ പരമാധികാരത്തോടുള്ള കൂറും മറ്റെല്ലാ ശക്തികളുടെയും അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നുണ്ട്. ഭൗതികലോകത്ത് ജനങ്ങളെ അഹങ്കാരത്തോടെ അടിച്ചമര്‍ത്തുന്നവര്‍, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അധികാരം കൈയടക്കാന്‍ ശ്രമിക്കുകയാണ്. അത്തരം അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയെന്നത് വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. റുസ്തമിന്റെ കൊട്ടാരത്തില്‍ സാധാരണക്കാരനായ സ്വഹാബി രിബ്ഇയ്യുബ്‌നു ആമിര്‍ പറഞ്ഞ വാക്കുകള്‍, എന്തായിരുന്നു അവരുടെ വിശ്വാസത്തിന്റെ ഉള്ളടക്കമെന്ന് വ്യക്തമാക്കുന്നുണ്ട്:
'അടിമകളുടെ അടിമത്തത്തില്‍നിന്ന് അല്ലാഹുവിന്റെ മാത്രം അടിമത്തത്തിലേക്ക് ആളുകളെ മോചിപ്പിക്കാനാണ് ഞങ്ങളെ അല്ലാഹു നിയോഗിച്ചിരിക്കുന്നത്. ഭൗതികതയുടെ ഇടുക്കത്തില്‍നിന്ന് ഇഹപരലോകങ്ങളുടെ വിശാലതയിലേക്ക് നയിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. മനുഷ്യനിര്‍മിത നിയമങ്ങളുടെ അക്രമങ്ങളില്‍നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്ക് ആളുകളെ വിമോചിപ്പിക്കാനാണ് ഞങ്ങള്‍ വന്നത്.'7
ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലാണ് അതിന്റെ വിമോചന സങ്കല്‍പവും നിലനില്‍ക്കുന്നത്. അതാണ് ഇസ്‌ലാമിക വിമോചന ശാസ്ത്രത്തിന്റെ പ്രത്യേകതയും വ്യതിരിക്തതയും. ഇത്തരം അടിസ്ഥാന സിദ്ധാന്തങ്ങള്‍ അല്ലാഹുവില്‍നിന്ന് വഹ്‌യ് രൂപത്തിലാണ് ലഭിക്കുന്നത്. വഹ്‌യില്‍ വിശ്വസിക്കുകയെന്നത് മുസ്‌ലിമാകാനുള്ള നിബന്ധനയാണ്. അതുകൊണ്ടുതന്നെ വഹ്‌യിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം അടിസ്ഥാന സിദ്ധാന്തങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതാണ്.
വംശീയവും ജാതീയവുമായ അതിക്രമങ്ങളുടെ അടിസ്ഥാന കാരണം പ്രത്യക്ഷമോ പരോക്ഷമോ ആയ, ബോധത്തിലോ അബോധത്തിലോ ഉള്ള ശ്രേഷ്ഠതാ ബോധമാണ്. പാശ്ചാത്യരുടെ ഉള്ളില്‍ വംശീയമായ ശ്രേഷ്ഠതാബോധം ശക്തമാണ്. അതുപോലെ ഇന്ത്യയിലെ സവര്‍ണരില്‍ ആര്യവംശത്തെയും ജാതിയെയും കുറിച്ചുള്ള മുന്‍ധാരണകളും ഉറച്ചതാണ്. ഇസ്‌ലാം ഈയൊരു ബോധത്തെ അടിസ്ഥാനപരമായിത്തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എല്ലാ മനുഷ്യരും ഒരുപോലെയാണെന്നത് ഇസ്‌ലാം അടിസ്ഥാന ആശയമായി അംഗീകരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (അല്‍ഹുജുറാത്ത് 13).
പ്രവാചകന്‍(സ) പറഞ്ഞു: ''ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ എല്ലാ ജനങ്ങളും തുല്യരാണ്. അല്ലാഹുവിന്റെ എല്ലാ അടിമകളും സഹോദരങ്ങളാണ്.''
വംശം, ജാതി, ദേശം, ഭാഷ പോലുള്ള താല്‍ക്കാലികമോ സ്ഥിരമോ ആയ എല്ലാ വ്യത്യസ്തതകള്‍ക്കുമതീതമായി മനുഷ്യര്‍ ആദരണീയരാണെന്നതാണ് വിശുദ്ധ ഖുര്‍ആന്റെ നിലപാട്: ''ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു'' (അല്‍ഇസ്രാഅ് 70).
അന്യായമായി ഒരു മനുഷ്യാത്മാവിനെ കൊല്ലുന്നത് മുഴുവന്‍ ജനസമൂഹത്തെയും കൊല്ലുന്നതുപോലെയാണെന്നും അല്ലാഹു പ്രഖ്യാപിച്ചു: ''ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും'' (അല്‍മാഇദ 32).
ശരീഅത്തിന്റെ സുപ്രധാന ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നത് നീതിയാണ്: ''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക; തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു'' (അന്നിസാഅ് 135).
ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും മനുഷ്യരുടെ സമത്വത്തെയും തുല്യതയെയും സൂചിപ്പിക്കുന്ന ആശയങ്ങള്‍ നല്‍കുക മാത്രമല്ല ഇസ്‌ലാം ചെയ്തത്. അവക്ക് പുറമെ ഇസ്‌ലാമിന്റെ എല്ലാ കര്‍മങ്ങളിലും ആരാധനകളിലും ഈയൊരു സമത്വബോധം വളര്‍ത്താനും വികസിപ്പിക്കാനുമുതകുന്ന നിയമങ്ങളും വ്യവസ്ഥകളും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് നമസ്‌കാരമെന്നത് സ്രഷ്ടാവിനോട് ഏറ്റവും അടുക്കുന്ന സമയമാണ്. സൃഷ്ടിക്കും സ്രഷ്ടാവിനുമിടയിലുള്ള സംഭാഷണവുമാണത്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ജമാഅത്തായി -സംഘടിതമായി- നിര്‍വഹിക്കണമെന്ന് നിയമമാക്കിയതിലൂടെ സമത്വത്തിന്റെയും തുല്യതയുടെയും വലിയൊരു സന്ദേശവും ശരീഅത്ത് നല്‍കുന്നുണ്ട്. വംശം, ജാതി, ദേശം, ഭാഷ പോലുള്ള ഒരു വ്യത്യാസവും മാനിക്കാതെ അല്ലാഹുവിന്റെ മുമ്പില്‍ എല്ലാവരും തോളോടുതോള്‍ ചേര്‍ത്ത് അണിനിരക്കുന്നതാണ് നമസ്‌കാരത്തിനായുള്ള നിറുത്തത്തില്‍ നാം കാണുന്നത്.
എല്ലാവരും ഒരുപോലെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കലാണ് നോമ്പ്. ഇതില്‍ മനുഷ്യര്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല. ഇസ്‌ലാമിന്റെ സാര്‍വദേശീയ സാഹോദര്യത്തിനും സമത്വത്തിനും മഹത്തായൊരു തെളിവാണ് ഹജ്ജ് കര്‍മം. മക്കയിലും സമീപ പ്രദേശങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ളവര്‍ ഒരേ തരത്തിലുള്ള വസ്ത്രമണിഞ്ഞ് നിര്‍വഹിക്കുന്ന കര്‍മമാണിത്. ആരും ആരില്‍നിന്നും വ്യത്യസ്തരാകുന്നില്ലിവിടെ. സാമ്പത്തികമേഖലയിലെ ഇസ്‌ലാമിക നിയമങ്ങള്‍ ആ മേഖലയില്‍ സമത്വം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സമ്പത്ത് ഇല്ലാത്തവന്റെ അവകാശമാണ് സകാത്ത്; സമ്പന്നന്റെ ഔദാര്യമല്ല. സകാത്ത്, മറ്റു ദാനധര്‍മങ്ങള്‍, പലിശ ഇടപാടുകളുടെ നിരോധം എന്നിവയിലൂടെ സമ്പത്തിന്റെ കേന്ദ്രീകരണം ഇല്ലാതാക്കണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്.
സമത്വം ഉദ്‌ഘോഷിക്കുന്ന ആശയങ്ങള്‍ക്കും തുല്യതയോടെ വര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന അധ്യാപനങ്ങള്‍ക്കും പുറമെ നീതിക്കും സമത്വത്തിനും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടാനും സമരം ചെയ്യാനും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. അനീതിയും അടിച്ചമര്‍ത്തലും അസമത്വവും കൊണ്ടുനടക്കുന്ന എല്ലാ വിഭാഗങ്ങളും അല്ലാഹുവിന്റെ ശത്രുക്കളാണെന്ന് ഖുര്‍ആന്‍ പറയുന്നു. അവരാണ് ത്വാഗൂത്ത്. ത്വാഗൂത്ത് വ്യക്തിയാകാമെന്നതുപോലെ വ്യവസ്ഥകളുമാകാമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ത്വാഗൂത്തിനെതിരെ സമരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പോരാടുന്നതും നിര്‍ബന്ധമാണെന്നും ഇസ്‌ലാം പഠിപ്പിച്ചു: ''സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികള്‍ വ്യാജദൈവങ്ങളുടെ മാര്‍ഗത്തിലാണ് യുദ്ധം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം നന്നേ ദുര്‍ബലം തന്നെ; തീര്‍ച്ച'' (അന്നിസാഅ് 76).
ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രമാണ് മൂസാ(അ)യുടേത്. അതില്‍ ഫിര്‍ഔന്‍ വംശീയമായ അടിച്ചമര്‍ത്തല്‍ നടത്തിയതായി പറയുന്നുണ്ട്. അതിനെതിരെയായിരുന്നു മൂസാ(അ)യുടെ പോരാട്ടങ്ങള്‍: ''ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍പെട്ടവനായിരുന്നു; തീര്‍ച്ച. എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും. അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും, അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും'' (അല്‍ഖസ്വസ്വ് 4-6).
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പീഡിപ്പിക്കപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും (മുസ്തദ്അഫൂന്‍) വേണ്ടി നിലകൊള്ളാനും അവരുടെ അവകാശങ്ങള്‍ക്കായി പോരാടാനും ഖുര്‍ആന്‍ അഹ്വാനം ചെയ്യുന്നുണ്ട്: ''മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്; ഞങ്ങളുടെ നാഥാ; മര്‍ദകരായ ജനം വിലസുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ'' (അന്നിസാഅ് 75).
അടിച്ചമര്‍ത്തപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളുടെ സംരക്ഷണത്തിനും വീണ്ടെടുപ്പിനും വേണ്ടി മര്‍ദകരോടുള്ള പോരാട്ടമാണ് ജിഹാദ്. സമരപ്രവര്‍ത്തനങ്ങള്‍ മുതല്‍ യുദ്ധംവരെ അതില്‍പെടും. സന്ദര്‍ഭത്തിന്റെയും ചുറ്റുപാടിന്റെയും ആവശ്യാനുസരണമാണ് ജിഹാദിന്റെ രീതി തീരുമാനിക്കപ്പെടുക. ജിഹാദിന്റെ രീതികള്‍ വ്യത്യസ്തമാകാമെങ്കിലും അടിച്ചമര്‍ത്തലിനും അനീതിക്കുമെതിരെയുള്ള പ്രതിരോധങ്ങളും പോരാട്ടങ്ങളും നിര്‍ബന്ധമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചിരിക്കുന്നു.
ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്രവും വിജ്ഞാന സങ്കല്‍പവും മനുഷ്യജീവിതത്തിന്റെ മാനസികവും ആത്മീയവും ശാരീരികവും വൈകാരികവുമായ മുഴു തലങ്ങളെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍, ആധുനിക ശാസ്ത്രം മനുഷ്യനെ പദാര്‍ഥമായി മാത്രമാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ജ്ഞാനപാരമ്പര്യം മനുഷ്യന്റെ അഭിമാനത്തെയും അവകാശങ്ങളെയും വിശ്വാസത്തിന്റെ അടിത്തറയിലാണ് മനസ്സിലാക്കുന്നത്. അതേസമയം എല്ലാ വൈജ്ഞാനിക മേഖലകളെയും ശാഖകളെയും പ്രാധാന്യത്തോടെ അത് സ്വീകരിക്കുന്നുമുണ്ട്. അറിവ് വിശ്വാസിയുടെ വീണുപോയ സ്വത്താണ്, അതിന് ഏറ്റവും അര്‍ഹന്‍ വിശ്വാസിയാണെന്ന പ്രവാചകാധ്യാപനം വ്യക്തമാക്കുന്നത് ഒരു വിജ്ഞാന ശാഖയെയും അനിസ്‌ലാമികമെന്ന് മുദ്രകുത്തി പുറത്തുനിര്‍ത്തരുതെന്നാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അറിവുകളെ സ്വാംശീകരിക്കാനും അവയെ പ്രയോജനപ്പെടുത്താനും മുസ്‌ലിംകള്‍ക്ക് ചരിത്രത്തില്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ഗണിത സിദ്ധാന്തങ്ങള്‍ മനസ്സിലാക്കി അത് വികസിപ്പിക്കാന്‍ മുസ്‌ലിംകള്‍ ഉല്‍സുകരായി. വൈദ്യശാസ്ത്രത്തിന്റെ അധ്യാപനങ്ങള്‍ ഗ്രീസില്‍നിന്ന് പഠിക്കാനും അതിനെ വികസിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ആദിമവും പരമ്പരാഗതവുമായ എല്ലാ വിജ്ഞാനങ്ങളെയും വികസിപ്പിക്കാനും ഉപയോഗപ്പെടുത്താനും മുസ്‌ലിം സമുദായത്തിന് സാധിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്.
ചുരുക്കത്തില്‍, കൊളോണിയല്‍ സ്വാധീനങ്ങള്‍ക്കപ്പുറത്ത് സ്വന്തമായൊരു ജ്ഞാനശാസ്ത്രം വികസിപ്പിക്കാന്‍ ഇസ്‌ലാമിന് സാധിച്ചിട്ടുണ്ട്. നിലവില്‍ കൊളോണിയല്‍ സ്വാധീനങ്ങള്‍ക്കപ്പുറമുള്ള ഡികൊളോണിയല്‍ ചിന്തകളെ വികസിപ്പിക്കാനും അനുയോജ്യമായ ആശയമാണ് ഇസ്‌ലാം. വൈജ്ഞാനികമായ അടിമത്തത്തെയും അധികാരങ്ങളെയും പ്രതിരോധിച്ച് ജനങ്ങളെ ഭൗതികവും ബൗദ്ധികവുമായ വിമോചനത്തിലേക്ക് നയിക്കാനുള്ള അധ്യാപനങ്ങളാണ് ഇസ്‌ലാം നല്‍കുന്നത്.
(2015 ഡിസംബര്‍ 23,24 തീയതികളില്‍ കണ്ണൂരില്‍ നടന്ന മുഖദ്ദിമ അക്കാദമിക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനില്‍ നടത്തിയ പ്രഭാഷണം)
വിവ: ജുമൈല്‍ കൊടിഞ്ഞി
കുറിപ്പുകള്‍
1. Grosfoguel, Ramon, Decolonizing Post Colonial Studies and Paradigms of Political Economy Transmoderntiy- Decolonial Thinking and Global Colonialtiy, 2011
2. Grosfoguel Ramon, Decolonizing Post Colonial Studies and Paradigms of Political Economy, http://escholarship.org/uc/item/21k6t3fq rterieved on 21-12-2015
3. Ibid
4. Quijano, Anibal 2000: Colonialtiy of Power, Eurocentrism and Latin America-Nepantla: Views from South
5. Quijano, Anibal and Immanuel Wallerstein 1992: Americantiy as Concept or the Americas in the Modern World System - International Social Science Journal 131: 549-557
6. Grosfoguel,Ramon The Multiple Faces of Islamophobia-In Islamophobia Studies Journal
7. Ibn Kathir, Al-Bidayah Wa-Nihayah, vol. 7
Comments