Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

ഒളിച്ചുകളിയുടെ വിദേശതന്ത്രം

ഇഹ്സാന്‍

         വിദേശകാര്യം എന്ന നിയതമായ നടപടിക്രമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസമുള്ള ഏര്‍പ്പാടുകളായി മാറുകയാണ് ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള ബന്ധം. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വര്‍ത്തമാനത്തിന്റെ നിലവാരം എത്രത്തോളമുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒപ്പുവെക്കപ്പെടുന്ന അന്താരാഷ്ട്ര കരാറുകളിലെ അക്ഷരങ്ങള്‍ കല്ലില്‍ വരച്ചത് പോലെയാവണമെന്നാണ് വെപ്പ്. ദൗര്‍ഭാഗ്യവശാല്‍, ഇത്തരം കരാറുകളുടെ മഷി ഉണങ്ങുന്നതിന് മുമ്പെ തള്ളിപ്പറയുന്നതാണ് പലപ്പോഴും നാം കാണുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ 'രാഷ്ട്രീയം' മുന്‍നിര്‍ത്തി ഇവിടെയുള്ളവരും, പാകിസ്താന്‍കാരുടെ 'രാഷ്ട്രീയം' മുന്‍ നിര്‍ത്തി അവിടെയുള്ളവരും പറഞ്ഞത് വിഴുങ്ങുന്ന കാലത്ത് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. എങ്കില്‍ പോലും സുഷമാ സ്വരാജ് പാകിസ്താനിലേക്ക് പോയതിന് അസാധാരണമായ വാര്‍ത്താ പ്രാധാന്യം ലഭിച്ച സാഹചര്യത്തില്‍ ഈ യാത്രയെ കണ്ടില്ലെന്ന് നടിക്കാനും വയ്യ.

മോദിയുടെ പാകിസ്താന്‍ നയതന്ത്രം ഒരുതരം ഒളിച്ചു കളിയാവുകയാണ്. 2014-ലെ കാഠ്മണ്ഡു സാര്‍ക്ക് ഉച്ചകോടിയില്‍ നവാസ് ശരീഫിനെ മോദി ഒരു മണിക്കൂര്‍ സമയം അടച്ചിട്ട ഹോട്ടല്‍ റൂമിനകത്ത് കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യയിലെ ഭീമന്‍ ഉരുക്കു വ്യവസായി സജ്ജന്‍ ജിണ്ടലിന്റെ റൂമിലാണ് ഈ കൂടിക്കാഴ്ച ഒരുക്കിയതെന്നും ഈ വാര്‍ത്ത പുറത്തുവിട്ട ബര്‍ഖ ദത്ത് കണ്ടെത്തിയിരുന്നു. അത് ശരിയാണെങ്കില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കു മുമ്പില്‍ പാകിസ്താനുമായി കാഠ്മണ്ഡുവില്‍ അകലം പാലിച്ച പ്രധാനമന്ത്രി, അടച്ചിട്ട മുറിക്കകത്ത് പറഞ്ഞ ആ സ്വകാര്യം എന്തായിരിക്കാം? മോദി ജിണ്ടലിനെ നേപ്പാളിലേക്ക് വിളിച്ചു വരുത്തിയാണ് ഈ കൂടിക്കാഴ്ചയുടെ ഇടനിലക്കാരനാക്കിയതെന്നാണ് പറയപ്പെടുന്നത്. കശ്മീര്‍ തെരഞ്ഞെടുപ്പ് ആസന്നമായ മാസങ്ങളായിരുന്നു അത്. കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നവാസിന്റെ സഹായം ആവശ്യമുള്ളതുകൊണ്ടായിരുന്നോ ആ കൂടിക്കാഴ്ച? അത്തരമൊരു സൂചനയാണ് ബര്‍ഖ നല്‍കുന്നത്. സൈന്യവുമായി വല്ലാതെ വിലപേശാനാകാത്ത സ്വന്തം നിസ്സഹായത നവാസ് ശരീഫ് അവതരിപ്പിച്ചുവത്രെ. എന്തായാലും പൊതുജനത്തിന് കാണിച്ചു കൊടുക്കുന്ന 56 ഇഞ്ച് മസില്‍ പിടുത്തമൊന്നും നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് പാകിസ്താന്റെ കാര്യത്തില്‍ ഇല്ല എന്നതിന്റെ സൂചനകളായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

പാകിസ്താനോട് ഉദാരമായ സമീപനം കാണിക്കാന്‍ മോദിക്ക് തുടക്കത്തില്‍ എന്തായിരുന്നോ കാരണം അതിനേക്കാള്‍ അല്‍പ്പമെങ്കിലും മെച്ചപ്പെട്ട പാകിസ്താനാണ് ഇന്നുള്ളത്. പക്ഷെ കഴിഞ്ഞ 18 മാസത്തെ ഇന്തോ-പാക് ബന്ധം പരിശോധിച്ചാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷമടക്കം എല്ലാ പതിവ് അരുതായ്കകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്. കുറെക്കൂടി വസ്തുതാപരമായി വിലയിരുത്തിയാല്‍ സ്വന്തം നാട്ടില്‍ നിരന്തരമായി നടന്നു കൊണ്ടിരുന്ന ഭീകരാക്രമണങ്ങളുടെ എണ്ണം അല്‍പ്പമെങ്കിലും കുറച്ചുകൊണ്ടുവന്ന പാകിസ്താനാണ് ഇന്നത്തേത്. പക്ഷേ ഭീകരത അവസാനിപ്പിക്കാതെ ചര്‍ച്ചയില്ല എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി തന്നെ രണ്ടു തവണ വ്യക്തമാക്കുകയുണ്ടായി. റഷ്യയിലെ യൂഫയില്‍ നടന്ന ഉച്ചകോടിയില്‍ അത്തരമൊരു കരാര്‍ ഇന്ത്യ ഒപ്പുവെച്ചു. ഭീകരതയാണ് ഇരു രാജ്യങ്ങളും പരമപ്രാധാന്യം നല്‍കി ചര്‍ച്ച ചെയ്യേണ്ട വിഷയം എന്നായിരുന്നു യൂഫ കരാറിലെ ഒന്നാമത്തെ വാചകം. അതില്‍ ഒരിടത്തും കശ്മീര്‍ എന്ന വാക്കേ ഉണ്ടായിരുന്നില്ല. ഉണ്ടെന്നു പറയാന്‍ ശ്രമിച്ച പാകിസ്ഥാനോടാണ് ഇക്കഴിഞ്ഞ സപ്തംബറില്‍ സുഷമ ഭീകരതയുടെ കാര്യം ഓര്‍മിപ്പിച്ചത്. എന്നിട്ടും ഇന്ത്യ ഭീകരതയെ കുറിച്ചും പാകിസ്താന്‍ കശ്മീരിനെ കുറിച്ചും ബാങ്കോക്കില്‍ പോയി സംസാരിച്ചു. സംയുക്ത പ്രസ്താവനയുമിറക്കി.

പാരിസീലെ കാലാവസ്ഥാ ഉച്ചകോടിക്കിടെ ഹോട്ടലിന്റെ ലോബിയില്‍ മോദിയും ശരീഫും നടത്തിയ 'കുശുകുശുക്കല്‍' ഉപചാരം മാത്രമായിരുന്നുവെന്ന് ഇത്രയും ദിവസം വാദിച്ചു കൊണ്ടിരുന്ന വിദേശകാര്യ മന്ത്രാലയം, അപ്പുറത്ത് നവാസ് ശരീഫ് ചര്‍ച്ചകളെ കുറിച്ചു നടത്തിയ പ്രസ്താവനയെ കണ്ടില്ലെന്നു നടിച്ചപ്പോഴേ പാരീസ് അത്ര 'ഹ്രസ്വമായ' ഒരു കൈകൊടുക്കല്‍ ആയിരുന്നില്ലെന്ന സംശയം ഉയര്‍ന്നു തുടങ്ങിയിരുന്നു. പത്തു ദിവസത്തിനകമാണ് ബാങ്കോക്ക് ചര്‍ച്ചയും തൊട്ടു പിന്നാലെ സുഷമയുടെ യാത്രയും ഉണ്ടാവുന്നത്. സുഷമ പോകുന്നുണ്ടോ ഇല്ലേ എന്നതു പോലും അവസാന ദിവസം വരെ സ്ഥിരീകരിക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു മന്ത്രാലയം. സുഷമ പുറപ്പെടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒപ്പം പോകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഉടനീളം കാണാനുണ്ടായിരുന്നത്. എന്തൊക്കെയോ ഒളിച്ചു വെച്ച്, പൊതുജനമറിയാതെ ചര്‍ച്ച നടത്തി പരിഹരിക്കാനാവുന്ന തര്‍ക്കമാണ് ഇന്ത്യക്കും പാകിസ്താനുമിടയിലെന്ന മിഥ്യാധാരണയാണ് ഇപ്പോഴുള്ളത്. ശിവസേനയും മറ്റും വായ തുറക്കാതിരിക്കാന്‍ ഈ മുന്‍ കരുതലുകള്‍ സഹായിക്കുമെങ്കിലും കശ്മീരില്‍ എന്തു ചെയ്യും? സ്വന്തം ജനതയെ ഭയന്ന് ബാങ്കോക്കിലും ശ്രീലങ്കയിലുമൊക്കെ ചര്‍ച്ചയും ക്രിക്കറ്റുമായി എത്ര നാള്‍ മുന്നോട്ടു പോകും? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍