Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

ചെന്നൈ പ്രളയക്കെടുതിയില്‍ നമുക്കും ചില പാഠമില്ലേ?

അനീസുദ്ദീന്‍ ചെറുകുളമ്പ് /പ്രതികരണം

          മനുഷ്യന്‍ എത്ര നിസ്സഹായനും ദുര്‍ബലനുമാണെന്ന്  നമ്മുടെ കണ്‍മുമ്പിലും മറ്റിടങ്ങളിലും നടക്കുന്ന  ഓരോ ദുരന്തവും നമ്മെ ഓര്‍മപ്പെടുത്തുന്നു. അഹന്തകളുടെ  മണിമേടകളില്‍ കഴിയുന്ന മനുഷ്യനെ കശക്കിയെറിയാന്‍ ഒരു നിമിഷം പോലും ആവശ്യമില്ലെന്നാണവ കാണിച്ചു തരുന്നത്. ഈയിടെ  ചെന്നൈ നഗരത്തെ  പൂര്‍ണമായി മുക്കിയ പ്രളയം ഒട്ടേറെ മരണങ്ങള്‍ക്കും  വമ്പിച്ച നാശനഷ്ടങ്ങള്‍ക്കും കാരണമാക്കിയിരിക്കുകയാണ്. കനത്ത  മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ ഇതിനകം രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും നൂറുകണക്കിനാളുകള്‍ ഇപ്പോഴും  പലയിടത്തും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴക്കെടുതിയില്‍  ജനജീവിതം ദിവസങ്ങളോളം സ്തംഭിച്ചു. വൈദ്യുതിയും ശുദ്ധജലവിതരണവും താറുമാറായി. നിത്യാപയോഗ സാധനങ്ങള്‍  കിട്ടാതെ  ജനം  പൊറുതി മുട്ടി. ആശുപത്രിയില്‍  വൈദ്യുതി നിലച്ചതിന തുടര്‍ന്ന് ഓക്‌സിജന്‍ സംവിധാനം താറുമാറായതിനാല്‍ ശ്വാസം  മുട്ടി രോഗികള്‍  മരിച്ച വാര്‍ത്ത ഹൃദയഭേദകമായിരുന്നു.  പെട്രോള്‍ ബങ്കുകളില്‍  ഇന്ധനക്ഷാമം  രൂക്ഷമായതിനാല്‍  ആശുപത്രിയിലെ  ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍  ആശുപത്രി  അധികൃതര്‍ക്ക്  കഴിയാതെ പോയതാണ് ഈ ദുരന്തത്തിന് വഴിവെച്ചത്. കര, നാവിക, വ്യോമ സേനകളുടെയും ദേശീയ ദുരന്ത സേനകളുടെയും മറ്റു സന്നദ്ധ സംഘങ്ങളുടെയും നേതൃത്വത്തില്‍ ഉര്‍ജിതമായ ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നു. സുമനസ്സുകളായ ആളുകളുടെ  നിര്‍ലോഭമായ സേവനങ്ങള്‍ ദുരിതബാധിതര്‍ക്ക് ഏറെ സഹായകമായതും  തമിഴ്‌നാട്ടിലെ സമീപ വര്‍ത്തമാനങ്ങളില്‍  നിന്നും നാം കേട്ടു.  

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കനത്ത മഴയും, നാശ നഷ്ടങ്ങള്‍ വരാനുമുള്ള സാധ്യതകളെയും കുറിച്ചുള്ള  മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്  മുന്നൊരുക്കമായി  ചെന്നൈയിലും  പല മുന്‍കരുതലുകളും  ബന്ധപ്പെട്ടവര്‍ ചെയ്‌തെങ്കിലും അതുകൊണ്ടൊന്നും ദുരന്തത്തെ തടുത്തു നിര്‍ത്താനായില്ലെന്ന് മാധ്യമങ്ങള്‍ നമ്മെ അറിയിക്കുന്നു.  ദേശീയ ദുരന്ത നിവാരണ സേനയുടെ വിദഗ്ധ സംഘങ്ങളും സംവിധാനങ്ങളും ദുരിതാശ്വാസ സാമഗ്രികളുമൊക്കെ ഇപ്പോഴും അപര്യാപ്തമാണത്രേ. പ്രളയ ബാധിത  പ്രദേശങ്ങളിലെ വിലാപങ്ങളും രോദനങ്ങളും നാം കേള്‍ക്കുന്നു. ആളും അര്‍ഥവും  നഷ്ടപ്പെട്ട് വിലപിക്കുന്ന  കണ്ണുകളില്‍ നിഴലിക്കുന്ന ദൈന്യത ഹൃദയഭേദകമായ കാഴ്ചകളാണ് ദിനേന ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ നാം കണ്ടു കൊണ്ടിരിക്കുന്നത്. പശിയടക്കാന്‍ എന്തെങ്കിലും ഭക്ഷണവും, ഉടുതുണിക്ക് മറുതുണിയും ഇല്ലാതെ നിസ്സഹായരായ സഹജീവികളുടെ കരളലിയിക്കുന്ന കാഴ്ചകള്‍  ഏതൊരു കഠിനഹൃദയന്റയും മനസ്സിനെ ഒരു വേള  പുനര്‍വിചിന്തനത്തിന് വിധേയമാക്കുന്നത് തന്നെയാണ്.  പ്രകൃതി ദുരന്തങ്ങള്‍ അതിന്റെ ഇരകള്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പരീക്ഷണവും  പാഠവുമാണ് എന്ന ചിന്തയാണ്  നമ്മെ  നയിക്കേണ്ടത്.

പ്രകൃതിയുടെ ഘടനകള്‍ക്ക്  വിരുദ്ധമായ  വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി നാശവും പലപ്പോഴും മനുഷ്യന്  തന്നെ തിരിച്ചടിയായി  മാറുന്ന അനുഭവങ്ങളാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നത്. ചെന്നൈ പ്രളയം കൊണ്ടിരിക്കുന്ന സമകാലീന സംഭവങ്ങള്‍ ഇനിയെങ്കിലും  നമുക്ക്  ഒരു പുനര്‍വിചിന്തനത്തിനു നിമിത്തമാകേണ്ടതുണ്ട്. ദൂരവ്യാപകമായ  പ്രത്യാഘാതങ്ങള്‍   വിളിച്ചു  വരുത്തുന്ന വികസന പ്രക്രിയകള്‍ക്ക് കടിഞ്ഞാണിടാന്‍ മനുഷ്യര്‍ക്ക്  സാധിക്കുമ്പോള്‍ മാത്രമേ  വലിയ ദുരിതങ്ങളില്‍ നിന്ന് നമുക്ക്  രക്ഷപ്പെടന്‍  കഴിയൂ.  നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി എന്ത് നെറികേടും   ചെയ്യാന്‍  മടികാണിക്കാത്ത മനുഷ്യനെ പരീക്ഷിക്കുകയാണ് ദൈവം പലപ്പോഴും ചെയ്യുന്നത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍