Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

പ്രവാസി കമ്മീഷന്‍-തിരുനക്കര നിന്ന് പ്രവാസി വഞ്ചി പുറപ്പെടുമോ?

ഡോ. നസീര്‍ അയിരൂര്‍ /ലേഖനം

         അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില അപ്രതീക്ഷിതമായി കൂപ്പ് കുത്തിയതിന്റെ ഫലമായി ഗള്‍ഫ് മേഖലയില്‍ 'റിവേഴ്‌സ് മൈഗ്രേഷനെ' കുറിച്ച ഗൗരവമേറിയ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍, പ്രവാസികള്‍ക്കായി എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കുന്നുവെന്ന കേരളാ മന്ത്രിസഭാ തീരുമാനം ചെറുപ്രതീക്ഷകള്‍ക്കും ആശ്വാസത്തിനും വക നല്‍കുന്നതാണ്. പ്രവാസികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരത്തോടെ നിലവില്‍ വന്നേക്കാവുന്ന കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, നാളിതുവരെ പ്രവാസികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ചില ആവശ്യങ്ങള്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും മനസ്സിലാകും. അതിവേഗം മാറിവരുന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസികള്‍ വൈകിയ വേളയില്‍ സര്‍ക്കാര്‍ നടത്തിയ ഈ പ്രഖ്യാപനത്തെ ഇപ്പോഴും മുഖവിലക്കെടുത്തിട്ടില്ല. ആത്മാര്‍ഥതയുള്ള നീക്കമായി അവരതിനെ കാണുന്നുമില്ല. കാരണം പ്രവാസികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളൊക്കെ കേവലം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയതാണ് പൂര്‍വകാല ചരിത്രം. പ്രവാസി കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഭാരതത്തിന്റെ അനൗദ്യോഗിക സാംസ്‌കാരിക അംബാസഡര്‍മാരായ (Un Official Cultural Ambassadors) അനേക ലക്ഷം പ്രവാസികള്‍ക്ക് അത് വളരെ ഉപകാരപ്പെടുമെന്ന് ഉറപ്പാണ്. ഗള്‍ഫ് പ്രവാസം പ്രഭാതവും മധ്യാഹ്‌നവുമൊക്കെ കടന്ന് അസ്തമയത്തിലെത്തി നില്‍ക്കുമ്പോള്‍, അസമയത്ത് വരുന്ന ഇത്തരം വെളിപാടുകള്‍ കൗതുകത്തോടെയാണ് പ്രവാസികള്‍ കാണുന്നത്. ഇതൊക്കെ പ്രയോഗത്തില്‍ വരുത്തുമോ എന്നവര്‍ സംശയിക്കുന്നു. പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്ന വസ്തുവകകളുടെ സംരക്ഷണം, നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം, വര്‍ധിച്ചുവരുന്ന റിക്രൂട്ട് തട്ടിപ്പുകള്‍ക്ക് തടയിടല്‍, പ്രവാസികള്‍ക്കെതിരെയുള്ള അന്യായ നടപടികള്‍ക്കെതിരെ വിവിധ വകുപ്പുതലങ്ങളില്‍ ബന്ധപ്പെടാനുള്ള സൗകര്യം, സര്‍ക്കാര്‍ സേവനങ്ങള്‍ തുല്യ പരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കല്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കല്‍ തുടങ്ങിയവയാണ് പ്രവാസി കമ്മീഷനിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിലും പരിഹരിക്കുന്നതിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വരുത്തുന്ന കാലവിളംബം ഒഴിവാക്കി, നിര്‍ദേശങ്ങള്‍ പ്രയോഗവല്‍ക്കരിക്കുമെങ്കില്‍ എന്‍.ആര്‍.ഐ കമ്മീഷന്‍ വ്യവസ്ഥകള്‍ തീര്‍ച്ചയായും ഏറെ ഗുണകരം തന്നെ. പഞ്ചാബ് എന്‍.ആര്‍.ഐ കമ്മീഷന്‍ മാതൃകയുടെ ചുവട് പിടിച്ച് രൂപീകൃതമാക്കുവാന്‍ പോകുന്ന കമ്മീഷനെക്കുറിച്ച് ഈ വര്‍ഷം നടന്ന ഗ്ലോബല്‍ എന്‍.ആര്‍.ഐ മീറ്റില്‍ സജീവ ചര്‍ച്ചകള്‍ നടന്നിരുന്നു. 2015 മാര്‍ച്ചില്‍ സജീവ ചര്‍ച്ചകള്‍ നടന്നിരുന്നു. 2015 മാര്‍ച്ചില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിലും കമ്മീഷനെക്കുറിച്ച പരാമര്‍ശങ്ങള്‍ ഉണ്ട്. ഈയിടെ കേരള ആഭ്യന്തര മന്ത്രി നടത്തിയ ഗള്‍ഫ് പര്യടന വേളയില്‍ ഇതുസംബന്ധിയായ ഗൗരവമേറിയ അന്വേഷണങ്ങള്‍ നടന്നിരുന്നു.

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ചെയര്‍മാനായുള്ള കമ്മീഷനില്‍ ഒരു ഐ.എ.എസ് ഓഫീസറും രണ്ട് എന്‍.ആര്‍.ഐക്കാരും അംഗങ്ങളും, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമായിരിക്കും. മൂന്ന് മാസത്തിലൊരിക്കല്‍ സിറ്റിംഗ് നടത്തുന്ന കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. കമ്മീഷന് സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരമോ വ്യക്തികളുടെ പരാതി മുഖേനയോ സ്വമേധയാ പ്രശ്‌നങ്ങളില്‍ അന്വേഷണം നടത്താം എന്നതാണ് പ്രത്യേകത. 

തിരുനക്കരയായിരുന്നു പ്രവാസി വഞ്ചി ചെറുതായി ചലിച്ചു തുടങ്ങിയതായി ആശ്വസിക്കുകയാണ്. പ്രവാസി സമൂഹം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണവും ആഗോള സാമ്പത്തിക മാന്ദ്യവും കാരണമായി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായുള്ള വായ്പാ പദ്ധതികള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കി പരിഷ്‌കരിക്കാന്‍ നോര്‍ക്ക തീരുമാനിച്ച വാര്‍ത്തകള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. നിലവിലുളള എല്ലാ അപേക്ഷകളിലും സത്വരമായി നടപടികള്‍ പൂര്‍ത്തിയാക്കി ഉപഭോക്താവിന് സേവനം ലഭ്യമാക്കാനും പുതിയ അപേക്ഷകള്‍ ജനുവരി മുതല്‍ സ്വീകരിക്കാനും നോര്‍ക്ക തീരുമാനിച്ചത് ശുഭസൂചനയാണ്. കാര്‍ഷികം, വ്യാപാരം, നിര്‍മ്മാണം, സേവനം തുടങ്ങിയ മേഖലകളിലെ തൊഴിലുകള്‍ക്കായി 15% സബ്‌സിഡിയോടെ 20 ലക്ഷം രൂപയാണ് വായ്പയായി പ്രവാസികള്‍ക്ക് അനുവദിച്ചുവരുന്നത്. നിതാഖാത്ത് പോലുള്ള സ്വദേശിവല്‍ക്കരണ നയങ്ങള്‍ മൂലം തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇത്തരം വായ്പകള്‍ സുതാര്യതയില്ലായ്മയും കാലവിളംബവും കാരണം ലഭ്യമാകുന്നില്ല എന്ന പരാതി കണക്കിലെടുത്താവാം പുതിയ തീരുമാനം. 

വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ഭൂരിഭാഗം പ്രവാസികള്‍ക്കും യാതൊരു അറിവുമില്ല എന്നതാണ് സത്യം. ഇത് സര്‍ക്കാര്‍ മെക്കാനിസത്തിന്റെ പരാജയമാണ്. നിര്‍മാണ ഗാര്‍ഹിക-സേവന മേഖലകളില്‍ തൊഴിലെടുത്തു വരുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് 'നോര്‍ക്കനോര്‍ റൂട്ട്‌സ്' എന്നെന്നോ പ്രവാസികള്‍ക്കായി പ്രത്യേക വകുപ്പ് (MDIA) തന്നെയുണ്ടെന്നോ അറിയില്ല. സര്‍ക്കാര്‍ പ്രവാസി സംരംഭങ്ങള്‍ മേല്‍ തട്ടുകാരില്‍ ഒതുങ്ങുന്നതാണ് ഇതിന് കാരണം. ഇത് മാറേണ്ടതുണ്ട്. പല പ്രഖ്യാപനങ്ങളും കടലാസില്‍ മാത്രമേയുള്ളൂ എന്നതാണ് മറ്റൊരു പ്രശ്‌നം. പ്രവാസി പെന്‍ഷന്‍ പദ്ധതി, പ്രത്യേക സര്‍വകലാശാല, ബജറ്റ് എയര്‍ലൈന്‍സ്, വോട്ടവകാശം, ഗ്ലോബല്‍ അഡൈ്വസറി കമ്മിറ്റി, വെല്‍ഫെയര്‍ ഫണ്ട്, സാന്ത്വനം, കാരുണ്യം, ലീഗല്‍ എയ്ഡ് സെല്‍, ഓണ്‍ലൈന്‍ ഗ്രീവന്‍സ് ഫോറം, പുനരധിവാസം തുടങ്ങിയ ഒട്ടേറെ പദ്ധതികളും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പോയില്ല.

സര്‍ക്കാറുകളുടെ അവഗണന പ്രവാസികളില്‍ അന്യഥാ ബോധം സൃഷ്ടിക്കുവാന്‍ കാരണമായിട്ടുണ്ട്. അത്‌കൊണ്ടാണ് ഈ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനും ചേര്‍ക്കാനും ആളില്ലാതെ പോയത്. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ താങ്ങും തണലുമായി നിലനില്‍ക്കാന്‍ സര്‍ക്കാറുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും സാധിച്ചാല്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് അത് വലിയ ആശ്വാസമാകും. പ്രവാസി വിഷയങ്ങളെ സര്‍ക്കാര്‍ ഗൗനിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുവെന്ന ധാരണ സൃഷ്ടിക്കാനായാല്‍ തന്നെ ഗവണ്‍മെന്റും പ്രവാസികളും തമ്മിലുള്ള അകല്‍ച്ച ഒരു പരിധി വരെ നികത്തുവാന്‍ കഴിയും. അതിനായി പ്രവാസി ജീവിതത്തിന്റെ ചൂടും ചൂരും അറിയുന്നവരുടെ നായകത്വത്തില്‍ സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍