Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

ബ്രോഡ്‌വേ മസ്ജിദും മുഹമ്മദ് റഫീഖ് മൗലവിയും

അബൂ നൂറ /കവര്‍‌സ്റ്റോറി

         നാലു പതിറ്റാണ്ടിലേറെയായി എറണാകുളം കേന്ദ്രീകരിച്ചുള്ള ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് മുഹമ്മദ് റഫീഖ് മൗലവി. 'സേട്ടുമാരുടെ പള്ളി' എന്നറിയപ്പെടുന്ന ബ്രോഡ്‌വേ ജുമാ മസ്ജിദില്‍ 1972- ലാണ് മുഹമ്മദ് റഫീഖ് മൗലവി ഖത്വീബായി ചുമതലയേല്‍ക്കുന്നത്. ബ്രോഡ്‌വേയുടെ തെക്കന്‍ അതിര്‍ത്തിയില്‍ വലതു ഭാഗത്തായി പോസ്റ്റോഫീസിനോടു ചേര്‍ന്നാണ് ബ്രോഡ്‌വേ ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ സ്ഥിരം കച്ചവടക്കാര്‍, വ്യവസായികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളായ യാത്രക്കാര്‍ എന്നിവര്‍ക്ക് ഇസ്‌ലാമിനെ ലളിതമായി പഠിപ്പിക്കുകയായിരുന്നു മൗലവി തന്റെ ഖുത്വ്ബകളിലൂടെ. മുസ്‌ലിം സമൂഹത്തെ സംസ്‌കരിക്കാനും ചലിപ്പിക്കാനും കര്‍മോത്സുകരാക്കാനും പോന്ന ദീനീ സംവിധാനമാണ് വെള്ളിയാഴ്ചകളിലെ ഖുത്വ്ബ എന്ന് തിരിച്ചറിഞ്ഞ റഫീഖ് മൗലവി, ആ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയുണ്ടായി. മദ്ഹബ് സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കതീതമായി മുസ്‌ലിം ഉമ്മത്തിനെ അഭിമുഖീകരിക്കുന്നതായിരുന്നു മൗലവിയുടെ ശൈലി. വ്യത്യസ്ത മദ്ഹബുകളുടെ വീക്ഷണ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളും വിധമാണ് ബ്രോഡ്‌വേ പള്ളിയിലെ ആരാധനാനുഷ്ഠാനമുറകള്‍പോലും. നമസ്‌കാരാതി കാര്യങ്ങളില്‍ ഹനഫി മദ്ഹബ് പിന്തുടരുമ്പോള്‍ തന്നെ വെള്ളിയാഴ്ച ഖുത്വ്ബകള്‍ മലയാളത്തില്‍ നിര്‍വഹിക്കപ്പെടും. റമദാനില്‍ തറാവിഹ് നമസ്‌കാരം 23 റക്അത്ത് നമസ്‌കരിക്കുമ്പോള്‍ തന്നെയും, സുദീര്‍ഘമായ ഖിയാമുല്ലൈലുകളായിരിക്കും അവ. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പള്ളിയില്‍വെച്ചു തന്നെ നടത്തപ്പെടുമ്പോഴും, ഈദ് ഗാഹുകള്‍ ഈ പള്ളിമിമ്പറില്‍ നിന്നു പ്രോത്സാഹിപ്പിക്കപ്പെടും. ഈ പള്ളിയില്‍ ഹനഫി മദ്ഹബ് പിന്തുടരുമ്പോഴും എല്ലാ മദ്ഹബുകളും മിമ്പറില്‍ നിന്നു പഠിപ്പിക്കപ്പെടും. വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പള്ളി, നിശ്ചിത കാലയളവിലേക്ക് സ്വതന്ത്ര കമ്മിറ്റികള്‍ പരിപാലനം നടത്തുന്നു. സംഘടനകള്‍ക്കു വീതം വെക്കപ്പെടാതെ പള്ളികള്‍ ദൈവികഭവനങ്ങളായും വിശ്വാസികളുടെ പൊതുസ്വത്തായും നിലനിര്‍ത്തപ്പെടുന്നത് അപൂര്‍വമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നഗരഹൃദയത്തില്‍ ഇത്തരമൊരു പള്ളി. അല്ലാഹുവിന്റെ പള്ളികള്‍ എന്നും വിശ്വാസികളുടെ പൊതുസ്വത്തായി നിലനില്‍ക്കണമെന്നതാണ് മൗലവിയുടെ നിലപാട്. 40 വര്‍ഷത്തിലേറെ ഇതേ പള്ളിയില്‍ അദ്ദേഹം ഖുത്വ്ബ നിര്‍വഹിച്ചത് ഈ നിലപാടിന് ലഭിച്ച അംഗീകാരം കൂടിയാണ്.

എറണാകുളം നഗരത്തിന്റെ മുസ്‌ലിം പൊതുബോധം സംഘടനാ മദ് ഹബീ പക്ഷപാതങ്ങള്‍ക്കതീതമാണ്. അതില്‍ ബ്രോഡ്‌വേ പള്ളി പോലെ തന്നെ മറ്റു പല പള്ളികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും പങ്കുണ്ട്. ബ്രോഡ്‌വേ സെന്‍ട്രല്‍ മസ്ജിദിലെ ഇമാമായിരുന്ന സുലൈമാന്‍ മൗലവി, പുല്ലേപ്പടി ദാറുല്‍ ഉലൂം ഖത്വീബായിരുന്ന സ്വലാഹുദ്ദീന്‍ മദനി, പുല്ലേപ്പടി മദീന മസ്ജിദ് ഖത്വീബായിരുന്ന കെ.ടി അബ്ദുര്‍റഹീം മൗലവി, പില്‍ക്കാലത്ത് അവിടെ തന്നെ ഖത്വീബായിരുന്ന മൗലവി ബശീര്‍ മുഹ്‌യിദ്ദീന്‍... അങ്ങനെ ആ നിര നീളുന്നു. ഈ പ്രദേശത്ത് നവോത്ഥാന ആശയങ്ങള്‍ പ്രസരിപ്പിക്കുന്നതില്‍ മദീന മസ്ജിദിനും അത് കേന്ദ്രീകരിച്ചുള്ള ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതില്‍ ഏറെ എടുത്തുപറയേണ്ടത് കെ.ടി അബ്ദുര്‍റഹീം മൗലവിയുടെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് റഫീഖ് മൗലവി ഇന്നും ഓര്‍ക്കുന്നു. സകാത്തിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ ഖുത്വ്ബകളും മറ്റു ക്ലാസ്സുകളും നഗരത്തിലെ മുസ്‌ലിം വ്യാപാരികളുടെയും കച്ചവടക്കാരുടെയും മനോഭാവത്തില്‍ നല്ല മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നഗരത്തിലെ രണ്ട് പ്രധാന പള്ളികളിലെ ഖത്വീബുമാര്‍ എന്ന നിലയില്‍ ആരംഭിച്ച സൗഹൃദം ആഴത്തിലുള്ള വ്യക്തിബന്ധമായി വളരുകയും പരസ്പരം ആലോചിച്ച് പല കാര്യങ്ങളും ഖുത്വ്ബയിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരുന്നതായും മൗലവി ഓര്‍ക്കുന്നു. കെ.ടി അബ്ദുര്‍ റഹീം മൗലവി മദീനാ മസ്ജിദില്‍ നിന്ന് വിരമിക്കുമ്പോള്‍, യാത്രയയപ്പ് യോഗത്തില്‍ റഫീഖ് മൗലവിയെ കുറിച്ച് പറഞ്ഞത്; 'തന്നേക്കാള്‍ മികച്ച ഖത്വീബ് എറണാകുളത്തിന് ഇനിയുമുണ്ട്' എന്നാണ്. 

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ചേലക്കുളം ഗ്രാമത്തില്‍ അഹ്മദ് മൗലവിയുടെയും ഐശാബിയുടെയും മകനായി 1934-ലാണ് മൗലവി ജനിക്കുന്നത്. വ്യവസ്ഥാപിതമായ മദ്‌റസാ സംവിധാനങ്ങള്‍ ഉടലെടുക്കുന്നതിനു മുമ്പേ, കുട്ടികളെ വീട്ടിലിരുത്തി ഖുര്‍ആനും പ്രാഥമിക ദീനീവിജ്ഞാനങ്ങളും പഠിപ്പിച്ചിരുന്ന കുടുംബമായിരുന്നു അത്. 52 വര്‍ഷം ചേലക്കുളം പള്ളിയില്‍ ഖത്വീബായി പിതാവും, അതിനുമുമ്പ് 40 വര്‍ഷക്കാലം പിതാമഹനും സേവനമനുഷ്ഠിച്ച പാരമ്പര്യമാണ് ദീനീസേവനരംഗത്ത് മൗലവിയുടേത്. അക്കാലത്തെ പ്രധാന പള്ളിദര്‍സുകളില്‍ അദ്ദേഹം പഠനം നടത്തി. 

1958-ല്‍ പുറയാര്‍ സ്വദേശി സൈദുമുഹമ്മദ് മകള്‍ ഖദീജാ ബീവിയെ വിവാഹം കഴിച്ചശേഷം എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും ഖത്വീബായും അധ്യാപകനായും സേവനമനുഷ്ഠിച്ചു. കേരളക്കരയില്‍ നവോത്ഥാനാശയങ്ങള്‍ പ്രചരിച്ചുകൊണ്ടിരുന്ന അക്കാലത്ത് മുഹമ്മദ് റഫീഖ് മൗലവിയും അതില്‍ ആകൃഷ്ടനായി. സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉറക്കെ ശബ്ദിച്ചുകൊണ്ടായിരുന്നു ഈ രംഗത്തേക്കുള്ള കടന്നുവരവ്. ഇക്കാലയളവില്‍ എട്ടുവര്‍ഷത്തോളം ഖത്വീബായി സേവനമനുഷ്ഠിച്ച ചൊവ്വര ചുള്ളിക്കാട് മഹല്ലിനെയും, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ശ്രീഭൂതപുരത്തെയും സമൂലമായി സംസ്‌കരിക്കുന്നതില്‍ മൗലവി നേതൃപരമായ പങ്കുവഹിച്ചു. 1969 മുതല്‍ '72 വരെ തിരുവനന്തപുരം പാളയം പള്ളിയില്‍ ഖത്വീബായി സേവനമനുഷ്ഠിച്ച ശേഷമാണ് മൗലവി എറണാകുളം ജുമാമസ്ജിദില്‍ ഖത്വീബായി ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം ആകാശവാണി റേഡിയോ നിലയം ആരംഭിച്ച കാലത്ത് മലയാളം റേഡിയോവില്‍ ആദ്യമായി പ്രക്ഷേപണം ചെയ്ത ഖുര്‍ആന്‍ പാരായണം മുഹമ്ദ് റഫീഖ് മൗലവിയുടേതായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍