Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

നല്ല നാളേക്ക് ഭക്ഷണശീലം നന്നാവട്ടെ

ഖദീജ നര്‍ഗീസ് /ലേഖനം

         ആഹാര ശീലങ്ങളില്‍ സൂക്ഷ്മതയും നിയന്ത്രണവും ഇല്ലാത്തതാണ് മനുഷ്യര്‍ ഇന്നനുഭവിക്കുന്ന മിക്കരോഗങ്ങളുടെയും അടിസ്ഥാന കാരണം. ശാസ്ത്രീയമായി ഏറെ മുന്നേറിയെന്നു പറയുമ്പോഴും, എല്ലാ മേഖലകളും കൈയടക്കിയെന്നഭിമാനിക്കുമ്പോഴും ഭയാനകങ്ങളായ രോഗങ്ങളുടെ പിടിയിലാണ് മനുഷ്യര്‍. ആധുനികമായ എല്ലാ സൗകര്യങ്ങളും വേണ്ടത്ര മരുന്നുകളും ചികിത്സകരും ഉണ്ടായിട്ടും രോഗങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തകര്‍പ്പന്‍ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ച വ്യാധിയെന്നോണം പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ ഹൃദ്രോഗം, കിഡ്‌നി രോഗം, കാന്‍സര്‍, എയിഡ്‌സ് തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ നിയന്ത്രണാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിയാതിരുന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ കഴിയുകയില്ല. 

പട്ടിണിയും പോഷകാഹാര കുറവും കൊണ്ട് രോഗികളാകുന്നവരുടെ എണ്ണം ഇപ്പോള്‍ ഏറക്കുറെ കുറഞ്ഞിട്ടുണ്ട്. സ്വാദിഷ്ഠമായ ആഹാരം സമൃദ്ധമായി ഭക്ഷിക്കുന്നവന്‍ 'പൊണ്ണത്തടി' കൊണ്ട് വിഷമിക്കുന്നു. കിഡ്‌നി കേടുവന്ന് ഡയാലിസിസും കിഡ്‌നി മാറ്റിവെക്കലും നടത്തി ജീവിതാവസാനം വരെ കുടുംബങ്ങളും രോഗിയും തീരാവേദനയോടെ  ദിവസങ്ങള്‍ തള്ളി നീക്കുകയാണ്. കൃത്യമായ ഭക്ഷണവും മരുന്നും കഴിക്കുന്നുവെന്ന് അഭിമാനിക്കുമ്പോഴും കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നല്ല ആരോഗ്യവാനായ, യാതൊരു അസുഖവും പ്രകടമാകാത്ത, ഇപ്പോള്‍ അങ്ങാടിയില്‍ നിന്നിരുന്നയാളാണത്രേ മരിച്ചത്! കാരണം അറ്റാക്ക്! 

ജലദോഷം പോലെയാണ് കാന്‍സര്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. കിമോയും റേഡിയേഷനും കൃത്യമായ മരുന്നും കുടുംബങ്ങളെയും രോഗിയെയും അതിദാരുണമായ വേദനക്കും സാമ്പത്തിക പ്രതിസന്ധിക്കും ഹേതുവാക്കുന്നു. ഈ രംഗങ്ങള്‍ കാണുന്നവര്‍ക്ക് തന്നെ താങ്ങാനാവാത്ത വിധം കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു. നമ്മുടെ ആശുപത്രികള്‍ പെയ്ന്‍ ആന്റ് പാലിയേറ്റിവ് കേന്ദ്രങ്ങള്‍ എല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്താണ് ഇത്തരമൊരവസ്ഥക്ക് കാരണം? 'എന്റെ സമൂഹത്തില്‍ രോഗികളില്ലെ'ന്ന് അഭിമാനത്തോടെ പറഞ്ഞ പ്രവാചകന്റെ കാലഘട്ടത്തില്‍ നിന്ന് 1400 വര്‍ഷം കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്! വിശക്കുമ്പോഴേ എന്റെ അനുചരന്മാര്‍ ഭക്ഷിക്കുകയുള്ളൂവെന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ക്കിന്നെന്തു പറ്റി? നമ്മുടെ സംസ്‌കാരത്തെ എങ്ങനെ നശിപ്പിക്കാമെന്ന് വളരെ കാര്യമായിത്തന്നെ തിരിച്ചറിഞ്ഞ് ഒരു യുദ്ധത്തിന്റെയോ പ്രകോപനത്തിന്റെയോ ആവശ്യമില്ലാതെ ഒരു ജനതയെ എങ്ങനെ രോഗികളാക്കി നശിപ്പിക്കാമെന്ന സാമ്രാജ്യത്വ ശക്തികളുടെ ഗൂഢ നീക്കങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്. ഭക്ഷണത്തെ ഒരു ആയുധമാക്കി ഒരു ജനതയുടെ രുചി മുകുളങ്ങളെ എങ്ങനെ മാറ്റാം എന്ന തന്ത്രപരമായ നീക്കത്തില്‍ അവര്‍ വിജയിച്ചിരിക്കുകയാണ്. 

കലോറി തിയറിയുടെ അടിസ്ഥാനത്തില്‍ പോഷകാംശം ഉള്ള കുറെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ ശരീരം അവയെ ദഹിപ്പിച്ച് വിലച്ചെടുത്തുകൊള്ളും എന്ന മിഥ്യാ ധാരണയാണ് ജനങ്ങള്‍ക്കുള്ളത്. കിട്ടുന്നതെല്ലാം കിട്ടുമ്പോഴൊക്കെ തിന്നും കുടിച്ചും ജീവിക്കാം, രോഗം വരുമ്പോള്‍ മരുന്നും കഴിക്കാം എന്ന ആധുനിക മനുഷ്യന്റെ വിദ്യാഭ്യാസം തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. (പ്രകൃതിയുടെ നിയമത്തിനനുസരിച്ച് ജീവിക്കുവാന്‍ ബാധ്യതയുള്ള കേടാനുകോടി ജീവികളില്‍ ഒരു ജീവി മാത്രമാണ് മനുഷ്യന്‍. അമിതാധ്വാനം, അമിത ഭക്ഷണം, അമിത ലൈംഗികത, വിശ്രമരാഹിത്യം, വ്യായാമക്കുറവ്, കാറ്റു വെയിലും കൊള്ളാത്ത അവസ്ഥ ഇവയെല്ലാം പ്രകൃതി വിരുദ്ധ ജീവിതത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയാണ് ശരീരത്തില്‍ അഴുക്കുകെട്ടാന്‍ ഇടയാക്കുന്നത്.) ഈ അഴുക്ക് അന്യപദാര്‍ഥം, വിഷ സങ്കലനം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ഇതാണ് എല്ലാ രോഗത്തിന്റെയും അടിസ്ഥാന കാരണം-ഇവയെ ശരീരത്തില്‍ നിന്ന് പുറംതള്ളാനാണ് രോഗമുണ്ടാകുന്നത്. ശരീരത്തില്‍ അന്യപദാര്‍ഥം എത്തിയ സാഹചര്യം-വിഷ സങ്കലനമുണ്ടായ അവസ്ഥ, അതിന്റെ കാരണം എന്നിവ മനസ്സിലാക്കി ആ അവസ്ഥയെ ഇല്ലാതാക്കിയാല്‍ രോഗങ്ങളുണ്ടാവില്ല. 

ഇന്ന് രോഗങ്ങളുടെ കാരണം കണ്ടെത്തി തിരുത്താതെ രോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന രീതി തുടരുന്നത് കൊണ്ടാണ് രോഗങ്ങള്‍ ഭേദമാകാത്തതും, ഒരു രോഗത്തിന് ചെയ്യുന്ന ചികിത്സ മറ്റു പല രോഗങ്ങള്‍ക്കും കാരണമായി തീരുന്നതും. പ്രകൃതി നിയമങ്ങളെ ലംഘിക്കുന്നത് കൊണ്ടാണ് അഴുക്ക് കുന്നുകൂടുന്നത് എന്നു പറഞ്ഞുവല്ലോ. ഇതില്‍ പ്രധാനം തെറ്റായ ഭക്ഷണ സമ്പ്രദായമാണ്. ചായ, കാപ്പി, കൊക്കോ, പുകയില, മദ്യം എന്നീ ഉത്തേജക വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ബേക്കറി സാധനങ്ങള്‍ ടിന്നുകളിലും കുപ്പികളിലും പായ്ക്കറ്റുകളിലും മറ്റുമായി വരുന്ന സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍, ചായം ചേര്‍ത്ത പാനീയങ്ങള്‍, അമിതമായ ഉപ്പ്, എരിവ്, പുളി, മസാലകള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍, കീടനാശിനികള്‍, രാസ വളങ്ങള്‍ ഇവയെല്ലാം ശരീരത്തെ മലിനമാക്കുകയും ആന്തരികാവയവങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഇതിനു പുറമെ രാസമരുന്നുകള്‍ ആധുനിക ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ കുറച്ചൊന്നുമല്ല. 

ശരീരത്തെ വിഷമയമാക്കുന്നതില്‍ പ്രധാന പങ്ക് നമ്മുടെ അശാസ്ത്രീയമായ ഭക്ഷണ സമ്പ്രദായത്തിന് തന്നെയാണ്. എല്ലാ രോഗങ്ങളുടെയും ഉത്ഭവം വയറില്‍ നിന്നാണെന്ന് പറയപ്പെടുന്നു. നമ്മില്‍ പലരും ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരാണ്. 'ആരോഗ്യം ആരോഗ്യപ്രദമായ ഭക്ഷണം വഴിയോ' എന്നു ചോദിച്ചാല്‍ അതേ എന്നായിരിക്കും ഉത്തരം. നേരവും വിശപ്പും നോക്കാതെ കിട്ടിയതെന്തും ഭക്ഷിക്കുന്ന ശീലം, തമ്മില്‍ ചേരാത്ത ഭക്ഷ്യസാധനങ്ങള്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള ഭക്ഷണം (Wrong Combination) തുടങ്ങിയവയെല്ലാം ദഹനക്കേടും ഗ്യാസ്ട്രബ്‌ളും മലബന്ധവും ഉണ്ടാക്കുന്നു. നാവിന്റെ രുചിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഭക്ഷണ രീതി ഇന്നൊരു ആര്‍ഭാടവും ആഡംബരവുമായി മാറിയിട്ടുണ്ട്. ഈ ഭക്ഷണരീതി കാരണം കഴിച്ച ഭക്ഷണം ദഹിക്കാതെ പുളിക്കുകയും ജീര്‍ണിക്കുകയും ചെയ്ത് അതില്‍ നിന്ന് വിഷവാതകങ്ങളും വിഷം തന്നെയും ഉല്‍പ്പാദിപ്പിക്കപ്പെട്ട് അവ രക്തത്തില്‍ കടന്നുകൂടാന്‍ ഇടയാവുന്നു. രോഗിയായ ഒരാള്‍ക്ക് ആരോഗ്യത്തിലേക്ക് തിരിച്ചുവരാനും, രോഗമില്ലാത്തവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താനും, ദഹനേന്ദ്രിയ വ്യവസ്ഥയെപ്പറ്റിയും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും വിശദമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.  

ശരീരാവയവങ്ങള്‍ക്ക് കേടുവരുത്താത്ത, മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടാത്ത, ശരീരത്തിന് എല്ലാ വിധ പോഷണവും ലഭ്യമാകുന്ന ഒരു ആഹാര രീതി സ്വീകരിച്ചാലേ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താനാകൂ. പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ആഹാരമെന്ന ഇന്ധനം എരിഞ്ഞുണ്ടാകുന്നതാണ്. ജീവ ശരീരത്തില്‍ തേയ്മാനം പരിഹരിക്കാന്‍ കൂടി ആഹാരമെന്ന ഇന്ധനം പ്രയോജനപ്പെടുന്നു. ഭക്ഷണത്തിലെ പോഷണം ഉപയോഗിച്ചാണ് പുതിയ കോശങ്ങള്‍ നിര്‍മിക്കപ്പെടുന്നതും വളര്‍ച്ച നടത്തുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''ആഹാരം നിന്റെ ഔഷധമായിരിക്കട്ടെ, ആഹാരമല്ലാതെ നിനക്കൊരു ഔഷധവുമില്ല.'' കളര്‍ കലക്കിയ വെള്ളങ്ങളും വിവിധ വര്‍ണത്തിലും രുചിയിലും ലഭിക്കുന്ന ബേക്കറി ഭക്ഷണങ്ങളും ഔഷധ ഗുണം നല്‍കുന്ന ആഹാരമല്ല. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന രാസവള കീടനാശിനികള്‍ ഉപയോഗിക്കാത്ത, ശരിയായി സൂര്യപ്രകാശം ലഭിച്ച് അവരവരുടെ പ്രദേശത്തു കൃഷിചെയ്തുകൊണ്ടുണ്ടാക്കുന്ന ഭക്ഷ്യവിളകളും പഴങ്ങളുമാണ് നാം കഴിക്കേണ്ടത്. അത് നമ്മുടെ ഔഷധവുമായിരിക്കും. ഭക്ഷണത്തിന്നാവശ്യമായ സാധനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിന്നാവശ്യമായ എല്ലാ ഘടകങ്ങളും അതിലുണ്ടെന്ന് ഉറപ്പുവരുത്തണം. 

ദൈനംദിന ഭക്ഷണത്തിലൂടെ ഏഴു പോഷകഘടങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അവ മാംസ്യം (പ്രോട്ടീന്‍), അന്നജം (സ്റ്റാര്‍ച്ച്), കൊഴുപ്പ് (ഫാറ്റ്), ധാതുലവണങ്ങള്‍ (മിനറല്‍സ്), ജീവകങ്ങള്‍ (വിറ്റാമിന്‍സ്) നാരുകള്‍ (ഫൈബര്‍സ്), ജലം എന്നിവയാണ്. ഒരാളുടെ ആഹാരത്തില്‍ ഇവയെല്ലാം ആവശ്യാനുസരണം ഉള്‍പ്പെടുത്തിയാല്‍ അതാണ് സമീകൃതാഹാരം. ഒരേ ഭക്ഷണത്തില്‍ തന്നെ മുന്‍പറഞ്ഞ എല്ലാ പോഷകങ്ങളും ഉണ്ടാകില്ല. ഉദാഹരണമായി ചോറും ഒരു കറിയും പപ്പടവും അച്ചാറും കഴിക്കുന്നവര്‍ക്ക് മിനറല്‍സും വൈറ്റമിന്‍സും പ്രോട്ടീന്‍ എന്നിവ ലഭിക്കാതെ വരും. പുതുമ നഷ്ടപ്പെടാത്ത പ്രകൃതി ദത്ത ഭക്ഷണങ്ങളില്‍ ധാരാളം പോഷകങ്ങളുണ്ടായിരിക്കും. മതിയായ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ശീലമാക്കിയാല്‍ ആരോഗ്യം നന്നാവുന്നു-രോഗപ്രതിരോധ ശേഷിയും ആയുസ്സും വര്‍ധിക്കുന്നു.

ജപ്പാനിലെ ഒക്കിനാവ നിവാസികള്‍ ദീര്‍ഘായുസ്സുള്ളവരാണ്. നൂറു വയസ്സില്‍ കൂടുതലുള്ളവര്‍ ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും ആയുസ്സുള്ള ജനവിഭാഗം ജപ്പാന്റെ തെക്കേ അറ്റത്തുള്ള ഈ കൊച്ചു ദ്വീപുകളിലാണ്. ആയുസ്സു കൂടുന്നുവെന്നതു മാത്രമല്ല, രോഗങ്ങളൊന്നും ഈ ജനതയെ കാര്യമായി അലട്ടാറുമില്ല. കാന്‍സര്‍, പ്രമേഹം, പ്രഷര്‍, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയൊക്കെ 'കുറവാണെ'ത്രെ അവിടെ! ആരോഗ്യം നിലനിര്‍ത്താന്‍ ആയുസ്സ് കൂട്ടാന്‍ ഇവരുടെ പക്കല്‍ ജാലവിദ്യകളൊന്നുമില്ല. നല്ല ഭക്ഷണ ശീലങ്ങളാണ് ഇവരുടെ ജീവിത രീതി. ജീനുകളും പാരമ്പര്യവുമൊന്നും കാര്യമായി സ്വാധീനം ചെലുത്തുന്നില്ലെന്നതിന് തെളിവുകളുണ്ട്. കാരണം ഒക്കനാവക്കാര്‍ മറ്റു ഭക്ഷണ രീതികള്‍ പിന്‍തുടരുമ്പോള്‍ രോഗത്തിന് അടിമകളാകുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതില്‍ അവര്‍ക്കൊരു രീതിയുണ്ട്. ഇതിനെ 'ഹരഹച്ചിബു' എന്നാണ് പറയുക. ഭക്ഷണവും വെള്ളവുംകൂടി ആമാശയത്തിന്റെ 80 ശതമാനം മാത്രമേ നിറക്കാവൂ. ബാക്കി ഭാഗം വെറുതെ കിടക്കണം. ഭക്ഷണത്തില്‍ പച്ചക്കറികളും ഇലവര്‍ഗങ്ങളും പഴവര്‍ഗങ്ങളും എല്ലാം ധാരാളമായി ഉള്‍പ്പെടുത്തും. അവരുടെ ഭക്ഷണത്തില്‍ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ആവശ്യത്തിന് ലഭ്യമാകുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നില്ല. ആയുസ്സ് കൂടുന്നു. ആയുര്‍വേദാചാര്യന്മാര്‍ പറഞ്ഞത് ഇതിനു സമാനമായ കാര്യങ്ങളാണ്. പ്രവാചകന്റെ നിര്‍ദേശവും ഇതുതന്നെയാണ്. ആമാശയത്തെ മൂന്നിലൊന്നായി ഭാഗിച്ചാല്‍ ഒരു ഭാഗം ആഹാരത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനും ഒഴിച്ചിടണം. അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണമാണ് കഴിക്കേണ്ടത് എന്നും, തിന്നുകയും കുടിക്കുകയുമാവാം അമിതമാകരുത് എന്നുമുള്ള ഖുര്‍ആന്റെ നിര്‍ദേശം ഒരു ചര്യയായി ജീവിതത്തില്‍ പകര്‍ത്താന്‍ നാം തയ്യാറാകുന്നില്ല. 

നമുക്കു ചുറ്റും വളരെ എളുപ്പത്തില്‍ ലഭിക്കുന്ന നിരവധി പച്ചക്കറികളും പഴങ്ങളും ഉണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സന്മനസ്സ് കാണിച്ചാല്‍ ഹിപ്പോക്രാറ്റസ് പറഞ്ഞതു പോലെ മറ്റൊരു ഔഷധത്തിന്റെ ആവശ്യമില്ല. ഭൂമിയിലുള്ള ഓരോ പഴത്തിനും പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും ഒട്ടേറെ ഗുണങ്ങളുണ്ട്. നാം അവയൊന്നും ഉപയോഗിക്കാതെ സായിപ്പിന്റെ ജീവിത രീതി ശീലമാക്കിയതാണ് ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണം. ഫാസ്റ്റ് ഫുഡും എണ്ണയില്‍ വറുത്തതും പൊരിച്ചതും അജിനോമോട്ടോയിട്ട് രുചിവരുത്തുന്നതുമായ ഭക്ഷണങ്ങളോടുള്ള നമ്മുടെ അടങ്ങാത്ത ആര്‍ത്തി നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് പോഷണമില്ലായ്മയിലേക്കാണ്. പോഷണമില്ലായ്മ രോഗങ്ങളിലേക്കും. 

ഇതിനുള്ള പരിഹാരം ഒന്നുമാത്രമാണ്. അന്യം നിന്നുപോയ നമ്മുടെ കൃഷിയെ പുനര്‍ജ്ജീവിപ്പിക്കുക. ആഗോളവല്‍ക്കരണത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും തണലില്‍, എല്ലാം നമുക്ക് ചുറ്റുമുള്ളവര്‍ കൊണ്ടെത്തിക്കും, നമ്മള്‍ പണമുണ്ടാക്കായാല്‍ മതി എന്ന ധാരണ നമ്മില്‍ കരുപ്പിടിപ്പിച്ചവര്‍ വിജയിച്ചപ്പോള്‍ നമുക്ക് നഷ്ടമായത് നമ്മുടെ ശുദ്ധവായുവും വെള്ളവും ഭക്ഷണവുമാണ്-കൃഷി നഷ്ടമാണെന്നാരോ നമ്മുടെ മസ്തിഷ്‌കത്തിലേക്ക് വിളിച്ചോതിയപ്പോള്‍ മണ്ണ് നമുക്ക് അലര്‍ജിയായി. നാം മണ്ണില്‍ നിന്ന്; നമ്മള്‍ മണ്ണിലേക്കാണ്. ഈ മണ്ണാണ് നമ്മുടെയും കോടാനുകോടി ജീവജാലങ്ങളുടെയും ജീവന്റെ നിലനില്‍പ്പിന്നാധാരം. ആ മണ്ണിനെ മറന്നു ജീവിക്കാന്‍ തുടങ്ങിയതോടെ, കൃഷിയെ വിട്ട് കമ്പോളത്തെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ നമ്മള്‍ രോഗികളായി. ആധുനികതയുടെയും ശാസ്ത്രത്തിന്റെയും വികസനത്തിന്റെയും പേരില്‍ സ്വന്തം ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്ന ജീവി മനുഷ്യനല്ലാതെ മറ്റാരാണ്?! 

നല്ല നാളേക്ക് നല്ല ആഹാരം ലഭിക്കണമെങ്കില്‍ ഒരിക്കലും രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്യരുത്. ജൈവ രീതിയില്‍ രണ്ടു സെന്റു ഭൂമിയുള്ളവനും ഏക്കര്‍ കണക്കിന് ഭൂമിയുള്ളവനും അവനവന് വേണ്ട ഭക്ഷണം ഉണ്ടാക്കുക. ഇല്ലാത്തവര്‍ക്ക്, ഉണ്ടാക്കാന്‍ ശേഷിയും ഭൂമിയും ഉള്ളവര്‍ അധ്വാനിച്ചുണ്ടാക്കി ദാനമായി കൊടുക്കുക. അത് സ്വദഖത്തുന്‍ ജാരിയയാണ് (തുടര്‍ന്നു പോകുന്ന ധര്‍മമാണെന്ന് മനസ്സിലാക്കുക). ഒരാള്‍ക്ക് രോഗം വരാതിരിക്കാന്‍, രോഗിക്ക് രോഗം മാറാന്‍ പോഷണമുള്ള ജൈവ രീതിയിലുണ്ടാക്കിയ പച്ചക്കറികള്‍-പഴങ്ങള്‍ -ധാന്യങ്ങള്‍ എത്തിച്ചുകൊടുത്താല്‍ പെയിന്‍ ആന്‍ പാലിയേറ്റീവ് സെന്ററുകളിലെ രോഗികള്‍ക്ക് വളരെ ആശ്വാസമായിരിക്കും. ഒരു രോഗിക്ക് നൂറു രൂപ നോട്ട് കൊടുക്കുന്നതിനേക്കാള്‍ സല്‍ക്കര്‍മം അതായിരിക്കും. രാസമരുന്ന് വിഴുങ്ങി പോഷണ ഭക്ഷണം ലഭിക്കാതെ നരകിക്കുന്ന രോഗികള്‍ക്ക് നാം ചെയ്യുന്ന ഏറ്റവും വലിയ ധര്‍മം അതായിരിക്കും. സ്വന്തം കുടുംബത്തും സ്വയം കൃഷി ചെയ്തു കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആരോഗ്യം വീണ്ടെടുക്കാം, ആശുപത്രി ചെലവു കുറക്കാം. കിട്ടുന്ന പൈസ കമ്പോളത്തില്‍ കൊണ്ടു കൊടുത്തു വിഷം വാങ്ങി രോഗികളാകാതിരിക്കാം. 19-ാം നൂറ്റാണ്ട് പകുതിക്ക് മുമ്പ് വരെ നാം സ്വയം കൃഷി ചെയ്തു; നമ്മുടെ മണ്ണും വെള്ളവും ഭക്ഷണവും സംരക്ഷിച്ചു. അതിലേക്കൊരു തിരിച്ചു പോക്ക് നടന്നാലേ സ്വാസ്ഥ്യത്തിലേക്ക് എത്താനാകൂ. 

അവനവന്റെ ഭക്ഷണം അവനവന്‍ ഉണ്ടാക്കും. അടുക്കളത്തോട്ടം തിരിച്ചു കൊണ്ടുവരണം. നമ്മുടെ അടുക്കളയില്‍ നിന്ന് രാസ കീടനാശിനികളടിച്ച വിഷലിപ്തമായ ഭക്ഷണത്തെ വലിച്ചെറിയണം. അതുപോലെ മായം കലര്‍ന്ന ഭക്ഷണ സാധനങ്ങളും നമ്മുടെ അടുക്കളയിലേക്ക് കൊണ്ടുവരില്ലായെന്ന ശപഥം ചെയ്യണം. മാര്‍ക്കറ്റില്‍ നിന്നു കിട്ടുന്ന, കേടുവരാതിരിക്കാനും  രുചിക്കും വേണ്ടി ചേര്‍ക്കുന്ന ഓരോന്നും വിഷമാണ്. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണം പോലും വിഷമയമാണ്. പരസ്യങ്ങളില്‍ കുടുങ്ങി നമ്മുടെ പെണ്‍കുട്ടികള്‍ തങ്ങളുടെ മക്കള്‍ക്ക് കൊടുക്കുന്നത് വിഷമാണെന്നറിയുന്നില്ല. നല്ല ഭക്ഷണത്തിനും നല്ല വായുവിനും നല്ല വെള്ളത്തിനും വേണ്ടി കൈകോര്‍ക്കുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍