Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

കൊച്ചിയുടെ പൈതൃകം

ഡോ. ടി.വി മുഹമ്മദലി /കവര്‍‌സ്റ്റോറി

         അധിനിവേശക്കാരുടെ സാംസ്‌കാരികാവശിഷ്ടങ്ങളും ഇടതിങ്ങിപ്പാര്‍ക്കുന്ന സാമുദായിക വൈവിധ്യങ്ങളും നെഞ്ചേറ്റി നില്‍ക്കുന്ന കൊച്ചി പട്ടണം ഇസ്‌ലാമിക പൈതൃകങ്ങളാലും മുസ്‌ലിം ചിഹ്നങ്ങളാലും സമ്പന്നമാണ്. 

1911-ല്‍ മലബാര്‍ മുസ്‌ലിം എജുക്കേഷനല്‍ അസോസിയേഷന്‍ എന്ന സംഘടനയിലൂടെ രൂപംകൊണ്ട കേരളത്തിലെ ആദ്യ മുസ്‌ലിം വിദ്യാര്‍ഥി കൂട്ടായ്മ കൊച്ചിയിലാണ് നിലവില്‍ വന്നത്. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു രക്ഷാധികാരി. ആദ്യമായി സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമായി മദ്‌റസ സ്ഥാപിതമായതും ഇവിടെയാണ്. കച്ചി മേമനിലെ ആസിയാ ബായിയാണ് അത് നിര്‍മിച്ചത്-1930 ല്‍.

ആത്മീയവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയിലൂടെ സമുദായത്തെ ഉദ്ധരിക്കാന്‍ യത്‌നിച്ച ബഹുഭാഷാ പണ്ഡിതനായ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, ധീരനായ ഇസ്‌ലാമിക പ്രബോധകനും തൂലികാകാരനുമായ സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു കൊച്ചി. 

കൊച്ചിയില്‍, ആദ്യനാളുകളില്‍ തന്നെ ഇസ്‌ലാമിന്റെ സന്ദേശമെത്തിയെന്നത് പോലെ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനവും അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടിവിടെ. ജമാഅത്തെ ഇസ്‌ലാമി പ്രഥമ കേരള അമീര്‍ ഹാജി വി.പി മുഹമ്മദലി സാഹിബിന്റെ ദക്ഷിണ മേഖലയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു കൊച്ചി. 1949ല്‍ തന്നെ ഇവിടെ ജമാഅത്തിന്റെ പ്രവര്‍ത്തന യൂനിറ്റ് (ഹംദര്‍ദ് ഹല്‍ഖ) രൂപീകൃതമായി. ഉല്‍പതിഷ്ണു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെ പുതുപള്ളി കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. വി. സെയ്തു കുഞ്ഞിഹാജിയുടെ നേതൃത്വത്തില്‍ 1955 ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യൂനിറ്റും നിലവില്‍ വന്നു. 

ടി. മുഹമ്മദ് സാഹിബ്, അബുല്‍ജലാല്‍ മൗലവി, കെ. മൊയ്തു മൗലവി, കെ. അബ്ദുസ്സലാം മൗലവി, താജുദ്ദീന്‍ സാഹിബ് തുടങ്ങിയ ആദ്യകാല നേതാക്കളുടെ നേതൃത്വത്തില്‍ കൊച്ചിയിലെ വിവിധ തുറകളിലെ ആളുകളെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞു. പള്ളുരുത്തി കെ.ഇ അഹ്മദ്കുട്ടി ഹാജി, എസ്.വി മുഹമ്മദ് സാഹിബ്, സി.കെ കോയ സാഹിബ്, എ.പി അലി സാഹിബ്, പി.കെ അബ്ദുല്ലക്കുട്ടി സാഹിബ്, ടി.എം ഹൈദ്രോസ് സാഹിബ്, കെ.യു ഹംസ സാഹിബ് തുടങ്ങി വിവിധ സിദ്ധികളുള്ള പലരും കരുത്തുറ്റ ഇസ്‌ലാമിക പ്രവര്‍ത്തകരായി മാറുകയായിരുന്നു കൊച്ചിയില്‍. 

വി.കെ കുട്ടി സാഹിബ്, കൊച്ചുണ്ണി സാഹിബ്, ഖുര്‍ആന്‍ അഹ്മദ്ക്ക, എ.എം ഹംസ, വി.എ സുലൈമാന്‍ ഹാജി തുടങ്ങിയവരായിരുന്നു കൊച്ചിയില്‍ സലഫി ആശയങ്ങളിലേക്ക് ആകൃഷ്ടരായവരില്‍ മുന്‍നിരക്കാര്‍. ഇവരുടെ നേതൃത്വത്തില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. ഹാജി മുഹമ്മദ് ഉസ്മാന്‍ സേട്ട്, സക്കരിയ്യാ ഉസ്മാന്‍ സേട്ട്, അബ്ദുല്ലാ ഹാജി, അഹ്മദ് സേട്ട്, കെ.കെ ഉമര്‍, അബുഹാജി, കെ.കെ.എം ജമാലുദ്ദീന്‍ മൗലവി, സ്വാലിഹ് മൗലവി, ടി.പി മൊയ്തീന്‍ കുട്ടി മൗലവി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ആസിയാ ബായി ഇംഗ്ലീഷ് സ്‌കൂള്‍, മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓറിയന്റല്‍ സ്‌കൂള്‍, പനയപ്പള്ളി മുജാഹിദീന്‍ മദ്‌റസ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊച്ചിയില്‍ മുജാഹിദ് സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ വലിയ സംഭാവനയര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സംരംഭമാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ നടത്തി വരുന്ന പ്രതീക്ഷാ ടീച്ചിംഗ് സെന്റര്‍. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ നാല് യൂനിറ്റുകളിലായി പഠനം തുടരുന്നു. 1978 ല്‍ രൂപീകൃതമായ ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന് കീഴില്‍ ഇംഗ്ലീഷ് സ്‌കൂള്‍, മദ്‌റസ, സകാത്ത് കമ്മിറ്റി, പലിശ രഹിത വായ്പാ നിധി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കൊച്ചിയില്‍ ജമാഅത്തെ ഇസ്‌ലാമി സജീവ സാന്നിധ്യമാണ്. 

പുരാതന കാലം മുതലേ ചൈനക്കാരും അറബികളും കൊച്ചിയുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചു തുടങ്ങിയ കാലത്ത് തന്നെ കൊച്ചിയിലും ഇസ്‌ലാമിന്റെ സന്ദേശം എത്തിയിരുന്നതായാണ് ചരിത്രകാരന്മാരുടെ നിഗമനം. മാലിക്ബ്‌നുദീനാര്‍ പണിതീര്‍ത്ത കേരളത്തിലെ 18 പള്ളികളിലൊന്ന് കൊച്ചിയിലാണെന്നതും, ചേരമാന്‍ പെരുമാളുടെ ഇസ്‌ലാമുമായുള്ള ബന്ധം കൊച്ചി ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ അനന്തരവന്മാരില്‍ സ്വാധീനിച്ചിരിക്കാമെന്നതുമാണ് ചരിത്രകാരന്മാരുടെ നിഗമനത്തിനാധാരം. 

സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന തുറമുഖ പട്ടണമായ കൊച്ചി ആദ്യകാലങ്ങളില്‍ വ്യാപാരികളെയും തൊഴിലാളികളെയും നാനാദിക്കുകളില്‍ നിന്നും ആകര്‍ഷിച്ചിട്ടുണ്ട്. അവരില്‍ പലരും കൊച്ചിക്കാരായി മാറുകയായിരുന്നു. ജൂതര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍, ഹൈന്ദവര്‍, ഗുജറാത്തികള്‍, മുസ്‌ലിംകളിലെ തന്നെ കച്ചിമേമന്‍, നൈനാര്‍ വിഭാഗങ്ങള്‍ തുടങ്ങിയവരൊക്കെ കൂട്ടായി ജീവിക്കുന്ന കൊച്ചി ബഹുസ്വരതയുടെ മൂര്‍ത്ത രൂപമാണ്. വിവിധ മതക്കാരുടെ ദേവാലയങ്ങള്‍ക്ക് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണ് കൊച്ചിയിലെ ചെമ്പിട്ട പള്ളി. സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ ഇവിടെ ആദ്യമായി സൗകര്യമേര്‍പ്പെടുത്തിക്കൊടുത്തത് മട്ടാഞ്ചേരിയിലെ ഇരുമ്പിച്ചി പുതിയ പള്ളിയിലാണ്. പുതിയ റോഡിലെ മഹ്‌ളറ പള്ളി, ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളം ഹനഫി പള്ളി, മട്ടാഞ്ചേരിയിലെ കച്ചി ഹനഫി പള്ളി, കൊച്ചങ്ങാടി പള്ളി, പടിഞ്ഞാറേക്കാട്ട് മുഹ്‌യിദ്ദീന്‍ പള്ളി എന്നിവ കൊച്ചിയിലെ പഴയ പള്ളികളാണ്. മസ്ജിദുല്‍ ഹുദ ബിലാല്‍ മസ്ജിദ്, മസ്ജിദുല്‍ മുജാഹിദീന്‍, സല്‍സബീല്‍ ജുമാമസ്ജിദ് എന്നിവ പിന്നീടുണ്ടായവയും. 

ഗുജറാത്തിലെ കച്ചില്‍ നിന്ന് വ്യാപാരാര്‍ഥം കൊച്ചിയില്‍ കുടിയേറിപ്പാര്‍ത്ത മുസ്‌ലിംകളാണ് സേട്ടുമാര്‍ എന്നറിയപ്പെട്ടത്. സമ്പന്നരായ ഇവര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റുകള്‍ സ്ഥാപിച്ച് ഇസ്‌ലാമിക മാര്‍ഗത്തിലും മുസ്‌ലിം ക്ഷേമങ്ങള്‍ക്കുമായി നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അതേ സമയം തൊഴിലാളികളും ചെറിയ കച്ചവടക്കാരും മറ്റുമായ പ്രവര്‍ത്തകരാണ് ഇസ്‌ലാമിക പ്രബോധന മേഖലയില്‍ സജീവമായി രംഗത്തുള്ളത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ജോലി തേടി കൊച്ചിയിലെത്തിയിരുന്ന പലര്‍ക്കും ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും മനസ്സിലാക്കാന്‍ കൊച്ചിയിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വഴി സാധ്യമായിട്ടുണ്ട്. ആ മാര്‍ഗത്തിലെ ശക്തമായ മാധ്യമമായിരുന്നു 1960 കളില്‍ രൂപീകൃതമായി പ്രവര്‍ത്തിച്ചിരുന്ന കൊച്ചി ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിള്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍