Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

ഹാരിസ് എം.ടി, തിരുവേഗപ്പുറ

ഹാരിസ് എം.ടി, തിരുവേഗപ്പുറ

നാട്ടില്‍ ദിനോസറുകള്‍ 
പെരുകുന്നു!

മാനുഷിക വിരുദ്ധമായ സ്മൃതി പാരമ്പര്യങ്ങളിലേക്ക് ഇന്ത്യയെ വലിച്ചിഴക്കുന്ന സവര്‍ണ ഫാഷിസത്തിന്റെ കടന്നാക്രമണത്തില്‍ ബാബരി മസ്ജിദ് രക്തസാക്ഷിയായിട്ട് 23 വര്‍ഷം തികഞ്ഞിരിക്കുന്നു. അസഹിഷ്ണുതയും ഹിംസയും ഉച്ചനീചത്വങ്ങളും നിറഞ്ഞ ഒരു രാഷ്ട്രീയ സങ്കല്‍പത്തിന്റെ കാവിക്കൊടി തല്‍സ്ഥാനത്തുയര്‍ത്തപ്പെട്ടു. ഏതാനും ദശകങ്ങളിലായി ഇന്ത്യയില്‍ ശക്തിപ്പെട്ടു വരുന്ന സവര്‍ണ ഫാഷിസത്തിന്റെ ഏറ്റവും നഗ്നമായ കടന്നാക്രമണമായിരുന്നു 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദിനുമേല്‍ നടന്നത്.

ഫാഷിസത്തെപ്പറ്റി കൂടുല്‍ ജാഗ്രതയോടെ ആലോചിക്കേണ്ട കാലമാണിത്. ഫാഷിസം ജനാധിപത്യ സംസ്‌കാരത്തിന്റെ എല്ലാ ധര്‍മങ്ങള്‍ക്കുമെതിരാണ്. സത്യത്തിനും ചരിത്രത്തിനും ന്യൂനപക്ഷങ്ങള്‍ക്കും പുരോഗമന ആശയങ്ങള്‍ക്കും പത്ര സ്വാതന്ത്ര്യത്തിനുമെല്ലാം അത് എതിരാണ്. ജര്‍മനിയിലെയും ഇറ്റലിയിലെയും ഫാഷിസത്തിന്റെയും നാസിസത്തിന്റെയും എല്ലാ സ്വഭാവ വിശേഷങ്ങളും ഇന്ത്യന്‍ ഫാഷിസവും പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജര്‍മന്‍ നാസിസം ചരിത്രം തിരുത്തി എഴുതിയതുപോലെ ഇതാ ഇന്ത്യന്‍ ഫാഷിസ്റ്റുകളും ചരിത്രം മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. ജര്‍മന്‍ നാസിസം യഹൂദ ന്യൂനപക്ഷങ്ങളെ രാഷ്ട്ര ശത്രുക്കളായി ചിത്രീകരിച്ച് അവരെ വേട്ടയാടി. ഇന്ത്യന്‍ ഫാഷിസം ന്യൂനപക്ഷങ്ങളെ ദേശദ്രോഹികളായി ചിത്രീകരിച്ച് അവരെ ഉന്മൂലനം ചെയ്യുന്നു. സഹിഷ്ണുത ഫാഷിസത്തിന് അന്യമായ ഒരു ശബ്ദമാണ്.

ഫാഷിസ്റ്റ് ദുര്‍ഭൂതത്തിന്റെ നഗ്നമായ സംഹാരതാണ്ഡവമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കപട ഹിന്ദുത്വം മതേതര ഭാരതത്തോട് കൊടിയ ഏറ്റുമുട്ടല്‍ നടത്തുന്നത് കാണുമ്പോള്‍ ദിനോസറും ജനായത്തവും തമ്മിലുള്ള ഉരസലിനെക്കുറിച്ച് ജോണ്‍ കീനന്‍ നല്‍കിയ ഉപമയാണ് ഓര്‍മ വരുന്നത്. ദിനോസറുകള്‍ ഭയാനകമായ വേഗത്തില്‍ പെരുകിക്കൊണ്ടിരിക്കുകയാണെന്ന് അയോധ്യാ ദുരന്തവും തുടര്‍ന്നുണ്ടായ കലാപവും, ഇന്നും തുടരുന്ന അസഹിഷ്ണുതയും വ്യക്തമാക്കുന്നു. ചെകുത്താനെ ദൈവമാക്കാനും ദൈവത്തെ ചെകുത്താനാക്കാനുമുള്ള സാമര്‍ഥ്യമാണ് അവരുടെ കൈമുതല്‍. ഭാവന യാഥാര്‍ഥ്യമാണെന്ന് വരുത്താനും പച്ചയായ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കാണാമറയത്താക്കാനുമുള്ള ഇവരുടെ സഹജവാസന രാഷ്ട്രത്തെ എവിടേക്കാണ് നയിക്കുന്നത്?

ഹാരിസ് എം.ടി, തിരുവേഗപ്പുറ

ശ്രീലങ്കന്‍ 
മുസ്‌ലിംകള്‍

ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ശ്രീലങ്കന്‍ മുസ്‌ലിംകളെക്കുറിച്ചുള്ള ലേഖനം ശ്രദ്ധേയമായി. ശ്രീലങ്കന്‍ മുസ്‌ലിം ചെറുപ്പക്കാരുടെ ഇസ്‌ലാമിക ഉണര്‍വ് മുമ്പേ ശ്രദ്ധയില്‍ പെട്ടിരുന്നു. ശ്രീലങ്കയിലെ മുസ്‌ലിംകളെ കുറിച്ച് സ്വാഭാവികമായും കൂടുതല്‍ അറിയണമെന്ന് തോന്നിയപ്പോഴാണ് ശൈഖ് മുഹമ്മദിന്റെ സമഗ്രമായ ലേഖനം വായനക്ക് കിട്ടിയത്.

മുഹമ്മദ് സൈദ്

പഴയതൊട്ട് മറക്കില്ല, പുതിയതൊന്ന് 
പഠിക്കുകയുമില്ല

വിഷ്‌കാര സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ എല്ലാ കാലത്തും ഇരട്ടത്താപ്പാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും, 90 ശതമാനവും ക്രൈസ്തവര്‍ അംഗങ്ങളായുള്ള കേരള കോണ്‍ഗ്രസ്സുകാരോടുമുള്ള ഇവരുടെ സമീപനം നിരീക്ഷിച്ചാല്‍ ഇത് വ്യക്തമാവും. ഫാറൂഖ് കോളേജിന്റെ കാര്യത്തില്‍ ഒരു സമുദായത്തിനും സ്ഥാപനത്തിനുമെതിരെ ഇറങ്ങി പുറപ്പെട്ട ഇടതു ബുദ്ധിജീവികളുടെ അവസ്ഥ 'പഴയതൊട്ട് മറക്കുകയുമില്ല. പുതിയതൊട്ട് പഠിക്കുകയുമില്ല' എന്നാണ്. ശരീഅത്ത് മുതല്‍ ചുംബന സമരം വരെയുള്ള വിഷയങ്ങളില്‍ എടുത്തു ചാടി അഭിപ്രായം പറഞ്ഞതിന്റെ അനുഭവം അവര്‍ക്കുണ്ട്. ശരീഅത്തിനെക്കുറിച്ച് താന്‍ വേണ്ടവണ്ണം പഠിച്ചിട്ടില്ലെന്നായിരുന്നു വിവാദങ്ങള്‍ക്കൊടുവില്‍ കമ്യൂണിസ്റ്റ് ആചാര്യനായ ഇം.എം.എസിന്റെ കുമ്പസാരം. ചുംബന സമരത്തെ പിണറായി വിജയനും ഒടുവില്‍ തള്ളിപ്പറഞ്ഞത് നമ്മള്‍ കണ്ടു. സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കും വലതുപക്ഷത്തിന്റെ മൃതുഹിന്ദുത്വത്തിനുമെതിരെ ഇടതുപക്ഷത്തെ വിശ്വസിച്ച് പിന്തുണച്ച മുസ്‌ലിം സമുദായത്തെയും അതിന്റെ സ്ഥാപനങ്ങളെയും ഇനിയെങ്കിലും വെറുതെ വിടാന്‍ ഇടതുപക്ഷം സന്നദ്ധമാകണം.

എം.എസ് സിയാദ്, എറണാകുളം

ഒന്നിലധികം ഹജ്ജ് ദുരന്തങ്ങള്‍ക്ക് കാരണമാകുന്നില്ല

കെ.കെ ഹമീദ് മനക്കൊടിയുടെ കത്ത് (ലക്കം 2925) വായിച്ചു. ആളുകള്‍ ആവര്‍ത്തിച്ച് ഹജ്ജ് ചെയ്യാതെ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കണം എന്ന് തന്നെയാണ് എന്റെയും വീക്ഷണം. 

എന്നാല്‍ മക്കയില്‍ നടക്കുന്ന ദുരന്തങ്ങള്‍ക്ക് കാരണം ആളുകള്‍ ആവര്‍ത്തിച്ച് ഹജ്ജ് ചെയ്യുന്നത് അല്ല. പുതിയ ഹാജിമാരാണെങ്കിലും ആവര്‍ത്തിക്കുന്നവരാണെങ്കിലും നിശ്ചിത ക്വാട്ട പ്രകാരമേ ഹജ്ജ് വിസയും പെര്‍മിറ്റും അനുവദിക്കുകയുള്ളൂ. അപ്പോള്‍ പിന്നെ ഹാജിമാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല..

ഹജ്ജ് നടക്കുന്ന പുണ്യസ്ഥലങ്ങളിലെ തിരക്കിനു കാരണം ആളുകള്‍ ആവര്‍ത്തിച്ച് ഹജ്ജ് ചെയ്യുന്നത് കൊണ്ടല്ല എന്നത് കണക്കുകളിലൂടെ എളുപ്പത്തില്‍ മനസ്സിലാകും. 1983-ലേതാണ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പങ്കെടുത്ത ഹജ്ജ്. അന്ന് 3 മില്യനു മുകളില്‍ ഹാജിമാര്‍ പങ്കെടുത്തു. എന്നാല്‍, അന്ന് സൗകര്യങ്ങള്‍ ഇന്നത്തെ അപേക്ഷിച്ച് തുലോം കുറവായിരുന്നു.

ആ വര്‍ഷം ഹജ്ജ് വെള്ളിയാഴ്ച ആയിരുന്നു. അക്കൊല്ലത്തെ അഭൂതപൂര്‍വമായ തിരക്കിനെ തുടര്‍ന്നാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ക്വാട്ട നിശ്ചയിക്കാന്‍ മുസ്‌ലിം രാജ്യങ്ങളുടെ സമ്മേളനം തീരുമാനത്തിലെത്തിയത്. ആ വര്‍ഷം മുതല്‍ തന്നെയാണ് സുഊദി അറേബ്യ വിദേശികളായ താമസക്കാര്‍ക്ക് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജ് ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന കൊണ്ടുവന്നത്. പിന്നീട് ഈ നിബന്ധന സുഊദി പൗരന്മാര്‍ക്കും ബാധകമാക്കി. അതു വരെയുള്ള രീതി മക്കയുടെ പരിസരപ്രദേശങ്ങളിലുള്ള ജിദ്ദ, ത്വാഇഫ് പോലുള്ള നഗരങ്ങളിലെ മുഴുവന്‍  മുസ്‌ലിംകളും, അവശ്യ സര്‍വീസുകാര്‍ ഒഴികെ, കൊല്ലം തോറും ഹജ്ജ് ചെയ്യുക എന്നതായിരുന്നു.

1984-നു മുമ്പ് ജിദ്ദയിലുണ്ടായിരുന്ന മലയാളി പ്രവാസികളോട് ചോദിച്ചാല്‍ അറിയാം, അതുവരെ വര്‍ഷം തോറും ഹജ്ജ് ചെയ്യാത്ത എത്ര പേരുണ്ട് അവരുടെ കൂട്ടത്തിലെന്ന്. തുടര്‍ച്ചയായി ഹജ്ജ് ചെയ്യുക എന്നത് അവരുടെ രീതിയായിരുന്നു. അല്ലാത്തവര്‍ വിരളം (ഇപ്പോള്‍, നിരവധി വര്‍ഷങ്ങളായി ജിദ്ദയിലും മറ്റും താമസിച്ചിട്ടും ഹജ്ജ് ചെയ്യാത്തവരോ ചെയ്യാന്‍ സാമ്പത്തികമായി സാധിക്കാത്തവരോ ആയി ധാരാളം പേര്‍ ഉണ്ട്).

1984 മുതല്‍ സുഊദിയിലുള്ള വിദേശികള്‍ക്ക് ഹജ്ജ് ചെയ്യണമെങ്കില്‍ പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നെങ്കിലും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ധാരാളം ആളുകള്‍ തുടര്‍ന്നും കൊല്ലം തോറും പെര്‍മിറ്റ് ഇല്ലാതെയും ഹജ്ജ് ചെയ്തു പോന്നു. എന്നാല്‍ പില്‍ക്കാലത്ത് ഒരു മുതവ്വിഫിന്റെ കീഴില്‍ മാത്രമേ ഹജ്ജ് ചെയ്യാവൂ എന്ന നിയമം വന്നതോടു കൂടി കാര്യങ്ങളില്‍ കാര്യമായ മാറ്റം വന്നു. ഈ വര്‍ഷം (2015) ഹജ്ജ് മന്ത്രാലയം വെബ്‌സൈറ്റ് വഴി നേരിട്ട് ഹജ്ജ് പെര്‍മിറ്റ് നല്‍കി തുടങ്ങിയതോടെ അനധികൃതമായി ഹജ്ജ് ചെയ്യാനുള്ള എല്ലാ പഴുതുകളും ഏറക്കുറെ അടഞ്ഞു.  

1983-നു ശേഷം അത്രത്തോളം ആളുകള്‍ പങ്കെടുത്ത ഹജ്ജ് 2011-ലും 2012-ലും ആണ്. 2012-ല്‍ 3.16 മില്യന്‍ ഹാജിമാര്‍ ഉണ്ടായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. 2007 മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടായി എന്ന കാരണത്താല്‍ സുഊദി സര്‍ക്കാര്‍ കൂടുതല്‍ കൂടുതലായി ഹജ്ജ് വിസയും പെര്‍മിറ്റും അനുവദിച്ചതിനാലാണ് ഈ വര്‍ധനവ്.

2013 മുതല്‍ വീണ്ടും നിയന്ത്രണം വന്നു. ഇത്തവണ മക്കയിലെ ഹറം പുതുക്കി പണിയുന്നതിലുള്ള അസൗകര്യം കണക്കിലെടുത്താണ് നിയന്ത്രണം. വിദേശ ഹാജിമാര്‍ക്കുള്ള ക്വാട്ടയില്‍ 20 ശതമാനവും സ്വദേശ ഹാജിമാരില്‍ 40 ശതമാനവും കുറവ് വരുത്തി.

തല്‍ഫലമായി 2013-ല്‍ 2.06 മില്യന്‍, 2014-ല്‍ 2.08 മില്യന്‍, 2015-ല്‍ ഏതാണ്ട് 2 മില്യന്‍ ഹാജിമാരുണ്ടായിരുന്നു. ഏതാണ്ട് ഒരു മില്യനിലധികം ഹാജിമാര്‍ കുറവുള്ള ഒരു വര്‍ഷമാണ് ഏറ്റവും അവസാനത്തെ അപകടം സംഭവിച്ചത് എന്ന് ഓര്‍ക്കുക. അതും എല്ലാ സൗകര്യങ്ങളും പതിന്മടങ്ങ് വര്‍ധിപ്പിച്ച മിനയില്‍. മാത്രമല്ല, ഹറമിലെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടു കൂടി അടുത്ത കൊല്ലം മുതല്‍, ക്വാട്ട വെട്ടിച്ചുരുക്കിയത് എടുത്തുകളയാനും ക്രമേണ ക്വാട്ട വര്‍ധിപ്പിക്കാനുമുള്ള തീരുമാനത്തിലാണ് സുഊദി സര്‍ക്കാര്‍.

ഇനി പ്രവാചകന്‍ ഒരു ഹജ്ജ് മാത്രമാണോ ചെയ്തിട്ടുള്ളത്? മക്കയിലായിരിക്കുമ്പോള്‍ നുബുവ്വത്തിനു മുമ്പും പിമ്പും അദ്ദേഹം ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി. നബിയുടെ മദീന ജീവിതകാലത്ത് രണ്ട് ഹജ്ജ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. പക്ഷേ അദ്ദേഹം ഒന്ന് മാത്രമാണ് നിര്‍വഹിച്ചത്. അതിന്റെ കാരണം പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അനുയായികളെ അദ്ദേഹം രണ്ട് തവണയും ഹജ്ജ് നിര്‍വഹിക്കാന്‍ അയച്ചു. ഇത് മുസ്‌ലിംകള്‍ക്ക് ബാധകമല്ല എന്നാണോ?

ഇ. മുഹമ്മദ് മോങ്ങം

ടിപ്പുവിരോധം തന്നെ 
രാജ്യദ്രോഹം

ക്കം 2927 ല്‍ റഹ്മാന്‍ മധുരക്കുഴി എഴുതിയ 'ടിപ്പു വിരോധമല്ലേ രാജ്യദ്രോഹം' എന്ന കുറിപ്പ് കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. അതിലേക്ക് അല്‍പം കൂടി ചേര്‍ക്കാനുണ്ട്. ഉത്തര കേരളത്തില്‍ തകര്‍ന്ന ഒരു ക്ഷേത്രം പുനരുദ്ധരിക്കുമ്പോള്‍ അടിച്ചിറക്കുന്ന നോട്ടീസ് ഈ വാചകത്തോടെ ആയിരിക്കും ആരംഭിക്കുക: ''ടിപ്പുവിന്റെ പടയോട്ട കാലത്ത് തകര്‍ക്കപ്പെട്ടു.'' പടയോട്ട കാലത്ത് താന്‍ ജയിച്ച പ്രദേശങ്ങളില്‍ ആ പ്രദേശങ്ങളിലെ തന്നെ പ്രമാണിമാരെ തന്റെ സാമന്തന്മാരായി നിയമിച്ചിട്ടാണ് ടിപ്പു തിരിച്ചുപോയിരുന്നത്. അവരാണ് സുല്‍ത്താന്റെ പേരും പറഞ്ഞ് കൊള്ള നടത്തിയിരുന്നത്. മറ്റൊന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിന് ഇന്നുള്ള ഭൂസ്വത്ത് മുഴുവനും മുസ്‌ലിമായ ടിപ്പു സുല്‍ത്താന്‍ നല്‍കിയതാണ്. അതിന് നികുതി പിരിക്കേണ്ടെന്ന് തീരുമാനിച്ചത് ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരാണ്.

പി.കെ ഗണേശന്‍, കോഴിക്കോട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍