Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

നവോത്ഥാന നായകന് ജന്മം നല്‍കിയ വടുതല

ടി.ഇ.എം റാഫി വടുതല /കവര്‍‌സ്റ്റോറി

         കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയുടെ വടക്കെ അറ്റത്ത് കൊച്ചി നഗരത്തോടടുത്തായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് വടുതല. മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ ഉണര്‍വും ജനസമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദവും സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണല്ലോ ഒരു നാടിനെയും നാട്ടുകാരെയും സവിശേഷമായി അടയാളപ്പെടുത്തുന്നത്. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള വടുതല കേരളീയ നവോത്ഥാനത്തിനും മധ്യ-ദക്ഷിണ കേരളത്തിന്റെ വികാസത്തിനും ധാരാളം സംഭാവനകള്‍ നല്കിയിട്ടുണ്ട്.

ഇസ്‌ലാമിക പ്രബോധകന്മാരുടെ ആഗമനമാണ് വടുതലയുടെ ഇസ്‌ലാമിക പ്രബുദ്ധതക്ക് നാന്ദികുറിക്കുന്നത്. കൃത്യമായ കാലനിര്‍ണയം അസാധ്യമാകുംവിധം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇസ്‌ലാം വടുതലയില്‍ വന്നെത്തിയിരുന്നു. ഏകദേശം 450 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനംകുറിച്ചി കുടുംബം വടുതലയുടെ കിഴക്ക് ഭാഗത്ത് കാട്ടുപുറംപളളി സ്ഥാപിച്ചത് മുതലാണ് വടുതലയുടെ മുസ്‌ലിം ചരിത്രം ലിഖിത രൂപം പ്രാപിക്കുന്നത്. പിന്നീട് ജുമുഅത്ത് പള്ളിയായി പുനര്‍ നിര്‍മിച്ചതും ഖബ്ര്‍സ്ഥാനു വേണ്ടി സ്ഥലം വഖ്ഫ് ചെയ്തതും കണ്ണന്തറ കുടുംബമാണ്. പള്ളിയുടെ ഭിത്തിയില്‍ അതിന്റെ ചരിത്ര രേഖകള്‍ ഇന്നും മായാതെ  അവശേഷിക്കുന്നു. പ്രസിദ്ധ പണ്ഡിതനായിരുന്ന കീളക്കര മാപ്പിള ലബ്ബ അലി സാഹിബായിരുന്നു പ്രഥമ ഖത്വീബ്.

അറബിക്കടലിലെ പച്ചത്തുരുത്തുകളായ ദ്വീപുസമൂഹങ്ങളില്‍ ഒന്നായ അന്ത്രോത്തില്‍ നിന്നു വന്ന സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ ആഗമനം വടുതലയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ പ്രഭാപൂരിതമാക്കി. സഞ്ചാരികള്‍ വെറും കാഴ്ചകള്‍ കണ്ട് മടങ്ങുമ്പോള്‍, പ്രബോധകര്‍ ചുവടുവെച്ച മണ്‍തരികളില്‍ തങ്ങളുടെ പാദമുദ്രകള്‍ അവശേഷിപ്പിക്കുന്നു. വടുതലയുടെ പടിഞ്ഞാറ് ഭാഗത്ത് അല്ലാഹുവിന് സാഷ്ടാംഗം ചെയ്യാന്‍ ഒരിടമുണ്ടാവുക എന്നത് മൗലാനയുടെ സ്വപ്നമായിരുന്നു. കൈതപ്പുഴ കായലിനോട് ചേര്‍ന്ന ഭാഗം ഹൈന്ദവ കുടുംബം മസ്ജിദിനു സൗജന്യമായി നല്‍കി. വടുതലയിലെ ഹൈന്ദവ സഹോദരന്മാര്‍ ഈ മഹത്തായ സൗഹാര്‍ദ പാരമ്പര്യത്തെ ഇന്നും മങ്ങാതെ കാത്തുസൂക്ഷിക്കുന്നു. സുഖത്തിലും ദുഃഖത്തിലും ഇരുകൂട്ടരും ഇവിടെ പരസ്പരം കൈമെയ് മറന്ന് ഒന്നാകാറുള്ളത് ചേതോഹര കാഴ്ചയാണ്. വര്‍ഗീയതയുടെ ചോരപ്പാടുകള്‍ നാളിതുവരെ പതിഞ്ഞിട്ടില്ലെന്നത് വടുതല കാത്തുസൂക്ഷിക്കുന്ന സൗഹാര്‍ദപ്പെരുമയാണ്.

ആദ്യം സ്ഥാപിതമായ രണ്ട് പള്ളികളുടെ പേര് ചേര്‍ത്താണ് 'കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്ത്' എന്ന് വടുതല മഹല്ല് ജമാഅത്തിന് പേരു വെച്ചത്. ഇരു പള്ളികളും ആരാധനാ കേന്ദ്രം എന്നതിനപ്പുറം മധ്യ-ദക്ഷിണ കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയ വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്നു. പ്രദേശവാസികളുടെ ഉത്കടലമായ അഭിലാഷമെന്നോണം മുഹമ്മദ് മൗലാനയുടെ താല്‍പര്യ പ്രകാരം സയ്യിദ് അബൂബക്കര്‍ ശാത്വിരിയുടെ പുത്രന്‍ സയ്യിദ് അലി ശാത്വിരി ഇവിടെ ദീനീ വിദ്യാഭ്യാസത്തിന് നേതൃത്വം കൊടുത്തിരുന്നു. കൂടാതെ പൊന്നാനി മഖ്ദൂം പരമ്പരയിലെ പ്രമുഖരായ ഉലമാക്കള്‍ മുദര്‍രിസുകളായി സേവനം ചെയ്തിട്ടുണ്ട്. മുഹമ്മദ്ബ്‌നു അഹ്മദില്‍ പൊന്നാനി, വളപ്പില്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കണ്ണന്തറ അമ്മുക്കാരി മുസ്‌ലിയാര്‍, ചാവക്കാട് പാടൂര്‍ മുഹമ്മദാലി മുസ്‌ലിയാര്‍, നാദാപുരം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പുതുപൊന്നാനി ഒറ്റയില്‍ മുഹമ്മദുണ്ണി മുസ്‌ലിയാര്‍, സ്വാലിഹ് അഹ്മദ് മുസ്‌ലിയാര്‍, എടത്തല ഇബ്‌റാഹീം മുസ്‌ലിയാര്‍, ക്ലാപ്പന ഇബ്‌റാഹീം മുസ്‌ലിയാര്‍, പെരുമ്പാവൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, കോടഞ്ചേരി അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ആദ്യകാല മുദര്‍രിസുകളായിരുന്നു. ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പാടൂര്‍ എം.വി കുഞ്ഞഹമ്മദ് മൗലവി വടുതലയിലെ ദര്‍സ് വിദ്യാര്‍ഥി ആയിരുന്നു. വടുതലയിലെ രണ്ടു പള്ളികളും ദര്‍സിന്റെ പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.

പ്രമുഖരായ പലരും കോടൂര്‍ കാട്ടുപുറം പള്ളികളില്‍ ഖത്വീബുമാരായി സേവനം ചെയ്തിട്ടുണ്ട്. മുഹമ്മദ് ബ്‌നു അഹ്മദില്‍ പൊന്നാനി, ഖാദി പൂക്കോയ തങ്ങള്‍, കൊളത്തറ മുഹമ്മദ് മുസ്‌ലിയാര്‍, മണ്ണാത്തുപറമ്പില്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കളിക്കണ്ട വെളി മൂസ മുസ്‌ലിയാര്‍, കണ്ണന്തറ വെളി അബ്ദുല്ല മുസ്‌ലിയാര്‍, മുസാ ഇബ്‌നു അഹ്മദ് അല്‍ ബര്‍ദലി, അഹ്മദ് മുസ്‌ലിയാര്‍, കൂത്താടി മുഹമ്മദ് മൗലവി, എ.ബി സെയ്ദു മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ ഖത്വീബുമാരായിരുന്നു. വര്‍ഷങ്ങളോളം മലയാളത്തില്‍ ഖുത്വ്ബ നടന്നിരുന്ന കാലയളവില്‍ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി ആദ്യകാല നേതാക്കളില്‍ പ്രമുഖനുമായിരുന്ന മാള കെ. അബ്ദുസ്സലാം മൗലവി ഖത്വീബായിട്ടുണ്ട്. ഇപ്പോള്‍ കാട്ടുപുറം പള്ളിയില്‍ അബ്ദുല്‍ ഹമീദ് മൗലവി (എം.എഫ്.ബി)യും കോട്ടൂര്‍ പള്ളിയില്‍ നാല്‍പത് വര്‍ഷമായി കെ.എം കുഞ്ഞുമുഹമ്മദ് മൗലവി ഫാദില്‍ ബാഖവിയും ഖത്വീബായി സേവനം ചെയ്യുന്നു. പി.എം.എസ് തങ്ങള്‍ വടുതലയാണ് മഹല്ല് ഖാദി. 2200-ഓളം മുസ്‌ലിം കുടുംബങ്ങളുള്ള വടുതലയില്‍ 15 ജുമുഅത്ത് പള്ളികള്‍ ഉള്‍പ്പെടെ 25 മസ്ജിദുകളുണ്ട്. ഔപചാരിക സ്വഭാവത്തില്‍ കൃത്യമായ സിലബസ്സോടു കൂടി വിവിധ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴിലായി 17 മദ്‌റസകള്‍ വ്യവസ്ഥാപിതമായി നടക്കുന്നു.

സാമൂഹിക മണ്ഡലത്തില്‍ നിലനിന്നിരുന്ന സാംസ്‌കാരിക ഔന്നത്യവും വൈജ്ഞാനിക പാരമ്പര്യവും കൂടുതല്‍ ജനങ്ങളെ വടുതലയിലേക്കാകര്‍ഷിച്ചുകൊണ്ടിരുന്നു. മഹല്ല് നിവാസികളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും എന്നും മുന്നില്‍ നിന്ന ജമാഅത്ത് ജനക്ഷേമകരമായ പല പദ്ധതികള്‍ക്കും നേതൃത്വം കൊടുത്തിട്ടുണ്ട്. ഭക്ഷ്യക്ഷാമവും വസ്ത്രക്ഷാമവും നേരിട്ട ഘട്ടങ്ങളില്‍ തുണി ഇറക്കുമതി ചെയ്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്നത് പ്രായമുള്ള പലരും ഓര്‍ക്കുന്നു. ജീവിതാവശ്യങ്ങള്‍ നേരിടുന്ന മഹല്ല് നിവാസികള്‍ക്ക് പണം കടം കൊടുത്ത് കടബാധിതന്റെ കൃഷിയിടത്തില്‍ നിന്ന് തേങ്ങ സംഭരിച്ച് കടം വീട്ടാന്‍ അവസരം നല്‍കിയിരുന്ന കെട്ടു തെങ്ങു സംഘങ്ങള്‍ മുന്‍ഗാമികളുടെ പലിശരഹിത സംരംഭമായിരുന്നു. ഒരേസമയം പലിശരഹിത സഹായ നിധിയും സമ്പാദ്യ പദ്ധതിയുമായി അടുത്തകാലം വരെയും അത് നിലനിന്നിരുന്നു. കോട്ടൂര്‍ കാടുപുറം പള്ളിക്കു വേണ്ടി ധാരാളം ഭൂസ്വത്തുക്കള്‍ വഖ്ഫ് ചെയ്ത ഉദാരമതികളുണ്ടായിരുന്നു. ഭാവിയില്‍ ജനങ്ങള്‍ക്ക് താമസിക്കാന്‍ ഭൂമി ലഭിക്കാതാവുമോ എന്ന് അവര്‍ ആശങ്കിച്ചുകാണും. ഭൂമി പണയപ്പെടുത്തി കടബാധിതരായിത്തീര്‍ന്ന അഗതികള്‍ക്ക് അത്താണിയായി മാറാനും മഹല്ല് ജമാഅത്ത് ശ്രമിച്ചിട്ടുണ്ട്.

ജനസേവന തല്‍പരരായ പൂര്‍വികരുടെ പാത പിന്‍പറ്റി ധാരാളം ജനക്ഷേമ പദ്ധതികള്‍ നിലവിലുള്ള ഭരണസമിതിയും നടപ്പിലാക്കുന്നു.  മുസ്‌ലിം സംഘടനാ വൈജാത്യങ്ങളും അഭിപ്രായ വൈവിധ്യങ്ങളുമുണ്ടായിരിക്കെ തന്നെ മഹല്ല് ജമാഅത്ത്  കമ്മിറ്റിയില്‍ മത രാഷ്ട്രീയ ഭേദമെന്യേ എല്ലാ വിഭാഗം പ്രതിനിധികളും ഒരുമിച്ചിരിക്കുന്നത് കേരളീയ മുസ്്‌ലിം സമൂഹത്തിന് വടുതല നല്‍കുന്ന സവിശേഷ മാതൃകയാണ്.

ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍

കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ പ്രഥമ നാമമാണ് ഹമദാനി തങ്ങള്‍. വടുതല കേരളത്തിനു നല്‍കിയ ചരിത്ര പുരുഷനാണ് അദ്ദേഹം. ആത്മീയതയുടെ ആഴങ്ങളറിഞ്ഞ ത്വരീഖത്തിന്റെ ശൈഖായിരുന്നപ്പോഴും പഴയ തിരുവിതാംകൂറിലെ നിയമസഭയായ ശ്രീമൂലം അസംബ്ലിയില്‍ മുസ്്‌ലിംകളുടെ അവകാശത്തിനു വേണ്ടി ശബ്ദിച്ച പോരാളിയുമായിരുന്നു ഹമദാനി തങ്ങള്‍. പള്ളിയും പള്ളിക്കൂടവും ഉന്നത കലാലയവും സ്വപ്‌നം കണ്ട ഹമദാനി മുസ്‌ലിം ഐക്യത്തിന്റെ പിതാവായിരുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന് പിന്നിലെ ചാലകശക്തിയായിത്തീര്‍ന്ന മുസ്‌ലിം ഐക്യ സംഘത്തിന്റെ  അഗ്രഗണ്യനുമായിരുന്നു അദ്ദേഹം.

നദ്‌വത്തുല്‍ ഇസ്‌ലാം യത്തീംഖാന

വടുതല നദ്‌വത്ത് നഗറില്‍ സ്ഥിതി ചെയ്യുന്ന ദക്ഷിണ കേരളത്തിലെ പ്രഥമ അനാഥശാലയാണ് നദ്‌വത്തുല്‍ ഇസ്‌ലാം യത്തീംഖാന. തിരൂരങ്ങാടി യത്തീംഖാനക്കു ശേഷമാണ് ഇത് സ്ഥാപിതമായത്. പുന്നക്കാട്ട് തയ്ക്കാവ് എന്ന നമസ്‌കാരപ്പള്ളി പിന്നീട് ധാരാളം അഗതി-അനാഥകളുടെ ആശ്രയവും വിജ്ഞാന കേന്ദ്രവുമായി മാറി. 1938-ല്‍ നിലവില്‍ വന്ന നദ്‌വത്തുല്‍ ഇസ്്‌ലാം സമാജത്തിനു പിന്നില്‍ തേലാപ്പള്ളില്‍ ടി.എ അഹ്മദ് ഹാജി, ആമിറ്റത്ത് എം. കൊച്ചുണ്ണി മൂപ്പന്‍ തുടങ്ങിയ ത്യാഗിവര്യന്മാരുടെ അധ്വാനവും പരിശ്രമവുമുണ്ട്. ടി.എ അഹ്മദ് ഹാജിയും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയും തമ്മിലുള്ള ബന്ധം അശരണര്‍ക്ക് അഭയവും വിജ്ഞാനവും പകരുന്ന അനാഥശാലയുടെ പിറവിക്ക് കാരണമായി. പള്ളിയില്‍ ജമാഅത്ത് നമസ്‌കാരം സജീവമാകാനും അത് നാടിന്റെ വിളക്കായി മാറാനും ഒരു അനാഥശാല ഏറ്റവും ഉചിതമാണെന്ന നിര്‍ദേശം എം.സി.സി ആണ് മുന്നോട്ടുവെച്ചത്. തേലാപ്പള്ളി, ആമിറ്റത്ത്, കുഴപ്പള്ളി കുടുംബങ്ങള്‍ സമാജത്തിനു വേണ്ടിയുള്ള ഭൂമി വഖ്ഫ് ചെയ്തു. എം.സി.സിയുമായുള്ള വടുതലയുടെ ബന്ധം ധാരാളം വിദ്യാര്‍ഥികളെ മദീനത്തുല്‍ ഉലൂമിലേക്ക് ആകര്‍ഷിക്കുകയും അതുവഴി പ്രമുഖ പണ്ഡിതന്മാരെ നാടിനു ലഭിക്കുകയും ചെയ്തു. പുനരിടയില്‍ മക്കാര്‍ ഹാജി, കട്ടുവള്ളില്‍ അബ്ദുല്‍ ഖാദിര്‍, സി.എം പരീത് ചമ്മനാട്, വളയനാമുറി ഇസ്മാഈല്‍ ഹാജി, പി.കെ മുഹമ്മദ് മദനി തുടങ്ങിയവര്‍ സമാജത്തിന്റെ സാരഥികളായിട്ടുണ്ട്. നദ്‌വത്തുല്‍ ഇസ്‌ലാം ഓര്‍ഫനേജ്, മദ്‌റസ, ഗവ. അംഗീകൃത യു.പി സ്‌കൂള്‍, സി.ബി.എസ്.ഇ സ്‌കൂള്‍ തുടങ്ങിയ ബഹുമുഖ ദൗത്യം നിര്‍വഹിക്കുന്ന സ്ഥാപനങ്ങള്‍ ആയിരങ്ങള്‍ക്ക് വിജ്ഞാനം പകരുന്ന കേന്ദ്രങ്ങളാണ്.

മാടവന മജ്‌ലിസുര്‍റഹ്്മ മൗലിദ് സംഘം

ഏതാണ്ട് 81 വര്‍ഷം മുമ്പ് വടുതലയില്‍ നിലവില്‍ വന്ന കാരുണ്യ സംരംഭമാണ് മജ്‌ലിസുര്‍റഹ്മ. മരണദിനം പരേതന്റെ മക്കള്‍ക്കോ കുടുംബത്തിനോ യാതൊരു പ്രതിസന്ധിയുമുണ്ടാകാത്ത വിധം മയ്യിത്ത് പരിപാലനത്തിന് വേണ്ട സഹായം നല്‍കുകയായിരുന്നു മുഖ്യ ലക്ഷ്യം. മുസ്്‌ലിം വീടുകളില്‍ നിന്ന് പിടിയരി പിരിച്ചായിരുന്നു മൂലധനം കണ്ടെത്തിയത്. മയ്യിത്ത് പരിപാലന കിറ്റും ഖബ്‌റിടത്തിനാവശ്യമായ പലകയും നല്‍കി സംഘത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെ ഖബ്‌റിടം സജ്ജമാക്കുന്നു. പൂച്ചാക്കല്‍ മുതല്‍ അരുകുറ്റി വരെയുള്ള വിശാലമായ പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീറായിരുന്ന എം. മുഹമ്മദ് കുട്ടി ഹാജിയാണ് സംഘത്തിനാവശ്യമായ സ്ഥലം വഖ്ഫ് ചെയ്തത്. മേച്ചിരിക്കാട്ട് കുഞ്ഞുമുഹമ്മദ് സാഹിബ്, താമിക്കല്‍ കുഞ്ഞുപിള്ള സാഹിബ് തുടങ്ങിയവര്‍ ആദ്യകാല പ്രവര്‍ത്തകര്‍ ആയിരുന്നു. ഇന്നും സജീവമായി മുന്നോട്ടുപോകുന്ന സംഘത്തിന്റെ സാരഥി കാട്ടുപുറം പള്ളി ഖത്വീബ് അബ്ദുല്‍ ഹമീദ് മൗലവിയാണ്.

വടുതല ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍

ആദ്യകാലം മുതല്‍ക്കുതന്നെ വിജ്ഞാനതല്‍പരരായിരുന്ന മുന്‍ഗാമികള്‍ ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചു. ഒരു പ്രൈമറി സ്‌കൂളും രണ്ട് അപ്പര്‍ പ്രൈമറി സ്‌കൂളും മാത്രമുണ്ടായിരുന്ന വടുതലയില്‍ ഒരു സെക്കന്ററി സ്‌കൂള്‍ അനിവാര്യമായിരുന്നു. മഹല്ല് ജമാഅത്തിന്റെ അഭിലാഷമെന്നോണം വിദ്യാഭ്യാസ തല്‍പരരായ സമുദായ സ്‌നേഹികള്‍ മുന്നോട്ടുവന്ന് വിദ്യാഭ്യാസ കമ്മിറ്റിക്ക് രൂപം നല്‍കി. 1966-ല്‍ സെക്കന്ററി സ്‌കൂള്‍ ആരംഭിച്ചു.  ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന എടേപ്പറമ്പില്‍ എ.എം സെയ്തു മുഹമ്മദ് ഹാജി നല്ലൊരു ഭാഗം ഭൂമി സ്‌കൂളിനു വേണ്ടി വഖ്ഫ് ചെയ്തു. ആമിറ്റത്ത് എം.കെ കൊച്ചുണ്ണി മൂപ്പന്‍, എടേപ്പറമ്പില്‍ എ.എം ഇബ്‌റാഹീം ഹാജി, എം.എം മുഹമ്മദ് കുട്ടി (ദാറുസ്സലാം), പി.കെ മുഹമ്മദ് സാഹിബ് (കവറ്റക്കാരംപറമ്പ്), ടി.എം കുട്ടി മൂസ ഹാജി, കെ.എം മുഹമ്മദ് കുട്ടി (കിഴക്കോവെളി, വി.കെ ഇസ്മാഈല്‍ കണിശ്ശേരി, കെ.എം കുഞ്ഞാല്‍നാ ഹാജി തുടങ്ങിയ ധാരാളം മഹത്തുക്കളുടെ അധ്വാനവും പരിശ്രമവും ഇതിന്റെ പിന്നിലുണ്ട്. ഇപ്പോള്‍ ഗവണ്‍മെന്റ് അംഗീകൃത ഹയര്‍ സെക്കന്ററി സ്‌കൂളും സി.ബി.എസ്.ഇ സ്‌കൂളും ഉള്‍പ്പെടുന്ന വൈജ്ഞാനിക സമുച്ചയം വടുതലയുടെ അഭിമാനമാണ്.

ജാമിഅ റഹ്മാനിയ്യ അറബിക് കോളേജ്

വടുതലയില്‍ ഉന്നത ദീനീ പഠന കേന്ദ്രം എന്ന അര്‍ഥത്തില്‍ നിലവില്‍ വന്ന സ്ഥാപനം മജ്‌ലിസുല്‍ അബ്‌റാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴിലുള്ള ജാമിഅ റഹ്മാനിയ്യ അറബിക് കോളേജാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് വി.എം മൂസ മൗലവിയുടെ (വടുതല) നേതൃത്വത്തില്‍ 1994-ല്‍ സ്ഥാപിതമായ കോളേജ് അബ്ദുര്‍റഹ്്മാന്‍ ഇമ്പിച്ചിക്കോയ തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. പത്തു വര്‍ഷം കൊണ്ട് മൗലവി ഫാദില്‍ ബിരുദം നേടാന്‍ കഴിയുന്ന പാഠ്യപദ്ധതി ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുണ്ട്. ട്രസ്റ്റിനു കീഴില്‍ അബ്‌റാര്‍ ബോര്‍ഡിംഗ് മദ്‌റസയും മദ്‌റസത്തു തഹ്്ഫീദില്‍ ഖുര്‍ആനും ദാറുല്‍ ഇഫ്തായും നിലവിലുണ്ട്.

ദിശാ കാരുണ്യ കേന്ദ്രം

ആലംബഹീനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അഭയകേന്ദ്രമാണ് ദിശ ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴിലുള്ള 'ദിശ' കാരുണ്യ കേന്ദ്രം. ജാതി, മത പരിഗണനകള്‍ക്കതീതമായി ആശ്രയമില്ലാത്ത മുഴുവന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അത്താണിയാണ് ദിശ. പഠനവും പരിശീലനവും കൗണ്‍സലിംഗ് സംവിധാനങ്ങളും വഴി ജീവിതത്തെ സധൈര്യം നേരിടാനുള്ള കരുത്ത് സ്ഥാപനം അന്തേവാസികള്‍ക്ക് നല്‍കുന്നു. 2013-ല്‍ തുടക്കം കുറിച്ച സ്ഥാപനത്തില്‍ നൂറോളം പേരുണ്ട്. ദിശയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പിന്നില്‍ ചെറുകാട്ടു സലീം സാഹിബിന്റെയും കുടുംബത്തിന്റെയും നിര്‍ലോഭമായ സഹായവും പിന്തുണയും പ്രശംസനീയമത്രെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍