ആലുവയിലെ ഇസ്‌ലാമിക നവോത്ഥാന ചൈതന്യം
![](https://www.archive.prabodhanam.net/storage/uploads/bookno72_issueno28/rashad.jpg)
പെരിയാര്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ആലുവ, പണ്ടുമുതലേ കേരളത്തിലെ അറിയപ്പെടുന്ന സുഖവാസകേന്ദ്രമായിരുന്നു. ക്രി. 16-ാം ശതകത്തില്‍ പോര്‍ട്ടുഗീസുകാര്‍ ഇവിടെ സുഖവാസകേന്ദ്രം പണിയുകയുണ്ടായി. ഫിറാ ഡി ആല്‍വാ എന്നായിരുന്നു അവരുടെ സ്‌നാനകേന്ദ്രത്തിന്റെ പേര്‍. പിന്നീട് ഡച്ചുകാരും ഇത് പിന്തുടര്‍ന്നു. 1789-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആലുവാ മണപ്പുറത്ത് യാഗം നടത്തിയതായി രേഖകളുണ്ട്. ഇന്ന് ആലുവാപുഴയോരങ്ങളില്‍ വസിക്കുന്ന പല മുസ്‌ലിം തറവാട്ടുകാരും പ്രമാണിമാരും ആലുവാപുഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടി പുറംനാടുകളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറയാണ്. ആലുവയിലെ ആകെ ജനസംഖ്യയില്‍ 60 ശതമാനവും മുസ്‌ലിംകളാണ്.
കൊച്ചിരാജാവും കോഴിക്കോട്ടെ സാമൂതിരിയും തിരുവിതാംകൂര്‍ രാജാവും ആലുവ ഭരിച്ചിട്ടുണ്ട്. കൊച്ചിരാജ്യത്തിന്റെ കീഴിലായിരുന്ന ആലുവയും പരിസരപ്രദേശങ്ങളും 1758- ല്‍ സാമൂതിരി ആക്രമിച്ചു. കൊച്ചിരാജാവിന്റെ അഭ്യര്‍ഥനപ്രകാരം തിരുവിതാംകൂര്‍ രാജാവ് സാമൂതിരിയെ തോല്‍പിച്ചു. അതോടെ ആലുവയും പരിസര പ്രദേശങ്ങളും തിരുവിതാംകൂറിന്റെ കീഴിലായി. 1789- ല്‍ ടിപ്പു സുല്‍ത്താന്‍ ആലുവ കീഴടക്കിയെങ്കിലും തന്റെ ആസ്ഥാനമായ ശ്രീരംഗപട്ടണം ശത്രുക്കള്‍ ആക്രമിച്ചതറിഞ്ഞ് തിരിച്ചുപോയി. തിരുവിതാംകൂറിന്റെ ഭാഗമായിത്തന്നെ ആലുവ തുടര്‍ന്നു.
ഇസ്‌ലാമിന്റെ ആഗമനം
കേരളത്തില്‍ ഇസ്‌ലാം പ്രചാരണം ആരംഭിക്കുന്നത് ആലുവയുടെ പരിസരപ്രദേശമായ കൊടുങ്ങല്ലൂരില്‍ നിന്നാണ്. അതിനാല്‍ കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ച ആദ്യഘട്ടത്തില്‍ തന്നെ ആലുവയിലും പരിസര പ്രദേശങ്ങളിലും മുസ്‌ലിംകള്‍ എത്തിയിട്ടുണ്ടാകുമെന്നാണ് നിഗമനം. കൊടുങ്ങല്ലൂരിലേക്കുള്ള പ്രധാന ഗതാഗതമാര്‍ഗം എന്ന നിലയിലുള്ള പെരിയാറിന്റെ സ്ഥാനം ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്നു.
ആലുവയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഇന്നത്തെ തോട്ടുമുഖം ഭാഗത്താണ് ആദ്യമായി മുസ്്‌ലിംകള്‍ എത്തിയതെന്നാണ് കരുതപ്പെടുന്നത്. അന്ന് തോട്ടുമുഖം ഭാഗം ഭരിച്ചിരുന്ന പ്രഭുക്കന്മാരായിരുന്നു കല്ലറക്കല്‍ കര്‍ത്താക്കന്മാര്‍ (കളത്തിക്കര്‍ത്താക്കന്മാര്‍). ഒരിക്കല്‍ കല്ലറക്കല്‍ കുടുംബത്തിലെ ഒരു കര്‍ത്താവ് സാമൂതിരിയെ കാണാന്‍ കോഴിക്കോട്ട് പോയി. സാമൂതിരിയെ സേവിച്ചിരുന്ന വിശ്വസ്തരും ധീരരുമായ മുസ്‌ലിംകളെ കണ്ട കര്‍ത്താവ് അവരില്‍ ആകൃഷ്ടനാവുകയും അവരില്‍ ചിലരെ തനിക്ക് അംഗരക്ഷകരായി തരണമെന്ന് സാമൂതിരിയോട് ഉണര്‍ത്തുകയും ചെയ്തു. ആലി, ബീരാന്‍, അഹമദ്, മക്കാര്‍ എന്നീ നാലു പേരെ സാമൂതിരി ആലുവയിലേക്ക് അയച്ചു. ഈ സംഭവം അനുസ്മരിച്ചുകൊണ്ട് തോട്ടുമുഖത്തെ പഴമക്കാര്‍ പാടാറുണ്ട്:
ആലി, മക്കാര്‍, ബീരാനും ആലത്തുക്കാരന്‍ അഹ്മദുംനാലുപേരും പോകട്ടെ ആലുവക്കിഹ വഴികാട്ടുവാന്‍.
കര്‍ത്താവ് തന്റെ സേവകരായി വന്ന മുസ്‌ലിംകളുടെ വിവാഹത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്തു. ഒരാള്‍ കുറുപ്പത്തിയെയും മറ്റൊരാള്‍ കല്ലത്തിയെയും മൂന്നാമന്‍ മണ്ണാത്തിയെയും നാലാമന്‍ അമ്പുട്ടത്തിയെയും വിവാഹം കഴിച്ചുവത്രെ. അവര്‍ യഥാക്രമം കുറുപ്പാലികള്‍, കല്ലങ്കന്മാര്‍, മണ്ണാറത്തന്മാര്‍, അമ്പാടന്മാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടു. ഒരാള്‍ കര്‍ത്താവിന്റെ വീട്ടില്‍നിന്നാണ് വിവാഹം കഴിച്ചതെന്നും അയാളുടെ പിന്മുറക്കാരാണ് വലിയ വീട്ടുകാര്‍ എന്നും അഭിപ്രായമുണ്ട്. പ്രസ്തുത തറവാട്ടുകാരെ തോട്ടുമുഖത്തും പരിസരപ്രദേശങ്ങളിലും ഇന്നും കാണാം.
തോട്ടുമുഖം പടിഞ്ഞാറെ പള്ളി
തോട്ടുമുഖം പടിഞ്ഞാറെ പള്ളിയില്‍ നിന്നാണ് ആലുവയില്‍ ആദ്യമായി ബാങ്കൊലി മുഴങ്ങുന്നത്. തോട്ടുമുഖം പാലത്തിന്റെ പടിഞ്ഞാറുവശം പെരിയാറിന്റെ തീരത്ത് ആ പള്ളി ഇന്നുമുണ്ട്. നേരത്തെ പരാമര്‍ശിച്ച കര്‍ത്താവിന്റെ സേവകരായി വന്നവരിലൊരാള്‍ ആലുവയിലെത്തി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മരിച്ചു. മയ്യിത്ത് മറമാടുവാനായി ഇടപ്പള്ളിയിലെ മസ്ജിദിലേക്ക് കൊണ്ടുപോയി. എന്നാല്‍, പുറമെനിന്നും കൊണ്ടുവന്ന മയ്യിത്ത് മറമാടണമെങ്കില്‍ സ്ഥലത്തിന് പണം നല്‍കണമെന്ന് പള്ളിയുടെ കൈക്കാരന്‍ ആവശ്യപ്പെട്ടു. പക്ഷേ, അവരുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ആ സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ പോയി മടങ്ങിവരുകയായിരുന്ന കല്ലറക്കല്‍ കര്‍ത്താവ് തന്റെ പ്രജകളെ ഇടപ്പള്ളിയില്‍ കാണാനിടവരികയും കാര്യം തിരക്കുകയും ചെയ്തു. വേണ്ടത്ര പണം കൈവശം ഇല്ലാതിരുന്നതിനാല്‍ കര്‍ത്താവ് തന്റെ സ്വര്‍ണ പിടിയുള്ള ഉടവാള്‍ പള്ളിക്ക് പണയമായി നല്‍കി മയ്യിത്ത് മറമാടുന്നതിന് അനുവാദം നേടി. ഇതിന്റെ സ്മരണയെന്നോണം അടുത്ത കാലം വരെയും തോട്ടുമുഖം ഖാദിയുടെ അധികാര പരിധിയിലുള്ള പള്ളികളില്‍ പണേപ്പാടംവെക്കുക എന്നൊരു പതിവുണ്ടായിരുന്നു. മയ്യിത്ത് സംസ്‌കരിക്കുന്നതിനു മുമ്പ് ഒരു പേനാക്കത്തി തോര്‍ത്തില്‍ പൊതിഞ്ഞ് പള്ളിപ്പടിയില്‍ വെക്കുക, മയ്യിത്ത് സംസ്‌കരിച്ച ശേഷം ഏതെങ്കിലുമൊരു കൈക്കാരന്‍ വന്ന് മറ്റുള്ളവരുടെ അനുവാദത്തോടെ കത്തി പൊതിഞ്ഞ തോര്‍ത്ത് മടക്കിക്കൊടുക്കുക- ഈ സമ്പ്രദായമാണ് പണേപ്പാടം.
ഈ സംഭവം തന്റെ പ്രദേശത്ത് ഒരു പള്ളിയുടെ ആവശ്യകത കര്‍ത്താവിനെ ബോധ്യപ്പെടുത്തി. പെരിയാറിന്റെ തീരത്ത് അതിനായി സ്ഥലവും നിര്‍മാണച്ചിലവിലേക്കുള്ള പണവും അദ്ദേഹം നല്‍കി. പള്ളി പൂര്‍ത്തിയായപ്പോള്‍ , കായല്‍പട്ടണത്തുനിന്ന് വന്ന് തോട്ടുമുഖത്ത് തമ്പടിച്ച് നമസ്‌കാരാദി കര്‍മങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന രണ്ടു സഹോദരന്മാരെ ഖത്വീബും മുക്രിയുമായി നിശ്ചയിച്ചു.
ഇന്നത്തെ തോട്ടുമുഖം പടിഞ്ഞാറേ പള്ളിയുടെ വടക്കുപടിഞ്ഞാറേ ഭാഗത്താണ് ആദ്യത്തെ പള്ളി സ്ഥിതിചെയ്തിരുന്നത്. 1789-ല്‍ ഈ പള്ളി അഗ്നിക്കിരയായി. ആദ്യകാലത്ത് തോട്ടുമുഖം മഹല്ല് 20-ലധികം ച.കി.മീ. വ്യാപിച്ചുകിടന്നിരുന്നു. കിഴക്ക് 14കി.മീ. അകലെയുള്ള പെരുമ്പാവൂര്‍, അത്രയും അകലത്തില്‍ തെക്കുകിഴക്കു ഭാഗത്ത് വെങ്ങോല എന്നിവിടങ്ങളില്‍ നിന്നൊക്കെ ആളുകള്‍ ജുമുഅഃ നമസ്‌കരിക്കാന്‍ എത്തിയിരുന്നത് തോട്ടുമുഖം പടിഞ്ഞാറെ പള്ളിയിലാണ്.
പെരീച്ചിറ ബംഗ്ലാവ്
തോട്ടുമുഖം ഖാദിയുടെ ബംഗ്ലാവാണിത്. ഏതാണ്ട് 200 കൊല്ലം മുമ്പ് ഖാദിക്ക് താമസിക്കാനായാണ് ഇത് പണിതത്. കിഴക്കേ പള്ളിക്കു സമീപം പെരിയാറിന്റെ തീരത്താണിത് സ്ഥിതിചെയ്യുന്നത്. ആദ്യകാലങ്ങളില്‍ ഇടപ്പള്ളി ഖാദിയുടെ മേല്‍നോട്ടത്തിലായിരുന്നു ആലുവ പ്രദേശങ്ങള്‍. പിന്നീട് ഖാദിയുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരില്‍ ആലുവ പ്രദേശത്തിന്റെ ഉത്തരവാദിത്തം പൊന്നാനി ഖാദിയെ എല്‍പ്പിക്കുകയാണുണ്ടായത്. അങ്ങനെയാണ് തോട്ടുമുഖം പള്ളിയുടെ ഖാദിമാര്‍ പ്രശസ്തരായ മഖ്ദൂം കുടുംബക്കാരായിമാറിയത്. പള്ളിയുടെ തൊട്ടു കിഴക്ക് തുരുത്തി തോടിന്റെ വലതുവശത്തായി പെരിയാറിന്റെ തീരത്തുള്ള അമ്പാട്ടുപുരയിടത്തിലാണ് ആദ്യം അവര്‍ താമസിച്ചിരുന്നത്. ഇന്ന് നൈനോത്തില്‍ എന്നറിയപ്പെടുന്ന ഈ പുരയിടം അന്നറിയപ്പെട്ടത് 'മുസ്‌ലിയാരുടെ' എന്ന പേരിലായിരുന്നു. ഈ പേരിന് പൊന്നാനിയിലെ പഴയ തറവാടുകളായ കോയ മുസ്‌ലിയാരകം, കസായി മുസ്‌ലിയാരകം എന്നിവയോട് സാമ്യമുണ്ട്.
മഖ്ദൂം പൊന്നാനി വലിയ സിയാറത്തിങ്ങല്‍ കുടുംബവുമായി വിവാഹബന്ധം സ്ഥാപിച്ചപ്പോള്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് തോട്ടുമുഖം ഖാദിസ്ഥാനം പൊന്നാനി വലിയ സിയാറത്തിങ്ങല്‍ തങ്ങന്മാര്‍ക്ക് ലഭിച്ചു. സീതിക്കോയ തങ്ങള്‍ ഒന്നാമന്‍, സീതിക്കോയ തങ്ങള്‍ രണ്ടാമന്‍, മുത്തുക്കോയ തങ്ങള്‍, ചെറുകുഞ്ഞിക്കോയ തങ്ങള്‍, ഖാന്‍ സ്വാഹിബ് ആറ്റക്കോയ തങ്ങള്‍ തുടങ്ങിയ പൊന്നാനി വലിയ സിയാറം ഖാദിമാരാണ് തോട്ടുമുഖം ഖാദിമാരായും സേവനം ചെയ്തിരുന്നത്.
ആലുവയിലെ പ്രമുഖ മുസ്്‌ലിം തറവാട്ടുകാര്‍
ആലുവയിലെ മുസ്്‌ലിംകളില്‍ വലിയൊരു വിഭാഗം കന്യാകുമാരി ജില്ലയിലെ കായല്‍പട്ടണത്തുനിന്ന് വന്നവരാണ്. പോര്‍ച്ചുഗീസുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ കായല്‍പട്ടണത്തെ ധാരാളം മുസ്‌ലിംകള്‍ വധിക്കപ്പെട്ടു. അതിനെത്തുടര്‍ന്ന് ഉദ്ദേശം 1535-നും 1540- നുമിടയില്‍ അവിടം വിട്ടവരില്‍ ചിലര്‍ തോട്ടുമുഖത്ത് എത്തി, പടിഞ്ഞാറെ പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ കുന്നിന്‍പുറത്ത് താമസമാക്കി. കായല്‍പട്ടണത്തുനിന്ന് വന്ന സീതിയുടെയും അബ്ദുല്‍ഖാദിറിന്റെയും പരമ്പരയാണ് ഇന്ന് എണ്ണത്തില്‍ കൂടുതല്‍. അവരില്‍പെട്ടവരാണ് പുത്തന്‍പുരക്കാര്‍. തോട്ടുമുഖം പാലത്തിന്റെ കിഴക്കുവശത്താണ് അബ്ദുല്‍ ഖാദിറിന്റെ പരമ്പര താമസമാക്കിയത്. തറക്കണ്ടത്തില്‍, പുഴിത്തറക്കുടി, പുഴിത്തറ, കരോട്ടപടവില്‍, വെട്ടിമുറ്റത്ത്, പാലത്തറ എന്നീ പേരുകളിലുള്ള കുടുംബങ്ങള്‍ ഈ പരമ്പരയില്‍ ഉള്‍പ്പെടുന്നു.
ഉവ്വാട്ടി: ആലുവ പട്ടണത്തിലെ ഒരു പഴയ തറവാടാണ് ഉവ്വാട്ടി. 16-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പോര്‍ത്തുഗീസുകാര്‍ ചാലിയം ആക്രമിച്ചതിനെത്തുടര്‍ന്ന് അഭയാര്‍ത്ഥികളായെത്തിയവരാണ് ഉവ്വാട്ടി തറവാട്ടുകാര്‍. പ്രഗത്ഭ പണ്ഡിതനായ കുഞ്ഞുണ്ണിക്കര ഹൈദ്രു മുസ്‌ലിയാര്‍, ധാരാളം അപൂര്‍വ കൃതികളുടെ ഉടമസ്ഥനും പണ്ഡിതനുമായിരുന്ന തൈനോത്തില്‍ മമ്മുമുഹമ്മദ് എന്നിവര്‍ ഉവ്വാട്ടി തറവാട്ടുകാരാണ്.
ചാറ്റുപാട്: ആലുവാ പട്ടണത്തിലെ മറ്റൊരു പുരാതന കുടുംബമായിരുന്നു ചാറ്റുപാട്. ഈ പേരില്‍ ഒരു കുടുംബവും ഇന്ന് ആലുവയിലില്ല. ആലുവാ ടൗണ്‍ ജുമുഅഃ മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലം ഈ കുടുംബത്തിലെ അംഗമായ കൊച്ചുണ്ണി സ്വാഹിബ് ദാനം ചെയ്തതാണ്.
എലഞ്ഞിക്കായി: ഉദ്ദേശം 200 കൊല്ലങ്ങള്‍ക്കു മുമ്പ് തൃക്കാക്കരയില്‍ നിന്ന് ആലുവ മാര്‍ക്കറ്റിനു സമീപം വന്ന് താമസമാക്കിയ കുടുംബമാണ് എലഞ്ഞിക്കായി. വ്യവസായ പ്രമുഖന്‍ എ.പരീതു പിള്ള ഈ കുടുംബാംഗമാണ്.
മാനാടത്ത്: ആലുവാ പട്ടണത്തിന് വടക്കുള്ള പറമ്പയത്തുനിന്ന് വന്ന കുടുംബം. നേരത്തെ ചെങ്ങമനാടാണ് ഇവര്‍ താമസിച്ചിരുന്നത്. പറമ്പയത്ത് 'മാനാടത്ത്' പുരയിടത്തില്‍ താമസിച്ചതിനാലാണ് പ്രസ്തുത കുടുംബപ്പേരുണ്ടായത്. വണിയ പ്രമുഖന്മാരുടെതാണ് ഈ കുടുംബം. മാനാടത്ത് കുഞ്ഞു തുടങ്ങിവെച്ച വ്യാപാരം മക്കള്‍ ഖാദിര്‍ പിള്ള, മക്കാര്‍ പിള്ള, മുഹമ്മദ് പിള്ള എന്നിവരുടെ കൈകളിലൂടെ വികസിച്ചു. പുല്‍തൈലം വിദേശങ്ങളിലേക്ക് കയറ്റിയയക്കുന്ന പ്രമുഖ വ്യാപാരികളായി ഇവര്‍ ഉയര്‍ന്നു. ആലുവാ മുസ്‌ലിംകളുടെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ ഗണ്യമായ സ്വാധീനമുണ്ടായിരുന്ന ഒരു കുടുംബമാണ് മാനാടത്ത്. ആലുവാ മുനിസിപ്പാലിറ്റി പ്രഥമ ചെയര്‍മാന്‍ എം.കെ.ഖാദിര്‍ പിള്ള, പ്രമുഖ കമ്പ്യൂട്ടര്‍ വിദഗ്ധനായ കെ. ജാവീദ് ഹസന്‍ (നെസ്റ്റ് ഗ്രൂപ്പ്) തുടങ്ങിയവര്‍ ഈ കുടുംബാംഗങ്ങളാണ്.
ആലപ്പുഴയില്‍ നിന്ന് വന്ന കാഞ്ഞിരത്തിങ്കല്‍, ആലുവയിലെ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ അറിയപ്പെട്ടിരുന്ന എം.കെ അഹമ്മദുണ്ണിയുടെ മൊക്കത്ത്, വെളിയത്തുനാട് മൂലതറവാടുള്ള മുണ്ടോംപാടത്ത്, ആലുവാ എം.എല്‍.എ ആയിരുന്ന കെ. മുഹമ്മദ് അലിയുടെ കുടുംബമായ ഞറളക്കാട്, മലബാറിലെ വെട്ടത്ത് രാജാവിന്റെ മന്ത്രിയായിരുന്ന മൂപ്പന്‍ കാരണവരുടെ താവഴിയില്‍പെട്ട മൂപ്പന്‍ കുടുംബം, പാരമ്പര്യ ആയുര്‍വേദ ചികിത്സാ വിദഗ്ധരായ കാരോത്തുകുഴി കുടുംബം, പാരിലകത്തൂട്ട് കുടുംബം തുടങ്ങിയവയാണ് മറ്റു മുസ്‌ലിം തറവാടുകള്‍.
ആലുവയിലെ പ്രമുഖ ജുമാമസ്ജിദുകള്‍
ആലുവ പ്രദേശത്ത് ഏറ്റവും പഴക്കമുള്ള പള്ളിയാണ് കല്ലറക്കല്‍ കര്‍ത്താവ് മുസ്്‌ലിംകള്‍ക്കായി പണികഴിപ്പിച്ച് കൊടുത്ത തോട്ടുമുഖം പടിഞ്ഞാറെ പള്ളി. അതിനുശേഷം വന്ന മറ്റ് പ്രധാന ജുമാ മസ്ജിദുകളാണ് ചാറ്റുപാട് കൊച്ചുണ്ണി സ്വാഹിബ് ദാനം ചെയ്ത സ്ഥലത്ത് കൊല്ലവര്‍ഷം 1000-ത്തില്‍ സ്ഥാപിച്ച ആലുവ ടൗണ്‍ ജുമുഅഃ മസ്ജിദ്, ഏകദേശം 200 കൊല്ലം മുമ്പ് വലിയ വീട്ടില്‍ മൂസ ഹാജി നിര്‍മിച്ച തോട്ടുമുഖം കിഴക്കേ പള്ളി, മാഹിന്‍കുട്ടി മേത്തര്‍ വഖ്ഫ് ചെയ്ത സ്ഥലത്ത് ഉദ്ദേശം 200 കൊല്ലം മുമ്പ് സ്ഥാപിതമായ ചൊവ്വര ചുള്ളിക്കാട് ജുമുഅഃ മസ്ജിദ്, ഉദ്ദേശം 150 വര്‍ഷം മുമ്പ് സ്ഥാപിച്ച തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് മസ്ജിദ്, ഉദ്ദേശം 115 കൊല്ലം മുമ്പ് തൊപ്പുകടവ് ബാവയുടെ നേതൃത്വത്തില്‍ നിര്‍മിച്ച തോട്ടക്കാട്ടുകര ജമുഅ മസ്ജിദ്, ചൊവ്വര പടിഞ്ഞാറെ ജുമുഅ മസ്ജിദ്, കൊച്ചിയിലെ വര്‍ത്തകപ്രമാണി അബ്ദുസ്സത്താര്‍ ഹാജി മൂസാ സേട്ട് ഉദ്ദേശം 100 കൊല്ലം മുമ്പ് പെരിയാറിന്റെ തീരത്ത് പണിതീര്‍ത്ത ആലുവ സേട്ടുവിന്റെ പള്ളി, ഉദ്ദേശം 100 കൊല്ലം മുമ്പ് നിര്‍മിച്ച ശ്രീമൂലനഗരം രിഫാഇയ്യ ജുമുഅ മസ്ജിദ്, കുന്നത്തേരി മുസ്‌ലിം ജമാഅത്ത്, വെള്ളാരപ്പിള്ളി ജുമുഅ മസ്ജിദ്, നടുവണ്ണൂര്‍ ജുമുഅത്ത് പള്ളി, ഇടനാട് ജുമുഅത്ത് പള്ളി, പുറയാര്‍ ജുമുഅ മസ്ജിദ്, തുറവുംകര ജുമുഅ മസ്ജിദ്, പറമ്പയം ജുമുഅ മസ്ജിദ്, കാലടി ജുമുഅഃ മസ്ജിദ്, കുടികുത്തുമല ജുമുഅ മസ്ജിദ്, പേങ്ങാട്ടുശ്ശേരി ജുമുഅ മസ്ജിദ്, കുട്ടമശ്ശേരി ജുമുഅ മസ്ജിദ്, കടുപ്പാടം ജുമുഅ മസ്ജിദ്, കുഴിവേലിപ്പടി ജുമുഅ മസ്ജിദ്, 1965-ല്‍ ആലുവ റെയില്‍വേ സ്റ്റേഷനു സമീപം ഹാജി എ. പരീതു പിള്ളയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ സെന്‍ട്രല്‍ ജുമുഅഃ മസ്ജിദ്, ആലുവ ബസ്റ്റാന്റിന് പരിസരത്തുള്ള മസ്ജിദുല്‍ അന്‍സാര്‍, ബൈപാസ് ജംഗ്ഷനിലെ സലഫി മസ്ജിദ്, തായിക്കാട്ടുകര ദാറുസ്സലാം അറഫാ മസ്ജിദ്, എടത്തല മര്‍വ മസ്ജിദ് തുടങ്ങിയവ.
ആദ്യ മലയാള ഖുത്വ്ബ
മലയാളത്തില്‍ ഖുത്വ്ബ അനുവദനീയമാണ് എന്ന് പ്രഖ്യാപിച്ച് കുഞ്ഞുണ്ണിക്കര സ്വദേശി ജലാലിയ അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ പിതാമഹന്‍ ഹൈദര്‍ (ഹൈദ്രു) മുസ്‌ലിയാര്‍ മുന്‍കൈയെടുത്ത് 50 ഓളം പണ്ഡിതന്മാര്‍ ഒപ്പിട്ട ഒരു ഫത്‌വ ഉണ്ടാക്കി. ആലുവയില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച ഫത്‌വയായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിന്റെ പേരില്‍ പള്ളി അടച്ചിടേണ്ടിവരുകയും ചെയ്തു. അവസാനം വെല്ലുവിളികള്‍ മറികടന്ന് ഹൈദ്രു മുസ്്‌ലിയാര്‍ ആലുവ ഇസ്‌ലാമിക് സ്‌കൂളിന് സമീപമുള്ള ജുമാമസ്ജിദില്‍ ഖുത്വ്ബ നടത്തി. അതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റ് വരിക്കുകയും ചെയ്തു. തിരുവിതാംകൂര്‍ പ്രദേശത്ത് നടന്ന ആദ്യ മലയാള ഖുത്വ്ബയായിരുന്നു ഇത്. എറണാകുളം ജില്ലയില്‍ ആദ്യമായി മലയാള ഖുത്വ്ബ നടത്തിയത് കൊച്ചി പുതിയപള്ളിയില്‍ ചേക്കുഞ്ഞി ഹാജിയായിരുന്നു. പിന്നീട് അമ്പതുകളില്‍ എടവനക്കാട് കുഴുപ്പള്ളി മഹല്ല് പള്ളിയില്‍ അബ്ദുല്ല മൗലവി മലയാള ഖുത്വ്ബ നടത്തി. 1952ലാണ് ആലുവയില്‍ മലയാള ഖുത്വ്ബ ആരംഭിക്കുന്നത്.
ആലുവ ജുമാമസ്ജിദില്‍ 21 കൗണ്‍സില്‍ അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നോ നാലോ പേര്‍ മാത്രമാണ് ജമാഅത്ത്, മുജാഹിദ് പ്രവര്‍ത്തകര്‍. സുന്നി ഭൂരിപക്ഷ മഹല്ലായിരുന്നിട്ടുപോലും ജമാഅത്ത് പ്രവര്‍ത്തകനായ താനൂര്‍ സ്വദേശി ബാപ്പു മുസ്‌ലിയാരാണ് 21 വര്‍ഷം തുടര്‍ച്ചയായി ഖുത്വ്ബ നടത്തിയിരുന്നത്. ശേഷം അബ്ദുസ്സലാം മൗലവി, ടി. ആരിഫലി, കെ.ബി അബ്ദുല്ല തുടങ്ങിയ ജമാഅത്ത് നേതാക്കളും ഇവിടെ ഖുത്വ്ബ നടത്തിയിരുന്നു.
ആലുവ - മതസൗഹാര്‍ദത്തിന്റെ പ്രതീകം
മതസൗഹാര്‍ദത്തിന് പേരുകേട്ട പ്രദേശമായിരുന്നു പണ്ടുകാലം മുതലേ ആലുവ. മുസ്‌ലിം ആവിര്‍ഭാവത്തിന് കളമൊരുക്കിയ കല്ലറക്കല്‍ കര്‍ത്താക്കന്മാര്‍ തന്നെയാണ് അതിന് ഉദാത്തമായ മാതൃക. മുസ്‌ലിം സേവകര്‍ക്കായി പള്ളിയും താമസ സ്ഥലവും ഒരുക്കിക്കൊടുക്കുക മാത്രമല്ല, സേവകരായ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് വിവാഹം നടത്തിക്കൊടുക്കുകവരെ ചെയ്തിരുന്നു. ആലുവ പ്രദേശത്തിന്റെ പകുതിയോളം ഭാഗം അന്ന് കര്‍ത്താക്കന്മാരാണ് ഭരിച്ചിരുന്നത്. അവരുടെ കൃഷിഭൂമികളെല്ലാം നോക്കി നടത്തിയിരുന്നത് പഴയകാല മുസ്‌ലിംകളായിരുന്നു.
ആലുവ മണപ്പുറത്തുവെച്ച് നടക്കുന്ന ആലുവ ശിവരാത്രി മഹോത്സവ കച്ചവടക്കാരില്‍ 90 ശതമാനവും മുസ്്‌ലിംകളായിരുന്നു. സന്ദര്‍ശകരായും ധാരാളം മുസ്‌ലികള്‍ എത്തിയിരുന്നു.
മതസൗഹാര്‍ദത്തിന്റെ പ്രതീകമായി ആലുവ ടൗണില്‍ ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവുമായി നിലകൊള്ളുന്ന സേട്ടുപള്ളിയും കൃഷ്ണന്റെ അമ്പലവും സന്തോഷം പകരുന്ന കാഴ്ചയാണ്. ആലുവ ബാങ്കു ജംഗ്ഷനിലാണ് സേട്ടുപള്ളി നിലകൊള്ളുന്നത്. ഈ പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത് കൊച്ചിയിലെ സേട്ടുമാരില്‍ നിന്നാണ്. ഗുജറാത്തിലെ കച്ചില്‍നിന്ന് വന്നവരായിരുന്നു സേട്ടുകുടുംബം. ആലുവ പുഴയുടെ മനോഹാരിത ആസ്വദിക്കുന്നതിനും കുളിച്ചു താമസിക്കുന്നതിനും വേണ്ടി കൊച്ചിയില്‍ നിന്നുള്ള സേട്ടുമാര്‍ ആലുവ പുഴയുടെ തീരത്ത് വീടും ധാരാളം സ്ഥലങ്ങളും വാങ്ങിയിട്ടിരുന്നു. അക്കാലത്ത് നമസ്‌ക്കാരപള്ളിയായി ആലുവയിലുണ്ടായിരുന്നത് ഇസ്്‌ലാമിക് സ്‌കൂളിന് അടുത്തുള്ള ആലുവ ജുമാമസ്ജിദായിരുന്നു. പെരിയാറില്‍ നിന്ന് ഏറെ ദൂരത്ത് സ്ഥിതിചെയ്യുന്ന പ്രസ്തുത പള്ളിയിലേക്ക് നമസ്‌ക്കാരത്തിനായി പോകുന്നതിന്റെ പ്രയാസം മനസ്സിലാക്കി സേട്ടുമാര്‍ക്ക് നമസ്‌ക്കരിക്കുന്നതിന് വേണ്ടി പണിത പള്ളിയാണ് സേട്ടുപള്ളി. അമ്പലത്തിനോട് ചേര്‍ന്ന സ്ഥലത്ത് അമ്പലക്കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്. ഇന്നും പള്ളിയിലെ പ്രഭാഷണങ്ങളും അമ്പലത്തിലെ ഉത്സവങ്ങളും ആലുവക്കാരുടെ മതമൈത്രിയെ സമ്പന്നമാക്കുകയാണ് ചെയ്യുന്നത്.
രാഷ്ട്രീയ സ്വാധീനം
1911-ല്‍ തിരുവിതാംകൂര്‍ പട്ടണമെന്ന നിലയില്‍ ടൗണ്‍ സാനിറ്ററി കൗണ്‍സിലും പിന്നീട് ടൗണ്‍ ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയും ആലുവ ഭരിച്ചു. 1921- ല്‍ മുനിസിപ്പാലിറ്റിയായി. പ്രഥമ നോമിനേറ്റഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ഖാന്‍ സ്വാഹിബ് എം.കെ ഖാദിര്‍ പിള്ളയായിരുന്നു. അന്നുമുതല്‍ ഇന്നോളം തിരുവിതാംകൂര്‍ - കൊച്ചിയില്‍ തന്നെ മുസ്്‌ലിംകള്‍ മാത്രം ജയിച്ചിട്ടുള്ള മണ്ഡലമാണ് ആലുവ. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ എം.എല്‍.സി. ഇടതുപക്ഷ സ്ഥാനാര്‍ഥി എം.എം അബ്ദുല്‍ ഖാദറാണ്. ശേഷം ടി.ഒ.ബാവ, എം.കെ.എ.ഹമീദ്, പി.കെ കുഞ്ഞ്, കെ.മുഹമ്മദാലി, എ.എം യൂസുഫ് തുടങ്ങിയവര്‍ എം.എല്‍.എ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിലെ ആലുവ എം.എല്‍.എ അന്‍വര്‍ സാദാത്താണ്. മന്ത്രിമാരായിരുന്ന ടി.എച്ച് മുസ്ത്വഫയും വി.കെ ഇബ്‌റാഹീം കുഞ്ഞും രാഷ്ട്രീയ രംഗത്ത് പരാമര്‍ശിക്കേണ്ട മറ്റു പ്രമുഖരാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവുന്ന ആദ്യ മുസ്‌ലിം എം.എ പരീത് പിള്ള നീതിന്യായ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
(തുടരും)
Comments