'ആഹാരം നല്ല നാളേക്ക്' കുട്ടികളുടെ കാമ്പയിന്‍ ആരംഭിച്ചു
'ആഹാരം നല്ല നാളേക്ക്' എന്ന തലക്കെട്ടില്‍ മലര്‍വാടി-ടീന്‍ ഇന്ത്യ സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കാമ്പയിന്‍ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. അന്‍വറുദ്ദീന്‍, ജൈവ കര്‍ഷകന്‍ നാരായണന്‍ മാസ്റ്റര്‍, നാടകാചാര്യന്‍ രവി തൈക്കാട്ട്, മലര്‍വാടി-ടീന്‍ ഇന്ത്യ രക്ഷാധികാരി അബ്ബാസ് വി. കൂട്ടില്‍, ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തില്‍ ഫാറൂഖ്, ശാകിര്‍ മൂസ, മുഹമ്മദ് റിയാസ് പങ്കെടുത്തു. ഉദ്ഘാടന പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ച പേഴുങ്കര മോഡല്‍ ഹൈസ്‌കൂളിന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള മലര്‍വാടി പുരസ്‌കാരം കൈമാറി.
പുതിയ തലമുറയുടെ ജീവിത ശൈലികളും ഭക്ഷണശീലങ്ങളും ആശങ്കയുണര്‍ത്തുന്ന പശ്ചാത്തലത്തില്‍ ചുറ്റുപാടുകളില്‍ കാണുന്ന അനാരോഗ്യകരമായ ഭക്ഷണ സംസ്‌കാരത്തിന് തിരുത്ത് കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ആഹാരം നല്ല നാളേക്ക്' കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 2015 ഡിസംബര്‍ 31 വരെ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെയാണ് പ്രചാരണം നടത്തുന്നത്്. നല്ലതും അനുവദനീയവുമായ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന വിഷയം വളരുന്ന തലമുറയെയും അവരിലൂടെ നാടിനെയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമാക്കുന്നത്. ഭക്ഷണത്തിലെ ധൂര്‍ത്തും അമിതോപയോഗവും നിയന്ത്രിക്കുക, ഭക്ഷണ പ്രതിസന്ധിയെ കുറിച്ച് ബോധവത്കരണം നടത്തുക, പോഷകമുക്തമായ ജംഗ് ഫുഡുകളുടെ ആധിക്യം ഒഴിവാക്കുക, മായം വിഷാംശം എന്നിവയെ കുറിച്ച് ബോധവല്‍ക്കരിക്കുക, കീടനാശിനി പ്രയോഗം, അമിത വളപ്രയോഗം എന്നിവ ഒഴിവാക്കിയുള്ള കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാമാണ് പ്രധാനമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഉത്തമ ഭക്ഷണത്തെ കുറിച്ച് പ്രചാരണം നടത്തുക, ദാരിദ്ര്യത്തിനെതിരെ പ്രവര്‍ത്തിക്കുക, ഭക്ഷണ മര്യാദകള്‍ ആര്‍ജ്ജിക്കുക മുതലായവയും കാമ്പയിനിന്റെ ലക്ഷ്യങ്ങളാണ്.
ജൈവ കൃഷിയിടങ്ങളിലൂടെയും ഫാമുകളിലൂടെയും സഞ്ചരിച്ചുള്ള ഫീല്‍ഡ് ട്രിപ്പുകള്‍, നാട്ടുവൈദ്യന്മാര്‍, ഡോക്ടര്‍മാര്‍, പ്രകൃതിചികിത്സകര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍, ജൈവ കര്‍ഷകര്‍ ഇവരുമായെല്ലാം കുട്ടികള്‍ നടത്തുന്ന മുഖാമുഖം, അമ്മമാര്‍ക്കായുള്ള നാടന്‍ പാചക മത്സരം, ഭക്ഷണവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, കുട്ടികള്‍ ഭക്ഷണം വീടുകളില്‍ നിന്ന് കൊണ്ടുവന്ന് പരസ്പരം ഷെയര്‍ ചെയ്ത് കഴിക്കല്‍, കാമ്പയിന്‍ സന്ദേശം ഉള്‍പ്പെടുത്തിയ കത്തും അതോടൊപ്പം വിത്ത് പാക്കറ്റുകളുമായി ഓരോ കുട്ടിയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന 'കത്തും വിത്തും' തുടങ്ങി വ്യത്യസ്ത പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും.
Comments