സാംസ്‌കാരിക ഭൂപടത്തില്‍ എടവനക്കാടിന്റെ ഇടം
എറണാകുളം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന വൈപ്പിന്‍ ദ്വീപില്‍ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് എടവനക്കാട്. കേരളത്തിലെ അറിയപ്പെടുന്ന മുസ്‌ലിം സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാണിത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് അറിയപ്പെടുന്ന ഏറെ മഹദ് വ്യക്തികളെ സംഭാവന ചെയ്യാന്‍ എടവനക്കാടിന് കഴിഞ്ഞിട്ടുണ്ട്. 5 ശതമാനമാണ് വൈപ്പിന്‍ ദ്വീപിലെ മൊത്തം മുസ്‌ലിം ജനസംഖ്യ. ഇതില്‍ പകുതിയിലേറെയും മുസ്‌ലിംകള്‍ എടവനക്കാടാണുള്ളത്.
ക്രി. 1341 ല്‍ പെരിയാറില്‍ ഉണ്ടായ മലവെള്ളപ്പൊക്കത്തില്‍ രൂപം കൊണ്ട വൈപ്പിന്‍കരയുടെ മധ്യഭാഗത്താണ് എടവനക്കാട് വില്ലേജ്. പാട്ടക്കാരും വാരക്കാരുമായ ആളുകള്‍ ഏഴിക്കര, അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കൃഷിയാവശ്യാര്‍ഥം ഈ ദ്വീപിലേക്ക് കുടിയേറി. ഈ കൂട്ടത്തിലാണ് ആദ്യമായി മുസ്‌ലിംകള്‍ ഇവിടെയെത്തുന്നത്.
വളരെ മുമ്പുതന്നെ പുരോഗമനാശയങ്ങള്‍ വേരുപിടിപ്പിക്കുകയും വിപ്ലവകരമായ സംരംഭങ്ങള്‍ നടപ്പിലാക്കുകയും ചെയ്തവരാണ് എടവനക്കാട്ടെ മുസ്‌ലിംകള്‍. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രശസ്തരായ പല വ്യക്തിത്വങ്ങളും എടവനക്കാട്ടുകാരാണ്. കേരളത്തില്‍, സഹകരണമേഖലയില്‍ ഒന്നാം നമ്പറായി രജിസ്റ്റര്‍ ചെയ്ത സര്‍വ്വീസ് സൊസൈറ്റി രൂപീകൃതമായത് വലിയവീട്ടില്‍ അബ്ദുല്‍അസീസ് സാഹിബിന്റെ നേതൃത്വത്തിലാണ്. ആദ്യകാലത്തുതന്നെ പുരോഗമന പ്രസ്ഥാനങ്ങളുടെ വിളിക്കുത്തരം നല്‍കിയ പ്രദേശമാണിത്. പ്രഗത്ഭ പണ്ഡിതനായ വാഴക്കാട് എം.ടി അബ്ദുറഹ്മാന്‍ മൗലവി മുതല്‍ ആരംഭിക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരായ ഇ.വി ആലിക്കുട്ടി മൗലവി, കെ.ടി അബ്ദുറഹീം മൗലവി, എം. ഇബ്‌റാഹീം മൗലവി, എന്‍.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ.എ യൂസുഫ് ഉമരി എന്നിവരിലൂടെ തുടര്‍ന്നുപോന്നു. 1949 ല്‍ സ്ഥാപിക്കപ്പെട്ട ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയുമായും മറ്റ് സമീപ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ജോലിയാവശ്യാര്‍ഥം ഇവിടെ താമസമാക്കിയ ഈ വ്യക്തിത്വങ്ങളായിരുന്നു പഴങ്ങാട് മുഹ്‌യിദ്ദീന്‍ പള്ളിയോടും, പ്രദേശത്തോടും ബന്ധപ്പെട്ട് പരിഷ്‌ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നേതാക്കളിലൊരാളായ മണപ്പാട്ടു കുഞ്ഞുമുഹമ്മദ് ഹാജിയെ പോലുള്ളവരും എടവനക്കാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളായ വി.പി മുഹമ്മദലി സാഹിബ്, ഇസ്സുദ്ദീന്‍ മൗലവി, ഇസ്ഹാഖലി മൗലവി എന്നിവര്‍ എടവനക്കാട്ട് പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. മഹല്ല് സന്ദര്‍ശിക്കുന്ന പുരോഗമന ചിന്താഗതിക്കാരായ പണ്ഡിതന്മാരുമായി സൗഹൃദ ചര്‍ച്ചകള്‍ നടത്താനും പ്രദേശത്തെ പണ്ഡിതന്മാര്‍ ഉത്സുകരായിരുന്നു.
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മലയാളവര്‍ഷം 1071 വൃശ്ചികം 21-ാം തീയതി പള്ളിക്കവലിയവീട്ടില്‍ തറവാട്ടിലെ കാരണവന്മാര്‍ പള്ളിയും, പറങ്കികള്‍ കൊലപ്പെടുത്തിയ ശഹീദ് കുഞ്ഞുമ്മരക്കാറിന്റേതെന്നു കരുതപ്പെടുന്ന ശിരസ്സ് അടക്കം ചെയ്ത മഖ്ബറയുമടക്കം, രണ്ടേക്കറോളം വരുന്ന വസ്തു വകകള്‍ വഖഫ് ചെയ്തതാണ് എടവനക്കാട് ജുമുഅത്ത് പള്ളി.
മുസ്‌ലിം ഐക്യസംഘത്തിന്റെ ആരംഭകാലത്ത്, ജസ്റ്റിസ് അബ്ദുല്‍ ഗഫൂറിന്റെ പിതാമഹന്‍ കോട്ടത്തറ കുഞ്ഞുമരക്കാര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ 40 പേര്‍ ഒപ്പിട്ട അനുകൂല ഫത്‌വയുടെ അടിസ്ഥാനത്തില്‍ മലയാളത്തില്‍ ഖുത്വ്ബ ആരംഭിച്ച പള്ളികളിലൊന്നാണിത്. ആദ്യകാലത്ത് നുബാത്തി ഖുത്വ്ബയുടെ നേര്‍ പരിഭാഷ മിമ്പറില്‍ പ്രസംഗിക്കുന്ന രീതിയായിരുന്നു. കോയാഹമ്മദ് ഹാജിക്കുശേഷം പള്ളി ഇമാമായ അഴിക്കോട് പി.എ. മുഹമ്മദ് മൗലവിയുടെ കാലത്ത് നുബാത്തി ഖുത്വ്ബ ഒഴിവാക്കി സ്വതന്ത്ര ഖുത്വ്ബ നടത്തുന്ന രീതി നിലവില്‍വന്നു. പിന്നീട് ഇമാമായ പാണാവള്ളി മുഹമ്മദ് മൗലവിയുടെ കാലത്ത് മലയാളപ്രസംഗത്തിനുശേഷം നുബാത്തി ഖുത്വ്ബ പാരായണം പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. പള്ളിയില്‍ നടന്നുവന്ന ദര്‍സ് കുഞ്ഞുമ്മരക്കാര്‍ മുസ്‌ലിയാരെ പോലുള്ള പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് പ്രശസ്തമായിരുന്നു. എന്നാല്‍ 'ഫലാഹിയ്യ' എന്ന മദ്‌റസയിലേക്ക് പിന്നീട് ദര്‍സ് മാറ്റുകയുണ്ടായി. ജാറത്തോടനുബന്ധിച്ച് നടക്കാറുണ്ടായിരുന്ന 'ചന്ദനക്കുടം' നേര്‍ച്ചയില്‍ നിന്ന് മഹല്ല് ഇമാമായിരുന്ന സ്വാലിഹ് മുഹമ്മദ് മുസ്‌ലിയാരെ പോലുള്ള പണ്ഡിതന്മാര്‍ ഒരു ഘട്ടത്തില്‍ വിട്ടുനില്‍ക്കാനുള്ള തന്റേടം കാട്ടിയിരുന്നുവത്രെ!
ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സഭ: എടവനക്കാടിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സഭ. പഴങ്ങാട് മുഹ്‌യിദ്ദീന്‍ പള്ളി ദര്‍സിലെ പഠനം അധ്യാപകന്റെ അഭാവത്തെ തുടര്‍ന്ന് ശോചനീയമായി തീരുകയും, ഇസ്‌ലാമിക വിരുദ്ധാശയങ്ങള്‍ക്ക് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന സന്നിഗ്ധ ഘട്ടത്തില്‍ ദീനീസ്‌നേഹികളായ ഏതാനും വ്യക്തികളുടെ ശ്രമത്തിന്റെ ഫലമായിരുന്നു ഈ സംരംഭം. പ്രസ്ഥാന പ്രവര്‍ത്തകനായ കിഴക്കേവീട്ടില്‍ മൂസ മൗലവിയുടെ ചിന്തയില്‍ രൂപംകൊണ്ട സംഘടനയുടെ പ്രഥമയോഗം കിഴക്കേവീട്ടില്‍ കുഞ്ഞുമുഹമ്മദ് ഹാജി, കെ.മൂസമൗലവി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും ചെയ്തു. കിഴക്കേവീട്ടില്‍ ഖാദര്‍ഹാജി വഖഫ് ചെയ്ത സ്ഥലത്ത് രണ്ട് ഡിവിഷനുള്ള മദ്രസയായിരുന്നു ഇതിന്റെ ആദ്യത്തെ സംരംഭം. ഈ മദ്‌റസ അതിന്റെ തനിമകൊണ്ടും കാര്യശേഷിയുള്ള പണ്ഡിതന്മാരുടെ സാന്നിധ്യംകൊണ്ടും കേരളത്തിലുടനീളം പ്രശസ്തമായിത്തീരുകയുണ്ടായി. കേരളത്തിലെ തന്നെ ഏറ്റവും മുന്‍നിര മദ്‌റസകളിലൊന്നായിരുന്നു ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ.
ഭൗതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കികൊണ്ട് അന്ന് 45 വര്‍ഷത്തെ പഴക്കമുള്ളതും വടക്കേവീട്ടില്‍ കൊച്ചുണ്ണിഹാജിമുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതുമായ ഹിദായത്തുല്‍ ഇസ്‌ലാം എല്‍.പി സ്‌കൂള്‍ സഭ ഏറ്റെടുത്തു. സഭയുടെ തുടക്കം മുതല്‍ 38 വര്‍ഷത്തോളം മര്‍ഹും കെ.കെ കുഞ്ഞുമുഹമ്മദ് ഹാജിതന്നെയായിരുന്നു പ്രസിഡന്റും മാനേജറും. മൂസമൗലവിക്കുശേഷം സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത വടക്കേവീട്ടില്‍ അബ്ദുക്കുഞ്ഞി സാഹിബ് വര്‍ഷങ്ങളോളം തുടര്‍ച്ചയായി സെക്രട്ടറിയായിരുന്നു.
ഹിദായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളിനോട് ചേര്‍ന്നുകിടക്കുന്നതും ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സഭയുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തട്ടകമായി തീരുകയും ചെയ്ത കേന്ദ്രമാണ് പഴങ്ങാട് മുഹ്‌യിദ്ദീന്‍ പള്ളി. എടവനക്കാട്, നായരമ്പലം മഹല്ല് ജമാഅത്ത് പള്ളികള്‍ കഴിഞ്ഞാല്‍ പ്രാധാന്യമേറിയ ഈ പള്ളി എടവനക്കാടിന്റെ മതപരവും സാമൂഹികവുമായ ഉയര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സകാത്ത്-ഫിത്വ്ര്‍ സകാത്തും ഉദ്ഹിയ്യത്തും ആസൂത്രിതമായി ശേഖരിച്ച് വിതരണം നടത്തുന്നതില്‍ ആദ്യ ചുവടുവെയ്പ്പുകള്‍ നടന്നത് ഈ പള്ളി കേന്ദ്രീകരിച്ചായിരുന്നു. മുസ്‌ലിം കേരളത്തിന്റെ പൊതു അവസ്ഥക്ക് ഭിന്നമായി 40 കൊല്ലങ്ങള്‍ക്ക് മുമ്പുതന്നെ പെരുന്നാള്‍ ഈദ്ഗാഹ് സംഘടിപ്പിച്ച പള്ളിയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ആരംഭകാലം മുതല്‍ സ്ത്രീകള്‍ക്ക് നമസ്‌കാരസൗകര്യം ഒരുക്കിയിരുന്ന അപൂര്‍വ്വം പള്ളികളിലൊന്നായിരുന്നു ഇത്.
കൊല്ലവര്‍ഷം 1112 ല്‍ നിലച്ച ദര്‍സ് വീണ്ടും പുനരാരംഭിക്കുവാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും അതു തുടരുകയുണ്ടായില്ല. അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ നായരമ്പലം ജുമുഅത്ത് പള്ളി ദര്‍സിലേക്ക് മാറുകയായിരുന്നു.
ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിക്കപ്പെട്ടതും ഇപ്പോള്‍ പുതുക്കിപ്പണിതതുമായ നായരമ്പലം ജുമാമസ്ജിദ് മേഖലയിലെ പ്രധാന പള്ളിയാണ്. വൈപ്പിന്‍ ദ്വീപിലെ ഞാറക്കല്‍ വരെയുള്ള മുസ്‌ലിംകളെ ഉള്‍ക്കൊള്ളാവുന്ന ഈ മഹല്ല് പ്രശസ്ത പണ്ഡിതന്‍ ക്ലാപ്പന മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കിയിരുന്ന ദര്‍സ് വഴി പ്രസിദ്ധമായിരുന്നു. അതിന്മുന്‍പ് കുഞ്ഞമ്മരക്കാര്‍ മുസ്‌ലിയാരുടെ നേതൃത്വം മഹല്ലിന് ലഭിക്കുകയുണ്ടായി. കാട്ടുപറമ്പില്‍ കുഞ്ഞുമ്മരക്കാര്‍ ഏറെക്കാലം പള്ളിയുടെ മുതവല്ലിയായിരുന്നു.
നൂറുല്‍ ഇസ്‌ലാം എന്ന പേരില്‍ മഹല്ലിന് കീഴില്‍ ആരംഭിച്ച ട്രസ്റ്റ് ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
പള്ളികള്‍ മദ്‌റസകള്‍: നായരമ്പലം പാലം, പള്ളത്താംകുളങ്ങര എന്നീ ബസ്‌റ്റോപ്പുകള്‍ക്കിടയില്‍ രണ്ടുകിലോമീറ്റര്‍ പോലും വീതിയില്ലാത്ത ഒരു ഭൂപ്രദേശത്ത് ചെറുതും വലുതുമായ പത്തോളം മസ്ജിദുകളുണ്ട്. ഈ പള്ളികളുമായി ബന്ധപ്പെട്ടുകൊണ്ട് ഒമ്പത് മദ്‌റസകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
അല്ലജ്‌നത്തുല്‍ ഇസ്‌ലാമിയ ലിബൈത്തില്‍മാല്‍: ഇസ്‌ലാമിലെ സക്കാത്തിന്റെ പ്രാധാന്യവും അതുവഴിയുണ്ടാകാവുന്ന വിപ്ലവകരമായ മാറ്റങ്ങളും സംബന്ധിച്ചുണ്ടായ അവബോധത്തിന്റെ പ്രതിഫലനമാണ് മര്‍ഹും അലിക്കുഞ്ഞി മാസ്റ്ററുടെ താല്‍പര്യത്തില്‍ രൂപീകൃതമായ അല്ലജ്‌നത്തുല്‍ ഇസ്‌ലാമിയ ലി ബൈത്തില്‍മാല്‍. കിഴക്കേവീട്ടില്‍ കെ.എം അബ്ദുല്ലഹാജി, പി.എ മുഹമ്മദ് സാഹിബ് എന്നിവരുടെ ഉത്സാഹവും സഹകരണവും, അസാധ്യമെന്നു കരുതിയ ഒരു സംരംഭം സാധ്യമാക്കുകയായിരുന്നു. ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥയുടെ സദ്ഫലങ്ങള്‍ സമൂഹത്തിന് ലഭ്യമാക്കാന്‍ സംഘടനക്ക് കഴിഞ്ഞു. 45 കൊല്ലത്തിന് മുമ്പ് തുടങ്ങി വെച്ച ഫിത്വ്ര്‍ സകാത്ത് സംഭരണവും വിതരണവും ഇപ്പോള്‍ ഈ സംഘത്തിന്റെ കീഴിലാണ് നടക്കുന്നത്.
സാമ്പത്തികമായ ഉയര്‍ച്ച വിദ്യാഭ്യാസപരമായ പുരോഗതിയില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അമ്പതുകളിലും അറുപതുകളിലും കോഴിക്കോട് ഫാറൂഖ് കോളേജിലും മറ്റും ഉന്നത പഠനത്തിനു മക്കളെ ചേര്‍ക്കുന്ന രീതി ഇവിടെ സാധാരണമായിരുന്നു മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരേ പ്രാധാന്യത്തോടെ നേടുവാനുള്ള അവസരം ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്രസയുടെ സാന്നിധ്യം കൊണ്ട് എടവനക്കാട്ടുകാര്‍ക്കു ലഭിച്ചു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ജോലിക്കാരായ ഒരു വലിയ വിഭാഗത്തിന്റെ സാന്നിധ്യം ദ്വീപില്‍ ഈ പ്രദേശത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ കാരണം കൊണ്ട് 'എടവനക്കാട്' എന്ന നാമം മുസ്‌ലിം കേരളത്തില്‍ മുമ്പേതന്നെ പ്രശസ്തമായിരുന്നു. ഡോ. വി.എ. സൈതുമുഹമ്മദ്, ഡോ സി.കെ കരീം, ഡോ എന്‍.എ കരീം, ഡോ കെ.എം അബൂബക്കര്‍ (സിജി) എന്നീ നാമങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന് എടവനക്കാടിന്റെ സംഭാവനയായിരുന്നു.
ഇസ്‌ലാമിക കള്‍ച്ചറല്‍ അസോസിയേഷന്‍ (ഐ.സി.എ) ഈ പ്രദേശത്തിന്റെ ഇസ്‌ലാമികവത്കരണത്തിനുള്ള മറ്റൊരു സംരംഭമാണ്. നിരവധിയാളുകളുടെ പാര്‍പ്പിട പ്രശ്‌നമുള്‍പ്പെടെ പരിഹരിച്ചുകൊണ്ട് സാമൂഹിക സേവനരംഗത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് രംഗത്തുവന്ന ഈ സംഘടനയുടെ കീഴില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയും പ്രവര്‍ത്തിക്കുന്നു.
നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റ്: എടവനക്കാട് ഇല്ലത്തുലൈന്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 1986-ല്‍ രൂപീകൃതമായ സംരംഭമാണ് നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റ്. 1986-ല്‍ ആരംഭിച്ച പലിശ രഹിതനിധി പിന്നീട് പ്രദേശത്ത് രൂപീകൃതമായ മറ്റു പലിശരഹിത സംരംഭങ്ങളുടെ വഴികാട്ടിയായി.
ഇല്ലത്തുപടിയില്‍ കക്കാട്ട് ഇബ്രാഹിം ഹാജി പണിത് പരിപാലിച്ചിരുന്ന മസ്ജിദുന്നൂര്‍ ഏറ്റെടുക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്തു. മദ്‌റസത്തുന്നജാത്ത്, കാരുണ്യഭവന്‍ ഓര്‍ഫനേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനോടൊപ്പം ഇസ്‌ലാമിക വിദ്യാഭ്യാസവും ലക്ഷ്യം വെച്ച് സ്ഥാപിച്ച ഗ്രേയ്‌സ് പബ്ലിക് സ്‌കൂള്‍, തണല്‍ പാലിയേറ്റീവ് കെയര്‍, തഹ്ഫീദുല്‍ ഖുര്‍ആന്‍ മദ്‌റസ, കോളേജ് ഔഫ് ഖുര്‍ആന്‍ എന്നിവ ഉള്‍പ്പെടെ 14 സ്ഥാപനങ്ങള്‍ പ്രദേശത്തുണ്ട്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന തഫ്ഹീമുല്‍ ഖുര്‍ആന്‍ മദ്‌റസയില്‍ നിന്നും നാട്ടുകാരുള്‍െപ്പടെ 20-ലേറെ വിദ്യാര്‍ഥികള്‍ ഹാഫിളുകളായി കഴിഞ്ഞു.
Comments