മനുഷ്യാവകാശ ദിനവും പ്രവാചകനും
ഡിസംബര്‍ 10, ലോക മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്രസഭ 1948 മുതല്‍ ആചരിച്ചു വരുന്നുണ്ട്. മനുഷ്യന്റെ അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും, ഓരോ മനുഷ്യനും ലഭിക്കേണ്ട അവകാശങ്ങളുമൊക്കെയാണ് പ്രസ്തുത ദിനത്തില്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യനെ മനുഷ്യനായി കാണാന്‍ തയാറാവാതെ, അവന്റെ അവകാശങ്ങള്‍ ധ്വംസിച്ച്, ജീവനോടെ ചുട്ടെരിക്കുന്ന അധികാരികളുടെയും ഭരണകൂടത്തിന്റെയും സഹജീവികളുടെയും ലോകത്താണ് മറ്റൊരു മനുഷ്യാവകാശ ദിനം കൂടി കടന്നു വരുന്നത്. അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന കാര്യത്തില്‍ മനുഷ്യരെ തുല്യരായി കാണാന്‍ പുതിയ ലോകത്തിന് സാധിക്കുന്നില്ല. വര്‍ഗ-വര്‍ണ വിവേചനങ്ങള്‍ ലോകത്ത് പെരുകുന്നു. ലോകത്തെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാഷ്ട്രമെന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന ഭാരതത്തിലാണ് താഴ്ന്ന ജാതിക്കാരായതിന്റെ പേരില്‍ മനുഷ്യനെ ജീവനോടെ കത്തിക്കുകയും, കാഷ്ഠം ഭക്ഷിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്. മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യവും സംരക്ഷണവും ലഭിക്കുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ കേവലം വാക്കുകളിലും ഭരണഘടനകളിലുമായൊതുങ്ങുന്നു. പ്രയോഗതലത്തിലെത്തുമ്പോള്‍ അതിന് മറ്റൊരു രൂപം കൈവരുന്നു. ഇവിടെയാണ് പ്രവാചകന്‍ (സ) മുന്നോട്ട് വെച്ച മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ക്കും മാനവികതക്കും പ്രസക്തിയേറുന്നത്.
ഹിജ്‌റ പത്താം വര്‍ഷം അറഫാ മൈതാനിയില്‍ വെച്ച് തന്റെ ദൗത്യത്തിന് പരിസമാപ്തി കുറിച്ചതായി അറിയിച്ച് അവിടുന്ന് നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനമായിരുന്നു. 'ഒരു മനുഷ്യന്റെ സ്വത്ത്, ശരീരം, അഭിമാനം എന്നിവ അപരന് നിഷിദ്ധമാണെന്നും, തന്റെ കാലശേഷം ഭിന്നിപ്പും അശാന്തിയും ഉടലെടുക്കുമ്പോള്‍ നിങ്ങള്‍ എന്റെയും അനുയായികളുടേയും മാര്‍ഗ്ഗത്തില്‍ ഉറച്ചു നില്‍ക്കണ'മെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിടവാങ്ങല്‍ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇതായിരുന്നു: ''ഓ ജനങ്ങളേ, നിങ്ങളഖിലവും ആദമില്‍ നിന്നാണ്, ആദമാകട്ടെ മണ്ണില്‍ നിന്നും. അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയും ഇല്ല തന്നെ. സമൂഹത്തില്‍ കാട്ടുതീ പോലെ പടരുന്ന വര്‍ഗ-വര്‍ണ വിവേചനങ്ങളെ പൂര്‍ണ്ണമായും അണക്കുകയായിരുന്നു ആ പ്രഖ്യാപനത്തിലൂടെ നബി (സ).
''ഓ ജനങ്ങളേ, നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വ്യത്യസ്ത കൂടുംബങ്ങളും ഗോത്രങ്ങളുമാക്കി മാറ്റിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്'' എന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തെ ആധാരമാക്കി സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും അതുല്യ മാതൃകകള്‍ അവിടെ സൃഷ്ടിക്കപ്പെടുകയായിരുന്നു. കറുത്ത് വിരൂപനായ ബിലാലി(റ)നെയും, പുരുഷ സൗന്ദര്യത്തിന്റെ വെള്ളിത്തേരേറിയ സല്‍മാനുല്‍ ഫാരിസി(റ)നേയും ഒരേ പാത്രത്തില്‍ ഭക്ഷണം കഴിപ്പിച്ചതിലൂടെ സമത്വ ഭാവനയുടെ അതുല്യ മാതൃക അദ്ദേഹം കാഴ്ചവെക്കുകയായിരുന്നു.
സമൂഹത്തിന്റെ ഏത് മേഖലയില്‍ കഴിയുന്നവര്‍ക്കും, അവര്‍ക്ക് വേണ്ട അവകാശങ്ങള്‍ വകവെച്ച് കൊടുത്തതിലൂടെ പ്രവാചകന്‍ (സ) അവരുടെ ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. അനീതിയുടെയും ഇരട്ട നീതിയുടെയും കാലത്ത്, നീതി പീഠങ്ങളില്‍ പോലും നൈതിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കുമ്പോള്‍ പ്രവാചകന്‍(സ) കാണിച്ച നീതിയും ധര്‍മ്മബോധവും ഉറക്കെ ഉദ്‌ഘോഷിക്കപ്പെടേണ്ടതുണ്ട്. പ്രവാചകന്റെ കാലത്ത്, കുലീന കുടുംബത്തില്‍ പെട്ട മഖ്‌സൂം വനിത മോഷ്ടിച്ച സംഭവം ചരിത്രത്തില്‍ കാണാം. മോഷണം നടത്തിയ പെണ്ണിനെ തൊണ്ടി സഹിതം പിടികൂടി നബിയുടെ മുന്നിലെത്തിച്ചു. കുറ്റം ബോധ്യപ്പെട്ട നബി(സ) അവള്‍ക്ക് ശിക്ഷ വിധിച്ചു. മോഷ്ടിച്ചാല്‍ കൈ മുറിച്ചു മാറ്റുക എന്നതാണ് ഇസ്‌ലാമിക നിയമം. ഇത് മഖ്‌സൂം കുടുംബത്തിന് അപമാനമാണെന്ന് മനസ്സിലാക്കി കുടുംബക്കാര്‍, നബി (സ) യുടെ അടുത്ത് ഏറെ സ്വാധീനമുണ്ടായിരുന്ന ഉസാമത്ത്ബ്‌നു സൈദിനെ ശിക്ഷയില്‍ ഇളവ് ലഭ്യമാക്കാന്‍ ശിപാര്‍ശക്കായി പറഞ്ഞയച്ചു. ഉസാമത്ത്ബ്‌നു സൈദ് കാര്യം പറഞ്ഞപ്പോള്‍ പ്രവാചകന്റെ മുഖം വിവര്‍ണ്ണമായി, ശബ്ദം പരുഷമായി.. കണ്ണുകള്‍ ചുവന്നു കലങ്ങി. പിന്നെ ചോദിച്ചു: ''എന്ത്, ഇളവോ? അല്ലാഹു നിശ്ചയിച്ച ശിക്ഷയിലാണോ നീ ഇളവ് ചോദിക്കുന്നത്?. ഇത് തന്നെയായിരുന്നു പണ്ട് ഇസ്രായേലികളും ചെയ്തത്. പണക്കാര്‍ തെറ്റ് ചെയ്താല്‍ അതിന്റെ നേരെ അവര്‍ കണ്ണടക്കും. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കുമല്ലേ ഇവിടെ അഭിമാനമുള്ളൂ..'' ശേഷം പ്രവാചകന്‍ പ്രഖ്യാപിച്ചു: അല്ലാഹുവാണ, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കൈ മുറിച്ചു മാറ്റി, ശിക്ഷ നടപ്പിലാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.'' ഫാത്വിമ തന്റെ കരളിന്റെ കഷ്ണമാണ് എന്ന് പറയുമ്പോഴും പതറിച്ച കൂടാതെ അത്തരമൊരു പ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത്, നൈതിക ബോധം കൊണ്ടായിരുന്നു.
നീതി മനുഷ്യാവകാശങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അപ്പോള്‍, നീതി നിഷേധിക്കപ്പെടുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനവുമായി മാറുന്നു. നീതി നിഷേധം ഇന്ന് സാര്‍വ്വത്രികമായിക്കഴിഞ്ഞിരിക്കുന്നു. മൗലികാവകാശമായ നീതി നിഷേധിക്കപ്പെട്ട്, വിചാരണാ തടവുകാരായും മറ്റും രാജ്യത്തിന്റെ വിവിധ ജയിലറകളില്‍ കഴിയുന്ന ലക്ഷക്കണക്കിനാളുകള്‍ ഉണ്ട്. ഓരോ മനുഷ്യാവകാശ ദിനം വരുമ്പോഴും തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടി ശബ്ദിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷെ, അവരുടെ ശബ്ദം പുറംലോകത്തെത്തുന്നില്ല. നീതിയുടെ വെളിച്ചപ്പൊട്ട് തേടി അവര്‍ കാത്തിരിക്കുകയാണ്. പക്ഷെ, ആ കാത്തിരിപ്പ് പലരുടേയും അന്ത്യം വരെ നീളുന്നു. ഇവിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വേണ്ടുവോളമുണ്ട്, മനുഷ്യാവകാശ സംഘടനകളും കുറവല്ല. അപ്പോഴും, മനുഷ്യാവകാശം പലര്‍ക്കും മരീചികയാവുന്നു.
Comments