Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

കൊടുങ്ങല്ലൂര്‍: മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രം

ഡോ. പി.എ മുഹമ്മദ് സഈദ് /കവര്‍‌സ്റ്റോറി

         മുസ്‌രിസ് എന്ന പേരില്‍ വിഖ്യാതമായ കൊടുങ്ങല്ലൂര്‍ ഇന്ന് ചരിത്രത്തില്‍ ഒരു അനുബന്ധം മാത്രമായി അവശേഷിച്ചിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ കേരള സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടിലായിരുന്നു. ബി.സി 1400-ല്‍ പോലും കൊടുങ്ങല്ലൂര്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധത്തെ നിയന്ത്രിച്ചിരുന്ന ചടുലമായ വാണിജ്യ കേന്ദ്രമായിരുന്നു. പ്രസിദ്ധ പ്രാചീന ചരിത്രകാരനായ പ്രീനി മുസ്‌രിസിനെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് പ്രൈമം ഇമോറിയം ഇന്‍ഡെ (ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം) എന്നാണ്.

ഫിനീഷ്യക്കാര്‍, ഗ്രീക്കുകാര്‍, അറബികള്‍, പേര്‍ഷ്യക്കാര്‍, ചൈനക്കാര്‍ തുടങ്ങിയവര്‍ കച്ചവടത്തിനായി മുസ്‌രിസില്‍ എത്തിയിരുന്നു. മുസ്‌രിസിന്റെ പ്രാചീനത തെളിയിക്കാന്‍ 'മുച്‌രി പത്തനം' എന്ന വാല്‍മീകി രാമായണത്തിലെ പരാമര്‍ശം തന്നെ ധാരാളം മതി. അഗസ്റ്റി സീസര്‍ കൊടുങ്ങല്ലൂരില്‍ ഒരു ക്ഷേത്രം നിര്‍മിക്കുകയും, തന്റെ രണ്ട് കോഹോട്ട് (ഇരുന്നൂറ് പട്ടാളക്കാര്‍ അടങ്ങുന്ന ബറ്റാലിയനാണ് ഒരു കോഹോട്ട്) പടയാളികളെ കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കാവല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. എ.ഡി 62-ല്‍ സെന്റ് തോമസ് കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നു. സീസര്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ ജറൂസലമില്‍ നടന്ന ജൂതന്മാരുടെ വംശീയ ഉന്മൂലനത്തില്‍ നിന്ന് അവര്‍ ഓടി രക്ഷപ്പെട്ടുപോന്നത് എ.ഡി. 69-ല്‍ കൊടുങ്ങല്ലൂരിലേക്കാണ്. അനീതിക്കെതിരെ പ്രതിഷേധത്തിന്റെ പ്രതീകമായ ചിലപ്പതികാരത്തിലെ കണ്ണകിയുടെ വലിച്ചെറിഞ്ഞ വള വന്നുവീണത് കൊടുങ്ങല്ലൂരിലാണെന്നത് ഒരു ഐതിഹ്യമായി ഇന്നും ബാക്കി നില്‍ക്കുന്നു.

ഈ പുരാതന നഗരിയിലെ സസ്യമൃഗാദികളിലും രത്‌നങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ആകൃഷ്ടരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ബി.സി 800-ന് മുമ്പ് പോലും ചൈനയിലെയും അറേബ്യയിലെയും നാവികര്‍ മണ്‍സൂണ്‍ കാറ്റുകളെ ആശ്രയിച്ചുള്ള കച്ചവടയാത്രകളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിവുള്ളവരായിരുന്നതിനാല്‍ അവരിവിടെ സ്ഥിരമായി വന്നുപോയിക്കൊണ്ടിരുന്നതിന് ചരിത്രരേഖകള്‍ ഉണ്ട്. ബി.സി 700-ന്റെ ആദ്യശതകങ്ങളില്‍ ഇന്ത്യയിലെ കച്ചവടക്കാര്‍ മണ്‍സൂണ്‍ പാതകള്‍ ഉപയോഗിച്ച് ബാബിലോണിയയിലേക്കും മറ്റും പോയതായി നമുക്കറിയാം. കേരളത്തില്‍ നിന്നുള്ള തേക്കുമരം മെസപൊട്ടോമിയയിലെ 'മൂണ്‍ അതൂര്‍' ക്ഷേത്രത്തിലും, ബി.സി അഞ്ചാം നൂറ്റാണ്ടിലെ പ്രമുഖ ചക്രവര്‍ത്തിയായിരുന്ന നബ്ക്കസ് നസറിന്റെ കൊട്ടാരത്തിലും നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. 

ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. തമിഴ് ഭാഷയിലെ ഒരുപാട് വാക്കുകള്‍ ഇംഗ്ലീഷിലേക്കും യൂറോപ്യന്‍ ഭാഷകളിലേക്കും കടമെടുത്തതിന്റെ പിന്തുടര്‍ച്ച ശബ്‌ദോല്‍പത്തി ശാസ്ത്രജ്ഞര്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. കര്‍പ്പൂരം കാര്‍പിയോയും ഇഞ്ചി ജിഞ്ചറും ആയി മാറിയത് അങ്ങനെയാണ്. അരി, അരിശ് എന്ന തമിഴ് വാക്കാണ് ഗ്രീക്കില്‍ ഒറീസിയായി മാറുന്നതും അത് പിന്നീട് റൈസ് ആയി മാറിയതും. ഇത് ഭാഷയിലുണ്ടായിരുന്ന വ്യത്യാസങ്ങളാണ് കാണിക്കുന്നത്. ഏദന്‍ സെക്രോട്ട ദ്വീപിലും അറേബ്യയിലും കേരളത്തിന്റെ കോളനികള്‍ ഉള്ളതായി വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ നായന്മാരും അറേബ്യയിലെ ചില ഗോത്ര വര്‍ഗക്കാരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം, പ്രത്യേകിച്ച് മരുമക്കത്തായം പോലുള്ള ബന്ധങ്ങളെപ്പറ്റി അതില്‍ സൂചിപ്പിക്കുന്നുണ്ട്. ബി.സി 900-ലാണ് കേരളത്തില്‍ നിന്നുള്ള സുഗന്ധദ്രവ്യങ്ങള്‍ ഷീബ രാജ്ഞി സോളമന്‍ രാജാവിന് കൊടുത്തയച്ചതെന്ന് ജൂതന്മാരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. വിശ്വസനീയമായ ചരിത്രരേഖകളുടെ അഭാവം കേരള ചരിത്രത്തെ കെട്ടകഥകളുടെ ഒരു ഭാണ്ഡക്കെട്ടായി മാറ്റിയിട്ടുണ്ട്. അക്കാലത്ത് നിലനിന്നിരുന്ന പോരാട്ടങ്ങള്‍ അവസാനം പെരുമാക്കന്മാരെന്ന നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന ഭരണാധികാരികളെ തെരഞ്ഞെടുപ്പിലൂടെ അവരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാളിന്റെ സ്ഥാനത്യാഗത്തിനു ശേഷമുള്ള കേരള രാഷ്ട്രീയ ചരിത്രത്തിന് കുറച്ചുകൂടി വ്യക്തത നല്‍കുന്നുണ്ട്. 1498-ല്‍ കോഴിക്കോടിനടുത്തുള്ള കാപ്പാട്ട് വാസ്‌കോഡിഗാമ കപ്പലിറങ്ങിയതോടെയാണ് യൂറോപ്യന്‍ കാലഘട്ടം ആരംഭിക്കുന്നത്. 1768-ലെ ഹൈദരാലി-ടിപ്പുമാരുടെ മലബാര്‍ ആക്രമണം കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ ദിശ നിശ്ചയിക്കുന്നതില്‍ വളരെയധികം സ്വാധീനം ചെലുത്തുകയുണ്ടായി. ടിപ്പുവിന്റെ ഭരണം കേരളത്തില്‍ ആറേഴ് കൊല്ലം മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും സാധാരണക്കാരന്റെ അസ്തിത്വത്തിന്റെ പുനര്‍നിര്‍മാണവും, അധികാര ശ്രേണിയിലേക്കുള്ള ദീര്‍ഘവും ദുഷ്‌കരവുമായ പാതയിലേക്കുള്ള അവരുടെ പ്രയാണവും ആരംഭിക്കുന്നതും അവിടെ നിന്നാണ്. ഒരുപക്ഷേ, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേരോട്ടത്തിന് കാരണം ടിപ്പുസുല്‍ത്താനാണ് എന്നുവരെ പറയാനാവും.

1792-ലെ മൈസൂരിന്റെ പതനം ഇന്ത്യയെ പൂര്‍ണ കോളനി ഭരണത്തിന്റെ കൈകളിലെത്തിക്കുകയും കേരളത്തെ വീണ്ടും സാമൂഹികവും സാമ്പത്തികവുമായ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നതായിരുന്നു. അതിനെത്തുടര്‍ന്ന് ഒരു നൂറ്റാണ്ടിനു ശേഷം 'കേരളം ഭ്രാന്താലയമാണെ'ന്ന സ്വാമി വിവേകാനന്ദന്റെ പ്രസിദ്ധ നിരീക്ഷണത്തിനു നാം സാക്ഷിയായി. 1798-ലെ ടിപ്പുവിന്റെ പതനത്തിനും, 1921-ലെ മലബാര്‍ കലാപത്തിനും ഇടയിലുള്ള 125 കൊല്ലത്തിനിടയില്‍ 30-ലേറെ പ്രധാനപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ കാര്‍ഷിക കലാപങ്ങള്‍ നടന്നിട്ടുണ്ട്. മലബാറിലുള്ള ഒരുപാട് ശുഹദാക്കളുടെ ജാറങ്ങള്‍ ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി മരിച്ചവരുടേതാണ്. ഇത് നാം അന്ന് മതത്തിന്റെ ഭാഗമാക്കി മാറ്റുകയും സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. 1500 മുതല്‍ (പോര്‍ച്ചുഗീസുകാര്‍ വന്നതു മുതല്‍) ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധമായും അല്ലാതെയുമുള്ള നിരന്തരമായ പ്രതികരണങ്ങള്‍ മുസ്‌ലിംകള്‍ നടത്തിയതൊന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്നുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ചരിത്രകാരന്മാര്‍ ആ വശത്തേക്കുകൂടി നോക്കേണ്ടതുണ്ട്.

കൊടുങ്ങല്ലൂരിന് കേരള മുസ്‌ലിം ചരിത്രത്തില്‍ അത്യപൂര്‍വ സ്ഥാനമാണുള്ളത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം കൊടുങ്ങല്ലൂരിലായത് ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ്. സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊടുങ്ങല്ലൂരിലെ മുസ്‌ലിം നേതൃത്വങ്ങളായിരുന്നു ഏറെ മുന്നില്‍. അവരുടെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും സത്യസന്ധതയും അതുല്യവും മാതൃകായോഗ്യവുമായിരുന്നു. 1921-ലെ മലബാര്‍ സമരത്തെത്തുടര്‍ന്ന് ഉല്‍പതിഷ്ണുക്കളായ മതപണ്ഡിതര്‍ ബ്രിട്ടീഷുകാരുടെ പീഡനം മൂലം മലബാറില്‍ നിന്ന് പലായനം ചെയ്തപ്പോള്‍ അവര്‍ക്ക് അഭയം നല്‍കിയത് കൊടുങ്ങല്ലൂരായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ കേരള മുസ്‌ലിം ഐക്യസംഘമെന്ന നവോത്ഥാന പ്രസ്ഥാനത്തിന് ജന്മം നല്‍കാന്‍ കൊടുങ്ങല്ലൂരിലെ മുസ്‌ലിം നേതൃത്വത്തിന് കഴിഞ്ഞു. അവര്‍ പള്ളിക്കൂടങ്ങളും, ഐക്യസംഘത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പലയിടങ്ങളിലായി നൂറുകണക്കിന് മാപ്പിള സ്‌കൂളുകളും സ്ഥാപിക്കുകയുണ്ടായി. പ്രകടമായൊരു പരിവര്‍ത്തനം സമൂഹത്തിലുണ്ടാക്കാന്‍ ഐക്യസംഘത്തിന് കഴിഞ്ഞു. പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചതിനു പുറമെ പാഠപുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, ഉച്ചഭക്ഷണം എന്നിവ ജാതി മത ഭേദമന്യേ എല്ലാ പാവപ്പെട്ടവര്‍ക്കും നല്‍കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി ഭാരതം സ്വതന്ത്രമാവുമ്പോള്‍ തന്നെ കൊടുങ്ങല്ലൂരിലെ മുസ്‌ലിം ജനവിഭാഗത്തിന്റെ സാക്ഷരത ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ സാക്ഷരതയോടൊപ്പമായിരുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. അതായത്, കൊടുങ്ങല്ലൂരിലെ മുസ്‌ലിംകളുടെ സാക്ഷരത മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കണ്ണൂര്‍, തലശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ സമ്പന്നര്‍ അവരുടെ മക്കളെ മദ്രാസിലും മറ്റുമൊക്കെ പഠിപ്പിച്ചതിനാല്‍ മദ്രാസ് ഹൈക്കോടതിയിലും മറ്റും വക്കീലുമാരും ജഡ്ജിമാരുമൊക്കെയായിരുന്ന മുസ്‌ലിംകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ആ വിദ്യാഭ്യാസം മുഴുവന്‍ ചില സമ്പന്ന കുടുംബങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കാലത്ത് കൊടുങ്ങല്ലൂരിലെ അടിസ്ഥാന സമൂഹം വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്നു എന്നത് വളരെ പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ട കാര്യമാണ്. ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ എറിയാട് വില്ലേജില്‍ മാത്രമായി 300-ഓളം ലേഡീ ഡോക്ടര്‍മാര്‍ ഉണ്ടെന്ന കണക്ക് ഈ സമൂഹത്തിന്റെ ശാക്തീകരണമാണ് കാണിക്കുന്നത്.

കോട്ടപ്പുറത്ത് നമ്പൂരി മഠത്തില്‍ സീതി മുഹമ്മദ് സാഹിബ്, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, കറുകപ്പാടത്ത് പുത്തന്‍ വീട്ടില്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, കെ.എം സീതി സാഹിബ്, ഇന്ത്യയിലെത്തന്നെ ആദ്യത്തെ കാര്‍ഷിക പ്രസ്ഥാനത്തിന്റെ വീരോജ്വല നേതാവായിരുന്ന കെ.എം ഇബ്‌റാഹീം സാഹിബ് എന്നിവര്‍ ഈ കൂട്ടായ്മയില്‍ ശക്തമായ പിന്തുണ നല്‍കിയവരാണ്. പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഡോ. അബ്ദുല്‍ ഗഫൂറും കൊടുങ്ങല്ലൂരിന്റെ സന്തതിയാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍