Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

എ.പി.എല്‍

ബൈജു ടി. ഷയ്ബു കോരങ്ങാട്‌

മൂലക്കുവെച്ച
നാലുത്തരത്തിനോടും
ഭിത്തി പറയുന്നു,
പിടിച്ചുനില്‍ക്കാന്‍-
കഴിയാതെ അടിത്തറ-
ആരോ പിടിച്ചുലക്കുന്നുവെന്ന്,
പറയാതെ തന്നെ
അതിന്റെ ഫീലിംഗ്
അറിയുന്നുവെന്ന്
താഴോട്ടുപതിക്കാന്‍
വെമ്പുന്ന മടലുകളെ-
പേടിച്ചിരിക്കുന്ന ഓടുകളും പറയുന്നു
കിടപ്പുമുറിയിലെ, നരച്ച
കാവിതറയില്‍, രണ്ടുകാലറ്റ്-
ആരെയും താങ്ങാതെ-
മൂലയില്‍ നില്‍ക്കുന്ന-
കട്ടിലിനും എന്നും പരാതി,
വേണ്ടതും വേണ്ടാത്തതും
പുറത്തേറ്റിമടുത്തെന്ന്
കാവല്‍ഭടനെപ്പോലെ
മുറ്റത്ത് നിന്ന മരം
കാറ്റിനോട് തോറ്റിന്നലെ
കടപുഴകി വീണ് ആകെ-
ഉണ്ടായിരുന്ന ജനല്‍ ചില്ലും തകര്‍ത്തു.
ഈ രാത്രിയിലുമുണ്ട്
കാറ്റിന്റെ ആരവം, എന്നാലും
ഞാനിപ്പഴും ഈ പഴഞ്ചന്‍
വീട്ടിലിരുന്ന് സ്വപ്നങ്ങള്‍ 
നെയ്യുകയാണ്
എന്റെ കൈയിലുണ്ടല്ലോ...
ഒരു കോടിയുടെ 
നാളത്തെ ടിക്കറ്റ്
ഭാഗ്യവശാല്‍ കോടിപതി 
ഞാനായാല്‍
റേഷന്‍കാര്‍ഡില്‍ പോലും 
ഒരുതിരുത്തല്‍,
ആവശ്യമില്ലല്ലോ.... 
കാരണം,
നാലു സെന്റു സ്ഥലവും 
നാടന്‍ പണിയുമുള്ള
ഞാന്‍ ഇപ്പഴും എ.പി.എല്‍
തന്നെയാണല്ലോ

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍