Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

ജിഹാദും 'മാതൃഭൂമി'യും

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

ജിഹാദും 'മാതൃഭൂമി'യും 

2015 സെപ്റ്റംബര്‍ 19-ലെ മാതൃഭൂമി പത്രത്തില്‍ ഐ.എസ്സിന്റെ മതവേരുകള്‍: വിശുദ്ധമോ ഈ വിശുദ്ധ ഹിംസ' എന്ന തലക്കെട്ടില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതിയ ലേഖനത്തില്‍ 'ഇസ്‌ലാമിന്റെ കേന്ദ്ര തത്ത്വങ്ങളിലൊന്നായി ജിഹാദിനെ ആദ്യം അവതരിപ്പിച്ചത് മൗദൂദിയും ഖുത്വ്ബുമാണ്. 1960-കളില്‍ ഈജിപ്തില്‍ നിന്ന് സുഊദി അറേബ്യയിലേക്ക് പലായനം ചെയ്ത മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരിലൂടെ ഖുത്വ്ബിന്റെ ആശയങ്ങള്‍ ആ രാജ്യത്തും പ്രചാരം നേടി. സുഊദി പൗരനായ ബിന്‍ലാദനുള്‍പ്പെടെയുള്ളവര്‍ ഇസ്‌ലാമിസത്തിലേക്കാകൃഷ്ടരാകുന്നത് അങ്ങനെയാണ്' എന്ന് എഴുതിയിട്ടുണ്ട്. അതിന്റെ വികസിച്ച ഹിംസാത്മക രൂപമാണ് ഐസിസ്. അതിനാല്‍ ഐസിസിന്റെ മാസ്റ്റര്‍ ബ്രെയിന്‍ മൗദൂദിയും ഖുത്വ്ബും തന്നെ എന്ന കണ്ടുപിടുത്തമാണ് ഹമീദിന്റെ ലേഖനത്തിന്റെ രത്‌നച്ചുരുക്കം.

ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏത് ലേഖനം എഴുതിയാലും ഹമീദ് അവസാനമായി എത്തിച്ചേരുന്ന നിഗമനം ഇതായിരിക്കുമെന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. അതിന് മണ്ണൊരുക്കി കൊടുക്കുന്ന പണി മാതൃഭൂമി നിര്‍ലോഭം നടത്തുന്നുമുണ്ട്. മുകളില്‍ പറഞ്ഞ വാചകങ്ങളില്‍ അബദ്ധങ്ങള്‍ അനവധിയാണ്:

ഒന്ന്, ഇസ്‌ലാമിന്റെ കേന്ദ്ര തത്ത്വങ്ങളിലൊന്നായി ജിഹാദിനെ ആദ്യം അവതരിപ്പിച്ചത് ആധുനിക ഇസ്‌ലാമിക പണ്ഡിതരായ മൗദൂദിയും ഖുത്വ്ബും അല്ല; മാനവര്‍ക്ക് മാര്‍ഗദര്‍ശക ഗ്രന്ഥമായി ഏകദൈവം അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആന്‍ ഒരാവര്‍ത്തി പരിശോധിക്കുന്നവര്‍ക്ക് വിവിധ അര്‍ഥതലങ്ങളില്‍ ജിഹാദിനെ പറ്റി അങ്ങുന്നിങ്ങോളം അത് അവതരിപ്പിക്കുന്നത് കാണാം. പക്ഷേ, ആ ജിഹാദ് മുസ്‌ലിമല്ലാത്ത സകലരുടെയും മേല്‍ സായുധപരവും നിഷ്ഠുരവുമായ കുതിരകയറ്റമല്ല. 'ജിഹാദ്' എന്ന പദത്തിന് ആയുധപോരാട്ടം എന്ന പരികല്‍പന മാത്രം തലച്ചോറില്‍ സെറ്റ് ചെയ്തുവെച്ചത് നമ്മുടെ കുറ്റമാണ്; ഖുര്‍ആന്റേതല്ല. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്ക് ഇസ്‌ലാം വന്യമാണെന്നു വരുത്തിത്തീര്‍ക്കാന്‍ അത് വേണ്ടിയിരുന്നു. അവരില്‍ നിന്നല്ല നിഷ്പക്ഷമതികള്‍ ജിഹാദ് പഠിക്കേണ്ടത്; ഖുര്‍ആനില്‍ നിന്നാണ്. ജിഹാദ് എന്ന ഒരു ചിറക് അരിയപ്പെട്ട ആത്മീയ സ്വൂഫി ഇസ്‌ലാം നമുക്ക് പഥ്യം; യഥാര്‍ഥ ജിഹാദും രാഷ്ട്രീയവും ഉള്‍ച്ചേര്‍ന്ന ഇസ്‌ലാം ഭീകരത! ഈ അവതരണം ഖുര്‍ആന്റെ അന്തസ്സത്തക്ക് ചേര്‍ന്നതല്ല.

രണ്ട്, ഇസ്‌ലാമിന്റെ അനുഷ്ഠാന മുറകളിലൊന്നായി ജിഹാദിനെ, മലയാളത്തില്‍ വന്ന നിഷ്പക്ഷ പഠനങ്ങളും അംഗീകരിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രഫ. പി.കെ മുഹമ്മദലിയുടെ മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന പുസ്തകം തന്നെ ഒന്നാംതരം തെളിവ്. ആ പുസ്തകത്തിന്റെ വിഷയാനുക്രമണികയില്‍ 'ഭാഗം മൂന്ന്: പാഠങ്ങള്‍' എന്നതില്‍ അഞ്ച് കാര്യങ്ങളെയാണ് ഇസ്‌ലാമിന്റെ അനുഷ്ഠാന കാര്യങ്ങളായി പരിചയപ്പെടത്തുന്നത്. നമസ്‌കാരം അഥവാ പ്രാര്‍ഥന, വ്രതാനുഷ്ഠാനം, സകാത്ത് അഥവാ നിര്‍ബന്ധ ദാനം, ഹജ്ജ്, ജിഹാദ് എന്നിവ. ജിഹാദിനെ പറ്റി പുസ്തകം പറയുന്നു: ''കുരിശുയുദ്ധം എന്ന അര്‍ഥത്തില്‍, മതത്തിനു വേണ്ടിയുള്ള യുദ്ധം എന്ന സങ്കുചിതാര്‍ഥം മാത്രം ജിഹാദ് എന്ന പദത്തിന് നല്‍കിക്കൂടാ. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗമാണ് അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മാറിയ പരിതസ്ഥിതികളില്‍ മുസ്‌ലിം സമൂഹത്തെ വളര്‍ത്താനും നിലനിര്‍ത്താനും ഉതകുന്ന വിദ്യാഭ്യാസ, സാമൂഹിക, ധാര്‍മിക പ്രവര്‍ത്തന പ്രചാരണങ്ങളെല്ലാം ജിഹാദ് പോലെ പവിത്രമായ ആത്മീയ ബാധ്യതകളാണെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്'' (മൂന്നാം പതിപ്പ്, 1996, പേജ് 132,133). 93 അവലംബ സ്രോതസ്സുകള്‍ വെച്ച് തയാറാക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ പറയുന്ന ജിഹാദ്, ഖുര്‍ആനും മൗദൂദിയുമൊക്കെ പറഞ്ഞ ശരിയായ ജിഹാദാണ്. ആ ജിഹാദല്ല ഇന്ന് ഐസിസ് നടത്തുന്നത്. പ്രസ്തുത പുസ്തകം തയാറാക്കാന്‍ ഗ്രന്ഥകാരന്‍ പ്രധാനമായും അവലംബിച്ചത് മൗദൂദിയുടെയും ഖുത്വ്ബിന്റെയും പുസ്തകങ്ങളാണെന്ന് ഹമീദും മാതൃഭൂമിയും മനസ്സിലാക്കുന്നത് നന്ന്.

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

അദ്‌നാന്‍ ഇബ്‌റാഹീം വിമര്‍ശിക്കപ്പെടേണ്ട വ്യക്തിത്വമാണ്

വാരിക ലക്കം 2919-ല്‍ പ്രസിദ്ധീകരിച്ച 'അദ്‌നാന്‍ ഇബ്‌റാഹീം അറിവിന്റെ വിസ്മയം' എന്ന ലേഖനം തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ്. അദ്‌നാന്‍ ഇബ്‌റാഹീമിന്റെ ചിന്താധാരകളെയും അഭിപ്രായങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാതെയാണ് ആ ലേഖനം തയാറാക്കിയിരിക്കുന്നത്. ഇസ്‌ലാമിസ്റ്റുകളെയും, ശൈഖ് ഖറദാവിയെയുമടക്കം രൂക്ഷമായ ഭാഷയില്‍ ജുമുഅ ഖുത്വ്ബയില്‍ പോലും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത് പൊതുവായി അംഗീകരിക്കുന്ന ചരിത്രങ്ങളെയും സംഭവങ്ങളെയും തള്ളിക്കളയുന്ന പ്രസംഗങ്ങള്‍ വേറെയും കാണാം. അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളുടെയും ശൈലിയും ഒരു പണ്ഡിതന് യോജിച്ചതുമല്ല. സ്വഹാബികളെയും നബിപത്‌നി ആഇശ(റ)യെയുമടക്കം വിമര്‍ശിക്കുന്ന സംസാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അത്തരമൊരു വ്യക്തിയെ 'ഏറ്റവും പുതിയ ചിന്താധാരയുടെ' വക്താവെന്ന് പ്രബോധനം പരിചയപ്പെടുത്തിയതില്‍ സൂക്ഷ്മതക്കുറവ് സംഭവിച്ചിട്ടുണ്ട്.

അബൂ അനീസ് പന്തലിങ്ങല്‍, ദോഹ-ഖത്തര്‍

ജീവിതം എന്തുകൊണ്ട് ആകര്‍ഷകമാക്കിക്കൂടാ?

പ്രബോധനം വാരിക പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന  ഡോ. ജാസിമുല്‍ മുത്വവ്വയുടെ കുടുംബം പംക്തി നമ്മുടെ കുടുംബങ്ങളില്‍ ഒരുമിച്ചിരുന്ന് വായിക്കേണ്ടതാണ്. കുടുംബ ജീവിതം സംതൃപ്തവും ആഹ്ലാദകരവുമാക്കാന്‍ സഹായകമാകുന്നതാണ് ഈ ലേഖന പരമ്പര.  'ജീവിതം എന്തുകൊണ്ട് ആകര്‍ഷകമാക്കിക്കൂടാ' (ലക്കം 2917) എന്ന ലേഖനം ഏറെ ഇരുത്തി ചിന്തിപ്പിച്ചു.  നേരത്തെ പ്രസിദ്ധീകരിച്ച 'കുടുംബം പുരുഷാധിപത്യം വാഴേണ്ട ഇടമാണോ' എന്ന ലേഖനവും ഹൃദയസ്പര്‍ശിയായിരുന്നു.

ദാമ്പത്യ ജീവിതം ഒരു ജയില്‍ കണക്കെ അനുഭവിച്ചു തീര്‍ക്കുന്നവര്‍ നമുക്കു ചുറ്റും കുറവല്ല.  ഈയിടെ ഒരു കുടുംബ പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നപ്പോള്‍,  ആ കുടുംബത്തിലെ കേവലം ഒമ്പതാം ക്ലാസുകാരിയുടെ പ്രതികരണം കേട്ട് വല്ലാതെ നടുങ്ങിപ്പോയി. 'ഉപ്പ ഇടക്കിടെ ഉമ്മയെ തല്ലുന്നത് കണ്ട് എനിക്കിവരോടൊത്തുള്ള ജീവിതം മടുത്തു. വല്ലവന്റേയും കൂടെ ഞാന്‍ ചാടിപ്പോകും' ഇതായിരുന്നു അവളുടെ പ്രതികരണം.

കുടുംബം എന്ന തടങ്കല്‍ പാളയത്തിലാണ് പല കുടുംബിനികളും ദിവസങ്ങള്‍ തള്ളി നീക്കുന്നത്. എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ വരെ വഴിവിട്ട് ആലോചിക്കുകയും അബദ്ധങ്ങളില്‍ ചെന്ന് ചാടുകയും ചെയ്യുന്നതില്‍ കുടുംബങ്ങളിലെ കലുഷമായ അന്തരീക്ഷത്തിന്റെ പങ്ക് വലുതാണ്.

സ്‌നേഹത്തിലൂടെയും പ്രേമത്തിലൂടെയും അനുരാഗ പ്രകടനത്തിലൂടെയും കുടുംബജീവിതത്തിന്റെ മധുരം നുകരുന്നതിന് പകരം പല പുരുഷന്മാരും എപ്പോഴും ഗൗരവും നടിച്ചാണ് നടപ്പ്. മുഴുസമയവും മസിലുപിടിച്ചു നടന്നാലേ  ഒരു പുരുഷനാകൂ എന്ന് അത്തരക്കാര്‍ കരുതുന്നു.  ചിരിയും നര്‍മ്മബോധവും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല.

ആനന്ദവേളകളാവേണ്ട നിമിഷങ്ങള്‍ ഇവ്വിധം നരകയാതന തിന്നേണ്ട ദുരവസ്ഥയായല്ലോ എന്നോര്‍ത്ത് സങ്കടപ്പെടുന്ന സഹോദരിമാരും കുറവല്ല. ഇങ്ങനെ ഒരു മുരടനെയാണല്ലോ എനിക്ക് ഭര്‍ത്താവായി കിട്ടിയത് എന്നവര്‍ പരിതപിക്കുന്നു.  ഗള്‍ഫില്‍ നിന്ന് വന്ന ഭര്‍ത്താവ്, ബാത്ത്‌റൂമില്‍ സോപ്പുവെച്ചില്ലെന്നു പറഞ്ഞ് ആദ്യ ദിവസം തന്നെ തന്റെ നേര്‍ക്കു ആക്രോശിച്ചതും തിരിച്ചു പോകുന്നതുവരെ ഭര്‍ത്താവ് എന്ന നിലക്കുള്ള തന്റെ ഗൗരവം ചോര്‍ന്നു പോകാതിരിക്കാന്‍ ചിരിക്കാതിരുന്നതും, ശാരീരിക ബന്ധം പോലും വേണ്ടെന്നു വെച്ചതും, താനൊരു വേലക്കാരി മാത്രമായി മാറുകയായിരുന്നുവെന്നതും ഒരു സഹോദരി പങ്കുവെച്ചപ്പോള്‍, കടുത്ത പുരുഷാധിപത്യമാണ് പല കുടുംബങ്ങളിലും എന്ന സത്യമാണ് മറ നീക്കി പുറത്ത് വരുന്നത്.

നാലു മക്കളുള്ള ഒരു ബാപ്പ നാലഞ്ചു മാസം മാത്രം പ്രായമുള്ള തന്റെ ഇളയമകളെ എടുത്തത് കണ്ടപ്പോള്‍ പ്രതികരിച്ച ഒമ്പതാം ക്ലാസുകാരിയായ മൂത്തവളുടെ വാക്കുകള്‍ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. 'ഇന്നു മഴപെയ്യും, കാരണം ഉപ്പ ആദ്യമായിട്ടാണ് കുട്ടിയെ കളിപ്പിക്കുന്നത്' എന്ന് ആ കുട്ടിക്ക് പറയേണ്ടിവരുമ്പോള്‍ ആ ബാപ്പയുടെ ഗൗരവത്തേയും, മക്കളുമായുള്ള അകലത്തെയുമാണ് വളര്‍ന്നു വരുന്ന ഒമ്പതാം ക്ലാസുകാരി അളന്ന് തിട്ടപ്പെടുത്തുന്നത്.  സ്‌നേഹം തുറന്നു പറയുന്നതില്‍  ഏറെ ഉദാരമതിയായിരുന്നു മുഹമ്മദ് നബി(സ) എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. 'നിന്റെ ഉമ്മയോടുള്ള എതിര്‍പ്പും വിരോധവും കൊണ്ടാണ് ചെറുപ്രായത്തില്‍ നിന്നെ എടുക്കാനോ, കൊഞ്ചിക്കാനോ ഞാന്‍ മുതിരാതിരുന്ന'തെന്ന് ഒരു പതിനാലു വയസ്സുകാരിയോട് ഒരു ഉപ്പ പറഞ്ഞെങ്കില്‍ ആ പിതാവിന്റെ മനസ്സും മസ്തിഷ്‌ക്കവും ഒരു മനുഷ്യന്റേതാകുമോ?

കുടുംബിനിയുടെ കഴിവിനെയും സാമര്‍ഥ്യത്തെയും ബുദ്ധി വൈഭവത്തെയും പാചക വൈദഗ്ധ്യത്തെയും പുകഴ്ത്താനോ, അവളുടെ സൗന്ദര്യത്തെ വാഴ്ത്താനോ, അവളോട് സഹാനുഭൂതി കാണിക്കാനോ, വിവാഹ വാര്‍ഷികത്തില്‍ പാരിതോഷികം കൊടുക്കുനോ, മക്കളുടെ ഉന്നത വിജയത്തില്‍ പ്രശംസിക്കാനോ തയ്യാറാകാത്ത വിധം പുരുഷ മേധാവിത്വം കാണിക്കാനാണ് പലരും ശ്രമിക്കുന്നത്.

ഹാരിസ് എം.ടി തിരുവേഗപ്പുറ

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍