Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

ഹിജ്‌റ: സഹനപാതയിലെ സ്ത്രീ മാതൃകകള്‍

നിദാലുലു കെ.ജി കാരകുന്ന് /കവര്‍‌സ്റ്റോറി

         ഓരോ വര്‍ഷവും വിശുദ്ധ ഹജ്ജും ഉംറയും നിര്‍വഹിക്കുന്ന അനേക ലക്ഷമാളുകള്‍ മക്കാ പട്ടണത്തിന്റെ മാതാവായ ഹാജറയുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്നു. സ്വഫാ മര്‍വകള്‍ക്കിടയില്‍ പലതവണ പ്രയാണം നടത്തുന്നു. അങ്ങനെ ലോകത്ത് ഏറ്റവും കൂടുതല്‍ അനുസ്മരിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീയായി അവര്‍ മാറുന്നു. ദൃഢവിശ്വാസം കൊണ്ട് മണലാരണ്യത്തിന്റെ ഭയാനകതയെ അതിജീവിച്ച ധീര. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രോജ്ജ്വല പ്രതീകം. ഇടറാത്ത ഉള്‍ക്കരുത്തും പരിധിയില്ലാത്ത ശുഭാപ്തി വിശ്വാസവുമാണ് അവര്‍ തലമുറകള്‍ക്ക് കൈമാറുന്നത്. ഇസ്്‌ലാമിനെ വളക്കൂറുള്ള മണ്ണിലേക്ക് പറിച്ചു നടണമെന്ന് ആഹ്വാനം വന്നപ്പോള്‍ സ്വന്തം ദേശവും ഭവനവുമുപേക്ഷിച്ച് മുഹാജിറ/പലായകയുടെ ഊര്‍ജം അവരില്‍ നിന്ന് പ്രസരിച്ചു.

ദൈവമാര്‍ഗത്തില്‍ സ്വയം സമര്‍പ്പിതരായ അത്തരം നിരവധി ഹാജറമാരെ നാം പ്രവാചകാനുയായികളില്‍ കണ്ടെത്തുന്നുണ്ട്. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം മക്കയില്‍ നിന്ന് അബ്്‌സീനിയയിലേക്ക് പുറപ്പെട്ട പലായന സംഘത്തില്‍ പതിനൊന്ന് പുരുഷന്മാരോടൊപ്പം നാല് സ്ത്രീകളുമുണ്ടായിരുന്നു. വീടും നാടും വിട്ടെറിഞ്ഞുള്ള ആ യാത്രയില്‍ പുരുഷന്മാരേക്കാള്‍ പതിന്മടങ്ങ് പ്രയാസം സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്നു. ശാരീരികമായും മാനസികമായും കൂടുതല്‍ കരുത്ത് തെളിയിക്കേണ്ട അവസരമായിരുന്നു അവര്‍ക്കത്. നബിപുത്രി റുഖിയ്യ(റ)യും ഭര്‍ത്താവ് ഉസ്മാനുബ്‌നു അഫ്ഫാനു(റ)മായിരുന്നു പ്രഥമ മുഹാജിറുകള്‍. 'ലൂത്വ് നബിക്കു ശേഷം അല്ലാഹുവിലേക്ക് പലായനം നടത്തിയ രണ്ടു പേര്‍' എന്ന് നബി(സ) അവരെ മഹത്വപ്പെടുത്തി. അബ്‌സീനിയയിലേക്ക് കപ്പല്‍ കയറുമ്പോള്‍ റുഖിയ്യ(റ) ഗര്‍ഭിണിയായിരുന്നു. യാത്രാ ക്ലേശവും ക്ഷീണവും അവരെ വല്ലാതെ അവശയാക്കി. ഗര്‍ഭം അലസിപ്പോവുകവരെയുണ്ടായി. അബ്‌സീനിയയിലെത്തിയ ശേഷവും കുറെ കാലം നബി(സ)ക്ക് റുഖിയ്യയെയും ഉസ്മാനെയും കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അബ്‌സീനിയക്കാരിയായ ഒരു സ്ത്രീയില്‍ നിന്ന് മകളും ഭര്‍ത്താവും സുഖമായിരിക്കുന്നുവെന്നറിയാനിടയായി. അവിടുന്ന് പറഞ്ഞു: ''ഉസ്മാനെയും റുഖിയ്യയെയും അല്ലാഹു അനുഗ്രഹിക്കട്ടെ. ഇബ്‌റാഹീം നബിക്കും ലൂത്വ് നബിക്കും ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും ഭാര്യാസമേതം നാടുവിടുകയും ചെയ്ത ആദ്യത്തെയാളാണ് ഉസ്മാന്‍.''

അബ്‌സീനിയയിലേക്ക് യാത്ര പുറപ്പെടാനിരിക്കുകയായിരുന്നു ആമിറുബ്‌നു റബീഅ. അന്ന് ഇസ്്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഉമറുബ്‌നുല്‍ ഖത്ത്വാബ് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ആ യാത്രോദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. യാത്രാ സാമഗ്രികള്‍ വാങ്ങാന്‍ ആമിര്‍ പുറത്തുപോയ സമയമായിരുന്നു അത്. 'പോവാന്‍ തന്നെയാണോ തീരുമാനം?' എന്ന ഉമറിന്റെ ചോദ്യത്തിന് ആമിറിന്റെ ഭാര്യ ലൈല ബിന്‍ത് അബൂഹസ്മ(റ)യാണ് മറുപടി പറഞ്ഞത്.  ''അതെ. ഞങ്ങള്‍ അല്ലാഹുവിനെ സ്വസ്ഥമായി ഇബാദത്ത് ചെയ്യാന്‍ പറ്റിയ അവന്റെ ഭൂമി തേടി പുറപ്പെടുകയാണ്. നിങ്ങള്‍ മര്‍ദിക്കുകയും പീഡിപ്പിക്കുകുയം ചെയ്തപ്പോള്‍ അല്ലാഹു ഞങ്ങള്‍ക്ക് തുണയാവുകയാണ്.'' ഉമറിന് പിന്നീടൊന്നും പറയാനുണ്ടായിരുന്നില്ല. അവരുടെ മുഖത്ത് വിരഹത്തിന്റെ വേദനയും ദുഃഖവും നിഴലിച്ചിരുന്നു. തല താഴ്ത്തി വ്യസനത്തോടെ അദ്ദേഹം നടന്നുനീങ്ങി. ഉമറില്‍ ആശാവഹമായതെന്തോ ദര്‍ശിച്ച ലൈല(റ), ആമിര്‍ തിരിച്ചുവന്നപ്പോള്‍ സംഭവം വിവരിച്ചു. ''അബൂ അബ്ദില്ലാ, ഉമറിന് നമ്മുടെ കാര്യത്തിലുള്ള ദുഃഖവും വിഷമവും നിങ്ങള്‍ കണ്ടിരുന്നെങ്കില്‍!'' ആമിര്‍(റ) ചോദിച്ചു: ''അവന്‍ മുസ്്‌ലിമാകുമെന്ന് നിനക്ക് പ്രതീക്ഷയുണ്ടോ?'' 'അതെ' എന്ന് ലൈല(റ) പറഞ്ഞുതീരും മുമ്പേ ആമിര്‍(റ) ഉറക്കെപ്പറഞ്ഞു: ''അല്ലാഹുവാണ, ഖത്ത്വാബിന്റെ കഴുത മുസ്‌ലിമാകുന്നതുവരെ നീ കണ്ടവന്‍ (ഉമര്‍) മുസ്‌ലിമാവുകയില്ല.'' ഉമറിന്റെ ക്രൗര്യവും വീര്യവും ശരിക്കറിയാവുന്നത് കൊണ്ടായിരുന്നു ആമിറത് പറഞ്ഞത്. എന്നാല്‍ ഖുറൈശികളെ മുഴുവന്‍ അമ്പരിപ്പിച്ചുകൊണ്ട് ഉമര്‍(റ), ഹംസതുബ്‌നു അബ്ദില്‍ മുത്വലിബ്(റ) തുടങ്ങിയവര്‍ ഇസ്‌ലാം സ്വീകരിച്ചു. എത്യോപ്യയിലെ മുസ്്‌ലിംകള്‍ക്കിടയില്‍ 'മക്കാ മുശ്‌രിക്കുകള്‍ ഒന്നടങ്കം ഇസ്്‌ലാമിലേക്ക് വന്നു' എന്ന തെറ്റായ വിവരമാണ് പ്രചരിച്ചത്. അങ്ങനെ അവിടെയുണ്ടായിരുന്നവര്‍ സ്വദേശത്തേക്ക് മടങ്ങി. ഇവര്‍ക്കെതിരെ പൂര്‍വാധികം ശക്തിയോടെ ശത്രുക്കള്‍ മര്‍ദനങ്ങള്‍ അഴിച്ചുവിട്ടു. അങ്ങനെ 85 പുരുഷന്മാരും 17 സ്ത്രീകളുമടങ്ങുന്ന മറ്റൊരു സംഘം വീണ്ടും എത്യോപ്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു.

നബി(സ) ദാറുല്‍ അര്‍ഖമില്‍ എത്തുന്നതിന് മുമ്പെ ഇസ്്‌ലാം സ്വീകരിച്ചവരാണ് ജഅ്ഫറുബ്‌നു അബീത്വാലിബും ഭാര്യ അസ്മാ ബിന്‍ത് ഉമൈസും. അവര്‍ അഭയാര്‍ഥികളായി നജ്ജാശി രാജാവിന്റെ കൊട്ടാരത്തിലെത്തി. അസ്മയുടെ ഭര്‍ത്താവ് ജഅ്ഫര്‍ ബ്‌നു അബീത്വാലിബ് അമീറുല്‍ മുഹാജിരീന്‍ (മുഹാജിറുകളുടെ നേതാവ്) എന്ന നിലയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ഭര്‍ത്താവിനോടൊപ്പം അസ്മ(റ)യും എത്യോപ്യയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. ജഅ്ഫറിന് അവിടെ വെച്ചുണ്ടായ പുത്രന്‍ അബ്ദുല്ലയുടെ നാമം തന്നെ തന്റെ പുത്രനും നല്‍കിക്കൊണ്ട് നജ്ജാശി രാജാവ് അവരെ ആദരിച്ചു. അസ്മ(റ) തന്നെ രാജാകുമാരനെ സ്‌നേഹത്തോടെ പാലൂട്ടിയത് രാജകുടുംബാംഗങ്ങള്‍ വലിയ അംഗീകാരമായാണ് കണ്ടത്. രണ്ടു തവണ ഹിജ്‌റ നിര്‍വഹിക്കാനും രണ്ട് ഖിബ്‌ലയിലേക്കും തിരിഞ്ഞു നമസ്‌കരിക്കാനും അവസരം ലഭിച്ച പുണ്യവതിയായിരുന്നു അസ്മാഅ്(റ). അവരുടെ ഒന്നാം ഹിജ്‌റ എത്യോപ്യയിലേക്കായിരുന്നെങ്കില്‍ രണ്ടാം ഹിജ്‌റ ഏഴാം വര്‍ഷം മദീനയിലേക്കായിരുന്നു. മുഹാജിറുകളുടെ നേതാവായ ഭര്‍ത്താവൊന്നിച്ചുള്ള ഈ സംഘത്തിന്റെ നായികയായി അവര്‍ മദീനയിലെത്തുമ്പോള്‍ നബി(സ)യും സ്വഹാബികളും ഖൈബര്‍ യുദ്ധത്തിന്റെ വിജയാഹ്ലാദത്തിലായിരുന്നു. ഇവര്‍ക്കും റസൂല്‍(സ) യുദ്ധമുതലില്‍ നിന്ന് വിഹിതം നല്‍കി.

അസ്മാ(റ)യോട് ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) ഒരിക്കല്‍ പറഞ്ഞു: ''എത്യോപ്യക്കാരീ, ഹിജ്‌റ കൊണ്ട് നിങ്ങളെക്കാള്‍ മുന്നില്‍ ഞങ്ങള്‍ തന്നെയാണ്.'' അസ്മാഅ് മറുപടിയായി പറഞ്ഞു: ''നിങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നപ്പോള്‍ നിങ്ങളില്‍ വിശന്നവര്‍ക്ക് ഭക്ഷണം നല്‍കി. നിങ്ങളില്‍ വിവരശൂന്യര്‍ക്ക് അറിവ് പകര്‍ന്നു കൊടുത്തു. ഞങ്ങളോ വിദൂര ദേശത്തേക്ക് ആട്ടിയോടിക്കപ്പെട്ടവര്‍.'' അസ്മാ(റ)യുടെ വാക്കുകളില്‍ റസൂലിനും സ്വഹാബത്തിനും സേവനം ചെയ്യാന്‍ അവസരം ലഭിക്കാത്തതിലുള്ള വൈഷമ്യം നിറഞ്ഞുനിന്നു. നബി(സ) അസ്മാ(റ)യെ ആശ്വസിപ്പിച്ചത് ഇങ്ങനെ: ''നിങ്ങള്‍ക്ക് ഹിജ്‌റയില്ലേ? നജ്ജാശിയുടെ അടുത്തേക്ക് നിങ്ങള്‍ ഹിജ്‌റ പോയി. എന്റെ അടുത്തേക്കും നിങ്ങള്‍ ഹിജ്‌റ വന്നു.'' ഒരു ഹിജ്‌റയുടെ പുണ്യത്തില്‍ തൃപ്തിപ്പെടേണ്ട ഉമറിനേക്കാള്‍ എന്തുകൊണ്ടും സൗഭാഗ്യവതി അസ്മാ(റ) തന്നെയാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു നബി(സ).

മദീനയിലേക്ക് ആദ്യം പലായനം ചെയ്തവര്‍ എത്യോപ്യയിലേക്ക് ഹിജ്‌റ ചെയ്ത പ്രഥമ സംഘം തന്നെയായിരുന്നു. ഇവര്‍ രണ്ടു ഹിജ്‌റയിലും മുന്‍നിരക്കാരായി. അബൂസലമക്കും കുടുംബത്തിനും ഹിജ്‌റയുടെ പേരില്‍ വലിയ പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്നു. ഉമ്മുസലമയുടെ ഗോത്രമായ ബനൂമുഗീറ, അവരെ അബൂസലമയോടൊപ്പം മദീനയിലേക്ക് പോകാനനുവദിച്ചില്ല. 'നിന്റെ കൂടെ എവിടേക്കും കൊണ്ടുപോകാമെന്ന ഉപാധിയോടെയല്ല ഞങ്ങളുടെ മകളെ നിനക്ക് കെട്ടിച്ചുതന്നത്' എന്നായിരുന്നു അവരുടെ വാദം. ഇതറിഞ്ഞ അബൂസലമയുടെ കുടുംബം ദമ്പതികളുടെ കുട്ടിയെ വിട്ടുതരില്ലെന്ന് ശഠിച്ചു. രണ്ടു വീട്ടുകാരും തമ്മിലുണ്ടായ പിടിവലിയില്‍ കുഞ്ഞിന്റെ കൈക്ക് സാരമായ പരിക്കേറ്റു. കുട്ടിയെ അബൂസലമയുടെ കുടുംബക്കാര്‍ കൊണ്ടുപോവുകയും ചെയ്തു. ഹിജ്‌റയുടെ കല്‍പന ഉണ്ടായിരുന്നതിനാല്‍ അബൂസലമ മദീനയിലേക്ക് പോയി. പ്രിയതമനും മകനും അകറ്റപ്പെട്ട വേദന ഉമ്മുസലമക്ക് അസഹ്യമായി. അവര്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങി കുന്നിന്‍ പുറത്ത് പോയിരുന്നു കരയും. ദിനരാത്രങ്ങള്‍ കടന്നുപോയി. ഒരു വര്‍ഷത്തോളം ഈ അവസ്ഥ തുടര്‍ന്നു. പിന്നീട് ഒരു ബന്ധുവിന്റെ മധ്യസ്ഥതയില്‍ ഉമ്മു സലമക്കും കുഞ്ഞിനും മദീനയിലേക്ക് പോകാനുള്ള അനുവാദം ഇരു കുടുംബങ്ങളില്‍ നിന്നും ലഭിച്ചു.

മദീനയിലേക്ക് പലായനം ചെയ്ത പ്രഥമ മുസ്‌ലിം വനിത ഉമ്മുസലമ(റ)യാണ്. ഇരുനൂറില്‍ പരം നാഴിക ഒറ്റയ്ക്ക് സഞ്ചരിച്ചാണ് അവര്‍ മദീനയിലെത്തിയത്. ഹിജ്‌റയുടെ പേരില്‍ ശാരീരികമായും മാനസികമായും താന്‍ സഹിച്ചത്ര ക്ലേശം മറ്റാരും സഹിച്ചിട്ടുണ്ടാവില്ലെന്ന് ഉമ്മുസലമ(റ) അനുസ്മരിച്ചിട്ടുണ്ട്.

നബിയുടെ പുത്രി സൈനബി(റ)നെയും പലായനത്തിനിടെ ശത്രുക്കള്‍ ഉപദ്രവിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം ഭര്‍തൃ സഹോദരന്‍ കിനാനയോടൊപ്പം അവര്‍ മദീനയിലേക്ക് പോവുകയായിരുന്നു. സൈനബിന്റെ രഹസ്യ യാത്രയെപ്പറ്റി ഖുറൈശികള്‍ക്ക് വിവരം ലഭിച്ചു. ഏതാനും ഖുറൈശീ യുവാക്കള്‍ അവരെ പിന്തുടര്‍ന്നു. ദീതുവാ എന്ന സ്ഥലത്തെത്തിയപ്പോള്‍ അവരെ വളഞ്ഞു. ഹുബാറുബ്‌നു അസ്‌വദ് എന്ന ക്രൂരഹൃദയന്‍ ഒട്ടകപ്പുറത്ത് സഞ്ചരിച്ചിരുന്ന സൈനബിനെ കുന്തം കൊണ്ട് തള്ളിവീഴ്ത്തി. വീഴ്ചയില്‍ ഗര്‍ഭം അലസി. സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷുഭിതനായ കിനാന ആവനാഴിയില്‍ നിന്ന് അമ്പെടുത്ത് അടുത്തുവന്നാല്‍ കൊന്നുകളയുമെന്ന് താക്കീതു ചെയ്തു. അക്രമികള്‍ പിന്മാറി. സൈനബിന് ഹിജ്‌റ തുടരാനായില്ല. ദിവസങ്ങള്‍ക്കു ശേഷം കിനാന തന്നെ സൈനബി(റ)നെ മദീനയില്‍ സുരക്ഷിതമായി എത്തിച്ചു. അബൂബക്‌റി(റ)ന്റെ പുത്രി അസ്മയും മദീനയിലേക്ക് പുറപ്പെടുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ഖുബായിലെത്തിയപ്പോള്‍ പ്രസവിക്കുകയും അവന് 'അബ്ദുല്ല' എന്ന് പേരിടുകയുമുണ്ടായി. മുഹാജിറുകള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവില്ല എന്ന ശത്രുക്കളുടെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് മുഹാജിറുകളുടെ പ്രഥമ കുഞ്ഞായി അബ്ദുല്ല മാറി.

പലായനം ചെയ്‌തെത്തിയ ഉമ്മു കുല്‍സൂം ബിന്‍ത് ഉഖുവ(റ)യെ സൂചിപ്പിച്ച് ഖുര്‍ആന്‍ വാക്യം അവതരിച്ചിട്ടുണ്ട്. അവിവാഹിതയായ ഉമ്മു കുല്‍സും, തന്റെ വിശ്വാസം സംരക്ഷിക്കാനും യഥാര്‍ഥ ഇസ്‌ലാമിക ജീവിതം നയിക്കാനും മദീനയിലെത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരുന്നു. അവര്‍ പറയുന്നു: ''എന്റെ ബന്ധുക്കള്‍ താമസിക്കുന്ന, മക്കയിലെ താഴ്‌വരയിലേക്ക് ഞാനിടക്കിടെ പോകാറുണ്ടായിരുന്നു. മൂന്നോ നാലോ ദിവസം അവര്‍ക്കൊപ്പം പാര്‍ത്തതിനു ശേഷം വീട്ടിലേക്ക് തന്നെ മടങ്ങും. താഴ്‌വരയിലേക്കുള്ള യാത്രയെ എന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നില്ല. ഒരു ദിവസം യാത്രാ സാമഗ്രികളെല്ലാം ഒരുക്കി താഴ്‌വരയിലേക്ക് പോകുന്നുവെന്ന നാട്യത്തില്‍ മക്കയില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു.'' മരുഭൂമിയിലൂടെ ഏകയായി അലഞ്ഞു തിരിയവെ ഒരു ഖുസാഅ ഗോത്രക്കാരന്‍ അവരെ നബി(സ)യുടെ സന്നിധിയില്‍ എത്തിച്ചു. എന്നാല്‍, 'മക്കയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവരെ അങ്ങോട്ടു തന്നെ തിരിച്ചയക്കണം' എന്ന് നബി മക്കക്കാരുമായുണ്ടാക്കിയ കരാര്‍ നിലവിലുള്ള സമയമായിരുന്നു അത്. 'ഞാനെന്റെ ദീനുമായി അങ്ങയുടെ അരികിലേക്ക് വന്നിരിക്കുകയാണ് റസൂലേ... അവിടുന്നെന്നെ തിരസ്‌കരിക്കരുതേ. അവരിലേക്കെന്നെ മടക്കി അയക്കരുതേ' എന്നവര്‍ കേണപേക്ഷിച്ചു. ''അല്ലാഹുവിന്റെ ദൂതരേ, കരുത്തരായ പുരുഷന്മാരും അബലകളായ ഞങ്ങളും സമമാണോ? പുരുഷന്മാര്‍ക്ക് അവരുടെ ജീവനല്ലേ നഷ്ടപ്പെടൂ. ഞങ്ങള്‍ സ്ത്രീകളുടെ സ്ഥിതി അതല്ലല്ലോ. അതിനാല്‍ ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹു ഒരു പരിഹാരം കാണിച്ചുതരാതിരിക്കില്ല.'' അവര്‍ വിതുമ്പി. പ്രവാചകന്‍ നിസ്സഹായനായിത്തീര്‍ന്ന ആ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ അവതരിച്ചു: ''സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ സ്വദേശം ത്യജിച്ച് പലായനം ചെയ്ത് നിങ്ങളുടെ അടുത്തെത്തിയാല്‍ അവര്‍ സത്യവതികളാണോ എന്ന് പരിശോധിക്കുക. അവരുടെ വിശ്വാസത്തെ കുറിച്ച് നന്നായറിയുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അവര്‍ വിശ്വാസിനികള്‍ തന്നെയാണെന്ന് ബോധ്യമായാല്‍ നിങ്ങളവരെ തിരിച്ചയക്കരുത്. കാരണം സത്യവിശ്വാസിനികള്‍ നിഷേധികള്‍ക്ക് അനുവദനീയമല്ല. സത്യനിഷേധികള്‍ അവര്‍ക്കും അനുവദനീയരല്ല'' (അല്‍മുംതഹിന 10). ഹുദൈബിയാ സന്ധിയുടെ വ്യവസ്ഥ അനുസരിച്ച് ഉമ്മു കുല്‍സൂമിനെ തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ടുകൊണ്ട് നബി(സ)യെ സമീപിച്ച അവരുടെ സഹോദരന്മാരോട് അവിടുന്ന് പറഞ്ഞു: ''അല്ലാഹു തന്റെ അബലകളായ അടിമകളോട് കാരുണ്യം കാണിച്ചിരിക്കുന്നു. അതിനാല്‍ കരാര്‍ വ്യവസ്ഥയില്‍ സ്ത്രീകള്‍ ഉള്‍പ്പെടുകയില്ല.'' തുടര്‍ന്ന് നബി(സ) ഈ ആയത്ത് ഓതി കേള്‍പ്പിച്ചു.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സര്‍വസ്വം സമര്‍പ്പിക്കുകയും അങ്ങേയറ്റത്തെ ക്ഷമ അവലംബിക്കുകയും ചെയ്തവരായിരുന്നു സ്വഹാബീ വനിതകള്‍. അയ്യാശ്ബ്‌നു അബൂ റബീഇന്റെ കൂടെ ഹിജ്‌റക്കിറങ്ങിയതായിരുന്നു ഭാര്യ അസ്മാ ബിന്‍ത് സലാമ(റ). അയ്യാശിനെ അബൂജഹ്‌ലും സഹോദരനും കുതന്ത്രം പ്രയോഗിച്ച് തിരിച്ചുകൊണ്ടുപോയപ്പോള്‍, അന്യനാട്ടില്‍ അസ്മ ഒറ്റപ്പെട്ടു. ഇതുപോലെ ഒറ്റപ്പെട്ടു പോയ മറ്റൊരു വനിതയാണ് ഉമ്മു ഹബീബ(റ). എത്യോപ്യയില്‍ വെച്ച് ഭര്‍ത്താവ് ഉബൈദുല്ലാഹിബ്‌നു ജഹ്ശ് ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചതോടെ ഹബീബയും അവരുടെ മകളും തനിച്ചായി. റംല ബിന്‍ത് ഔഫ്, തന്റെ രണ്ടാം ഹിജ്‌റയില്‍ ഏക മകനോടൊപ്പം മദീനയിലെത്തുമ്പോഴേക്കും ഉറ്റവരായുണ്ടായിരുന്ന ഭര്‍ത്താവും ഭര്‍തൃ സഹോദരനുമൊക്കെ അല്ലാഹുവിങ്കലേക്ക് യാത്രയായി കഴിഞ്ഞിരുന്നു.

നബി(സ)യുടെ ഹിജ്‌റയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സ്ത്രീകളുടെ സേവനവും പിന്തുണയും വേണ്ടുവോളമുണ്ടായിരുന്നു. നബി(സ) ഹിജ്‌റക്കിടയില്‍ സൗര്‍ ഗുഹയില്‍ ഒളിഞ്ഞിരിക്കെ ഭക്ഷണമെത്തിച്ചു കൊടുത്തിരുന്നത് അസ്മാഅ് ബിന്‍ത് അബീ ബക്ര്‍. പൊതിയാന്‍ കയറില്ലാതെ വിഷമിച്ച സന്ദര്‍ഭത്തില്‍ തന്റെ 'അരപ്പട്ട' പകുത്ത് കയറാക്കിയതിനാല്‍ റസൂല്‍(റ) അവരെ 'ദാതുനിത്വാഖത്തൈന്‍' (സ്വര്‍ഗത്തിലെ ഇരട്ടപ്പട്ടക്കാരി) എന്നു വിളിച്ചു. ഇങ്ങനെ പ്രവാചക കാലഘട്ടത്തില്‍ ത്യാഗത്തിന്റെയും സേവനത്തിന്റെയും പുതുവസന്തങ്ങള്‍ തീര്‍ത്ത എത്രയെത്ര വനിതാ രത്‌നങ്ങള്‍! 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍