Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

പാഠ്യപദ്ധതികള്‍ മാറിയിട്ടെന്ത് കാര്യം, ക്ലാസ് മുറികള്‍ മാറിയില്ലെങ്കില്‍?

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് /ലേഖനം

''മൈനസ് ടു മുതല്‍ പ്ലസ് ടു വരെയുള്ള പഠന കാലയളവില്‍ ഒരു വിദ്യാര്‍ഥി നിങ്ങളുടെ മുമ്പില്‍ എത്ര മണിക്കൂര്‍ ചെലവഴിക്കുന്നുണ്ട് എന്നറിയാമോ?''

ഒരു കേരള പര്യടനത്തിനിടയില്‍ അധ്യാപകരുമായി സംവദിക്കവെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഉന്നിയച്ച ചോദ്യമാണിത്. സദസ്സിലുണ്ടായിരുന്ന അധ്യാപകരില്‍ ഒരാള്‍ പോലും ആ ചോദ്യത്തോട് പ്രതികരിച്ചില്ല. ചോദ്യം രസിക്കാത്തത് കൊണ്ടല്ല, ഉത്തരം അറിയാത്തത് കൊണ്ട്. ഒടുവില്‍ ചോദ്യകര്‍ത്താവ് തന്നെ സ്വയം ഉത്തരം വെളിപ്പെടുത്തി. 

''ഇരുപത്തയ്യായിരം മണിക്കൂര്‍''

ധനാത്കമായൊരു സ്വയം വിമര്‍ശനത്തിലേക്കും ആത്മ വിചാരണയിലേക്കും അധ്യാപകരെ തള്ളിവിടുന്ന ചോദ്യവും ഉത്തരവുമായിരുന്നു അത്. സ്‌കൂള്‍ കാമ്പസിലും ക്ലാസ് മുറിയിലും ലാബിലും ലൈബ്രറിയിലും പരീക്ഷാ ഹാളിലുമായി ഉണര്‍വിന്റെതായ ആയിരക്കണക്കിന് മണിക്കൂറുകള്‍ ഒരു തലമുറ തങ്ങള്‍ക്കു മുന്നില്‍ ഉപാധികളില്ലാതെ ഇരുന്നുതരുന്നു എന്ന തിരിച്ചറിവ് അവരെ തെല്ലൊന്നു അമ്പരപ്പിച്ചിട്ടുണ്ടാവും. 

സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഇടക്കാല പരിഷ്‌കരണം പൂര്‍ത്തിയാവാന്‍ ഇതെഴുതുമ്പോള്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്. മുഴുവന്‍ വിദ്യാര്‍ഥികളിലും പ്രഖ്യാപിത പഠന നേട്ടങ്ങള്‍ ഉറപ്പാക്കുക, പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ക്ലാസ് മുറി അനുരൂപീകരണം (Class Room Adaptation) പ്രയോഗവല്‍ക്കരിക്കുക, വിവര വിനിമയ സാങ്കേതിക വിദ്യയെ അതാതു വിഷയങ്ങളോടൊപ്പം ഉദ്ഗ്രഥിക്കുക, കലാ-കായിക-പ്രവൃത്തി പരിചയ പഠനശാഖകള്‍ അവഗണിക്കപ്പെട്ടു പോകാതിരിക്കാന്‍ സവിശേഷമായ സമയ നിര്‍ണയം നടത്തുക എന്നിങ്ങനെ ശ്രദ്ധേയമായ ചില അടിസ്ഥാനങ്ങളിലൂന്നിക്കൊണ്ടാണ് പാഠ്യപദ്ധതി പരിഷ്‌കരണം വിഭാവനം ചെയ്തിരിക്കുന്നത്. അധ്യാപനവും ബോധനവും ക്ലാസുമുറികളെ കേന്ദ്രീകരിച്ചു നടക്കുന്ന ജൈവിക പ്രക്രിയകളായതിനാല്‍ സമകാലിക പ്രവണതകള്‍ക്കും സാമൂഹികാവശ്യങ്ങള്‍ക്കുമനുസരിച്ച് പാഠ്യപദ്ധതി നവീകരിക്കേണ്ടതുണ്ട്. പാഠപുസ്തകങ്ങള്‍ മാറേണ്ടതുണ്ട്. പരിഷ്‌കരിക്കപ്പെടുന്ന പാഠ്യപദ്ധതികള്‍ക്കും മാറുന്ന പാഠപുസ്തകങ്ങള്‍ക്കുമനുസരിച്ച് ക്ലാസുമുറികളില്‍ നടക്കേണ്ട പ്രക്രിയകള്‍ക്ക് പ്രതീക്ഷിതമായ രൂപഭേദം സംഭവിക്കുന്നുണ്ടോ എന്നത് കാര്യമായ പഠനവും വിശകലനവുമാവശ്യപ്പെടുന്ന മറ്റൊരു വിഷയമാണ്. 

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയെ വാര്‍പ്പു മാതൃകകള്‍ അടിച്ചേല്‍പ്പിച്ച പഠനവൈരസ്യത്തില്‍ നിന്ന് മോചിപ്പിച്ച് നൂതനാശയങ്ങളുടെ ഊര്‍ജ്ജം കൊടുത്ത് ചടുലമാക്കിയെടുക്കുന്നതില്‍ മുമ്പ് നടന്ന പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ പ്രധാനമായി ആശ്രയിക്കുന്ന പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ കഴിഞ്ഞതില്‍, സ്‌കൂളുകളിലെ ഭാതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതില്‍, അധ്യാപക സമൂഹത്തെ ഉള്ളടക്കപരമായും രീതിശാസ്ത്രപരമായും ശാക്തീകരിക്കാന്‍ കഴിഞ്ഞതില്‍, പഠിതാക്കള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പിക്കാനാവശ്യമായ പിന്തുണാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍, പൊതുസമൂഹത്തെ വിദ്യാലയങ്ങളുമായി അടുപ്പിക്കാന്‍ വേണ്ട വികസന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതിലൊക്കെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആവേശജന്യമായ പ്രതിഫലനം കാണാനാവും.

ഇപ്പറഞ്ഞതൊക്കെ സമ്മതിച്ചുകൊടുക്കുമ്പോഴും നമ്മുടെ ക്ലാസ്‌റൂം അധ്യാപനം നാം വിഭാവനം ചെയ്ത പോലെ മെച്ചപ്പെടുന്നുണ്ടോ എന്ന ഗൗരവതരമായ അന്വേഷണം കൂടി നടത്തേണ്ടതുണ്ട്. മികച്ച പഠന നേട്ടങ്ങള്‍ക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് ചെലവഴിക്കുന്ന പണവും അധ്വാനവും എത്രയളവില്‍ ക്ലാസ്‌റൂം പ്രക്രിയകളില്‍ പ്രതിഫലിക്കുന്നുണ്ട് എന്ന പഠനത്തിനും ഇവിടെ പ്രസക്തിയുണ്ട്. 

വലിയ അക്കാദമിക ജ്ഞാനം ആവശ്യമില്ല ഒരു ക്ലാസ്‌റൂം അധ്യാപനം വിലയിരുത്താന്‍. ക്ലാസ് താല്‍പര്യജനകമായിരുന്നോ? ബൗദ്ധികമായി വെല്ലുവിളി ഉയര്‍ത്തിയോ? ശ്രദ്ധിച്ചിരിക്കാനും പഠന പ്രക്രിയയില്‍ പങ്കാളിയാകാനും പഠിതാവിനു പ്രോത്സാഹനം കിട്ടിയോ? ഇപ്പറഞ്ഞതൊക്കെ സാമാന്യ അളവില്‍ ഒരു ക്ലാസ്‌റൂം അധ്യാപനത്തില്‍ ഉള്‍ച്ചേര്‍ന്നതായി ഒരു നിരീക്ഷകനു അനുഭവപ്പെട്ടാല്‍ ഒരു സംശയവും വേണ്ട ആ ക്ലാസ്‌റൂം വിജയകരമാണ്; സൃഷ്ട്യുന്മുഖമാണ്. 

ക്ലാസ്‌റൂം നിരീക്ഷകരില്‍ പലരുടെയും അനുഭവം പക്ഷെ മറിച്ചാവാനാകും സാധ്യത. നിരവധിയാളുകളുമായി സംവദിക്കാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ അവരില്‍ പലരും പല ക്ലാസുമുറികളെക്കുറിച്ചും പൂര്‍ണസംതൃപ്തി രേഖപ്പെടുത്തിയതായി കണ്ടില്ല.

ക്ലാസ് മുറികളില്‍ ഒരുതരം യാന്ത്രികത നിലനില്‍ക്കുന്നു. ഒരേ രീതിശാസ്ത്രത്തിന്റെ മടുപ്പിക്കുന്ന ആവര്‍ത്തനം. സര്‍ഗാത്മക സ്പര്‍ശമില്ലാത്ത ആസൂത്രണത്തിന്റെ വൈരസ്യമുയര്‍ത്തുന്ന കെട്ടുകാഴ്ചകള്‍. ശാസ്ത്ര വിഷയങ്ങളായാലും ഭാഷാ ക്ലാസുകളായാലും വലിയ വ്യത്യാസമില്ലാത്ത അവസ്ഥ. 

പാഠ്യപദ്ധതികള്‍ മാറുന്നതനുസരിച്ച് ക്ലാസു മുറികള്‍ മാറുന്നില്ല എന്നതാണ് വസ്തുത. പരിശീലനങ്ങളും ശില്‍പശാലകളും ബോധവല്‍കരണങ്ങളും എത്ര നടന്നാലും അവയുടെയൊക്കെ സ്വാധീനം ക്ലാസ്മുറികളില്‍ പ്രതിഫലിക്കുന്നില്ല. പഠിതാക്കളിലേക്കു പ്രസരിക്കപ്പെടുന്നില്ല. 

പ്രശ്‌നത്തിന്റെ വേരുകള്‍ എവിടെയാണ്? ആര്‍ക്കാണ് പിഴവ് സംഭവിച്ചത്? പഠിതാക്കള്‍ക്കാണോ? അധ്യാപകര്‍ക്കാണോ? സംവിധാനത്തിനാണോ? അറിവിന്റെ നിര്‍മാണം എന്ന പരമമായ പഠനലക്ഷ്യം സാക്ഷാത്കരിക്കാന്‍ ക്ലാസ്മുറികളില്‍ തടസ്സമായി നില്‍ക്കുന്നത് എന്താണ്? 

ബ്രാംവെല്‍ ഒസുലയും റിനല്‍ ഇസബോണും ചേര്‍ന്നെയഴുതിയ 'കുട്ടികളെ എങ്ങനെ പഠിക്കാന്‍ പ്രേരിപ്പിക്കാം' (How To Motivate Children To Learn) എന്ന പുസ്തകത്തിന്റെ പ്രാരംഭ ഭാഗത്ത് ക്ലാസ്മുറിയെ സംബന്ധിച്ച് നല്ലൊരു നിരീക്ഷണമുണ്ട്. ''ഭൂമുഖത്തെ ഏറ്റവും പ്രബലവും ഓജസ്സുറ്റതുമായൊരിടം ക്ലാസ്മുറിയാണ്. കൃത്യമായ ലക്ഷ്യവും സൂക്ഷ്മമായ ആസൂത്രണവുമില്ലാത്ത അധ്യാപകര്‍ ഏതു ക്ലാസ്മുറിയിലാണോ ഉള്ളത് അവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഒരുപയോഗവുമില്ലാത്ത ക്ലാസ്മുറികള്‍.''

കണ്ണും കാതും തുറന്നുവെച്ച് ഉണര്‍ന്നിരിക്കുന്ന ഒരു തലമുറയാണ് ക്ലാസിലിരിക്കുന്നത്. ജിജ്ഞാസയും ഭാവനയും ചടുലതയും അന്വേഷണത്വരയും സര്‍ഗാത്മക ശേഷിയും പ്രവര്‍ത്തനോത്സുകതയും മോശമല്ലാത്ത അളവില്‍ അകത്തു സമ്മേളിച്ചിട്ടുള്ള ഒരു തലമുറ. അത്തരമൊരു തലമുറയുടെ മുന്നില്‍ ആര്‍ജ്ജവത്തോടെ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയണമെങ്കില്‍ അധ്യാപകന് നവീകരിച്ച അക്കാദമിക ജ്ഞാനം വേണം, രീതി ശാസ്ത്രധാരണ വേണം, ഗവേഷണ മനസ്സ് വേണം. 

പഠിതാവ് സക്രിയമായി ചിന്തിക്കുകയും അറിവിന്റെ നിര്‍മാണം നടത്തുകയും ചെയ്യുന്ന പ്രക്രിയയെയാണ് നാം പഠനം എന്നു വിളിക്കുന്നത്. ചിന്തനം എന്നത് പഠിതാവിന്റെ അകത്തു നടക്കുന്ന ഒരു ധൈഷണിക പ്രവര്‍ത്തനവും, നിര്‍മാണം എന്നത് പുറമേക്കു പഠിതാവു നടത്തുന്ന ആവിഷ്‌കാരവുമാണ്. ചിന്തയെ ഉദ്ദീപിപ്പിക്കാന്‍ പോന്ന പാഠ്യ വിഭവങ്ങള്‍ (Inputs) പഠിതാക്കള്‍ക്ക് കൊടുക്കാന്‍ കഴിയുമ്പോഴേ ചിന്തനം നടക്കൂ. പഠിതാക്കളില്‍ നിന്ന് ചിന്തയെ ഉദ്ദീപിപ്പിക്കുന്നതിലും ദിശ തിരിച്ചു വിടുന്നതിലും അധ്യാപകര്‍ ചിലരെങ്കിലും പരാജയപ്പെടുന്നു. 

മുമ്പൊരിക്കല്‍ ഒരു വിദ്യാഭ്യാസ ഓഫീസര്‍ ഒരനുഭവം പങ്കുവെച്ചത് ഓര്‍ത്തുപോകുന്നു: പ്രശസ്തമായൊരു സ്‌കൂളിലെ ഒരു അഞ്ചാം ക്ലാസ് ഡിവിഷന്‍. അമ്പതിനടുത്ത് വരുന്ന കുട്ടികള്‍. ഒരു ശാസ്ത്ര ക്ലാസ് നിരീക്ഷിക്കാന്‍ ചെന്നിരിക്കുകയായിരുന്നു ഓഫീസര്‍. ഒരു കിറ്റുമായിട്ടാണ് മാഷ് എത്തിയിരിക്കുന്നത്. വ്യത്യസ്ത ആകൃതിയും വലിപ്പവും ഗന്ധവും രുചിയുമുള്ള ചില സാധനങ്ങളാണ് കിറ്റിലുള്ളത്. 

''ഇന്ന് നമുക്കൊരു കളി കളിക്കാം''

മാഷ് വിഷയത്തിലേക്ക് നേരെ കടന്നു.

''ഞാന്‍ ഓരോരുത്തരുടെയും കണ്ണുകെട്ടും. എന്നിട്ട് ചില സാധനങ്ങള്‍ കൈയില്‍ തരും. അതിന്റെ ആകൃതിയോ വലിപ്പമോ ഗന്ധമോ രുചിയോ വിലയിരുത്തി സാധനമെന്താണെന്നു പറയണം.'' 

കിറ്റ് തുറന്നു അതിനകത്തുള്ള സാധനങ്ങള്‍ മാഷ് മേശപ്പുറത്ത് നിരത്തി. ഓരോരുത്തരെ വിളിച്ചു കണ്ണുകെട്ടാന്‍ തുടങ്ങി. എന്നിട്ട് ഏതാനും സാധനങ്ങള്‍ ഏതാണെന്നു വിളിച്ചു പറഞ്ഞു. പിന്‍ബഞ്ചിലിരിക്കുന്ന അഞ്ചുകുട്ടികളും കൂടി ബാക്കി നില്‍ക്കെ പിരീയഡ് അവസാനിച്ചു. 

''ഇപ്പോള്‍ മനസ്സിലായില്ലേ, വസ്തുക്കളെ കാണാതെ അവയുടെ ആകൃതിയോ വലിപ്പമോ ഗന്ധമോ രുചിയോ വിലയിരുത്തി നമുക്കവ ഏതാണെന്ന് പറയാന്‍ കഴിയും.''

എന്തോ അത്ഭുതം സാധിച്ച മട്ടില്‍ മാഷ് ക്ലാസ് അവസാനിപ്പിച്ചു.

വിദ്യാഭ്യാസ ഓഫീസറുടെ നിരീക്ഷണം ശ്രദ്ധിച്ചാല്‍ ഈയൊരു ശാസ്ത്ര ക്ലാസ് പരാജയമാണെന്ന് നമുക്ക് തീര്‍ത്തു പറഞ്ഞുകൂടാ. ചില മേന്മകളുണ്ട് എന്നതാണ് കാരണം: 

* അധ്യാപകന്‍ കൃത്യസമയത്ത് ക്ലാസിലെത്തി സമയം തീരുംവരെ ക്ലാസില്‍ ചെലവഴിച്ചു.

* കൂടുതല്‍ കുട്ടികള്‍ക്കും ഒരു പഠന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ അവസരം കിട്ടി.

* ഒരു ശാസ്ത്രാശയം ബോധ്യപ്പെടുത്താന്‍ അധ്യാപകന്‍ ശ്രമിച്ചു.

ഇപ്പറഞ്ഞതൊക്കെ മേന്മകള്‍ തന്നെയാണ്. ഇതുപോലും കാണാനില്ലാത്ത നിരവധി ശാസ്ത്ര ക്ലാസുകള്‍ കാണേണ്ടി വന്ന അനുഭവം വെച്ചുകൊണ്ടാണിത് പറയുന്നത്. 

ചോദ്യമിതാണ്: പ്രശ്‌നാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായൊരു ശാസ്ത്ര ക്ലാസ് മുറിയില്‍ കുറച്ചുകൂടി അര്‍ഥപൂര്‍ണമായ ആസൂത്രണവും നിര്‍വഹണവും എന്തുകൊണ്ട് അധ്യാപകന് നടത്താന്‍ കഴിയുന്നില്ല? നാളിതുവരെയുള്ള അനുഭവ പരിശീലനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത പാഠാവതരണ മികവും പ്രവര്‍ത്തന വിന്യാസശേഷിയും സര്‍ഗാത്മക കഴിവും ഉദ്ഗ്രഥിക്കാന്‍ എന്തുകൊണ്ടാണ് അധ്യാപകര്‍ക്ക് കഴിയാതെ പോകുന്നത്? 

ശാസ്ത്ര ക്ലാസില്‍ ഏറെ പ്രധാനപ്പെട്ടതാണ് പഠിതാവിന്റെ ജിജ്ഞാസ. ജിജ്ഞാസ അങ്കുരിപ്പിക്കുന്നതിലും അതു നിലനിര്‍ത്തി മുന്നോട്ടു പോകുന്നതിലും ശാസ്ത്രാധ്യാപികക്ക്/അധ്യാപകന്  വിജയിക്കാന്‍ സാധിക്കണം. ഇവിടെ പറഞ്ഞ ക്ലാസില്‍ അധ്യാപകന്‍ ആദ്യമേ പരിഗണിക്കാതിരുന്നത് കുട്ടികളുടെ ജിജ്ഞാസയാണ്. കിറ്റിലെ സാധനങ്ങള്‍ മേശപ്പുറത്തു നിരത്തിയപ്പോള്‍ തന്നെ കുട്ടികള്‍ അവ തിരിച്ചറിയാനും ഓര്‍മയില്‍ കുറിച്ചുവെക്കാനും തുടങ്ങിയിരുന്നു. കുട്ടികള്‍ ഓരോരുത്തരെയായി മാറിമാറി കണ്ണുകെട്ടാന്‍ നടത്തിയ അധ്വാനം അധ്യാപകനെ ക്ഷീണിപ്പിച്ചു എന്നുമാത്രമല്ല, ക്ലാസ്‌റൂം അന്തരീക്ഷത്തിന്റെ തന്നെ താളം നഷ്ടപ്പെടുത്തുകയും ചെയ്തു. ഊഴം കഴിഞ്ഞ കുട്ടികള്‍ തങ്ങള്‍ക്ക് പിന്നീടൊരു റോളും ഇല്ലാതെ പോയതിനാല്‍ അവര്‍ അവരുടേതായ വിനോദങ്ങളില്‍ ഏര്‍പ്പെടാനും തുടങ്ങി. ക്ലാസിന്റെ ഒരു ഭാഗത്ത് കണ്ണ് കെട്ടിക്കൊണ്ടുള്ള കളി നടക്കുമ്പോള്‍ മറുഭാഗത്ത് കണ്ണുകെട്ടാതെയുള്ള കളി നടന്നു എന്നു ചുരുക്കം. തങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തെ അനുഭവങ്ങള്‍ വെച്ചു അപഗ്രഥിക്കാനോ തുടര്‍ന്നൊരു നിഗമനത്തിലെത്തിച്ചേരാനോ കുട്ടികള്‍ക്ക് അവസരം കൊടുക്കാതെ ഏകപക്ഷീയമായി അധ്യാപകന്‍ തന്നെ ഒരു ശാസ്ത്രാശയം വിളിച്ചു പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചതാണ് ഏറെ വിചിത്രമായി തോന്നിയത്. 

ആസൂത്രണം സൂക്ഷ്മമായി കൃത്യപ്പെടുത്താത്തതിന്റെയും പ്രവര്‍ത്തനങ്ങള്‍ ഔചിത്യപൂര്‍വം ചിട്ടപ്പെടുത്താത്തതിന്റെയും പോരായ്മയാണ് ഇവിടെ സംഭവിച്ചത്. പരീക്ഷണത്തിന് വേണ്ടി പരീക്ഷണവും പ്രവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തനവുമായി മാറുമ്പോള്‍ ഒരു ക്ലാസ്മുറിയും ലക്ഷ്യത്തിലേക്കെത്തില്ല. 

നമുക്കിനി ഭാഷാ ക്ലാസ് മുറികളിലേക്ക് വരാം. ആശയവിനിമയത്തിനു മാത്രമുള്ള ഒരുപാധിയാണ് ഭാഷ എന്ന അപക്വമായ കാഴ്ചപ്പാട് ഭാഷാധ്യാപകരെ വല്ലാതെ വഴിതെറ്റിച്ചുകളഞ്ഞിട്ടുണ്ട്. ആദ്യമേ തിരുത്തേണ്ടതുണ്ട് ഈ കാഴ്ചപ്പാട്. ആശയവിനിമയം മാത്രമല്ലല്ലോ ഭാഷയുടെ ധര്‍മം. അറിവിന്റെ ആര്‍ജനത്തിന് ഭാഷ വേണ്ടേ? അറിവിന്റെ അനന്തതകളിലേക്ക് പഠിതാവിനു കടന്നുപോകാന്‍ കഴിയണമെങ്കില്‍ ഭാഷ സ്വായത്തമാക്കിയേ മതിയാവൂ. വ്യവഹാര രൂപങ്ങള്‍ക്കകത്തെ ആശയങ്ങളിലന്തര്‍ഭവിച്ചു കിടക്കുന്ന സൗന്ദര്യവും ഭാഷാഭംഗിയും ആസ്വദിക്കാനാകണമെങ്കിലും ഭാഷ വേണം. ഭാഷയെക്കുറിച്ച സമഗ്രമായ പരിപ്രേക്ഷ്യത്തിന്റെ അഭാവം ക്ലാസുമുറികളുടെയും മേന്മകളെ ഇല്ലാതാക്കുന്നുണ്ട്. 

പഠിതാക്കളുടെ ഭാഷാ വികാസം സാധിക്കും വിധം പഠനാനുഭവങ്ങള്‍ നല്‍കുന്നിടത്തേക്ക് ഭാഷാ ക്ലാസുകള്‍ ഉയര്‍ന്നു പോകണം. പദസമ്പത്ത് (Vocabulary), വ്യാകരണബോധം (Sense of Grammar), വ്യവഹാര രൂപങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കഴിവ് (Discourses Competency) എന്നിവ ആര്‍ജിക്കുന്നതിലൂടെയാണ് പഠിതാവ് ഭാഷാ വികാസം സാധിക്കുന്നത്. 

ഏതൊരു ഭാഷാ ക്ലാസ് മുറിയിലും കുട്ടികള്‍ രൂപപ്പെടുത്തുന്ന സ്വതന്ത്രരചനകള്‍ വിലയിരുത്തിയാല്‍ നമുക്കു ബോധ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്.

* അനുയോജ്യമായ പദാവലികളുടെ കുറവ്

* വ്യാകരണ ബോധമില്ലാത്തതുകൊണ്ട് ഭാഷാവിഷ്‌കാരത്തില്‍ കൃത്യതയുടെയും യുക്തിഭദ്രതയുടെയും അഭാവം

* വ്യവഹാര രൂപങ്ങളില്‍ പ്രകടമാവുന്ന അപൂര്‍ണതയും അഭംഗിയും.

നിരന്തരം ഭാഷ കേള്‍ക്കാനും പരിചയപ്പെടാനും ആവിഷ്‌കരിക്കാനും അവസരം ലഭിക്കുമ്പോഴേ പഠിതാവിനു പദസമ്പത്തുണ്ടാവൂ; പുനരനുഭവങ്ങളുടെ സാധ്യതയും വിനിമയങ്ങളിലെ ചാക്രികതയും അധ്യാപകര്‍ ശ്രദ്ധിക്കുമ്പോഴേ പദാവലികള്‍ പഠിതാവില്‍ ഉറക്കൂ. ഭാഷ ഉറച്ചാലേ വ്യാകരണമുറയ്ക്കൂ; മാതൃകകള്‍ കാണാനും പരിചയപ്പെടാനും താരതമ്യം ചെയ്യാനും സ്വയം രൂപപ്പെടുത്തി മെച്ചപ്പെടുത്താനും സന്ദര്‍ഭമുണ്ടാകുമ്പോഴേ ഭാഷാ വ്യവഹാര രൂപങ്ങള്‍ക്ക് ഭംഗിയും പൂര്‍ണതയുമുണ്ടാവൂ.

നമ്മുടെ ഭാഷാധ്യാപകര്‍ വിഗോഡ്‌സ്‌കിയെയും നോംചോസ്‌കിയെയും ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും വിഗോഡ്‌സ്‌കിയന്‍ ചിന്തകളുടെയും നോംചോസ്‌കിയന്‍ ചിന്തകളുടെയും ക്ലാസ്‌റൂം പ്രയോഗ സാധ്യതകളുടെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിപ്പോയിട്ടില്ല എന്നുവേണം കരുതാന്‍. 

ഒരു ഭാഷാ ക്ലാസില്‍ പ്രധാനമായും പഠിതാവിന് കിട്ടേണ്ടത് ഭാഷയും ചിന്തയുമാണ്. ഇവ രണ്ടുമാണ് ഭാഷാ ക്ലാസുമുറിയിലെ പ്രധാന പാഠ്യവിഭവങ്ങള്‍ (Inputs). ചിന്തയില്‍ നിന്ന് ഭാഷ ഉല്‍പാദിപ്പിക്കാനും ഭാഷയിലൂടെ ചിന്തയെ ആവിഷ്‌കരിക്കാനും ഉതകുന്ന സന്ദര്‍ഭങ്ങള്‍ ക്ലാസ് മുറികളില്‍ സൃഷ്ടിക്കപ്പെടണം.

ആഖ്യാനങ്ങളുടെ അവതരണം നല്ലൊരു തന്ത്രമാണ്. ഭാവപ്രകടനങ്ങളിലെ വൈവിധ്യത, ശബ്ദ വ്യത്യാസത്തിലെ രൂപമാറ്റങ്ങള്‍, ശരീരഭാഷയുടെ ഉചിതമായ പ്രയോഗം, അപഗ്രഥന ചോദ്യങ്ങളുന്നയിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധി തുടങ്ങിയവയിലെ പരിമിതികള്‍ പക്ഷെ ആഖ്യാനാവതരണങ്ങളുടെ കോലം കെടുത്തിക്കളയാറുണ്ട്. ഫലമോ, ഒരു ചിന്തയും ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ഒരു ഭാഷയും ആവിഷ്‌കരിക്കപ്പെടുന്നില്ല.

ആഖ്യാനങ്ങള്‍ക്ക് വേണ്ടി ആഖ്യാനിക്കല്‍, ഭാഷാ പ്രവര്‍ത്തനത്തിന് വേണ്ടി ഭാഷാ പ്രവര്‍ത്തനം. അങ്ങനെ അനുഷ്ഠാനങ്ങളുടെ കെട്ടുകാഴ്ചകള്‍. പാഠ്യപദ്ധതികള്‍ മാറിയിട്ട് എന്തുകാര്യം, ക്ലാസ് മുറികള്‍ മാറിയില്ലെങ്കില്‍? 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍