Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

ഐസിസ് / ആരെയൊക്കെയാണ് വിചാരണ ചെയ്യേണ്ടത്

കെ.ടി ഹുസൈന്‍ /കവര്‍‌സ്റ്റോറി

         വംശീയതയോട് ഇസ്‌ലാമിന് ഒരു നിലക്കും യോജിക്കാനാവില്ല. വംശീയതയാണല്ലോ ഫാഷിസത്തിന്റെ അടിത്തറ. ഒരു കൂട്ടര്‍ ആക്രമണങ്ങളും മര്‍ദനങ്ങളും അഴിച്ചുവിടുന്നതും ഏകാധിപത്യ വാസന പ്രകടിപ്പിക്കുന്നതുംകൊണ്ടുമാത്രം അതു ഫാഷിസമാവുകയില്ല. മറിച്ച്, അത്തരം മര്‍ദനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സമഗ്രാധിപത്യത്തിനും വംശീയ മാഹാത്മ്യത്തെയും അപരവംശ വിദ്വേഷത്തെയും അടിത്തറയാക്കുമ്പോഴാണ് ആ പ്രവണത ഫാഷിസമാകുന്നത്. മര്‍ദകരും ഏകാധിപതികളുമായ ഭരണകൂടങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലും കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍, ഫാഷിസ്റ്റ് ഭരണകൂടമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നും ഇസ്‌ലാമിക ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ചില ഭരണകൂടങ്ങളെ ഗോത്രപക്ഷപാതിത്വം സ്വാധീനിച്ചുവെന്നത് നേരാണ്. എങ്കിലും വംശീയതയോട് ഒരു നിലക്കും രാജിയാകാത്ത ഇസ്‌ലാമികമായ പൊതുബോധം സമൂഹത്തില്‍ ശക്തമായതിനാല്‍ അതൊരിക്കലും ഫാഷിസമായി രൂപാന്തരം പ്രാപിച്ചില്ല. ഉന്നതകുലജാതരായ ഭരണാധികാരികളുടെ പിന്‍ഗാമികളായി അടിമകള്‍ രാജാവായി വാഴിക്കപ്പെട്ടതും അങ്ങനെ ഇന്ത്യയിലും ഈജിപ്തിലും അടിമകളുടെ രാജവംശം ഉയര്‍ന്നുവന്നതും ഇസ്‌ലാമിക ചരിത്രത്തിലെ മാത്രം സവിശേഷതയാണ്. ഇസ്‌ലാമില്‍ അല്ലാതെ മറ്റൊരു നാഗരികതയിലും അതു സാധ്യമാകുമായിരുന്നില്ല. 

എന്നാല്‍, കൊളോണിയലാനന്തരം മുസ്‌ലിം നാടുകളില്‍ അധികാരത്തില്‍ വന്ന ചില ഭരണാധികാരികളില്‍ ഇത്തരം ഫാഷിസ്റ്റ് പ്രവണതകളുണ്ടായിരുന്നു. കുര്‍ദുകളെയും ശീഈകളെയും കൂട്ടക്കൊല ചെയ്ത ഇറാഖിലെ സദ്ദാം ഹുസൈന്‍, സിറിയയിലെ അസദ് ഭരണകൂടം, അര്‍മീനിയന്‍ കൂട്ടക്കൊലക്ക് ഉത്തരവാദികളായ തുര്‍ക്കിയിലെ യുവ തുര്‍കി ഭരണകൂടം തുടങ്ങിയവ ഉദാഹരണം. പക്ഷേ, അവരാരും തങ്ങളുടെ ആക്രമണ പ്രവര്‍ത്തനങ്ങളെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തിയിരുന്നില്ല. ശുദ്ധ മതേതരവാദികളായിരുന്നു അവരെല്ലാവരും. അതിനാല്‍ തന്നെ, അവരുടെ ചെയ്തികള്‍ക്ക് ഇസ്‌ലാം പ്രതിക്കൂട്ടിലാകുന്ന പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഇറാഖിലും സിറിയയിലും കൊടും നാശം വിതച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയപ്പെടുന്ന ഐസിസിന്റെ എല്ലാ ആക്രമണ പ്രവര്‍ത്തനങ്ങളുടെയും അടിത്തറ വംശീയതക്ക് സമാനം രൂപപ്പെടുത്തിയ സങ്കുചിത വിശ്വാസമാണ്. തങ്ങളുടെ വിശ്വാസം കൈക്കൊള്ളാത്ത മറ്റെല്ലാവരെയും അവര്‍ നിര്‍ദാക്ഷിണ്യം ആക്രമിക്കുകയും അവര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുകയുമാണ്. അതിന് മുസ്‌ലിം, അമുസ്‌ലിം വിവേചനമൊന്നുമില്ല. യസീദികളും ശീഈകളും കുര്‍ദുകളു അവരുടെ ഇരകള്‍ തന്നെ. തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടക്കൊലകള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്‌ലാമിക വ്യവഹാരങ്ങളെയും ചിഹ്നങ്ങളെയും സമൃദ്ധമായി ഉപയോഗപ്പെടുത്തുന്നുവെന്നതാണ് അറബ് ഏകാധിപതികളില്‍നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നത്. താന്‍ പ്രഖ്യാപിച്ച 'ഭീകരതക്കെതിരെയുള്ള യുദ്ധ'ത്തിനുവേണ്ടിയുള്ള പ്രചാരണം മൂര്‍ധന്യത പ്രാപിച്ച ഒരു ഘട്ടത്തില്‍ ഇസ്‌ലാമിക ഫാഷിസം എന്നൊരു പ്രയോഗം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ് നടത്തിയത് ഓര്‍മയുണ്ടാകുമല്ലോ. പുറത്തുവന്നതെല്ലാം ശരിയാണെങ്കില്‍ ഐസിസിന്റെ ഇതുവരെയുള്ള ചെയ്തികള്‍ ശ്രദ്ധിച്ചാല്‍ ഈയൊരു വിശേഷണം ഏറക്കുറെ ഈ നിഗൂഢ സംഘത്തിന് ചേരുമെന്നാണ് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ ഇസ്‌ലാം ഇന്നേവരെ പ്രതിനിധാനം ചെയ്യപ്പെട്ടതില്‍ വെച്ചേറ്റവും മോശപ്പെട്ട പ്രതിനിധാനമായിരിക്കും അത്. അതുകൊണ്ടാണ് അല്‍പം സ്‌ഫോടനാത്മകമെന്ന് തോന്നാവുന്ന 'ഐ.എസ് ഇസ്‌ലാമല്ല' എന്ന കാമ്പയിന്‍ തലവാചകവുമായി ജമാഅത്തെ ഇസ്‌ലാമി പൊതുസമൂഹത്തെ അഭിമുഖീകരിച്ചത്. ഐസിസിനോടുള്ള ജമാഅത്തിന്റെ വിയോജിപ്പ് പ്രയോഗത്തോടു മാത്രമല്ല, തത്ത്വത്തോടു കൂടിയുമാണെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. 

മുസ്‌ലിം സംഘടനകളുടെ പതിവ് തീവ്രവാദ വിരുദ്ധ കാമ്പയിനുകളില്‍ നിന്ന് ഇതു വ്യത്യസ്തമാണെന്നും, അതിനാല്‍തന്നെ പൊതുസമൂഹം അതു ശ്രദ്ധിക്കുമെന്നും മനസ്സിലായതോടെ ജമാഅത്തിന്റെ പതിവു വിമര്‍ശകര്‍ എല്ലാം കൂടി പഴയ വിമര്‍ശനവുമായി ചാടിപ്പുറപ്പെടുന്നതാണ് പിന്നീട് നാം കണ്ടത്. അവരില്‍ ഒന്നാമത്തെയാള്‍ ജമാഅത്ത് വിമര്‍ശനത്തിന് മാത്രമായി ഒരു ജന്മം പാഴാക്കിയ  ഹമീദ് ചേന്ദമംഗല്ലൂരാണ്. ജമാഅത്ത് വിമര്‍ശനത്തിന് കേരളത്തിന് ഒരാചാര്യനുണ്ടെങ്കില്‍ ആ സ്ഥാനം ഇദ്ദേഹത്തിന് കല്‍പിച്ചുകൊടുക്കണം. തുടക്കത്തില്‍ ഇദ്ദേഹം കമ്യൂണിസ്റ്റുകാരുടെ മാത്രം ആചാര്യനായിരുന്നു. ദേശാഭിമാനിയായിരുന്നു അന്ന് ഹമീദിന്റെ പ്രധാന തട്ടകം. ഹമീദിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ ഏറ്റവും സര്‍ഗാത്മക ഘട്ടം എന്ന് അതിന് വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. കാരണം, മതത്തെക്കുറിച്ച കമ്യൂണിസ്റ്റുകളുടെയും ഇസ്‌ലാമിസ്റ്റുകളുടെയും കാഴ്ചപ്പാടിലെ അടിസ്ഥാന വൈരുധ്യമായിരുന്നു ആ വിമര്‍ശനത്തിന്റെ കേന്ദ്രബിന്ദു. ജമാഅത്ത് പക്ഷത്തുനിന്ന് അതിന് സമുചിതമായ മറുപടിയും നല്‍കപ്പെട്ടു. ഇസ്‌ലാം-മാര്‍ക്‌സിസ്റ്റ് സംവാദം എന്ന് നമുക്കതിനെ വിളിക്കാം. മുസ്‌ലിം സംഘടനകള്‍ പൊതുവില്‍ ഈ ആശയസംവാദത്തില്‍ നിശ്ശബ്ദമായിട്ടെങ്കിലും ജമാഅത്ത് പക്ഷത്തായിരുന്നു. മുസ്‌ലിം സംഘടനകളില്‍ പെട്ട  ഏതെങ്കിലും എഴുത്തുകാരനോ പ്രസംഗകനോ അക്കാലത്ത് ഹമീദിന്റെ വാദങ്ങള്‍ പൊതുവേദിയില്‍ ഏറ്റുപിടിച്ചിരുന്നില്ല. എന്നാല്‍, തൊണ്ണൂറുകള്‍ക്കുശേഷം ഹമീദ് വലതുപക്ഷത്തേക്ക് കളംമാറിച്ചവിട്ടുന്നതാണ് നാം കണ്ടത്. അതോടുകൂടി അദ്ദേഹം സംഘ്പരിവാറിന്റെ കണ്ണിലുണ്ണിയായി. ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ചെല്ലും ചെലവും നല്‍കി തീറ്റിപ്പോറ്റുന്ന മുസ്‌ലിം നാമധാരികളായ ചില എഴുത്തുകാരാണ് ഈ ഘട്ടത്തില്‍ ഹമീദിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ പ്രധാന റഫറന്‍സ്. മതരാഷ്ട്രവാദം എന്ന പരികല്‍പന അദ്ദേഹം ജമാഅത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നതും തീവ്രവാദത്തിന്റെ താത്ത്വികാചാര്യന്‍ മൗദൂദിയാണെന്ന ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതും ഈ ഘട്ടത്തില്‍ മാത്രമാണ്. നിര്‍ഭാഗ്യവശാല്‍, 'ഉമര്‍ മൗലവി ബാധയേറ്റ' മുജാഹിദിലെ ചിലര്‍ കൂടി ഈ ഘട്ടത്തില്‍ ഹമീദിനെ ഉപജീവിക്കാന്‍ തുടങ്ങി എന്നത് വല്ലാത്തൊരു ഐറനിയാണ്. മുജാഹിദ് വിഭാഗത്തിലെ ശൈഥില്യത്തിന് അതും ഒരു നിമിത്തമായിത്തീര്‍ന്നു എന്നത് പില്‍ക്കാല ചരിത്രം. സുന്നികളില്‍ ആരും അപ്പോഴും ഹമീദിനെ ശ്രദ്ധിച്ചിരുന്നില്ല. 

ഐസിസ് വിരുദ്ധ കാമ്പയിനിന്റെ പശ്ചാത്തലത്തില്‍ ഹമീദ് ജമാഅത്തിനെതിരെയുള്ള വിമര്‍ശനം ഒരു നുണ നൂറ്റൊന്നു തവണ ആവര്‍ത്തിച്ചാല്‍ സത്യമായി ജനം വിചാരിക്കുമെന്ന ഗീബല്‍സിയന്‍ യുക്തിക്കനുസരിച്ചു തന്നെയാണ് മുന്നോട്ടു നീങ്ങിയത്.  അതെന്തായിരുന്നുവെന്ന് പിന്നീട് പറയാം. അതിനു മുമ്പ് മറ്റു ചില ജമാഅത്ത് വിമര്‍ശകരെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അവരുടെയും ഗുരുവും ആചാര്യനും ഇയാള്‍ തന്നെയാണെന്ന് മാത്രമല്ല, ഇയാള്‍ പഠിപ്പിച്ചുകൊടുത്തതേ അവര്‍ പറഞ്ഞിട്ടുള്ളൂ എന്നതുകൂടിയാണ് അതിന് കാരണം. 

ഐസിസിനെയും ജമാഅത്തിനെയും ഒരേ ആലയില്‍ കെട്ടാന്‍ തുനിഞ്ഞിറങ്ങിയ മറ്റൊരാള്‍ മുസ്‌ലിം ലീഗിലെ കെ.എം ഷാജിയാണ്. മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും കഴിഞ്ഞ കാലങ്ങളിലെല്ലാം ഇണങ്ങിയും പിണങ്ങിയും തന്നെയാണ് മുന്നോട്ടു പോയിട്ടുള്ളത്. ആ ഇണക്കത്തിന്റെയും പിണക്കത്തിന്റെയും അനുരണനങ്ങള്‍ പേജുകളിലും സ്റ്റേജുകളിലും അലയടിക്കാറുണ്ട്. പക്ഷേ, രണ്ടു കൂട്ടരും പരസ്പരം അസ്തിത്വം അംഗീകരിച്ചു കൊടുക്കുന്നതില്‍ വൈമനസ്യം കാണിച്ചിരുന്നില്ല. എന്നാല്‍, മുസ്‌ലിം ലീഗില്‍ ജമാഅത്തിന്റെ അസ്തിത്വം അംഗീകരിക്കാന്‍ പ്രയാസപ്പെടുന്ന ചിലര്‍ എക്കാലത്തുമുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയത്തെക്കാള്‍ മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയമാണ് ആധുനിക കാലഘട്ടത്തില്‍ കൂടുതല്‍ ഇസ്‌ലാമികം എന്ന പ്രത്യയശാസ്ത്ര കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരായിരുന്നു അവര്‍. അതിനാല്‍ അവര്‍ ജമാഅത്തിനെ ഒരു ശല്യമായി കണ്ടു. മര്‍ഹൂം മങ്കട അബ്ദുല്‍ അസീസ് മൗലവിയും ലീഗിലെ ബുദ്ധിജീവിയായ എം.ഐ തങ്ങളും ഉദാഹരണം. എങ്കിലും അവര്‍ മതവിരുദ്ധരുടെ ആശയം കടംകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തെ തത്ത്വത്തില്‍ നിരാകരിക്കുകയോ, ആശയം എന്തൊക്കെയായിരുന്നാലും ജമാഅത്തിന്റെ പ്രകൃതത്തിന് ഒട്ടും ഇണങ്ങാത്ത വര്‍ഗീയത, തീവ്രവാദം, ഭീകരത തുടങ്ങിയവ ജമാഅത്തിനു മേല്‍ ആരോപിക്കുകയോ ചെയ്തിരുന്നില്ല. എന്നല്ല, മൗലാനാ മൗദൂദി മരണപ്പെട്ടപ്പോള്‍, എം.ഐ തങ്ങള്‍ അദ്ദേഹത്തെ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചന്ദ്രികയില്‍ ലേഖനമെഴുതുക പോലുമുണ്ടായി. 

ലീഗുകാരനായിരിക്കെത്തന്നെ മുസ്‌ലിംവിരുദ്ധരുടെ ഇഷ്ടതോഴനായി മാറാന്‍ ഭാഗ്യം സിദ്ധിച്ച കെ.എം ഷാജി ഈ ഗണത്തിലും പെടില്ല എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. സ്വന്തമായി പഠിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത പക്കാ തെരുവു രാഷ്ട്രീയക്കാരന്‍ മാത്രമായ ഷാജി ഹമീദ്-കാരശ്ശേരിമാരുടെ മതവിരുദ്ധ ആശയങ്ങള്‍ക്കും, വംശീയ വിദ്വേഷ കലുഷിതമായ സംഘ്പരിവാര്‍ ആശയങ്ങള്‍ക്കും ജമാഅത്ത് വിരുദ്ധമെന്ന ലേബലില്‍ പാരഡി ചമക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. സ്വന്തം പാര്‍ട്ടിയുടെ മുഖപത്രമല്ല, മറിച്ച്, കൂടുതല്‍ കൂടുതല്‍ മുസ്‌ലിം വിരുദ്ധമായി മാറിക്കൊണ്ടിരിക്കുന്ന മാതൃഭൂമി ദിനപ്പത്രത്തെയാണ് തന്റെ അക്ഷരസേവക്ക് ടിയാന്‍ അവലംബിക്കുന്നത് എന്നതില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ ആശയസ്രോതസ്സ് ഏതെന്ന് വ്യക്തമാണല്ലോ. 

ഐസിസിനെ മുന്നില്‍ നിര്‍ത്തി ജമാഅത്തിനെതിരെ കാര്യമായി ഗോളടിക്കാന്‍ ശ്രമിച്ച (തുരുതുരാ സെല്‍ഫ് ഗോളുകള്‍ വീണെങ്കിലും... അതിനെക്കുറിച്ച് പിന്നീട് പറയാം) മൂന്നാമത്തെ കൂട്ടര്‍ കാന്തപുരം സുന്നികളാണ്. അവരുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.എസ്.എഫിനെയാണ് അതിനായി അവര്‍ കളത്തിലിറക്കിയത്. 

ഈ മൂന്നു കൂട്ടരും ഒരേ കാര്യമാണ് ജമാഅത്തിനെതിരെ ആരോപിച്ചത്. മതരാഷ്ട്രവാദം, മതേതര ജനാധിപത്യ ദേശീയതയോടുള്ള മൗദൂദിയുടെ വിമര്‍ശനം, ജിഹാദിനെക്കുറിച്ച മൗദൂദിയുടെ നിലപാട് തുടങ്ങിയവയാണവ. ഇവ മൂന്നിനെയും നമുക്ക് ഒന്നിലേക്ക് ചുരുക്കാം. അതായത് ഇസ്‌ലാമിന് ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്ന് ജമാഅത്ത് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, കൂട്ടക്കൊലയിലൂടെ ഇസ്‌ലാമിക രാഷ്ട്രം രൂപീകരിച്ചുവെന്ന് അവകാശപ്പെടുന്ന ഐസിസിന്റെ പ്രത്യയശാസ്ത്ര ഊര്‍ജം ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനുമടക്കമുള്ള ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അവരുടെ നേതാക്കളുമാണ്. അതിനാല്‍, ഐസിസിനോടൊപ്പം ഇവരും വിചാരണ ചെയ്യപ്പെടണം. 

ഇസ്‌ലാമിന് രാഷ്ട്രീയ കാഴ്ചപ്പാടുണ്ടോ എന്ന കാര്യം ഹമീദിനോട് തര്‍ക്കിച്ചിട്ട് കാര്യമില്ല. ദൈവവിശ്വാസം തന്നെയില്ലാത്ത ഒരാളോട് എങ്ങനെയാണ് അതിനെക്കുറിച്ച് തര്‍ക്കിക്കുക! ജമാഅത്തെ ഇസ്‌ലാമിയുടെയും മൗദൂദിയുടെയും ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള വിഭാവന ഒരിക്കലും പോപ്പിന്റെ സര്‍വാധിപത്യത്തില്‍ മധ്യകാലത്ത് യൂറോപ്പിനെ അടക്കിഭരിച്ച മതരാഷ്ട്രമല്ലെന്നും, മൂല്യങ്ങള്‍ അനുധാവനം ചെയ്യപ്പെടുന്ന ദൈവിക ജനാധിപത്യമാണെന്നും മൗദൂദി തന്നെ വ്യക്തമാക്കിയതാണ്. ''യൂറോപ്പിന് സുപരിചിതമായ തിയോക്രസിയും ഇസ്‌ലാമിലെ ദൈവിക ജനാധിപത്യവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്. ദൈവത്തിന്റെ പേരില്‍ ഒരു പ്രത്യേക മത വര്‍ഗം അഥവാ പുരോഹിത വര്‍ഗം തങ്ങളുടെ സ്വയംകൃത നിയമങ്ങള്‍ നടപ്പാക്കുകയും അങ്ങനെ ഫലത്തില്‍ സ്വന്തം ദിവ്യത്വവും ഈശ്വരീയതയും ബഹുജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന ഒരു തിയോക്രസിയേ യൂറോപ്പ് ഇന്നോളം പരിചയപ്പെട്ടിട്ടുള്ളൂ. ദൈവിക രാഷ്ട്രമെന്നല്ല, പൈശാചിക രാഷ്ട്രമെന്നാണ് അത്തരം ഭരണകൂടങ്ങളെ വിളിക്കേണ്ടത്'' (ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം- അബുല്‍അഅ്‌ലാ മൗദൂദി പേ. 35-36).

ഇനിയുള്ളത് മതേതര ജനാധിപത്യത്തെയും ദേശീയതയെയും കുറിച്ച മൗദൂദിയുടെ താത്ത്വിക വിമര്‍ശനമാണ്. ആ വിമര്‍ശനത്തിന്റെ സ്വഭാവവും പശ്ചാത്തലവുമൊക്കെ എത്രയോ തവണ വ്യക്തമാക്കിയതുമാണ്. ദൈവം, പ്രവാചകന്‍, ദൈവിക ഗ്രന്ഥം എന്നിവയെക്കുറിച്ച് മതവിശ്വാസമില്ലാത്ത ആരെങ്കിലും വല്ല വിമര്‍ശനവുമുന്നയിച്ചാല്‍ അതിനെ വൈജ്ഞാനികമായി നേരിടാന്‍ കരുത്തോ ആത്മവിശ്വാസമോ ഇല്ലാത്ത മതവിശ്വാസികളില്‍ ചിലര്‍ അതിനെതിരെ പ്രകോപിതരും അസിഹ്ഷ്ണുക്കളുമാകാറുണ്ട്. അതുപോലെ ആധുനികതയുടെ അന്ധ ഭക്തനായ  ഹമീദിനെപ്പോലുള്ളവരും ആധുനികതയുടെ പ്രമാണ വാക്യങ്ങളായ മതേതര ജനാധിപത്യം, ദേശീയത എന്നിവക്കെതിരെ ഉയര്‍ന്നുവരുന്ന ഏതൊരു വിമര്‍ശനത്തിലും പ്രകോപിതരും അസഹിഷ്ണുക്കളുമാവുകയാണ് എന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ. മതക്കാരുടെ അസഹിഷ്ണുത പ്രാകൃതവും മതേതര അസഹിഷ്ണുത പുരോഗമനപരവുമായിത്തീരുന്നത് എങ്ങനെയാണെന്നാണ് മനസ്സിലാകാത്തത്! 

തങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ ആത്മീയ നേതാവ് എന്ന നിലയില്‍ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്ന ഒരു പാര്‍ട്ടിയില്‍നിന്നുകൊണ്ട് കെ.എം ഷാജി ജമാഅത്തിന്റെ 'മതരാഷ്ട്രവാദത്തി'നെതിരെ ജിഹാദ് നടത്തുന്നത് കാണാന്‍ രസമുണ്ട്. രാഷ്ട്രീയത്തില്‍ ആത്മീയ നേതാവുണ്ടോ? ആദ്യം അദ്ദേഹം സ്വന്തം പാര്‍ട്ടിയെ ശുദ്ധ മതേതരത്വത്തില്‍ ഉടച്ചുവാര്‍ക്കട്ടെ. മതത്തിനു വേണ്ടി മരിക്കുകയല്ല; മതത്തിനു വേണ്ടി ജീവിക്കുകയാണ് വേണ്ടതെന്ന ഒരു തീസിസും ടിയാന്‍ അവതരിപ്പിക്കുന്നുണ്ട്. കള്ളക്കടത്തുകാരുടെ കൂടെ സവാരി ചെയ്തും ഭൂമി തട്ടിപ്പ് നടത്തിയും അദ്ദേഹം നല്ല രീതിയില്‍ മതത്തിന് വേണ്ടി ജീവിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഈ മതജീവിതം മാധ്യമങ്ങളില്‍ വരുമ്പോഴാണ് പലപ്പോഴും അദ്ദേഹത്തിന് ജമാഅത്തെ ഇസ്‌ലാമിയുടെ 'മതരാഷ്ട്രവാദ'ത്തോട് കലശലായ കലിപ്പു തോന്നുക എന്ന രസം കൂടിയുണ്ട്. പാകിസ്താന്‍ വിദേശകാര്യ മന്ത്രിവരെ ആയി ഉയര്‍ന്ന സഫറുല്ലാ ഖാന്‍ എന്ന പേരില്‍ ഒരു നേതാവുണ്ടായിരുന്നു മുസ്‌ലിം ലീഗീന്. ഭരണത്തിലും പാര്‍ട്ടിയിലും പല ഉന്നത സ്ഥാനങ്ങളും കൈയടക്കി നവജാത പാകിസ്താന്‍ രാഷ്ട്രത്തെ ഖാദിയാനി സൗഹൃദ രാഷ്ട്രമാക്കി മാറ്റുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ചുരുക്കിപ്പറഞ്ഞാല്‍ ഖാദിയാനികളുടെ അജണ്ട നടപ്പാക്കുന്ന പാര്‍ട്ടിയിലെ ഒറ്റുകാരനായിരുന്നു സഫറുല്ലാ ഖാന്‍. ഇതു കണ്ടു പിടിച്ച് തകര്‍ത്തത് സയ്യിദ് മൗദൂദിയാണ്. ഖാദിയാനികള്‍ക്ക് സയ്യിദ് മൗദൂദിയോടുള്ള തീരാപകക്കുള്ള കാരണം ഇതല്ലാതെ മറ്റൊന്നുമല്ല. ഇത്തരം സഫറുല്ലാഖാന്‍മാര്‍ മുസ്‌ലിം ലീഗില്‍ ഇപ്പോഴുമുണ്ടോ എന്നൊരന്വേഷണം നടത്തണമെന്നു മാത്രമാണ് ലീഗ് നേതൃത്വത്തോട് പറയാനുള്ളത്. 

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഹിംസാത്മക അജണ്ടകളില്ലെങ്കിലും പാകിസ്താനിലും ബംഗ്ലാദേശിലും അവര്‍ക്ക് അത്തരം അജണ്ടകള്‍ ഉണ്ടെന്ന പച്ചക്കള്ളവും ഹമീദും ഷാജിയും തട്ടിവിടുന്നുണ്ട്. ലശ്കറെ ത്വയ്യിബ, ലശ്കറെ ജബ്ബാര്‍,  ജൈശെ മുഹമ്മദ് തുടങ്ങിയ ധാരാളം തീവ്രവാദ സംഘടനകളുണ്ട് പാകിസ്താനില്‍. എന്നാല്‍ അവയിലൊന്നിനുപോലും ജമാഅത്തെ ഇസ്‌ലാമിയുമായി യാതൊരു ബന്ധവുമില്ല. പാകിസ്താന്‍ രൂപീകരണ കാലം മുതല്‍ക്കുതന്നെ അവിടത്തെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ള പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്‌ലാമി. പാകിസ്താന്‍ മുസ്‌ലിം ലീഗ് അടക്കമുള്ള പാകിസ്താനിലെ മതേതര സംഘടനകളുമായിച്ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പ്രവിശ്യകളിലും കേന്ദ്രത്തിലും അധികാരത്തില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട് അവര്‍. ബംഗ്ലാദേശിലാകട്ടെ, ബീഗം ഖാലിദാ സിയ നയിക്കുന്ന നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സ്വാഭാവിക സഖ്യ കക്ഷിയാണ് അവിടത്തെ ജമാഅത്തെ ഇസ്‌ലാമി. ഇന്ന് യുദ്ധക്കുറ്റം ആരോപിച്ച് ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ ഒന്നൊന്നായി തൂക്കിക്കൊല്ലുന്ന ആരാച്ചാരായി മാറിയ ബീഗം ഹസീനാ വാജിദിനോടൊപ്പവും ജമാഅത്തെ ഇസ്‌ലാമി ഒരു ഘട്ടത്തില്‍ ജനറല്‍ ഇര്‍ശാദിനെതിരായ ജനാധിപത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. ബംഗ്ലാദേശിലാകട്ടെ, പാകിസ്താനിലാകട്ടെ ഇന്നേവരെ ഭരണകൂടത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി സൈനിക അട്ടിമറി നടത്തുകയോ സായുധ യുദ്ധം നടത്തുകയോ ചെയ്തിട്ടില്ല. അതിനു കാരണം ഭരണമാറ്റത്തില്‍ സായുധ യുദ്ധം പാടില്ലെന്ന സയ്യിദ് മൗദൂദിയുടെ താത്ത്വിക നിലപാടാണ്. 

''അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഞാന്‍ പറയട്ടെ: ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും വിധത്തിലുള്ള ഭീകര പ്രവര്‍ത്തനമോ അട്ടിമറിയോ ഒളിയുദ്ധമോ അതുപോലുള്ള നിയമവിരുദ്ധ മാര്‍ഗങ്ങളോ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാന്‍ ഒരിക്കലും സന്നദ്ധമല്ല. ആരെയെങ്കിലും ഭയപ്പെടുന്നതുകൊണ്ടല്ല, അത് ജനാധിപത്യ രീതി മാത്രം സ്വീകരിച്ചുകൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. മറിച്ച്, നാം കാംക്ഷിക്കുന്ന ഇസ്‌ലാമിക വിപ്ലവം മനുഷ്യ മനസ്സിലാണ് ആദ്യമായി അരങ്ങേറേണ്ടത്. മനുഷ്യരുടെ മനോവികാരങ്ങളെ പരിവര്‍ത്തിപ്പിക്കാതെ ഇസ്‌ലാമിക വിപ്ലവം ഒരിക്കലും സാധിതമാവുകയില്ല. ഭൂമിയില്‍ ഒരിക്കലും സാധിച്ചിട്ടുമില്ല. മനുഷ്യമനസ്സിലെ ചിന്തകളെയും അവരുടെ സ്വഭാവ ശീലങ്ങളെയും മാറ്റാന്‍ കഴിയാതെ അധികാരവും ശക്തിയുമുപയോഗിച്ചോ ഭീകരപ്രവര്‍ത്തനങ്ങളിലൂടെയോ മാറ്റാന്‍ കഴിയുമെന്നത് വ്യാമോഹം മാത്രമാണ്. അങ്ങനെയുള്ള വിപ്ലവങ്ങള്‍ക്ക് വേരുറപ്പുണ്ടാവുകയുമില്ല'' (സയ്യിദ് മൗദൂദി, ഉദ്ധരണം: തസ്‌രിഹാത്ത്).

ഐസിസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും സമീകരിക്കാന്‍ ഊക്കോടെ രംഗത്തിറങ്ങിയ മൂന്നാമത്തെ കൂട്ടര്‍ കാന്തപുരം സുന്നികളാണെന്ന് പറഞ്ഞുവല്ലോ. പക്ഷേ, അതവര്‍ക്കുതന്നെ വിനയായി മാറുകയാണ് ചെയ്തത്. സംഘടനക്കുള്ളില്‍ കുറേക്കാലമായി നീറിക്കൊണ്ടിരുന്ന ആശയപരമായ കാലുഷ്യം പുറത്താകാന്‍ അതൊരു നിമിത്തമായി മാറുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ മതരാഷ്ട്ര വാദം കെട്ടിയേല്‍പിക്കാന്‍ ഭരണം, അധികാരം, രാഷ്ട്രീയം എന്നിവയെക്കുറിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാടിനെ അധികം കിത്താബോതാതെ 'ഹമീദിസം' മാത്രം പഠിച്ച ചില യുവ സുന്നി എഴുത്തുകാര്‍ താത്ത്വിക തലത്തില്‍ തന്നെ നിരാകരിച്ചപ്പോള്‍, അവരുടെ കൂട്ടത്തിലെ നന്നായി കിതാബോതി പഠിച്ച മറ്റു ചിലര്‍ അഹ്‌ലു സുന്നത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളുദ്ധരിച്ചുകൊണ്ട് അവരെ തിരുത്തുന്നതിന്റെ ചൂടും പുകയുമാണ് ഇപ്പോള്‍ അവിടെ ഉയരുന്നത്.  സോഷ്യല്‍ മീഡിയയാണ് ഈ തിരുത്തലിന്റെ ഇടം. ഒരു കാലത്ത് ജമാഅത്തെ ഇസ്‌ലാമി പണ്ഡിതന്മാര്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയം സ്ഥാപിക്കാനായി ധാരാളമായി ഉദ്ധരിച്ചിരുന്ന 'ഇമാമിനെ വാഴിക്കല്‍ നിര്‍ബന്ധമാണ്, ഇമാമിനെ അറിയാതെ ഒരാള്‍ മരണപ്പെട്ടാല്‍ അത് ജാഹിലീ മരണമാണ്' തുടങ്ങിയ ശറഹുല്‍ അഖാഇദയിലെ വരികള്‍ തന്നെ ഉദ്ധരിച്ചുകൊണ്ട്, ഇസ്‌ലാമിക രാഷ്ട്രീയത്തെ താത്ത്വികമായിത്തന്നെ നിരാകരിച്ച യുവ സുന്നികളെ അതേ വിഭാഗത്തില്‍ പെട്ട മറ്റു ചില പണ്ഡിതന്മാര്‍ തിരുത്തുന്നത് കാണുന്നതില്‍ ഒരു രസവും കാവ്യ നീതിയുമുണ്ട്. 

മൗദൂദിയുടെ മതേതരത്വ വിമര്‍ശനമാണ് ഐസിസിന്റെയും പ്രത്യയശാസ്ത്ര അടിത്തറ എന്ന് സ്ഥാപിക്കാന്‍ വൃഥാ ശ്രമം നടത്തിയ സുന്നി എഴുത്തുകാര്‍ സുന്നീ പണ്ഡിതന്‍ തന്നെയായ ബശീര്‍ ഫൈസി വെണ്ണക്കോട് എഴുതിയ ഈ വരികള്‍ മനസ്സിരുത്തിപ്പഠിക്കണമെന്നാണ് സംഘടനയിലെ തിരുത്തല്‍ വാദികള്‍ ആഹ്വാനം ചെയ്യുന്നത്:  ''രാഷ്ട്രീയം ഇസ്‌ലാമിന് അന്യമല്ല; മതത്തെ രാഷ്ട്രീയത്തില്‍നിന്നും രാഷ്ട്രീയത്തെ മതത്തില്‍നിന്നും മാറ്റി നിര്‍ത്തുക എന്ന വാദഗതി ഉയര്‍ത്തുമ്പോള്‍ മതേതരവാദികള്‍ ഉദ്ദേശിക്കുന്നത് ഇസ്‌ലാമിന് രാഷ്ട്രീയമുണ്ടെങ്കിലും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ് എന്നാണ്. മതത്തെ പൂര്‍ണമായും രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തുമ്പോള്‍ മതേതര രാഷ്ട്രീയക്കാരന്‍ അനുഭവിക്കുന്ന ചില ചതിക്കുഴി സുഖങ്ങളുണ്ട്. എന്താണത്? വര്‍ത്തമാന കാല മനുഷ്യന്റെ വിധികര്‍ത്താവ് താന്‍ തന്നെയാവുക എന്നതിനപ്പുറം ഒരു സുഖമുണ്ടോ എന്നാണ് മതേതരക്കാരന്റെ ചോദ്യം. നിയമങ്ങള്‍ പാസ്സാക്കുമ്പോഴും ബില്ലുകള്‍ അവതരിപ്പിക്കുമ്പോഴും മതേരതര രാഷ്ട്രീയക്കാരന്‍ ഗുണദോഷങ്ങള്‍ തീരുമാനിക്കുന്നത് സ്വന്തം വീക്ഷണ കോണിലൂടെ നോക്കിയാണ്. മതത്തിന്റെ തീര്‍പ്പിന് വിടുന്നില്ല. ആ രൂപത്തില്‍ മതേതര രാഷ്ട്രീയക്കാരന്റെ ഇഷ്ടംപോലെ അവനുദ്ദേശിച്ച ഏതു ബില്ലും പാസാക്കിയെടുക്കുക എന്ന സുഖത്തിന് മതത്തെ രാഷ്ട്രീയത്തില്‍നിന്നകറ്റുക എന്നവര്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കും. ഇന്ത്യയിലും തുര്‍ക്കിയിലും പാകിസ്താനിലും ഫലസ്ത്വീനിലും സിറിയയിലും കുവൈത്തിലുമുള്ള ഈ പ്രചണ്ഡമായ പ്രചാരണം അലമുറയുടെ ഊക്കുകൊണ്ടും സംഖ്യാ പെരുപ്പം കൊണ്ടും ലോക തലത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയം നിശ്ശബ്ദ സത്യമായി ചിലരെങ്കിലും കരുതുന്നു. എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രീയം ലോകത്തുനിന്നുതന്നെ നിഷ്പ്രഭമാകുന്നുണ്ടെന്നും ആലിമീങ്ങള്‍ തീരുന്നുണ്ടെന്നും കണക്കു കൂട്ടിയിരിക്കുന്നുവരെ നിരാശപ്പെടുത്തിക്കൊണ്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തുര്‍കി, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്നു. അള്‍ജീരിയ ഇസ്‌ലാമിക രാഷ്ട്രീയം തിരിച്ചുവരുന്നതിന്റെ ലക്ഷണം കാണിച്ചുകൊണ്ടിരിക്കുന്നു. ഫണ്ടമെന്റലിസ്റ്റുകള്‍, ഭീകര പ്രവര്‍ത്തകര്‍, തീവ്രവാദികള്‍ എന്നീ ദൂഷ്‌പേരു വിളിച്ച് എല്ലാം മത നിഷേധികളും മതേതര പുറംതോടിന്റെ സഹായത്താല്‍ സുഖിച്ചു മതിക്കുന്ന രാഷ്ട്രീയ നേതാക്കളും ഇസ്‌ലാമിലെ രാഷ്ട്രീയത്തെ തേജോവധം ചെയ്യാന്‍  പരമാവധി ശ്രമിക്കുന്നുണ്ട്'' (രാഷ്ട്ര സങ്കല്‍പം ഇസ്‌ലാമില്‍-ബഷീര്‍ ഫൈസി വെണ്ണക്കോട്)

എലിയെ പേടിച്ച് ഇല്ലം ചുട്ടതിന്റെ ഫലമാണ് ഇപ്പോള്‍ സെല്‍ഫ് ഗോളുകള്‍ ഇങ്ങനെ തുരുതുരെയായി തങ്ങളുടെ പോസ്റ്റിലേക്ക് കയറുന്നത് എന്നെങ്കിലും കാന്തപുരം സുന്നികള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. എന്തിനേറെ, ഐസിസിന്റെ താത്ത്വികാചാര്യനായി മൗദൂദിയെ അവതരിപ്പിക്കുന്നതിനായി മനുഷ്യരുടെ അടിമത്തത്തില്‍നിന്നും അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് മനുഷ്യനെ ആഹ്വാനം ചെയ്തുകൊണ്ടുള്ള മൗദൂദിയുടെ ഖുത്തുബാത്തിലെ വരികള്‍ പോലും തെറ്റായ പശ്ചാത്തലത്തില്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട് സുന്നി ലേഖകര്‍. ''മനുഷ്യരുടെ അടിമത്തത്തില്‍നിന്ന് ഏകനായ അല്ലാഹുവിന്റെ അടിമത്തത്തിലേക്കും ദുന്‍യാവിന്റെ ഇടുക്കത്തില്‍നിന്ന് പരലോകത്തിന്റെ വിശാലതയിലേക്കും മതങ്ങളുടെ അനീതികളില്‍നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും മനുഷ്യരെ മോചിപ്പിക്കാനാണ് തങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.'' ഉമറിന്റെ ഭരണകാലത്ത് സ്വഹാബി സേനാനിയായ റിബ്ഇയ്യുബ്‌നു ആമിര്‍ പേര്‍ഷ്യന്‍  സേനാ നായകന്‍ റുസ്തമിന്റെ മുഖത്തുനോക്കിപ്പറഞ്ഞ വാക്കുകളാണിത്. ഇസ്‌ലാമിന്റെ വിമോചന സങ്കല്‍പം അവതരിപ്പിച്ച മൗദൂദിയെ അതിന്റെ പേരില്‍ ഐസിസിനൊപ്പം വിചാരണ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ കാന്തപുരം സുന്നികള്‍ മേല്‍ പ്രഖ്യാപനം നടത്തിയ സ്വഹാബിയെയും വിചാരണ ചെയ്യുമോ? 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍