Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

കണ്ണിന്റെ സങ്കീര്‍ണ്ണതയും പരിണാമവാദവും

ഫൈസി /ലേഖനം

കമ്പ്യൂട്ടര്‍ സിമുലേഷന്‍ എന്ന കെട്ടുകഥ -2

         ലെന്‍സിന്റെ സുതാര്യതയുടെ പരിണാമം നില്‍സണിന്റെയും പെല്‍ജറിന്റെയും മോഡലിന്റെ പരിധിയില്‍ വരുന്നതല്ല.  പ്രകാശ സംശ്ലേഷണ ശേഷിയുള്ള തൊലിയെ പോലെ അതും ഉല്‍പത്തിയുടെ വിശദീകരണം നല്‍കാതെ സങ്കല്‍പിച്ചിരിക്കുകയാണ്.  തൊലിയുടെ ആവരണമായി വെച്ച അത് കാലക്രമത്തില്‍ ഗോളാകാര ദിശയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി കാചാപ ദ്രവമായി (Vitreous Humon) മാറുന്നു.  പിന്നീട് പരമാവധി ദൃഷ്ടികൂര്‍മത അനുവദിക്കുന്ന തരത്തില്‍ വായ്‌വട്ടം ചുരുങ്ങിയ തൊലിയുടെ ചുറ്റളവില്‍ ലെന്‍സ് ഫിറ്റാവുന്നു എന്ന്  അവര്‍ അനുമാനിക്കുന്നു (അല്ലാതെ ഡോക്കിന്‍സ് പറഞ്ഞത് പോലെ അത് 'വടിവൊത്ത വക്രമായി'ത്തീര്‍ന്നതൊന്നുമല്ല).  ക്രിസ്റ്റലിനെ പോലുള്ള പ്രോട്ടീന്‍ മറ്റു കോശ ധര്‍മങ്ങള്‍ക്കും ഉള്ളതായ ചില പഠനങ്ങള്‍ അവര്‍ സൂചിപ്പിക്കുകയുണ്ടായി.  ഇതിനെ പറ്റി ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ജൈവവര്‍ഗോല്‍പത്തി - വിമര്‍ശന പഠനം എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പരിപാലിക്കാന്‍ ഏറ്റവും വിഷമമുള്ള ഒരു ഘടനയാണ് ലെന്‍സ്.  ക്രിസ്റ്റലിന്‍ ഉള്ളതുകൊണ്ട് മാത്രം അത് സുതാര്യമായിത്തീരുകയില്ല.  ഹൃദയത്തില്‍ പോലും മറ്റു ചില ധര്‍മങ്ങള്‍ക്കു വേണ്ടി ക്രിസ്റ്റലിന്‍ പ്രോട്ടീന്‍ ഉണ്ട്, പക്ഷേ, അത് സുതാര്യമല്ല. ''ലെന്‍സിനെ ഉപയോഗയോഗ്യമാക്കുന്ന അപവര്‍ത്തനാങ്ക ചരിവുമാനത്തെ (Refractive Index Gradient) ലെന്‍സിന്റെ പല ഭാഗങ്ങളിലുമുള്ള ക്രിസ്റ്റലിന്റെ ഗാഢതയിലുള്ള ത്രിജ്യാ മാറ്റം (Radial Shift) ആണ് കൊണ്ടുവരുന്നത്; പ്രത്യേകം ക്രിസ്റ്റലിനല്ല.  ക്രിസ്റ്റലിന്റെ സാന്നിധ്യമല്ല, മറിച്ച് അതിന്റെ ആപേക്ഷികമായ വിതരണ(Distribution)മാണ് ലെന്‍സിനെ ഉപയോഗയോഗ്യമാക്കുന്നത്.''5 സമാനമായ പ്രോട്ടീന്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കണ്ടുവരുന്നുണ്ട് എന്നതിനു പകരം സുതാര്യമായ കോശങ്ങള്‍ ഉണ്ട് എന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, അതൊരു യുക്തമായ വാദമായി അംഗീകരിക്കാമായിരുന്നു.  നില്‍സണും പെല്‍ജറും പറയുന്നു സംവേദനക്ഷമമായ തൊലിയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് അതിനെ ആവരണം ചെയ്തുകൊണ്ട് സുതാരൃ പടലം ഉണ്ടായതെന്ന്.  എന്തുകൊണ്ടാണ് ശരീരത്തിലെ മറ്റൊരു കോശത്തിനും അത്തരം സുരക്ഷാ സൗകരൃമില്ലാത്തത്? ഏറ്റവും അപൂര്‍ണമായി (Rudimentary) പോലും അത്തരം ഘടനകള്‍ എണ്ണിയാലൊടുങ്ങാത്ത ജീവികളില്‍ ഒന്നിന്റെ ശരീരത്തിലും, എന്തെങ്കിലും ആവശ്യ നിര്‍വഹണത്തിനല്ലാതെ അതേസമയം ജീവിക്കു ഹാനികരമല്ലാത്ത നിലയില്‍, കാണാനില്ല എന്നതാണ് യാഥാര്‍ഥ്യം.  മേല്‍ സൂചിപ്പിച്ചത് പോലെ ഫൈലം മൊളുസ്‌കയിലെ നോട്ടിലസ് മില്യന്‍ കണക്കിനു വര്‍ഷങ്ങളായി കടലുകളില്‍ ഉണ്ട്.  ഇന്നേ വരെ ആ ക്ലാസ്സില്‍ നിന്ന് ലെന്‍സുള്ള നോട്ടിലസിനെ പോലുള്ള ജീവി വേറൊരു ശാഖയായി പിരിഞ്ഞു പോയിട്ടില്ല.  പിന്നെ അതിന്റെ ജ്യാമിതിയുടെ പരിണാമത്തെ പറ്റി പറയുകയാണെങ്കില്‍, നമുക്കറിയാം ശരിയായ പവറിലല്ലാത്ത കണ്ണട വെച്ചാല്‍ നമ്മുടെ കാഴ്ചയെ അതെത്ര കണ്ട് ബാധിക്കുമെന്ന്.  ഒരു ശരിയായ ഫോക്കല്‍ പോയിന്റുള്ള ലെന്‍സാവുന്നതിനു മുമ്പായി എത്രയെത്ര അത്തരം വിനാശകാരികളായ ലെന്‍സുകള്‍ കടന്നു പോയിട്ടുണ്ടാവും!  പരിണാമ ലൈനിനെ തന്നെ പാടെ നശിപ്പിച്ചു, വീണ്ടും ആദ്യം മുതലേ തുടങ്ങാന്‍ അതിടയാക്കും.

നില്‍സണിന്റെയും പെല്‍ജറിന്റെയും പേപ്പറിനെ നിരൂപണം ചെയ്തുകൊണ്ടുള്ള പഠനങ്ങളുണ്ട്.  മേലെ സൂചിപ്പിച്ചതു പോലെ ഡോ. ഡേവിഡ് ബര്‍ലിന്‍സ്‌കിയുടെതാണ് ഒന്ന്.  അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ ഈ ലിങ്കുകളില്‍ ലഭ്യമാണ്: A Scientific Scandal http://www.discovery.org/a/1408 (Commentary, March 31, 2001), The Vexing Eye http://www.discovery.org/a/1360 (Commentary, February 12, 2003), A Scientific Scandal? David Berlinski & Critics http://www.discovery.org/a/1509, (Commentary, July 8, 2003),   The Vampire's Heart. ബര്‍ലിന്‍സ്‌കി പ്രധാനമായും മൂന്നു പോരായ്മകളാണ് മുന്നോട്ടു വെച്ചത്: 1) 1829 പടികള്‍ എന്നു അവര്‍ പറയുന്ന സംഖ്യക്കു അവരുടെ പേപ്പറിലോ അടിക്കുറിപ്പിലോ അനുബന്ധത്തിലോ വെബ്‌സൈറ്റിലോ യാതൊരു അടിസ്ഥാനവും ലഭ്യമല്ല.   2) ഡാര്‍വീനിയന്‍ സിദ്ധാന്തത്തിനുള്ള പിന്‍ബലമാണെന്ന് അവകാശപ്പെടുന്നെങ്കിലും, ഡാര്‍വീനിയന്‍ തത്ത്വങ്ങള്‍ പാലിച്ചതായി കാണുന്നില്ല.  ആ തത്ത്വങ്ങള്‍ പ്രകാരം ആദ്യം അനിയമിത പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും അതിനു ശേഷം നിര്‍ധാരണം നടക്കുകയും വേണം.  നെല്‍സണിന്റെയും പെല്‍ജറിന്റെയും സിദ്ധാന്തത്തില്‍ അനിയമിത പരിവര്‍ത്തനങ്ങളേ ഇല്ല. അവരുടെ പ്രകാശസംവേദന കോശങ്ങള്‍ എന്തൊക്കെ ചെയ്യുമെങ്കിലും അവ തങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് തീരുമാനിക്കാനായി പകിട എറിയുകയോ നാണയം ടോസ്സ് ചെയ്യുകയോ ചെയ്യുന്നില്ല. 3) ജീവിസഞ്ചയത്തില്‍ എത്ര ശീഘ്രം ഒരു നല്ല പരിവര്‍ത്തനം വ്യാപിക്കുമെന്ന് കണക്കാക്കാന്‍ അവര്‍ സ്വീകരിച്ച മൂല്യങ്ങളുടെ അടിസ്ഥാനമെന്താണ്? വിചരണ ഗുണാങ്കം (Coefficient of Variation) എന്നത് മാനകവിചലന(Standard Deviation)ത്തിന്റെയും മാധ്യ(Mean) ത്തിന്റെയും അനുപാതമാണ്.  ഒരാള്‍ക്ക് ചോദിക്കാം എന്തിന്റെ മാനകവിചലനം? ജീവിസഞ്ചയത്തിന്റെ അംഗബലം (Population Figure) നല്‍കിയിട്ടില്ല. 3 ലക്ഷത്തിലധികം വര്‍ഷങ്ങളിലായി നിര്‍ധാരണ മര്‍ദം (Selection Pressure) സ്ഥിരമായി നിര്‍ത്തിയതെന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അവരുടെ കാലഗണനയുടെ മതിപ്പിനെ വന്യമായ ശുഭാപ്തി വിശ്വാസം എന്നു വിളിക്കാതെ പെസിമിസ്റ്റിക് എന്നു വിളിക്കുന്നത്?

ഇതിനുള്ള നില്‍സണിന്റെ പ്രതികരണം ഒരു പതിവ് ഡാര്‍വിനിസ്റ്റ് പ്രതികരണം തന്നെയായിരുന്നു.  ആദ്യമായി ബര്‍ലിന്‍സ്‌കിയെ അയാള്‍ വ്യാജ ശാസ്ത്രജ്ഞരുടെ (Pseudo Scientists) ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.  അയാള്‍ സാധാരണയായി വ്യാജശാസ്ത്രജ്ഞരുമായി തര്‍ക്കിക്കാറില്ലത്രെ. കാരണം അത് അവര്‍ക്കു അനര്‍ഹമായ പ്രാധാന്യം ലഭിക്കാന്‍ കാരണമാകുമത്രെ.  പക്ഷേ, ബര്‍ലിന്‍സ്‌കിയുടെ കാര്യത്തില്‍ ഒരു അപവാദം സ്വീകരിച്ചിരിക്കയാണ്.  എന്നാല്‍, ഇനിയൊരിക്കലും ബര്‍ലിന്‍സ്‌കിയുമായി ആശയവിനിമയം നടത്തുകയില്ല.  അതിനു ശേഷം കുറെ പതിവ് ഡാര്‍വീനിയന്‍ ഭര്‍ത്സനങ്ങള്‍ കുടഞ്ഞു: '...ബര്‍ലിന്‍സ്‌കിയെ ഗൗരവമായി എടുക്കല്‍ അസാധ്യമാണ്', 'അര്‍ഥശൂന്യമായ തര്‍ക്കം' എന്നിങ്ങനെ. ഏറ്റവും ഗൗരവമേറിയ അനിയത പരിവര്‍ത്തനങ്ങളുടെ അഭാവത്തെക്കുറിച്ചു അയാള്‍ക്ക് ഒന്നും പറയാനുമില്ലായിരുന്നു.  ഡോ. ബര്‍ലിന്‍സ്‌കി ദൈവവിശ്വാസിയല്ല, സെക്യുലര്‍ ജൂതനും അജ്ഞേയവാദിയുമാണ്.  പക്ഷേ, അദ്ദേഹത്തിന്റെ 'Deniable Darwin' എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ച ന്യായമായ കാരണങ്ങളാല്‍ ഡാര്‍വിനിസത്തെയും അംഗീകരിക്കുന്നില്ല.

മനുഷ്യന്‍ അവന്റെ അഗാധ പാണ്ഡിത്യത്തിന്റെയും അശ്രാന്ത പഠനത്തിന്റെയും അടിസ്ഥാനത്തില്‍ കണക്കുകൂട്ടിയ പലതും പിന്നീട് തെറ്റായതായി ചരിത്രത്തില്‍ എത്രയോ തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. നമുക്ക് ചോദിക്കാം നില്‍സണും പെല്‍ജറും എന്തുകൊണ്ടാണ് 'പെസിമിസ്റ്റിക്' സംഭവ്യത സ്വീകരിച്ചതെന്ന്.  അവര്‍ അതിനു പകരം ശുഭാപ്തി വിശ്വാസികള്‍ തന്നെയാവട്ടെ.  എന്നിട്ടു അവര്‍ തെരഞ്ഞെടുത്ത മൂലൃങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങളില്‍ നിന്നു മധ്യനിലയിലുള്ളതെങ്കിലും എടുക്കട്ടെ.  ഡോ. വിന്‍സെന്റ് ട്രോളി തന്റെ ബ്ലോഗില്‍ കുറിച്ചതു പോലെ ജീവിഗണജനിതക(Population Genetics)ത്തിനു പഠിക്കുന്ന യൂനിവേര്‍സിറ്റി കോഴ്‌സിനു വേണ്ടി http://www.ihh.kvl.dk/htm/kc/popgen/genetics/8/8/sld005.htm എന്ന ലിങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട ടേബിളില്‍ കൊടുത്തത് പോലെ നിര്‍ധാരണ മര്‍ദത്തിനു 0.10ഉം Coefficient of Variation-ന് 0.10ഉം നല്‍കാമായിരുന്നു.  അങ്ങനെ മേലെഴുതിയ സമവാക്യത്തില്‍ ഈ മൂല്യങ്ങള്‍ നല്‍കിയാല്‍ കണ്ണിന്റെ പരിണാമത്തിനാവശ്യമായ കാലം 3648.92 (ഏകദേശം മൂവായിരത്തി അറുനൂറ്റി അമ്പത്)  വര്‍ഷം എന്നാണ് കിട്ടുക.  ഏറ്റവും വേഗത്തില്‍ കബളിക്കപ്പെടാവുന്ന ക്ഷിപ്രവിശ്വാസിയായ ഒരു പരിണാമവാദി പോലും അത് വിശ്വസിക്കുകയില്ല.  എന്തുകൊണ്ടാണ് വിശ്വസിക്കാത്തത്? അംഗീകൃത പഠനങ്ങളില്‍ നിന്നല്ലേ അവയെടുത്തത്?  അവിശ്വാസത്തിനുള്ള കാരണം വേറെ ചില കാര്യങ്ങളാണ്.  മറ്റെവിടെയും പോകണ്ട, ഡാര്‍വിനെ തന്നെ വായിച്ചാല്‍ മതി. ജിറാഫിന്റെ കഴുത്ത് മറ്റു ഒരു ജീവിക്കും എന്തുകൊണ്ട് കിട്ടിയില്ല എന്ന സെന്റ് ജോര്‍ജ് മിവാറത്തിന്റെ ചോദ്യത്തിനു ഡാര്‍വിന്‍ കൊടുത്ത മറുപടി നോക്കുക: ''...ഒരു ജന്തുവിന്റെ ഏതെങ്കിലുമൊരു ഘടന സവിശേഷമായ രീതിയില്‍ വികസിക്കണമെങ്കില്‍, മറ്റു ഭാഗങ്ങളും പരിഷ്‌കരിക്കുകയും പരസ്പര അനുകൂലനം സിദ്ധിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.  ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും സൂക്ഷ്മ ഗുണവ്യതിയാനങ്ങള്‍ക്ക് വിധേയമാണെങ്കിലും, ആവശ്യമുള്ള ഭാഗങ്ങള്‍ എല്ലായ്‌പ്പോഴും ശരിയായ വഴിക്കും ശരിയായ അളവിലും മാറണമെന്നില്ല.  നമ്മുടെ വീട്ടുമൃഗങ്ങളുടെ അനുഭവങ്ങളില്‍ നിന്ന്, ശരീരഭാഗങ്ങള്‍ വ്യത്യസ്ത രീതികളിലും അളവിലുമാണ് മാറ്റങ്ങള്‍ പ്രകടിപ്പിക്കാറുള്ളതെന്ന് നമുക്കറിയാം. അതുപോലെ, ചില ജീവജാതികള്‍ മറ്റു ജീവജാതികളെക്കാള്‍ കൂടുതലായി ശാരീരിക വ്യതിയാനങ്ങള്‍ പ്രകടിപ്പിക്കാറുമുണ്ട്.  അനുയോജ്യമായ വ്യതിയാനങ്ങള്‍ സിദ്ധിക്കുകയാണെങ്കില്‍ തന്നെ പ്രകൃതിനിര്‍ധാരണത്തിന് അതില്‍ നിന്ന് മുതലെടുക്കാനും ജീവജാതിക്ക് പ്രയോജനകരമായ ഒരു അവയവം സൃഷ്ടിക്കാനും സാധിക്കണമെന്നില്ല.  അവസാനമായി, പ്രകൃതിനിര്‍ധാരണം മന്ദഗതിയില്‍ നടക്കുന്ന ഒരു പ്രക്രിയയാണ്.  ശ്രദ്ധേയമായ ഒരു അവയവം രൂപപ്പെടണമെങ്കില്‍, ഈ കാലയളവ് മുഴുവന്‍ അനുകൂലമായ സാഹചര്യം നിലനില്‍ക്കേണ്ടതുണ്ട്.  ഇങ്ങനെ അവ്യക്തമായ ചില പൊതു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയല്ലാതെ, ഉയര്‍ന്ന ചില്ലകളില്‍ നിന്നു ഇലകള്‍ തിന്നുന്നതിനെ സഹായിക്കാന്‍ നീണ്ട കഴുത്തുകളോ മറ്റു മാര്‍ഗങ്ങളോ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മറ്റു നാല്‍ക്കാലികളില്‍ കണ്ടു വരാത്തതെന്തുകൊണ്ട് എന്ന് നമുക്ക് വിശദീകരിക്കാനാവില്ല...''  ജിറാഫിന്റെ കഴുത്ത് ഏകദേശം 5.5 മീറ്റര്‍ വരും.  അതിന്റെ അടുത്ത ജാതിയായ ഒക്കാപിയുടെ കഴുത്തിന്റെ നീളം 1/2 മീറ്ററാണ്. നില്‍സണും പെല്‍ജറും വിശദീകരിച്ചതു പോലുള്ള ഒരു അപൂര്‍ണ കണ്ണിന്റെ തന്നെ പരിണാമം അവര്‍ താരതമ്യം ചെയ്തത് 10 സെന്റീമീറ്ററുള്ള വിരല്‍ 8000 കിലോമീറ്റര്‍ ആകുന്നത് പോലെയാണെന്നാണ്.  അത്തരം കണ്ണു തള്ളിപ്പോകുന്ന നീള്‍ച്ചക്കു തന്നെ 364,000 വര്‍ഷമേ വേണ്ടുവെങ്കില്‍ 1/2 മീറ്ററില്‍ നിന്നു 5.5 മീറ്ററാവാനുള്ള സമയം 3 കൊല്ലം പോലുമെടുക്കില്ല. അതുമാത്രം മതി അവരുടെ തിസീസ് എത്രത്തോളം ഭോഷ്‌കാണെന്ന് ബോധ്യമാവാന്‍. ജിറാഫിന്റെ കഴുത്തിനെ അപേക്ഷിച്ചു കണ്ണ് അനന്തസങ്കീര്‍ണമാണ്. എന്നിട്ടും ജിറാഫിന്റെ കഴുത്ത് ഒരൊറ്റ മൃഗത്തിനേയുള്ളൂ.  അനന്തസങ്കീര്‍ണമായ കണ്ണാവട്ടെ 50-100 തവണ സ്വതന്ത്രമായി ജീവികളില്‍ ഉണ്ടായിട്ടുണ്ട്.6 ആരുടെയും ബുദ്ധിപൂര്‍വകമായ ഇടപെടലില്ലാതെ അനിയത പരിവര്‍ത്തനങ്ങളില്‍ നിന്നു പ്രകൃതിനിര്‍ധാരണത്തിലൂടെ മാത്രം ഉണ്ടായതായിരുന്നുവെങ്കില്‍ നേരെ തിരിച്ചായിരുന്നു വേണ്ടത്.  എന്തെല്ലാം തന്നെ സാംഖ്യവത്കരിച്ചാലും(Quantify) ഡാര്‍വിന്‍ ചൂണ്ടിക്കാണിച്ച അനിശ്ചിതത്വങ്ങള്‍ക്ക് കാരണങ്ങളായ ഘടകങ്ങളെ സാംഖ്യവത്കരിക്കുക സാധ്യമല്ല.  അതിനു 18-ാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞന്‍ പിയറി സൈമണ്‍ ലാപ്‌ളാസ് സ്വപ്നം കണ്ടതുപോലെ എല്ലാ കണങ്ങളുടെയും പ്രഥമ സംവേഗവും(Velocity) സ്ഥാനവും അറിയണം.  അപ്പോഴും വെര്‍ണര്‍ ഹെയിസന്‍ബര്‍ഗ് തന്റെ അനിശ്ചിതത്വ സിദ്ധാന്ത(Uncertainty Principle)വുമായി എതിര്‍ക്കാന്‍ വരും.  എന്നാലും, ഡാര്‍വിനിസ്റ്റുകള്‍ക്കു ബോധ്യമാവില്ല. അവരുടെ രോഗം വേറെയാണ്.  അതുകൊണ്ട് അവരുടെ അസാമാന്യ ഗീബല്‍സിയന്‍ പ്രചാരണ പാടവത്തോടെ ഇന്നും നില്‍സണിന്റെയും പെല്‍ജറിന്റെയും 'കണ്ടുപിടുത്തം' പലപ്പോഴും ഡോക്കിന്‍സ് എഴുതിയത് പോലെ കമ്പ്യൂട്ടര്‍ സിമുലേഷന്‍ എന്ന് ചേര്‍ത്തിട്ടു തന്നെ പ്രചരിപ്പിച്ചു പോകുന്നു.

ഇനി കമ്പ്യൂട്ടര്‍ സിമുലേഷനെ പറ്റി ചിലതു കൂടി. അവര്‍ക്ക് അത് സാധിക്കുകയില്ല എന്നൊന്നും പറയാനാവില്ല.  കാരണം, കമ്പ്യൂട്ടര്‍ സിമുലേഷന്‍ അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല.  ഒരു നല്ല പ്രോഗ്രാമര്‍ക്ക് നില്‍സണിന്റെയും പെല്‍ജറിന്റെയും, മേലെ വിവരിച്ചതു പോലുള്ള മൂല്യങ്ങള്‍ ഫീഡു ചെയ്തു കൊണ്ട് അത് സാധിക്കാവുന്നതേയുള്ളൂ.  പക്ഷേ അത് പ്രകൃതിനിര്‍ധാരണത്തിന്റെ സിമുലേഷനായിരിക്കില്ല; മറിച്ചു നില്‍സണ്‍ & പെല്‍ജര്‍ നിര്‍ധാരണത്തിന്റെ സിമുലേഷനായിരിക്കും.  യഥാര്‍ഥ കമ്പ്യൂട്ടര്‍ സിമുലേഷന്‍ വേണമെങ്കില്‍ 'മങ്കി ഷേയ്ക്‌സ്പിയര്‍ സിമുലേറ്റര്‍' പോലുള്ളത് വേണം. 19-ാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു സിദ്ധാന്തമായിരുന്നു 'ഇന്‍ഫിനിറ്റ് മങ്കി തിയറം.'  അതു പ്രകാരം ഒരു ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ച് അനന്തകാലം ഒരു കുരങ്ങ് അനിയതമായി ടൈപ്പ് ചെയ്താല്‍ മിക്കവാറും ഒരു ഷെയ്ക്‌സ്പിയര്‍ കൃതിയുണ്ടാവും.  ഇപ്പോഴും പലരും അതുദ്ധരിക്കാറുണ്ട്.  The Blind Watch Maker-ല്‍ ഡോക്കിന്‍സും അത് പരാമര്‍ശിച്ചിട്ടുണ്ട്.  അനന്തകാലമൊന്നും കാത്തുനില്‍ക്കാനാവത്തത് കൊണ്ട് അതിന്റെ സാധുത അക്കാലത്ത് ആര്‍ക്കും പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല.  എന്നാലിന്ന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ അനന്തമല്ലെങ്കിലും സങ്കല്‍പാതീത കാലം പരിശോധിക്കാന്‍ കഴിയും.  അത്തരമൊന്നാണ് 01/07/2003ല്‍ ലോഞ്ച് ചെയ്ത 'ദ് മങ്കി ഷെയ്ക്‌സ്പിയര്‍ സിമുലേറ്റര്‍.' ജാവ ആപ്‌ലെറ്റ് ഉപയോഗിച്ചു ചെയ്ത പ്രോഗ്രാമിലൂടെ വെര്‍ച്വല്‍ കുരങ്ങുകളുടെ ഒരു വലിയ കൂട്ടത്തെ കൊണ്ട് ടൈപ്പ് ചെയ്യിക്കുന്നു.  അവ 2,737,850 മില്യന്‍ ബില്യന്‍ ബില്യന്‍ ബില്യന്‍ കുരങ്ങു വര്‍ഷങ്ങള്‍ എടുത്തു RUMOUR. Open your ears; 9r'5j5&?OWTY Z0d... എന്ന വാചകം ടൈപ്പ് ചെയ്തു.  ഇതില്‍ RUMOUR. Open your ears എന്നത് Henry IV, Part 2-ല്‍ നിന്നുള്ളതാണ്.7  ഇതിനേക്കാളൊക്കെ അനന്ത മടങ്ങ് സങ്കീര്‍ണമായ കണ്ണും അതു പോലുള്ള ജീവികളുടെ അസംഖ്യം അവയവങ്ങളും 500 മില്യന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ (കശേരുകികള്‍ ഭൂമിയില്‍ ഉണ്ടാവാന്‍ തുടങ്ങിയ കാലം) പരിണമിച്ചുണ്ടായി എന്നാണ് ഡാര്‍വിനിസ്റ്റുകളുടെ വാദം.  

(അവസാനിച്ചു)

കുറിപ്പുകള്‍

1. അതായത് അത് പരിണാമത്തിലൂടെ ഉണ്ടായതല്ല എന്ന് (വിവര്‍ത്തകന്‍)

2. സംഭവ്യത (Probability)യില്‍ ഏറ്റവും കുറഞ്ഞ സാധ്യതകളെ തെരഞ്ഞെടുക്കുന്നതിനെയാണ് Pessimism അല്ലെങ്കില്‍ Conservatism എന്ന് പറയുന്നത് (വിവ).

3. n= log80129540/log1.00005 = 363992-20

4. Time and Information in Evolution: Winston Ewert, William A. Dembski, Ann K. Gauger, Robert J. Marks II, Bio-complexity.org Volume 2012/issue4/page2

5. Wikipedia - Evolution of Eye

6. Wikipedia - Evolution of Eye

7. Wikipedia – The Infinite Monkey Theorem

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍