Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

പൗരാവകാശം എന്ന വാഗ്ദത്ത ഭൂമി

ടി. മുഹമ്മദ് വേളം /കവര്‍‌സ്റ്റോറി

        വഴിമുട്ടിപ്പോകുമ്പോഴും വഴികളുണ്ട് എന്ന പാഠമാണ് ഹിജ്‌റ. പ്രതിസന്ധിയ്ക്കകത്തെ സാധ്യതകളെക്കുറിച്ചാണ് ഹിജ്‌റ സംസാരിക്കുന്നത്. ചില ജനതകള്‍ക്കുമുമ്പില്‍ ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ വഴികളടഞ്ഞുപോകും. 'ഒന്നുകില്‍ ആദര്‍ശവും സ്വത്വവും കൈയൊഴിഞ്ഞ് മര്‍ദകര്‍ക്ക് കീഴടങ്ങുക, അല്ലെങ്കില്‍ നശിക്കുക' എന്ന തെരഞ്ഞെടുപ്പ് മാത്രമേ മുമ്പിലുള്ളൂ എന്ന് തോന്നിപ്പോവും. അപ്പോഴും എവിടെയോ വഴികളുണ്ടാവും എന്നാണ് അതിജീവിച്ച ജനതതികളുടെ ചരിത്രം പറയുന്നത്. ഖുര്‍ആനിലെ ഹിജ്‌റകള്‍ അത്തരം ചരിത്ര സാക്ഷ്യങ്ങളാണ്. ഏത് പീഡിതര്‍ക്കും ഒരു വാഗ്ദത്ത ഭൂമിയുണ്ടാകും. പീഡിതന്റെ മറുകരയാണ് വാഗ്ദത്ത ഭൂമി. അത് കണ്ടെത്തുകയും ധീരമായി അതിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് അതിജീവനത്തിന്റെ വഴി. അല്ലെങ്കില്‍ കപ്പല്‍ഛേദംവന്ന യാത്രികരെപ്പോലെ അവര്‍ ചരിത്രത്തില്‍ മുങ്ങിമരിക്കും. ആ നാശം ശാരീരികം തന്നെയാവാം, അല്ലെങ്കില്‍ ആദര്‍ശതലത്തില്‍ മാത്രവുമാവാം. വാഗ്ദത്ത ഭൂമികളില്ലാത്ത ഒരു മര്‍ദനാനുഭവവും ഒരു ജനതക്കും ദൈവം നല്‍കില്ല. മക്കയിലെ മര്‍ദിത മുസ്‌ലിംകളുടെ വാഗ്ദത്ത ഭൂമിയായിരുന്നു മദീന. ഈജിപ്തിലെ ഇസ്രാഈല്‍ മക്കളുടെ വാഗ്ദത്ത ഭൂമിയായിരുന്നു ഫലസ്ത്വീന്‍. മോചനത്തിന്റെ ഈ സ്ഥലരാശികളില്‍ ചിലത് ദൈവത്താല്‍ വാഗ്ദാനം ചെയ്യപ്പെടുന്നവയാണ്. വാഗ്ദത്ത ഭൂമി എന്ന പദാവലി നേര്‍ക്കുനേരെ അതിനെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ അന്വേഷിച്ച് കണ്ടത്തപ്പെടുന്ന വാഗ്ദത്ത ഭൂമികളുമുണ്ട്. മദീന അത്തരത്തിലൊന്നാണ്. അബൂത്വാലിബിന്റെ മരണത്തിനുശേഷം പ്രവാചകന് മക്കയില്‍ സാമൂഹിക സംരക്ഷണങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം തന്റെ മാതൃബന്ധുക്കളുടെ നാടായ ത്വാഇഫിലേക്ക് പോയത് രണ്ട് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. ത്വാഇഫുകാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അതവര്‍ സ്വീകരിക്കുന്നില്ലെങ്കില്‍ തനിക്ക് സംരക്ഷണം നല്‍കാന്‍ അവരോട് ആവശ്യപ്പെടുക. രണ്ടും നിഷ്ഠുരമായി നിരസിക്കപ്പെടുകയാണുണ്ടായത്. മക്കയിലേക്ക് മടങ്ങിയ പ്രവാചകന്, അബൂ ത്വാലിബ് മരിക്കുകയും  അബൂ ലഹബിന് കുടുംബ കാരണവ പദവി ലഭിക്കുകയും ചെയ്തതോടു കൂടി ഗോത്ര സംരക്ഷണം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പ്രവാചകന്‍ പൗരത്വം നഷ്ടപ്പെട്ട നിവാസിയായി മാറി. ഖദീജ(റ)യുടെ ഒരു ബന്ധുവാണ് പിന്നീട് അദ്ദേഹത്തിന് സംരക്ഷണം നല്‍കുന്നത്. ആ സംരക്ഷണം പൗരാവകാശങ്ങളില്ലാത്ത, ഡോ: മുഹമ്മദ് ഹമീദുല്ലയുടെ പ്രയോഗമനുസരിച്ച് ''മറ്റൊരു പൗരന്റെ സംരക്ഷണത്തിലുള്ള അന്യന്‍ എന്ന സ്റ്റാറ്റസ്സായിരുന്നു''. എന്നാല്‍, ഹജ്ജ് മക്കയെ സംബന്ധിച്ചേടത്തോളം ഇത്തരം നിയമങ്ങള്‍ക്കെല്ലാമപ്പുറത്ത് എല്ലാവര്‍ക്കും സ്വാതന്ത്ര്യവും സുരക്ഷയും ലഭിക്കുന്ന സന്ദര്‍ഭമായിരുന്നു. ഈ സാധ്യതയെ ഉപയോഗപ്പെടുത്തിയാണ് പ്രവാചകന്‍ ഹജ്ജിനു വന്ന, മക്കക്കു പുറത്തുള്ള ഇരുപത്തഞ്ച്  സമൂഹപ്രതിനിധികളുമായി സംസാരിച്ചത്. അതില്‍നിന്നാണ് മദീന എന്ന സാധ്യത തെളിഞ്ഞുവന്നത്. എല്ലാ വാഗ്ദത്തഭൂമികളിലേക്കുള്ള പലായനങ്ങളും കഠിന ത്യാഗങ്ങള്‍ ആവശ്യപ്പെടുന്നതാണ്. എല്ലാ പലായനങ്ങളും വേദനാനിര്‍ഭരമാണ്, പ്രതിസന്ധികള്‍ നിറഞ്ഞതാണ്. ഈ വേദന ഏറ്റെടുക്കാന്‍ കഴിയാതെ തോറ്റുപോയ എത്രയോ ജനതകളും തലമുറകളും ചരിത്രത്തിലുണ്ട്. അല്ലാഹുവിന്റെ അത്യസാധാരണ സഹായമായ മന്നയും സല്‍വയും ലഭിച്ചിട്ടും ആകാശത്തണല്‍ ആസ്വദിച്ചിട്ടും വാഗ്ദത്ത ഭൂമിയെക്കുറിച്ച് പറഞ്ഞപ്പോള്‍ 'നീയും നിന്റെ പടച്ചവനും പോയി യുദ്ധം ചെയ്യുക, ഞങ്ങളിവിടെ ഇരിക്കട്ടെ' എന്നുപറഞ്ഞ, ആത്മവിശ്വാസവും ആര്‍ജവവുമില്ലാത്ത സമൂഹങ്ങളുടെ ചരിത്രങ്ങള്‍ ഖുര്‍ആന്‍ വരഞ്ഞിടുന്നു. വാഗ്ദത്ത ഭൂമികള്‍ പുതിയ സ്ഥലരാശികള്‍ തന്നെയായിക്കൊള്ളണമെന്നില്ല. അത് നില്‍ക്കുന്ന സ്ഥലത്തിനകത്തെ പുതിയ സാധ്യതകളുമാവാം. അത് എപ്പോഴും സ്ഥലപരം തന്നെയാവണമെന്നില്ല. 

ഇന്ത്യന്‍ മുസ്‌ലിംകള്‍

ഇന്ന് ലോകത്ത് ഏതാണ്ടെല്ലാ മുസ്‌ലിംസമൂഹങ്ങളും പ്രതിസന്ധിയുടെ ദ്വീപുകളിലാണ്. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ നാടുകളില്‍ പ്രത്യേകിച്ചും. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ന്യൂനപക്ഷ സമൂഹമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. ആഗോളവ്യാപകമായ ഇസ്‌ലാമോഫോബിയ, ആഭ്യന്തരരംഗത്ത് തിടംവെക്കുന്ന സവര്‍ണ ഫാഷിസം, രൗദ്രത വര്‍ധിക്കുന്ന ഭരണകൂട ഭീകരത, വിദേശി എന്ന അപകടമുദ്ര, അതിന്റെയെല്ലാം രൂക്ഷത വര്‍ധിപ്പിച്ചുകൊണ്ട് തീവ്രവാദി-ഭീകരവാദി ചാപ്പ കുത്തലുകള്‍ ഒക്കെയാണ് അവര്‍ നേരിടുന്ന വെല്ലുവിളികള്‍. തീവ്രവാദ ആരോപണത്തിന്റെ പ്രത്യേകത അത് നിങ്ങളുടെ നിലനില്‍ക്കാനുള്ള എല്ലാ അര്‍ഹതകളെയും തകര്‍ത്തുകളയും എന്നതാണ്. രാജ്യത്തെ ഒടുവിലത്തെ നിയമപരിഷ്‌കരണക്കമീഷന്‍ വധശിക്ഷാസമ്പ്രദായത്തെ പുനരവലോകനം ചെയ്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത് വധശിക്ഷ എടുത്തുകളയണം എന്നാണ്; തീവ്രവാദക്കേസുകളിലൊഴിച്ച്. അപ്പോള്‍ 'തീവ്രവാദി' നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തവനാണെന്നാണ് ഏറ്റവും മാനുഷികവും ആധുനികവുമായ പുനരാലോചനകള്‍ പോലും പറയുന്നത്. നിങ്ങള്‍ തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ടാല്‍ ഒരു കേസില്‍ അകപ്പെടുകയല്ല ചെയ്യുന്നത്. നിങ്ങളുടെ നിലനില്‍ക്കാനുള്ള അര്‍ഹത അപകടത്തിലാവുകയാണ്. തീവ്രവാദകുറ്റത്തിന് കൃത്യമായ മതവും സമുദായവുമുണ്ട്. എല്ലാവരും നടത്തുന്ന ആക്രമണങ്ങളോ കൊലപാതകങ്ങളോ കൂട്ടക്കൊലകളോ തീവ്രവാദമാവുകയില്ല. അതിനെല്ലാം വേറെ പലതരം പേരുകള്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്. അത് ഫാഷിസം പോലുമാകാം, തീവ്രവാദമാവുകയില്ല. തീവ്രവാദം മുസ്‌ലിംകള്‍ നടത്തുന്ന കുറ്റകൃത്യത്തിന്റെ ചെല്ലപ്പേരാണ്. ഈ ആരോപണം നിങ്ങളുടെ പൗരത്വത്തെത്തന്നെ അപ്രസക്തമാക്കുന്നതാണ്. മനുഷ്യാവകാശങ്ങളെ റദ്ദ് ചെയ്യുന്നതാണ്.

മുസ്‌ലിംസമൂഹം ആദ്യം ധരിച്ചിരുന്നത് ഈ ഭൂതം സമുദായത്തിലെ ചില ആളുകളെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്നായിരുന്നു. എന്നാല്‍ പിന്നെ പിന്നെ ഇത് എല്ലാവരെയും ബാധിക്കുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. മുസ്‌ലിമിന്റെ ഏത് പ്രവര്‍ത്തനത്തെയും തീവ്രവാദം ആരോപിച്ച് സ്തംഭിപ്പിക്കാനാവും എന്ന് വന്നു. കേരളത്തില്‍ കുറച്ചുമുമ്പുണ്ടായ യതീംഖാന വിവാദം ഇതിന്റെ മികച്ച ഉദാഹരണമാണ്. യതീംഖാനക്ക് കേരളത്തില്‍ 1921-ഓളം പഴക്കമുണ്ട്. അതിന്റെ വേരുകള്‍ സ്വാതന്ത്ര്യ സമരത്തിലാണ്. വിവാദത്തില്‍ അകപ്പെട്ടവര്‍ മതപരമായും രാഷ്ട്രീയമായും കേരള മുസ്‌ലികളിലെ മുഖ്യധാരയുമാണ്. എന്നിട്ടും അവര്‍ രക്ഷപ്പെട്ടില്ല. മാധ്യമങ്ങളും ഉദ്യോഗസ്ഥരും അവരോട് ഒരു പരിഗണനയും കാണിച്ചില്ല. തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ അതിന്റെ മുമ്പില്‍ അവര്‍ക്കും സമുദായത്തിനും നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നു. ഇരയായി കൊടുക്കുക എന്നതല്ലാത്ത മറ്റൊരു വഴിയും ഇല്ലെന്ന് തോന്നിച്ചു. ''നിങ്ങള്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ എന്താണ് ചെയ്യുക, ഇങ്ങനെയൊക്കെ പറയാമോ'' എന്നതായിരുന്നു ചാനല്‍ റൂമുകളിലിരുന്ന് ബന്ധപ്പെട്ട ആളുകള്‍ നടത്തിയ പ്രതികരണങ്ങളുടെ ആകെ ഭാവം.

മുസ്‌ലിംകള്‍ തീവ്രവാദ ആരോപണത്തെ ആ ആരോപണത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ നേരിട്ടിട്ടുള്ളത്, മുസ്‌ലിംകള്‍ തീവ്രവാദികളല്ല, ഇസ്‌ലാം സമാധാനത്തിന്റെ മതമാണ് എന്നുപറഞ്ഞുകൊണ്ടാണ്. അത് തീര്‍ച്ചയായും മുസ്‌ലിംസമുദായത്തിന്റെ ബാധ്യതയാണ്; ഒരു പ്രബോധക സമൂഹമെന്ന നിലക്ക് വിശേഷിച്ചും. ആദര്‍ശത്തിന്റെ മുഖത്ത് ചെളിവാരിയെറിയപ്പെടുമ്പോള്‍ അത് കഴുകിക്കളയുക എന്നത് ആദര്‍ശപ്രബോധകരുടെ ബാധ്യതയാണ്. പക്ഷേ അതുകൊണ്ടുമാത്രം ഇതിനെ മറി കടക്കാനാവില്ല. കാരണം തീവ്രവാദം ഒരാഗോളപ്രതിഭാസമാണ് എന്നതിനേക്കാള്‍ തീവ്രവാദാരോപണം ഒരാഗോളപദ്ധതിയാണ്. മര്‍ദക ഭരണകൂടങ്ങള്‍ക്ക് മുസ്‌ലിംകളെ അടിച്ചമര്‍ത്താനുളള ഉപകരണമാണ്. അതിനെ അവിടെവെച്ചുതന്നെ അഭിമുഖീകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണം. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്, മുസ്‌ലിംകള്‍ തീവ്രവാദികളല്ല എന്ന വിശദീകരണം മുസ്ലിം സഘടനകള്‍ ഒറ്റക്കും കൂട്ടായും എത്രയോ തവണ നടത്തിയിട്ടുണ്ട്. അതുകൊണ്ടു മാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല എന്നുകൂടി നാം മനസ്സിലാക്കണം. 

മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂടത്തിന്റെ തീവ്രവാദാരോപണങ്ങളെ ജനാധിപത്യപരമായി ചോദ്യം ചെയ്യുക എന്നതാണ് അതിനുളള പോംവഴി. പോലീസിലുള്ള അവിശ്വാസമാണ് ജനാധിപത്യ നിയമവാഴ്ചയുടെ അടിസ്ഥാനം. പോലീസും പ്രതിയും കോടതിക്കുമുന്നില്‍ യഥാര്‍ഥത്തില്‍ തുല്യരാണ്. കോടതി അഥവാ കേവലമായി പോലീസിനെ വിശ്വസിക്കുന്നില്ല എന്നര്‍ഥം. ഭരണകൂടത്തെയും പോലീസിനെയും വിശ്വസിച്ചുകൊണ്ട് ഈ പ്രതിസന്ധിയുടെ മറുകരയിലെത്താനാവില്ല. 

തീവ്രവാദാരോപണത്തിന്റെ യാഥാര്‍ഥ്യം ചോദിച്ചുകൊണ്ടു മാത്രമേ ഇതിനെ ഭേദിക്കാനാവൂ. വിഷയം തീവ്രവാദമാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ സമ്മതിച്ചു എന്ന നിലപാടിലൂടെ കുരുക്ക് അഴിയുകയില്ല, മുറുകുകയാണ് ചെയ്യുക. തീവ്രവാദാരോപണവും ചോദ്യങ്ങള്‍ക്ക് വിധേയമാണ് എന്ന ജനാധിപത്യപരമായ അവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. രാജ്യത്ത് മഹത്തായ കാര്യങ്ങള്‍ വരെ ചോദ്യം ചെയ്യലുകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാണ്; തീവ്രവാദത്തെക്കുറിച്ച ഭരണകൂട ഭാഷ്യങ്ങളൊഴിച്ച്. മേല്‍പ്പറഞ്ഞ ജനാധിപത്യ സാഹചര്യം സൃഷ്ടിക്കുക എളുപ്പമല്ല, സാഹസികമാണ്. കാരണം, തീവ്രവാദത്തെക്കുറിച്ച ഭരണകൂട ഭാഷ്യത്തിനെതിരെ സംസാരിക്കുന്നവരും തീവ്രവാദികളാവും. തീവ്രവാദാരോപണം എന്ന പദ്ധതി നിലനില്‍ക്കുന്നത് തന്നെ ഈ ഭീതിദാന്തരീക്ഷത്തിന്റെ പിന്‍ബലത്തിലാണ്. ഓരോ 'തീവ്രവാദ'കേസിന്റെയും മറുവശങ്ങള്‍ ചോദിക്കാന്‍ സമുദായം സന്നദ്ധമാവേണ്ടതുണ്ട്. അതിന് അവരെ സജ്ജരാക്കേണ്ടതുണ്ട്. 'മകന്‍ രാജ്യദ്രോഹിയാണെങ്കില്‍  അവന്റെ മയ്യിത്ത് എനിക്ക് കാണേണ്ട' എന്ന മട്ടിലുള്ള, തത്തമ്മേ പൂച്ച പൂച്ച പറയുന്ന സമുദായം ഈ കൊടുങ്കാറ്റില്‍ അതിജീവിക്കാന്‍ സാധ്യതകളൊന്നുമില്ല. മകന്‍ രാജ്യദ്രോഹിയാണെന്ന് ആര് പറഞ്ഞു? പോലീസ് പറഞ്ഞു. പോലീസാണോ ഇക്കാര്യത്തില്‍ അവസാനവാക്ക്? പോലീസ് ആരെക്കുറിച്ചെല്ലാം എന്തെല്ലാം പറഞ്ഞിട്ടുണ്ട്? അതില്‍ പലതും തെറ്റാണെന്ന് പിന്നീട് കോടതികളില്‍ തെളിയിക്കപ്പെട്ടില്ലേ?

ഇതൊരു സാഹസികമായ പ്രവര്‍ത്തനമാണ്. പക്ഷേ ഇതൊരു വാഗ്ദത്ത ഭൂമിയാണ്. ഇന്ത്യന്‍ ഭരണഘടനക്കും നിയമവാഴ്ചക്കും എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും, അത് മുസ്‌ലിംകള്‍ ഉള്‍പ്പെടെ മുഴുവന്‍ പൗരന്മാര്‍ക്കും തുല്യ പൗരത്വം ഉറപ്പു നല്‍കുന്നു. നിയമത്തിനു മുന്നില്‍ തുല്യത വാഗ്ദാനം ചെയ്യുന്നു. ഭരണകൂട ഭാഷ്യങ്ങളെ എതിര്‍ക്കാനുള്ള അവസരങ്ങള്‍ തുറന്നു തരുന്നു. അപ്പോഴും ഭരണകൂട നടപടികളെ വിമര്‍ശിക്കാന്‍ അപാരമായ ചങ്കുറപ്പാവശ്യമാണ്. പ്രത്യേകിച്ച് തീവ്രവാദം പോലെ മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും പൊതുബോധത്തിന്റെയും വമ്പിച്ച പിന്തുണയുള്ള ഭരണകൂട നപടികളെ. പക്ഷേ, ഈ ചങ്കൂറ്റത്തിലൂടെ മാത്രമേ രക്ഷയുടെ വഴി തുറന്നുകിട്ടുകയുള്ളൂ. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഭരണണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെ സ്വയം റദ്ദാക്കുന്ന തീവ്രവാദ കേസുകളുടെ തനിനിറം തുറന്നുകാട്ടി വേണം പൗരാവകാശം വീണ്ടെടുക്കാന്‍. ഇത് ഒരേസമയം നിയമപരവും രാഷ്ട്രീയവുമായ ഒരു പോരാട്ടമാണ്. ഈ പോരാട്ടത്തിന്റെ സാധ്യത ജനാധിപത്യ വ്യവസ്ഥക്കകത്തു തന്നെയുള്ളതാണ്. അതുതന്നെ പ്രദാനം ചെയ്യുന്നതാണ്. ഭരണകൂടം സൃഷ്ടിച്ച ഭയം ഈ സാധ്യതകളുടെ മുന്നില്‍ നമ്മെ അന്ധരാക്കുകയാണ്. ഒരാള്‍ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടാലും, തീവ്രവാദി ഉള്‍പ്പെടെ ഏത് കുറ്റവാളിക്കും പൗരാവകാശങ്ങളുണ്ട്. കുറ്റാരോപിതന്റെയും കുറ്റവാളിയുടെയും പൗരാവകാശങ്ങളെ പരമാവധി ചെറുതാക്കുക എന്നതാണ് ഏതൊരു കരിനിയമത്തിന്റെയും ലക്ഷ്യം. കരിനിയമങ്ങള്‍ മൗലികാവകാശങ്ങളുടെ അന്തസ്സത്തക്കെതിരാണ്. അതിനെ ബഹുജനാഭിപ്രായം സമാഹരിച്ച് എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ഇനി കരിനിയമത്തിനകത്തും ഒരു നിയമമമെന്ന നിലക്ക് കുറ്റാരോപിതന്നും കുറ്റവാളിക്കും അവകാശങ്ങളുണ്ട്.

ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം പൗരാവകാശം ഒരു വാഗ്ദത്ത ഭൂമിയാണ്. അപമാനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും അതില്‍ പരിഹാരങ്ങളുണ്ട്. പൗരാവകാശം ഭരണകൂടം തളികയില്‍ വെച്ചുകൊണ്ടു തരുന്നതാണെന്ന ഭരണകൂട വിധേയത്വ മനസ്സാണ് ആദ്യം മാറ്റിയെടുക്കേണ്ടത്. അത് പലപ്പോഴും പൊരുതി നേടേണ്ടതാണ്. ആശയപരവും പ്രായോഗികവുമായ സമരങ്ങള്‍ ഇതിനാവശ്യമാണ്. എന്താണ് തീവ്രവാദം, ആരാണ് തീവ്രവാദി എന്ന് തിരിച്ചു ചോദിക്കാനാവണം. തീവ്രവാദ കേസുകളുടെ മറുവശങ്ങള്‍ നട്ടെല്ലില്‍ നിവര്‍ന്നു നിന്ന് പറയാനാവണം.

ഏതു വാഗ്ദത്ത ഭൂമിയെയും പോലെ പൗരാവകാശത്തിലേക്കുള്ള പ്രയാണവും ഏറെ ധീരതയും അപാരമായ ഇഛാശക്തിയും ആവശ്യപ്പെടുന്ന ഒന്നാണ്. തീവ്രവാദാരോപിതാവസ്ഥയുടെ മറുകര അതിനെ തുറന്നുകാട്ടി, അതിനോട് പൊരുതി നേടിയെടുക്കുന്ന പൗരാവകാശങ്ങളാണ്, തുല്യതയാണ്. അന്തസ്സോടെ ഭരണകൂടത്തോട് വിയോജിക്കാനുള്ള സാഹചര്യമാണ്.

മറ്റൊരു വാഗ്ദത്ത ഭൂമിയെയും പോലെ വേദനകള്‍ നിറഞ്ഞ പോരാട്ടത്തിലൂടെ ഇത് നേടിയെടുക്കണം. അല്ലെങ്കില്‍ അപമാനത്തെ വിധിയായി കരുതി സ്വീകരിക്കാം. മതത്തിന്റെ ആക്രമിക്കപ്പെടുന്ന ഭാഗങ്ങള്‍ കൈയൊഴിയാം. അനാഥശാലകള്‍ തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രങ്ങളാണെന്നു പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കാം. പള്ളികളെക്കുറിച്ച് ഇതേ ആരോപണമുയര്‍ന്നാല്‍ ചുരുങ്ങിയത് പുതിയ പള്ളികള്‍ ഉണ്ടാക്കേണ്ടതില്ല എന്നു തീരുമാനിക്കാം. അല്ലെങ്കില്‍ ഇനിയും പള്ളികള്‍ ഉണ്ടാവാത്തതാണോ മുസ്്‌ലിം സമുദായത്തിന്റെ പ്രശ്‌നം എന്ന് ചോദിക്കാം. ബലിയറുക്കുന്നവരെ ഞങ്ങളറുക്കും എന്നു പറയപ്പെടുമ്പോള്‍, അല്ല അറുക്കപ്പെടുമ്പോള്‍, ബലി അറുക്കേണ്ടതില്ല എന്നു തീരുമാനിക്കാം. തീവ്രവാദം എന്നു കേള്‍ക്കുമ്പോഴേക്ക് സമുദായത്തിന് കാല്‍ മുട്ടുകള്‍ വിറച്ച് കൂട്ടിമുട്ടാം. അങ്ങനെ ഇസ്‌ലാമിക ജീവിതവും സാക്ഷ്യങ്ങളും നഷ്ടപ്പെടുത്താം. മതപ്രബോധനം തീവ്രവാദമാണെന്ന് പറഞ്ഞാല്‍ നാം മതപ്രബോധനം അവസാനിപ്പിക്കും. ഇന്ത്യന്‍ അവസ്ഥയില്‍ മുസ്്‌ലിംകളെ സംബന്ധിച്ചേടത്തോളം തീവ്രവാദമെന്നാല്‍ ഒരു ചുവപ്പുകാര്‍ഡാണ്.

ഇങ്ങനെ നിന്ദ്യത വരിച്ച് മതത്തെ നഷ്ടപ്പെടുത്തി ഫലത്തില്‍ നിഷേധിയായി ജീവിച്ചു മരിച്ചുപോകുന്നവരോട് മരണത്തിന്റെ മാലാഖമാര്‍ ചോദിക്കുന്ന ചോദ്യം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ''സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മാലാഖമാര്‍ ചോദിക്കും, നിങ്ങള്‍ ഏതവസ്ഥയിലായിരുന്നു? ഞങ്ങള്‍ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു. അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് പലായനം ചെയ്തുകൂടായിരുന്നോ? അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്‍ഗമോ കണ്ടെത്താനാവാതെ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാണ്. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പേകിയേക്കും. അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണല്ലോ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പലായനം ചെയ്യുന്നവര്‍ക്ക് ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിത സൗകര്യങ്ങളും കണ്ടെത്താം. വീടുവെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ട് വഴിയില്‍ വെച്ച് മരണപ്പെടുന്നവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലം ഉറപ്പ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ് '' (അന്നിസാഅ് 97-100).

വിമോചനത്തിന്റെ വഴിയില്‍ മരണം വരിച്ചാലും അവര്‍ക്ക് പ്രതിഫലമുണ്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. വഴിയും സാധ്യതയും അന്വേഷിക്കാന്‍ പോലും കഴിയാത്ത വ്യക്തികള്‍ക്ക് ഇളവും ഒഴിവും അനുവദിക്കുകയും ചെയ്യുന്നു. വഴി അന്വേഷിച്ചിറങ്ങിയാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചവും സുരക്ഷിതവുമായ പുതുവഴികള്‍ കണ്ടുകിട്ടുക തന്നെ ചെയ്യും. 'അഭയസ്ഥാനങ്ങളും ജീവിത സൗകര്യങ്ങളും' (ഖുര്‍ആന്‍). ഇതൊന്നും നാടിനു പുറത്തുതന്നെയാവണമെന്നില്ല. അകത്തുമാവാം. ആധുനിക ദേശരാഷ്ട്രങ്ങള്‍ പലായനത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുകയും അകത്തെ സാധ്യതകളെ വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഹിജ്‌റക്ക് സന്നദ്ധമാവുക, പുറത്തേക്കല്ല, അകത്തേക്കുതന്നെ. അകത്ത് നാം ഇനിയും വികസിപ്പിച്ചിട്ടില്ലാത്ത സാധ്യതകളിലേക്ക്. അതിന്റെ സാഹസികതകളിലേക്ക്. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍