ആണിനു കോപം വന്നാല്‍
പുരുഷന്മാര്‍ തങ്ങളുടെ കോപം പ്രകടിപ്പിക്കുന്നത് പല രീതികളിലൂടെയുമാവും. ചിലരുടെ ശബ്ദമുയരും. കണ്ണുകള്‍ തീഗോളമാവും. ചിലര്‍ മൗനം പൂണ്ടിരിക്കും. ചിലര്‍ രംഗത്ത് നിന്ന് മെല്ലെ പിന്‍വാങ്ങി സ്ഥലം മാറിയിരിക്കും. കൈ രണ്ടും ശക്തിയായി കൂട്ടിത്തിരുമ്മും ചിലര്‍. മുന്നില്‍ കാണുന്നതൊക്കെ തല്ലിയുടച്ചാവും ചിലരുടെ ദേഷ്യം തീര്‍ക്കല്‍. ചിലരാവട്ടെ മതത്തെയും ദൈവത്തെയും ഭത്സിക്കും. ഭാര്യമാരോടു കലി തുള്ളുന്ന ചിലര്‍ അവരെ മൊഴിചൊല്ലിയാവും കലി തീര്‍ക്കുന്നത്. ഉറക്കത്തിലേക്ക് കൂപ്പുകുത്തി കോപം മറക്കും വേറൊരു കൂട്ടര്‍. കളി വിനോദങ്ങളിലേര്‍പ്പെട്ട് മനോനില മാറ്റിയെടുക്കുന്നവരുമുണ്ട്. ഓരോരുത്തരും കോപം പ്രകടിപ്പിക്കാന്‍ പല രീതികളാണ് സ്വീകരിക്കുക. പല തരക്കാരുമായി എനിക്ക് ഇടപഴകേണ്ടി വന്നിട്ടുണ്ട്.
കോപാകുലരായ ചില ഭര്‍ത്താക്കന്മാരെ കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍ രസകരമായ പല അനുഭവങ്ങളും ഉണ്ടായി. ഒരാള്‍ തന്റെ ഭാര്യയോട് കോപിച്ച് നാല് കൊല്ലം അവളോട് മിണ്ടിയില്ല. വേറൊരാള്‍ ഭാര്യയോട് ദേഷ്യപ്പെട്ട് വീട് വിട്ടിറങ്ങിയതാണ്. അജ്ഞാത വാസം കഴിഞ്ഞ് തിരിച്ചെത്തിയത് ഒരു മാസത്തിന് ശേഷം. മൂന്നാമതൊരാള്‍ ഭാര്യയോട് കോപിച്ച് നാടുവിട്ട് വേറെ കല്യാണം കഴിച്ചു. നാലാമത്തെയാള്‍ ഭാര്യയെ മാരകമായി അടിച്ചു അവളുടെ കണ്ണ് പൊട്ടിച്ചു. അവളുടെ കേള്‍വിയും പോയി. ഭാര്യമാരോട് ദേഷ്യം തീര്‍ക്കുന്ന ഭര്‍ത്താക്കന്മാരുടെ കഥ പറഞ്ഞാല്‍ തീരില്ല. എന്നാല്‍ ഞാന്‍ നിരീക്ഷിച്ച ഒരു കാര്യം മിക്ക ഭര്‍ത്താക്കന്മാരും മൗനം പാലിച്ചോ പിന്‍വാങ്ങിയോ വീട്ടില്‍ നിന്ന് പുറത്ത് പോയോ ബഹളം വെച്ചോ ശകാരിച്ചോ അടിച്ചോ പ്രശ്‌നം തീര്‍ക്കുന്നവരാണ്.
ശരീരത്തില്‍ അണുബാധ ഏറ്റാലെന്ന പോലെയാണ് മനുഷ്യനില്‍ ദേഷ്യത്തിന്റെ വികാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യ ഘട്ടം പ്രതികരണം. പിന്നെ ഒരു തിളച്ചു മറിയലാണ്. ശേഷം വാക്കു കൊണ്ടും നോക്കു കൊണ്ടും കൈ കൊണ്ടും ആക്രമണം. പിന്നെ ചെയ്തു പോയതില്‍ ഖേദവും ദുഃഖവും. പിന്നീട് ആത്മ വിചാരണ. അനന്തരം ഖേദപ്രകടനം. ഖേദ പ്രകടിപ്പിക്കാത്തവരും കാണും. കോപത്തിന്റെ പ്രവര്‍ത്തന രീതി ഇമ്മട്ടിലാണ്. ദേഷ്യ വേളയില്‍ മനസ്സിനെ നിയന്ത്രിച്ച് ആത്മ സംയമനം പാലിക്കാന്‍ കഴിയുന്നവന്‍ അനുഗൃഹീതന്‍. സന്തോഷം നിറഞ്ഞ ജീവിതം അയാള്‍ക്കുള്ളത്. നബി (സ) പറഞ്ഞല്ലോ: മല്‍പിടുത്തത്തില്‍ വിജയിക്കുന്നവനല്ല വീരന്‍, കോപ വേളയില്‍ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുന്നവനാണ് ശക്തന്‍. കോപാവസരത്തില്‍ മനസ്സിനെ നിയന്ത്രിക്കാന്‍ ക്ഷമയും നിരന്തര പരിശീലനവും ആവശ്യമാണ്; പ്രത്യേകിച്ച് ചെറുപ്രായത്തില്‍. സംയമനം പാലിക്കാനും മനസ്സിനെ വരുതിയില്‍ നിര്‍ത്താനും അനുഭവങ്ങളിലൂടെ പഠിക്കണം. തിളച്ചു മറിയുന്ന ലാവയാവും ചില യുവാക്കുളുടെ ഉള്ളില്‍. ഇത്തരം യുവാക്കളോടു ഭംഗിവാക്ക് പറഞ്ഞൊഴിയും ചിലര്‍. അല്ലെങ്കില്‍ അത്തരക്കാരില്‍ നിന്ന് അകലം പാലിക്കും.
എപ്പോഴും ദേഷ്യം പിടിക്കുന്ന ഒരു യുവാവിനെ പഠനവിധേയമാക്കിയപ്പോള്‍ എനിക്ക് വ്യക്തമായത് ഒരു ദിവസം മുപ്പത് തവണയെങ്കിലും അയാള്‍ കോപത്തിന്നടിപ്പെടുന്നു എന്നാണ്. ദേഷ്യത്തിന്റെയും പിരിമുറുക്കത്തിന്റെയും അന്തഃസംഘര്‍ഷത്തിന്റെയും അസ്വസ്ഥതയുടെയും നിമിഷങ്ങളിലൂടെയാണ് അയാള്‍ കടന്ന് പോകുന്നത്. വാഹനത്തിരക്കുള്ള റോഡിലൂടെ കടന്നു പോവേണ്ടി വരുമ്പോള്‍ അയാള്‍ കോപാകുലനാവും. തിരക്കില്‍പെട്ട് തന്റെ വാഹനത്തിന് മുന്നോട്ട് പോവാനാവാതെ വന്നാല്‍ അയാളുടെ കോപം ഇരട്ടിക്കും; മുറുമുറുക്കും. തന്നോടുതന്നെ ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കും. ദേഷ്യം അയാളുടെ ദൈനംദിന ജീവിതത്തിന്റെയും ശ്വാസഗതിയുടെയും ഭാവമായിത്തീര്‍ന്നതാണ് കാരണം. ദേഷ്യം പിടിക്കുമ്പോള്‍ മനുഷ്യര്‍ നാലു തരക്കാരായി മാറുന്നുണ്ട്. ഒന്ന്, ക്ഷിപ്രകോപികള്‍. പക്ഷെ പെട്ടെന്ന് തണുക്കും. കേള്‍ക്കുന്ന ഏത് വാക്കിനോടും പ്രതികരിക്കുന്ന ഇത്തരക്കാര്‍ക്ക് സ്വന്തത്തെ നിയന്ത്രണ വിധേയമാക്കാനുള്ള വൈഭവം കുറയും. രണ്ടാമത്, മുന്‍കോപികള്‍. മെല്ലെ തണുക്കുന്നവര്‍. എന്തിനും ദേഷ്യം പിടിക്കുന്ന ഈ സ്വഭാവം തീരെ നന്നല്ല. പ്രത്യേകിച്ച് ദേഷ്യം മാറാന്‍ സമയമെടുക്കുന്നവര്‍ . മൂന്നാമത്തെ വിഭാഗം, മെല്ലെ ദേഷ്യം പിടിക്കുന്നവരും എന്നാല്‍ പെട്ടെന്ന് ദേഷ്യം മാറുന്നവരും. ഇവരാണ് ഉത്തമന്മാര്‍. കാരണം പെട്ടെന്ന് ദേഷ്യം പിടിക്കാത്ത ഇവര്‍ക്ക്, അഥവാ കോപമുണ്ടായാല്‍ തന്നെ ഉടനെ ദേഷ്യം മാറും. നാലാമത്തെ കൂട്ടര്‍ ദേഷ്യം മെല്ലെ വരുന്നവരും മെല്ലെ മാത്രം അത് ശമിക്കുന്നവരുമാണ്. ഇത്തരക്കാര്‍ക്ക് മിക്കപ്പോഴും ദേഷ്യം വരില്ല. വന്നാല്‍ ദേഷ്യം ആറിത്തണുക്കാന്‍ കുറച്ചു സമയമെടുക്കും. ദേഷ്യം തീക്കട്ടയാണ്. തീകൊണ്ടാണ് പിശാചിനെ സൃഷ്ടിച്ചിരിക്കുന്നത്. ദേഷ്യത്തെ അവന്‍ ആളിക്കത്തിക്കും. കോപാഗ്നി കെടുത്താനുള്ള എളുപ്പവഴി വുളു, രണ്ടു റകഅത്ത് നമസ്‌കാരം, അല്ലാഹുവിനെക്കുറിച്ച സ്മരണ, നടത്തമോ ഓട്ടമോ പോലുള്ള ശരീര ചലനം എന്നിവകളില്‍ ഏര്‍പ്പെടുകയാണ്. ദേഷ്യത്താല്‍ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന പേശി പിടുത്തത്തിനും പിരിമുറുക്കത്തിനും അയവു വരുത്താന്‍ ദേഹചലനത്തിന്നാവുമെന്നാണ് ശാസ്ത്രമതം. ഇബ്‌നുല്‍ ജൗസിയുടെ വാക്കുകള്‍ ദേഷ്യത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതാണ്: ''ദേഷ്യത്തെ വിവേകത്തിന്റെ ചങ്ങല കൊണ്ട് കെട്ടിയിടണം. കാരണം ദേഷ്യം നായയാണ്. ചങ്ങലയില്‍ നിന്ന് മുക്തമായാല്‍ അത് നാശം വരുത്തും.''
ദേഷ്യം രണ്ടു തരമുണ്ട്. പുകഴ്‌ത്തേണ്ടതും ഇകഴ്‌ത്തേണ്ടതും. എന്നാല്‍ അധികമാളുകള്‍ക്കും ഉള്ളത് ഇകഴ്‌ത്തേണ്ട കോപമാണ്. നബി(സ)യുടേത് എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവമായിരുന്നു. അപൂര്‍വമായേ ദേഷ്യം വരൂ. നമസ്‌കാര വേളയില്‍ ശരീരത്തില്‍ മാലിന്യം കൊണ്ടിട്ടവരോട് നബി(സ) കോപിച്ചില്ല. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ദ്രോഹിച്ചവരോട് നബി(സ) ദേഷ്യം പിടിച്ചില്ല. സഹന ശീലനായിരുന്നു നബി(സ). സഹനവും വിവേകവും അല്ലാഹുവിനും പ്രവാചകനും പ്രിയങ്കരമായ സ്വഭാവമാണ്. വാഹനമോടിക്കുമ്പോഴും ജനങ്ങളോട് ഇടപഴകുമ്പോഴും വീട്ടുകാരുമായി പെരുമാറുമ്പോഴും മക്കളെ വളര്‍ത്തുമ്പോഴും സുഹൃത്തുക്കളുമൊത്ത് സമയം ചെലവിടുമ്പോഴും നമ്മുടെ മുദ്രാവാക്യം വിവേകം ആവണം. ദേഷ്യത്തിന്റെ കാര്യത്തില്‍ മൂന്നാമത്തെ വിഭാഗം ആവലാണ് അഭികാമ്യം. 'ദേഷ്യം മെല്ലെ വരുന്നവരും പെട്ടെന്ന് ദേഷ്യം ശമിക്കുന്നവരും.' ഇത്തരക്കാരുടെ ജീവിതം സന്തോഷപൂര്‍ണമായിരിക്കും. രക്തസമ്മര്‍ദ്ദം കൂടാതെ ശാന്തമായി ജീവിതത്തെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത് കൊണ്ടാണത്.
വിവ: പി.കെ ജമാല്‍
Comments