Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

മുഹര്‍റം പത്ത്: പോരാളികളുടെ പ്രചോദന ദിനം

ഖാലിദ് മൂസാ നദ്‌വി /കവര്‍‌സ്റ്റോറി

         മുഹര്‍റം പത്തിനാണ് ഫിര്‍ഔന്‍ ചെങ്കടലില്‍ മുങ്ങി മരിച്ചത്. മൂസാ നബി(അ)യും സംഘവും സീനാ മരുഭൂമിയില്‍ പുതിയ ജീവിതം ആരംഭിച്ചതും മുഹര്‍റം പത്തിനാണ്. 

ഫിര്‍ഔനിന്റെ മുങ്ങിമരണം സാധാരണ മുങ്ങി മരണമല്ല. അസാധാരണമായ മരണവും ഒരു ചരിത്രത്തിന്റെ അന്ത്യവും മറ്റൊരു ചരിത്രത്തിന്റെ തുടക്കവുമാണ്. ഫിര്‍ഔന്‍ ചെങ്കടലില്‍ മുങ്ങി മരിക്കുന്നതിന് തൊട്ടുമുമ്പ് ചെങ്കടല്‍ പിളര്‍ന്ന് സീനാ മരുഭൂമിയിലേക്ക് ഒരു ഗതാഗതപാത തുറന്നു കഴിഞ്ഞിരുന്നു. മൂസാ നബി(അ)യുടെ കൈയിലുള്ള വടി കൊണ്ട് കടലില്‍ അടിച്ചപ്പോഴാണ് അങ്ങനെയൊരു പാത രൂപപ്പെട്ടത്. അതേ പാതയിലൂടെ കടന്നു പോയി മൂസാ നബി(അ)യെ പിടികൂടാമെന്ന ഫിര്‍ഔന്റെ തീരുമാനമാണ് അപകടത്തില്‍ കലാശിച്ചത്. ആ പാതയുടെ മധ്യത്തിലെത്തിയപ്പോള്‍ ചെങ്കടല്‍ പൂര്‍വസ്ഥിതി പ്രാപിക്കുകയും ഫിര്‍ഔനും സംഘവും മുങ്ങി മരിക്കുകയും ചെയ്തു. 

മുഹര്‍റം പത്ത് ഫിര്‍ഔന്റെ അന്ത്യം കുറിച്ചു. മൂസാ നബിക്ക് പുതിയ വഴി അന്ന് തുറന്നു കിട്ടുകയും ചെയ്തു. 

മൂസാനബിയുടെ വിജയ കുതിപ്പും ഫിര്‍ഔന്റെ സമ്പൂര്‍ണ പരാജയവും അടയാളപ്പെടുത്തിയ മുഹര്‍റം പത്ത് ഏറെ പ്രചോദനാത്മകായ ദിനമാണ്. വിപ്ലവകാരികളായ സാമൂഹിക യോദ്ധാക്കള്‍ക്ക് ചോര ചിന്താത്ത വിപ്ലവ വിജയത്തെക്കുറിച്ച ശുഭചിന്തകള്‍ പ്രദാനം ചെയ്യുന്ന ദിനമാണത്. വിപ്ലവകാരിയും പോരാളിയും പ്രവാചകനുമായ മൂസാ നബി(അ) വിശുദ്ധ ഖുര്‍ആനിലെ വലിയൊരു പ്രമേയമാണ്. ഇസ്‌ലാമിക ശൈലിയിലുള്ള വിപ്ലവപോരാളികള്‍ക്ക് മൂസാനബി(അ)യില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. 

വിപ്ലവം മനുഷ്യന്‍ ഒറ്റക്ക് ആസൂത്രണം ചെയ്യുന്നതല്ല എന്നതു തന്നെയാണ് ഏറ്റവും വലിയ പാഠം. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യാനും, പ്രതിശബ്ദം ഉയരുന്നത് തടയാനും ഫിര്‍ഔന്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് ആദ്യം പാളുന്നത്. 'ബനൂ ഇസ്‌റാഈല്‍' വിഭാഗത്തിലെ ആണ്‍കുട്ടികളെ കൊന്നു തള്ളിയാല്‍ തീരുന്നതാണ് താന്‍ നേരിടുന്ന വെല്ലുവിളി എന്നതായിരുന്നു ഫിര്‍ഔന്റെ ധാരണ. ഫിര്‍ഔന്റെ പദ്ധതിക്കുമീതെ മറ്റൊരു പദ്ധതിയുള്ളത് ഫിര്‍ഔനിന് അറിയില്ലല്ലോ! താന്‍ തന്നെയാണ് 'റബ്ബും', 'ഇലാഹും', 'മലികും' (ആവിഷ്‌കര്‍ത്താവും, നിയമ ദാതാവും, ഭരണാധികാരിയും) എന്ന അഹന്തയിലായിരുന്നല്ലോ ഫിര്‍ഔനിന്റെ മതവും രാഷ്ട്രീയവും ചിട്ടപ്പെടുത്തിയിരുന്നത്. 

എല്ലാ ഭൗതികാസൂത്രണങ്ങളെയും വെല്ലുന്ന ദൈവികാസൂത്രണത്തിലാണ് ഇസ്‌ലാമിക വിപ്ലവത്തിന്റെ അടിത്തറ രൂപപ്പെടുന്നത് എന്ന തിരിച്ചറിവ് മൂസാ ചരിത്രം നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഫിര്‍ഔന്‍ ആണ്‍കുട്ടികളെ കൊന്നുകൊണ്ടേയിരുന്നു. പക്ഷെ യഥാര്‍ഥത്തില്‍ കൊല്ലേണ്ടവനെ പോറ്റി വളര്‍ത്തുകയും ചെയ്തു. അഥവാ ഫറോവക്കെതിരായ മുഖ്യ വിപ്ലവനായകനെ മുലയൂട്ടി, പാലൂട്ടി, തേനൂട്ടി വളര്‍ത്തേണ്ട ചുമതല അല്ലാഹു ഫിര്‍ഔനിനെ തന്നെ ഏല്‍പിച്ചു. 

''ഓ മൂസാ! നിന്റെ ഉമ്മാക്ക് ഞാന്‍ വഹ്‌യ് (ദൈവിക അറിയിപ്പ്) നല്‍കിയത് ഓര്‍ക്കുക: കുട്ടിയെ പെട്ടിയിലടയ്ക്കുക; പെട്ടിയെ ആറ്റിലൊഴുക്കുക; എന്റെയും അവന്റെയും ശത്രു അവനെയെടുത്ത് പോറ്റിക്കൊള്ളും'' (ത്വാഹാ 39). 

പ്രസവാനന്തരം മൂസായുടെ ഉമ്മ നവജാത ശിശുവിനെ പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഒഴുക്കുകയും ഫിര്‍ഔനിന്റെ പത്‌നിയുടെ ആഗ്രഹപ്രകാരം പെട്ടി കൊട്ടാര സേവകന്മാര്‍ കരയ്‌ക്കെത്തിക്കുകയും പെട്ടിയിലെ കുട്ടി കൊട്ടാര വാസിയായി വളരുകയും ചെയ്തത് ചരിത്രം. 

അല്ലാഹുവിന്റെ ആസൂത്രണം എതിരാളികള്‍ക്ക് അറിയില്ലെന്നതാണ് ഇസ്‌ലാമിക പോരാട്ടങ്ങളെ വിജയത്തിലെത്തിക്കുന്ന മര്‍മം. അല്ലാഹുവിന്റെ ആസൂത്രണങ്ങളെ കുറിച്ച ആത്മീയ ദര്‍ശനം പോരാളികള്‍ക്ക് നഷ്ടപ്പെട്ടാല്‍ അതായിരിക്കും പോരാളി സംഘത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. പുതു കാല ഇസ്‌ലാമിക പോരാട്ടങ്ങള്‍ പലതും പിഴയ്ക്കുന്നത് ഈ ആത്മീയ ഘടകത്തിന്റെ അഭാവത്താലാണോ എന്നത് ആലോചന അര്‍ഹിക്കുന്ന പ്രധാന വിഷയമാണ്.

ഏറെ കലുഷിതമായിരുന്നു മൂസാ നബിയുടെ പോരാട്ട ഭൂമി. ഫറോവയുടെ കടുത്ത ഖിബ്തീ വംശീയ-വര്‍ഗീയ സ്റ്റേറ്റ് നാടു ഭരിക്കുന്ന കാലം; വംശീയ-വര്‍ഗീയ സ്റ്റേറ്റിന്റെ ഇരകളായി മാറിയ ബനൂ ഇസ്‌റാഈല്‍-മുസ്‌ലിം സമൂഹം കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുന്ന കാലം. ''ഫിര്‍ഔന്‍ ഭൂമിയില്‍ ഗര്‍വ് കാട്ടിയവനാണ്. ഭൂവാസികളെ ഭിന്നിപ്പിച്ചവനാണ്. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തിയവനാണ്. എതിരാളികളില്‍പ്പെട്ട ആണ്‍കുട്ടികളെ കൊന്നുകളഞ്ഞവനാണ്. പെണ്‍കുട്ടികളെ അരക്ഷിതരായി ജീവിക്കാന്‍ വിട്ടവനാണ്. വലിയ ഭീകരനായിരുന്നു ഫിര്‍ഔന്‍'' (അല്‍ഖസ്വസ്വ് 4).

വര്‍ഗീയ ചുറ്റുപാട് ഏതൊരാളെയും പൂര്‍ണമായോ ഭാഗികമായോ വര്‍ഗീയവത്കരിക്കുക സ്വാഭാവികമാണ്. വര്‍ഗീയ പരിസരത്ത് പൂര്‍ണതയുള്ള ഒരു ആദര്‍ശവാദി ജന്മമെടുക്കുക പ്രയാസകരമാണ്. ആദര്‍ശവാദിയില്‍ പോലും വര്‍ഗീയാന്തരീക്ഷം സ്വാധീനം ചെലുത്താന്‍ ഇടയുണ്ട്. പക്ഷെ അത്തരം ലക്ഷണങ്ങളെ തരിമ്പും അംഗീകരിക്കാത്തതാണ് ഇസ്‌ലാമിക വിമോചന പാത. മൂസാ നബി(അ)യുടെ ചരിത്രം മുന്‍നിര്‍ത്തിയാണ് ഖുര്‍ആന്‍ ആ നിലപാട് ശക്തമായി മുന്നോട്ടു വെക്കുന്നത്. 

വര്‍ഗീയവും വംശീയവുമായ തെരുവുയുദ്ധത്തിന് മൂസാ നബിയും സാക്ഷിയായി. സ്വാഭാവികമായും മൂസാനബി ബനൂ ഇസ്‌റാഈലുകാരനായ മുസ്‌ലിമിനെ സഹായിക്കാന്‍ രംഗത്തിറങ്ങി. ബലവാനായ മൂസായുടെ ഇടിയുടെ ആഘാതത്തില്‍ ഖിബ്തീ വംശജനായ ഫിര്‍ഔനിന്റെ അനുയായി കൊല്ലപ്പെട്ടു. ഫറോവന്‍ ഭരണകൂടത്തിനകത്ത് നടക്കുന്ന നിരന്തരമായ 'മുസ്‌ലിം വേട്ട'യുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍ നിസ്സാരമാണ് ഈ കേസ്. പക്ഷെ ഖുര്‍ആന്‍ ഇത് ഗൗരവപ്പെട്ട വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നു. ''പൈശാചികം, അക്രമം, കുറ്റവാളികള്‍ക്ക് സഹായകമായ പ്രവര്‍ത്തനം'' എന്നീ മൂന്നു നിരൂപണങ്ങളാണ് ഖുര്‍ആന്‍ ആ സംഭവത്തെ കുറിച്ച് നടത്തിയിരിക്കുന്നത് (ഖസ്വസ്വ് 15-17). ഇന്ത്യ പോലുള്ള വര്‍ഗീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നാടുകളില്‍ ജീവിക്കുന്ന മുസ്‌ലിം സമൂഹങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ് പ്രസ്തുത നിരൂപണം.

നമ്മുടെ വിപ്ലവം പിശാചിനെതിരാണ്. പൈശാചികതയുടെ ആള്‍രൂപമാണ് വര്‍ഗീയ സ്റ്റേറ്റ്. ആ പൈശാചികതയെ നിരാകരിക്കാന്‍ പൈശാചിക പ്രവര്‍ത്തനത്തിന്റെ നേരിയ ഇനം പോലും നമുക്ക് സ്വീകാര്യമല്ല. നമ്മുടെ വിപ്ലവം അക്രമത്തില്‍ നിന്ന് ക്രമത്തിലേക്കുള്ള യാത്രയാണ്. അക്രമവിരുദ്ധ വിപ്ലവത്തില്‍ നേരിയ ക്രമഭംഗം പോലും ന്യായീകരിക്കപ്പെടുന്നതല്ല. വിപ്ലവകാരിയുടെ ക്രമഭംഗം ഒരു പക്ഷേ നിമിഷ നേരത്തേക്ക് അവന്റെ വൈകാരികതയ്ക്ക് ശമനം നല്‍കിയേക്കാം. എന്നാല്‍ അന്തിമമായി അത് വര്‍ഗീയ സ്റ്റേറ്റിലെ കുറ്റവാളികള്‍ക്ക് മാത്രമാണ് സഹായകമായിത്തീരുക. 

ആദര്‍ശ വിപ്ലവകാരികള്‍ ആദര്‍ശ വഴിയില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍, ഏത് പ്രകോപിത സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്നാണ് മൂസാ ചരിത്രം വിളിച്ചുപറയുന്നത്. പിഴക്കാം; പക്ഷെ പിഴവിനെ പ്രത്യയ ശാസ്ത്രവല്‍ക്കരിക്കരുത്. പിഴവ് തിരുത്തലാണ് ശക്തി. പിഴവില്‍ തുടരലാണ് ദൗര്‍ബല്യം. പിഴവ് ഫിര്‍ഔനിന്റെ മുമ്പിലും ഏറ്റുപറഞ്ഞ മൂസാ നബിയാണ് നമ്മുടെ വിപ്ലവ നായകന്‍. ഫിര്‍ഔനിന്റെ മുമ്പിലും പിഴവ് ഏറ്റ് പറയാന്‍ മൂസാനബിയോട് ആഹ്വാനം ചെയ്ത അല്ലാഹുവാണ് എല്ലാറ്റിനും മുന്നില്‍ (അശ്ശുഅറാഅ് 20).

പോരാളിയായ വിശ്വാസി അടിസ്ഥാനപരമായി പ്രബോധകനാണ്. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യലല്ല പോരാട്ട ദൗത്യം. എതിര്‍ പക്ഷത്തെ കൂടി ആ ആദര്‍ശ വഴിയില്‍ ഒപ്പം ചേര്‍ക്കുമ്പാഴാണ് യഥാര്‍ഥ വിജയം ഉറപ്പുവരുത്തുന്നത്. 

മൂസാനബി ഫറോവയുടെ കൊട്ടാരത്തിലേക്ക് പോയത് രണ്ട് സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്. 

1. ഫിര്‍ഔന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വന്ന് നന്നാവുകയും, നന്മയുടെ വക്താവായി മാറുകയും വേണം. 

2. ബനൂ ഇസ്‌റാഈല്‍ ജനതയെ വിമോചിപ്പിക്കണം. 

ഫിര്‍ഔനിന്റെ ഉന്മൂലനം മൂസാനബിയുടെ അജണ്ടയല്ല; ഫിര്‍ഔനിന്റെ വര്‍ഗീയ നിലപാടാണ് ഉന്മൂലനം ചെയ്യപ്പെടേണ്ടത്. ''അവര്‍ഗീയനും, ദൈവദാസനും, വിനയാന്വിതനും'' ആവുക വഴി ഫിര്‍ഔനിനും ഒരു അവസരമുണ്ടെന്നാണ് മൂസാ നബിയുടെ പ്രബോധന സന്ദേശം (ത്വാഹാ 44).

സംഭവലോകത്തെ യാഥാര്‍ഥ്യങ്ങളെ വിസ്മരിക്കുന്ന കേവലമായ ആത്മീയ-പരലോക ഉല്‍ബോധനവുമല്ല വിപ്ലവകാരിയുടെ പ്രബോധനം. അതിന് ശക്തമായ വിമോചന ഉള്ളടക്കമുണ്ട്. മൂസാ നബി ഫറോവയുടെ മുന്നില്‍ തുറന്നടിച്ചു. ''ബനൂ ഇസ്‌റാഈല്‍ ജനതയെ നീ അവരുടെ പാട്ടിന് വിടണം. അടിമകളാക്കരുത്. അവരെ മര്‍ദന-പീഡനങ്ങള്‍ക്കിരയാക്കുന്നത് അവസാനിപ്പിക്കണം'' (ത്വാഹാ 47).

പ്രബോധന പ്രവര്‍ത്തനം ഒരു വിപ്ലവ പ്രവര്‍ത്തനം തന്നെയാണ് എന്നല്ല, അതുതന്നെയാണ് അടിസ്ഥാന വിപ്ലവ പ്രവര്‍ത്തനം. എതിര്‍പക്ഷത്ത് മൗലിക മാറ്റം സംഭവിക്കുകയും പ്രതിപക്ഷനിര ചകിതരാവുകയും ചെയ്യുന്ന ആഴമുള്ള വിപ്ലവ പ്രവര്‍ത്തനമാണത്. പൈശാചിക മുന്നണിയില്‍ വന്‍വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ശേഷിയാണ് പ്രബോധന പ്രവര്‍ത്തനത്തിന്റെ ബലം. 

പ്രബോധന പ്രവര്‍ത്തനം ആദര്‍ശമാറ്റത്തിന്റെ വിളംബരമാണ്; അല്ലാതെ സ്വകാര്യ സംഭാഷണമല്ല. ജീവിതത്തെ കുറിച്ച കാഴ്ചപ്പാട് മാറ്റമാണ് പ്രബോധനത്തിന്റെ ഉള്ളടക്കം. 

വിപ്ലവകാരിയായ പ്രബോധകന്റെ ഏറ്റവും വലിയ കൈമുതല്‍ എതിരാളിയുടെ കൊച്ചുകൊച്ചു മാര്‍ഗ തടസ്സങ്ങള്‍ക്കും പ്രബോധകനെ വഴി തെറ്റിക്കുന്ന ഉപജാപങ്ങള്‍ക്കും അജണ്ട സെറ്റിംഗിനും അവന്‍ വിധേയനാകാതിരിക്കലാണ്. മൂസാനബിയില്‍ ആ ശക്തി നാം ദര്‍ശിക്കുന്നുണ്ട്. മൂസാനബി മൗലികാദര്‍ശം പ്രബോധനം ചെയ്തപ്പോള്‍ ഫറോവ ചോദിച്ചത് ''കാരണവന്മാരുടെ സ്ഥിതിയെന്ത്'' എന്നായിരുന്നു. ''ദൈവത്തിനറിയാം'' എന്ന ഒറ്റവരി മറുപടിയില്‍ ഫിര്‍ഔന്‍ സൃഷ്ടിക്കാന്‍ തുനിഞ്ഞ വന്‍ വിവാദത്തെ മൂസാ നബി മറികടന്നു. തന്റെ മൗലികതയുള്ള പ്രഭാഷണം തുടങ്ങുകയും ചെയ്തു (ത്വാഹാ 51-55). 

മൂസാനബിയുടെ പ്രബോധനം ഫിര്‍ഔനിന്റെ അണികളില്‍ വിള്ളല്‍ വീഴ്ത്തിയതാണ് വിപ്ലവവിജയത്തിന്റെ പ്രഥമഘട്ടം. മൂസാനബിയെ നേരിടാന്‍ നിശ്ചയിക്കപ്പെട്ട സാഹിറൂന്‍ (ജാലവിദ്യക്കാര്‍) ഇസ്‌ലാമിക ദര്‍ശനം അംഗീകരിച്ചു. ഫറോവയുടെ പത്‌നിയും ഇസ്‌ലാമിക ദര്‍ശനം പുല്‍കി. ധീരമായ മനസ്സോടെ, ത്യാഗപൂര്‍ണമായ ജീവിതം ഏറ്റെടുക്കാനുള്ള സന്നദ്ധതയോടെയുള്ള ആദര്‍ശമാറ്റമാണ് അവരില്‍ സംഭവിച്ചത്. അല്ലാതെ ദുര്‍ബലമായ മനസ്സിലെ നൈമിഷികമായ കാരണങ്ങളോ ഭൗതികമായ ഘടകങ്ങളോ സൃഷ്ടിക്കുന്ന മതംമാറ്റമല്ല അവിടെ സംഭവിച്ചത്. മതംമാറ്റം പ്രബോധന ലക്ഷ്യമല്ല. ആദര്‍ശമാറ്റത്തിലൂടെ വിപ്ലവകാരികളെ സൃഷ്ടിക്കുന്നതിന്റെ പേരാണ് ഇസ്‌ലാമിക പ്രബോധനം. അങ്ങനെ ആദര്‍ശം മാറുന്നവര്‍ ശത്രുവിന്റെ മുമ്പില്‍ വിപ്ലവ മനസ്സോടെ എഴുന്നേറ്റ് നില്‍ക്കും. ജീവിതവും മരണവും ഒരുപോലെ ആസ്വദിക്കും. ഇഹലോകത്തേക്കാള്‍ വലുതാണ് പരലോകമെന്ന് അവര്‍ തിരിച്ചറിയും. പ്രതികൂല സാഹചര്യം അവരെ കൂടുതല്‍ ശക്തരാക്കി മാറ്റുകയും ചെയ്യും (ത്വാഹ 70-73, അത്തഹ്‌രീം 11).

ഈജിപ്തിലെ പരീക്ഷണം നിറഞ്ഞ നാളുകളില്‍ മൂസാ നബിയുടെ ശക്തി സമുദായത്തിലെ ധീരരായ ചെറുപ്പക്കാരും ഖിബ്തികളില്‍ നിന്ന് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന നവാഗതരായ ധീരാത്മാക്കളുമായിരുന്നു. 

മര്‍ദിതസമൂഹം വിമോചകന്റെ കൂടെ പൂര്‍ണമായും നിലയുറപ്പിക്കുമെന്ന് വിമോചന പോരാളികള്‍ ഒരിക്കലും ധരിച്ചുപോകരുത്. മര്‍ദിത സമൂഹത്തിലെ ഭൗതിക മോഹികള്‍ മര്‍ദകന്റെ പക്ഷം ചേരും. അതാണ് ഖാറൂന്‍. ധനാഢ്യനായ ഇസ്‌റാഈലി പൗരന്‍. ഫിര്‍ഔനിന്റെ സാമ്പത്തിക സ്രോതസ്സ്. സുഖിയന്‍, ഭൗതികാഡംബരങ്ങളുടെ തോഴന്‍. വിപ്ലവകാരികളെ ഏറ്റവും പ്രയാസപ്പെടുത്തുക ഇത്തരക്കാരാണ്. പക്ഷേ അല്ലാഹുവിന്റെ നടപടിയില്‍ നിന്ന് കുതറി മാറാന്‍ അവര്‍ക്കും കഴിയില്ലല്ലോ (അല്‍ഖസ്വസ്വ് 76-82).

വിപ്ലവ വഴി ഉപേക്ഷിക്കുന്ന ഭീരുക്കളായിരിക്കും മര്‍ദിത സമൂഹത്തിലെ മറ്റൊരു വിഭാഗം. അവര്‍ ഭരണകൂടത്തെ ഭയക്കും. ആനുകൂല്യങ്ങളില്‍ അഭിരമിക്കും. മര്‍ദകനെ വാഴ്ത്തും. പക്ഷെ ധീരരായ യുവാക്കള്‍ വിമോചകനായ നേതാവിനൊപ്പം സധൈര്യം ഉറച്ചുനില്‍ക്കും. വിപ്ലവ-വിമോചന മുന്നണി അത്തരമാളുകളെയും, എല്ലാറ്റിനുമുപരിയായി അല്ലാഹുവിനെയും ആശ്രയിച്ച് അല്ലാഹു നിശ്ചയിച്ച പാതയിലൂടെ, പ്രകോപിതരും പ്രലോഭിതരും ആവാതെ സാവകാശം മുന്നോട്ട് പോവും (യൂനുസ് 83).

മൂസാനബിയുടെ വിമോചന മുന്നേറ്റം ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായം തന്നെ. കലുഷിതമായ ഈ നാളുകളില്‍ ഏത് വിപ്ലവ-വിമോചന പ്രവര്‍ത്തകനും പ്രചോദനമാണ് മൂസാനബി (അ). 

മൂസാ ചരിത്രത്തിലെ നിര്‍ണായക ദിനമാണ് മുഹര്‍റം പത്ത്. വിപ്ലവ-വിമോചന യാത്രയുടെ ഒരു ഘട്ടം പൂര്‍ത്തിയാക്കിയ വിജയ ദിനമാണ് മുഹര്‍റം പത്ത്. 

വിപ്ലവ-വിമോചന പ്രവര്‍ത്തകര്‍ക്ക് രണ്ട് വിജയദിനങ്ങളുണ്ട്. ആത്യന്തികമായ പരലോക വിജയദിനമാണ് ഏറ്റവും പ്രധാനം. പക്ഷേ അത് മാത്രമല്ല; ഇഹലോകത്തും വിജയദിനമുണ്ട്. പ്രത്യേകിച്ചും രാഷ്ട്രീയ സ്വഭാവമുള്ള വിജയദിനം. മുഹര്‍റം പത്ത് മൂസാ നബി (അ) രാഷ്ട്രീയമായി വിജയിച്ച ദിനമാണ്; ഫിര്‍ഔനിന്റെ രാഷ്ട്രീയ പതനം കുറിച്ച ദിനവും. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍