ദാദ്രി ഒറ്റപ്പെട്ടതല്ല
സംഘ്പരിവാര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബീഭത്സ മുഖങ്ങള്‍ ഓരോന്നോരോന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ മാട്ടിറച്ചി സൂക്ഷിക്കുകയും കഴിക്കുകയും ചെയ്തു എന്നാരോപിച്ച് കര്‍ഷകത്തൊഴിലാളിയായ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്നതാണ് ഏറ്റവുമൊടുവില്‍ പ്രത്യക്ഷമായിരിക്കുന്ന വര്‍ഗീയതയുടെ ഭീകര മുഖം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ബിസാറ ഗ്രാമത്തിലെ ദാദ്രിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ മകന്‍ ദാനിഷ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ഇതെഴുതുമ്പോഴും ദാനിഷ് അപകടനില തരണം ചെയ്തിട്ടില്ല. അഖ്‌ലാഖിന്റെ മകള്‍ സാജിദയെയും വൃദ്ധയായ മാതാവിനെയും വരെ അക്രമികള്‍ വെറുതെ വിട്ടില്ല.
ഏതൊരു വര്‍ഗീയ ഹിംസക്കും ചില മുന്നൊരുക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ ആദ്യത്തേതാണ് വ്യാപകമായ കള്ളപ്രചാരണം. ഗീബല്‍സിയന്‍ നുണകളിലാണല്ലോ ഫാഷിസവും നാസിസവുമൊക്കെ തെഴുക്കുന്നത്. ദാദ്രിയിലും അത് സംഭവിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച്, പശുക്കളെ കാണാതാവുന്നു എന്ന പ്രചാരണം മേഖലയില്‍ തല്‍പരകക്ഷികള്‍ ആസൂത്രിതമായി നടത്തുന്നുണ്ടായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ദാദ്രിയിലും തിരക്കഥ തയാറാക്കിയത്. ആദ്യം, ഒരു പശുവിനെ കാണാനില്ല എന്ന അഭ്യൂഹം പ്രചരിപ്പിച്ചു. അതിന്റെ ശരീരാവശിഷ്ടങ്ങള്‍ വയലില്‍ ഉണ്ടെന്നായി അടുത്ത പ്രചാരണം. മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം അതിനെ അറുത്തതാണെന്നും മാംസം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമായി പിന്നെയുള്ള സംസാരം. അത് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ പുരോഹിതന്‍ വിളിച്ചുപറയുക കൂടി ചെയ്തതോടെ നൂറോളം വരുന്ന അക്രമിസംഘം അഖ്‌ലാഖിന്റെ വീട് വളയുകയും അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ച് ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അപകട മരണമെന്നും ഒറ്റപ്പെട്ട സംഭവമെന്നുമൊക്കെ വ്യാഖ്യാനിച്ച് കൈകഴുകുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ഇതിന് വര്‍ഗീയ വര്‍ണം നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അഭ്യര്‍ഥിക്കുമ്പോള്‍ തന്നെയാണ്, ബി.ജെ.പിയിലെയും സംഘ്പരിവാരത്തിലെയും മുതിര്‍ന്ന നേതാക്കള്‍ ഈ അരുംകൊലയെ ന്യായീകരിച്ച് വിഷം തുപ്പുന്ന പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാവട്ടെ മുമ്പെത്തപ്പോലെ മഹാമൗനത്തിലാണ്. പ്രധാനമന്ത്രിയായ ശേഷവും താന്‍ അടിയുറച്ച ആര്‍.എസ്.എസ്സുകാരനാണ് എന്ന് ആവര്‍ത്തിച്ചിട്ടുള്ള മോദിയുടെ മൗനത്തിന്റെ അര്‍ഥം, താനും ഈ കാപാലികതക്ക് അനുകൂലമാണ് എന്നല്ലേ? ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ സംഭവത്തോട് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്വീകരിക്കുന്ന നിലപാട് ഫാഷിസ്റ്റുകളുടേതില്‍ നിന്ന് ഒട്ടും ഭിന്നമല്ലെന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോലും ഇതുവരെ യു.പി മുഖ്യന്‍ തയാറായിട്ടില്ല. ദാദ്രി സന്ദര്‍ശിക്കാന്‍ ധൈര്യമില്ലാതിരുന്ന അഖിലേഷ് യാദവ്, അഖ്‌ലാഖിന്റെ കുടുംബത്തെ ലഖ്‌നൗവിലെ തന്റെ ദര്‍ബാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇത് അഹങ്കാരവും ഇരകളെ അവഹേളിക്കലുമാണ്.
സംഭവത്തെക്കുറിച്ച അന്വേഷണവും ഇഴഞ്ഞു നീങ്ങാനാണ് സാധ്യത. പോലീസിന് കുറ്റവാളികളെ പിടിക്കുന്നതിലായിരുന്നില്ല, ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസം ആടോ മാടോ എന്നറിയുന്നതിലായിരുന്നു ജാഗ്രത. മാംസം ഉടന്‍ ലാബിലേക്ക് അയക്കുകയും ചെയ്തു. അക്രമികളില്‍ ആറോ ഏഴോ പേരെ പിടികൂടിയത് പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞ്. അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരേണ്ടത് ഇതിന്റെ പിന്നിലുള്ള വര്‍ഗീയ അജണ്ടയാണ്. അഖ്‌ലാഖിന്റെ കുടുംബം ഗോഹത്യ നടത്തി എന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയാന്‍ ചിലര്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ക്ഷേത്രത്തിലെ പുരോഹിതന്‍ മൊഴി കൊടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ്, തന്നെ ചിലര്‍ പാകിസ്താനി എന്ന് ആക്ഷേപിച്ചതായി അഖ്‌ലാഖിന്റെ മകനും പറയുന്നു. ജനക്കൂട്ടത്തിന്റെ നൈമിഷിക വൈകാരികതയായിരുന്നില്ല, ആസൂത്രിത നീക്കമായിരുന്നു കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് ഇതെല്ലാം നല്‍കുന്ന സൂചനകള്‍.
ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിലായിരിക്കുമ്പോള്‍ തന്നെ, സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ഒരു പ്രധാന ആയുധമായി ഗോവധ പ്രശ്‌നത്തെ ഹിന്ദുത്വവാദികള്‍ ഉപയോഗിച്ചിട്ടുണ്ട്. സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വിഷലിപ്തമായ പ്രചാരണങ്ങള്‍ ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തി. ബ്രിട്ടീഷുകാര്‍ ശക്തമായി നേരിട്ടത് കൊണ്ട് കലാപം മറ്റു ഭാഗങ്ങളിലേക്ക് കത്തിപ്പടര്‍ന്നില്ല. പിന്നീട് വന്ന സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാറുകളും പ്രശ്‌നം സ്‌ഫോടനാത്മകമായ തലത്തിലെത്താതിരിക്കാന്‍ ജാഗ്രത കാണിച്ചു. പക്ഷേ, സ്ഥിതിഗതികള്‍ ഇപ്പോള്‍ അപ്പാടെ മാറിയിരിക്കുന്നു. അധികാരത്തിലിരിക്കുന്നത് സംഘ്പരിവാര്‍ ശക്തികളാണ്. സര്‍ക്കാര്‍ മെഷിനറിയെ ഒന്നാകെ അവര്‍ കാവിയില്‍ മുക്കിയെടുക്കുകയാണ്. അത്തരമൊരു ഭരണസംവിധാനം വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയോ നിഷ്‌ക്രിയമാവുകയോ ചെയ്യുന്നത് സ്വാഭാവികം. മോദി ഭരണത്തില്‍ നാം തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുന്നത് അതാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ട ഗോവിന്ദ് പന്‍സാരെയെയും നരേന്ദ്ര ദഭോല്‍ക്കറെയും എം.എം കല്‍ബുര്‍ഗിയെയും വെടിവെച്ച് കൊന്നപ്പോഴും, എഴുത്തുകാരായ പെരുമാള്‍ മുരുകനെയും വെന്‍ഡി ഡോനിഗറെയും ഷെല്‍സന്‍ പൊള്ളോക്കിനെയും റിച്ചാര്‍ഡ് ഫോക്‌സ് യംഗിനെയും നിശ്ശബ്ദരാക്കിയപ്പോഴും ഈ ഭരണകൂട നിഷ്‌ക്രിയത്വമാണ് നാം കണ്ടത്.
സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അനന്യ വാജ്‌പെയ് ചൂണ്ടിക്കാട്ടിയത് പോലെ, ദാദ്രി സംഭവത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജാതി-വര്‍ഗീയ ഹിംസകളില്‍ നിന്ന് വേറിട്ട് കാണാനാവില്ല. എല്ലാ ഇന്ത്യക്കാരും തുല്യാവകാശമുള്ള പൗരന്മാരാണ് എന്ന ഇന്ത്യന്‍ ഭരണഘടനയുടെ സമത്വ വിഭാവനക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങളായേ ഇവയെ കാണാനാവൂ. അധികാര, ബഹിഷ്‌കൃത എന്നീ സംജ്ഞകള്‍ ഉപയോഗിച്ചാണ് അനന്യ ഇത് വിശദീകരിക്കുന്നത്. സവര്‍ണ കുലീന വിഭാഗം എല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കി, താഴ്ന്ന ജാതികളെയും അധഃസ്ഥിതരെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുത്വ ആശയത്തെ എതിര്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാരായ മറ്റു ഹിന്ദുക്കളെയും ബഹിഷ്‌കൃതരും രണ്ടാം പൗരന്മാരുമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. ഇതിലേക്കുള്ള കാല്‍വെപ്പുകളാണ് ദാദ്രിയിലേതുപോലുള്ള സംഭവങ്ങള്‍.
Comments