Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

ഉത്തമ വിശ്വാസിയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന നബി പാഠങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് /പുസ്തകം

ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ക്ക് മുഹമ്മദ് നബിയുമായുള്ള ബന്ധത്തിന് സമാനതകളോ ഉദാഹരണങ്ങളോ ഇല്ല. നടത്തം, ഇരുത്തം, കിടത്തം, ഉറക്കം, ഉണര്‍ച്ച, തീന്‍, കുടി, സ്വഭാവം, പെരുമാറ്റം, സമീപനം, സമ്പ്രദായം, സംസാരം, ചിന്ത, ആരാധന, ആചാരം, പ്രാര്‍ത്ഥന, കീര്‍ത്തനം, സംസ്‌കാരം, നാഗരികത, മലമൂത്ര വിസര്‍ജ്ജനം, അതിന്റെ ശുദ്ധീകരണം, വിവാഹം, ദാമ്പത്യം, വ്യക്തി ജീവിതം, കുടുംബ ഘടന, സാമൂഹിക ക്രമം, സാമ്പത്തിക ഇടപാട്, രാഷ്ട്രീയ ക്രമം, ഭരണ സംവിധാനം തുടങ്ങിയ ജീവിതത്തിന്റെ ചെറുതും വലുതുമായ എല്ലാ വശങ്ങളും പ്രവാചകന്‍ ചെയ്തപോലെ, പറഞ്ഞതോ പഠിപ്പിച്ചതോ പോലെ ആകണമെന്ന് ലോകമെങ്ങുമുള്ള മുഴുവന്‍ മുസ്‌ലിംകളും നിഷ്‌കര്‍ഷിക്കുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലേറെയായി നിരന്തരം തുടര്‍ന്നുവരുന്ന കാര്യമാണ്. ജനകോടികള്‍ എന്നും എവിടെയും തികഞ്ഞ സൂക്ഷ്മതയോടെ പ്രവാചക ചര്യ അനുധാവനം ചെയ്യുന്നു. അദ്ദേഹത്തെ കൃത്യതയോടെയും കണിശതയോടെയും അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നു.

ഇതൊക്കെയും സാധ്യമാക്കിയതും സാധ്യമാക്കുന്നതും പ്രവാചക ചര്യയുടെ ലഭ്യതയാണ്. വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും അത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു, സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പ്രവാചകനോടുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണം തന്നെയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (4: 80).

അതോടൊപ്പം പ്രവാചകനെ പൂര്‍ണ്ണമായും അനുസരിക്കുകയും പിന്തുടരുകയും ചെയ്യാതെ ആര്‍ക്കും യഥാര്‍ത്ഥ മുസ്‌ലിമാവുക സാധ്യമല്ല. നബിതിരുമേനിയോടുള്ള അനുസരണം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു (4:59, 3: 32, 4:65, 4:63,69).

ഇസ്‌ലാമിന്റെ രണ്ടാമത്തെ അടിസ്ഥാന പ്രമാണമായ പ്രവാചക ചര്യയുടെ പഠനവും പഠിപ്പിക്കലും എത്രമാത്രം പ്രധാനവും അനിവാര്യവുമാണെന്ന് ഇതൊക്കെയും നമ്മെ ബോധ്യപ്പെടുത്തുന്നു.

എന്നാല്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് അടുത്തകാലംവരെയും പരിശുദ്ധ ഖുര്‍ആനിനെ പോലെത്തന്നെ പ്രവാചക ചര്യയും അടുത്തറിയാന്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടിനും മലയാള വിവര്‍ത്തനങ്ങളുണ്ടായിരുന്നില്ല. അതിഗുരുതരമായ ഈ പോരായ്മക്ക് അറുതിവരുത്താന്‍ ആരംഭം കുറിച്ചത് എത്രമാത്രം മഹത്തരവും മനോഹരവുമായിരിക്കുന്നു! ആ മഹോജ്ജ്വല കൃത്യം നിര്‍വ്വഹിച്ച സമാദരണീയ വ്യക്തിത്വം വക്കം പി.മുഹമ്മദ് മൈതീനാണ്. മലയാള ഭാഷയിലും ലിപിയിലും ആദ്യമായി ഖുര്‍ആന്റെയും ഹദീസിന്റെയും പരിഭാഷകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത് അേദ്ദഹമാണ്. ഈ രംഗത്ത് മഹത്തായ മാതൃക സൃഷ്ടിച്ച ആ പണ്ഡിത ശ്രേഷ്ഠന്‍ സുമനസ്സുകളുടെയൊക്കെ ആദരവും പ്രാര്‍ത്ഥനയും അര്‍ഹിക്കുന്നു.

'ഇസ്‌ലാം മത തത്വപ്രദീപം' എന്ന ഈ ഹദീഥ് സമാഹാരത്തില്‍ മുപ്പത്തി അഞ്ചു അധ്യായങ്ങളാണുള്ളത്. ഇതിലെ വിഷയം തെരഞ്ഞെടുത്തത് ഏറെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും യുക്തി ബോധത്തോടെയുമാണ്. ഇസ്‌ലാം എന്നത് ചില ആചാരാനുഷ്ഠാനങ്ങള്‍ മാത്രമാണെന്ന ധാരണ തിരുത്താന്‍ സഹായകമാം വിധമാണ് ഉള്ളടക്കത്തിന്റെ ക്രമീകരണം. മാന്യനും ധര്‍മ്മ നിഷ്ഠനും ഉത്തമസ്വഭാവങ്ങളുടെ ഉടമയുമായ ഒരു വിശ്വാസിയെ വാര്‍ത്തെടുക്കാന്‍ സഹായകമാണ് ഇതിലെ ഹദീഥുകള്‍.ഇസ്‌ലാമും ഈമാനും എന്തെന്ന് പഠിക്കാന്‍ സഹായകമായ പ്രഥമാധ്യായത്തിന് ശേഷം ആരാധനാനുഷ്ഠാനങ്ങളെ പരിചയപ്പെടുത്തുന്നു. പിന്നീട് അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നു. തുടര്‍ന്ന് ഒരു വിശ്വാസിയില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട സദ്ഗുണങ്ങളും, കാണപ്പെടാന്‍ പാടില്ലാത്ത ദുര്‍ഗുണങ്ങളും സാമാന്യം സമഗ്രമായിത്തന്നെ മനസ്സിലാക്കാന്‍ സഹായകമായ വിഷയങ്ങള്‍ വിശദീകരിക്കുന്നു. അങ്ങനെ അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധവും, മനുഷ്യനും മനുഷ്യനും തമ്മിള്ളുള്ള ബന്ധവും സുശക്തവും സുദൃഢവുമാക്കാന്‍ സഹായകമാംവിധം വിഷയങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിരിക്കുന്നു. ഹദീഥിനെ സംബന്ധിച്ച സാമാന്യ ധാരണ ഉണ്ടാക്കാന്‍ സഹായകമായ ആമുഖവുമുണ്ട്.

ഈ ഗ്രന്ഥം വായിക്കുന്ന ആരും ഏഴര പതിറ്റാണ്ട് മുമ്പ് ഒരു മതപണ്ഡിതന്‍ തയ്യാറാക്കിയതാണ് ഇതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഏറെ പ്രയാസപ്പെടും. ഇതിന്റെ ഭാഷ അത്രയേറെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ഹദീഥിലെ പദങ്ങള്‍ക്ക് കൃത്യമായ പരിഭാഷ കണ്ടെത്തി ചേര്‍ത്തിരിക്കുന്നു. ഇപ്പോള്‍ വായിച്ചാല്‍ ലാളിത്യം കുറവാണെന്ന് തോന്നിയേക്കാമെങ്കിലും അക്കാലത്തെ ഏറ്റവും മികച്ച രചനാരീതി ഇതില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു.

ചരിത്രപരമായും ഉള്ളടക്കപരമായും വളരെ പ്രാധാന്യമുള്ള ഈ ഗ്രന്ഥം കണ്ടെത്തി പുന:പ്രസിദ്ധീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച അബ്ദുറഹ്മാന്‍ മങ്ങാട് ഏറെ പ്രശംസ അര്‍ഹിക്കുന്നു. കാലപ്രവാഹത്തില്‍ അപ്രത്യക്ഷമായ ജ്ഞാനനിധി കണ്ടെത്തി ശേഖരിച്ചുവെക്കുന്നതിലും അവ നഷ്ടമാകാതെ സംരക്ഷിക്കുന്നതിലും പുതിയ തലമുറക്ക് കൈമാറുന്നതിലും മഹത്തായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന മങ്ങാട് എല്ലാവരുടെയും പ്രോത്സാഹനവും പ്രാര്‍ത്ഥനയും അര്‍ഹിക്കുന്നു. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍