പുഞ്ചിരിയും കണ്ണീരും
പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞ മനസ്സിന്റെ അടയാളമാണ്. മനസ്സില്‍ തുളുമ്പുന്ന ആനന്ദവും സന്തോഷവും ചിരിയായി പുറത്തുവരുന്നു. നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയില്‍ നിന്നേ ഹൃദ്യമായ പുഞ്ചിരി വിടര്‍ന്നുവരൂ.
അത് മാന്യതയുടെ ഒരു ശരീര ഭാഷയാണ്. ഒരാളുടെ നന്മ നിറഞ്ഞ മനസ്സിന്റെയും ഹൃദയനൈര്‍മല്യത്തിന്റെയും പ്രതിഫലനം. പ്രസന്നമായ മുഖം തെളിഞ്ഞ ആകാശം പോലെയാണ്. എല്ലാവര്‍ക്കും ചിരിക്കാന്‍ കഴിയുകയില്ല, മനസ്സുമായി ഒത്തുചേര്‍ന്നാലല്ലാതെ. മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോള്‍ പുഞ്ചിരിക്കുന്നത് പുണ്യമാണെന്ന് നബി(സ) പഠിപ്പിച്ചു. പുഞ്ചിരിച്ചു കൊണ്ടേ അദ്ദേഹം ജനങ്ങളെ അഭിമുഖീകരിച്ചിരുന്നുളളൂ. സഹോദരങ്ങളെ കാണുമ്പോള്‍ പുഞ്ചിരിക്കുന്ന ഒരു മനുഷ്യന്‍ എത്ര നന്മയാണ് വാരി വിതറുന്നതും വാരിക്കൂട്ടുന്നതും. സ്‌നേഹപ്രകടനത്തിന്റെ കവാടമാണ് പുഞ്ചിരി. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്; മനസ്സില്‍ ഒളിപ്പിച്ചുവെക്കാനുള്ളതല്ല. പല രീതിയിലും സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയും. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ബലിഷ്ഠമായ കയറാണ് പുഞ്ചിരി. മുതല്‍മുടക്കില്ലാതെ ഏതൊരാള്‍ക്കും നല്‍കാന്‍ കഴിയുന്ന അമൂല്യമായൊരു സമ്മാനം. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രസരിച്ച് ചുണ്ടിലൂടെ മനസ്സില്‍ നിന്ന് മനസ്സിലേക്ക് നീളുന്ന സൗഹൃദങ്ങള്‍ക്ക് അത് കാരണമായിത്തീരുന്നു.
പാല്‍പുഞ്ചിരി തൂകുന്ന കുഞ്ഞിനെ ആരാണിഷ്ടപ്പെടാത്തത്! ആരും പഠിപ്പിച്ചു കൊടുക്കാതെ അവന്റെ മുഖത്ത് ദൃശ്യമാകുന്ന നിഷ്‌കളങ്കമായ പുഞ്ചിരി മഴവില്ലിനെക്കാള്‍ മനോഹരമാണ്. അവനെ ഒന്ന് ഓമനിക്കാന്‍, ഒരു മുത്തം കൊടുക്കാന്‍ കൊതിക്കാത്ത മനസ്സ് എത്ര കഠിനമാണ്!
മനസ്സില്‍ തളംകെട്ടി നില്‍ക്കുന്ന ദുഃഖങ്ങളെ ലഘൂകരിക്കാന്‍ പുഞ്ചിരിക്ക് കഴിയും. ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ പുഞ്ചിരി കൊടുക്കുന്നവന്റെയും സ്വീകരിക്കുന്നവന്റെയും മനസ്സില്‍ നിന്ന് മാഞ്ഞുപോകും. വിശാലമായ ചക്രവാളത്തിലെ മിന്നല്‍ പിണര്‍ പോലെ, വിശാലമായ മനസ്സില്‍ നിന്നേ പുഞ്ചിരി വിടരൂ.
ചിരിയിലൂടെ നഷ്ടപ്പെടാനൊന്നുമില്ല, നേടാന്‍ പലതുമുണ്ടുതാനും. മാനസികമായ പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസം പകരാന്‍ മറ്റൊരു മരുന്നില്ല. ചിരിമത്സരങ്ങളും ചിരി ക്ലബ്ബുകളും ചിരി പരിശീലന കൂട്ടായ്മകളും പൊട്ടിമുളയ്ക്കുന്നത് അതുകൊണ്ടാണ്. ഹൃദ്രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഹൃദ്രോഗ വിദഗ്ധര്‍ വളരെയേറെ പ്രോത്സാഹിപ്പിക്കുന്ന ദിവ്യ ഔഷധങ്ങളില്‍ ഒന്നായിരിക്കുന്നു ചിരി.
പിണക്കവും ശത്രുതയും കാരണം മനസ്സ് കലുഷമാവുമ്പോള്‍, എതിരെ വരുന്ന തന്റെ വിരോധിയായ സഹോദരന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് കൈപിടിച്ചു കുലുക്കിയാല്‍ തീരാവുന്നവയാണ് പല പിണക്കങ്ങളും. പിഞ്ചു കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്ന അധ്യാപകന്‍ ക്ലാസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു കെട്ട് പുഞ്ചിരിയും കൂടി കൈയിലെടുക്കണമെന്നാണ് ആധുനിക ബോധനശാസ്ത്രം ഉപദേശിക്കുന്നത്. സദസ്സിനെ ചിരിപ്പിച്ച് കൈയിലെടുക്കാന്‍ കഴിഞ്ഞാല്‍ മറക്കാനാവാത്ത അനുഭവമായി അതവരുടെ മനസ്സില്‍ നിലനില്‍ക്കും. നിയമപാലകര്‍ക്കും ന്യായാധിപന്മാര്‍ക്കും ഇത്തരം പരിശീലനങ്ങള്‍ കൂടിയേ തീരൂ.
ചിരി, പൊട്ടിച്ചിരി, കണ്ണിറുക്കി ചിരി ഇങ്ങനെ ചിരികള്‍ ഏതെല്ലാം തരം! നല്ല ഒരു തമാശ കേട്ടാല്‍ മസിലു പിടിച്ചിരിക്കുന്നവന്‍ കഠിന ഹൃദയന്‍. ഒരു ചിരിയില്‍ എല്ലാം മറക്കുന്നവന്‍ സഹൃദയന്‍. പുഞ്ചിരി കിട്ടുമ്പോള്‍ ഹൃദയം തുടിക്കണം. തിരിച്ചു സമ്മാനിക്കുമ്പോള്‍ അവന്റെ ഹൃദയം കീഴടക്കാന്‍ കഴിയണം. പടലപ്പിണക്കങ്ങള്‍ പെയ്‌തൊഴിഞ്ഞ് എല്ലാ ദുഃഖങ്ങളും വൈരാഗ്യങ്ങളും ഉരുകിയൊലിച്ച് രണ്ടിറ്റു കണ്ണീര്‍ കണങ്ങളായി ഭൂമിയില്‍ പതിക്കുമ്പോള്‍ സ്രഷ്ടാവ് ഇരുവരുടെയും പാപങ്ങളെ വേനലില്‍ മരം ഇല പൊഴിക്കും പോലെ പൊഴിച്ചുകളയുമെന്ന് നബിവചനങ്ങളില്‍ കാണാം. സമ്പുഷ്ടമായ ചിരി കുളിരാണ്, ഉത്കര്‍ഷമാണ്.
Comments