Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 16

ഹിജ്‌റയിലെ ആത്മസുഹൃത്ത്

അബൂഹസന കുന്ദമംഗലം /ലേഖനം

''താങ്കള്‍ക്ക് ഒരു നല്ല കൂട്ടുകാരനെ കിട്ടുന്നത് വരെ കാത്തിരുന്നു കൂടേ, അബൂബക്ര്‍?''

കൂട്ടൂകാരെല്ലാം മദീനയിലേക്ക് പലായനം തുടങ്ങിക്കഴിഞ്ഞു. ഖുറൈശികളാണെങ്കില്‍ ആകെ അങ്കലാപ്പിലാണ്; അത്യന്തം കോപാകുലരും. ഒളിഞ്ഞും മറിഞ്ഞും വിശ്വാസികള്‍ മക്ക വിട്ടുകൊണ്ടിരിക്കുന്നു. ഇവര്‍ ചെന്നെത്തുന്ന നാട്ടില്‍ പുത്തന്‍ മതം പ്രചരിക്കുന്ന പക്ഷം തങ്ങളുടെ അവസ്ഥ എന്തായിരിക്കും! ആരെയും പിടികൂടാനും കഴിയുന്നില്ല. ഈ അവസ്ഥ സൃഷ്ടിച്ച നിരാശാബോധം ഖുറൈശികളെ ഭ്രാന്തരാക്കിയിരുന്നു. കൈയില്‍ കിട്ടേണ്ട താമസമേയുളളൂ, അവര്‍ തന്നെ വകവരുത്താന്‍. ഈ സാഹചര്യത്തില്‍ തനിക്കും ഹിജ്‌റക്കുള്ള അനുമതി തരണമെന്ന് അബൂബക്ര്‍ (റ) അഭ്യര്‍ഥിച്ച വേളയിലായിരുന്നു നബി(സ)യുടെ സാന്ത്വനവും  സന്തോഷവും സ്ഫുരിക്കുന്ന ഈ മറുപടി. 

ദൈവ ദൂതനെ കൂട്ടുകാരനായി കിട്ടുക! അതേക്കാള്‍ മഹത്തായ ഭാഗ്യം മറ്റെന്തുണ്ട്! മറ്റൊരു പ്രവാചകാനുചരനും ലഭിക്കാത്ത സൗഭാഗ്യം. അബൂബക്‌റിന് അത്യധികം സന്തോഷമായി. മുഹമ്മദ് പണ്ടേ തന്റെ ഉറ്റ സുഹൃത്താണല്ലോ. അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചതില്‍ പിന്നെ ഈ ബന്ധം പൂര്‍വോപരി അഗാധവും ദൃഢവും ഊഷ്മളവുമായി. സന്തോഷവേളകളിലെന്ന പോലെ പ്രവാചകന്‍ അഭിമുഖീകരിച്ച സകല വിഷമതകളിലും പരീക്ഷണങ്ങളിലും അദ്ദേഹത്തോടൊപ്പം ഒരു നിഴലായി താന്‍ ചേര്‍ന്ന് നിന്നിട്ടുള്ളതാണല്ലോ!

ഹിജ്‌റക്കുള്ള അല്ലാഹുവിന്റെ അനുമതി കാത്തു കഴിയുകയാണ് പ്രവാചകന്‍ എന്ന് അബൂബക്‌റിനറിയാം. അനുമതിയായാലുടനെ അദ്ദേഹം പുറപ്പെടും. ഹിജ്‌റ വേളയില്‍ തന്നോടൊപ്പമുണ്ടായിരിക്കുമെന്ന് പ്രവാചകന്‍ സൂചന നല്‍കിയ കൂട്ടുകാരന്‍ താന്‍ തന്നെയാവുമെന്ന് അബൂബക്ര്‍ പ്രത്യാശിച്ചു. സഹയാത്രികന്‍ എന്ന നിലക്കും ആത്മസുഹൃത്ത് എന്ന നിലക്കും പ്രവാചകന്റെ ഇനിയങ്ങോട്ടുള്ള സുരക്ഷയുടെ ഉത്തരവാദിത്തവും തന്നിലര്‍പ്പിതമാണെന്ന ബോധ്യം അബൂബക്ര്‍ ദൃഢമാക്കി. അതിനാല്‍ത്തന്നെ മനുഷ്യസാധ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും സുരക്ഷാപദ്ധതികളാവിഷ്‌കരിക്കാനും അദ്ദേഹം ഏറെ ഉല്‍സുകനായി. പ്രഥമ പടിയായി രണ്ട് ഒട്ടകങ്ങളെ പ്രത്യേകമായി വാങ്ങി വെള്ളവും ആഹാരവും നല്‍കി നന്നായി വളര്‍ത്തിത്തുടങ്ങി. 

* * *

പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റു പുറത്തു വരുന്ന വേളയില്‍ തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ വാളുമായി പുറത്ത് തക്കം പാര്‍ത്തു കഴിയുന്ന ഒരു ഡസന്‍ പേരുടെയും കണ്ണില്‍ അക്ഷരാര്‍ഥത്തില്‍ പൊടിയിട്ട്, അത്യസാധാരണ ധൈര്യശാലിയായ ദൈവദൂതന്‍ രാത്രിയില്‍ അബൂബക്‌റിന്റെ വസതിയിലെത്തി, ഹിജ്‌റക്ക് അനുമതി ലഭിച്ച വിവരം ധരിപ്പിച്ചു. 

''അങ്ങയെ അനുഗമിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടാകില്ലേ, പ്രവാചകരേ?'' അബൂബക്ര്‍ ആരാഞ്ഞു.

പ്രവാചകന്‍: അതെ, അബൂബക്ര്‍.

അബൂബക്ര്‍: എങ്കില്‍ ഇതാ രണ്ടൊട്ടകങ്ങള്‍. അതിലൊന്ന് അങ്ങേക്കുള്ളതാണ്. 

പ്രവാചകന്‍: അങ്ങനെയെങ്കില്‍ ഞാനത് വിലയ്ക്ക് വാങ്ങുന്നതില്‍ താങ്കള്‍ക്ക് വിരോധമില്ലല്ലോ?

അബൂബക്ര്‍: ഇല്ല പ്രവാചകരേ!

പ്രവാചകന്‍: താങ്കള്‍ വാങ്ങിയ അതേ വിലയ്ക്ക് തന്നെ ഞാനിതെടുത്തുകൊള്ളാം. 

പ്രവാചകന്‍ ആ ഒട്ടകങ്ങളിലൊന്ന് വിലയ്ക്ക് വാങ്ങി. 

ഇനിയൊട്ടും സമയം കളയാനില്ല. ശത്രുക്കളുടെ കണ്ണില്‍ പെടാതെ വേണം മക്ക വിടാന്‍. ഖുറൈശികള്‍ ഏതു വിധേനയും പിന്തുടര്‍ന്നു പിടികൂടുമെന്നതിനാല്‍ അപരിചിത മാര്‍ഗേണയായിരിക്കും യസ്‌രിബിലേക്കുളള പ്രയാണമെന്നും ഇതിന്റെ ഒന്നാം ഘട്ടം മക്കയുടെ തെക്കുഭാഗത്തുള്ള വഴിയിലൂടെയായിരിക്കുമെന്നും പ്രവാചകന്‍ അബൂബക്‌റിന് സൂചന നല്‍കി.  

പ്രവാചകനോടൊപ്പമാണ് തന്റെ യാത്ര. അദ്ദേഹത്തിന് ഒരപകടവും പറ്റാതെ നോക്കണം. അത് തന്റെ ബാധ്യതയാണ്. അബൂബക്ര്‍ തന്റെ മകന്‍ അബ്ദുല്ലയെ ഗൗരവമേറിയ ഒരു ചുമതല ഏല്‍പിച്ചു: ''പകല്‍ മുഴുവന്‍ മക്കയിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുക, ശത്രുക്കളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുക, വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കുക, രാത്രിയില്‍ അത് തനിക്കും നബിക്കും സൗര്‍ ഗുഹയില്‍ എത്തിച്ചുതരിക.''

തുടര്‍ന്ന് അദ്ദേഹം നേരത്തേ താന്‍ മോചിപ്പിച്ച വിശ്വസ്തനായ അടിമ ആമിറുബ്‌നു ഫുഹൈറയെ വിളിച്ചു വരുത്തി പറഞ്ഞു: ''പകല്‍ സാധാരണ പോലെ കാലികളെ മേയ്ച്ച് നടക്കുക. അതിനിടയില്‍ ഖുറൈശികളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും വേണം. രാത്രിയായാല്‍ തനിക്കും പ്രവാചകനുമുള്ള മാംസവും പാലുമായി ഞങ്ങള്‍ ഒളിച്ചുപാര്‍ക്കുന്നിടത്ത് വരണം.'' 

അപ്പോള്‍ അബൂബക്‌റിന്റെ പുത്രിമാരായ ആഇശയും അസ്മാഉം നബിക്കും പിതാവിനുമുള്ള പാഥേയങ്ങളൊരുക്കുന്നതില്‍ വ്യാപൃതരായിരുന്നു. 

*  *  *

യസ്‌രിബിലേക്കുള്ള ചരിത്രപ്രസിദ്ധമായ പ്രയാണത്തിന് ആരംഭം കുറിക്കുകയാണ്. പിറന്ന നാടിനോട് വിട പറയുകയാണ്. വിട വാങ്ങലിന്റെ ഹൃദയ നൊമ്പരങ്ങള്‍ പ്രവാചകനില്‍ നിന്ന് വാക്കുകളായി അണപൊട്ടിയപ്പോള്‍ അത് അബൂബക്‌റിനെയും വികാര തരളിതനാക്കി: 

''പ്രിയപ്പെട്ട മക്കാ പട്ടണമേ, അല്ലാഹുവാണ സത്യം, അവന്റെ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്. അല്ലാഹുവിന് അവന്റെ ഭൂമിയില്‍ ഏറ്റവും പ്രിയപ്പെട്ട നാടും നീ തന്നെ. നിന്റെയാളുകള്‍ എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും നിന്നെ വിട്ടു പോകുമായിരുന്നില്ല.''

കരിമ്പടം പുതച്ച രാത്രിയുടെ നിശ്ശബ്ദതയില്‍ ആരുടെയും കണ്ണില്‍ പെടാതെ ഇരുവരും യാത്ര തുടങ്ങി. യാത്രയില്‍ അബൂബക്ര്‍ ചിലപ്പോള്‍ നബിയുടെ മുന്നില്‍ നടക്കും. ചിലപ്പോള്‍ പിന്നിലേക്ക് മാറും. നബി കാരണമന്വേഷിച്ചു. അബൂബക്ര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, ആരെങ്കിലും പിന്നില്‍ നിന്ന് അങ്ങയെ ആക്രമിക്കുമോ എന്ന ആശങ്ക തോന്നുമ്പോള്‍ ഞാന്‍ പിന്നില്‍ നടക്കുന്നു. മുന്നില്‍ നിന്നാണ് ആക്രമണമുണ്ടാവുകയെന്ന് ശങ്കിക്കുമ്പോള്‍ മുന്നിലേക്ക് വരുന്നു.'' 

പ്രവാചകന്‍ ചോദിച്ചു: ''അത് എന്നെ ബാധിക്കുന്നതിനുപകരം താങ്കളെത്തന്നെ ബാധിച്ചുകൊള്ളട്ടെ എന്ന് താങ്കള്‍ കരുതി അല്ലേ? ''

''ശരിയാണ് പ്രവാചകരേ!'' അബൂബക്ര്‍ പറഞ്ഞു. 

ഇരുവരും സൗര്‍ ഗുഹയുടെ സമീപമെത്തി. ഇനി രണ്ടു ദിവസം ഈ ഗുഹയാണ് ഇരുവരുടെയും പാര്‍പ്പിടം. അബൂബക്ര്‍ പറഞ്ഞു: ''പ്രവാചകരേ, ഞാനാദ്യം ഗുഹയ്ക്കകത്ത് കയറി ആകെയൊന്നു പരിശോധിക്കട്ടെ. അത് വരെ അല്‍പ നേരം അങ്ങ് പുറത്ത് നിന്നാലും.'' 

യാതൊരു മുന്‍പരിചയവുമില്ലാത്ത ആ ഗുഹയില്‍ അബൂബക്ര്‍ (റ) കടന്നു. ചുറ്റുപാടും കണ്ണുകള്‍ പായിച്ചു. ധാരാളം മാളങ്ങളുണ്ട്. അതില്‍ വിഷ ജീവികളുണ്ടാകാം. അദ്ദേഹം മറ്റൊന്നും നോക്കിയില്ല. തന്റെ വസ്ത്രം വലിച്ചു കീറി കഷ്ണങ്ങളാക്കി. ആ തുണിക്കഷ്ണങ്ങള്‍ ചുരുട്ടി കടത്തി ഓരോ മാളവും അടക്കാന്‍ തുടങ്ങി. ഇനി വസ്ത്രത്തില്‍ നിന്ന് കൂടുതലായൊന്നും കീറിയെടുക്കാനാവില്ല എന്ന നില വന്നു. 

അബൂബക്ര്‍ പുറത്തിറങ്ങി വന്നു പ്രവാചകനെ ഗുഹയ്ക്കുള്ളിലേക്കാനയിച്ചു. എന്നിട്ട് താരതമ്യേന സുരക്ഷിതമായ ഒരിടത്ത് അദ്ദേഹത്തെ ഇരുത്തി. അവിടെയും അടയ്ക്കാന്‍ ഒരു മാളമുണ്ടായിരുന്നു. മാളത്തിന്റെ വായ്‌വട്ടം തന്റെ കാലിന്റെ മടമ്പ് കൊണ്ട് അബൂബക്ര്‍ (റ) അടച്ചുപിടിച്ചു. താന്‍ ജീവനില്‍ ജീവനായി സ്‌നേഹിക്കുന്ന പ്രവാചകന് അപകടമൊന്നും സംഭവിക്കരുത്. അതുമാത്രമായിരുന്നു ചിന്ത. 

പ്രവാചകന്‍ (സ) എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു: ''അബൂബക്ര്‍, താങ്കളുടെ വസ്ത്രമെവിടെ?'' 

അബൂബക്ര്‍ (റ) കാര്യങ്ങള്‍ വിശദീകരിച്ചു. ഉറ്റതോഴന്റെ ഈ അര്‍പ്പണമനോഭാവവും സ്‌നേഹാതിരേകവും, തന്റെ സുരക്ഷയുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അതീവ ശ്രദ്ധയും ജാഗ്രതയും പ്രവാചകനെ അത്യധികം സന്തോഷിപ്പിക്കുകയും വികാരാധീനനാക്കുകയും ചെയ്തു. ഇരു കരങ്ങളുമുയര്‍ത്തി പ്രവാചകന്‍ പ്രാര്‍ഥിച്ചു: ''നാഥാ, സ്വര്‍ഗത്തിലും അബൂബക്ര്‍ എന്നോടൊപ്പം തന്നെ ഉണ്ടാകാന്‍ നീ അനുഗ്രഹിക്കേണമേ!'' 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /1-3
എ.വൈ.ആര്‍