Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ശരീഅത്തിലെ 'സുന്നത്തും' ഫിഖ്ഹിലെ 'സുന്നത്തും'

വി.പി അബൂബക്കര്‍, കരിങ്കല്ലത്താണി /കുറിപ്പ്

         ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തുമാണ്. അല്ലാഹുവിന്റെ കല്‍പനകളും നിരോധങ്ങളും സാമ്പത്തിക സാമൂഹിക സാംസ്‌കാരിക നിയമങ്ങളും മറ്റു വൈവിധ്യമാര്‍ന്ന വിജ്ഞാനീയങ്ങളുമാണ് ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത്. ഈ നിയമ വ്യവസ്ഥയുടെ ജീവിക്കുന്ന, ചലിക്കുന്ന മാതൃകകളായിരുന്നു നബിയും സഖാക്കളും. ഇതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറ. ഇതിനെ നാം 'സുന്നത്ത്' അഥവാ നബിചര്യ എന്നുവിളിക്കുന്നു.

കേരള മുസ്‌ലിംകള്‍ പൊതുവെ ശാഫീ ഫിഖ്ഹ് പിന്‍പറ്റുന്നവരാണ്. ഫിഖ്ഹില്‍ നമസ്‌കാരാദി ഇബാദത്തുകളുടെ (ആരാധനകളുടെ) പ്രാവര്‍ത്തിക രൂപം/ആകാരം മാത്രമാണ് ഇത് (ഫിഖ്ഹ്) ഉള്‍ക്കൊള്ളുന്നത്. പ്രവര്‍ത്തിക്കുന്നതും ഉരുവിടുന്നതുമായ നിര്‍ബന്ധകാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം 'സുന്നത്താ'ണ്. ഈ സുന്നത്തിന്റെ നിര്‍വചനം 'ചെയ്താല്‍ പ്രതിഫലമുള്ളതും ഒഴിവാക്കിയാല്‍ കുറ്റമില്ലാത്തതുമായ കാര്യങ്ങള്‍' എന്നാണ്.

ഖുര്‍ആനും സുന്നത്തും ഈയിനത്തില്‍ പെടുകയില്ല. നബിയുടെ ജീവിതത്തെ/ചര്യയെ ഏറ്റക്കുറവില്ലാതെ അതേപടി പിന്തുടരുന്നതാണ് യഥാര്‍ഥ സുന്നത്ത്. അത് നിര്‍ബന്ധമായും അതേ രൂപത്തിലും ഭാവത്തിലും അനുഷ്ഠിക്കല്‍ മുസ്‌ലിമിന്റെ നിര്‍ബന്ധ കടമയാണ്. ഈ സുന്നത്തിനെ പണ്ഡിതര്‍ ആദിയ്യ് (ഉര്‍ഫ്, നാട്ടുനടപ്പ്), ഇബാദിയ്യ് (ആരാധനാപരം) എന്നിങ്ങനെ ഇനം തിരിച്ചിട്ടുണ്ട്. നാട്ടുനടപ്പ് ഇതില്‍ പെടുകയില്ലെന്നാണ് പണ്ഡിതമതം. ഭക്ഷണരീതി, വസ്ത്രധാരണം മുതലായവ ഉദാഹരണം. എങ്കിലും ഒരു മുസ്‌ലിം നബിചര്യയുടെ ഭാഗം എന്ന നിലയില്‍ നബി വസ്ത്രം ധരിച്ചതുപോലെ ധരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താല്‍ പ്രതിഫലാര്‍ഹമാണ്. എന്നാല്‍ ഇബാദത്തുകള്‍ നബി ചെയ്തതുപോലെ അതേ രൂപത്തിലും/ഭാവത്തിലും മാത്രമേ ചെയ്യാവൂ. വ്യത്യാസം വന്നാല്‍ അത് ബിദ്അത്തും (നവനിര്‍മിതം) കുറ്റകരവുമായിത്തീരും. ഫിഖ്ഹിലെ സുന്നത്തിന്റെ അര്‍ഥത്തിലും രൂപത്തിലും നബിചര്യയെ മനസ്സിലാക്കിയാല്‍ ഖുര്‍ആന്റെയും ശരീഅത്തിന്റെയും മുന്‍ഗണനാക്രമം തെറ്റുകയും ഇസ്‌ലാമിന്റെ സത്തയെ/ആത്മാവിനെ അത് ചോര്‍ത്തിക്കളഞ്ഞ് ജഡമാക്കിത്തീര്‍ക്കുകയും ചെയ്യും.

വിശന്നുവലഞ്ഞവനും അഗതിയും അനാഥയും ഭക്ഷണം ചോദിച്ചുവന്നാല്‍ കൈവശം ഒന്നുമില്ലെങ്കിലും വെറും കൈയോടെ മടക്കി അയക്കാന്‍ പാടില്ലെന്നും, സ്വന്തം കൈവശമില്ലാത്തവന്‍ ഉള്ളവരില്‍ നിന്ന് വാങ്ങിക്കൊടുക്കണമെന്നും ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. ''പാരത്രിക രക്ഷാശിക്ഷകളെ തള്ളിപ്പറയുന്ന മനുഷ്യനെ നീ കണ്ടിട്ടുണ്ടോ? അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്‍'' (107: 1-3). ഇവിടെ അഗതിക്ക് ആഹാരം കൊടുക്കാത്തവന്‍ എന്നല്ല അല്ലാഹു പറഞ്ഞത്. അഗതിക്ക് ആഹാരം കൊടുക്കാന്‍ 'പ്രേരിപ്പിക്കാത്തവന്‍' എന്നാണ്. അത് ഓരോ മുസ്‌ലിമിന്റെയും വ്യക്തി ബാധ്യതയും നിര്‍ബന്ധ ഉത്തരവാദിത്തവുമായിട്ടാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് എന്നര്‍ഥം. ഇത്തരം പ്രശ്‌നങ്ങളെ ഇബാദത്തുകളിലെ സുന്നത്തുപോലെ മനസ്സിലാക്കിയാല്‍ ദൈവിക കല്‍പനകളെ ധിക്കരിക്കലായിത്തീരും. ഇത് ഒരു  മുസ്‌ലിമിന് ചിന്തിക്കാന്‍ പോലുമാകില്ലല്ലോ. നബിചര്യയിലും ഇതുപോലുള്ള ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താനാവും.

കേരളീയ മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും എല്ലാ അവാന്തര വിഭാഗങ്ങളില്‍ പെട്ടവരും പൊതുവെ നബിചര്യയെയും ഫിഖ്ഹിലെ സുന്നത്തിനെയും ഒരേ രൂപത്തിലുള്ള സുന്നത്തായിട്ടാണ് മനസ്സിലാക്കുന്നത്. ഇവ രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട് എന്ന വസ്തുത അവര്‍ മനസ്സിലാക്കുന്നില്ല. ഇതിന്റെ ഗൗരവവും പ്രാധാന്യവും കണക്കിലെടുത്ത് 'ഉലമാക്കളും' 'ഉമറാക്കളും' മുസ്‌ലിം സമൂഹത്തില്‍ നിരന്തരമായ ബോധവത്കരണം നടത്തണം. കൂടാതെ ഈ കാര്യം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനും ശ്രമിക്കണം. അല്ലാത്തപക്ഷം കാലാന്തരത്തില്‍ രണ്ടു സുന്നത്തുകളും പൊതുജനങ്ങളില്‍ പ്രാധാന്യത്തിലും രൂപത്തിലും തുല്യമായിത്തീരും. ഇത് മുസ്‌ലിം സമൂഹത്തെ ജീവനില്ലാത്ത ജഡമാക്കിത്തീര്‍ക്കും. ഫിഖ്ഹില്‍ കടും പിടുത്തക്കാരായ കേരളീയര്‍ക്കിടയില്‍ ഇതൊട്ടും അസംഭവ്യവുമല്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍