Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ) ധനാഢ്യര്‍ക്കൊരു മാതൃകാ സ്വഹാബി

ഖാലിദ് മുഹമ്മദ് ഖാലിദ് /വ്യക്തിചിത്രം

         ഇസ്‌ലാം സ്വീകരിച്ച ആദ്യ എട്ടു പേരില്‍ ഒരാള്‍. പ്രവാചകന്‍ രഹസ്യ പ്രബോധനത്തിനു വേണ്ടി ദാറുല്‍ അര്‍ഖം തെരഞ്ഞെടുക്കുന്നതിനു മുമ്പേ ഇസ്‌ലാം സ്വീകരിച്ച പ്രമുഖന്‍. ആദ്യമായി ഇസ്‌ലാം സ്വീകരിച്ച അബൂബക്കര്‍ (റ) വഴി നിരവധി പ്രമുഖര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനു പുറമെ, ഉസ്മാനുബ്‌നു അഫ്ഫാന്‍, ബിലാലുബ്‌നു റബാഹ്, ത്വല്‍ഹതുബ്‌നു ഉബൈദില്ല, സഅ്ദുബ്‌നു അബീ വഖാസ്, സുബൈര്‍ ബ്‌നുല്‍ അവ്വാം(റ) തുടങ്ങിയവരാണവര്‍. 

ഇസ്‌ലാം സ്വീകരിച്ച നാള്‍ മുതല്‍ 75-ാം വയസ്സില്‍ മരണപ്പെടുന്നതു വരേക്കും ആദര്‍ശത്തിന്റെ ഉജ്ജ്വലമാതൃക തീര്‍ത്ത ജീവിതമായിരുന്നു അബ്ദുര്‍റഹ്മാന്റേത്. നബി (സ) സ്വര്‍ഗം വാഗ്ദാനം ചെയ്തവരില്‍ അദ്ദേഹവുമുണ്ട്. ഉമറി(റ)ന്റെ അവസാന കാലത്ത് തനിക്ക് ശേഷം ഖലീഫയെ തെരഞ്ഞെടുക്കാന്‍ നിശ്ചയിച്ച ആറു പേരടങ്ങുന്ന ശൂറയില്‍ ഒരാളായി അബ്ദുര്‍റഹ്മാനുബ്‌നു ഔഫുമുണ്ടായിരുന്നു. 

ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖുറൈശികളില്‍ നിന്ന് വിശ്വാസത്തിന്റെ പേരില്‍ പീഡനമേറ്റവരുടെ കൂട്ടത്തില്‍ ഇബ്‌നു ഔഫുമുണ്ടായിരുന്നു. അബ്‌സീനിയയിലേക്കു പലായനം ചെയ്തവരോടൊപ്പം അദ്ദേഹം ഉണ്ടായിരുന്നു. എന്നാല്‍ മക്കയിലേക്കു അധികം വൈകാതെ തിരികെയെത്തിയ അദ്ദേഹം വീണ്ടും അബ്‌സീനിയിലേക്കു പലായനം ചെയ്യുകയും അവിടെനിന്ന് നേരെ മദീനയിലേക്ക് വരികയുമായിരുന്നു. അങ്ങനെ പ്രവാചകന്റെ കാലത്തെ മൂന്ന് പലായനങ്ങളിലും അദ്ദേഹം പങ്കാളിയായി. 

മുഹാജിറുകള്‍ സമ്പത്തും പണവും വിട്ടെറിഞ്ഞ് ശൂന്യഹസ്തരായാണ് മക്ക വിട്ടത്. ശത്രുക്കള്‍ ജീവിക്കാന്‍ അനുവദിക്കാത്തതിനാല്‍ എല്ലാം വിട്ടെറിഞ്ഞ് പോരേണ്ടി വന്നവരായിരുന്നുവല്ലോ അവര്‍. അന്‍സ്വാരികള്‍ എന്തും നല്‍കി സഹായിക്കാന്‍ തയ്യാറായിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ സഹായ സന്നദ്ധതയാണല്ലോ അവരെ അന്‍സ്വാറുകള്‍ എന്ന പേരില്‍ വിശ്വവിഖ്യാതരാക്കിയത്. മദീനയിലെ സഅദ്ബ്‌നു റബീഅ് എന്ന സമ്പന്നനാണ് ഇബ്‌നു ഔഫിനെ സ്വീകരിച്ചത്. തന്റെ സമ്പത്തിന്റെ പകുതി ആ ധര്‍മിഷ്ഠന്‍ ഇബ്‌നു ഔഫിന് നല്‍കാമെന്നേറ്റു. റബീഇന്റെ വാക്കുകള്‍ ചരിത്രത്തില്‍ വിഖ്യാതമാണ്. ''സഹോദരാ, യസ്‌രിബിലെ സമ്പന്നനാണ് ഞാന്‍. എന്റെ സമ്പത്തിന്റെ പകുതി എടുത്താലും. എന്റെ രണ്ടു ഭാര്യമാരില്‍ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട ഒരുവളെ സ്വന്തമാക്കാം. അതിനായി ഞാനവളെ വിവാഹമോചനം ചെയ്യാം''. 

''സഹോദരാ താങ്കളുടെ ഉദാര മനസ്സിന് നന്ദി. അല്ലാഹു താങ്കള്‍ക്കും കുടുംബത്തിനും സ്വത്തുധനാദികള്‍ക്കും മേല്‍ അനുഗ്രഹം ചൊരിയട്ടെ. താങ്കളെനിക്ക് യസ്‌രിബിലെ ചന്തയിലേക്കുള്ള വഴി പറഞ്ഞുതന്നാല്‍ മാത്രം മതി.'' 

വെണ്ണയും പാല്‍ക്കട്ടിയും വില്‍ക്കാന്‍ തുടങ്ങിയ ഇബ്‌നു ഔഫിന് കച്ചവടം അഭിവൃദ്ധിപ്പെടുത്താന്‍ ഏറെ നാളുകള്‍ വേണ്ടി വന്നില്ല. അന്‍സ്വാരികളില്‍പെട്ട ഒരു യുവതിയെ വിവാഹം ചെയ്ത ഇബ്‌നു ഔഫ് കച്ചവടത്തിലൂടെ വന്‍ ലാഭമുണ്ടാക്കി. ഏറെ താമസിയാതെ ഈജിപ്തിലേക്കും സിറിയയിലേക്കും അദ്ദേഹം കച്ചവട സംഘങ്ങളെ അയക്കാന്‍ തുടങ്ങി. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ നാനാ ഭാഗങ്ങളിലേക്കും ഇബ്‌നു ഔഫിന്റെ കച്ചവട സംഘങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളും വസ്ത്രങ്ങളും കച്ചവടം ചെയ്തു. ഇത് ഇബ്‌നു ഔഫിനെ അളവറ്റ സമ്പത്തിന്റെ ഉടമയാക്കി. 

ഒരിക്കല്‍ നബി (സ) ഇബ്‌നുഔഫിനെ വിളിച്ചു പറഞ്ഞു: ''അല്ലയോ ഇബ്‌നു ഔഫ്, താങ്കള്‍ വലിയ ധനികനായിരിക്കുന്നു. താങ്കള്‍ സ്വര്‍ഗത്തില്‍ വളരെ കഷ്ടപ്പെട്ട് നിരങ്ങി നീങ്ങിയേ പ്രവേശിക്കൂ. അതിനാല്‍  പാദങ്ങള്‍ സ്വതന്ത്രമാക്കാന്‍ താങ്കള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധനം വ്യയംചെയ്യുക.'' നബിയുടെ ഈ ഉപദേശം കേട്ട നാള്‍ മുതല്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ദൈവിക സരണിയില്‍ പണം ചെലവഴിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവ്യയത്തിനു അല്‍പം പോലും വൈമനസ്യമില്ലാതിരുന്ന ഇബ്‌നു ഔഫിന് അല്ലാഹു പതിന്‍മടങ്ങ് സമ്പത്ത് വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ ഉദാരതയെ കുറിച്ച് മദീനയിലെ ജനങ്ങള്‍ പറഞ്ഞത് 'മദീനാവാസികള്‍ ഇബ്‌നു ഔഫിന്റെ സമ്പത്തില്‍ പങ്കാളികളാണ്' എന്നാണ്.

ശരീരം കൊണ്ടും ധനം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ എന്ന, വിശുദ്ധ ഖുര്‍ആന്റെ വിശേഷണത്തിന്റെ ഉത്തമോദാഹരണമായിരുന്നു ഇബ്‌നു ഔഫ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമ്പത്തു ചെലവഴിക്കുക മാത്രമല്ല, ശരീരം കൊണ്ട് അദ്ദേഹം പോരാടുകയും ചെയ്തു. ബദ്‌റിലും ഉഹുദിലും അദ്ദേഹം മുന്നണിപ്പോരാളിയായിരുന്നു. ഉഹുദില്‍ അദ്ദേഹത്തിന് ഇരുപതോളം മുറിവുകളേറ്റു. അദ്ദേഹത്തിന്റെ ഇടതു കാലിനേറ്റ വലിയ ഒരു മുറിവ് പിന്നീട് അദ്ദേഹത്തെ ജീവിത കാലം മുഴുവനും മുടന്തനാക്കിത്തീര്‍ത്തു. യുദ്ധത്തില്‍ മുന്‍നിരയിലെ പല്ലുകള്‍  നഷ്ടപ്പെട്ട അദ്ദേഹത്തിന് സംസാരിക്കാനും പ്രയാസം നേരിട്ടു. 

തബൂക്ക് യുദ്ധത്തില്‍ സാന്നിധ്യമറിയിച്ചതോടൊപ്പം അതിന്റെ സജ്ജീകരണങ്ങള്‍ക്കായി വലിയ തുക അദ്ദേഹം ചെലവഴിച്ചു.  30,000 വരുന്ന പോരാളികളുള്‍പ്പെട്ട, അന്ന്  അറേബ്യ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സൈന്യത്തിന്റെ ചെലവുകള്‍ സ്വാഭാവികമായും വളരെ വലുതായിരിക്കുമല്ലോ. അതിശക്തമായ വരള്‍ച്ച അനുഭവിച്ച ആ കാലത്ത് അബൂബക്‌റിന്റെയും ഉസ്മാന്റെയും ഉമറിന്റെയും അബ്ദുര്‍റഹ്മാന്‍ ബ്‌നു ഔഫിന്റെയും സ്വത്തുക്കളായിരുന്നു യുദ്ധചെലവിന് വേണ്ടി ഉപയോഗിച്ചത്. യുദ്ധത്തില്‍ അബ്ദുര്‍റഹ്മാനു ബ്‌നു ഔഫിന്റെ ഉദാരത കണ്ട ഉമര്‍(റ) നബിയോടു പരാതിപ്പെട്ടു. ''നബിയേ, ഇബ്‌നു ഔഫ് ഒരു തെറ്റു ചെയ്തുവെന്നു തോന്നുന്നു. അദ്ദേഹം തന്റെ കുടുംബത്തിന് ഒന്നും ബാക്കിയാക്കാതെ എല്ലാം ദീനിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചിരിക്കുന്നു.'' നബി ഇബ്‌നു ഔഫിനെ വിളിച്ചു ചോദിച്ചു: ''അബ്ദുര്‍റഹ്മാന്‍, താങ്കള്‍ താങ്കളുടെ കുടുംബത്തിനു വേണ്ടി ഒന്നും ബാക്കി വെച്ചിട്ടില്ലേ?'' 

അദ്ദേഹം പറഞ്ഞു: ''ഞാന്‍ നല്‍കിയതിനേക്കാള്‍ നല്ലത് ഞാന്‍ എന്റെ കുടുംബത്തിനു ബാക്കി വെച്ചിട്ടുണ്ട്.'' നബി ചോദിച്ചു: ''അതെത്രയുണ്ട്?'' ''അല്ലാഹുവും അവന്റെ ദൂതനും നാളെ പ്രതിഫലത്തിനും നന്മക്കും വേണ്ടി എന്താണോ വാഗ്ദാനം ചെയ്തത് അത്രയുമുണ്ട്.'' 

തബൂക്കില്‍ മറ്റാര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യവും അബ്ദുര്‍റഹ്മാനുണ്ടായി. സ്വുബ്ഹ് നമസ്‌ക്കാരത്തിന്റെ സമയമായിട്ടും ഇതുവരെയും നബി (സ) എത്തിച്ചേര്‍ന്നിട്ടില്ല. എല്ലാവരും അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനോട് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം അവര്‍ക്ക് ഇമാമായി നമസ്‌ക്കരിച്ചുകൊണ്ടിരിക്കെ നബി (സ) ആഗതനായി. നബി(സ)യുടെ ആഗമനം മനസ്സിലാക്കിയ അദ്ദേഹം നമസ്‌ക്കാരം പൂര്‍ത്തീകരിക്കുന്നതിനു മുമ്പു തന്നെ ഇമാമത്ത് നബി(സ)ക്ക് നല്‍കാനായി പിന്നിലേക്ക് നീങ്ങി. എന്നാല്‍ നബി (സ) അബ്ദുര്‍റഹ്മാനെ നമസ്‌കാരം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി മുമ്പില്‍ തന്നെ പിടിച്ചു നിര്‍ത്തി. മാത്രമല്ല നബി (സ) ആ ജമാഅത്തില്‍ പങ്കു കൊള്ളുകയുമുണ്ടായി. 

മദീനയിലെ മുസ്‌ലിംകള്‍ക്കും, നബി(സ)യുടെ മരണശേഷം അവിടുത്തെ പത്‌നിമാര്‍ക്കുമുള്ള അബ്ദുര്‍റഹ്മാന്റെ സഹായങ്ങള്‍ പ്രസിദ്ധമാണ്. ഒരിക്കല്‍ തന്റെ ഒരു വസ്തു വിറ്റ് ലഭിച്ച 40,000 ദീനാറും പ്രവാചകന്റെ കുടുംബത്തില്‍പ്പെട്ട ബനൂസഹ്‌റക്ക് നല്‍കി. മദീനയിലെ ഏറ്റവും ദരിദ്രകുടുംബങ്ങളില്‍ ഒന്നായിരുന്നു അത്. 

ഉമറി(റ)ന്റെ ഖിലാഫത്തിനു ശേഷം ആ സ്ഥാനത്തേക്കു ഉമര്‍ നിര്‍ദേശിച്ച ആറു പേരില്‍ ഒരാളായിരുന്നു അബ്ദുര്‍റഹ്മാന്‍. എന്നാല്‍ ഖലീഫ എന്ന സ്ഥാനത്തിന്റെ ഭാരിച്ച ഉത്തരവാദിത്തത്തെക്കുറിച്ചോര്‍ത്ത് അദ്ദേഹം മറ്റു അഞ്ചു പേരോടും ആദ്യമേ പറഞ്ഞു: ''നിങ്ങള്‍ അഞ്ചു പേരില്‍ ആരെങ്കിലുമാകണം ഖലീഫ. ഞാന്‍ ആ സ്ഥാനത്തേക്കില്ല.'' എന്നാല്‍ ആ അഞ്ചു പേരില്‍ ആരെയാണ് താങ്കള്‍ നിര്‍ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഉസ്മാനുബ്‌നു അഫ്ഫാനെ നിര്‍ദേശിക്കുകയും പിന്നീട് ഉസ്മാനുബ്‌നു അഫ്ഫാന്‍ ഖലീഫയാവുകയും ചെയ്തു.  അബ്ദുര്‍റഹ്മാന്റെ സമ്പത്തിന് മേല്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകാന്‍ നബി (സ) പ്രാര്‍ഥിച്ചിട്ടുണ്ട്. 

പൊതുവെ ശാന്തമായ മദീന നഗരത്തില്‍ ഒരിക്കല്‍, മദീനയുടെ അതിര്‍ത്തിയില്‍ നിന്ന് വലിയൊരു ആരവം കേള്‍ക്കുന്നു. മണല്‍ക്കാറ്റു ശക്തമായി മദീനാ തെരുവിലേക്കു അടിച്ചുവീശുന്നു. ജനങ്ങള്‍ അത് കൊടുങ്കാറ്റാണെന്നാണ് കരുതിയത്. പൊടിപടലങ്ങള്‍ക്കപ്പുറം ഒരു വലിയ ഒട്ടകക്കൂട്ടത്തിന്റെ കടന്നു വരവാണ് ആരവമുയര്‍ത്തിക്കൊണ്ടിരിക്കുന്നത്. അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന്റെ, സിറിയയില്‍ നിന്ന് വരുന്ന ചരക്കുകള്‍ വഹിച്ച ഒട്ടകങ്ങളും അദ്ദേഹത്തിന്റെ കീഴിലെ തൊഴിലാളികളുമാണ് മദീനയിലേക്ക് കടന്നുവരുന്നത്. മദീനയിലെ ഒച്ചപ്പാടും ആരവങ്ങളും കേട്ട ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) ചോദിച്ചു: ''എന്താണത്?'' 

''അബ്ദുര്‍റഹ്മാന്റെ കച്ചവടസംഘം മദീനയില്‍ പ്രവേശിച്ചതിന്റെ ആരവമാണത്'' എന്ന് ഒരാള്‍ മറുപടി പറഞ്ഞു.

''ഒരു കച്ചവടസംഘം വന്നതിന് ഇത്രയും ആരവമോ?'' അവര്‍ വീണ്ടും തിരക്കി. 

അടുത്തുണ്ടായിരുന്നവര്‍ പറഞ്ഞു: ''700 ഒട്ടകങ്ങളുള്ള സംഘമാണത്.''

ഇതു കേട്ട് ആഇശ (റ) പറഞ്ഞു: ''അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ഞെരുങ്ങി ഞെരുങ്ങിയേ സ്വര്‍ഗത്തില്‍ കടക്കൂ എന്ന് നബി (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.'' 

ആഇശ പറഞ്ഞ കാര്യം ചിലര്‍ അബ്ദുര്‍റഹ്മാനെ അറിയിച്ചപ്പോള്‍, ഒട്ടകപ്പുറത്തു നിന്ന് ചരക്കുകള്‍ ഇറക്കുന്നതിനു മുമ്പു തന്നെ, ആഇശയുടെ അടുക്കലെത്തിയിട്ട് പറഞ്ഞു: ''മദീനയില്‍ എന്റെ കച്ചവടച്ചരക്കുകള്‍ നിങ്ങള്‍ വന്നു കണ്ടുകൊള്ളുക. ഈ ഒട്ടകപ്പുറത്തുള്ള മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ചെലവഴിക്കുകയാണ്.'' 

അങ്ങനെ ആ 700 ഒട്ടകങ്ങളുടെ പുറത്തുള്ള ചരക്കുകള്‍ മദീനയിലെയും പ്രാന്തപ്രദേശത്തെയും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. 

പ്രവാചകാനുയായികളിലെ ഏറ്റവും സമ്പന്നനായിരുന്നു അബ്ദുര്‍റഹ്മാന്‍. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുംതോറും അദ്ദേഹത്തിന് സമ്പത്ത് ഇരട്ടി ഇരട്ടിയായി വര്‍ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ തന്റെ സമ്പാദ്യവും അളവറ്റ ധനവും അദ്ദേഹത്തെ ഒരിക്കലും വഴിപിഴപ്പിച്ചില്ല. അല്ലാഹുവിനെ മറന്നുകൊണ്ട് ഒരു കര്‍മ്മവും അദ്ദേഹം തന്റെ ജിവിതത്തില്‍ ചെയ്തിട്ടില്ല. അളവറ്റ സമ്പത്ത് എത്രയോ പേരുടെ ജീവിതത്തെ വഴികേടിലും ആര്‍ഭാടത്തിലുമാക്കിയിട്ടുണ്ട് ഈ ലോകത്ത്. ദൈവത്തെ വിസ്മരിച്ച് ഭൗതികസുഖാഡംബരങ്ങളില്‍ ലയിച്ചു പോവുകയാണ് വിഡ്ഢിയായ മനുഷ്യര്‍. 

ഒരിക്കല്‍ വ്രതാനുഷ്ഠാനത്തിലായിരുന്ന അദ്ദേഹം നോമ്പു തുറക്കാന്‍ കാത്തിരിക്കുകയാണ്. നോമ്പു തുറക്കാനുള്ള നല്ല വിഭവങ്ങള്‍ കണ്ട് അബ്ദുര്‍റഹ്മാന്‍ കരയാന്‍ തുടങ്ങി. ''മിസ്അബ് ബ്‌നു ഉമൈര്‍ എന്നേക്കാള്‍ ഉത്തമനാണ്. ഉഹുദില്‍ അദ്ദേഹം രക്തസാക്ഷിയായപ്പോള്‍ ഒരു കഷ്ണം തുണിയിലാണ് അദ്ദേഹത്തെ പൊതിഞ്ഞത്. കാല്‍ മൂടുമ്പോള്‍ തലയും, തല മൂടുമ്പോള്‍ കാലും പുറത്തു കാണുമാറ് ചെറിയ തുണിയായിരുന്നു അത്. ഹംസ എന്നേക്കാള്‍ എത്രയോ ഉത്തമനാണ്. അദ്ദേഹം ശഹീദായപ്പോള്‍ അദ്ദേഹത്തെ പൊതിയാന്‍ ഒന്നുമുണ്ടായിരുന്നില്ല; അദ്ദേഹം ധരിച്ചിരുന്ന വസ്ത്രമല്ലാതെ. ഇന്ന് നമുക്ക് എത്രയെത്ര അനുഗ്രഹങ്ങളാണ് ലഭിച്ചിരിക്കുന്നത്!'' ഇതുംപറഞ്ഞ്  അദ്ദേഹം വീണ്ടും കരയുകയായിരുന്നു.

ഒരിക്കല്‍ അബ്ദുര്‍റഹ്മാന്റെ അടുക്കല്‍ ഏതാനും അതിഥികളെത്തി . അവര്‍ക്കു മുമ്പില്‍ നല്ലയിനം ഭക്ഷണങ്ങള്‍ കൊണ്ടു വെച്ചപ്പോഴേക്കും അദ്ദേഹം കരയാന്‍ തുടങ്ങി. വന്നവര്‍ കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകനും കുടുംബവും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെയാണ് മരിച്ചത്. പലപ്പോഴും പശിയടക്കാന്‍ ഒരു റൊട്ടിപോലുമില്ലായിരുന്നു റസൂലിന്. ഇന്നിതാ നമുക്ക് കഴിക്കാന്‍ എന്തെല്ലാം വിഭവങ്ങളാണ്!'' ഹിജ്‌റ വര്‍ഷം 32-ല്‍ അദ്ദേഹം അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി.

വിവ: മുനീര്‍ മുഹമ്മദ് റഫീഖ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍