ഉമറുബ്‌നുല്‍ ഖത്വാബ് (റ) ശിശുഹത്യ നടത്തിയിട്ടുണ്ടോ?
മതപ്രഭാഷകരായ മൗലവിമാരില്‍ പൊതുവെ കാണപ്പെടുന്ന ഒരു പ്രവണതയാണ് ശ്രോതാക്കളെ ആവേശഭരിതരാക്കാനും പ്രസംഗത്തിന് കൊഴുപ്പുകൂട്ടാനും, പ്രവാചകന്മാരുമായും ചരിത്ര പുരുഷന്മാരുമായും ബന്ധപ്പെടുത്തി വ്യാജ നിര്‍മിത സംഭവങ്ങളും അര്‍ധസത്യങ്ങളും വിളിച്ചുപറയുക എന്നത്.യാതൊരു സൂക്ഷ്മതയും തത്ത്വദീക്ഷയും കൂടാതെ എന്ത് നുണയും പറയാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ല. ചരിത്ര സംഭവങ്ങളില്‍ മായം കലര്‍ത്തി വക്രീകരിച്ച് പര്‍വതീകരിക്കുന്ന രീതിയാണ് ഇത്തരം വേദികളില്‍ പലപ്പോഴും അരങ്ങേറുന്നതെന്ന് ശ്രോതാക്കളായ പാമര ജനത അറിയാറില്ല. ഈദൃശ പ്രസംഗങ്ങളില്‍ പലപ്പോഴും പ്രവാചകന്മാരും സ്വഹാബത്തും താബിഉകളും തെറ്റായി ചിത്രീകരിക്കപ്പെടുന്നു. കെട്ടുകഥകളുടെയും ഇസ്രാഈലിയ്യാത്തുകളുടെയും അകമ്പടിയോടെയുള്ള വിഷയാവതരണം ശ്രവിക്കാന്‍ തടിച്ചുകൂടുന്ന ജനസാമാന്യത്തിന് ഏതോ തരത്തിലുള്ള 'ദഅ്‌വാ പ്രഭാഷണം' തങ്ങള്‍ കേട്ടുവെന്ന പ്രതീതിയും. ഇത്തരത്തില്‍ കുറെ നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു സംഭവത്തെ വിശകലനം ചെയ്യുന്നതിനാണ് ഈ കുറിപ്പ്.
ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബ്(റ) ഇസ്‌ലാം ആശ്ലേഷത്തിന് മുമ്പ് തന്റെ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയെന്ന തെറ്റായ പ്രചാരണം ഇത്തരത്തിലൊന്നാണ്. ജാഹിലിയ്യാ അറബികള്‍ക്കിടയിലെ ചില ഗോത്രങ്ങളില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നല്ലോ നവജാത ശിശുഹത്യ. വിശുദ്ധ ഖുര്‍ആന്‍ അപലപിച്ചിട്ടുള്ള ദുരാചാരങ്ങളിലൊന്നാണ് ഈ സമ്പ്രദായം. സൂറഃ അല്‍ അന്‍ആം 140, അന്നഹ്ല്‍ 58, അത്തക്‌വീര്‍ 9 തുടങ്ങിയ ഖുര്‍ആന്‍ വചനങ്ങളിലാണ് ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ബനൂതമീം, ഖുസാഅ, മുളര്‍ മുതലായ ഗോത്രങ്ങളിലായിരുന്നു ഈ സമ്പ്രദായം സര്‍വസാധാരണമായിരുന്നത്. ഉമറുബ്‌നുല്‍ ഖത്വാബിന്റെ വംശമായ അദിയ്യ് ഗോത്രത്തില്‍ ഈ സമ്പ്രദായം ഉണ്ടായിരുന്നില്ലെന്നാണ് ചരിത്ര പണ്ഡിതന്മാരുടെ പക്ഷം. ഉമറിന്റെ കുടുംബത്തില്‍ ഈ ദുരാചാരം നിലനിന്നിരുന്നുവെങ്കില്‍ ഉമറിന്റെ പുത്രി ഹഫ്‌സ എങ്ങനെ വളര്‍ന്നു വലുതായി എന്ന് ചരിത്ര പണ്ഡിതന്മാര്‍ ചോദിക്കുന്നു. പ്രവാചകന്റെ ആഗമനത്തിന് അഞ്ചു വര്‍ഷം മുമ്പ് ഭൂജാതയായ ഹഫ്‌സ പില്‍ക്കാലത്ത് പ്രവാചക(സ)ന്റെ പത്‌നീ പദം അലങ്കരിച്ചതും ചരിത്ര വസ്തുതയാണല്ലോ. ഉമര്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടി എന്ന വാദഗതി തള്ളപ്പെടേണ്ടതാണെന്നാണ് പ്രാമാണികരായ ചരിത്രകാരന്മാരും നിവേദകരും അഭിപ്രായപ്പെടുന്നത്. പ്രമുഖ ചരിത്ര ഗ്രന്ഥങ്ങളിലോ പ്രബലരായ ഹദീസ് നിവേദകര്‍ വഴിയോ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നത്. ഹദീസ് പണ്ഡിതനും ചരിത്രകാരനുമായ ഹാഫിള് ഇബ്‌നു ഹജര്‍ രചിച്ച, സ്വഹാബിമാരുടെ ജീവചരിത്രം രേഖപ്പെടുത്തിയ അല്‍ ഇസ്വാബഃ ഫീ തംയീസിസ്സ്വഹാബ(7/582)യില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
എന്നാല്‍ ഉപരിസൂചിത വസ്തുതകള്‍ക്ക് എതിരായ കാര്യങ്ങളാണ് പ്രമുഖ അറബി കഥാകൃത്തും എഴുത്തുകാരനുമായ അബ്ബാസ് മഹ്മൂദ് അഖ്ഖാദ് ഉദ്ധരിക്കുന്നത്. അദ്ദേഹം എഴുതുന്നത് നോക്കുക: ''ഒരിക്കല്‍ സുഹൃത്തുക്കളുമായി ഇരിക്കുന്നതിനിടയില്‍ ഉമര്‍ കുറച്ചുനേരം ചിരിച്ചിട്ട് കരയാന്‍ തുടങ്ങി. കണ്ടുനിന്ന കൂട്ടുകാര്‍ ചോദിച്ചത്രേ, ''എന്താണിത്?'' ''ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് വിഗ്രഹങ്ങളുടെ രൂപത്തില്‍ പലഹാരങ്ങളുണ്ടാക്കുകയും അവയെ ആരാധിക്കുകയും പിന്നീട് അത് തിന്നുകയും ചെയ്യുമായിരുന്നു. അതോര്‍ത്തിട്ടാണ് ഞാന്‍ ചിരിച്ചത്. എന്നാല്‍ എന്റെ കരച്ചിലിന് കാരണം എന്തെന്നല്ലേ? എന്റെ ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാനുദ്ദേശിച്ച് എന്നോടൊപ്പം ഞാന്‍ കൊണ്ടുപോയി. ഒരു കുഴി ഉണ്ടാക്കി. ഞാന്‍ കുഴിയെടുക്കുന്നതിനിടയില്‍, എന്റെ താടിയില്‍ പറ്റിപ്പിടിച്ച മണ്‍തരികളും പൊടിപടലങ്ങളും അവള്‍ തുടച്ചുനീക്കി. അതിനിടെ ഞാനവളെ കുഴിയിലേക്ക് തള്ളി മൂടിക്കളഞ്ഞു'' (അബ്ഖരിയ്യതു ഉമര്‍, പേജ് 223). എന്നാല്‍ അഖ്ഖാദിന് മുമ്പ് ജീവിച്ചിരുന്ന പ്രാമാണികരായ പൂര്‍വ ചരിത്രകാരന്മാര്‍ ആരും തന്നെ ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കാണാന്‍ കഴിയില്ല. തെളിവിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ശീഈ അവാന്തര വിഭാഗമായ റാഫിളികളാണ് ഇതിന്റെ പ്രചാരകരായി ആദ്യം രംഗത്ത് വന്നത്. ഖലീഫയുടെ നീതിനിഷ്ഠമായ നിലപാടുകള്‍ അരോചകമായിത്തോന്നിയതിനാലാവാം ഇത്തരത്തില്‍ ഒരു കഥ മെനഞ്ഞെടുത്തത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
പ്രവാചകത്വ നിയോഗത്തിന്റെ അഞ്ചു വര്‍ഷം മുമ്പ് ജനിച്ച ഹഫ്‌സ ശിശുഹത്യയെന്ന ക്രൂരഹിംസക്ക് വിധേയയായില്ല എന്നത് തന്നെ ഉമറിന്റെ അദിയ്യ് ഗോത്രത്തില്‍ ഈ സമ്പ്രദായം ഉണ്ടായിരുന്നില്ല എന്നതിന് മതിയായ തെളിവാണ്. എന്നാല്‍, ഉമര്‍ കൂടി സന്നിഹിതനായിരുന്ന ഒരു സദസ്സില്‍ സ്വഹാബിമാരില്‍ ഒരാള്‍ തന്റെ പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിപ്രകാരമാണ്: നുഅ്മാനുബ്‌നു ബശീര്‍ ഉദ്ധരിക്കുന്നു: ''ഉമറുബ്‌നുല്‍ ഖത്വാബ് പറയുന്നത് ഞാന്‍ കേട്ടു. 'ജീവനോടെ കുഴിച്ചുമൂടപ്പെട്ടവര്‍ ഏത് പാപത്തിന്റെ പേരിലാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് ചോദിക്കപ്പെടുമ്പോള്‍' എന്ന വിശുദ്ധ വചനത്തെക്കുറിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കെ ഖൈസ്ബ്‌നു ആസ്വിം നബിയുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: 'ജാഹിലിയ്യാ കാലത്ത് എന്റെ എട്ട് പെണ്‍കുട്ടികളെ ഞാന്‍ ജീവനോടെ കുഴിച്ചുമൂടിയിട്ടുണ്ട്.' ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു. 'അവര്‍ ഓരോരുത്തര്‍ക്കും വേണ്ടി ഓരോ അടിമകളെ നീ മോചിപ്പിക്കണം.' ഖൈസ് പറഞ്ഞു: 'തിരുദൂതരേ, എനിക്ക് ഒരു ഒട്ടകമേയുള്ളൂ'. പ്രവാചകന്‍ പ്രതിവചിച്ചു: 'എങ്കില്‍ അതിനെ അവര്‍ക്ക് വേണ്ടി നീ ദാനം ചെയ്യുക.'' (ബസ്സാര്‍ 1/60, ത്വബ്‌റാനിയുടെ മുഅ്ജമുല്‍ കബീര്‍ 18/337, നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സില്‍സിലതുല്‍ അഹാദീസുസ്സ്വഹീഹ 3298 എന്നീ കൃതികളില്‍ ഉദ്ധരിച്ച സംഭവം). ഇതിന്റെ നിവേദക പരമ്പരയിലെ ഹുസൈനുബ്‌നുല്‍ മഹ്ദി ഒഴികെ മുഴുവന്‍ ആളുകളും പ്രബലരാണെന്നാണ് ഇമാം ഹൈതമിയുടെ അഭിപ്രായം. ജാഹിലിയ്യാ കാലത്ത് ശിശുഹത്യ നടത്തിയവര്‍ നല്‍കേണ്ട പ്രായശ്ചിത്തമാണ് ഇതിന്റെ ഉള്ളടക്കം എന്ന് ഉമര്‍ പറയുകയുണ്ടായി. അതിനാല്‍ ഉമറിലേക്ക് ഈ കുറ്റം ചേര്‍ക്കരുതെന്നും ഖൈസ്ബ്‌നു ആസ്വിമാണിത് ചെയ്തതെന്നും ഈ സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നു. കൊലചെയ്യപ്പെട്ട ഓരോ നവജാത ശിശുവിനും പകരമായി ഓരോ ഒട്ടകത്തെ വീതം ദാനമായി നല്‍കാന്‍ നിര്‍ദേശിച്ച നബിയുടെ ആജ്ഞയില്‍ നിന്ന് യുക്തിപൂര്‍ണമായ നിയമവിധികള്‍ നിര്‍ധാരണം ചെയ്‌തെടുത്ത് സമുദായത്തിന് നല്‍കിയ വിഖ്യാത ഖലീഫയെക്കുറിച്ച് തന്നെ നുണകള്‍ പ്രചരിപ്പിക്കുന്നത് അത്യന്തം ഗൗരവത്തോടെ നാം കാണേണ്ടതുണ്ട്. പ്രവാചകന്റെ ഒരു പ്രവചനം പ്രസക്തമാകുന്നതിവിടെയാണ്. ''അവസാന കാലത്ത് ദജ്ജാലുകളും പെരും നുണയന്മാരുമായ ചില ആളുകള്‍ നിങ്ങളില്‍ പ്രത്യക്ഷപ്പെടും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത ചില വചനങ്ങള്‍ ഹദീസുകളെന്ന പേരില്‍ അവര്‍ അവതരിപ്പിക്കും. അവരെ നിങ്ങള്‍ സൂക്ഷിക്കണം. അവര്‍ നിങ്ങളെ വഴികേടിലാക്കാതിരിക്കട്ടെ. അവര്‍ നിങ്ങളെ കുഴപ്പത്തിലുമാക്കാതിരിക്കട്ടെ'' (അബൂഹുറയ്‌റ നിവേദനം ചെയ്ത, ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ്- മിശ്കാത്തുല്‍ മസ്വാബീഹ്). രാജാക്കന്മാരില്‍ നിന്ന് പാരിതോഷികങ്ങളും സമ്മാനങ്ങളും വാരിക്കൂട്ടാന്‍ രാജ ദര്‍ബാറിലെ വിദൂഷികള്‍ ചെയ്തിരുന്ന ഏര്‍പ്പാട് ദീനീ പ്രചാരണങ്ങളുടെ പേരില്‍ നടത്തുന്നവരെ നാം കരുതിയിരിക്കണം. സ്വഹാബിമാര്‍ക്കിടയില്‍ ഏതെങ്കിലും വൃത്താന്തമോ സംഭവമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 'ഇത് നിനക്ക് എവിടെ നിന്ന് കിട്ടി' (മിന്‍ ഐന ലക ഹാദാ) എന്ന് അപരനോട് അന്വേഷിക്കുമായിരുന്ന രീതി നമുക്കും അവലംബിക്കാമല്ലോ.
Comments