Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

'വായിക്കുക' അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്

അമീന്‍ വി ചൂനൂര്‍ /ലേഖനം

        അഖീദ പറയും മുമ്പ്, അല്ലാഹുവിനെ പരിചയപ്പെടുത്തും  മുമ്പ്, ആരാധനാ കര്‍മങ്ങള്‍ നിര്‍ണയിക്കും മുമ്പ് അല്ലാഹു തന്റെ അടിമയോട് ആവശ്യപ്പെട്ട ഒരു കാര്യമല്ലേ വായന. പ്രവാചകന്‍ മാലാഖയില്‍ നിന്ന് ശിക്ഷയേറ്റു വാങ്ങിയ ഒരേയൊരു സംഗതിയല്ലേ വായന. അറിയില്ലയെന്ന് മറുപടി പറഞ്ഞിട്ടും ചെയ്യാന്‍ കല്‍പിക്കപ്പെട്ട ഒന്നല്ലേ വായന. എന്നിട്ടും നമ്മള്‍ ഇന്ന് പറയുന്നു 'വായന മരിച്ചു' എന്ന്.

അന്ത്യപ്രവാചകന്റെ സമൂഹത്തോട് വായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. അത് ലോകാവസാനം വരെ നിലനില്‍ക്കുന്ന ഗ്രന്ഥത്തില്‍ സ്രഷ്ടാവ് രേഖപ്പെടുത്തിയതാണ്. അത് ലോകര്‍ക്കാകെയുമുള്ളതുമാണ്. അല്ലാഹുവിനെ അറിയേണ്ട വിധം അറിയാന്‍ 'വായിച്ചേ പറ്റൂ.' 'അറിവുള്ളവര്‍ മാത്രമാണ് അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കുന്നവര്‍' എന്ന് ഹൃദയങ്ങളെ സൃഷ്ടിച്ചവന്‍ പറയുന്നു.

പുതിയ കാലമല്ലേ, വായനക്കൊന്നും ഇനി പ്രസക്തിയില്ല എന്ന് പറഞ്ഞവരുണ്ട്. വായനയുടെ കാലം കഴിഞ്ഞുവെന്നും, ഇനി ആരും വായിക്കില്ല എന്നും പറയുന്നു അവര്‍. ഈ കേവല വാദങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കാവേണ്ടതുണ്ട്. കാരണം വായനക്ക് എന്നും രാഷ്ട്രീയമായ പ്രസക്തിയുണ്ട്. മുഴുവന്‍ സമൂഹത്തിന്റെയും വായനകള്‍ കെട്ടടങ്ങിയാലും ഇസ്‌ലാമിക പ്രവര്‍ത്തകരുടെ വായനക്ക് കോട്ടം തട്ടരുത്. വായിക്കാത്തവര്‍ക്ക് മുന്നില്‍ വായിച്ചു നിന്നാലേ നമുക്ക് മുന്നേറ്റം സാധ്യമാകൂ. വായനയില്ലാത്ത ഒരു സമൂഹത്തിനിടയിലും വായിച്ചു ജീവിക്കുന്നു എന്നതാകണം നമ്മുടെ നിലപാട്. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ഒരാളുടെ വായന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്, ആക്ടിവിസമാണ്. പുണ്യം ലഭിക്കാന്‍ സാധ്യതയുള്ള പ്രവൃത്തിയാണ്. കാരണം അത് ശത്രു സംഘങ്ങള്‍ക്കിടയില്‍ നമ്മുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.

വായനകളില്‍ നിന്നാണ് ആക്ടിവിസം ഉണരുന്നത്. അതിന്റെ ഏറ്റക്കുറച്ചിലുകളാണ് പ്രവര്‍ത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും ഏറ്റക്കുറച്ചിലുകള്‍ക്കും ആവേശക്കുറവുകള്‍ക്കും കാരണമാകുന്നത്. വായിക്കാത്തവര്‍ പിറകില്‍ സഞ്ചരിക്കുന്നവരാണ്. എവിടെയും ഒരു തപ്പിത്തടയല്‍ അവര്‍ക്കുണ്ടാകും. ഒരു പ്രസ്ഥാനത്തില്‍ അണി നിരന്നവര്‍ തീര്‍ച്ചയായും വായിക്കണം. അല്ലെങ്കില്‍ പ്രസ്ഥാനം ചലിക്കുമ്പോഴും യാഥാസ്ഥിതികതയില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെടും. തനിക്കങ്ങനെയൊന്ന് സംഭവിച്ചുവെന്ന തിരിച്ചറിവുപോലുമില്ലാതെ.

ഭാഷയാണ് മനുഷ്യന്റെ സൗന്ദര്യം. വൈരൂപ്യമുള്ള ഒരു മനുഷ്യനായാലും അയാളുടെ വിവേകം മറ്റുള്ളവരെ അയാളിലേക്ക് ആകര്‍ഷിക്കുന്നു. നേരെ തിരിച്ചും സംഭവിക്കുന്നു. നല്ല സൗന്ദര്യമുള്ളവര്‍ പറയുന്ന വിഡ്ഢിത്തം അവരെ പരിഹാസ്യരാക്കി മാറ്റുന്നു. മാത്രമല്ല, സ്വാര്‍ഥതയും അപകര്‍ഷതാ ബോധവും വര്‍ധിക്കാന്‍ വായനയുടെ കുറവ് കാരണമാക്കും. ഏതു വിഷയത്തിലും ഘനാന്ധകാരം പോലെ ഒരു മൗനം അയാളില്‍ ഉണ്ടാകും. വിഷാദ രോഗത്തെ ഇല്ലാതാക്കാനുള്ള കഴിവ് വായനക്കുണ്ടെന്ന് ആയിദുല്‍ ഖര്‍നിയുടെ ദുഃഖിക്കരുത് എന്ന പുസ്തകത്തില്‍ പറയുന്നു. വിഷാദ രോഗമാവട്ടെ ആമാശയ കാന്‍സറിനു വരെ കാരണമാകുന്ന ഒന്നാണെന്നും. 

ഒരു പുസ്തകം നമ്മുടെ കൈയില്‍ വന്നാല്‍ ഏതോ ഒരു കൂറ്റന്‍ കോട്ടയുടെ താക്കോല്‍ കൂട്ടം കയ്യില്‍ കിട്ടിയത് പോലെയായിരിക്കും. ഓരോ തലക്കെട്ടുകളും വായിച്ചു മുന്നേറുമ്പോള്‍ കോട്ടയുടെ ഓരോ മുറി തുറക്കുന്ന അനുഭൂതിയാണ്. 'ഈ മുറി ഇത്ര വിശാലമായിരുന്നോ; ഇതിനിത്രയും അറകളുണ്ടായിരുന്നോ; ഇതില്‍ ഇത്രയും മുറികളുണ്ടായിരുന്നോ' തുടങ്ങിയ സംത്രാസങ്ങള്‍ അനുഭവപ്പെടും.

വായനയറിയാത്ത മരുഭൂവാസികളോടാണ് ഇസ്‌ലാം വായനകൊണ്ട് വിപ്ലവം തുടങ്ങാന്‍ ആവശ്യപ്പെട്ടത്. വായനയില്ലാത്ത ഒരു സമൂഹത്തില്‍ വായിച്ചു എന്നത് തന്നെയാണ് ആ വിപ്ലവത്തിന് വഴിയൊരുക്കിയത്. അതുകൊണ്ട് നമുക്കു ചുറ്റുമുള്ള സമൂഹം വായന ഒഴിവാക്കുന്നുവെങ്കില്‍ മുസ്‌ലിം സമൂഹം അതിന് പിന്തുണ പ്രഖ്യാപിക്കുകയും ഒപ്പം കൂടുകയുമല്ല വേണ്ടത്. വായിച്ചു വിജയം വരിക്കേണ്ടവരാണവര്‍. 

കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന ചരിത്രവും വൈജ്ഞാനിക നിറമുള്ളതാണ്. അറബി മലയാളത്തില്‍ വൈദ്യ ശാസ്ത്രമടക്കമുള്ള നിരവധി ഗ്രന്ഥങ്ങള്‍ നിലവിലുണ്ടായിരുന്നു. പാട്ടുകളിലൂടെ പോലും ശാസ്ര്തവും മറ്റു വൈജ്ഞാനിക പഠനങ്ങളും പ്രവഹിക്കുകയായിരുന്നു. ആ സമൂഹത്തിന് അന്നങ്ങനെ സാധിക്കണമെങ്കില്‍ പരന്ന വിജ്ഞാനത്തിന്റെ അന്വേഷണങ്ങള്‍ അവര്‍ നടത്തിക്കാണണം. ഭക്ഷണവും വെള്ളവും തേടുന്നത് പോലെത്തന്നെയാണ് വിജ്ഞാനം തേടുന്നതും. വെറുതെയിരുന്നാല്‍ കയ്യില്‍ വരില്ല. അധ്വാനിക്കണം. അത്തരം നല്ല അധ്വാനത്തിലേര്‍പ്പെട്ടതാണ് അവരുടെ നവോത്ഥാനത്തിന് വെളിച്ചമേകിയത്. അവര്‍ ഏകിയ വെളിച്ചം ഇന്നും നിലനില്‍ക്കുന്നുവെങ്കിലും 20-ാം നൂറ്റാണ്ടിന്റെ പകുതികളില്‍ മങ്ങിത്തുടങ്ങിയിരുന്നു. 

ഇന്ന് മുസ്‌ലിം സമൂഹം തിരിച്ചു വരുന്നു എന്ന് പറയുന്നു. പക്ഷേ, റാങ്കുകള്‍ വാങ്ങിക്കൂട്ടുന്നു എന്നതിനപ്പുറത്ത് വൈജ്ഞാനിക മേഖലയില്‍ വല്ലതും നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ജലദോഷം ചികിത്സിക്കുന്ന ഡോക്ടറെയും വീട് ഡിസൈന്‍ ചെയ്യുന്ന എഞ്ചിനീയറെയും ചൂണ്ടി, വിജയിച്ചിരിക്കുന്നുവെന്ന് വിലയിരുത്താന്‍ പറ്റില്ല. അതിനപ്പുറത്തേക്ക് വികസിക്കേണ്ട മേഖലകള്‍ കണ്ടെത്തുന്നതിനും വൈജ്ഞാനിക ചക്രവാളത്തിന്റെ നെറുകയില്‍ എത്തിച്ചേരുന്നതിനും ഉള്ള വഴികള്‍ വ്യക്തമാവണം. അപ്പോഴേക്കും മുസ്‌ലിം സമൂഹത്തിന്റെ വായന കെട്ടടങ്ങിയാല്‍ ബുദ്ധി വികാസം എങ്ങനെ സാധ്യമാവും?

ഇന്ന് വായന നശിക്കാനുള്ള കാരണം ആസ്വാദനങ്ങളുടെ അതിപ്രസരണമാണ്. ഒരാള്‍ ജോലി കഴിഞ്ഞാല്‍ പിന്നീട് ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് രണ്ടേ രണ്ട് കാര്യങ്ങളിലായി പരിമിതപ്പെട്ടിരിക്കുന്നു; വാട്‌സ്ആപ്പും ഫേസ്ബുക്കും. എത്ര ക്രിയാത്മകമായി അവ ഉപയോഗപ്പെടുത്തിയാലും നിശ്ചിത സമയത്തിനപ്പുറം അത് അനാവശ്യം തന്നെയാണ്. കാരണം അത് പലതിന്റെയും ന്യായമായ സമയത്തെ കവര്‍ന്ന് കളയുന്നു. ഓരോന്നിനും ന്യായമായ സമയം നല്‍കേണ്ടിയിരിക്കുന്നു. അത് വായനക്കും കൊടുക്കണം. എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ എടുക്കാനുള്ളതല്ല പുസ്തകം. 

ഓണ്‍ലൈനില്‍ വായിക്കുന്നു എന്ന് പറയുന്നവരുണ്ട്.  ഓണ്‍ലൈനില്‍ അധികവും നടക്കുന്നത് ലേഖന വായനകളാണ്. പുസ്തക വായനകള്‍ ഉണ്ടെങ്കിലും കുറവാണ്. പോസ്റ്റുകള്‍ വായിച്ചത് കൊണ്ട് വലിയ കാര്യമില്ല. ഇന്റര്‍നെറ്റ് വായനകളില്‍ നമ്മള്‍ വേഗം നമ്മളുദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തുന്നു. അതിന്റെ വിവിധ വശങ്ങള്‍ പലപ്പോഴും സ്പര്‍ശിക്കാതെ കടന്നുപോകുന്നു. പുസ്തക വായനയില്‍ വിവിധ വശങ്ങളെ സ്പര്‍ശിക്കാതെ വായന എളുപ്പമല്ല. അതുകൊണ്ട് ഓണ്‍ലൈന്‍ വായന നമ്മുടെ സംവാദത്തിന്റെ കഴിവ് കുറയ്ക്കുന്നു, ഒപ്പം തിരിച്ചറിവിന്റെയും.

ഇസ്‌ലാമിക പണ്ഡിതന്മാര്‍ വായന വര്‍ധിപ്പിക്കണം. വിശാലമായ വായനയായിരിക്കണം അവരുടേത്. പ്രത്യേകിച്ചും കാലികമായ വായനകള്‍ അവരില്‍ സജീവമാകണം. ഇസ്‌ലാമിക പ്രവര്‍ത്തരുടെ കാര്യവും ഇതു തന്നെ. ഇല്ലെങ്കില്‍ അവര്‍ സമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പാഠങ്ങളില്‍ വലിയ പിഴവുകള്‍ സംഭവിക്കും. കാലഘട്ടത്തിനനുസരിച്ച് നിലപാടെടുക്കാനും ഫത്‌വകള്‍ നല്‍കാനും ധൈര്യം നഷ്ടപ്പെട്ട് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കും അവരുടെ മുന്നേറ്റത്തിനും മുന്നില്‍ ഇസ്‌ലാമിക സമൂഹത്തെ ദുര്‍ബലരാക്കിക്കളയാന്‍ പണ്ഡിതന്മാര്‍ കാരണമാകും. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ആഗ്രഹിക്കുന്ന, ഇസ്‌ലാമിന്റെ അധഃപതനം സമൂഹത്തിന് ഫത്‌വ കൊടുത്ത് വാങ്ങിച്ചെടുക്കുക എന്ന ദുര്യോഗമായിരിക്കും സംഭവിക്കുക. 

കാലികമായി വായന നടത്തിയവരായിരുന്നു പ്രവാചകന്മാര്‍. അതുകൊണ്ടാണല്ലോ മൂസാ(അ)ക്ക് ഖാറൂനിന്റെ മുതലാളിത്തത്തെയും ഫറോവയുടെ ഫാഷിസ്റ്റ് അടിമത്ത നിലപാടുകളെയും ആദ്യം തന്നെ അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നത്. അതല്ലായിരുന്നുവെങ്കില്‍ തെരുവോരങ്ങളിലൂടെ രഹസ്യ പ്രബോധനം നടത്തി പതിയെ നടന്നു നീങ്ങാമായിരുന്നു അദ്ദേഹത്തിന്. ലൂത്വ് (അ), ഇബ്‌റാഹീം (അ), ഹൂദ് (അ), ശുഐബ് (അ), മുഹമ്മദ് (സ) തുടങ്ങി എല്ലാ പ്രവാചകന്മാരും കാലത്തെ വായിക്കുകയും അതിനനുസരിച്ച് അജണ്ടകള്‍ സെറ്റ് ചെയ്യുകയും ചെയ്തവരാണ്. അതുകൊണ്ടാണ് അടിസ്ഥാന വിഷയത്തിനൊപ്പം ഒന്നിനൊന്ന് വ്യത്യസ്തമായ മറ്റു വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്തത്.

പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ശക്തമായി പോരാടാനും, ബ്രിട്ടീഷ് അധിനിവേശ കാലത്ത് ധീരമായ നിലപാടുകള്‍ എടുക്കാനും മുസ്‌ലിംകള്‍ക്ക് കരുത്ത് ലഭിച്ചത് അവര്‍ അറിവിന്റെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ മികച്ചു നിന്നിരുന്നു എന്നത് കൊണ്ടായിരുന്നു. മമ്പുറം തങ്ങന്മാരും വെളിയംകോട് ഉമര്‍ ഖാദിയും ആലി മുസ്‌ലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മുഖ്യധാരാ ചരിത്രങ്ങളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടും നൂറ്റാണ്ടുകള്‍ കടന്ന് നമ്മളിലേക്ക് എത്തിയത് വെറുതേയല്ല. അവരില്‍ നിന്ന് ശക്തമായ ഫത്‌വകളും, നിലപാടുകളും ആക്ടിവിസവും ഉണ്ടായത് വൈജ്ഞാനികമായി ഉയര്‍ന്നു നിന്നത് കൊണ്ടു തന്നെയാണ്.

വായനയുടെ ശാസ്ത്രീയ ഗുണങ്ങള്‍

വായനയുടെ ശാസ്ത്രീയവും ഭൗതികവുമായ ഗുണങ്ങളെ കുറിച്ച് വളരെ നല്ല പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത്തരം വിശകലനങ്ങളിലൂടെ കണ്ണോടിച്ചാല്‍ തന്നെ നമുക്ക് അല്ലാഹു ആദ്യം 'വായിക്കുക' എന്ന് എന്തുകൊണ്ട് മനുഷ്യരോട് പറഞ്ഞു എന്ന ബോധ്യമാകും. ചിലത് മാത്രം താഴെ.

1. മനസ്സിന്റെ ഉണര്‍വ് (Mental Stimulation):

നല്ല വ്യായാമം ചെയ്താല്‍ ശരീരത്തിന് വലിയ ഉന്മേഷം ലഭിക്കാറുണ്ട്. ശരീരത്തിനു മാത്രമല്ല; ആരോഗ്യവും ശക്തിയും ഉന്മേഷവും നേടിയെടുക്കാന്‍ ബുദ്ധിക്കും നല്ല വ്യായാമം അത്യാവശ്യമാണ്. ബുദ്ധിയുടെ വ്യായാമമാണ് 'വായന' എന്ന് പഠനങ്ങള്‍ പറയുന്നു. 'ഉപയോഗിക്കുക, അല്ലെങ്കില്‍ വലിച്ചെറിയുക' എന്ന ചൊല്ല് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. പസ്ല്‍സ് ചെയ്തുകൊണ്ടിരിക്കുന്നതും ചെസ്സ് കളിക്കുന്നതും ഇത്തരത്തില്‍ മാനസിക ഉണര്‍വ് നല്‍കും. പുതിയ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത് വായനയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ചെസ്സ് അല്ലെങ്കില്‍ പസ്ല്‍സില്‍ ഏര്‍പ്പെടുന്നവര്‍ക്കും അള്‍ഷിമേര്‍സ്, ഡിമേര്‍ഷ്യ രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ്.

2. മാനസിക പിരിമുറുക്കം കുറക്കാനുള്ള വഴി (Stress Reduction):

മാനസിക പിരിമുറുക്കം എത്ര വലിയതാകട്ടെ, നന്നായി എഴുതപ്പെട്ട ഒരു നോവലിനോ അല്ലെങ്കില്‍ ഒരു പുസ്തകത്തിനോ അതിനെ തൂത്തെറിയാനുള്ള ശക്തിയുണ്ട്. ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലാത്ത കോര്‍ട്ടിസോള്‍ പോലുള്ള സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ ക്രമാതീതമായി കുറക്കുവാനുള്ള ശക്തി വായനക്കുണ്ട്. ബ്രിട്ടണില്‍ നടന്ന ഒരു പഠനം ഇത് തെളിയിച്ചതാണ്. കുറച്ച് ആളുകളെ നല്ല മാനസിക ഉത്ക്കണ്ഠ (Anxiety-provoking activity) ഉണ്ടാക്കുന്ന ഒരു കാര്യത്തില്‍ വ്യാപൃതരാക്കി. ശേഷം മൂന്ന് വിധത്തിലുള്ള സംഗതികള്‍ അവര്‍ക്ക് നല്‍കി. ചിലര്‍ക്ക് നല്ല വീഡിയോ ഗെയിം നല്‍കി, മറ്റു ചിലര്‍ക്ക് മ്യൂസിക് കേള്‍ക്കാനും, കുറച്ച് പേര്‍ക്ക് വായിക്കുവാനുമുള്ള അവസരം നല്‍കി. ആ കൂട്ടത്തില്‍ വായന നടത്തിയവരുടെ മാനസിക പിരിമുറുക്കം 67% കുറയുകയുണ്ടായി. അവരെയായിരുന്നു മറ്റ് രണ്ട് വിഭാഗങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ പിരിമുറുക്കം കുറവുള്ളതായി കണ്ടെത്തിയത്.

3. ഓര്‍മശക്തി വര്‍ധിക്കുന്നു (Memory Improvement):

പുതിയ കാലത്ത് ഓര്‍മശക്തി കുറയുന്നു എന്ന്മിക്കവരും പരാതി പറയാറുണ്ട്. വായനക്ക് നല്ല ഓര്‍മ ശക്തി പ്രദാനം ചെയ്യുവാനുള്ള കഴിവുണ്ട്. ഓരോ വായനയും ഓര്‍മിക്കേണ്ട അവസ്ഥ നമ്മില്‍ ഉണ്ടാക്കുന്നു. ഓരോ ഓര്‍മയും നമ്മുടെ തലച്ചോറില്‍ പുതിയ ഇടങ്ങള്‍ സൃഷ്ടിക്കുകയും, ഉള്ള ഇടങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ടി.വി കാണുമ്പോഴും റേഡിയോ കേള്‍ക്കുമ്പോഴും ഉള്ള അവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സങ്കലനവും പ്രവര്‍ത്തനവുമാണ് വായനയിലൂടെ സംഭവിക്കുന്നത് എന്ന് ശാസ്ര്തം പറയുന്നു. വായനയില്‍ ഭാഷയും ഉള്‍ക്കാഴ്ചയും നമ്മുടെ വായനയുമായി പ്രത്യേക രീതിയില്‍ ഇടപഴകുന്നു. 

4. ശ്രദ്ധ കേന്ദ്രീകരണം മെച്ചപ്പെടുന്നു (Improved Focus):

ശ്രദ്ധ കേന്ദ്രീകരണം അല്ലെങ്കില്‍ ഫോക്കസ് നഷ്ടപ്പെടുന്നു എന്നതും ഈ കാലത്ത് നമ്മള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം ചെയ്ത് മനസ്സിന്റെ പിരിമുറുക്കം കൂടുന്നതാണ് ഇതിനു കാരണം. പിരിമുറുക്കം ഇല്ലാത്ത ഒരു മനസ്സിനേ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരണം സാധ്യമാകൂ. അഞ്ചു മിനിറ്റ് കൊണ്ട് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എടുത്തു നോക്കുക. ജോലി ചെയ്യുന്നു, മെയില്‍ നോക്കുന്നു, ചാറ്റ് ചെയ്യുന്നു, ട്വിറ്റര്‍ നോക്കുന്നു, ഫേസ്ബുക്ക് നോക്കുന്നു, സ്മാര്‍ട്ട് ഫോണിലേക്ക് കണ്ണോടിക്കുന്നു, ഒപ്പം ജോലി ചെയ്യുന്നവരുമായി ഇടപഴകുന്നു. ഇത് നമ്മുടെ റിസള്‍ട്ട് കുറക്കുകയും ശ്രദ്ധ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മുന്‍ഗണനാക്രമങ്ങള്‍ തെറ്റിക്കുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ അതില്‍ നിമഗ്നനാവുകയും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയുമാണ്. ഓഫീസിലേക്ക് പോകുന്നതിനു മുമ്പേ അര മണിക്കൂര്‍ വായിച്ചാല്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

5. വിവേചന ബുദ്ധി വളര്‍ത്തുന്നു (Analytical Thinking):

'അറിവുള്ളവര്‍ കാര്യങ്ങള്‍ വിവേചിച്ചറിയുന്നു' എന്നാണല്ലോ പറയാറുള്ളത്. ജീവിതത്തില്‍ വിവേചിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. ബുദ്ധിക്ക് നിരന്തരം അതാവശ്യമാണ്. എത്ര പണമുണ്ടായാലും വിവേചന ബുദ്ധി ഇല്ലെങ്കില്‍ കാര്യമില്ല.  

നമുക്ക് അല്ലാഹു നല്‍കിയ അനുപമമായ അനുഗ്രഹമാണ് വായിക്കാനുള്ള സിദ്ധി. മുഅ്ജിസത്തെന്ന് പറയാം. എല്ലാ കാലത്തും അല്ലാഹു നല്‍കിയ മുഅ്ജിസത്തുകള്‍ എടുത്തു നോക്കുക. എല്ലാം അല്ലാഹുവില്‍ വിശ്വസിച്ച സമൂഹത്തെ ശാക്തീകരിക്കാന്‍ കെല്‍പ്പുറ്റതായിരുന്നു. മൂസാ നബി(അ)യുടെ വടിയും, സുലൈമാന്‍ നബി(അ)ക്ക് കിട്ടിയ കഴിവും, യൂസുഫ് നബി(അ)ക്ക് കിട്ടിയ സ്വപ്‌നം വ്യാഖ്യാനിക്കാനുള്ള അറിവും ശാക്തീകരണത്തിനുള്ള ഉപാധികള്‍ കൂടിയായിരുന്നു. മുഹമ്മദ് നബി(സ)യുടെ സമൂഹം വടിയെറിഞ്ഞാല്‍ ശാക്തീകരിക്കപ്പെടുന്നവരല്ല, സ്വപ്‌നങ്ങളുടെ വ്യാഖ്യാനം വിശദീകരിച്ചാലോ, പക്ഷികളോട് വര്‍ത്തമാനം പറഞ്ഞാലോ അവര്‍ ശാക്തീകരിക്കപ്പെടില്ല. അവര്‍ 'വായിക്കണം.' അതിനുള്ള ആയുധമാണ് വിശുദ്ധ ഖുര്‍ആന്‍. അത് വായനയുടെ ഒരു പ്രപഞ്ചത്തെ തുറന്നു വെക്കുകയാണ്. വായനയുടെ പ്രപഞ്ചത്തിലേക്ക് ആവേശപൂര്‍വം കടന്നു ചെന്നവര്‍ ശാക്തീകരിക്കപ്പെട്ടു എന്നത് തന്നെയാണ് ആ മുഅ്ജിസത്ത് ഇന്നിലും ഇനിയുള്ള കാലത്തും പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവ്. അതുകൊണ്ട,് 'വായിച്ചു മുന്നേറുക.' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍