Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

വികസിത ഇന്ത്യ എന്ന സ്വപ്നം

         തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുകയാണെന്ന് നമ്മോട് വിട പറഞ്ഞ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം തന്റെ മിക്ക പ്രഭാഷണങ്ങളിലും എടുത്ത് പറയാറുണ്ടായിരുന്നു. യുവ തലമുറയെ ആ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി സജ്ജരാക്കാന്‍ അദ്ദേഹം തന്റെ കഴിവുകളും സമയവും ഊര്‍ജ്ജവും ചെലവഴിക്കുകയും ചെയ്തു. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഇന്ത്യയിലെ നേതാക്കളും പൊതുജനവും ഒരുപോലെ താലോലിക്കുന്ന സ്വപ്നമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശന പരിപാടികളില്‍ ഈ വിഷയത്തിലൂന്നിയാണ് സാധാരണ സംസാരിക്കാറ്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലും ആ സ്വപ്നം ഒരിക്കല്‍ കൂടി പങ്ക് വെക്കപ്പെടുമെന്ന് ഉറപ്പാണ്. 

ഐ.ടി മേഖലയിലും മറ്റും വന്‍കുതിച്ച് ചാട്ടമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് നേതാക്കള്‍ നമ്മോട് പറയുന്നു. ആഗോള തലത്തില്‍ തന്നെ മികവ് തെളിയിച്ച ഒരുപറ്റം വ്യവസായികളെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിരിക്കുന്നു. ഇതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങളെ വരെ പിന്നിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ, ചില അടിസ്ഥാന മേഖലകളില്‍ വികസിത രാജ്യങ്ങളുടെത് പോകട്ടെ, ദരിദ്രരായ നമ്മുടെ അയല്‍ രാജ്യങ്ങളുടെ നിലവാരത്തില്‍ പോലും ഇന്ത്യക്ക് എത്താനാവുന്നില്ല. സാക്ഷരതയുടെ കാര്യമെടുക്കാം. രാജ്യത്തെ അധഃസ്ഥിത, പിന്നാക്ക വിഭാഗങ്ങളില്‍ നല്ലൊരു ശതമാനത്തിനും വിദ്യാഭ്യാസം ഇപ്പോഴും കിട്ടാക്കനിയാണ്. പ്രാഥമിക വിദ്യാലയങ്ങള്‍ പോലുമില്ലാത്ത എത്രയോ ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദലിതുകളും മതന്യൂനപക്ഷങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നും വ്യാപകമായ പരാതിയുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന തൊഴിലാളികളുടെ വലിയൊരു ആഗ്രഹം, തങ്ങളുടെ മക്കള്‍ക്കെങ്കിലും വിദ്യാഭ്യാസം ലഭ്യമാകണം എന്നതാണ്. ശ്രീലങ്ക ദരിദ്ര രാഷ്ട്രമാണെങ്കിലും എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് അവിടത്തെ ഭരണകൂടം ഉറപ്പ് വരുത്തുന്നുണ്ട്. കുട്ടികള്‍ ഇടയ്ക്ക് വെച്ച് കൊഴിഞ്ഞ് പോകുന്നത് തടയാന്‍ സത്വര നടപടികളും സ്വീകരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും അത് എല്ലാവര്‍ക്കും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ അര്‍ഹരിലേക്ക് എത്തിച്ചേരാത്തത് എന്തുകൊണ്ടാണ്? വലിയൊരു ജനവിഭാഗത്തെ നിരക്ഷരരാക്കി നിര്‍ത്തി എങ്ങനെയാണ് ഒരു രാഷ്ട്രത്തിന് പുരോഗമിക്കാന്‍ കഴിയുക? ഇനി ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താലോ? ലോകത്തെ നൂറ് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ ഒന്നുപോലും ഇന്ത്യയില്‍ നിന്നില്ല. 

ഇതിനേക്കാള്‍ കഷ്ടമാണ് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്റെ കാര്യം. ദാരിദ്ര്യരേഖ താഴ്ത്തി വരച്ച് വലിയൊരു വിഭാഗം ദരിദ്രരെ 'ധനികരാ'ക്കാനുള്ള പരിഹാസ്യമായ ശ്രമം കഴിഞ്ഞ സര്‍ക്കാറുകളുടെ കാലത്ത് നാം കണ്ടു. 'മുപ്പത്തിയഞ്ച് രൂപയുണ്ടെങ്കില്‍ നഗരത്തില്‍ ഒരു കുടുംബത്തിന് സുഖമായി കഴിയാം' പോലുള്ള കണക്കുകള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. മറ്റൊരു അടിസ്ഥാന പ്രശ്‌നമാണ് തൊഴിലില്ലായ്മ. നേരത്തെ കുടില്‍വ്യവസായങ്ങള്‍ വഴിയും ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ വഴിയും ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞിരുന്നു. കേന്ദ്രത്തിലെ മുന്‍ യു.പി.എ സര്‍ക്കാറും ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാറും പിന്തുടരുന്ന ആഗോളീകരണ നയങ്ങള്‍ ഇത്തരം ചെറുകിട മേഖലകളെയാകെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാനപ്പെട്ട മറ്റൊരു ആശ്രയം. കടക്കെണിയില്‍ കുരുങ്ങി കര്‍ഷക ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുമ്പോഴാണ് അവരുടെ ഭൂമി കൂടി പിടിച്ചെടുക്കാന്‍ മോദി ഗവണ്‍മെന്റ് പുതിയ ബില്ലുമായി വരുന്നത്. ചികില്‍സാ രംഗവും വിദേശ കുത്തക കമ്പനികള്‍ കൈയടക്കിയിരിക്കുന്നു. ഒട്ടുമിക്ക ചികിത്സകളും സാധാരണക്കാരന് അപ്രാപ്യമാണ്. 

ഇന്ത്യ വികസിത രാഷ്ട്രമാവണമെന്ന് സ്വപ്നം കാണുന്നവര്‍ ഈ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചേ പറ്റൂ. മുന്‍കാലങ്ങളില്‍ കുറച്ചൊക്കെ ഈ മേഖലകളില്‍ ശ്രമം നടന്നിരുന്നു. ഇപ്പോള്‍ സേവനമേഖലകളില്‍ നിന്ന് ഗവണ്‍മെന്റ് പൂര്‍ണമായി പിന്‍വാങ്ങുന്ന സ്ഥിതി വിശേഷമാണുള്ളത്. വികസനം എന്നാല്‍ കോടീശ്വരന്മാരെ സൃഷ്ടിക്കലല്ല. യഥാര്‍ഥത്തില്‍ ആ പണിയാണ് ഇപ്പോള്‍ വികസനത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത്. നൂറ് കോടീശ്വരന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായ ഒരുപാട് പേര്‍ ഇടം പിടിച്ചിട്ടുണ്ടാവും. പാര്‍ലമെന്റ് തന്നെ കോടീശ്വരന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ. വികസനത്തെക്കുറിച്ച ഈ തലതിരിഞ്ഞ കാഴ്ചപ്പാട് മാറ്റിയില്ലെങ്കില്‍, വികസിത ഇന്ത്യയെ സ്വപ്നം കാണുന്നതില്‍ യാതൊരു അര്‍ഥവുമില്ല 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍