Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

യസീദി പെണ്‍കുട്ടികള്‍ ഇറാഖില്‍ നിന്ന് ചില നേര്‍കാഴ്ചകള്‍

ഹകീം പെരുമ്പിലാവ് /കവര്‍‌സ്റ്റോറി

         മധ്യപൂര്‍വദേശത്തെ യസീദികള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പുതുവര്‍ഷവേള കൂടി നിറം മങ്ങി കടന്നു പോയി. യസീദികളുടെ പുതുവര്‍ഷം ചുകന്ന ബുധനാഴ്ച എന്നാണ് അറിയപ്പെടുന്നത്. സാധാരണ വാര്‍ഷിക ഉത്സവങ്ങളുടെ പുതുമയോ പൊലിമയോ ഇക്കുറിയും ഉണ്ടായില്ല. നൂറ്റാണ്ടുകളായി തെക്കന്‍ ഇറാഖില്‍ ജീവിച്ചുവരുന്ന മതന്യൂനപക്ഷമായ യസീദികള്‍ ഇന്ന് ഇറാഖിലും സിറിയയിലും തുര്‍ക്കിയിലുമായി പരന്നുകിടക്കുന്ന കുര്‍ദുകളോടൊപ്പവും  മറ്റു മത വിഭാഗങ്ങളോടൊപ്പവുമാണ് താമസം. പീഡനങ്ങളുടെയും ആട്ടിപ്പായിക്കലിന്റെയും ചുവന്ന ബുധനാഴ്ചയായിരുന്നു ഇത്തവണത്തേത്. ഏദന്‍ പൂന്തോപ്പിനോളം ഭംഗിയുണ്ടായിരുന്ന ഇറാഖിലെ യസീദികളുടെ നഗരങ്ങളിന്നു നരകതുല്യമായ അവസ്ഥയിലാണ്.

കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തിലെ വലിയ വാര്‍ത്താതരംഗമായിരുന്നു യസീദി പെണ്‍കുട്ടികള്‍. ഇറാഖിലെ ഐസിസി(ഇസ്‌ലാമിക് സ്റ്റേറ്റ്)ന്റെ സ്ത്രീവിരുദ്ധത ലോക ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കണ്ടെത്തിയ വഴികളില്‍ ഒന്നായിരുന്നു യസീദി പെണ്‍കുട്ടികള്‍. അത് വേണ്ടത്ര ആഘോഷിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങളായിരുന്നു. അതവരുടെ രാഷ്ട്രീയം. മാധ്യമങ്ങളോ ലോകത്തെ മനുഷ്യാവകാശ സംഘടനകളോ വേണ്ടപോലെ ഇവരുടെ സഹായത്തിനു എത്തിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യ അറബ് രാജ്യങ്ങളില്‍ ആയിരക്കണക്കിനു നിരപരാധികള്‍ ദിനേനയെന്നോണം കൊല്ലപ്പെടുന്നതിനാല്‍ അതൊരു തീരാ രോദനമായി തുടരുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. യസീദികളുടെ മാത്രം കണക്കെടുത്താല്‍ ഇറാഖില്‍ പതിനായിരത്തിലധികം യസീദികള്‍ കൊലചെയ്യപ്പെട്ടു. അതിലേറെ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. സ്ത്രീകളും കുട്ടികളും വൃദ്ധരും മര്‍ദിക്കപ്പെട്ടു. അമ്പതിനായിരത്തോളം പേരെ കാണാതായി. നൂറുകണക്കിനു പേരെ അടിമകളാക്കി. അവരുടെ വാസസ്ഥലങ്ങള്‍ക്ക് തീ വെച്ചു. അവരുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു. സ്‌കൂളുകളില്‍ പോയി ആണ്‍കുട്ടികളെ കൂട്ടക്കുരുതി നടത്തി. പെണ്‍കുട്ടികളെ അടിമച്ചന്തയില്‍ കൂട്ടത്തോടെ വില്‍പനക്ക് വെച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതു പോലെ പെണ്‍കുട്ടികളെ വില്‍ക്കുകയും അതിന്റെ വില വാങ്ങുകയും ചെയ്തു. അവരെ കൂട്ടത്തോടെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലും കുര്‍ദിസ്താനിലുമുള്ള ആശുപത്രികളിലേക്ക് കൊണ്ടുവന്നു ഭ്രൂണഹത്യക്ക് വിധേയരാക്കുന്നു. പതിനാലു വയസ്സിനു താഴെയുള്ള കുട്ടികളെ കൂട്ടത്തോടെ സിറിയയിലെ ഒളിത്താവളങ്ങളിലേക്ക് കടത്തുന്നു. 

ഇത് എന്നെങ്കിലും നടന്ന ഒരു സംഭവമല്ല. നിരന്തരമായി ഒരു സമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തമാണ്. ഇറാഖികള്‍ക്ക് ഇതൊന്നും ഇന്ന് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിം ലോകത്തെയും ഇകഴ്ത്താനുള്ള രാഷ്ട്രീയമായ ആയുധമായിട്ടാണ് അതിനെയും ഉപയോഗിക്കുന്നത്.

യസീദികളുടെ ചരിതം

പുരാതന മെസപ്പൊട്ടേമിയന്‍ നാഗരികതയില്‍ നിന്നാണ് യസീദികളുടെ ചരിത്രം ആരംഭിക്കുന്നത്. ഇറാഖ്, സിറിയ, തുര്‍ക്കി തുടങ്ങിയ ഇടങ്ങളിലാണ് ഭൂമിശാസ്ത്രപരമായി  യസീദികളുള്ളതെങ്കിലും ഇറാന്‍, ജോര്‍ജിയ, അര്‍മീനിയ എന്നിവിടങ്ങളിലും യസീദികള്‍ ജീവിക്കുന്നുണ്ട്. അധിനിവേശ ശക്തികള്‍ക്ക് യസീദികള്‍ എന്നും പല കാരണങ്ങളാല്‍ ഇരകളായിരുന്നു. ബ്രിട്ടീഷുകാര്‍, ഉഥ്മാനികള്‍, അറബികള്‍, തുര്‍ക്കികള്‍, സിറിയന്‍ ബാതിസ്റ്റുകള്‍ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളും ഭരണകൂടങ്ങളും യസീദികളുടെ മേല്‍ അധിനിവേശം നടത്തിയിട്ടുണ്ട്. ചരിത്രവായനയില്‍ ഓരോന്നിനും വ്യത്യസ്ത കാരണങ്ങള്‍ ഉണ്ടെങ്കിലും എല്ലാ അധിനിവേശങ്ങളും ഏറക്കുറെ സമാന സ്വഭാവത്തിലുള്ളതായിരുന്നു. ഏറ്റവും ഒടുവില്‍ അവര്‍ക്ക് മേല്‍ നായാട്ട് നടത്തുന്നത് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട എന്തിനും പോന്ന കുറെ നരാധമരും.

യസീദികള്‍ക്ക് ദൈവവിശ്വസമുണ്ടെങ്കിലും പിശാചാരാധകരായാണ് അവര്‍ അറിയപ്പെടുന്നത്. അതുതന്നെയാണ് ചരിത്രപരമായി അവര്‍ക്ക് മേല്‍ പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും. വംശീയമായി യസീദികള്‍ കുര്‍ദുകളാണെങ്കിലും ഇറാഖിലെ പ്രബല വിഭാഗങ്ങളായ ശീഈകളും സുന്നികളും കുര്‍ദുകളും വിശ്വാസപരമായി യസീദികളോടു ചേരുകയില്ല. അനുഷ്ഠാനപരമായി ഇസ്‌ലാമികമായ ആചാരങ്ങളാണ്  പിന്തുടരുന്നതെങ്കിലും വലിയ പിഴവുകള്‍ സംഭവിച്ചിരിക്കുന്നു എന്ന കാരണത്താല്‍ അവരെ മുസ്‌ലിംകളായി അംഗീകരിക്കാന്‍ സുന്നികളും ശീഈകളും തയാറല്ല. ഇവര്‍ സ്വയം അറബികളെന്നോ കുര്‍ദുകളെന്നോ വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. യസീദികള്‍ എന്നറിയപ്പെടാനാണ് അവര്‍ക്കിഷ്ടം. എന്നാല്‍ ചരിത്രത്തിലെ പ്രവാചക പിന്തുടര്‍ച്ചക്കാരിലെ പ്രമുഖനായ, അറബ് പാരമ്പര്യമവകാശപ്പെടുന്ന യസീദ് ബിന്‍ മുആവിയയിലേക്കാണ് തങ്ങളെ ചേര്‍ക്കേണ്ടത് (അതിനുള്ള തെളിവുകള്‍ക്ക് അത്ര ശക്തിയില്ലെങ്കിലും) എന്ന് വാദിക്കുന്ന ഒരു വിഭാഗവും ഇക്കൂട്ടരിലുണ്ട്.

പിശാചാരാധനയുടെ പൊരുള്‍

വിശ്വാസം കൊണ്ട് പിശാചാരാധകരായിട്ടാണ് യസീദികള്‍ പൊതുവെ അറിയപ്പെടുന്നത്. തങ്ങള്‍ പിശാചാരാധകരല്ലെന്നും അതൊരു മിഥ്യാധാരണയാണെന്നുമാണ് യസീദികളില്‍ ഭൂരിഭാഗവും അവകാശപ്പെടുന്നത്. ബാഹ്യമായ പല സ്വാധീനങ്ങളും അവരുടെ ആരാധനകളില്‍ കടന്നുകയറിയിട്ടുണ്ട്. അവരുടെ വിശ്വാസ പ്രകാരം ഏഴു മലക്കുകളിലൂടെയാണ് ദൈവം ഭരണം നടത്തുന്നത്. മാലിക് താവൂസു (മയില്‍ ദേവത) ആണ് അതില്‍ പ്രധാനി. ഈ രാജാവിന് ദൈവത്തെ ധിക്കരിക്കാന്‍ പോലും അര്‍ഹതയുണ്ട്. മനുഷ്യ നന്മക്ക് വേണ്ടി ദൈവത്തെ ധിക്കരിക്കുന്നത് ദൈവം വിട്ടുവീഴ്ച ചെയ്യുമെന്നതിനാല്‍ അത് ധിക്കാരമായി ഗണിക്കാനാവില്ല എന്നാണ് വിശ്വാസം. എന്നാല്‍ മലക്കുകളിലെ പ്രധാനി തന്നെ പിശാചിന്റെ പ്രേരണക്ക് വിധേയമായതിനാല്‍ അവര്‍ ആരാധിക്കുന്നത് പിശാചിനെയാണ് എന്ന ധാരണ പിന്നീട് ബലപ്പെട്ടു. വിശ്വാസപരമായി പിശാച് അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാവുന്നത് ഇങ്ങനെയാണ്. മലക്കുകളോടുള്ള ആരാധന ക്രമേണ അഗ്നിയോടും മറ്റുമെല്ലാമായി മാറിയിട്ടുണ്ട്. ശീഈകളിലെ അതിരുവിട്ട ചില വിഭാഗങ്ങളുടെ ആരാധനയും ഇവരുടെ വിശ്വാസത്തോട് ചേരുന്നുണ്ട്. ആത്യന്തികമായി ഇസ്‌ലാമിക സമൂഹം എന്ന വിശാല വൃത്തത്തില്‍ തങ്ങളും ഉണ്ട് എന്നാണ് യസീദുകളുടെ അവകാശവാദം.   

അമേരിക്കന്‍ അധിനിവേശത്തിനു ന്യായം

2007-ല്‍ അല്‍ഖാഇദയുടെ ആക്രമണത്തില്‍ ഏതാണ്ട് എണ്ണൂറോളം യസീദികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. അവര്‍ പിശാചാരാധകരാണ് എന്നാണു അന്ന് കൂട്ടകൊലക്ക് നിരത്തിയ ന്യായം. അത് ഒരു പാശ്ചാത്യ സ്‌പോണ്‍സേര്‍ഡ് കൂട്ടക്കുരുതിയായിരുന്നുവെന്നു കാലം തെളിയിച്ചു. പ്രത്യയശാസ്ത്രപരമായി ഇറാഖ് അധിനിവേശത്തിനു ന്യായം കണ്ടെത്തുകയായിരുന്നു അമേരിക്ക. അധിനിവേശത്തിനു ഇറാഖിലെ തന്നെ രണ്ടു പ്രധാന വംശജരായ കുര്‍ദുകളെയും യസീദികളെയും  കൂടെ നിര്‍ത്തുകയെന്ന തന്ത്രം പയറ്റുകയായിരുന്നു അമേരിക്ക. പക്ഷേ യസീദികളുടെ ദുരവസ്ഥയും പര്യവസാനവും ഇങ്ങനെയാവുമെന്ന്  ആരും കരുതിയിട്ടൂണ്ടാവില്ല.

കഴിഞ്ഞ എട്ടു വര്‍ഷമായി യസീദികള്‍ വലിയ ദുരിതത്തിലാണ്. ഏതാണ്ട് ഏഴു ലക്ഷത്തോളം വരുന്ന യസീദികളില്‍ അഞ്ചു ലക്ഷം യസീദികള്‍ തെക്കന്‍ ഇറാഖിനോട് ചേര്‍ന്ന് കഴിയുന്നുണ്ടായിരുന്നു. ഐസിസ് ആക്രമണത്തിനിരയായ രണ്ടു ലക്ഷത്തോളം പേരാണ് വീടും കുടുംബവും ഉപേക്ഷിച്ച് നാടുവിട്ടത്. താമസയിടങ്ങള്‍ ഉപേക്ഷിച്ച് നാടുവിട്ടവരില്‍ ഭൂരിഭാഗവും ഇറാഖിലും അയല്‍ പ്രദേശങ്ങളിലും അഭയാര്‍ഥികളായി കഴിയുന്നുണ്ട്. രണ്ടായിരത്തിലധികം കുഞ്ഞുങ്ങള്‍ അതിലുണ്ട്. അര ലക്ഷത്തിലധികം പേര്‍ എവിടെയാണെന്ന് യാതൊരു വിവരവുമില്ല. കുര്‍ദ് മേഖലയിലാണ് അഭയാര്‍ഥി ക്യാമ്പുകള്‍ അധികവുമുള്ളത്. ഈ ക്യാമ്പുകളിലെ അവസ്ഥ പരിതാപകരമാണ്. സാമ്പത്തികമായി മെച്ചമല്ലാത്ത കുര്‍ദിസ്താനില്‍ അന്താരാഷ്ട്ര സഹായത്തോടെയും യു.എന്‍ രക്ഷാകര്‍തൃത്വത്തിലുമാണ് ക്യാമ്പുകള്‍ നടക്കുന്നതെങ്കിലും പല കാരണങ്ങളാല്‍ ക്യാമ്പുകള്‍ ദുരിതജീവിതമാണ് സമ്മാനിക്കുന്നത്. അഭയാര്‍ഥികളായി വന്നവരില്‍ പലരും ജോലിതേടി നഗരപ്രദേശങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. കുറഞ്ഞ വേതനത്തില്‍ അവര്‍ പലയിടങ്ങളിലും ജോലി ചെയ്യുന്നു. ഇറാഖിലും സിറിയയിലും തുര്‍ക്കിയിലും ഭിക്ഷാടനത്തിന് വ്യാപകമായി യസീദി കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും,  ലൈംഗിക അടിമവൃത്തിക്കായി യസീദി പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ലോക മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഐസിസ് ക്രൂരതകള്‍ സഹിക്കാനാവാതെ നൂറുകണക്കിന് പെണ്‍കുട്ടികളും അമ്മമാരും ആത്മഹത്യ ചെയ്യേണ്ടിവന്നു. 

യസീദി പ്രദേശങ്ങള്‍ ഐസിസ് താവളങ്ങള്‍

ഇറാഖി യസീദികളുടെ പ്രധാന കേന്ദ്രം സിന്‍ജാര്‍ പ്രദേശവും അവിടെയുള്ള ലാലിഷ് എന്നറിയപ്പെടുന്ന അമ്പല (ആരാധനാലയ)വുമാണ്. ശിന്‍ഗാല്‍ അതിനടുത്ത പ്രദേശമാണ്. ഏദന്‍ തോട്ടത്തെ പോലെ സൗന്ദര്യമുള്ള പ്രദേശങ്ങളായിരുന്നു ഇവയെന്ന് ആ നാട്ടുകാര്‍ പറയുന്നു. പക്ഷേ ഇന്നത് പച്ചക്കരളുള്ള ഒരു മനുഷ്യനും കടന്നു ചെല്ലാന്‍ ആഗ്രഹിക്കാത്ത നരകമായി മാറിയിരുക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ക്രൂരമായ വിനോദങ്ങള്‍ ഇന്നും നിര്‍ബാധം തുടരുന്ന ഒരിടം. സദ്ദാം ഹുസൈന്റെ ക്രൂരമായ ഭരണം സഹിക്കവയ്യാതെ അമേരിക്കന്‍ അധിനിവേശത്തെ ഏറ്റവും അധികം സ്വാഗതം ചെയ്തവരാണ് യസീദികളും കുര്‍ദുകളും. എന്നാല്‍, കുര്‍ദുകള്‍ രക്ഷപ്പെടുകയും യസീദികള്‍ വീണ്ടും ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുകയുമാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐസിസിന്റെ താവളങ്ങളാണ് സിന്‍ജാര്‍, ശിമ്ഗാല്‍ എന്നീ പ്രദേശങ്ങള്‍. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അവരുടെ നരനായാട്ട്. കുറെ കാലം മാധ്യമങ്ങളൊന്നും ഇത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. 2014 ഒക്‌ടോബറിലാണ് ഐസിസ് കുരുക്കിലകപ്പെട്ട പതിനായിരക്കണക്കിന് യസീദികളെ കുറിച്ച വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്.

എന്തുകൊണ്ട് ഇരകളാകുന്നു?

എന്തുകൊണ്ട് യസീദികള്‍ എന്നും ഇരകളാകുന്നു? ഇറാഖിന്റെ മറ്റേത് ഭാഗത്തേക്ക് കടക്കുന്നതിനേക്കാള്‍ എളുപ്പമാണ് യസീദികളുടെ പ്രദേശത്തേക്ക് കടക്കുന്നത്. ഒന്നാമതായി, അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ കാര്യമായി ആരുമുണ്ടാവില്ല. രണ്ടാമതായി, വിഭാഗീയത ഉയര്‍ത്തി കാര്യലാഭം നേടുക എളുപ്പവുമാണ്. 

യസീദികളുടെ പ്രദേശങ്ങള്‍ അര്‍ധ സ്വതന്ത്ര കുര്‍ദിസ്താന്റെ ഭാഗമാണ്. എന്നാല്‍, എഴുപതുകളിലും എണ്‍പതുകളിലും ഇറാഖി ഭരണകൂടം യസീദികള്‍ അറബ് ജനതയോടാണ് ചേരേണ്ടത് എന്ന് പറഞ്ഞു അവര്‍ക്കെതിരെ പീഡനങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ടത് അധികവും സദ്ദാമിന്റെ കാലത്തായിരുന്നു. ഇന്ന് ഇറാഖില്‍ സ്വതന്ത്ര കുര്‍ദിസ്താന്‍ വാദം പുകയുമ്പോഴും യസീദികളെ കൂടെ നിര്‍ത്തണമോ എന്ന വിഷയത്തില്‍ വലിയ തര്‍ക്കമാണ് നടക്കുന്നത്. യസീദികളില്‍ ബഗ്ദാദ് കേന്ദ്രീകരിച്ച ഇറാഖി അറബികള്‍ക്കും  എര്‍ബില്‍ കേന്ദ്രീകരിച്ച കുര്‍ദുകള്‍ക്കും വലിയ താല്‍പര്യമില്ലെങ്കിലും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ മുതലെടുപ്പിന് വേണ്ടി ഇരുകൂട്ടരും അവരുടെ കൂടെ നിര്‍ത്താന്‍ തയാറാണ്. ഇറാഖില്‍ വര്‍ത്തമാനവും ഭാവിയും അപകടത്തിലായ മത ന്യൂനപക്ഷമായി മാറിയ യസീദികള്‍ യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ശക്തമായി ഇടപെടാതിരിക്കുന്നത്  കൊണ്ട് ഉന്മൂലനാശം നേരിടുകയാണ്. ഇറാഖി ഭരണകൂടത്തിനും പാശ്ചാത്യരുടെ കാല്‍കീഴില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുന്ന കുര്‍ദിസ്താനും ഈ ജനസമൂഹത്തെ സംരക്ഷിക്കുമോ? 

(കുര്‍ദിസ്താനിലെ എര്‍ബിലില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍