Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ജീവിതമാകുന്ന കച്ചവടം

അബ്ദുസ്സമദ് കൂട്ടിലങ്ങാടി /ചിന്താവിഷയം

         ഈ ലോക ജീവിതം ഒരു കച്ചവടം പോലെയാണ്. ഒരാള്‍ കച്ചവടം തുടങ്ങുന്നത് ഒരു തരത്തിലുള്ള ആസൂത്രണവുമില്ലാതെ, മുന്നൊരുക്കങ്ങള്‍ നടത്താതെയാണെങ്കില്‍ ആ കച്ചവടം വിജയത്തിലെത്തുമെന്ന് ആരും പ്രതീക്ഷിക്കുകയില്ല. കച്ചവടത്തിന് മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും വളരെ അത്യാവശ്യമാണ്.

ജീവിതത്തെ കച്ചവടത്തോടാണ് അല്ലാഹു ഉപമിച്ചിരിക്കുന്നത്. പരലോകത്ത് പരമാവധി ലാഭം കൊയ്യാനുള്ള കച്ചവടമാണ് ഇഹലോക ജീവിതം. വളരെ അത്ഭുതകരമായ കച്ചവടമായിട്ടാണ് അല്ലാഹു ജീവിതത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്.

സത്യവിശ്വാസികള്‍ അവരുടെ സമ്പത്തും ശരീരവും, സ്വര്‍ഗം നല്‍കാമെന്ന വാഗ്ദാനത്തില്‍ അല്ലാഹുവിന് വിറ്റിരിക്കുന്നു എന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ ഈ സമ്പത്തും ശരീരവും അല്ലാഹു തന്നെ നല്‍കിയതാണ്. അവന്‍ തന്നെ നല്‍കിയ സമ്പത്തും ശരീരവും അല്ലാഹു പറയുന്നതുപോലെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഏറ്റവും മഹത്തരമായ സ്വര്‍ഗം എന്ന പ്രതിഫലമാണ് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ സത്യവിശ്വാസികള്‍ക്ക് ഈ കച്ചവടം ഏറെ ലാഭകരമാണ്. 

''യാഥാര്‍ഥ്യമിതാകുന്നു. അല്ലാഹു വിശ്വാസികളില്‍ നിന്ന് അവരുടെ ദേഹവും ധനവും സ്വര്‍ഗത്തിന് പകരമായി വിലയ്ക്ക് വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു.'' (9:111)

ഇഹലോക ജീവിതമാകുന്ന ഈ കച്ചവടം വളരെ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ, ഉത്തരവാദിത്ത ബോധത്തോടെ ചെയ്താല്‍ മാത്രമേ നമുക്ക് പരലോകത്ത് ലാഭം നേടാന്‍ സാധ്യമാകൂ.

ഖുര്‍ആന്‍ ഹൃദയാവര്‍ജകമായി ചോദിക്കുന്നുണ്ടല്ലോ.. ''വേദനാജനകമായ ശിക്ഷയില്‍ നിന്ന് മോചനം നല്‍കുന്ന ഒരു കച്ചവടത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകുയം ദൈവമാര്‍ഗത്തില്‍ സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയെന്നതത്രെ അത്.'' (61:10,11). ഈ കച്ചവടമാണ് നമ്മെ നരക ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്. ഈ കച്ചവടത്തിലൂടെ നമുക്ക് ലഭ്യമാകുന്ന മഹത്തായ ലാഭം ശാശ്വതമായ സ്വര്‍ഗീയ ജീവിതമാകുന്നു. ജീവിതമാകുന്ന ഈ കച്ചവടം വേണ്ടത്ര ശ്രദ്ധയില്ലാതെയും സൂക്ഷ്മതയില്ലാതെയുമാണ് ചെയ്തു കൂട്ടുന്നതെങ്കിലോ? മഹാ നഷ്ടമാവും ഫലം. കച്ചവടത്തിനിറക്കിയ പണം കൊണ്ട് ധൂര്‍ത്ത് കാണിച്ചാല്‍ താല്‍ക്കാലികമായ ചില ആനന്ദങ്ങളുണ്ടായേക്കാമെങ്കിലും കച്ചവടം തകര്‍ന്നു പോകുമെന്ന് ഉറപ്പ്. ജീവിതമാകുന്ന ഈ കച്ചവടം സൂക്ഷ്മതയോടെ നടത്തിക്കൊണ്ടു പോയില്ലെങ്കില്‍ പരലോകത്ത് മഹാനഷ്ടം അനുഭവിക്കേണ്ടി വരും.

വിശ്വാസ ദൗര്‍ബല്യമുള്ള കപട വിശ്വാസികളെക്കുറിച്ച് ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നത് കാണുക.

''അവരുടെ മനസ്സുകളില്‍ ഒരു വ്യാധിയുണ്ട്. അല്ലാഹു അതിനെ കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുന്നു. കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നതിന് അവര്‍ക്ക് നോവുന്ന ശിക്ഷയാണുള്ളത്. ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍ എന്ന് അവരോട് പറയുമ്പോള്‍ 'ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാകുന്നു' എന്ന് അവര്‍ മറുപടി പറയുന്നു. അറിയുക, അവര്‍ തന്നെയാണ് നാശകാരികള്‍. പക്ഷെ അവരത് മനസ്സിലാക്കുന്നില്ല. മറ്റു ജനങ്ങള്‍ വിശ്വസിക്കുന്നതുപോലെ നിങ്ങളും വിശ്വസിക്കുവിന്‍ എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നു: 'മടയന്മാര്‍ വിശ്വസിക്കുന്നതുപോലെ ഞങ്ങള്‍ വിശ്വസിക്കുകയോ?' സത്യത്തില്‍ അവര്‍ തന്നെയാണ് മടയന്മാര്‍. വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.' തങ്ങളുടെ സാത്താന്മാരുമായി തനിച്ചാവുമ്പോള്‍ അവര്‍ പറയും: 'വാസ്തവത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. അക്കൂട്ടരെ പരിഹസിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്.' അല്ലാഹു അവരെയാകുന്നു പരിഹസിക്കുന്നത്. അതിക്രമത്തില്‍ അന്ധമായി വിഹരിക്കുന്നതിന് അല്ലാഹു അവരെ കയറൂരി വിടുകയും ചെയ്തിരിക്കുന്നു. സന്മാര്‍ഗം കൊടുത്ത് ദുര്‍മാര്‍ഗം വാങ്ങിച്ചവരത്രേ അവര്‍. അതിനാല്‍ അവരുടെ കച്ചവടം ഒട്ടും ലാഭകരമായില്ല. അവര്‍ ഒരിക്കലും ശരിയായ സരണിയിലായതുമില്ല.'' (2:10-16).

മനുഷ്യന്‍ പലവട്ടം ചിന്തിക്കേണ്ട ഒരു സംഗതിയാണിത്. എന്തിന് നഷ്ടക്കച്ചവടത്തിനു മുതിരണം? നമ്മുടെ വിഭവങ്ങള്‍ എന്തിനു നാം തന്നെ പാഴാക്കിക്കളയണം? എന്തു നെറികേടും കാണിച്ച് ഐഹിക ജീവിതത്തില്‍ വാരിക്കൂട്ടുന്നവന്‍ വിചാരിക്കുന്നു, അവന്‍ വലിയ ബുദ്ധിമാനും സമര്‍ഥനുമാണെന്ന്. യഥാര്‍ഥത്തില്‍ അത്തരം ആളുകളെ അല്ലാഹു പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ഈ ഐഹിക ജീവിത്തിന്റെ മതിമറിച്ചിലില്‍ എത്രവരെ പോകുമെന്ന് നോക്കിക്കൊണ്ട് അവരെകയറൂരി വിടുകയാണ് പടച്ചവന്‍ ചെയ്യുന്നത്. 

സത്യവിശ്വാസിയുടെ കാര്യം അത്ഭുതമാണെന്ന് പറയുന്നതും അതുകൊണ്ടു തന്നെയാണ്. ഈ ലോകത്ത് ദൈവിക മാര്‍ഗത്തിലുള്ള സന്തോഷവും സന്താപവും പരലോകത്ത് അവന് ഗുണകരമായിരിക്കും. സത്യനിഷേധിക്ക് ഇവിടത്തെ ദുഃഖവും സന്തോഷവും ഒരുപോലെ പരലോകത്ത് ദുഃഖഹേതുകമായിത്തീരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍