Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

അവരെ ദേശസ്‌നേഹം ആരും പഠിപ്പിക്കേണ്ടതില്ല

ജമാല്‍ ഇരിങ്ങല്‍ /ലേഖനം

        വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കടന്നുപോയി. നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് നീണ്ട 67 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര ഭാരതത്തില്‍ ഭരണം കൈയാളിയിരുന്നത് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളായിരുന്നു. ഇവരൊക്കെയും കാലാകാലങ്ങളില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്ന് വേണ്ടി അഹോരാത്രം പണിയെടുത്ത സമരസേനാനികളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോന്നിട്ടുണ്ട്്. എന്നാല്‍ അര്‍ഹരായ എല്ലാവര്‍ക്കും ഈ പരിഗണന കിട്ടിയിട്ടുണ്ടോ? പല സ്വാതന്ത്ര്യ സമര സേനാനികളും തങ്ങള്‍ക്ക് സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ അനുവദിച്ചുകിട്ടാനായി നിരന്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ മരണം വരിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കും തങ്ങളുടെ കുടുംബത്തിനും വേണ്ടി ജീവിക്കാനും സമ്പാദിക്കാനും വേണ്ടിയുള്ള സമയമത്രയും പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു അവര്‍. അതില്‍ പലരും നാടും വീടും വിട്ട് ഒളിവില്‍ കഴിഞ്ഞവരോ അല്ലെങ്കില്‍ ജയിലറകളിലും പോലീസ് കസ്റ്റഡിയിലും ബ്രിട്ടീഷ് മേധാവിത്വത്തിന്റെ കൊടിയ പീഡനത്തിന് വിധേയമായവരോ ആയിരുന്നു. 

സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് ഇവിടത്തെ എല്ലാ വിഭാഗങ്ങളെയും പോലെ മുസ്‌ലിംകളും എടുത്തുചാടിയിരുന്നു. സര്‍വലോക രക്ഷിതാവിന്റെ മുമ്പില്‍ അല്ലാതെ തങ്ങളുടെ തലകള്‍ ആരുടെ മുന്നിലും കുനിയാവതല്ല എന്ന മതനിര്‍ദേശം ഉള്‍ക്കൊള്ളുന്നവര്‍ എന്നത് കൊണ്ടായിരിക്കാം, മുസ്‌ലിംകള്‍ ഈ രംഗത്ത് മറ്റാരേക്കാളും ഒരു പടി മുന്നില്‍ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് പലര്‍ക്കും മുസ്‌ലിംകളുടെ രാജ്യസ്‌നേഹവും ദേശക്കൂറും ചോദ്യം ചെയ്യുന്നതിന് വലിയ ഉല്‍സാഹമാണ്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഇല്ലാക്കഥകള്‍ കെട്ടിയുണ്ടാക്കി നിരവധി മുസ്‌ലിം ചെറുപ്പക്കാരെയാണ് സ്വതന്ത്ര ഭാരതത്തിലെ വിവിധ ജയിലറകളില്‍ കൊടിയ മര്‍ദനത്തിനും പീഡനത്തിനും വിധേയരാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന ബോംബ്‌സ്‌േഫാടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിറകില്‍ കൃത്യമായ തിരക്കഥകള്‍ അധികാരികള്‍ തന്നെ മെനഞ്ഞുണ്ടാക്കുകയും മുന്‍തീരുമാന പ്രകാരം അറസ്റ്റുകള്‍ നടക്കുകയും ചെയ്യുന്നു. പിന്നീട് ടാഡയും പോട്ടയും ഊപയും അവര്‍ക്ക് മേല്‍ ചുമത്തുകയായി. 

ഒരാള്‍ ഇപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നതോട് കൂടി അയാളുടെ കുടുംബമാണ് തകര്‍ന്നുപോവുന്നത്. നാട്ടില്‍ അവര്‍ ഒറ്റപ്പെടുകയും, ഭീകരവാദിയുടെ കുടുംബം എന്ന നിലയില്‍ അപ്രഖ്യാപിത ഊരുവിലക്കിന് വിധേയമാവുകയും ചെയ്യുന്നു. ആ കുടുംബത്തിലെ യുവതീയുവാക്കള്‍ക്ക് നല്ല കല്യാണാലോചന പോലും വരാതെയാവുന്നു. ഗത്യന്തരമില്ലാതെ സ്വന്തം നാട്ടില്‍ നിന്ന് ഉള്ളതെല്ലാം വിററുപെറുക്കി മറ്റൊരു നാട്ടിലേക്ക് പോയാലും വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. കാരണം അപ്പോഴേക്കും നമ്മുടെ ജനാധിപത്യത്തിന്റെ നാലാം തൂണായ മീഡിയ അവരെ ആഘോഷിച്ചുകഴിഞ്ഞിരിക്കുമെന്നതിനാല്‍ ആ കുടുംബത്തിലെ പിഞ്ചുപൈതങ്ങളുടെ മുഖം പോലും ഏത് നാട്ടുകാര്‍ക്കും സുപരിചിതമായി കഴിഞ്ഞിട്ടുണ്ടാവും. 

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമായിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥകള്‍ വെച്ച് കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അങ്ങനെയല്ല എന്ന് തോന്നിപ്പോവുകയാണ്. ഏററവും ഒടുവിലായി ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ ദു:ഖകരമായ സംഭവവികാസങ്ങളും യാഖൂബ് മേമന്റെ വധശിക്ഷയും നമ്മോട് പറഞ്ഞുതരുന്നതും അതു തന്നെയാണ്. 

രാഷ്ട്ര പിതാവിനെ കൊന്ന്തള്ളുകയും രാജ്യത്ത് നിരവധി ഭീകര കലാപങ്ങള്‍ക്കും വംശീയ ഉന്‍മൂലനത്തിനും നേതൃത്വം കൊടുക്കുകയും ചെയ്ത ഭീകരവാദികളുടെ പിന്‍മുറക്കാരില്‍ ചിലരാണ് ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ ഏതാണ്ട് എല്ലാ മേഖലയും കൃത്യവും സൂക്ഷ്മവുമായി വര്‍ഗീയവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂടം തങ്ങളുടെ താല്‍പര്യങ്ങള്‍ എല്ലാ മേഖലയിലും അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നു. ഭരണതലത്തിലും സിവിലിയന്‍ തലങ്ങളിലും ഇത് നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഇവിടുത്തെ ഓരോ പൗരനും വകവെച്ച് നല്‍കിയ അവകാശങ്ങളുടെ നഗ്‌നമായ ലംഘനങ്ങളാണ് രാജ്യത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. പൗരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അടിക്കടി ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൗരന്മാരുടെ തികച്ചും വ്യക്തിപരമെന്ന് പറയാവുന്ന സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്താനുള്ള സംവിധാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

മുസ്‌ലിംകളെ അരക്ഷിതാവാസ്ഥയിലാക്കാനും അവരുടെ മനസ്സുകളെ വേദനിപ്പിക്കാനും പൗരന്റെ അവസാന ആശ്രയമായ ജുഡീഷ്യറി പോലും മുന്നോട്ട് വരുന്നതായാണ് അനുഭവങ്ങള്‍. തിരക്ക് പിടിച്ച് നടത്തിയ യാഖൂബ് മേമന്റെ  വധശിക്ഷയും, ശിരോവസ്ത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രസ്താവനയുമൊക്കെ കൃത്യമായ സൂചനകളാണ്. മുമ്പ് പരിചയമില്ലാത്ത ഒരു പുതിയ സംജ്ഞ കോടതി നമുക്ക് പഠിപ്പിച്ചുതന്നിരിക്കുന്നു; 'പൊതുബോധത്തെ തൃപ്തിപ്പെടുത്തുക'. രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ മഹാനായ അബ്ദുല്‍ കലാമിന്റെ ഖബ്‌റടക്കം നടക്കുന്ന അന്ന് തന്നെ യാഖൂബ് മേമനെ വധശിക്ഷക്ക് വിധേയമാക്കിയതിന് പിന്നിലും കൃത്യമായ അജണ്ടകള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കാനുള്ള അവകാശം പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണിന്ന്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലാതായിക്കൊണ്ടിരിക്കുന്നു. ടീസ്റ്റ സെറ്റില്‍വാദിനോടുള്ള പ്രതികാര നടപടികള്‍ ഉദാഹരണം. 

മുസ്‌ലിംകളെ രാജ്യസ്‌നേഹം ആരും പഠിപ്പിക്കേണ്ടതില്ല. കാരണം അവര്‍ രാജ്യസ്‌നേഹമെന്നത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരാണ്. അത്‌കൊണ്ടാണ് പിറന്ന നാടിന് വേണ്ടി എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് അവര്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടിയത്. മലബാറിലും രാജ്യത്തുടനീളവും അവര്‍ നേതൃപരമായി തന്നെ ഈ സമരത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറക്ക് അവരില്‍ പലരെയും ഇന്നറിയില്ല.

നവാബ് ഹൈദര്‍ അലി ഖാന്‍ (1721-1782), മിര്‍സാ മുഹമ്മദ് സിറാജുദ്ദൗല (1733-1752), ഫത്തേഹ് അലി ഖാന്‍ ടിപ്പു സുല്‍ത്താന്‍ (1750-1799), മിര്‍സാ അബുസ്‌സഫര്‍ സിറാജുദ്ദീന്‍ മുഹമ്മദ് ബഹാദുര്‍ ഷാ സഫര്‍ (1775-1862), ബക്ത് ഖാന്‍ (1797-1859), സര്‍ സയ്യിദ് അഹ്മദ് ഖാന്‍ (1817-1898), ബീഗം ഹസ്‌റത് മഹല്‍ (1820-1879), ഖാന്‍ ബഹാദൂര്‍ ഖാന്‍ (1823-1862), ബദറുദ്ദീന്‍ ത്വയ്യിബ്ജി (1844-1906), അബ്ബാസ് ത്വയ്യിബ്ജി (1854-1936), മൗലാനാ മസാഹിറുല്‍ ഹഖ് (1866-1930), ഹഖീം അജ്മല്‍ ഖാന്‍ (1868-1927), ഉബൈദുല്ലാ സിന്ധി (1872-1944), മൗലാനാ ഷൗക്കത്തലി (1873-1939), വക്കം അബ്ദുല്‍ ഖാദര്‍(1873-1932), ഹസ്‌റത് മോഹന്‍ജി (1875-1951), അല്ലാമാ ഇഖ്ബാല്‍(1877-1938), മുഹമ്മദലി ജൗഹര്‍ (1878-1931), മൗലാനാ അഹ്മദ് മദനി (1879-1957), മുഖ്താര്‍ അഹ്മദ് അന്‍സാരി (1880-1927), അബ്ദുല്‍ മജീദ് ഖാജ(1885-1962), ബീഗം സീനത്ത് മഹല്‍ (1886-1823), അബുല്‍ കലാം ആസാദ്  (1888-1958), ആസഫ് അലി (1888-1953), സൈഫുദ്ദീന്‍ കിച്ച്‌ലി (1888-1963), ഇനായത്തുല്ല ഖാന്‍ മശ്‌രിഖി (1888-1963), ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ (1890-1988), സയ്യിദ് അതാഉല്ലാഹ് ഷാബുഖാരി (1892-1961), പ്രഫസര്‍ അബ്ദുല്‍ ബാരി (1892-1947), സിക്കന്ദര്‍ ഹയാത്ത് ഖാന്‍(1892-1942), റാഫി അഹ്മദ് കിദ്‌വായി (1894-1954), ഡോ. സാക്കിര്‍ ഹുസൈന്‍ (1897-1969), അഷ്ഫാഖുല്ലാ ഖാന്‍ (1900-1927), മഹ്ഫൂറ അഹ്മദ് അജാസി (1900-1973), ഫക്രുദ്ദീന്‍ അലി അഹ്മദ് (1905-1977). 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചവരില്‍ ഏതാനും ചില പേരുകളാണ് ഇവ. കൂടാതെ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വൈദേശികാധിപത്യത്തിനെതിരെ ഉജ്ജ്വല പോരാട്ടം നടത്തിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും ലവക്കുട്ടിയും ചേറൂര്‍ ശുഹദാക്കളുമൊക്കെ ചരിത്രത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തവരാണ്. ഇവരെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഇനിയും നടന്നിട്ട് വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍