Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ശീലങ്ങളെ നല്ല ശീലങ്ങളാക്കാം

ശൈഖ് സല്‍മാനുല്‍ ഔദ /ലേഖനം

         നിയമങ്ങളേക്കാള്‍ ശക്തമാണ് ശീലങ്ങള്‍. നിയമം നമ്മെ അനുസരിപ്പിക്കുന്നതിനേക്കാള്‍ ശീലം നമ്മെ അനുസരിപ്പിക്കും. ചില നിയതമായ രീതികളിലൂടെ നമ്മുടെ ശീലങ്ങള്‍ അത് ചെയ്യാന്‍ നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒഴിവു ദിവസങ്ങളില്‍ നാം ഏറ്റവും ഉത്തരവാദിത്തരഹിതമായിരിക്കാന്‍ കാരണം അതാണ്. ചില നിയമിതമായ രീതികളിലുടെ ഒരാള്‍ പ്രവര്‍ത്തിക്കുന്നത്, അങ്ങനെ ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ തന്നെ അംഗീകരിക്കുമോ എന്ന ഭയത്തില്‍ നിന്നാണ്. അല്ലെങ്കില്‍ തന്റെ പ്രതിച്ഛായ അങ്ങനെത്തന്നെ നില നിര്‍ത്തുന്നതിനു വേണ്ടിയാണ്.  

ശീലങ്ങള്‍ പലപ്പോഴും നമ്മുടെ ശരീരത്തിലെ ഒരവയവം പോലെ അവിഭാജ്യഘടകമായി മാറാറുണ്ട്. അതിനെ ഒഴിവാക്കാനോ അവഗണിക്കാനോ കഴിയാത്ത വിധം അത് നമ്മുടെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. 

തത്ത്വചിന്തകനായ ദക്കാര്‍ത്ത് ശീലങ്ങളെ ഒരു മാനസിക പ്രതിഭാസമായിട്ടാണ് പരിചയപ്പെടുത്തുന്നത്. ഒരു ഷര്‍ട്ടോ, ബെഡ്ഷീറ്റോ, പേപ്പറോ മടക്കുമ്പോള്‍ അതിന്റെ പാടുകള്‍ അതില്‍ നിലനില്‍ക്കുന്നതു പോലെ ശീലങ്ങള്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞു കിടക്കും. 

നമ്മുടെ ശീലങ്ങളെ ഒരു ക്ലോക്കിനോട് ഉപമിക്കാം. സമയം അറിയിക്കാനാണ് ക്ലോക്ക്. ആവശ്യമായി വരുമ്പോഴെല്ലാം ആളുകള്‍ അതിനെ അവലംബിക്കുന്നു. ശീലങ്ങളും അങ്ങനെത്തന്നെയാണ്. നാം ബോധപൂര്‍വം നിര്‍മ്മിച്ചു വച്ചിരിക്കുന്ന ഒന്നായിട്ടാണ് ശീലങ്ങള്‍ നമ്മില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുക. പിന്നീട് ആ ശീലങ്ങള്‍ തന്നെ നമ്മെ പുനര്‍നിര്‍മിക്കും. 

ശീലങ്ങള്‍ വളരെ ലളിതമായാണ് തുടങ്ങുന്നത്. എന്നാല്‍ പിന്നീട് അത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീരുന്നു. പുകവലിയോ മയക്കു മരുന്നുപയോഗമോ തുടങ്ങുന്നവര്‍ക്ക് ആദ്യ ഉപയോഗത്തില്‍ ദോഷമുണ്ടായെന്ന് വരില്ല. എന്നാല്‍ അതിനോടു ഒരു അടുപ്പം അത് സൃഷ്ടിക്കുന്നു. പിന്നീട് ശീലം അയാളെ അതിന്റെ അടിമയാക്കി മാറ്റുന്നു. മോര്‍ഫിന്‍ ഒരു വേദന സംഹാരിയാണ്. എന്നാല്‍ നിരന്തരം മോര്‍ഫിന്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് പിന്നീട് അത് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറും. പിന്നീട് വേദനയില്ലെങ്കിലും അയാള്‍ ആ വേദനസംഹാരി ഉപയോഗിച്ചുകൊണ്ടിരിക്കും. സാധാരണ ഉപയോഗിക്കുന്ന ആ സമയമെത്തുമ്പോള്‍ ആ വസ്തു ശരീരത്തില്‍ എത്താതിരുന്നാല്‍ മാനസികവും ശാരീരികവുമായ പ്രതികരണങ്ങള്‍ അയാളില്‍ കണ്ട് തുടങ്ങും.

ഒരു പഴഞ്ചൊല്ലുണ്ട്. നിങ്ങളുടെ തോട്ടത്തില്‍ കളകള്‍ ഉണ്ടാകുമ്പോഴേ അത് പറിച്ചു കളയുക. അല്ലെങ്കില്‍ അത് നിങ്ങളുടെ തോട്ടത്തെ മുഴുവന്‍ മൂടിക്കളയും. ഗത്യന്തരമില്ലാതെ മോഷ്ടിക്കുന്ന ഒരാള്‍ പിന്നീട് അത്തരം ആവശ്യങ്ങളില്ലെങ്കിലും മോഷണം നടത്തി സ്ഥിരം മോഷ്ടാവായി മാറുന്ന സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. മോഷണം അയാള്‍ക്ക് ഒരു തരം സംതൃപ്തി നല്‍കുന്നതാണ് പ്രശ്‌നം. ഒരു വസ്തു മോഷ്ടിക്കുമ്പോള്‍ മോഷ്ടാവിന് ലഭിക്കുന്ന സംതൃപ്തി അവനെ വീണ്ടും ആ പണി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. വേട്ടക്കാരന്‍ ആകാശത്ത് പറക്കുന്ന പക്ഷിയെ വെടിവച്ച് താഴെയിടുന്നതു പോലെയാണത്. തന്റെ റഫ്രിജറേറ്ററില്‍ എത്രയധികം ഇറച്ചി സ്‌റ്റോക്കുണ്ടെങ്കിലും അയാള്‍ക്കിഷ്ടം പറന്നു പോകുന്ന പക്ഷിയെ വെടിവെച്ചിടാനാണ്. ഈ പ്രവൃത്തിയിലൂടെ വേട്ടക്കാരന് ആനന്ദം ലഭിക്കുന്നതു പോലെ തന്നെയാണ് ഒരു മോഷ്ടാവിന് മോഷണത്തിലൂടെ ആനന്ദം ലഭിക്കുന്നത്.  

നിങ്ങളുടെ ശീലങ്ങള്‍ക്ക് നിങ്ങള്‍ കീഴ്‌പ്പെടുകയാണെങ്കില്‍ ശീലങ്ങള്‍ നിങ്ങളുടെ യജമാനനും നിങ്ങള്‍ അവയുടെ അടിമയുമാകും. അത് നിങ്ങളെ നിങ്ങള്‍ക്കാവശ്യമില്ലാത്ത ഇടങ്ങളിലേക്കും കാര്യങ്ങളിലേക്കും കൊണ്ടു പോകും. 

ശീലങ്ങള്‍, രണ്ടാം പ്രകൃതിയാണെന്നാണ് അരിസ്‌റ്റോട്ടില്‍ പറഞ്ഞത്. ശീലങ്ങള്‍ ഒരു മനുഷ്യന്റെ പ്രകൃതിയില്‍ വേരുറച്ചിട്ടുണ്ട്. അതു കൊണ്ടായിരിക്കണം ഇങ്ങനെയൊരു പഴഞ്ചൊല്ലു തന്നെ ഉണ്ടായിത്തീര്‍ന്നത്. 'ഒരു പര്‍വതത്തെ മാറ്റുകയാണ് ഒരു മനുഷ്യന്റെ പ്രകൃതത്തെ മാറ്റുന്നതിനേക്കാള്‍ എളുപ്പം.' എന്നാല്‍ ഇത് സത്യമല്ല. ഒരു മനുഷ്യന്റെ പ്രകൃതത്തെ (ശീലത്തെ)  തീര്‍ച്ചയായും മാറ്റിയെടുക്കാം. എന്നാല്‍ അതത്ര എളുപ്പമല്ലെന്നു മാത്രം. തന്റെ തന്നെ താല്‍പര്യങ്ങളോടും ആഗ്രഹങ്ങളോടും ദേഹേച്ഛകളോടും പോരാടാന്‍ കഴിയുന്നവര്‍ക്കേ അതിന് സാധ്യമാകൂ. 

ദുശ്ശീലങ്ങള്‍ ഒരുപാട് വേദനകളുണ്ടാക്കുകയും നന്‍മകളെ തടയുകയും ചെയ്യും. സമൂഹത്തിന് ദോഷകരമായ അത്തരം ദുശ്ശീലങ്ങള്‍ ചെയ്യുക വഴി അത്തരക്കാരുടെ മാനം പോവുകയും സമൂഹം അയാളെ തിരസക്കരിക്കുകയും ചെയ്യും. ഇത്തരം ദുശ്ശീലങ്ങളുടെ അടിമകളായി മാറിയ ആളുകളെ സമൂഹം കപടന്‍മാരായേ കാണൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ശുദ്ധഹൃദയരും ആത്മാര്‍ത്ഥതയുള്ളവരും മതമൂല്യങ്ങളോട് താല്‍പര്യമുള്ളവരുമായിരിക്കാം. ദുശ്ശീലം എന്ന ദൗര്‍ബല്യമാണ് അവരെ അങ്ങനെയാക്കുന്നത്. 

ബുദ്ധിമോശം കൊണ്ടു വന്നുപോയ ഒരു ശീലം ദുശ്ശീലമായി മാറണമെന്നില്ല. എന്നാല്‍ അത് തന്നെ ആവര്‍ത്തിക്കുകയും അതു ചെയ്യാനുള്ള പ്രേരണ വല്ലാതെ പിടികൂടുകയും ചെയ്യുമ്പോഴാണ് അത് ദുശ്ശീലമായി മാറുന്നത്. ഒരു ദുശ്ശീലം അത് നമുക്ക് തരുന്നതിനേക്കാള്‍ എത്രയോ അധികമാണ് അത് നമ്മില്‍ നിന്ന് എടുക്കുന്നത്.

മറ്റുള്ളവരോടുള്ള സ്‌നേഹത്തിലാണ് ഒരു മനുഷ്യന്റെ പൂര്‍ണ്ണത. ഒരാളില്‍ സ്‌നേഹം, ആര്‍ജവം, കാരുണ്യം, വിട്ടുവീഴ്ചാ മനോഭാവം, നീതി-ലക്ഷ്യ ബോധം എന്നീ വ്യക്തി ഗുണങ്ങള്‍ ഉണ്ടായിത്തീരേണ്ടതുണ്ട്. അങ്ങനെയാകുമ്പോള്‍ അത്തരക്കാരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും അത്തരം സദ്ഗുണങ്ങളായിരിക്കും. അങ്ങനെയുള്ളവന്‍ സ്വയം വിമര്‍ശനത്തിനു മുതിരുകയും, മേല്‍പറഞ്ഞ ഗുണങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും. പിന്നീട് ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യല്‍ അവന്റെ ശീലമായും മാറുന്നു. അതു ശീലമായി മാറിയാല്‍ അതിനെ തകര്‍ക്കാനും പ്രയാസമാണല്ലോ. അഥവാ നന്മ പതിവാക്കിയ ഒരാള്‍ക്ക് തിന്മ ചെയ്യാന്‍ പ്രയാസമായിരിക്കും. സംസാരം പോലെത്തന്നെയാണിത്. നല്ല വ്യാകരണത്തില്‍ സംസാരിച്ചു ശീലിച്ചവര്‍ക്ക് പിന്നെ വ്യാകരണശുദ്ധിയില്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പ്രയാസമായിരിക്കും. 

സൗഹൃദം ഒരു നല്ല ശീലമാണ്, സ്വഭാവമാണ്. നാട്യങ്ങളില്ലാത്ത ലോല ഹൃദയരായ ദുര്‍ബലരായ ആളുകളോടു നിങ്ങള്‍ സൗഹൃദമുണ്ടാക്കുക. അത് നിങ്ങള്‍ക്ക് അവരോടുള്ള അടുപ്പം കൂട്ടും. നിങ്ങളുടെ താഴെയുള്ളവരിലേക്കു നോക്കുക. നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നതിനേക്കാള്‍ അവര്‍ നിങ്ങളെ സ്‌നേഹിക്കും. അതേ സമയം ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക. ''നിന്റെ നാഥന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് രാവിലെയും വൈകിട്ടൂം തങ്ങളുടെ നാഥനോടു തേടിക്കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്. അവരുടെ കണക്കില്‍പെട്ട കാര്യത്തില്‍ നിനക്കൊരു ബാധ്യതയുമില്ല. നിന്റെ കണക്കില്‍ പെട്ട കാര്യത്തില്‍ അവര്‍ക്കും ഒരു ബാധ്യതയുമില്ല. എന്നിട്ടും നീ അവരെ ആട്ടിയകറ്റുന്നുവെങ്കില്‍ നീ അക്രമകാരികളില്‍പെട്ടു പോകും'' (അല്‍അന്‍ആം 52).

അതിനാല്‍ നിങ്ങളുടെ ശീലങ്ങളെ നിങ്ങളുടെ ചൊല്‍പടിയിലാക്കൂ. നിങ്ങള്‍ അതിന്റെ ചൊല്‍പ്പടിയില്‍ പെട്ടുപൊയ്ക്കൂടാ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍