Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ഞങ്ങള്‍ നിലകൊള്ളുന്നത് മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമല്ല, എല്ലാ അധഃസ്ഥിതര്‍ക്കും വേണ്ടി

എഞ്ചിനീയര്‍ മുഹമ്മദ് സലീം /അഭിമുഖം

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ സെക്രട്ടറി ജനറലാണ് മുഹമ്മദ് സലീം എഞ്ചിനീയര്‍. രാജസ്ഥാനില്‍ ജനിച്ച അദ്ദേഹം ജയ്പൂരിലെ മാളവ്യ നാഷ്‌നല്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നേതൃതലത്തില്‍ ഒട്ടേറെ പദവികള്‍ വഹിക്കുകയും ചെയ്തു. ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥികളായ മിസ്അബ് ഇരിക്കൂറും അഭയ് കുമാറും ജമാഅത്തിന്റെ ദല്‍ഹി ആസ്ഥാനത്ത് ചെന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് 53കാരനായ സെക്രട്ടറി ജനറലുമായി സംവദിക്കുകയുണ്ടായി. പ്രബോധനത്തിനു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള താങ്കളുടെ ബന്ധം എപ്പോഴാണ് ആരംഭിക്കുന്നത്?

1981-ല്‍ ജയ്പൂരിലെ മാളവ്യ റീജ്യനല്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുന്നത്. 1987-ല്‍ ജമാഅത്ത് അംഗമായി. അന്നെനിക്ക് 25 വയസ്സായിരുന്നു. ജമാഅത്തിന്റെ യുവജന വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് എനിക്ക് നിര്‍ദേശം ലഭിച്ചത്. ജമാഅത്തിന്റെ മുതിര്‍ന്ന നേതാവും എന്റെ പിതാവിന്റെ ഗുരുനാഥനുമായിരുന്ന മൗലാനാ മുഹമ്മദ് നസീര്‍ മുഖേനയാണ് ഞാന്‍ ജമാഅത്തിനെയും അതിന്റെ സാഹിത്യങ്ങളെയും അടുത്തറിയുന്നത്. സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയുടെയും നഈം സിദ്ദീഖിയുടെയും കൃതികള്‍ ഞാന്‍ നന്നായി പഠിച്ചിട്ടുണ്ട്. പക്ഷേ, എന്നെ സവിശേഷമായി ആകര്‍ഷിച്ചത് മൗലാനാ മൗദൂദിയുടെ കൃതികളാണ്.

മൗലാനാ മൗദൂദിയുടെ കൃതികള്‍ താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

എന്നില്‍ വലിയ മാറ്റങ്ങളാണ് ആ കൃതികള്‍ ഉണ്ടാക്കിയത്. അദ്ദേഹത്തെ വായിച്ച ശേഷം ഇസ്‌ലാമില്‍ എനിക്കുള്ള വിശ്വാസം വളരെയേറെ ബലപ്പെട്ടു. ഞാന്‍ സോഷ്യലിസവും കമ്യൂണിസവും മാര്‍ക്‌സും ലെനിനും ഗാന്ധിയുമൊക്കെ വായിച്ചിരുന്നു. എന്റെ ദൗത്യമെന്താണ്, ഇസ്‌ലാം എന്താണ് തുടങ്ങിയ ചോദ്യങ്ങളും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. തുടക്കത്തില്‍ ഞാന്‍ ഒരു പാരമ്പര്യ മുസ്‌ലിം മാത്രമായിരുന്നു. മൗലാനാ മൗദൂദിയെ വായിച്ചശേഷമാണ് ഞാന്‍ യഥാര്‍ഥ മുസ്‌ലിമായത്.

മൗലാനാ മൗദൂദി നമ്മുടെ കാലഘട്ടത്തെ ഏറ്റവുമധികം സ്വാധീനിച്ച ഇസ്‌ലാമിക ചിന്തകരില്‍ ഒരാളാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, സിയാവുദ്ദീന്‍ സര്‍ദാറിനെപ്പോലുള്ളവര്‍ അദ്ദേഹത്തെ 'പിന്തിരിപ്പ'നും 'ബൗദ്ധിക വികാസത്തെ തടസ്സപ്പെടുത്തുന്നവനു'മൊക്കെയായാണ് ചിത്രീകരിക്കുന്നത്. ഈ ഭയപ്പാടിനെ എങ്ങനെ കാണുന്നു?

മൗലാനാ മൗദൂദിയെ തുറന്ന മനസ്സോടെ വായിക്കുക. ഇതാണ് എനിക്ക് പറയാനുള്ളത്. ആദ്യം ഒരു നിഗമനത്തില്‍ എത്തുകയും പിന്നീട് വായിക്കാന്‍ തുടങ്ങുകയുമാണെങ്കില്‍ ഈ പേടി വിട്ടുമാറുകയില്ല. അതിനാല്‍ ഞാന്‍ ഒന്നുകൂടി ഊന്നിപ്പറയുന്നു- പക്ഷപാതമില്ലാതെ, തുറന്ന മനസ്സോടെ മൗദൂദി കൃതികള്‍ വായിക്കുക.

താങ്കളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെക്കുറിച്ച് പറയാമോ?

ഒമ്പതാം ക്ലാസ് മുതല്‍ ഞാന്‍ ഐഛിക പഠനത്തിന് തെരഞ്ഞെടുത്തത് ശാസ്ത്രവും ഗണിതവുമായിരുന്നു. പതിനൊന്നാം ക്ലാസ് കഴിഞ്ഞപ്പോള്‍ ജയ്പൂരിലെ മാളവ്യ റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ഇ (ഇലക്‌ട്രോണിക്‌സ്)ക്ക് പ്രവേശനം ലഭിച്ചു. പിന്നീട് രാജസ്ഥാന്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയറായി നിയമനം ലഭിച്ചു. ആറു മാസത്തിനു ശേഷം ആ ജോലി രാജി വെച്ച് മാളവ്യ എഞ്ചിനീയറിംഗ് കോളേജില്‍ ഫാക്കല്‍റ്റി അംഗമായി ചേര്‍ന്നു. പിന്നെ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് എം.ടെക് (കമ്യൂണിക്കേഷന്‍ സിസ്റ്റം) എടുത്തു. തുടര്‍ന്ന് ഒരു ഗവേഷണ പ്രോജക്ടുമായി ബ്രിട്ടനിലെ ഷഫീല്‍ഡ് ഹലാം യൂനിവേഴ്‌സിറ്റിയിലേക്ക്. കാണ്‍പൂര്‍ എം.എന്‍.ഐ.ടിയില്‍ നിന്നായിരുന്നു ഡോക്ടറേറ്റ്; നാലാം തലമുറ (4ജി) മൊബൈല്‍ കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍.

കഴിഞ്ഞ 31 വര്‍ഷമായി ജയ്പൂര്‍ എം.എന്‍.ഐ.ടിയില്‍ അധ്യാപകനാണ്. 2010 മുതല്‍ 2013 വരെ ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ തലവനായിരുന്നു. ഇപ്പോഴും അവിടെ അസോസിയേറ്റ് പ്രഫസറായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനാ ഉത്തരവാദിത്തങ്ങള്‍ കാരണം എനിക്ക് അധ്യാപന ജോലി അവസാനിപ്പിക്കേണ്ടിവന്നേക്കാം.

സംഘടനയില്‍ മുമ്പ് ഏതൊക്കെ ഉത്തരവാദിത്തങ്ങളാണ് വഹിച്ചിരുന്നത്?

തുടക്കത്തില്‍ എസ്.ഐ.ഒ ചുമതലകളായിരുന്നു. ആദ്യം എസ്.ഐ.ഒ രാജസ്ഥാന്‍ അസി. സോണല്‍ പ്രസിഡന്റും പിന്നീട് സോണല്‍ പ്രസിഡന്റുമായി. സി.എ.സി അംഗവുമായിരുന്നു. എസ്.ഐ.ഒ പ്രായം കഴിഞ്ഞിനെത്തുടര്‍ന്ന് 1993-ല്‍ ജമാഅത്തെ ഇസ്‌ലാമി രാജസ്ഥാന്‍ ഘടകത്തിന്റെ അധ്യക്ഷനായി. പതിനാറ് വര്‍ഷം ഞാന്‍ ഈ ചുമതല വഹിച്ചിട്ടുണ്ട്. 1995 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാ അംഗമാണ്; 1999 മുതല്‍ ജമാഅത്ത് കേന്ദ്ര കൂടിയാലോചനാ സമിതി അംഗവും. 2011-ല്‍ ജമാഅത്തിന്റെ കേന്ദ്ര സെക്രട്ടറിമാരില്‍ ഒരാളായി നിയമിതനായി.

ശാസ്ത്രത്തിന്റെയും യുക്തിയുടെയും ഇക്കാലത്ത് മതം അതിജീവിക്കുകയില്ല എന്ന് ചില ആധുനിക ചിന്തകര്‍ പ്രവചിക്കുന്നുണ്ടല്ലോ. താങ്കളുടെ പഠന വിഷയങ്ങള്‍ ശാസ്ത്രവും ടെക്‌നോളജിയുമൊക്കെയാണ്. താങ്കളാവട്ടെ ആഴത്തില്‍ മതബോധമുള്ള വ്യക്തിയുമാണ്. മതവും ശാസ്ത്രവും എന്തുകൊണ്ടാണ് താങ്കളില്‍ ഇത്ര ഭംഗിയായി ചേരുംപടി നില്‍ക്കുന്നത്?

ഒരു പാരമ്പര്യ മുസ്‌ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നപ്പോള്‍ ശാസ്ത്രത്തില്‍ സവിശേഷ പഠനം നടത്താനാണ് തോന്നിയത്. ജീവിതത്തിന്റെ ലക്ഷ്യം ഉള്‍പ്പെടെ എല്ലാം യുക്തി വിചാരം ചെയ്ത് കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. സ്വന്തത്തെക്കുറിച്ചും ചുറ്റുമുള്ള പ്രപഞ്ചത്തെക്കുറിച്ചും ചിന്തിക്കണമെന്നും യുക്തിവിചാരം നടത്തണമെന്നുമാണല്ലോ ഇസ്‌ലാമും ആവശ്യപ്പെടുന്നത്. ശാസ്ത്രത്തിന്റെ വിശാല ലോകം എനിക്ക് മുമ്പില്‍ തുറന്ന് തന്നത് ഇസ്‌ലാമാണെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല.

മറ്റു മതസ്ഥര്‍ക്കും ഇതുപോലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കാമല്ലോ?

തീര്‍ച്ചയായും. ഇസ്‌ലാം എന്നെ എങ്ങനെ പ്രചോദിപ്പിച്ചു എന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. മറ്റു മതസ്ഥര്‍ക്കും അവരവരുടെ മതത്തെക്കുറിച്ച് ഇതുപോലെ സംസാരിക്കാനുള്ള അവകാശമുണ്ട്.

താങ്കള്‍ ജമാഅത്ത് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലും വര്‍ഗീയ സംഘര്‍ഷങ്ങളും സാമുദായിക ധ്രുവീകരണങ്ങളും വ്യാപകമായിരുന്നല്ലോ. ഇത് സംബന്ധമായി വല്ല അനുഭവങ്ങളും?

ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സാമുദായിക കലാപങ്ങളെക്കുറിച്ച് പഴയ തലമുറ സംസാരിക്കുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ ഞങ്ങള്‍ക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിരുന്നില്ല. ഇതിന് മാറ്റം വന്നത് ബാബരി മസ്ജിദ് വിഷയത്തില്‍ അദ്വാനി രഥയാത്ര നടത്തിയതോടെയാണ്.

ഇപ്പോള്‍ താങ്കള്‍ ജമാഅത്തിന്റെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. എന്തൊക്കെയായിരിക്കും മുന്‍ഗണനകള്‍?

ജമാഅത്ത് കേഡര്‍ സ്വഭാവമുള്ള സംഘടനയാണ്. രാജ്യത്ത് എല്ലായിടത്തും അതിന്റെ സാന്നിധ്യമുണ്ട്. ഞങ്ങള്‍ക്കുള്ളത് കൂട്ടായ നേതൃത്വ(Collective Leadership)മാണ്. ദേശീയമായും പ്രാദേശികമായും ഞങ്ങള്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നാലു വര്‍ഷത്തേക്കുള്ള പരിപാടികള്‍ നേരത്തെ ആസൂത്രണം ചെയ്തിരിക്കും. അതിനെ അവലംബിച്ചാവും പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുക. അതിനാല്‍ മുന്‍ പോളിസികളില്‍ നിന്ന് വലിയ മാറ്റമൊന്നും പുതിയ പോളിസിയില്‍ ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍, സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പ്രവര്‍ത്തന തന്ത്രങ്ങളിലും ഊന്നലുകളിലും മാറ്റം വരും. ഇന്ത്യ വളരെ വിശാലമായ ഒരു രാജ്യമാണ് എന്ന ബോധം എപ്പോഴും മനസ്സിലുണ്ടാവണം. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ സ്വതന്ത്രമായ ഒരു പ്രവര്‍ത്തന പരിപാടി ഓരോ സംസ്ഥാനത്തിനും ആവിഷ്‌കരിക്കേണ്ടിവരും. ഇതൊന്നും ഏതെങ്കിലും ഒരു വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതുമെല്ലാം കൂട്ടായാണ്. തീരുമാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് എന്റെ റോള്‍.

പക്ഷേ, സംഘടനയില്‍ താങ്കള്‍ക്ക് താങ്കളുടേതായ ചില മുന്‍ഗണനകള്‍ ഉണ്ടാവില്ലേ?

സംഘടനയുടെ താഴെ തട്ടു മുതല്‍ മുകള്‍ തട്ട് വരെയുള്ള ഘടകങ്ങള്‍ തമ്മില്‍ കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കുക എന്നതാണ് ആ മുന്‍ഗണനകളില്‍ ഒന്ന്. സംസ്ഥാന ഘടകങ്ങള്‍ക്ക് വളരെ പെട്ടെന്ന് വിവരങ്ങള്‍ കൈമാറാന്‍ കഴിയണം. ഇത് സാധ്യമാക്കാന്‍ കമ്പ്യൂട്ടറിനെയും സോഷ്യല്‍ മീഡിയയെയും പരമാവധി പ്രയോജനപ്പെടുത്തും. ബി.ജെ.പി ഭരണത്തില്‍ ഗുരുതരമായ ഭീഷണി നേരിടുന്ന സാമുദായികൈക്യം നിലനിര്‍ത്തുക എന്നതാണ് മുന്‍ഗണന കൊടുക്കുന്ന മറ്റൊരു മേഖല. ന്യൂനപക്ഷങ്ങളുടെ സുരക്ഷ, വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ആശയക്കൈമാറ്റം എന്നിവയും പ്രധാനമാണ്. അതോടൊപ്പം യുവാക്കളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കും സംഘടനാ ചട്ടക്കൂട്ടില്‍ മതിയായ പരിഗണന ലഭിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ മുസ്‌ലിംകളെ രാഷ്ട്രീയമായി ശാക്തീകരിക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ട എന്താണ്? മുസ്‌ലിംകള്‍ രാഷ്ട്രീയമായി അരികുവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന വാദത്തോട് യോജിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, ഇക്കാര്യത്തില്‍ ജമാഅത്തിന്റെ പരാജയമല്ലേ അത് കാണിക്കുന്നത്?

മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാഅത്ത് എന്ന ധാരണ ആദ്യം തിരുത്തണം. ഇസ്‌ലാമിനെയാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഖുര്‍ആനില്‍ നിന്നാണ് പ്രചോദനം സ്വീകരിക്കുന്നത്. അപ്പോള്‍ മുഴുവന്‍ രാജ്യനിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാഅത്ത് എന്നു വരുന്നു. ഞങ്ങളുടെ ഉത്കണ്ഠ മുസ്‌ലിംകളെക്കുറിച്ച് മാത്രമല്ല, അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട മുഴുവന്‍ അധഃസ്ഥിത ജനവിഭാഗങ്ങളെക്കുറിച്ചുമാണ്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സ്ത്രീകള്‍ക്കും ദലിതര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെയും അനീതികളെയും ഞങ്ങള്‍ ഒരേ ശക്തിയോടെ എതിര്‍ക്കും.

എന്നാല്‍, ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്ന നിങ്ങളുടെ വീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. ഇന്ത്യ എന്ന ഈ വലിയ രാഷ്ട്രത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിംകളെ ചൂഷണം ചെയ്യുകയാണെന്നും അവരുടെ പ്രശ്‌നങ്ങളെ ആത്മാര്‍ഥതയോടെ സമീപിക്കാന്‍ അവ തയാറല്ലെന്നും നമുക്കറിയാം. മോദി ഗവണ്‍മെന്റ് അധികാരമേറ്റതോടെ സാമുദായിക സംഘര്‍ഷങ്ങളും കലാപങ്ങളും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഭീകരതയുടെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുന്നു. അതേസമയം യഥാര്‍ഥ ഭീകരര്‍ നിയമത്തിന് പിടികൊടുക്കാതെ നടക്കുകയാണ്. യാക്കൂബ് മേമന്റെ തൂക്കിക്കൊലയിലും നീതിയുടെയും മാപ്പിന്റെയും മാനദണ്ഡം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്ന് തെളിയിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തത്.

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തണോ വേണ്ടയോ എന്ന വിഷയത്തില്‍ മുസ്‌ലിം നേതൃത്വം രണ്ട് തട്ടിലാണ്. ജമാഅത്ത് നേതൃത്വം പ്രധാനമന്ത്രി മോദിയെ കാണുമോ?

മോദി ഭരണകൂടം മുസ്‌ലിം സമുദായത്തിലെ ചിലരെ ഒപ്പം കൂട്ടിയിട്ടുണ്ട്. മുസ്‌ലിംകള്‍ തങ്ങളോടൊപ്പമാണ് എന്ന ധാരണ സൃഷ്ടിക്കാനാണത്. ജമാഅത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യമാണെങ്കില്‍, കൂടിക്കാഴ്ച നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടില്ല. യഥാസമയത്ത് അദ്ദേഹത്തെ ചെന്ന് കാണും. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഏത് ഗവണ്‍മെന്റിലായാലും അത് എല്ലാ ഇന്ത്യക്കാരുടെയും ഗവണ്‍മെന്റാണ്. അതിനാലാണ് രാജ്യത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കാന്‍ മോദിയെ യഥാസമയം ചെന്ന് കാണും എന്ന് പറഞ്ഞത്. അദ്ദേഹത്തെ നേരില്‍ കണ്ടില്ലെങ്കില്‍ തന്നെയും, മീഡിയയിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും ഞങ്ങളുടെ ആശങ്കകള്‍ ഭരണകൂടത്തെ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് അജണ്ടകളെ സ്വാധീനിക്കാന്‍ ജമാഅത്ത് എന്താണ് ചെയ്യുന്നത്?

മതനിരപേക്ഷതയെ ശക്തിപ്പെടുത്താനാണ് ജമാഅത്ത് ശ്രമിച്ചുപോന്നിട്ടുള്ളത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ മുന്നേറ്റം തടയുക എന്നതായിരിക്കും ജമാഅത്തിന്റെ ലക്ഷ്യം. ബിഹാറില്‍ മതേതര കക്ഷികളുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആര്‍.ജെ.ഡിയും ജെ.ഡി(യു)യും തമ്മിലുള്ള സഖ്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം ഒരു കക്ഷിക്കും ഞങ്ങള്‍ ക്ലീന്‍ ചീറ്റ് നല്‍കുന്നില്ല, സെക്യുലര്‍ പാര്‍ട്ടികള്‍ സംസ്ഥാനത്ത് അധികാരത്തിലായിരുന്നല്ലോ. പക്ഷേ, മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി അവരൊന്നും ചെയ്തിട്ടില്ല. എന്നാലും സെക്യുലര്‍ ഗവണ്‍മെന്റ് തന്നെ അധികാരത്തില്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആ ഗവണ്‍മെന്റ് ക്രമസമാധാനവും സാമുദായിക സൗഹൃദവും കാത്തുസൂക്ഷിക്കുമെന്നും അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ജമാഅത്ത് അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് താങ്കള്‍ പറഞ്ഞു. പക്ഷേ, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സംഘടനയില്‍ വളരെ ചെറിയ പ്രാതിനിധ്യമേയുള്ളൂ എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് എത്രത്തോളം ശരിയാണ്?

ഇത് തെറ്റായ നിരീക്ഷണമാണ്. ജമാഅത്ത് അംഗങ്ങളുമായി നേരാം വണ്ണം ആശയക്കൈമാറ്റം നടത്തിയിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണ ഉണ്ടാകുമായിരുന്നില്ല. ഇത്രയധികം സ്ത്രീകളെ വിവിധ മേഖലകളില്‍ അണിനിരത്തിയ മറ്റൊരു സംഘടനയെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞെന്നു വരില്ല. തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തുന്നവരും മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെ അവരിലുണ്ട്. ദേശീയതലത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ജമാഅത്തിന്റെ ഒരു വകുപ്പ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് സംഘടനയുമുണ്ട്. ചില പ്രാദേശിക ഘടകങ്ങളില്‍ പുരുഷന്മാരേക്കാള്‍ സജീവം സ്ത്രീകളാണ്. ജി.ഐ.ഒ ജമാഅത്തിന്റെ ഗേള്‍സ് വിംഗാണ്. സ്‌കൂളുകളിലും കോളേജുകളിലും അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭയിലെ 150 അംഗങ്ങളില്‍ 24 പേര്‍ സ്ത്രീകളാണ്. ഈ അനുപാതം തൃപ്തികരമല്ലെന്നത് ശരിയാണ്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്ന്നു നില്‍ക്കുന്നതും ഇതിനൊരു കാരണമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍