Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ഐഡി കാര്‍ഡ്

നാസറുദ്ദീന്‍ തങ്ങള്‍ /കഥ

         ഐഡി കാര്‍ഡുകള്‍ മനോഹരങ്ങളാണ്. അതില്ലാത്ത ലോകം ഏറെ ശൂന്യം. കഥാപാത്രങ്ങളും, കടലും കിഴവനും, സമസ്യാന്തര്‍ഭാഗങ്ങളും ഐഡി ഉള്ളവരാണ്. ഏറ്റവും നല്ല ഐഡി കെ.ജി. ക്ലാസ്സില്‍ നിന്ന് കിട്ടുന്നതാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ്, ടൈ കെട്ടി, രമണി ചേച്ചി കൈ പിടിച്ചു ബസ്സില്‍ കയറ്റുന്നു. കെ.ജി. ക്ലാസില്‍ ആയിരുന്നപ്പോള്‍ മടങ്ങിവരുമ്പോള്‍ കഴുത്തില്‍ ഒരു ഐഡി. അത് കണ്ട വല്യുപ്പ പറഞ്ഞു. ''വമ്പന്‍.'' ഐഡി കിട്ടിയാല്‍ വമ്പന്‍! വമ്പന് ഐഡി കിട്ടും!

സ്‌പോര്‍ട്‌സ് പതക്കവും ഐഡിയാണ്. ഓട്ടത്തില്‍, ചാട്ടത്തില്‍ മുന്നിലെത്തിയാല്‍ ഐഡി കഴുത്തിലണിയിക്കും. വിക്ടറി സ്റ്റാന്റില്‍ കയറി നിന്ന് കൂട്ടുകാരുടെയും, കൂട്ടുകാരികളുെടയും അത്ഭുതാദരങ്ങള്‍ ലഭിച്ച് കളിക്കളത്തിന്റെ നടുവില്‍ നിന്നൊരു ഐഡി. കോളേജിലാകുമ്പോള്‍, ആ ഐഡി പലവിധ കാര്യങ്ങളും വിളിച്ചു പറയും. കൂട്ടുകാര്‍ അതേക്കുറിച്ച് അടക്കം പറയും.

കെ.ജി.യില്‍ വെച്ച് കിട്ടിയ ഐഡി. അതുണ്ടാക്കാന്‍ കുട്ടപ്പന്‍ സാര്‍ എത്രയാ ഓടിയത്. ഫോട്ടോ എടുത്ത്, ദൂരെ നഗരത്തില്‍ നിന്നാണത് ചെയ്തത്. എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ പ്രിയപ്പെട്ടവന്‍ ഈ കുട്ടപ്പന്‍ സാര്‍ തന്നെയായിരുന്നു. 

ജൈവ ശൈശവത്തിന്റെ ആദിരൂപങ്ങള്‍ ഞങ്ങളില്‍ നിന്ന് പതുക്കെ മാഞ്ഞു. ഓരോ ഐഡിക്കും, വ്യത്യസ്ത തലങ്ങള്‍ വന്നു. ചരിത്രാധ്യാപകന്‍ ഏതോ സ്മൃതിയടരുകളില്‍ മാത്രം ജീവിക്കുന്ന യക്ഷിക്കും, കാമിനിക്കും ഐഡി കൊടുക്കുന്നത് ഞങ്ങള്‍ കണ്ടു. ഇതാണ് ഐഡിയുടെ പ്രത്യേകത. മരിച്ചവരെയും, ജനിച്ചവരെയും ചരാചരങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ഭ്രമാത്മക ചരടാണത്.

സൈബര്‍ വീഥികളില്‍ പുതുരക്തം നിവേദ്യങ്ങള്‍ അര്‍പ്പിക്കുന്ന കാലത്താണ് ഡേങ്ക്‌ളര്‍ എന്ന പേര് ഐഡിക്ക് പോപ്പുലര്‍ ആകുന്നത്. താരുണ്യവും കാമനയും ആ വാക്കുകളില്‍ എവിടെയോ ഒളിപ്പിച്ചിരിക്കുന്നതായി തോന്നി. 

എന്റെ ഗ്രാമത്തില്‍ നിന്ന് ഐഡി വാങ്ങാന്‍ പോയ കുട്ടപ്പന്‍ സാര്‍ ഇപ്പോള്‍ പഴഞ്ചനാണ്. സ്മൃതി രാശികളില്‍, പൗരുഷം കത്തിയമര്‍ന്ന ശ്വേതത്തലപ്പുകളില്‍ ഇപ്പോഴും പഴയ കുട്ടികളുടെയും, നഗരത്തിന്റെയും ഐഡി വാങ്ങാന്‍ പോയ ഓര്‍മകളുടെയും ഒരു നൊസ്റ്റാള്‍ജിയയാണ് കുട്ടപ്പന്‍ സാര്‍.

നഗരമാകെ വളര്‍ന്നുപോയി, കാടും മേടും കനിവും കസവും.

ഇനിയിപ്പോള്‍ ആരും, ഐഡി അന്വേഷിച്ചു പോകേണ്ടതില്ല. നിങ്ങളുടെ പേരിന്, കഴുത്തിന് അനുയോജ്യമായ ഐഡി കിട്ടും. ഐഡി നിരസിക്കാന്‍ കഴിയില്ല. വോട്ട് ചെയ്യാന്‍, കഞ്ഞിക്ക്, ഗ്യാസ് വാങ്ങാന്‍ എല്ലാം ഐഡി വേണം. അതു ചിലപ്പോള്‍ കുരച്ച് ചാടിയാണ് വരിക, മറ്റു ചിലപ്പോള്‍ സൗമ്യമായി നൃത്തച്ചുവടുകള്‍ വെച്ചാണു വരിക. മറ്റു ചിലപ്പോളത് മുദ്ര രൂപത്തിലാണു വരിക. ഇനിയുമത് ഇന്നലെ മരിച്ചു പോയ ഏതോ കിറുക്കന്റെ രൂപത്തിലാണ് വരിക. സൂപ്പര്‍ ഇമ്പോസിഷന്‍ സാധ്യമായത് കൊണ്ട്, ശിലായുഗ യുഗ്മങ്ങള്‍ മോന്തയില്‍ പതിപ്പിച്ച് ഡേങ്ക്‌ളറുകള്‍ ഇല്ലാതെ തന്നെ നിങ്ങള്‍ക്കു ഐഡി തരും. ഇപ്പോള്‍ നാരു നോക്കി, മനം നോക്കി, നിറം നോക്കി, ഭക്ഷണം നോക്കി, ദ്രാവിഡം നോക്കി, ആദിസിന്ധു അല നോക്കി, വളരെ പെട്ടെന്നു തന്നെ ഐഡി കിട്ടുമത്രെ. ഏതായാലും കച്ചവടക്കാര്‍ക്ക് തങ്ങളുടെ കസ്റ്റമേഴ്‌സിനെ മനസ്സിലാക്കാന്‍ ഐഡി സഹായകമാകും.

കിട്ടിയ ഐഡി തനിക്ക് പറ്റിയതല്ലെന്നു പറഞ്ഞ് മടക്കിക്കൊടുക്കാന്‍ താത്ത്വികമായി സാധ്യമാണ്. പക്ഷെ അതൊരു മെനക്കേടു പിടിച്ച പണിയാണ്. കുറേ ആപ്പീസുകള്‍ കയറിയിറങ്ങണം. പലരെയും തൃപ്തിപ്പെടുത്തണം. ഒരു പുരുഷായുസ്സു വരെ നഷ്ടമാകും. സൈബര്‍ കാലം കുട്ടപ്പന്‍ സാറിനെ ചവുട്ടിത്താഴ്ത്തി. 

നിങ്ങളുടെ പ്രതികരണം അറിയേണ്ടതുണ്ട്

ചാനല്‍ അവതാരകയുടെ വാക്ശരങ്ങള്‍ സ്റ്റുഡിയോകളിലേക്ക് പായുകയാണ്. കേരളത്തിന്റെ വിവിധ മൂലകളിലുള്ള മാന്യവ്യക്തികള്‍ ശീതീകരിച്ച മുറികളില്‍ വിയര്‍ത്തുകൊണ്ടിരിക്കുന്ന കാണാക്കാഴ്ച അവസാനിക്കുകയാണ്. അവര്‍ ചുമച്ചും കാര്‍ക്കിച്ചും നാവിനെ ലവലാക്കുന്ന തത്രപ്പാടിലാണ്. ചോദ്യമിതാണ്: ഇന്ത്യന്‍ അഭിനയ രാജന്‍ ഷാരൂഖ് അമേരിക്കയില്‍വെച്ച് വീണ്ടും അപമാനിക്കപ്പെട്ടിരിക്കുന്നു. സാംസ്‌കാരിക കേരളത്തിന്റെ മൊത്തം പ്രതികരണം അറിയേണ്ടതുണ്ട്.

ബ്രേക്കിനിടയില്‍ ഷാരൂഖ് ഒരുപാടു തവണ സ്‌ക്രീനില്‍ മിന്നിമറഞ്ഞു. വര്‍ഷങ്ങള്‍ ഫ്‌ളാഷ് ബാക്കാവുകയാണ്. 

ഏഴാം ക്ലാസിലെ മൂന്നാമത്തെ ബെഞ്ചിലിരിക്കുന്ന നീണ്ടുമെല്ലിച്ച മാപ്പിളപ്പെണ്‍കുട്ടിയാണ് ഞാനിപ്പോള്‍. സാമൂഹിക പാഠം ക്ലാസില്‍ വസന്ത ടീച്ചര്‍ മുഗള്‍ ചക്രവര്‍ത്തിമാരെപ്പറ്റി പഠിപ്പിക്കുകയാണ്. സുഖലോലുപരായ ചക്രവര്‍ത്തിമാര്‍ക്കിടയില്‍ ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയും, തൊപ്പി തുന്നിയും വരുമാനമുണ്ടാക്കി ജീവിച്ച ഔറംഗസീബ് ഞങ്ങളെ അത്ഭുതപ്പെടുത്തുകയായിരുന്നു. അപ്പോള്‍ ടീച്ചറിടപെട്ടു. 

''ഇയാള്‍ക്ക് ഞങ്ങള്‍ ഹിന്ദുക്കളെ കണ്ടുകൂടായിരുന്നു, മതഭ്രാന്തന്‍!'' എന്റെ ചെവിയിലാ വാക്കുകള്‍ വന്നിടിക്കുകയായിരുന്നു. ഞാന്‍ മുതിര്‍ന്ന് സ്ത്രീയായിരിക്കുന്നു. നിരന്തരമായ വായനകളും, കാഴ്ചകളും എനിക്ക് 'മതഭ്രാന്തന്റെ' അര്‍ത്ഥം മനസ്സിലാക്കിത്തന്നിരിക്കുന്നു. ഇന്നും വഴിയരികില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ 'മോളേ നിനക്കു സുഖാണോ'യെന്ന് സ്‌നേഹാന്വേഷണം നടത്തുന്ന ടീച്ചര്‍ വായിച്ചും, കണ്ടും കേട്ടും ഏതു പൊസിഷനിലെത്തി എന്നെനിക്കറിഞ്ഞുകൂടാ.

ഈ പരിപാടി നിങ്ങള്‍ക്കായ് അവതരിപ്പിക്കുന്നത് കാഞ്ചന കേശതൈലം, ചര്‍ച്ച തുടരുകയാണ്, സെപ്തംബര്‍ 11 ന് ശേഷം അമേരിക്കന്‍, അല്ലെങ്കില്‍ ലോകമനസ്സിന് സംഭവിച്ച പ്രഹരമാണ് ഇങ്ങനെയൊരു സംശയത്തിന് കാരണമെന്ന് നിരൂപണ ശാസ്ത്രത്തില്‍ അഗ്രഗണ്യനായ മതേതര മുസ്‌ലിം പരിതപിച്ചു. അതിനിടയില്‍ അദ്ദേഹം തന്റെ വീട്ടില്‍ നടത്താറുള്ള ഓണാഘോഷത്തിന്റെ പെരുമകൂടി പറഞ്ഞുവെച്ചു. 'അല്ലേലും ഈ മുസ്‌ലിംകളെന്തിനാണ് ചില പ്രത്യേക പേരുകള്‍ കൊണ്ടുനടക്കുന്നത്, അവര്‍ക്ക് ദേശാനുസൃതമായ പേരുകള്‍ പോരേ' അതൊരു മഹതിയായിരുന്നു. ജമ്പറും, കാച്ചിയും തട്ടവുമിട്ട നാട്ടിന്‍പുറത്തെ ഉമ്മറ്റിയാരുമാരുടെ തിരോധാനം അവര്‍ക്കസഹ്യമായി തോന്നി. സുഊദി അറേബ്യയാണോ ഇത്, യുവതികള്‍ വരെ കറുത്ത പര്‍ദക്കുള്ളിലാണ്. ധാര്‍മികരോഷം അവരുടെ നെറ്റിയിലെ വലിയ ചുവന്ന പൊട്ടിനെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടായിരുന്നു.

പലവിധ ചേരുവകള്‍ പരിചയപ്പെടുത്തുന്ന പരസ്യങ്ങള്‍ക്ക് സമയമായി. അതിനുമുമ്പ് അവതാരക ഒരു ചോദ്യം കൂടി ചോദിച്ചു: 'ഒരു യഥാര്‍ഥ ഇന്ത്യന്‍ മുസ്‌ലിമിന് വിധേയത്വം ആരോടായിരിക്കണം? ആരും പോയ്ക്കളയരുത്. നിങ്ങളില്‍ പലവിധ സംശയങ്ങള്‍ കോറിയിടുന്ന ഉത്തരങ്ങള്‍ ഇടവേളക്കുശേഷം.'

ഞൊടിയിടയില്‍ പത്ത് മിനുറ്റ് കഴിഞ്ഞു. പല ഉത്തരങ്ങളും ചോദ്യശരങ്ങള്‍ക്കു മീതെ വന്നു പതിച്ചു. പ്രേക്ഷകര്‍ പ്രബുദ്ധരായത് കൊണ്ട് ഉത്തരങ്ങളൊക്കെ ഇന്‍ഡയറക്ടായിരുന്നു. ചിലത് താഴെ: 

കേവലം പരലോക വിഭ്രാന്തി സൃഷ്ടിക്കുന്ന മദ്‌റസാ സിലബസ് മാറ്റിയെഴുതണം. അവിടേക്ക് ഇതര ചിന്തകള്‍ കടന്നുവരട്ടെ. 

വസ്ത്രധാരണത്തില്‍ ഇതര സമുദായങ്ങളെ പിന്‍പറ്റുക, നിര്‍ബന്ധമുള്ളവര്‍ തലയില്‍ വല്ല ഷോളോ, സ്‌കാര്‍ഫോ അണിയുക, മഫ്ത ഒഴിവാക്കുക. 

സംഘടിത ശക്തിയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തൊഴില്‍ സംവരണങ്ങള്‍ ഇത്യാദികള്‍ ചോദിച്ച് ഭരണസ്തംഭനം ഉണ്ടാക്കാതിരിക്കുക. 

അടുത്ത ചോദ്യത്തിന് സമയമില്ലാത്തത് കൊണ്ട് ഫോണ്‍ കട്ടായി.

അവതാരക ഒന്നുകൂടി സ്വരശുദ്ധ വരുത്തി പ്രേക്ഷകനു നേരെ പുഞ്ചിരിച്ചു. മിച്ചം വന്ന ന്യൂസ് വായിച്ചു തീര്‍ക്കണം. കുറെ പിടികിട്ടാപ്പുള്ളികളുടെ പേരു വിവരങ്ങളായിരുന്നു അത്. കശ്മീര്‍, ബംഗളൂരു, പാര്‍ലമെന്റ് ഇത്യാദിയിടങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പട്ടികയിലേക്ക് ആളെ ചേര്‍ക്കാനാണ്. മഹ്ദിനൂര്‍, സിദ്ദീഖ് ഹസന്‍ അല്‍ബയാന്‍, സ്വാദിഖ് അബ്ദുല്ലാ മുഹമ്മദ് കമര്‍. ഈ പേരുകള്‍ ഇന്റലിജന്റ്‌സ് ഏജന്‍സിയുടെ സാധ്യതാ ലിസ്റ്റിലുള്ളതാണ്. 

പശ്ചാത്തലത്തില്‍ പച്ചക്കളറുള്ള പള്ളി മിനാരം തിളങ്ങുന്നുണ്ടായിരുന്നു.    

നുഫൈസ ശരീഫ് കടവത്തൂര്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍