Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ചോദ്യോത്തരം

മുജീബ്

'മതേതര സങ്കുചിത വാദം' തിരിച്ചറിയപ്പെടുന്നു?

''യൂറോപ്പില്‍ ക്രിസ്തുമതം എന്ന പോലെ ഭരണകൂടത്തില്‍ ലയിച്ചുകഴിഞ്ഞ ഒരു ഹിന്ദു ബോധമാണ് സെക്യുലര്‍ എന്ന പേരില്‍ പ്രചരിക്കപ്പെടുന്നത്. മതത്തെ ഒരു വ്യവഹാരമെന്ന നിലയില്‍ അംഗീകരിക്കില്ലെന്ന സമീപനം, മതത്തിന് വിധേയമായി മതമുള്ള വീട്ടില്‍ മതനൈതികതക്ക് വഴങ്ങി ജീവിക്കുന്ന കോടാനുകോടി മനുഷ്യരുടെ ജീവിതത്തിന് ഒരു പ്രസക്തിയുമില്ലെന്ന് പറയുന്നത് പോലെയാണ്. ഒരുപിടി യുക്തിവാദികളാണ് ലോകം എന്നു കരുതുന്നത് എത്ര ഭീകരമാണ്! മതത്തെയും മതാടിസ്ഥാനത്തിലുള്ള നൈതിക വ്യവസ്ഥയുടെ ചരിത്ര സാംഗത്യത്തെയും വെറുതെ നിഷേധിച്ചുകൊണ്ട് മാത്രം അവ ഇല്ലാതാകുന്നില്ല. യുക്തിവാദപരമായ ചിന്ത അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് എത്തുന്നത് മതം കൂടി നിലവില്‍ വന്ന ചരിത്രത്തില്‍ നിന്നാണ്. മതം കൂടി ഭാഗമായ ഒരു ചരിത്ര പ്രക്രിയയെ മതത്തില്‍ നിന്ന് വേറിട്ടു കാണുന്നത് എങ്ങനെയാണ്? സമൂഹ രൂപവത്കരണത്തിന്റെ അടിവേരില്‍ മതമില്ലെന്ന് എങ്ങനെയാണ് പറയുക?'' (ഡോ. ടി.ടി ശ്രീകുമാര്‍, മാതൃഭൂമി ദിനപത്രം 14-7-2015). 'മതേതര സങ്കുചിതവാദത്തെ' സാംസ്‌കാരിക കേരളം തിരിച്ചറിഞ്ഞുവരുന്നു എന്നല്ലേ ഡോ. ടി.ടി ശ്രീകുമാറിന്റെ ഈ വരികള്‍ സൂചിപ്പിക്കുന്നത്?

പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍

         സെക്യുലരിസത്തിന്റെ മതനിരാസപരമോ നിഷേധപരമോ ആയ അര്‍ഥകല്‍പന അയഥാര്‍ഥവും അപ്രായോഗികവുമാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ദൈവവും ദൈവ പ്രോക്തമായ മതവും തദധിഷ്ഠിത ധാര്‍മികതയും പാടേ നിരാകരിച്ചുകൊണ്ട് ഒരു ജനതക്കും ഇന്നേവരെ സമാധാനപരമായി ജീവിക്കാനോ ജീവിത വിജയം കൈവരിക്കാനോ കഴിഞ്ഞിട്ടില്ലെന്നതിന് ചരിത്രവും അനുഭവങ്ങളും സാക്ഷി. മതത്തെ വിശ്വാസതലത്തില്‍ മാത്രം അംഗീകരിച്ചു ജീവിത വ്യവഹാരങ്ങളിലാകെ കേവല ഭൗതിക നിയമങ്ങള്‍ അടിച്ചേല്‍പിച്ച് കമ്യൂണിസ്റ്റ് വ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമിച്ച സോവിയറ്റ് യൂനിയന്റെയും നാസ്തികത ഭരണക്രമത്തിന്നടിസ്ഥാനമാക്കിയ അല്‍ബേനിയയുടെയും ദുരനുഭവങ്ങള്‍ ലോകത്തിന്റെ മുമ്പിലുണ്ട്. ജനലക്ഷങ്ങളെ ഉന്മൂലനം ചെയ്തിട്ടും മത ചിഹ്നങ്ങളെ മുഴുവന്‍ നിര്‍മാര്‍ജനം ചെയ്തിട്ടും തലമുറകളില്‍ മത വിദ്യാഭ്യാസം അപ്പടി വിലക്കിയിട്ടും അധാര്‍മികതയുടെ പ്രളയത്തില്‍ ആ രാജ്യങ്ങളിലെ കമ്യൂണിസം തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. മാത്രമല്ല, ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ജനങ്ങള്‍ മതപരമായ സ്വത്വങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. സെക്യുലരിസത്തിന്റെ ഈറ്റില്ലമായ യൂറോപ്പില്‍ ക്രിസ്തുമതവുമായി സമരസപ്പെട്ടുപോവാനുള്ള സെക്യുലര്‍ ഭരണകൂടങ്ങളുടെ സന്നദ്ധതയാണ് രണ്ടിന്റെയും നിലനില്‍പിന് വഴിയൊരുക്കിയത്. സെക്യുലരിസ്റ്റ് മൗലികവാദത്തിന്റെ ഉപജ്ഞാതാവെന്ന് വിശേഷിപ്പിക്കാവുന്ന കമാല്‍ അത്താതുര്‍ക്ക് തുര്‍ക്കിയില്‍ ഭരണഘടനാപരമായിത്തന്നെ തന്റെ തീവ്ര മതേതരത്വം അടിച്ചേല്‍പിച്ചതിന്റെ പരിണതി ഇന്ന് ലോകത്തിന്റെ മുന്നിലുണ്ട്. നജ്മുദ്ദീന്‍ അര്‍ബകാന്‍ നിരന്തരം വെല്ലുവിളിച്ച കമാലിസത്തെ ഒടുവില്‍ അര്‍ബകാന്റെ ശിഷ്യന്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനും കൂട്ടുകാരും അടിയറവ് പറയിക്കുക തന്നെ ചെയ്തു. തീര്‍ത്തും ജനാധിപത്യപരമായ മാര്‍ഗേണയാണ് ഈ മൗലിക മാറ്റം തുര്‍ക്കിയില്‍ സംഭവിച്ചത് എന്നുള്ളത് ജനമനസ്സ് ആരോടൊപ്പമായിരുന്നു എന്ന് തെളിയിക്കുന്നതാണ്. സമൂഹ നിര്‍മിതിയില്‍ മതത്തിന് ഒരു പങ്കും വഹിക്കാനില്ലെന്നും, അഥവാ വഹിക്കുന്ന പങ്ക് വിനാശകരമാണെന്നും വാദിക്കുന്നത് കേവലം ഉപരിപ്ലവപരവും വൈകാരികവുമാണ്. സമ്പൂര്‍ണ സെക്യുലരിസ്റ്റുകളും മതേതര ജീവിതം നയിക്കുന്നവരുമായ മിക്കവര്‍ക്കും സ്വന്തം കുടുംബങ്ങളില്‍ പോലും അവരുടെ ശാഠ്യം നടപ്പാക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. 'ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം' എന്ന് സമ്മതിച്ച ശേഷമാണ്, 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന് കാള്‍മാര്‍ക്‌സ് പറഞ്ഞുവെച്ചത് എന്നോര്‍ക്കുക.

അതേസമയം, സനാതന ധര്‍മത്തെ അംഗീകരിക്കുന്നതായി അവകാശപ്പെടുന്ന സംഘ്പരിവാര്‍ ഹൈന്ദവേതര മതങ്ങളുടെ കാര്യം വരുമ്പോള്‍ മതനിരാസപരമായ സെക്യുലരിസത്തെയും സെക്യുലരിസ്റ്റുകളെയും പിന്തുണക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പും കാപട്യവുമല്ലാതെ മറ്റൊന്നും അല്ല. മുസ്‌ലിം നാമധാരികളായ മത വിരോധികള്‍ക്കും യുക്തിവാദികള്‍ക്കും അവര്‍ നല്‍കുന്ന പരിഗണനയും പ്രോത്സാഹനവും വിചിത്രമാണ്. അവരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്നാണ് ആര്‍.എസ്.എസ് മലയാള ജിഹ്വയുടെ ആഹ്വാനം! ഈ നിലപാടിനെ ന്യായീകരിക്കാനാണ് ഹിന്ദുത്വം മതമല്ല, സംസ്‌കാരമാണ് എന്നും, മതം ഏതായാലും തങ്ങള്‍ക്ക് ഒരേ സമീപനമാണെന്നും അവര്‍ അവകാശപ്പെടുന്നത്. ഒപ്പം തന്നെ പള്ളി പൊളിച്ച് തദ്സ്ഥാനത്ത് ക്ഷേത്രം പണിയുന്നത് തങ്ങളുടെ ജീവിത ദൗത്യമായി അവര്‍ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. മത ചടങ്ങായ ദീപാരാധന പൊതുവേദിയില്‍ നടത്തുമ്പോള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ രാജ്യക്കൂറ് പോലും ചോദ്യം ചെയ്യുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ആഹാരമായ മാട്ടിറച്ചി ലക്ഷക്കണക്കിന് പേരെ തൊഴില്‍ രഹിതരാക്കി, വില്‍ക്കുന്നതും വാങ്ങുന്നതും തിന്നുന്നതും കൊലപാതകത്തോളം ഭീകരമായ കുറ്റമായി നിയമനിര്‍മാണം നടത്തുന്നതും സംഘ്പരിവാര്‍ തന്നെ. തീര്‍ത്തും മതപരമായ ഈ നടപടികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ മടിക്കുകയും ചെയ്യുന്നു. 

പെരുമുക്ക് മഹല്ലിലെ ഖബ്‌റിസ്ഥാന്‍ വിലക്ക്

''സ്വന്തമായി ഖബ്‌റിസ്ഥാന്‍ ഉണ്ടാക്കുകയാണ് അവര്‍ വേണ്ടത്. മുജ-ജമ-തബ് സഖ്യം ഓരോ താലൂക്കിലെങ്കിലും സംയുക്ത ഖബ്ര്‍സ്ഥാന്‍ ഉണ്ടാക്കി മഹല്ലില്‍ കുഴപ്പം ഉണ്ടാക്കാതിരിക്കണമായിരുന്നു. പെരുമുക്ക് മഹല്ലുകാര്‍ ആണത്തം കാണിച്ചു. മയ്യിത്ത് കിടന്നു ചൂടാറി!! ഇത്തരം ധീര നിലപാടുകള്‍ കാണിക്കാന്‍ മഹല്ല് അധികാരികളും ഖാദിമാരും രംഗത്ത് വരണം.'' എടപ്പാളിനടുത്ത് പെരുമുക്ക് മഹല്ല് പ്രശ്‌നവുമായി ബന്ധപ്പെട്ട ചിലരുടെ ഈ നിലപാടിനെക്കുറിച്ച് മുജീബ് എന്തു പറയുന്നു?

അബൂസഹ്‌ല

         പുത്തന്‍ പ്രസ്ഥാനക്കാര്‍ എന്ന് വിളിച്ച് മുജാഹിദുകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കും മഹല്ലുകളില്‍ വിവാഹം, മയ്യിത്ത് സംസ്‌കരണം തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന പതിവ് കേരളത്തില്‍ ഉണ്ടായിരുന്നു. കാലക്രമത്തില്‍ അത് ഏറക്കുറെ അവസാനിച്ചു. മുസ്‌ലിമായ ഏത് മനുഷ്യനും മുസ്‌ലിം ശ്മശാനത്തില്‍ സംസ്‌കരണാവകാശം നിഷേധിക്കരുതെന്ന കോടതി വിധിയുമുണ്ടായി. എന്നല്ല, ഊരുവിലക്ക് പൊതുവെത്തന്നെ നിയമവിരുദ്ധമാണ്. അപൂര്‍വമായെങ്കിലും ചിലേടങ്ങളില്‍ ഇപ്പോഴും പൂര്‍ണമോ ഭാഗികമോ ആയ ഊരുവിലക്ക് തുടരുന്നുവെന്നത് ഗൗരവപ്പെട്ട കാര്യമാണ്. ഉത്തരവാദപ്പെട്ടവര്‍ അത് അടിയന്തരമായി പുനഃപരിശോധിക്കണം.

അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅഃ എന്ന പൊതു സംജ്ഞയില്‍ ശീഈകളും അവരുടെ അവാന്തര വിഭാഗങ്ങളും അല്ലാത്ത മുസ്‌ലിം ജനസാമാന്യം മുഴുവന്‍ വരുമെന്നത് പണ്ഡിതന്മാര്‍ പൊതുവെ അംഗീകരിച്ചതാണ്. മദ്ഹബ്പരമോ സംഘടനാപരമോ ആയ ഭിന്നതകള്‍ 'സുന്നികള്‍' എന്ന പൊതു സംജ്ഞയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ ന്യായമായ കാരണമല്ല. കേരളത്തില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ യാഥാസ്ഥിതിക പണ്ഡിത വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പേരില്‍ സംഘടിച്ചു, അവരുടെ നേതൃത്വം അംഗീകരിക്കാത്തവരെ മുഴുവന്‍ മുബ്തദിഉകളും അസുന്നികളുമായി പ്രഖ്യാപിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡന മണ്ഡനങ്ങള്‍ക്കും പള്ളി വിലക്കിനും പന്തിവിലക്കിനും ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അന്തിമ ദശകങ്ങളില്‍ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പരസ്പരം തുടര്‍ന്ന് നമസ്‌കരിക്കുന്നതും വിവാഹം ചെയ്യുന്നതും മയ്യിത്ത് സംസ്‌കരിക്കാന്‍ ഖബ്‌റിസ്ഥാന്‍ അനുവദിക്കുന്നതുമൊക്കെ സാര്‍വത്രികമായി. മാസപ്പിറവി കാര്യത്തിലും പരസ്പര ധാരണ നിലവില്‍ വന്നു. ഇക്കാര്യങ്ങളിലെല്ലാം സമസ്തക്കാര്‍ക്ക് മാത്രമാണ് തെറ്റ് പറ്റിയതെന്നോ, മറ്റുള്ളവര്‍ മുഴുവന്‍ നേരായ വഴിയില്‍ നടന്നവരാണെന്നോ ശഠിക്കുന്നത് സത്യസന്ധമല്ല. തെറ്റുകളും വീഴ്ചകളും ഇരുപക്ഷത്തും സംഭവിച്ചിട്ടുണ്ട്. വിനാശകരമായ ഈ പരസ്പര സ്പര്‍ധയും ഊര് വിലക്കുമൊക്കെ അവസാനിപ്പിച്ച്, തങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന അഖീദകളിലും മദ്ഹബുകളിലും ഉറച്ചുനിന്നുകൊണ്ടുതന്നെ പരസ്പര സഹകരണത്തിനും വിട്ടുവീഴ്ചക്കും സമുദായത്തെ സന്നദ്ധരാക്കുകയാണ് എല്ലാ വിഭാഗം മതപണ്ഡിതന്മാരുടെയും ചുമതല. അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോള്‍ സമസ്തയോ നദ്‌വത്തോ ജമാഅത്തോ തബ്‌ലീഗോ രക്ഷക്കെത്തില്ല. ഓരോ വ്യക്തിയും സ്വന്തം വിശ്വാസങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും സ്വയം ഉത്തരവാദിത്തമേല്‍ക്കേണ്ടിവരുമെന്ന് മനസ്സിലാക്കി സംഘടനാപക്ഷപാതിത്തം അവസാനിപ്പിക്കുകയാണ് രക്ഷാ മാര്‍ഗം.

പരമ്പരാഗതമായി സമുദായം പരിരക്ഷിച്ചുവരുന്ന മഹല്ല് ഘടനയും പള്ളികളും ഖബ്‌റിസ്ഥാനും മറ്റു മതചിഹ്നങ്ങളുമൊക്കെ 1920കള്‍ക്കു ശേഷം മാത്രം നിലവില്‍ വന്ന ഒരു മത സംഘടനയുടെയും കുത്തകയല്ല. മുസ്‌ലിം സമുദായത്തില്‍ പിറന്ന എല്ലാ ഓരോരുത്തര്‍ക്കും അവയില്‍ അവകാശമുണ്ട്. ആ അവകാശം അംഗീകരിച്ചുകൊണ്ടാവണം മഹല്ല് ഭരണവും അനുബന്ധ സംവിധാനങ്ങളും. വാശി തീര്‍ക്കേണ്ടത് മയ്യിത്തുകളോടല്ല എന്ന പ്രാഥമിക മര്യാദയും പാലിച്ചേ മതിയാവൂ. 

നിലവിളക്ക്

നിലവിളക്ക് കൊളുത്തല്‍ ദീപാരാധനയാണെന്ന് ഒരു കൂട്ടര്‍, പ്രകാശത്തിലേക്ക് നയിക്കാനാണെന്ന് മറുകൂട്ടര്‍, തടയല്‍ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണെന്ന് രണ്ട് മുസ്‌ലിം എം.എല്‍.എല്‍മാര്‍. സത്യാവസ്ഥ എന്താണ്?

ഹാജറ ടീച്ചര്‍ കടന്നമണ്ണ

         ഹൈന്ദവ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പരമ്പരാഗതമായി തുടരുന്ന മതാചാരമാണ് നിലവിളക്ക് കൊളുത്തല്‍. ദീപാരാധന ഹിന്ദുമതത്തിന്റെ അനിഷേധ്യ ഭാഗമാണ് താനും. വെറുതെ വിളക്ക് കത്തിക്കുകയല്ല, പ്രത്യേക രീതിയില്‍ തയാറാക്കിയ നിലവിളക്കില്‍ നിശ്ചിത എണ്ണം തിരിയിട്ട് ഓരോന്നായി കത്തിക്കുന്ന ഏര്‍പ്പാടിന് അതിന്റേതായ ക്രമവും ചിട്ടയും ഉണ്ട്. ഇന്ത്യ സെക്യുലര്‍ റിപ്പബ്ലിക്കാണെങ്കിലും ഭൂരിപക്ഷ സമുദായത്തിന്റെ ഇത്തരം മതപരമായ ആചാരങ്ങള്‍ പൊതു ചടങ്ങുകളിലും നിര്‍ബാധം തുടരുന്നു. അഭിപ്രായ വ്യത്യാസം, പ്രസ്തുത ആചാരങ്ങളില്‍ വിശ്വാസമില്ലാത്തവരെ കൂടി പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരിയാണോ എന്നതിലാണ്. ദേശീയ ഗാനം പാടുമ്പോള്‍ ആദര സൂചകമായി എഴുന്നേറ്റു നില്‍ക്കാന്‍ വിശ്വാസപരമായി വിസമ്മതിച്ച 'യഹോവയുടെ സാക്ഷികള്‍' എന്ന ക്രിസ്തീയ വിഭാഗത്തിന് അനുകൂലമായാണ് സുപ്രീം കോടതി വിധി നല്‍കിയത്. കേവലം വെളിച്ചത്തിന്റെ പ്രശ്‌നമാണെങ്കില്‍ നിലവിളക്ക് തന്നെ വേണ്ടതില്ല, ബള്‍ബ് തെളിയിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്താലും സ്വീകാര്യമാവേണ്ടതാണല്ലോ. 

ജാഹിലിയ്യത്തും ഹഖും ബാത്വിലും

'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകത്തിലെ ഒരു ലേഖനത്തില്‍ ഇങ്ങനെ: ''മൗദൂദിയുടെ പ്രത്യയശാസ്ത്രം പൗരസ്ത്യം എന്നതിലേറെ പാശ്ചാത്യമാണ്. പാശ്ചാത്യ തത്ത്വചിന്തയുടെയും ജര്‍മന്‍ ആശയവാദത്തിന്റെയും മാര്‍ക്‌സിയന്‍ പരികല്‍പനകളുടെയും ശക്തമായ സ്വാധീനം അതില്‍ കാണാം. ചരിത്രത്തെ സംബന്ധിച്ച ഹെഗലിന്റെയും മാര്‍ക്‌സിന്റെയും വൈരുധ്യാധിഷ്ഠിത വീക്ഷണം ജമാഅത്ത് ആചാര്യന്‍ തന്റെ ഇസ്‌ലാമിക ദര്‍ശനത്തില്‍ തുന്നിച്ചേര്‍ത്തത് ഇപ്രകാരമാണ്: ജര്‍മന്‍ ചിന്തകര്‍ പറഞ്ഞ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സംഘട്ടനത്തെ ഹഖും ബാത്വിലും തമ്മിലുള്ള അഥവാ ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലുള്ള സംഘട്ടനമായി മൗദൂദി ചിത്രീകരിച്ചു. മര്‍ദക വര്‍ഗവും മര്‍ദിത വര്‍ഗവും തമ്മിലുള്ള സമരത്തിന്റെ ചരിത്രമായിരുന്നു മാര്‍ക്‌സിനെ സംബന്ധിച്ചേടത്തോളം അറിയപ്പെടുന്ന മാനവ ചരിത്രം. ഈ വര്‍ഗ സമര സങ്കല്‍പനത്തില്‍ നിന്ന് ജമാഅത്ത് മേധാവി തന്റെ മത സമര സങ്കല്‍പനം ആവിഷ്‌കരിച്ചു. ഇസ്‌ലാമും, ജാഹിലിയ്യത്ത് എന്ന അനിസ്‌ലാമും തമ്മിലുള്ള അനുസ്യൂത സമരത്തിന്റെ കഥയായി അദ്ദേഹം ചരിത്രത്തെ വിലയിരുത്തി.''

ഫ്യൂഡല്‍ മനസ്സിന്റെ ഉടമയായ മൗദൂദി ഇസ്‌ലാമിനെ ഒരു ഫാഷിസ്റ്റ് ആശയമായിട്ടാണ് അവതരിപ്പിച്ചതെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു. ഈ വിലയിരുത്തല്‍ എത്രത്തോളം വസ്തുനിഷ്ഠമാണ്?

അബ്ബാസ് എ, റോഡുവിള

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ നാല് സൂക്തങ്ങളില്‍ പ്രയോഗിച്ചതാണ് ജാഹിലിയ്യത്ത് എന്ന പദം (3:154, 5;50, 33:33, 48:26). അതുപോലെ വിപരീത പദങ്ങളായി ഹഖ്, ബാത്വില്‍ എന്നീ പദങ്ങളും 11 സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നു (4:42, 8:8, 13:17, 17:81, 21:18, 22:62, 31:30, 34:49, 40:5, 40:78, 42:24). ഇസ്‌ലാമിന് മുമ്പുള്ള അജ്ഞതയുടെ കാലഘട്ടവും സംസ്‌കാരവുമാണ് ജാഹിലിയ്യത്ത് കൊണ്ടുള്ള വിവക്ഷ. ഹഖ് എന്നാല്‍ സത്യം; ബാത്വില്‍ എന്നാല്‍ അസത്യം, മിഥ്യ. 'ജാഹിലിയ്യത്തിന്റെ വിധിയാണോ അവര്‍ ആഗ്രഹിക്കുന്നത്? ദൃഢ വിശ്വാസമുള്ള ജനതക്ക് അല്ലാഹുവിനേക്കാള്‍ ശ്രേഷ്ഠ വിധി നല്‍കുന്നവനായി ആരുണ്ട്' (5:50) എന്ന സൂക്തത്തില്‍ നിന്ന് വ്യക്തമാവുന്ന പോലെ ഒരു വശത്ത് ദൈവവിധിയും മറുപക്ഷത്ത് ദൈവേതര ശക്തികളുടെ വിധിയും എന്നതാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. മക്കാ വിജയ ദിവസം പ്രവാചകന്‍ അനുചരന്മാരോടൊപ്പം കഅ്ബാലയത്തിലെ വിഗ്രഹങ്ങള്‍ നീക്കം ചെയ്ത് അതിന്റെ നിര്‍മാണ ലക്ഷ്യമായ ഏകദൈവാരാധനക്ക് വീണ്ടും തുറന്നു കൊടുത്തപ്പോള്‍ നബി(സ) ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം: 'നീ പറയൂ, ഹഖ് (സത്യം) വന്നു, ബാത്വില്‍ (അസത്യം) നശിച്ചു. നിശ്ചയമായും അസത്യം നശിക്കാനുള്ളത് തന്നെ'(17:81). അപ്പോള്‍ ആദം മുതല്‍ കാലാകാലങ്ങളില്‍ ലോകത്ത് നിയുക്തരായ പ്രവാചകന്മാരെല്ലാം ഇസ്‌ലാമിനെ സ്ഥാപിക്കാനും ജാഹിലിയ്യത്തിനെ തകര്‍ക്കാനും അഥവാ സത്യം സംസ്ഥാപിക്കാനും മിഥ്യയെ പരാജയപ്പെടുത്താനും തന്നെയാണ് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. അക്കാര്യം ആധുനിക ലോകത്തോട് വിളിച്ചു പറയാന്‍ തുനിഞ്ഞിറങ്ങിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും അവയുടെ സ്ഥാപകര്‍ക്കും പത്തൊമ്പതാം നൂറ്റാണ്ടില്‍ കേവല ഭൗതിക ദര്‍ശനങ്ങള്‍ കാഴ്ചവെച്ച ഹെഗലിന്റെയോ മാര്‍ക്‌സിന്റെയോ ചിന്തകളും പദപ്രയോഗങ്ങളും കടമെടുക്കേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. പക്ഷ-പ്രതിപക്ഷമോ വര്‍ഗ സംഘട്ടനമോ ഒന്നും മൗദൂദി സാഹിത്യങ്ങളില്‍ പകര്‍ത്തിയിട്ടുമില്ല. പ്രത്യുത, രണ്ടിനെയും പാടെ നിരാകരിക്കുകയും, മനുഷ്യവര്‍ഗം ഒന്നാണെന്നും ദേശ, വംശ, വര്‍ണ, വര്‍ഗ ഭേദങ്ങള്‍ക്കതീതമായി മനുഷ്യരെ കാണുകയും മാറ്റുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം നിലവില്‍ വരൂ എന്നും സമര്‍ഥിക്കുകയുമാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ ഒന്നുണ്ട്: ആധുനിക തത്ത്വശാസ്ത്രങ്ങളാലും മുതലാളിത്തം, കമ്യൂണിസം പോലുള്ള സിദ്ധാന്തങ്ങളാലും സ്വാധീനിക്കപ്പെട്ട നവ മനുഷ്യ സമൂഹത്തെ സംബോധന ചെയ്യുമ്പോള്‍ അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ വേണം സംവദിക്കാന്‍. അതിനാവശ്യമായ പ്രയോഗങ്ങള്‍ മൗദൂദി സ്വീകരിച്ചിട്ടുണ്ട്. ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാരും ചരിത്രകാരന്മാരുമെല്ലാം ചെയ്ത സാധാരണ നടപടി മാത്രമാണത്.

ഫ്യൂഡല്‍ വ്യവസ്ഥയെ നിശ്ശേഷം നിരാകരിച്ച മൗദൂദിയും പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയും 1970-ലെ പ്രഥമ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍, അധികാരത്തില്‍ വന്നാല്‍ സമീന്ദാരി സമ്പ്രദായം അവസാനിപ്പിക്കുമെന്നും കൈവശഭൂമിക്ക് പരിധി ഏര്‍പ്പെടുത്തുമെന്നുമാണ് വാഗ്ദാനം ചെയ്തത്. ഫ്യൂഡലിസ്റ്റുകള്‍ സര്‍വ ശക്തിയുമുപയോഗിച്ച് ജമാഅത്തിനെ എതിര്‍ക്കാനുള്ള കാരണവും അതുതന്നെ. ദൈവിക പരമാധികാരത്തിനു വിധേയമായി പൂര്‍ണ ജന പ്രാതിനിധ്യ രാഷ്ട്രീയ വ്യവസ്ഥയെ അവതരിപ്പിച്ച മൗദൂദി ഫാഷിസത്തെയോ ഏതെങ്കിലും വിധത്തിലുള്ള ഏകാധിപത്യത്തെയോ അംഗീകരിച്ചില്ല, തുറന്നെതിര്‍ക്കുകയും ചെയ്തു. മൂന്നു പതിറ്റാണ്ട് കാലമായി നടത്തുന്ന വ്യാജ പ്രചാരണം പുസ്തക കര്‍ത്താവ് അശേഷം മനസ്സാക്ഷിക്കുത്തില്ലാതെ തുടരുക മാത്രമാണെന്ന് 'ദൈവത്തിന്റെ രാഷ്ട്രീയം' സാക്ഷ്യപ്പെടുത്തുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍