Prabodhanm Weekly

Pages

Search

2015 മെയ്‌ 01

അമ്മയിറങ്ങിപ്പോയ കടവ്

ശീറീന്‍ മുര്‍തസ

അമ്മയിറങ്ങിപ്പോയ 
കടവ്

അതിതീവ്രമായ ഒന്നായിരിക്കണം 
എന്റെ അമ്മയുടെ ഹൃദയം
പല വികാരങ്ങളുമലിഞ്ഞു ചേര്‍ന്ന്.
അതില്‍ വിരിയുന്ന സ്‌നേഹത്തിന്റെ 
അതിരന്വേഷിക്കുന്നവന്‍
എത്ര വിഡ്ഢിയാണ്?
അമ്മയുടെ പുഞ്ചിരി നിഷ്‌കളങ്കതയെന്ന 
പദത്തിനു പകരം നില്‍ക്കുന്നു
ആ മനസ്സിലെ നൊമ്പരങ്ങളാകട്ടെ, 
അലച്ചു മറിയുന്ന തിരമാലകള്‍ പോലെ
എന്റെ ഹൃദയത്തിനു നോവനുഭവപ്പെടുമ്പോള്‍
കവിള്‍ ആ വരണ്ട ചുണ്ടുകളുടെ നനവറിയും
കണ്‍കോണുകളില്‍ ഉപ്പു പടരുമ്പോള്‍
മെലിഞ്ഞ കൈകളുടെ തലോടലേല്‍ക്കും.
പിന്നെയെപ്പഴോ,
കപടമായ പ്രണയവും വര്‍ത്തമാനങ്ങളും 
എന്നെ പൊതിഞ്ഞു.
സ്വകാര്യതയോടുള്ള എന്റെ അഭിനിവേശവും
കാതില്‍ മുഴങ്ങിയ മധുരവര്‍ത്തമാനങ്ങളും ചേര്‍ന്ന്
എന്റെ അമ്മയെ കൂടു തുറന്ന് ദയാരഹിതമായിറക്കി വിട്ടു.
ഇരുട്ടു നിറഞ്ഞ ഒരു കടവിലേക്ക്
അമ്മ, ഏകയായ്.
എന്നില്‍ ദുര്‍ബോധനം നിറച്ച
സകല ദുശ്ശക്തികളും തുലഞ്ഞു പോകട്ടെ.
ഇപ്പോള്‍ ഏകയായത് ഞാന്‍.
ദൂരെയെങ്കിലും കാഴ്ചവട്ടത്തില്‍
അമ്മയിറങ്ങിപ്പോയ കടവ്.
കായലില്‍ തെളിഞ്ഞ ജലം, നിറനിലാവ്.
കടവില്‍ വര്‍ണാഭമായ പൂക്കള്‍
അമ്മയിറങ്ങിപ്പോയ കടവ്
വെള്ളത്തിന് നിലാവും പൂക്കള്‍ക്ക് ഇലകളും കൂട്ട്
എനിക്കാരാണ് കൂട്ട്?
ആ വരണ്ട ചുണ്ടുകളും മെലിഞ്ഞ കൈകളുമെവിടെ?
അമ്മയിറങ്ങിപ്പോയ കടവ്
ഇപ്പോള്‍ മനം പിടയുന്നു
ഈ കടവ് എന്നെയും കാത്തിരിക്കുന്നുണ്ടാവില്ലേ?

ശീറീന്‍ മുര്‍തസ

ഇ.എം.എസ് സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ 

പാപ്പിനിശ്ശേരി


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍