Prabodhanm Weekly

Pages

Search

2015 മെയ്‌ 01

അര്‍മീനിയന്‍ കൂട്ടക്കൊലയോ 'വംശഹത്യ'യോ?

അബൂസ്വാലിഹ

അര്‍മീനിയന്‍ കൂട്ടക്കൊലയോ 
'വംശഹത്യ'യോ?

രോ വര്‍ഷവും ഏപ്രില്‍ 24 അടുക്കുമ്പോള്‍ തുര്‍ക്കിയും അര്‍മീനിയയും തമ്മിലുള്ള സംഘര്‍ഷത്തിന് പിരിമുറുക്കം കൂടും. ഒന്നാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കെ അര്‍മീനിയന്‍ ക്രിസ്ത്യാനികളെ തുര്‍ക്കി ഭരിച്ചുകൊണ്ടിരുന്ന ഉസ്മാനികള്‍ വംശഹത്യക്ക് വിധേയമാക്കിയെന്നും അതിന്റെ വാര്‍ഷിക അനുസ്മരണമാണ് തങ്ങള്‍ നടത്തുന്നതെന്നും അര്‍മീനിയന്‍ ഗവണ്‍മെന്റ് പറയുന്നു. അങ്ങനെയൊരു വംശഹത്യ നടന്നതിന് തെളിവില്ലെന്നും തുര്‍ക്കിയെ അന്താരാഷ്ട്ര തലത്തില്‍ മാനം കെടുത്താന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ നടത്തുന്ന കേവലം പ്രോപഗണ്ട യുദ്ധം മാത്രമാണിതെന്നും തുര്‍ക്കി തിരിച്ചടിക്കുന്നു. ഇത്തവണത്തെ ഏപ്രില്‍ 24-ന് മറ്റൊരു പ്രത്യേകതയുമുണ്ട്. നടന്നുവെന്ന് പറയപ്പെടുന്ന വംശഹത്യയുടെ നൂറാം വാര്‍ഷികമാണത്. സംഗതി പൊലിപ്പിക്കാന്‍ വത്തിക്കാനിലെ പോപ്പ് ഫ്രാന്‍സിസ് രണ്ടാമന്‍ തന്നെ രംഗത്തിറങ്ങി. അര്‍മീനിയക്കാര്‍ക്കെതിരെ നടന്നുവെന്ന് വാദിക്കപ്പെടുന്ന കൂട്ടക്കൊലയെ അദ്ദേഹം വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. വത്തിക്കാന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി തുര്‍ക്കി ഗവണ്‍മെന്റ് തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.

മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നു പോപ്പിന്റെ പ്രസ്താവന എന്ന് തോന്നിക്കും മട്ടില്‍ യൂറോപ്യന്‍ പാര്‍ലമെന്റുകള്‍ ഉടന്‍ വിഷയം ഏറ്റുപിടിച്ചു. 1915-ല്‍ നടന്ന കൂട്ടക്കൊല വംശഹത്യയാണെന്ന് തുര്‍ക്കി അംഗീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂട്ടക്കൊല നടന്നിട്ടുണ്ട് എന്ന കാര്യം തുര്‍ക്കിയും നിഷേധിക്കുന്നില്ല. പക്ഷേ, അത് വംശഹത്യയായിരുന്നില്ല. തുര്‍ക്കിയുടെ വിശദീകരണം ഇങ്ങനെയാണ്: ദീര്‍ഘകാലം ഉസ്മാനികളുമായി യുദ്ധത്തിലായിരുന്നു റഷ്യയിലെ സാര്‍ ചക്രവര്‍ത്തി. ഈ യുദ്ധത്തില്‍ ഉസ്മാനി രാഷ്ട്രത്തില്‍ താമസിച്ചിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായ അര്‍മീനിയന്‍ ക്രിസ്ത്യാനികള്‍ സാര്‍ ചക്രവര്‍ത്തിക്കൊപ്പമായിരുന്നു. ഇത് വഞ്ചനയും രാജ്യദ്രോഹവുമായാണ് ഉസ്മാനികള്‍ കണ്ടത്. അതിനാല്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിന്ന് ഇവരെ കുടിയൊഴിപ്പിക്കുകയും സിറിയയിലേക്ക് നാടു കടത്തുകയുമുണ്ടായി. ഇങ്ങനെ രാഷ്ട്രീയ കാരണങ്ങളാല്‍ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ അര്‍മീനിയക്കാര്‍ മാത്രമല്ല കുര്‍ദുകളും തുര്‍ക്കി വംശജരുമൊക്കെയുണ്ട്. യുദ്ധകാലമായതിനാല്‍ ഈ ഓപ്പറേഷനിടെ കുറെ പേര്‍ വധിക്കപ്പെടുകയും, അഭയാര്‍ഥികളായി മരുഭൂമിയിലെത്തിയവര്‍ മരിച്ചൊടുങ്ങുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഒന്നാം ലോക യുദ്ധത്തില്‍ ഇതുപോലെ വേറെയും ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വംശീയ ഉന്മൂലനമാണ് ലക്ഷ്യമെങ്കില്‍ കത്തോലിക്ക അര്‍മീനിയക്കാരെ വെറുതെ വിട്ടത് എന്തിനെന്നും തുര്‍ക്കി ചോദിക്കുന്നു.

ഒന്നര മില്യന്‍ അര്‍മീനിയന്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തുര്‍ക്കി വാദിക്കുന്നു. ഉസ്മാനിയ ഭരണകര്‍ത്താക്കള്‍ വംശഹത്യക്ക് ആജ്ഞ കൊടുത്തു എന്നും അര്‍മീനിയന്‍ ഗവണ്‍മെന്റ് ആരോപിക്കുന്നുണ്ട്. ഇതിനൊന്നും തെളിവുകള്‍ ഹാജരാക്കുന്നുമില്ല. ഉസ്മാനിയ ഭരണകാലത്തെ അര്‍ക്കൈവുകള്‍ പരിശോധിക്കാനായി തുറന്നു കൊടുക്കുന്നില്ല എന്നാണ് തെളിവ് ഹാജരാക്കാത്തതിന്റെ കാരണം പറയുന്നത്. 'അര്‍മീനിയക്കാരെ കുടിയൊഴിപ്പിക്കല്‍ (1914-1918)- രേഖകളും യാഥാര്‍ഥ്യവും' എന്ന പുസ്തകമെഴുതിയ യൂസുഫ് ഹല്ലാജ് ഒഗ്‌ലു ഇത്തരം വാദങ്ങളെയെല്ലാം ഖണ്ഡിക്കുന്നുണ്ട്. 1998 മുതല്‍ 2001 വരെ 500 ഗവേഷകര്‍ ഉസ്മാനി അര്‍ക്കൈവ്‌സ് പരിശോധിച്ചിട്ടുണ്ട്. 1921 മുതലുള്ള കണക്കെടുത്താല്‍ അത് അരിച്ച് പെറുക്കിയ ഗവേഷകരുടെ എണ്ണം 3000-ത്തോളം വരും. ഇവരൊന്നും, വംശഹത്യ നടത്താന്‍ കല്‍പിച്ചുകൊണ്ടുള്ള ആ ഉസ്മാനി ഉത്തരവ് കണ്ടെത്തിയില്ലെന്നോ?

ഒന്നാം ലോക യുദ്ധകാലത്ത് നടന്ന സംഭവത്തെ വംശഹത്യയായി തുര്‍ക്കിയെ കൊണ്ട് അംഗീകരിപ്പിക്കുന്നതിന് പിന്നില്‍ പാശ്ചാത്യര്‍ക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. അര്‍മീനിയക്കാര്‍ പടിഞ്ഞാറന്‍ അര്‍മീനിയ എന്ന് വിളിക്കുന്ന തുര്‍ക്കിയിലെ ഒരു ഭൂവിഭാഗത്തിന് മേല്‍ അവകാശവാദമുന്നയിക്കുക എന്നതാണ് അതില്‍ പ്രധാനം. രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാവുന്ന ഈ നീക്കത്തെ എന്ത് വിലകൊടുത്തും തടയാന്‍ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം. അര്‍മീനിയന്‍ ദുരന്തത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന അന്നുതന്നെ ഗാലിയോപോലി യുദ്ധ വിജയത്തിന്റെ (ബ്രിട്ടീഷ് -ഫ്രഞ്ച് ആസ്‌ട്രേലിയന്‍-ന്യൂസിലാന്റിയന്‍ സംയുക്ത സൈന്യത്തിനെതിരെ ഉസ്മാനികള്‍ നേടിയ ചരിത്ര വിജയം) നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ തുര്‍ക്കിയും രംഗത്തിറങ്ങിക്കഴിഞ്ഞു. അര്‍മീനിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ക്ക് ക്ഷണക്കത്തും പോയിട്ടുണ്ട്! ഫലസ്ത്വീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന പച്ചയായ വംശഹത്യക്ക് ചൂട്ടുപിടിക്കുന്നവരാണ് എന്നോ നടന്ന ഒരു സംഭവത്തെ വംശഹത്യാ ചായം പൂശാന്‍ ശ്രമിക്കുന്നതെന്ന എതിര്‍ പ്രചാരണവും തുര്‍ക്കി നടത്തുന്നു. ഉസ്മാനികള്‍ അതിക്രമം ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പിന്‍മുറക്കാരല്ലാത്ത ആധുനിക തുര്‍ക്കി ഭരണകൂടം എന്തിന് മാപ്പ് ചോദിക്കണം എന്ന ചോദ്യവും ന്യായമാണ്. 

ഈജിപ്തില്‍ നിന്ന് അന്യായ വിധികള്‍

ബ്ദുല്‍ ഫത്താഹ് സീസി എന്ന ഏകാധിപതിയുടെ കളിപ്പാവയായി മാറിക്കഴിഞ്ഞ ഈജിപ്ഷ്യന്‍ കോടതി, മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെയും മുഹമ്മദ് ബല്‍താജി, ഇസാം ഉര്‍യാന്‍ ഉള്‍പ്പെടെ പന്ത്രണ്ട് ഇഖ്‌വാന്‍ നേതാക്കളെയും ഇരുപത് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ജനാധിപത്യ രീതിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത ശേഷം മുര്‍സിക്കെതിരെയുള്ള ആദ്യ വിധി പ്രസ്താവമാണിത്. കൊലപാതകക്കുറ്റം ചുമത്താത്തത് കൊണ്ടാണത്രേ വധശിക്ഷ ഒഴിവായത്. ഇതുപോലുള്ള നാല് കേസുകളെങ്കിലും മുര്‍സിക്കെതിരെ വിധി പറയാനായി ഒരുക്കിവെച്ചിട്ടുണ്ട്. 'ഹിസ്ബുല്ലക്കും ഹമാസിനും രഹസ്യങ്ങള്‍ ചോര്‍ത്തി', 'ഖത്തറുമായി രഹസ്യങ്ങള്‍ പങ്കിട്ടു', 'നീതിപീഠത്തെ അധിക്ഷേപിച്ചു' തുടങ്ങിയ 'കുറ്റങ്ങളാ'ണ് ഉടന്‍ വിചാരണക്കെത്തുക. ഇതിലേതെങ്കിലുമൊന്നില്‍ വധശിക്ഷയും പ്രതീക്ഷിക്കാം.

നീതിന്യായത്തിന്റെ ആത്മാവ് ചോര്‍ത്തുന്ന വിധി എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈജിപ്ഷ്യന്‍ നിയമവ്യവസ്ഥയുടെ നിഷ്പക്ഷതയിലും സത്യസന്ധതയിലും ആര്‍ക്കെങ്കിലും വല്ല തെറ്റിദ്ധാരണയുമുണ്ടെങ്കില്‍ അതൊക്കെയും തിരുത്തുന്നതാണ് ഈ വിധിയെന്ന് ആംനസ്റ്റി പരിഹസിക്കുകയും ചെയ്തു. ഒരു ഏകാധിപതിയുടെ പേരില്‍ പുറത്തിറങ്ങിയ ഈ വിധിക്ക് യാതൊരു നിയമസാധുതയുമില്ലെന്നാണ് പ്രതിപക്ഷ നേതാക്കളിലൊരാളായ അയ്മന്‍ നൂറിന്റെ പ്രതികരണം. 

തീര്‍ത്തും അന്യായമായ ഈ വിധിപ്രസ്താവം ഇഖ്‌വാന് പുതുജീവന്‍ നല്‍കുമെന്ന് ഇഖ്‌വാന്‍ വക്താവ് അംറ് ദര്‍റാജ് പറഞ്ഞു: ''എത്രയോ പേരെ രക്തസാക്ഷികളായി നല്‍കിയ പ്രസ്ഥാനമാണിത്. എത്രയോ പേര്‍ ദീര്‍ഘകാലമായി തടവറകളില്‍ കഴിയുന്നു. അന്യായ വിധികള്‍ ഞങ്ങളെ തളര്‍ത്തുകയില്ല. ഏകാധിപത്യത്തെ താഴെയിറക്കും വരെ പോരാട്ടം തുടരും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉമറുല്‍ ബശീറിനെതിരെ ഉമറുല്‍ ബശീര്‍!

ഴിഞ്ഞ വാരം സുഡാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ഖുര്‍ത്വൂമിലെ അല്‍ ജസീറ പ്രതിനിധി ഇമാദ് അബ്ദുല്‍ ഹാദിയുടെ കമന്റാണിത്. 26 വര്‍ഷമായി സുഡാന്റെ പ്രസിഡന്റാണ് ഉമറുല്‍ ബശീര്‍. ഇത്തവണയും അദ്ദേഹം മത്സര രംഗത്തുണ്ട്. പക്ഷേ, എതിരാളികളില്ല! അപ്പോള്‍ സ്വന്തത്തോട് മത്സരിക്കുകയല്ലാതെ എന്തു ചെയ്യും? എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒമ്പത് പേരെ കാണാനുണ്ട്. ഇവരിലൊരാളും വാര്‍ഡ് തലത്തില്‍ പോലും ജയിക്കാന്‍ കഴിവുള്ളവരല്ല. കുറച്ചെങ്കിലും അറിയപ്പെടുന്നത് ഫാത്വിമ അബ്ദുല്‍ മഹ്മൂദ് എന്ന വനിതയാണ്. സുഡാനി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ് അവര്‍ മത്സരിക്കുന്നതെങ്കിലും ആ പാര്‍ട്ടിക്ക് യാതൊരു സ്വാധീനവുമില്ലെന്നാണ് റിപ്പോര്‍ട്ട്. കുറച്ചെങ്കിലും സ്വാധീനമുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. അവര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.

മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. സാദിഖുല്‍ മഹ്ദിയുടെ ഹിസ്ബുല്‍ ഉമ്മ, ഹസന്‍ തുറാബിയുടെ ഹിസ്ബു മുഅതമര്‍ അശ്ശഅ്ബി, അല്‍ മുഅ്തമറു സുഡാനി തുടങ്ങിയ കക്ഷികള്‍ തെരഞ്ഞെടുപ്പ് കുറ്റമറ്റതാകില്ലെന്ന് ഉറപ്പിച്ച്  നേരത്തേ കളം വിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകരും വ്യക്തമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. വിവിധ രാജ്യങ്ങളില്‍ പ്രവാസി സുഡാനികള്‍ക്കായി ഒരുക്കിയ പോളിംഗ് ബൂത്തുകളും ഒഴിഞ്ഞു കിടന്നു. പോളിംഗ് വര്‍ധിപ്പിക്കാന്‍ സീസി മോഡലില്‍ ഒരു ദിവസം കൂടി നീട്ടി നല്‍കിയെങ്കിലും ഫലം നേരത്തേ ഉറപ്പായ ഒരു പ്രഹസനത്തിന് സമയം മെനക്കെടുത്തുന്നത് എന്തിന് എന്ന നിസ്സംഗതയില്‍ സുഡാനികള്‍ ആ വഴിക്ക് തിരിഞ്ഞു നോക്കിയില്ല.

പലതരം അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ നേരിടുന്ന ഉമര്‍ ബശീറിന് പ്രതിപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ പറ്റിയ അവസരമായിരുന്നു ഇതെങ്കിലും, ഏകാധിപത്യ രീതികള്‍ കൈവിടാന്‍ ഒരുക്കമല്ലാത്ത അദ്ദേഹം ആ അവസരം കളഞ്ഞുകുളിച്ചു. ഈ തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ തന്റെ ഭരണകൂടത്തിന്റെ ഉള്ള നിയമ സാധുത കൂടി ഇല്ലാതായിരിക്കുകയാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍