ഐ.എസിന്റെ സീസി പതിപ്പ്
ഈജിപ്തിലാണ് സംഭവം, തീവ്രവാദത്തെ നേരിടാനും ചിന്താ സുരക്ഷ ഉറപ്പാക്കാനുമെന്ന പേരില്‍. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ നാലു ഉദ്യോഗസ്ഥരടങ്ങുന്ന സമിതി ഒരു വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങള്‍ പരിശോധനക്ക് വിധേയമാക്കി. പരിശോധനയില്‍ 'അനുഗുണമല്ലാത്തതും മന്ത്രാലയത്തിന്റെ ലിസ്റ്റില്‍ പെടാത്തതു'മായ പുസ്തകങ്ങള്‍ കണ്ടെത്തിയതിനാല്‍, അവ നീക്കം ചെയ്യാനും തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചു.
തങ്ങളുടെ ദൗത്യം ഭംഗിയായി പൂര്‍ത്തീകരിക്കാനും 'ഉന്മൂലനവും നശിപ്പിക്കലുമാണ് പരിഹാരം' എന്ന ആശയം സ്ഥാപിക്കാനുമായി വിദ്യാഭ്യാസ വകുപ്പിലെ മേധാവികള്‍ സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ചു തന്നെ തീരുമാനം നടപ്പാക്കി. സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും മേല്‍ പറഞ്ഞ ഉദ്യോഗസ്ഥരും മുറ്റത്ത് ഒന്നിച്ച് അണിനിരന്നു. രംഗം പകര്‍ത്താന്‍ മീഡിയ പ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും പ്രത്യേകം ക്ഷണിച്ചിരുന്നു. പശ്ചാത്തലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈജിപ്തിന്റെ വലിയ പതാകയെ സാക്ഷിയാക്കി സകലരുടെയും സാന്നിധ്യത്തില്‍ പുസ്തക കൂമ്പാരത്തിനവര്‍ തീയിട്ടു. പുസ്തകങ്ങള്‍ ഇഖ്‌വാന്‍ ചിന്തകള്‍ പ്രചരിപ്പിക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണെന്നും, ഗ്രന്ഥകര്‍ത്താക്കള്‍ ഖത്തറില്‍ താമസമാക്കിയ തീവ്രവാദികളാണെന്നുമൊക്കെയാണ് സംഭവത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ ഡയറക്ടറുടെ വക്താവ് വിശദീകരിച്ചത്.
75 പുസ്തകങ്ങളാണ് നശിപ്പിക്കപ്പെട്ടത്. അവയില്‍ ചിലത് ഇവയാണ്: ഇസ്‌ലാമും ഭരണത്തിന്റെ അടിസ്ഥാനങ്ങളും (അലി അബ്ദുര്‍ റാസിഖ്), ഇസ്‌ലാമിന്റെ സംസ്‌കരണ രീതി (അബ്ദുല്‍ ഹലീം മഹ്മൂദ്), ജമാലുദ്ദീന്‍ അഫ്ഗാനി (ഡോ. ഉസ്മാന്‍ അമീന്‍), ഇസ്‌ലാമിന്റെ ഭരണഘടന (ഡോ. ഹുസൈന്‍ മുഅ്‌നിസ്), ഇസ്‌ലാമില്‍ ഖുദ്‌സിന്റെ സ്ഥാനം (ശൈഖ് അബ്ദുല്‍ ഹമീദ് സായിഹ്), ഇസ്‌ലാമിലെ സ്ത്രീ (മുഹമ്മദ് അത്വിയ്യ അല്‍- ഇബ്‌റാശീ). ഈ ഗ്രന്ഥങ്ങളുടെ രചയിതാക്കളെല്ലാം അറബ് ലോകത്തെയും ഈജിപ്തിലെയും ജനങ്ങളെ ബുദ്ധിപരമായി സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങളാണ്, ആര്‍ക്കും ഇഖ്‌വാനുമായി ബന്ധമില്ല, അതില്‍ പലരും എന്നോ പരലോകം പൂകി, ആരും ഖത്തറിലുമില്ല.
അഗ്നിക്കിരയായവയില്‍ മേല്‍ പറഞ്ഞ ഗണത്തില്‍ പെടാത്ത പുസ്‌കങ്ങളുമുണ്ട്. ബോസ്‌നിയയെ കുറിച്ചും ഏഷ്യാ മൈനറിലെ മുസ്‌ലിംകളെ കുറിച്ചുമുള്ള പുസ്തകങ്ങള്‍, ക്രിസ്റ്റഫര്‍ ഹെറോള്‍ഡിന്റെ 'ബോണപാര്‍ട്ട് ഈജിപ്തില്‍', റജബ് അല്‍- ബന്നായുടെ 'ഭാവിയെ കണ്ടെത്താം' തുടങ്ങിയ പുസ്തകങ്ങളും അതിലുണ്ട്. സാംസ്‌കാരികാധിനിവേശവും സ്ത്രീയുടെ സാമൂഹിക പങ്കും ചര്‍ച്ചചെയ്യുന്നതാണ് മറ്റു ചില പുസ്തകങ്ങള്‍. വിദ്യാഭ്യാസ മന്ത്രാലയം, ഇഖ്‌വാന്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ പുസ്തകങ്ങള്‍ കത്തിച്ചു എന്ന നിലയിലാണ് ഒരു പത്രം ഈ വാര്‍ത്ത നല്‍കിയത്. കൂടെ ഈ പുസ്തകങ്ങളുടെ പ്രചാരം രാജ്യത്ത് നിരോധിച്ചവയാണെന്ന ഡയറക്ടറുടെ പ്രതിനിധിയുടെ വസ്തുതാ വിരുദ്ധമായ പ്രസ്താവനയുമുണ്ട്. നശിപ്പിക്കാന്‍ സുരക്ഷാ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ചുവപ്പ് മാര്‍ക്കിട്ട് മാറ്റിവെച്ച് പ്രത്യേകം സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നെന്നും, ഇഖ്‌വാന്‍ സ്ഥാപനങ്ങളില്‍ സംഭവിക്കുന്ന മസ്തിഷ്‌ക പ്രക്ഷാളനത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാണ് നശിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വിശദീകരണമുണ്ടായി.
പ്രമുഖ പണ്ഡിതരുടെ പുസ്തകങ്ങളെ അവഹേളിച്ചതിനെ കുറിച്ച് ഒന്നും പരാമര്‍ശിക്കാതെ വാര്‍ത്തയും അധികൃതരുടെ ന്യായീകരണവും മാത്രം പ്രസിദ്ധീകരിച്ച പത്രത്തിന്റെ നിലപാട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വാര്‍ത്ത ആദ്യം വെബ്‌സൈറ്റില്‍ കണ്ടപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. സചിത്ര പത്രവാര്‍ത്ത കണ്ടപ്പോഴാണ് ശരിയാണെന്ന് ബോധ്യമായത്. വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശികളാകേണ്ട അധ്യാപകരുടെ ഇതിലെ പങ്കാളിത്തം എന്നെ കൂടുതല്‍ അമ്പരപ്പിച്ചു. പശ്ചാത്തലത്തിലെ ഈജിപ്ത് പതാകയുടെ സാന്നിധ്യം അതിനെ അവഹേളിക്കലായി തോന്നി. രാജ്യത്തിന്റെ നെറ്റിത്തടത്തില്‍ പതിഞ്ഞ അപമാനത്തിന്റെ വലിയ കറുത്ത പാടായി ഈ സംഭവത്തെ ഞാന്‍ കാണുന്നു. സംഭവത്തിനു പിന്നില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധികൃതരാണെന്നതും, അവര്‍ക്ക് ലഭിച്ച ഭരണകൂട അനുമതിയും ചില മീഡിയാ തലങ്ങളില്‍ നിന്നുള്ള പിന്തുണയും കൂടി അറിയുമ്പോള്‍ അപമാന ഭാരം ഇരട്ടിക്കുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അവരാണല്ലോ മുമ്പ് ചില അക്കാദമി അംഗങ്ങളെയും മീഡിയക്കാരെയും കൊണ്ട് ഉഖ്ബത്ത് ബ്‌നു നാഫിഇനെയും സ്വലാഹുദ്ദീന്‍ അയ്യൂബിയെയും കരിമ്പട്ടികയില്‍ പെടുത്തുകയും അവരുടെ ജീവിത ചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തത്. കാരണം ഉഖ്ഖഃ ആഫ്രിക്കയെ ജയിച്ചടക്കുക എന്ന 'പാപം' ചെയ്തയാളാണ്. അധിനിവേശകരായ കുരിശുസേനയെ മുസ്‌ലിം ഭവനങ്ങളില്‍ നിന്ന് തുരത്തിയതാണ് സ്വലാഹുദ്ദീന്‍ അയ്യൂബി ചെയ്ത 'തെറ്റ്'. മേല്‍ പറഞ്ഞ പുസ്തകങ്ങളുടെ രചയിതാക്കള്‍ ഇസ്‌ലാമിനെ കുറിച്ചെഴുതിയവരും അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരുമാണ്. സാമൂഹിക ധ്രുവീകരണവും ഏറ്റുമുട്ടലുകളും ഭ്രാന്തമായ തലത്തിലേക്ക് കടക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. എങ്ങോട്ടാണ് ഈ പോക്ക് എന്ന് ചോദിച്ചു പോകുന്നു. നാമെന്തിന് ഐ.എസിനെ വിമര്‍ശിക്കണം, നാമും അവരുടെ ബുദ്ധി കൊണ്ട് ചിന്തിക്കുകയും അതേ ശൈലി സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ എന്നു കൂടി ചോദിച്ചു പോകുന്നു.
വിവ: നാജി ദോഹ
Comments