Prabodhanm Weekly

Pages

Search

2015 മെയ്‌ 01

ഇന്ത്യയില്‍ നിന്ന് പഠിക്കാനുള്ള ജനാധിപത്യ പാഠങ്ങള്‍

റാശിദുല്‍ ഗനൂശി /പ്രഭാഷണം

ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക അതിഥിയായി ഈയിടെ ദല്‍ഹിയിലെത്തിയ തുനീഷ്യയിലെ അന്നഹ്ദയുടെ നേതാവും പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനുമായ റാശിദുല്‍ ഗനൂശി അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണം 

പ്രിയ അധ്യാപക വിദ്യാര്‍ഥി  സുഹൃത്തുക്കളേ 

ഈ മഹത്തായ വിദ്യാഭ്യാസ സ്ഥാപനം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലുള്ള എന്റെ അതിയായ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു. മഹാനായ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ ഞാന്‍ ചെറുപ്പം മുതലേ നിരീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഭാവനയായ ഈ വൈജ്ഞാനിക ഗേഹം സന്ദര്‍ശിക്കുക എന്ന  വളരെ കാലമായുള്ള എന്റെ സ്വപ്നം ഇന്ന് യാഥാര്‍ഥ്യമായി പുലര്‍ന്നിരിക്കുന്നു- അല്‍ഹംദുലില്ലാഹ്.

സ്വാതന്ത്ര്യത്തിന്റെയും  ജനാധിപത്യത്തിന്റെയും പുതിയ പ്രഭാതങ്ങള്‍ക്ക് നാന്ദി കുറിച്ച തുനീഷ്യയില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നതില്‍ അഭിമാനിക്കുന്നു. അറബ് ലോകത്തിലെ  മാറ്റങ്ങള്‍ക്ക്   കാരണമായ തുനീഷ്യയിലെ ജനാധിപത്യ പരിവര്‍ത്തനത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദക്കു വലിയ പങ്കുണ്ട്. 1981-ല്‍ ഇസ്‌ലാമിക പ്രസ്ഥാനം രൂപീകൃതമായതു മുതല്‍ അറബ് വസന്തം നടക്കുന്നതു വരെ നീണ്ട ഇരുപതു വര്‍ഷക്കാലം പീഡനത്തിന്റെയും ജയില്‍വാസത്തിന്റെയും പലായനത്തിന്റെയും നാളുകളായിരുന്നു. അവസാനം ഇസ്‌ലാമിക പ്രവര്‍ത്തകര്‍  ചെയ്ത സല്‍കര്‍മങ്ങള്‍ക്കും കൈകൊണ്ട ക്ഷമക്കും അല്ലാഹു പ്രതിഫലം  തന്നു. 

തുനീഷ്യയുടെയും അന്നഹ്ദയുടെയും ചരിത്രം വിജയത്തില്‍ എത്തി നില്‍ക്കുന്നു. തുനീഷ്യന്‍ രാഷ്ട്രീയ വിജയം തുനീഷ്യക്ക് മാത്രം അവകാശപ്പെട്ടത് എന്ന നിലയിലാണ് വ്യവഹരിക്കപ്പെടുന്നത്. കാരണം, ഇവിടെ രൂപംകൊണ്ട വിപ്ലവ ജ്വാല മറ്റു അറബ് നാടുകളിലേക്ക് വ്യാപിക്കുകയും അവിടങ്ങളില്‍ സ്വേഛാധിപത്യത്തിനെതിരായ സമരങ്ങള്‍ രൂപംകൊള്ളുകയും ചെയ്തുവെങ്കിലും ചില കാരണങ്ങളാല്‍ പൂര്‍ണത പ്രാപിക്കാനാവാതെ വന്നു; തുനീഷ്യയില്‍ മാത്രമാണത് വിജയത്തിലെത്തിയത്. 

ഈ വിജയ രഹസ്യത്തെപ്പറ്റി രാഷ്ട്രീയ നിരീക്ഷകരും പത്രമാധ്യമങ്ങളും ചോദിക്കാറുണ്ട്. ചില അടിസ്ഥാന തത്ത്വങ്ങളില്‍ ഊന്നിനിന്നതുകൊണ്ടാണ് ഈ വിജയം സാധ്യമായത്. അവയെ പരിചയപ്പെടുത്താന്‍ ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തുകയാണ്.

  1981-ല്‍ ഇസ്‌ലാമിക പ്രസ്ഥാനം  രൂപീകൃതമായതു  മുതല്‍ ജനാധിപത്യത്തിന്റെയും  ഇസ്‌ലാമിന്റെയും സമന്വയത്തിന് അത് ഊന്നല്‍  നല്‍കിയിരുന്നു. ഇസ്‌ലാമിക  ഭരണം ജനാധിപത്യപരമാണെന്നും ഇസ്‌ലാം വിഭാവനം ചെയ്യുന്നതു പൗര രാഷ്ട്രമാണെന്നും അധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണെന്നുമുള്ള തത്ത്വങ്ങള്‍, പ്രസ്ഥാനം രൂപീകൃതമായ കാലം മുതല്‍ നിലനിര്‍ത്തിപ്പോരുന്നു. ഈ അടിസ്ഥാന തത്ത്വങ്ങളിലൂന്നി തന്നെയാണ് അന്നഹ്ദ മുന്നോട്ടു പോകുന്നത്.

തുനീഷ്യന്‍ ജനാധിപത്യ പ്രക്രിയയില്‍ അന്നഹ്ദ ഊന്നല്‍ നല്‍കിയ  അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് പൗരത്വ വിഭാവനം. ഇസ്‌ലാമിക രാഷ്ട്രത്തില്‍  ജീവിക്കുന്ന എല്ലാവരെയും തുല്യ അവകാശങ്ങളും ബാധ്യതകളുമുള്ള  രാഷ്ട്ര പൗരന്മാരായി ഇസ്‌ലാം പരിഗണിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിനു  ഉദാഹരണമായി പ്രവാചകന്‍ മദീനയില്‍ സ്ഥാപിച്ച പ്രഥമ ഭരണകൂടത്തില്‍  വിവിധ മതങ്ങളും  അനേകം ഗോത്രങ്ങളും  രാഷ്ട്രരൂപീകരണ പ്രക്രിയയില്‍ പങ്കുകൊണ്ടു. നബി (സ) രൂപീകരിച്ച  ഭരണഘടന  ആ ചെറു സമൂഹത്തെ  ഒന്നടങ്കം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഹിജ്‌റ ചെയ്യാതെ മക്കയില്‍  തങ്ങിയവരും ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക്  പ്രവേശിക്കാത്തവരുമായ മുസ്‌ലിംകള്‍ക്ക് രാഷ്ട്ര പൗരത്വം ലഭ്യമാകാതിരുന്നപ്പോള്‍ (സൂറ അല്‍ അന്‍ഫാല്‍ 72), മദീനയിലുണ്ടായിരുന്ന ബഹുദൈവ വിശാസികളും  ജൂതന്മാരും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പൗരന്മാരായി  ഗണിക്കപ്പെട്ടു. ഇസ്‌ലാമിക രാഷ്ട്രം അവരെ സംരക്ഷിക്കാന്‍  ബാധ്യസ്ഥമാണ്.

ഇസ്‌ലാമിക രാഷ്ട്രത്തിലെ ഓരോ പൗരനും  തുല്യ അവകാശങ്ങളാണുള്ളത്. എല്ലാവര്‍ക്കും കൂട്ടായ്മകളും രാഷ്ട്രീയ പാര്‍ട്ടികളും രൂപീകരിക്കാനും അധികാര പ്രക്രിയയില്‍ പങ്കാളിത്തം  വഹിക്കാനുമുള്ള അവകാശവും  ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗര സങ്കല്‍പത്തിന്റെ  തേട്ടങ്ങളാണ്.

ഞങ്ങള്‍  ഊന്നല്‍ നല്‍കിയ മറ്റൊരു പ്രധാന മേഖലയാണ് അധികാര പങ്കാളിത്തം. യഥാര്‍ഥത്തില്‍  ജനാധിപത്യ  സംവിധാനത്തില്‍  ഒരു പാര്‍ട്ടിക്ക് നൂറില്‍  അമ്പത്തിയൊന്നു  സീറ്റ്  കിട്ടിയാല്‍  ജനാധിപത്യപരമായി  അത് ഭരണത്തിനു അര്‍ഹത നേടുന്നു. എന്നാല്‍, ജനാധിപത്യ പ്രക്രിയ രൂപപ്പെട്ടുവരുന്ന തുനീഷ്യപോലുള്ള ഒരു രാജ്യത്ത് സുഗമമായ ഭരണ നിര്‍വഹണത്തിനു എണ്‍പതോ അതിലധികമോ ഭൂരിപക്ഷം ആവശ്യമാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. അതുകൊണ്ടുതന്നെ സ്വന്തമായി ഭരണകൂട രൂപീകരണത്തിന് അര്‍ഹതയുണ്ടായിട്ടും നിലവിലെ ഘടനയില്‍  സെക്യുലരിസ്റ്റുകളും ലിബറലിസ്റ്റുകളും ഉള്‍പ്പെടെ അഞ്ചോളം പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് അന്നഹ്ദ  ഭരണകൂടം രൂപീകരിച്ചത്. വിഭാഗീയതകളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ഇതു സഹായകമാവും എന്നതിനാലാണ് ഇത്തരമൊരു രീതി  സ്വീകരിച്ചത്. 

ജനാധിപത്യ പ്രക്രിയയില്‍ ഞങ്ങള്‍ പരിഗണിച്ച മറ്റൊരു പ്രധാന തത്ത്വമാണ് അഭിപ്രായ സമന്വയം (Consensus Building). ഭൂരിപക്ഷാധിഷ്ഠിത ജനാധിപത്യത്തിനു  പകരമായി  ഞങ്ങള്‍   അഭിപ്രായ സമന്വയത്തിലധിഷ്ഠിതമായ  ജനാധിപത്യസങ്കല്‍പം വികസിപ്പിച്ചു കൊണ്ടുവരുന്നു. 'അല്‍ ഇജ്മാഉല്‍ വാസിഅ്' അഥവാ വിശാലമായ അഭിപ്രായൈക്യ രൂപീകരണം എന്നത് തീര്‍ത്തും  ഇസ്‌ലാമികമായ സങ്കല്‍പമാണ്.  .

ജനാധിപത്യ പ്രക്രിയയില്‍ സ്വീകരിച്ച  മറ്റൊരു സുപ്രധാന  അടിത്തറയാണ് ഉഭയകക്ഷി ചര്‍ച്ചകള്‍. ജനാധിപത്യ അട്ടിമറി ഭീഷണികളെ  ചെറുക്കാനാണ്  ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. ഉഭയകക്ഷി ചര്‍ച്ചകളെ ഹിംസക്ക് പകരമായി കാണുന്നു.  ഈ തത്ത്വത്തിന്റെ നിരാസം അര്‍ഥമാക്കുന്നത്  ഹിംസയിലേക്ക് നീങ്ങുന്നുവെന്നു തന്നെയാണ്. അഹിംസയില്‍ അധിഷ്ഠിതമാണ് ജനാധിപത്യം. ഇസ്‌ലാമിക സമൂഹത്തിലെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ഹിംസാത്മകമായ  മാര്‍ഗങ്ങള്‍  സ്വീകരിക്കാവതല്ല. ഇസ്‌ലാമിക സമൂഹത്തിലും  സമാധാനം കാംക്ഷിക്കുന്ന എല്ലാ സമൂഹങ്ങളിലും  പ്രശ്ങ്ങള്‍ പരിഹൃതമാകേണ്ടത്  ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ്; അല്ലാതെ ഹിംസയിലൂടെയല്ല. 2013-ല്‍ സ്ഥിതിഗതികള്‍  വഷളായപ്പോള്‍  അന്നഹ്ദ ഉഭയകക്ഷി ചര്‍ച്ചകളെ സ്വാഗതം ചെയ്യുകയും  മാസങ്ങളോളം  ചര്‍ച്ചയിലൂടെ മുന്നോട്ടു പോവുകയും  അവസാനം തെരഞ്ഞെടുപ്പിലൂടെ  തന്നെ  അധികാരത്തിലെത്തിയ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി ഭരണകൂടത്തില്‍  നിന്ന്  വിട്ടുനില്‍ക്കാം എന്ന ഒത്തുതീര്‍പ്പില്‍ വരെ എത്തുകയും  ചെയ്തു. ജനാധിപത്യ പ്രക്രിയയുടെ  സ്ഥിരതക്കും സുഗമമായ നടത്തിപ്പിനും അനുഗുണമായത് ഇതാണ് എന്നതിനാലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. തുടര്‍ന്ന് ഭരണത്തില്‍   നിന്ന് പിന്‍വലിയാനും  നിഷ്പക്ഷ ഭരണകൂടത്തെ സ്വീകരിക്കാനും അന്നഹ്ദ സന്നദ്ധമായി.

ജനാധിപത്യ ഘടനയുടെ മൂല്യം നിര്‍ണയിക്കുന്ന മറ്റൊരു ഘടകമാണ് എതിരാളികളോടുള്ള നിലപാട്. അറബ്  വസന്താനന്തര ജനാധിപത്യ  പരിവര്‍ത്തന ഘട്ടങ്ങളില്‍ ഏറെ സങ്കീര്‍ണതകളുണ്ടാക്കിയ മേഖലയാണ് മുന്‍ സ്വേഛാധിപത്യ വ്യവസ്ഥയോട് എന്ത് നിലപാട് സ്വീകരിക്കണം എന്നത്. പ്രതികാര രാഷ്ട്രീയത്തിലോ മുന്‍ പ്രതിയോഗികളെ വകവരുത്തുന്നതിലോ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. മറിച്ച്  അവരെ കൂടി  ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക എന്ന സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. തന്നെയുമല്ല, വിപ്ലവാനന്തര ഭരണഘടന അംഗീകരിക്കാന്‍ തയാറാവുന്നവര്‍ അവര്‍ ആരായാലും വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍  അര്‍ഹരാണ്. വിപ്ലവാനന്തര ഭരണഘടന എല്ലാവര്‍ക്കും അവരവരുടെ  അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. മുന്‍ ഭരണ വ്യവസ്ഥയില്‍ അന്യായങ്ങള്‍ ചെയ്തവര്‍ ശിക്ഷക്ക് അര്‍ഹരാണ്. എന്നാല്‍ അവര്‍ ശിഷ്ടകാലം മുഴുവന്‍  ശിക്ഷ അനുഭവിക്കേണ്ടവരാണെന്ന നിലപാട് ശരിയല്ല. 

എന്നാല്‍, ഇതിനു വിപരീതമായി  മറ്റു പല  അറബ് രാഷ്ട്രങ്ങളിലും  സ്വീകരിക്കപ്പെട്ടത്  പ്രതികാര രാഷ്ട്രീയവും പൂര്‍വ പ്രതിയോഗികളെ വകവരുത്തുന്ന സമീപനങ്ങളുമായിരുന്നു.  അതുകൊണ്ടു തന്നെ അവിടങ്ങളില്‍  സ്ഥിതിഗതികള്‍ വഷളായി.

ഇവിടെ നമുക്ക് രണ്ടു മാതൃകകള്‍ ഉണ്ട്. ഒന്ന്  പ്രവാചകന്‍ ഖുറൈശികളോട് അനുവര്‍ത്തിച്ച നയമാണ്. നീണ്ട ഇരുപത് വര്‍ഷത്തോളം പ്രവാചകനെയും അനുചരന്മാരെയും പീഡിപ്പിക്കുകയും  അവരെ മക്കയില്‍ നിന്ന് ആട്ടിപ്പുറത്താക്കുകയും അവര്‍ക്കെതിരെ യുദ്ധത്തിന് കോപ്പ് കൂട്ടുകയും ചെയ്ത ഖുറൈശികളോട് അദ്ദേഹം വിജയ ശ്രീലാളിതനായി  മക്കയില്‍ പ്രവേശിച്ച വേളയില്‍ പ്രതികാര സമീപനമല്ല സ്വീകരിച്ചത്. മറിച്ച് 'നിങ്ങള്‍ സ്വതന്ത്രരാണ്' എന്ന വിശാല നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഇസ്‌ലാമിന്റെ പുതിയ ഭരണഘടനക്ക് കീഴില്‍ ജീവിതം  ആരംഭിച്ച എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ നല്‍കപ്പെട്ടു. ഖുറൈശി സേനയുടെ നേതൃത്വത്തിലുണ്ടായിരുന്ന പലരും ഇസ്‌ലാമിക സേനയുടെ നേതൃസ്ഥാനത്ത് എത്തി. അറബികളെ ഒന്നടങ്കം  ഒരു പുതിയ  വ്യവസ്ഥക്കുള്ളില്‍ കൂട്ടിയോജിപ്പിക്കാനും അതിനെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും  പ്രവാചകനു സാധിച്ചു. 

രണ്ടാമത്തെ വിജയ പരീക്ഷണം  ദഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേല  നിര്‍വഹിച്ചതാണ്. അദ്ദേഹം വംശീയ ചേരി തിരിവിനോട്  പ്രതികാരനയം സ്വീകരിക്കാതെ, അവരെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ സമൂഹ നിര്‍മാണം  നടത്തുകയും ആ സമൂഹത്തിലെ എല്ലാവരെയും തുല്യാവകാശങ്ങളുള്ള പൗരന്മാരാക്കി  തീര്‍ക്കുകയും ചെയ്തു.  വംശീയ  വ്യവസ്ഥയുടെ  ഒരു നേതാവ് നെല്‍സണ്‍ മണ്ടേലക്ക് കീഴില്‍ രാഷ്ട്രത്തിന്റെ ഉപാധ്യക്ഷനായി. അതിലൂടെ ദക്ഷിണാഫ്രിക്കയെന്ന  വലിയ രാഷ്ട്രം  നിലവില്‍ വന്നു. വിട്ടുവീഴ്ചയുടെയും ഉദ്ഗ്രഥനത്തിന്റെയും നയം കൈക്കൊണ്ടതിലൂടെയാണ് ഇതു സാധ്യമായത്.

ഇസ്‌ലാമിക രാഷ്ട്രം ഒരു സിവില്‍ രാഷ്ട്രമാണെന്നു  ഞാന്‍ പറഞ്ഞിരുന്നു. എല്ലാ പൗരന്മാര്‍ക്കും   സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പു വരുത്തുന്ന മുസ്‌ലിം അറബ് രാഷ്ട്രം എന്നതാണ് തുനീഷ്യന്‍ ഭരണ ഘടനയിലെ രാഷ്ട്ര സങ്കല്‍പം. തുനീഷ്യയിലെ ചില മുസ്‌ലിംകൂട്ടായ്മകള്‍  ഇത്തരമൊരു രാഷ്ട്ര സങ്കല്‍പത്തെ  അംഗീകരിക്കുന്നില്ല. ശരീഅത്തിന്റെ അടിത്തറയില്‍ ഭരണഘടന വികസിപ്പിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇസ്‌ലാമിനെ സ്വീകരിക്കുന്ന, എന്നാല്‍ ശരീഅത്തിന്റെ പ്രയോഗവത്കരണത്തെ അംഗീകരിക്കാത്ത  സെക്യുലരിസ്റ്റുകളും ശരീഅത്ത് പ്രയോഗവത്കരണ  വാദികളും  തമ്മില്‍ ഭിന്നത  രൂപപ്പെടും എന്നതാണ് ഇതിന്റെ അനന്തരഫലം. നാം ആഗ്രഹിക്കുന്ന ഭരണഘടന എല്ലാവരും യോജിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ട തരത്തിലുള്ളതാണ്. ഭരണഘടന ഭിന്നതക്കു കാരണമാകാന്‍ പാടില്ല. ശരീഅത്തിന്റെ വിവക്ഷ പരിമിതമല്ലെന്നും അതിന് ഇത്തരമൊരു അര്‍ഥതലം സ്വീകരിക്കാമെന്നുമുള്ള പരിഗണനയിലാണ് നാം ഇങ്ങനെ ചെയ്യുന്നത്. അങ്ങനെ ശരീഅത്ത് എന്ന സംജ്ഞ ഭരണഘടനയില്‍ സൂചിപ്പിക്കപ്പെടാതിരിക്കുകയും, തുനീഷ്യയെ മുസ്‌ലിം അറബ് രാഷ്ട്രം എന്ന നിലയില്‍ രേഖപ്പെടുത്തുകയും ചെയ്തു.

ഈജിപ്തിലെ പഴയ ഭരണഘടന, ലിബിയന്‍ ഭരണഘടന, യമന്‍ ഭരണഘടന തുടങ്ങിയവയില്‍ 'ശരീഅത്ത് നിയമ നിര്‍മാണത്തിന്റെ അടിത്തറ' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പക്ഷേ ഈ ശരീഅത്ത് അധിഷ്ഠിത നിയമനിര്‍മാണത്തിന് അക്രമത്തെയും സ്വേഛാധിപത്യത്തെയും  തടയാന്‍ കഴിഞ്ഞില്ല. നല്ല രീതിയില്‍ തെരഞ്ഞെടുപ്പു  നടക്കുന്ന ജനാധിപത്യ സംരംഭത്തില്‍ പൗരന്മാര്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ അവരുടെ വിശ്വാസ പ്രമാണത്തിനനുസരിച്ച്  നിയമനിര്‍മാണം നടത്തുന്നു. അവരുടെ വിശ്വാസം ഇസ്‌ലാമാണെങ്കില്‍ നിയമനിര്‍മാണവും ഇസ്‌ലാമിന് അനുകൂലമായിരിക്കും. ഇനി ജനപ്രതിനിധികള്‍ ഇസ്‌ലാമില്‍ വിശ്വസിക്കാത്തവരാണെങ്കില്‍ ഭരണഘടനയില്‍ ഇസ്‌ലാമും ശരീഅത്തും എഴുതി ചേര്‍ത്തതുകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടാകാനും പോകുന്നില്ല.

തുനീഷ്യന്‍ ഭരണഘടന വിശാസ സ്വാതന്ത്ര്യം  ഉറപ്പുവരുത്തുന്നു. ഇതു ചില ആശയക്കുഴപ്പങ്ങള്‍ക്ക്  വഴിവെച്ചിട്ടുണ്ട്. വിശ്വാസ സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണ്. മതപരിത്യാഗത്തിനു ഇതു കാരണമാകും എന്നതാണ്  ഉയര്‍ന്നുവരുന്ന ആരോപണം. ഇതില്‍ നമ്മുടെ നിലപാട് ഇതാണ്. വിശ്വാസ സ്വാതന്ത്ര്യം വ്യക്തിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. സൂറഃ  ഖാഫില്‍ അല്ലാഹു ഇത് വ്യക്തമായി പറയുന്നുണ്ട്. ഖുര്‍ആനിലെ  നൂറ്റിഅമ്പതോളം സൂക്തങ്ങള്‍ വിശ്വാസ സ്വാതന്ത്ര്യം അടിവരയിടുന്നുണ്ട്. ഇസ്‌ലാം പ്രഖ്യാപിച്ച ഒരാള്‍ അതിനു വിരുദ്ധമായി ജീവിക്കുകയാണെങ്കില്‍ അയാള്‍ കപടനാണ്. അതു കൊണ്ടു തന്നെ നാം വിശ്വാസ സ്വാതന്ത്ര്യം  ഉയര്‍ത്തിപ്പിടിക്കുന്നു. സ്വന്തം ഇഷ്ട പ്രകാരമാണ് ഇസ്‌ലാമില്‍ ആളുകള്‍ വരേണ്ടതും സ്വാഭീഷ്ട പ്രകാരമാണ് അതില്‍ നിലകൊള്ളേണ്ടതും. 

ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങളില്‍ പെട്ടതാണ് സ്ത്രീസ്വാതന്ത്ര്യവും. അവകാശങ്ങളിലും  ബാധ്യതകളിലും സ്ത്രീപുരുഷസമത്വം എന്നതാണ്  ഇതു കൊണ്ട് അര്‍ഥമാക്കുന്നത്.   സ്ത്രീക്ക്  അവളുടെ ആദരണീയതയും അവകാശങ്ങളും ബാധ്യതകളും വകവെച്ചുകൊടുത്ത പ്രഥമ  ദീന്‍ ഇസ്‌ലാമാണ്. ഇതിനാല്‍ തന്നെയാണ് ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ സ്ത്രീപുരുഷസമത്വം നിര്‍ദ്ദേ ശിക്കപ്പെട്ടതും സീറ്റുകള്‍ തുല്യതോതില്‍ സംവരണം ചെയ്തതും. ഇതിന്റെ ഫലമെന്നോണം 59 വനിതാ ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ 41 പേരും അന്നഹ്ദയുടെ സംഭാവനയാണ്. ഈ  സ്ത്രീ-പുരുഷസമത്വ തത്ത്വത്തിലും ഇസ്‌ലാം തന്നെയാണ് നമ്മുടെ മാര്‍ഗദര്‍ശി.

ഇന്ത്യ ലോകത്തിലെ  വലിയ ജനാധിപത്യ രാജ്യമാണ്. കിഴക്കിലെ മികച്ച ജനതയാണ് ഭാരതീയര്‍. ജനാധിപത്യ  സാമ്പത്തിക വൈജ്ഞാനിക പുരോഗതിക്കുള്ള മാതൃക  അവര്‍ ലോകത്തിനു  സമര്‍പ്പിച്ചിരിക്കുന്നു. തുനീഷ്യക്ക് ഇന്ത്യയില്‍നിന്ന് വളരെയധികം പഠിക്കാനുണ്ട്. അതിലൊന്നാണ് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഭരണ മികവ്. നാനാതരം ഭാഷകളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്ന ഭാരതത്തെ വികസനക്ഷമതയുള്ള ഒറ്റ രാഷ്ട്രമായി നിലനിര്‍ത്താന്‍ ഇവിടത്തെ ജനാധിപത്യത്തിനു സാധിക്കുന്നു. വൈവിധ്യങ്ങളെ ഭരിക്കുന്നതില്‍ വരുന്ന വീഴ്ചയാണ്  ഇപ്പോള്‍ അറബ് ലോകം  നേരിടുന്ന വെല്ലുവിളി. അവിടെ വൈവിധ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ഹിംസയും കലാപവും ഉണ്ടാകുന്നു. ഇതു തന്നെയാണ് അവിടങ്ങളിലെ ജനാധിപത്യ ശ്രമങ്ങള്‍ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന്.

തുനീഷ്യന്‍ ജനാധിപത്യ പരീക്ഷണം ഗണ്യമായ വിജയം നേടിയിരിക്കുന്നു. അതു സുതാര്യമായ തെരഞ്ഞെടുപ്പുകള്‍  നടത്തുകയും എല്ലാവരും തെരഞ്ഞെടുപ്പുഫലം  അംഗീകരിക്കുകയും  ഒരു നവീന ഭരണഘടന രൂപവത്കരിക്കുകയും ചെയ്തു. പക്ഷേ പ്രശ്‌നങ്ങള്‍ ഇതു കൊണ്ട് അവസാനിച്ചുവെന്നോ, നമ്മള്‍ സമാധാന തീരത്തണഞ്ഞുവെന്നോ അതിന് അര്‍ഥമില്ല. നമ്മള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത് വൈരുധ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട്  എങ്ങനെ  ഭരണം സാധ്യമാക്കാം  എന്നാണ്. ഈ വിഷയത്തില്‍ ഇന്ത്യന്‍ ജനാധിപത്യമാണ് തുനീഷ്യക്ക് മികച്ച മാതൃക.

തുനീഷ്യ അഭീമുഖീകരിക്കുന്ന ഒരു പ്രശ്‌നം  ഹിംസയാണ്. ഇസ്‌ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത, ബിന്‍ അലിയുടെ സ്വേഛാധിപത്യത്തില്‍ വളര്‍ന്ന ഒരു കൂട്ടം യുവാക്കള്‍ ഈയടുത്ത് നടത്തിയ അക്രമങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എനിക്ക് പറയാനുള്ളത് ഈ പ്രപഞ്ചമഖിലവും  വൈവിധ്യങ്ങളാണെന്നും  അവയെ അഭിമുഖീകരിക്കാന്‍ ഒരു സാംസ്‌കാരിക കാഴ്ചപ്പാട് രൂപപ്പെട്ടുവരേണ്ടതുണ്ട്  എന്നുമാണ്. ഇസ്‌ലാമിനെ കുറിച്ച  അജ്ഞതയാണ് ഇത്തരം യുവാക്കളെ ഹിംസാത്മക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരക്കാര്‍ ന്യൂനാല്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ ഉണ്ടാക്കുന്ന അപകടം ഗുരുതരമാണ്. ജനാധിപത്യം പുലര്‍ന്നിട്ടും  ഇവര്‍ ഹിംസയില്‍ നിന്ന് പിന്തിരിയാത്തത് അവര്‍  അല്‍ഖാഇദ പോലെയുള്ള കൂട്ടായ്മകളാല്‍ സ്വാധീനിക്കപ്പെടുന്നത് കൊണ്ടാണ്. ഇവര്‍ ഇസ്‌ലാമിനെ വികൃതമാക്കാന്‍ ശ്രമിക്കുന്നു. അവരുടെ ഹിംസാത്മക ഇടപെടലുകളെ ഇസ്‌ലാമിന്റെ പേരില്‍ ചാര്‍ത്തുന്നു. പക്ഷേ നമ്മള്‍ അടിയുറച്ചു വിശ്വസിക്കുന്നത് ഈ കൂട്ടര്‍ പരാജയപ്പെടും എന്നു തന്നെയാണ്. കാരണം, അല്ലാഹു  ഈ പ്രപഞ്ചത്തെ  പടച്ചിരിക്കുന്നത് നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളിലാണ്. ഈ കൂട്ടര്‍ ഈ വ്യവസ്ഥയുടെ  ശത്രുക്കളാണ്. ഇപ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ ഭീകരതയുടെ കെടുതികള്‍  ഏറെ അനുഭവിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായും പരാജയപ്പെടും എന്നു നാം ഉറപ്പിച്ചു പറയുന്നു. ഭീകരതക്ക് ഭാവി ഇല്ല. ഭാവി സ്വാതന്ത്ര്യത്തിനും  നീതിക്കും അര്‍ഹതപ്പെട്ടതാണ്. ഇസ്‌ലാമിനെ കുറിച്ച അജ്ഞത, വികസനമുരടിപ്പ്, പട്ടിണി  തുടങ്ങിയ ഘടകങ്ങള്‍ ഭീകരത പച്ചപിടിക്കാന്‍ കാരണമാകുന്നുണ്ട്. പട്ടിണി വ്യാപനം ഭീകരതയെ നിലനിര്‍ത്താന്‍ വേണ്ടി അവര്‍ ഉപയോഗിക്കാറുണ്ട്.  ഈ അപകടകരമായ പ്രതിസന്ധിയെ നേരിടേണ്ടത് ഇസ്‌ലാമിക  അധ്യാപനങ്ങളുടെ വ്യാപനത്തിലൂടെയും  തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലൂടെയും വികസനപുരോഗതി  സാധ്യമാക്കുന്നതിലൂടെയുമാണ്.

തുനീഷ്യന്‍ വിപ്ലവത്തിന്റെ വിജയം  അറബ് രാഷ്ട്രങ്ങള്‍ ജനാധിപത്യത്തിനു  യോഗ്യമാണ് എന്ന് ഉണര്‍ത്തുന്നു. ജനാധിപത്യം എല്ലാ അറബ് രാജ്യങ്ങളിലും പുലരുമെന്ന് നാം പ്രത്യാശിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ  പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ച അറബ് ജനത ഇപ്പോള്‍ ആത്മവിശ്വാസത്തിലാണ്. അവര്‍ അവരുടെ ശേഷിയെ തിരിച്ചറിഞ്ഞിരിക്കുന്നു. അതിക്രമകാരികളായ ഭരണാധികാരികള്‍ നിലംപതിക്കുന്നത് അവര്‍ കാണുന്നു. തുനീഷ്യയില്‍ അല്ലാഹുവിന്റെ  അനുഗ്രഹത്താല്‍  അതു ആദ്യം നടപ്പിലായി. ഇതു അവസാനത്തേത് ആയിരിക്കുകയുമില്ല. ചില കാരണങ്ങളാല്‍ തുനീഷ്യയില്‍ ജനാധിപത്യം വിജയിക്കുകയും  മറ്റു അറബ് രാഷ്ട്രങ്ങളില്‍ അതു വൈകുകയും ചെയ്യുന്നു എന്നു മാത്രം.

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് സ്വതന്ത്രരായിട്ടാണ്. പ്രപഞ്ച സംവിധാനത്തില്‍ പെടാത്തതാണ് സ്വേഛാധിപത്യ ക്രമം. ഇന്നത്തെ ലോകം ഒരു ചെറിയ ഗ്രാമമായി തീര്‍ന്നിരിക്കുന്നു. അവിടെ സ്വേഛാ ഭരണത്തിന് ഒരു ഭാവിയുമില്ല.  ഭാവി സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഇസ്‌ലാമിനും അവകാശപ്പെട്ടതാണ്. 

തയാറാക്കിയത്: അനസ് പുന്നോട് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍