ഇന്റര്‍നെറ്റിലെ പ്രാസ്ഥാനിക മര്യാദകള്‍
വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും ജനകീയമായ കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാമാന്യം വിലക്കുറവില്‍ സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമാവുകയും എല്ലാ വിധ സംവിധാനങ്ങളും ഇത്തരം ഫോണുകളില്‍ ലഭ്യമാവുകയും ചെയ്തതോടെ ഏത് സാധാരണക്കാരനും ഇതിന്റെ ഉപഭോക്താവാകാന്‍ സാധിച്ചിരിക്കുന്നു. നവമാധ്യമങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ അതിശക്തമായ രീതിയിലാണ് ഇന്ന് സമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്കും കടിഞ്ഞാണിടാന്‍ ഇത്തരം ഇടപെടലുകളിലൂടെ സാധ്യമായിട്ടുണ്ട്. മുല്ലപ്പൂ വിപ്ലവത്തിലും ദല്‍ഹി പെണ്‍കുട്ടിയുടെ മാനഭംഗകൊലക്ക് ശേഷം നടന്ന പ്രക്ഷോഭത്തിലും മോദി സര്‍ക്കാറിന്റെ ഭരണത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നതിലും നവമാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. ഏതൊരാള്‍ക്കും താന്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തെ ഒരു എഡിറ്റിംഗുമില്ലാതെ സമൂഹസമക്ഷം എളുപ്പത്തില്‍ അവതരിപ്പിക്കാനും പ്രസരിപ്പിക്കാനും സാധിക്കുന്നു എന്നത് സോഷ്യല്‍ മീഡിയയുടെ അപാര സാധ്യതകളില്‍ ഒന്നാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും തങ്ങളുടെ കുടുംബവുമായും നാടുമായും നിരന്തരബന്ധം കാത്ത് സൂക്ഷിക്കാന്‍ വാട്ട്‌സ്ആപ്പിലൂടെയും ഫെയിസ്ബുക്കിലൂടെയും സ്‌കൈപ്പിലൂടെയും സാധിക്കും.
ഏതൊരു കാര്യത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. നിരന്തരമായ ഇന്റര്‍നെറ്റ് ഉപയോഗം പല സ്വഭാവവൈകല്യങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും കാരണമായിത്തീരുന്നു എന്നാണ് ആധുനിക പഠനങ്ങള്‍ പറയുന്നത്. ഭാര്യയും ഭര്‍ത്താവും മക്കളും മുഴുസമയവും ഇതിന്റെ മുമ്പിലായത് കൊണ്ട് പല കുടുംബങ്ങളും ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അതിരുവിട്ട ചാറ്റിംഗിലൂടെയും മൊബൈല്‍ ഫോണിലൂടെയുള്ള സല്ലാപത്തിലൂടെയും സദാചാരപരിധികള്‍ വിടുന്നതും ഒളിച്ചോടുന്നതും ഇന്ന് വാര്‍ത്തയേയല്ലാതായിരിക്കുന്നു.
ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഏത് മേഖലയില്‍ ഇടപെടുമ്പോഴും അവിടെ കണിശവും സൂക്ഷ്മവുമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കൃത്യമായ അവബോധവും കാഴ്ചപ്പാടുകളും ഏത് വിഷയത്തിലുമുണ്ടായിരിക്കണം. ചാനലുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇമെയില്‍, വാട്ട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയ നിരവധി സംവിധാനങ്ങളുണ്ട് ഇന്ന് ആശയകൈമാറ്റത്തിന്. ഹല്‍ഖകളുടെയും യൂനിറ്റുകളുടെയും അറിയിപ്പുകള്‍ ഇതിലൂടെ കൈമാറാന്‍ സാധിക്കുന്നു. കേന്ദ്ര, ജില്ലാ, ഏരിയ, യൂനിറ്റ് ഭാരവാഹികള്‍ക്ക് അറിയിപ്പുകളും മറ്റും തങ്ങളുടെ കീഴ്ഘടകങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൈമാറാന്‍ ഇത്തരം മാധ്യമങ്ങളിലൂടെ എളുപ്പത്തില്‍ സാധിക്കുന്നു. വിദൂര പ്രദേശങ്ങളിലോ ഒറ്റപ്പെട്ട പ്രദേശങ്ങളിലോ താമസിക്കുന്നവര്‍ക്ക് ഹല്‍ഖാ സ്വഭാവത്തില്‍ ആഴ്ചയിലൊരിക്കല്‍ ഒരുമിച്ചു കൂടുക പ്രയാസമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ 'ഓണ്‍ലൈന്‍ ഹല്‍ഖ' നല്ലൊരു ആശ്വാസമാണ്. അങ്ങനെയുള്ള ഓണ്‍ലൈന്‍ ഹല്‍ഖകള്‍ ഇന്ന് നിലവിലുണ്ട്. സ്‌കൈപ്പ് വഴിയും വാട്ട്‌സ്ആപ്പ് വഴിയും ഇത് എളുപ്പത്തില്‍ സാധിക്കും. അംഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനും, കൂടെ ഒരു സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ഉണ്ടായാല്‍ മതി. വിദേശത്തുള്ളവര്‍ക്ക് തങ്ങളുടെ നാട്ടിലുള്ള ഹല്‍ഖകളുമായി നിരന്തരം ബന്ധപ്പെടാനും, ആശയങ്ങളും അഭിപ്രായങ്ങളും കൈമാറാനും ഇത്തരം സംവിധാനങ്ങളിലൂടെ സാധിക്കും. വാട്ട്‌സ്ആപ്പ് ഖുര്‍ആന്‍ ക്ലാസ്, വാട്ട്‌സ്ആപ്പ് സംയുക്ത ഹല്‍ഖകള്‍ എന്നിവയും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില പെരുമാറ്റ ചട്ടങ്ങള്‍ നാം നിര്‍ണയിക്കേണ്ടതുണ്ട്.
നമ്മുടെ നിലപാടുകളും സമീപനങ്ങളും ഉരുത്തിരിഞ്ഞ് വരേണ്ടത് വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലാണല്ലോ. സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യമാക്കാനും ധര്‍മത്തെ അധര്‍മമാക്കാനും അധര്‍മത്തെ ധര്‍മമാക്കാനും ഇത്തരം മാധ്യമങ്ങളിലൂടെ സാധിക്കും. പ്രസംഗങ്ങളേക്കാളും എഴുത്തുകളേക്കാളും എളുപ്പത്തില്‍ മനുഷ്യമനസ്സുകളെ ഇന്ന് സ്വാധീനിച്ചുകൊണ്ടിരിക്കുന്നത് ഇതിലൂടെയുള്ള കാഴ്ചകളും വായനകളുമാണ്.
ഈ സൗകര്യങ്ങള്‍ നമുക്ക് ഉപയോഗിക്കാനും അനുഭവിക്കാനും സാധിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹമായി മനസ്സിലാക്കുക. ഈ സംവിധാനങ്ങള്‍ അവന്റെ ദീനിന്റെ പ്രചാരണത്തിനും ഉത്ഥാനത്തിനും വേണ്ടി വിനിയോഗിക്കണം. അതിന്റെ ഉപയോഗം ദൈവകല്‍പനയെ നിരാകരിക്കാനോ നിഷേധിക്കാനോ ആവാന്‍ പാടില്ല. പ്രവാചകാധ്യാപനങ്ങളെ അവമതിക്കുന്നതിനോ നിസ്സാരവത്കരിക്കുന്നതിനോ ഇടയാക്കുന്നതും ആവാന്‍ പാടില്ല. നാളെ പരലോകത്ത് വിചാരണവേളയില്‍ നാം നമ്മുടെ ഓരോ അവയവത്തിന്റെ ചെയ്തിയെ കുറിച്ചും ദൈവസമക്ഷം ഉത്തരം ബോധിപ്പിക്കേണ്ടവരാണ്. നമ്മള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെ കുറിച്ചും നാം അവിടെ ഉത്തരം പറയേണ്ടിവരും. നമ്മുടെ അവയവങ്ങള്‍ സംസാരിക്കുന്നത് പോലെ ഈ ഉപകരണങ്ങളും അവിടെ നമുക്കെതിരെയും അനുകൂലമായും സാക്ഷികളാവും.
നമ്മുടെ ഇന്‍ബോക്‌സ് ചാറ്റിംഗും ഗ്രൂപ്പ് ചാറ്റിംഗും കമന്റുകളും ലൈക്കുകളും എല്ലാം ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങള്‍ക്കൊത്ത് വേണം കൈകാര്യം ചെയ്യാന്‍. നാം റോഡിലൂടെ നടന്നുപോവുമ്പോഴും, മാര്‍ക്കറ്റിലും ഓഫീസുകളിലും കയറിയിറങ്ങുമ്പോഴും സുന്ദരികളായ അന്യസ്ത്രീകളോട് ഒരിക്കലും ഹായ് പറയുകയോ അവരോട് കമന്റടിക്കുകയോ ചെയ്യാറില്ലല്ലോ. എന്നാല്‍ ഒരര്‍ഥത്തില്‍ നമ്മില്‍ പലരും ദിനേന ഫേസ്ബുക്കില്‍ ഇതല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? ഫേസ്ബുക്കില്‍ ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന അവരുടെ ഫോട്ടോകള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും വീഡിയോകള്‍ക്കും യാതൊരു പരിധിയും മാനദണ്ഡവുമില്ലാതെയാണ് നമ്മള്‍ ലൈക്കുകളും കമന്റുകളും ഇടുന്നത്. ദ്വയാര്‍ഥങ്ങളും അശ്ലീലച്ചുവയുമുള്ള കമന്റുകള്‍ പോലും നമ്മില്‍ ചിലരുടെ ഭാഗത്ത് നിന്നെങ്കിലും ഉണ്ടാവുന്നില്ലേ എന്ന് ആത്മപരിശോധന നടത്തണം.
തന്റെ സംസാരം, എഴുത്ത്, നോട്ടവും കാഴ്ചയും, തന്റെ പ്രസരണങ്ങള്‍ (പോസ്റ്റിംഗ്, ഷെയറിംഗ്, ഫോര്‍വേഡിംഗ്....) എന്നിവയില്‍ അല്ലാഹുവിനെ നാം അതിയായി സൂക്ഷിക്കേണ്ടിയിരിക്കുന്നു. താന്‍ ജീവിതത്തില്‍ ഒരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്തവരുമായി സൗഹൃദത്തിലാവുന്നതും ദീര്‍ഘനേരം അവരുമായി ഇന്‍ബോക്‌സിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും മൊബൈലിലൂടെയും സംസാരിക്കുന്നതും സല്ലപിക്കുന്നതും അഭികാമ്യമാണോ? പ്രവര്‍ത്തകര്‍ തന്നെ പരസ്പരം ചാറ്റിംഗുകള്‍ നടത്തുമ്പോള്‍ ചിലപ്പോഴെങ്കിലും അതിര് കവിയുന്നതായി തോന്നിപ്പോവുന്നുണ്ട്. ഒരു അന്യസ്ത്രീയും പുരുഷനും തനിച്ചാവാന്‍ പാടില്ലെന്നും അവിടെ മൂന്നാമനായിട്ട് ചിശാച് അവരെ വഴിതെറ്റിക്കാനായി വരുമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ സംഭാഷണവും ചാറ്റിംഗും ഈ പരിധിയില്‍ തന്നെയല്ലേ പെടുന്നത്?
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, നാം ഫേസ്ബുക്കിലും ബ്ലോഗിലും മറ്റു ഇതര സോഷ്യല്‍ മീഡിയകളിലും ഇടുന്ന പോസ്റ്റുകളുടെയും കമന്റുകളുടെയും ആധികാരികത, ധാര്‍മികത, വരും വരായ്കകള്‍ തുടങ്ങിയവ. സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കാന്‍ ചിലപ്പോള്‍ അത് നിമിത്തമാവും. നാം ഒരു പോസ്റ്റിന് ലൈക്കടിക്കുമ്പോള്‍ പോലും നിരുത്തരവാദപരമായ രീതിയില്‍ അതിനെ നോക്കിക്കാണരുത്. നമ്മുടെ ആശയമാണ് അതിലൂടെ നാം വെളിപ്പെടുത്തുന്നത് എന്ന ബോധ്യം നമുക്കുണ്ടാവണം. ''തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല'' (അന്നൂര്‍ 19).
ചില നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു:
1) ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ടി.വി, ഇന്റനെറ്റ്, സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പരിപൂര്‍ണമായും ഇസ്‌ലാമിക-പ്രാസ്ഥാനിക നിലവാരം പുലര്‍ത്തുക.
2) അനാവശ്യമായതോ അനവസരത്തിലുള്ളതോ ആയ പോസ്റ്റിംഗ്, ഷെയറിംഗ്, ലൈക്ക്, കമന്റ്‌സ്, ഫ്രന്റ്‌സ് റിക്വസ്റ്റ് അയക്കലും സ്വീകരിക്കലും ഒഴിവാക്കുക.
3) ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും അനുഗുണമാവുന്ന പോസ്റ്റുകളും ഷെയറുകളും മാത്രം വര്‍ധിപ്പിക്കുക.
4) സ്ത്രീ-പുരുഷ ചാറ്റിംഗുകള്‍ കര്‍ശനമായി നിയന്ത്രിക്കുക. പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുകയും അങ്ങനെ ചെയ്യേണ്ടിവരുന്ന അനിവാര്യ സാഹചര്യങ്ങളില്‍ ഉയര്‍ന്ന ധാര്‍മിക നിലവാരം പുലര്‍ത്തുകയും ചെയ്യുക.
5) സമൂഹത്തില്‍ ആശയക്കുഴപ്പം, ഛിദ്രത, ഭിന്നിപ്പ്, പരമത വിദ്വേഷം, നിര്‍ലജ്ജത, തെറ്റായതും ആധികാരികമല്ലാത്തതുമായ വിവരങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ വ്യാപിക്കാനും പ്രസരിക്കാനും കാരണമോ സഹായകമോ ആവുന്ന രീതിയിലുള്ള പോസ്റ്റുകളും ഷെയറുകളും ഒഴിവാക്കുക.
6) നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട്, മെയില്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്ര മോണിറ്ററിംഗ് സമിതി നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കുക. ജില്ല, ഏരിയ, യൂനിറ്റ് എന്നീ പരിധികളില്‍ ഇവകള്‍ കൈകാര്യം ചെയ്യാനായി കേന്ദ്ര മോണിറ്ററിംഗ് സമിതിയുടെ ഉപ സമിതികളും രൂപീകരിക്കാവുന്നതാണ്.
7) നാട്ടിലും ഗള്‍ഫിലും ഉള്ള പ്രസ്ഥാന ഘടകങ്ങള്‍ പ്രസ്ഥാനത്തിന്റെ പേരില്‍ ഉണ്ടാക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്, മെയില്‍ഗ്രൂപ്പ് തുടങ്ങിയവ ബന്ധപ്പെട്ടവര്‍ മാത്രം കൈകാര്യം ചെയ്യുക.
8) ബന്ധപ്പെട്ടവരുടെ അനുവാദമില്ലാതെ ഔദ്യോഗികമായി ഉണ്ടാക്കിയ ഇത്തരം സംവിധാനങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക.
9) പ്രത്യേക പരിപാടികള്‍ തുടങ്ങിയവയ്ക്ക് സമ്മേളനങ്ങള്‍ക്കോ വേണ്ടിയോ യൂനിറ്റ്, ഏരിയ, ജില്ല, കേന്ദ്രം എന്നിവയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ വാട്ട്‌സ്ആപ്പ്- ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ മോണിറ്ററിംഗ് സമിതിയുടെ അനുമതിയോടെ ആയിരിക്കുക.
10) ഇത്തരം ഗ്രൂപ്പുകളില്‍ യാതൊരു കാരണവശാലും വ്യക്തിപരമോ പ്രസ്ഥാനേതരമോ ആയ ഉപയോഗം ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഇതിന്റെ അഡ്മിന്‍മാരെ മോണിറ്ററിംഗ് സമിതി ഇടക്ക് വിളിച്ച് ചേര്‍ക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുക.
11) നവമാധ്യമങ്ങള്‍ മനുഷ്യ നന്‍മക്കായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഈ രംഗത്ത് ചൂഷണങ്ങളും അധാര്‍മികതയും തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുക.
Comments