Prabodhanm Weekly

Pages

Search

2015 മെയ്‌ 01

ഇസ്‌ലാം സ്വീകരണം ഫാഷിസത്തിനെതിരായ എന്റെ രാഷ്ട്രീയ പ്രസ്താവന

ടി.എന്‍ ജോയ് /അഭിമുഖം

ടി.എന്‍ ജോയ്, ഇപ്പോള്‍ നജ്മല്‍ ബാബു. അവധൂതനെപ്പോലൊരാള്‍. കുടുംബമില്ല. വീടില്ല. സമ്പാദ്യമില്ല. '70-കളില്‍ കേരളാ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തലച്ചോറായിരുന്നു. അവിഭക്ത സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി. കൊടുങ്ങല്ലൂര്‍ നിവാസി. അടിയന്തരാവസ്ഥയില്‍ ക്രൂര പീഡനങ്ങള്‍ക്കിരയായി. ആദര്‍ശങ്ങള്‍ പണയം വെക്കാന്‍ നിര്‍ബന്ധിതമാക്കുന്ന കെട്ടുപാടുകളൊന്നും തനിക്കില്ലെന്ന് ജോയ് പറയുമ്പോള്‍ കുടുംബത്തിന്റെയും ജോലിയുടെയും ഒക്കെ പേരില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നവരെ സൂചിപ്പിക്കുക കൂടിയാണ്. ആ പരമ സ്വാതന്ത്ര്യബോധമാണ് സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാഷിസമാണ് ഇന്ത്യയുടെ ശത്രു എന്നും അതിനെതിരെ പോരാടുകയാണ് ഓരോ ഇന്ത്യക്കാരന്റെയും ഒന്നാമത്തെ കടമയെന്നുമുള്ള സത്യം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്.

അതിന്റെ ഒന്നാമത്തെ ഇര മുസ്‌ലിംകളായതിനാല്‍ അവരോടൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും സത്യസന്ധമായ നിലപാട്. കൊല്ലപ്പെടുന്നവന്‍ പിടഞ്ഞേക്കാം. അതു ചൂണ്ടിക്കാട്ടി, അവനാണ് ഫാഷിസം വളരാനുത്തരവാദി എന്നാരോപിക്കുന്നവര്‍ ഫാഷിസത്തോടൊപ്പം തന്നെയാണ്. അനുരഞ്ജനങ്ങള്‍ക്ക് തയാറാവുന്ന മലയാളികള്‍ ഫാഷിസത്തിനെതിരെ ജാഗ്രത നഷ്ടപ്പെടുത്തുകയാണ്. ഇടതുപക്ഷത്തിനും ഇതില്‍ പങ്കുണ്ട്. ഫാഷിസത്തിനെതിരെ അനുരഞ്ജനം ആത്മഹത്യാപരമാണ്. ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി തന്നെ ഇസ്‌ലാം ആശ്ലേഷിച്ച  ടി.എന്‍ ജോയ് സംസാരിക്കുന്നു.

സ്വയം തന്നെ ഒരു ജയില്‍ പക്ഷി എന്നു വിളിക്കുന്ന അടിമുടി രാഷ്ട്രീയ വ്യക്തിത്വമായ താങ്കള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുകയാണ്. 'എന്നെ ചേരമാന്‍ പള്ളിയില്‍ ഖബ്‌റടക്കണം' എന്ന ഒരഭ്യര്‍ഥനയും താങ്കള്‍ നേരത്തേ നടത്തുകയുണ്ടായി. കേരളീയ സമൂഹത്തില്‍ ഞെട്ടലുളവാക്കുന്ന തീരുമാനമാണിത്. താങ്കളുടെ പ്രചോദനങ്ങള്‍ വിശദീകരിക്കാമോ?

ഫാഷിസമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ ഏറ്റവും വലിയ നേതാവ് മോദി തന്നെ പ്രധാനമന്ത്രിയായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ സകല മാനവികമൂല്യങ്ങളുടെയും ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള അടയാളം കാത്തിരിക്കുകയാണ്. ഹിറ്റ്‌ലറുടെ രാജ്യവും അതിലെ സാംസ്‌കാരിക നായകന്മാരും ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നിന്നതുപോലെ ഇന്ത്യയും നില്‍ക്കേണ്ടിവരും. രണ്ട് ലോക യുദ്ധങ്ങള്‍ക്കു ശേഷം തകര്‍ന്നു തരിപ്പണമായ ജര്‍മനി ആ ദയനീയാവസ്ഥയില്‍ നിന്ന് മോചിതമായി. എന്നാല്‍, വരാനിരിക്കുന്ന ഫാഷിസ്റ്റ് തേര്‍വാഴ്ചക്കു ശേഷം ഇന്ത്യക്കൊരിക്കലും മോചനമുണ്ടാവില്ല. മാനവികതാ വാദികളും സാംസ്‌കാരിക നായകരും ഏതറ്റം വരെയും പ്രതികരിക്കേണ്ട അവസാന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. മറ്റൊരവസരം അവര്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല. യു.ആര്‍ അനന്തമൂര്‍ത്തിയും സക്കറിയയും കെ.ഇ.എന്നും പോലെയുള്ള ചിലര്‍ മാത്രമാണ് ഇത് തിരിച്ചറിയാനുള്ള ധൈഷണിക ഔന്നത്യം പ്രകടിപ്പിച്ചത്. എന്നാല്‍, ഭൂരിഭാഗവും ഈ നിര്‍ണായക നിമിഷത്തിലും അറച്ചുനില്‍ക്കുകയാണ്. 

ഈ കറുത്ത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാനുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ ദൗത്യം ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്നുള്ളതാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സര്‍വ ഊര്‍ജവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിക്കുകയാണ്. ചേരമാന്‍ പള്ളിയില്‍ ഖബ്‌റടക്കുക എന്നഭ്യര്‍ഥിച്ചപ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ അതിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായപ്പോള്‍ ഞാന്‍ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമര്‍പ്പിക്കുകയാണ് ചെയ്തത്. 'പബ്ലിസിറ്റിക്ക് വേണ്ടി പലതും ചെയ്യുന്നവനാണ്, അതിലൊന്നാണ് മതം മാറ്റമെന്ന ഈ പുതിയ വേഷം കെട്ടല്‍' എന്നത് മുതല്‍ ഫാഷിസ്റ്റ് പക്ഷത്തുനിന്നുള്ള തെറിവിളികള്‍ വരെയുള്ള വിമര്‍ശനങ്ങള്‍ നടത്തുന്നവരോട് പറയാനുള്ളത് ഇത്രമാത്രമാണ്: കാരുണ്യവാനായ ദൈവത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പരലോക വിശ്വാസിയായ ഞാന്‍ പ്രശാന്തത അനുഭവിക്കുകയാണ്. അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുക. അതിനാല്‍ നിലപാടുകളില്‍ ഒത്തുതീര്‍പ്പില്ലാതിരിക്കാന്‍ ശ്രമിക്കുന്ന എനിക്ക് അവന്റെ കാരുണ്യം ലഭിക്കും.

രാഷ്ട്രീയത്തില്‍ മുങ്ങിനില്‍ക്കുമ്പോഴും ആത്മാന്വേഷകനായിരുന്നു ഞാന്‍. ഒരു മതവും ഇല്ലാത്തവനെന്ന ബോധത്തിലാണ് ഞാന്‍ ജീവിച്ചത്. മതമില്ലാത്തവനെന്ന നിലയില്‍ മതങ്ങളെ നിരീക്ഷിച്ചിരുന്ന ഞാന്‍ ഇസ്‌ലാമിനോടുള്ള തല്‍പരകക്ഷികളുടെ ഇരട്ടത്താപ്പ് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയില്‍ എന്നും വര്‍ഗീയതയുടെ ഭീകരാഘാതങ്ങള്‍ ഏറ്റുവാങ്ങുന്ന ഇരകള്‍ മാത്രമായ മുസ്‌ലിംകളും ഹിന്ദുത്വശക്തികളെപ്പോലെ തുല്യ വര്‍ഗീയവാദികളാണെന്ന് ഇടതുപക്ഷവും യുക്തിവാദികളടക്കമുള്ള മതേതര പക്ഷക്കാരും യാതൊരനുപാത ബോധവുമില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നു. മതമില്ലാത്തവരെന്ന് പുറമെ പറയുമ്പോഴും സവര്‍ണ ഹൈന്ദവ സാംസ്‌കാരികതയാണ് അവരെ നയിക്കുന്നത് എന്നതാണ് ഇതിനു കാരണമെന്ന് കരുതാതിരിക്കാനാവില്ല. യുക്തിവാദത്തിന്റെയും ഇടതുപക്ഷത്തിന്റെയും ഇത്തരം നിലപാടുകള്‍ കപട ഹൈന്ദവ വാദമാണ്. ഇത് ഗുണം ചെയ്യുന്നത് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കാണ്. വര്‍ഗീയതക്കെതിരായ ഇടതു നിലപാടുകള്‍ മുനയൊടിഞ്ഞ് പ്രയോജനരഹിതമാകുന്നത് ഇങ്ങനെയാണ്.

താങ്കളുടെ ഇസ്‌ലാം അനുഭവങ്ങള്‍ എന്തൊക്കെയാണ്? അത്തരം അനുഭവങ്ങള്‍ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടോ?

മതമില്ലാത്ത കുടുംബമായിരുന്നു എന്റേത്. എന്നാല്‍ മതങ്ങളുടെ കഥകള്‍ പറഞ്ഞുതന്നാണ് അഛന്‍ ഞങ്ങളെ മൂല്യങ്ങള്‍ പഠിപ്പിച്ചത്. പ്രവാചകന്മാരാണ് കപടതയില്ലാതെ ജീവിക്കാന്‍ എന്നെ പഠിപ്പിച്ചത്. മരണാനന്തരം ഒരു ജീവിതമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ജോയ് എന്നും അമ്മാമന്റെ മകള്‍ക്ക് ആഇശ എന്നും പേരിട്ടത് എന്റെ അഛനാണ്. സവര്‍ണതയുടെ അതിക്രമങ്ങള്‍ കണ്ടും അനുഭവിച്ചും വളര്‍ന്നതിനാലാണ് അവര്‍ മതരഹിതരായി മാറിയത്. സവര്‍ണതയുടെ തന്നെ ഭാഗമായ അല്ലെങ്കില്‍ സവര്‍ണതയുടെ സമകാലിക ആവിഷ്‌കാരമായ ഹിന്ദുത്വ ഫാഷിസത്തിനെതിരായാണ് ഞാന്‍ ഇസ്‌ലാം മതാശ്ലേഷം നടത്തിയത്.

എന്റെ നല്ല സുഹൃത്തുക്കളില്‍ കൂടുതലും മുസ്‌ലിംകളാണ്. വിശുദ്ധ ജീവിതത്തിനു വേണ്ടിയും സാമൂഹിക പ്രവര്‍ത്തനത്തിനു വേണ്ടിയും ഇസ്‌ലാം അവരെ പ്രചോദിപ്പിക്കുന്നത് ഞാന്‍ കാണുന്നു. മറ്റൊരു മതസ്ഥനും മതത്തിന്റെ പ്രചോദനം കൊണ്ട് ഇതൊന്നും ചെയ്യുന്നില്ല. മതബാഹ്യമായ കാരണങ്ങളാലാണ് അവര്‍ സാമൂഹിക പ്രവര്‍ത്തകരാകുന്നത്.

കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക പശ്ചാത്തലവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ല മതവിശ്വാസിയായിരിക്കെ ജനനായകത്വം പിടിച്ചുവാങ്ങിയ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്നെ വിസ്മയിപ്പിച്ച വീര പുരുഷനാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ കയറിയ ആരാധനാലയമാണ് ചേരമാന്‍ പള്ളി. ഭാവിയിലെ കൊടുങ്ങല്ലൂരിന്റെ ഫാഷിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി എന്റെ കുഴിമാടം ചേരമാന്‍ പള്ളിപ്പറമ്പില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള തലമുറകള്‍ക്കുള്ള ഒരാഹ്വാനമായി എന്റെ ഇസ്‌ലാം മതസ്വീകരണത്തെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഫാഷിസത്തെ പ്രതിരോധിക്കുന്നതില്‍ മതപരവും മതേതരവുമായ കേരള സാംസ്‌കാരികതക്ക് വന്‍ വീഴ്ചകള്‍ സംഭവിച്ചതായി താങ്കള്‍ പറയുന്നു?

അതെ. ഇടതുപക്ഷമായിരുന്നു അതിനു നേതൃത്വം വഹിക്കേണ്ടിയിരുന്നത്. അവര്‍ ഒരു പരിധിവരെ അത് ചെയ്യുന്നുണ്ട്. എന്നാല്‍, അതില്‍ വന്‍ വീഴ്ചകളും ജാഗ്രതക്കുറവും സംഭവിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രാദേശിക രാഷ്ട്രീയത്തില്‍ സൗഹൃദ മത്സരങ്ങളാണ് വളരെക്കാലമായി നടക്കുന്നത്. മേജര്‍ അറ്റാക്കുകള്‍ അടുത്ത കാലത്തൊന്നും ഒരു വിഭാഗവും നേരിടേണ്ടിവന്നിട്ടില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഒരു മുസ്‌ലിം പള്ളിയുടെ പ്രശ്‌നമായി ലഘൂകരിക്കപ്പെടുന്നതാണ് പിന്നീട് നമ്മള്‍ കണ്ടത്. ഈ 'സൗഹൃദാന്തരീക്ഷം' നിലനിര്‍ത്താന്‍ ബാബരി മസ്ജിദിനെക്കുറിച്ച് മിണ്ടരുതെന്ന് മുസ്‌ലിം ലീഗ് പോലും തീരുമാനിച്ചു. മതേതരത്വത്തിന്റെ മാലാഖമാരായി മാറാന്‍ എല്ലാവരും മത്സരിച്ചു. ഭൂരിപക്ഷ വര്‍ഗീയത പറയുമ്പോഴെല്ലാം ന്യൂനപക്ഷ വര്‍ഗീയതയും പറയണമെന്ന് ശഠിച്ചു. ന്യൂനപക്ഷം ചെയ്യുന്ന പാപങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ അക്രമങ്ങള്‍ ചെയ്യേണ്ടിവരുന്നതെന്ന് ലോകത്തെങ്ങുമുള്ള ഫാഷിസ്റ്റുകളെയും പോലെ ഇന്ത്യയിലെ സംഘ്പരിവാറും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതേ വാദം ഏറ്റുപിടിക്കുന്നവരായി മാറുകയാണ് ഫലത്തില്‍ കേരളത്തിലെ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മതേതരപക്ഷം.

ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളുടെ സമീകരണ സിദ്ധാന്തം ഇന്ത്യയില്‍ ഭരണകൂടങ്ങള്‍ വരെ വെച്ചുപുലര്‍ത്തുന്നു. ഇത് ഫാഷിസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണോ?

അതെ. ഹിറ്റ്‌ലറെ നേരിടാനൊരുങ്ങുമ്പോള്‍, അതിനു വേണ്ടി മാത്രം ഒന്നിച്ചുനിന്ന മുതലാളിത്തപക്ഷവും കമ്യൂണിസ്റ്റ് ചേരിയും, 'ജൂത വര്‍ഗീയത'യെക്കൂടി ശരിപ്പെടുത്തിയതിനു ശേഷം മതി പോരാട്ടമെന്ന് തീരുമാനിച്ചില്ല. ജൂതന്മാര്‍ തെമ്മാടികളും രാജ്യത്തിന്റെ ശത്രുക്കളുമാണെന്ന് ജര്‍മന്‍ ജനതയെ മുഴുവന്‍ ബോധ്യപ്പെടുത്തുന്നതില്‍ ഹിറ്റ്‌ലര്‍ വിജയിച്ചിരുന്നു. അന്നാട്ടിലെ സാമൂഹിക, സാംസ്‌കാരിക ലോകം പോലും ഈ പ്രചാരണത്തിന് അടിപ്പെട്ടവരായിരുന്നു. പിന്നീടവര്‍ അതിന്റെ പേരില്‍ കുമ്പസാരങ്ങള്‍ നടത്തി. ഹിന്ദുത്വ ഫാഷിസത്തെ ദേശീയതയായും ഭാരതീയ സംസ്‌കാരമായും അവതരിപ്പിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ അപൂര്‍വം പേര്‍ മാത്രമേയുള്ളൂ. ഭൂരിപക്ഷ വര്‍ഗീയത മാത്രമാണ് ഫാഷിസമായി മാറുന്നത്, ന്യൂനപക്ഷത്തിന് അതിന് സാധ്യമല്ല എന്ന് നെഹ്‌റു പറഞ്ഞിരുന്നു. എങ്ങനെ ഫാഷിസത്തെ പരാജയപ്പെടുത്താം എന്നു മാത്രമാണ് ചര്‍ച്ചിലും റൂസ്‌വെല്‍ട്ടും സ്റ്റാലിനും ചിന്തിച്ചത്. ഗാന്ധിജി പോലും ഇതിനെ അംഗീകരിച്ചിരുന്നു. ഇതിനു വേണ്ടി സ്വാതന്ത്ര്യ സമരത്തില്‍ പോലും വിട്ടുവീഴ്ച ചെയ്ത് ബ്രിട്ടനെ പിന്തുണക്കുകയാണുണ്ടായത്.

ഇന്ത്യയിലെ ഒട്ടനവധി മുന്നേറ്റങ്ങളുടെ മാതൃക കേരളമാണ്. എന്നാല്‍, ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ നാം ഹിറ്റ്‌ലറുടെ ജര്‍മനിയിലെ അപരാധികളായ സാംസ്‌കാരിക, സാമൂഹിക, ബുദ്ധിജീവി വര്‍ഗത്തെപ്പോലെയാണ്. ഇക്കാര്യത്തില്‍ ഉത്തരേന്ത്യന്‍ ബുദ്ധിജീവി സമൂഹം കൂടുതല്‍ സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുന്നു. മോദിക്കെതിരെ ധൈഷണികവും നിയമപരവുമൊക്കെയായ പോരാട്ടം നടത്തുമ്പോള്‍ മുസ്‌ലിം പക്ഷപാതികള്‍ എന്ന മുദ്രകുത്തലിനെ അവര്‍ ഭയക്കുന്നില്ല.

ഫാഷിസത്തിനെതിരെ കപടവും നിഷ്ഫലവുമായ പ്രതിരോധമാണ് ഇവിടെ നടക്കുന്നത് എങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും?

ഹിന്ദുത്വ ഫാഷിസം ഹിന്ദുക്കളില്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രത്യയശാസ്ത്രമാണ്. അവരുടെ ശത്രുക്കള്‍ മുഴുവന്‍ മുസ്‌ലിംകളുമാണ്. ഹിന്ദുത്വഫാഷിസത്തോടൊപ്പം മുസ്‌ലിം വര്‍ഗീയതയെയും ചേര്‍ത്തു പറയുമ്പോള്‍ മുസ്‌ലിംകള്‍ മുഴുവനായും വര്‍ഗീയവാദികളായി മുദ്രകുത്തപ്പെടുകയാണ്. മുസ്‌ലിം ലീഗ് വര്‍ഗീയമാണെന്ന് ബി.ജെ.പി പറയുന്നതുപോലെ സി.പി.എമ്മും പറയുന്നു. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയമാണെന്ന് പറയുന്നതിനു പിന്നിലും ഇതേ ലോജിക് തന്നെയാണ്. കൃഷ്ണയ്യര്‍ മുതല്‍ പി.കെ ബാലകൃഷ്‌നും സി. രാധാകൃഷ്ണനും വരെയുള്ളവരാരും ജമാഅത്തെ ഇസ്‌ലാമിയില്‍ വര്‍ഗീയത ദര്‍ശിച്ചിട്ടില്ല. മുസ്‌ലിംകള്‍ സ്വന്തമായി സംഘടിക്കുന്ന എന്തും വര്‍ഗീയമാണെന്ന് പറയുന്നത് സി.പി.എമ്മിന് താല്‍ക്കാലിക രാഷ്ട്രീയ ലാഭമുണ്ടാക്കുമായിരിക്കും. എന്നാല്‍, കേരളീയ സാംസ്‌കാരികതയുടെ അധീശത്വം വഹിക്കുന്നവര്‍ എന്ന നിലയില്‍ അവരുടെ ഈ നിലപാട് ദീര്‍ഘകാല പരിഗണനയില്‍ ബി.ജെ.പിക്കായിരിക്കും ഗുണകരമായി ഭവിക്കുക.

വിശദീകരിക്കാമോ?

മുസ്‌ലിംകളുടെ സംഘാടനമോ പ്രവൃത്തികള്‍ പോലുമോ അല്ല ഫാഷിസം വളര്‍ത്തുന്നതെന്ന് ചരിത്രത്തില്‍ നിന്ന് പഠിക്കാന്‍ സാധിക്കുന്ന പാഠമാണ്. മുസ്‌ലിംകള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഫാഷിസം മറ്റൊരു ശത്രുവിനെ സൃഷ്ടിക്കും. മുസ്‌ലിം എന്ന പ്രബല ന്യൂനപക്ഷം ഉള്ളതുകൊണ്ടാണ് മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിക്കേല്‍ക്കാത്തത്. മോദിക്കു വേണ്ടി വായ തുറക്കുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇത് മനസ്സിലാക്കണം.

ഹിന്ദുത്വ ഫാഷിസത്തിനെതിരെ വായ തുറക്കുമ്പോഴെല്ലാം മുസ്‌ലിം വര്‍ഗീയതയെയും തീവ്രവാദത്തെയും കുറിച്ച് പറയുന്ന 'തൂക്കമൊപ്പിക്കല്‍' സമീപനങ്ങള്‍ മുസ്‌ലിംകള്‍ ഇത് അര്‍ഹിക്കുന്നുവെന്ന പൊതുബോധമാണ് സൃഷ്ടിക്കുന്നത്. മുസ്‌ലിംകളോടുള്ള ഫാഷിസ്റ്റ് അതിക്രമങ്ങള്‍ അവരുടെ തന്നെ ചെയ്തികളുടെ ഫലമാണെന്നാണ് ഇത് ധ്വനിപ്പിക്കുന്നത്. ഈ സമീപനത്തിന്റെ ഗുണം കൊയ്യുന്നത് ഫാഷിസ്റ്റുകള്‍ തന്നെയാണ്. ഫാഷിസ്റ്റ് പക്ഷത്തേക്ക് കൂടുതലാളുകള്‍ കൂറുമാറുന്നതിനും അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും തങ്ങളുടെ പ്രവൃത്തികള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നതിനും ഇത് കാരണമാവുന്നു. കാലക്രമേണ ഇടതുപക്ഷത്തിലെ ദുര്‍ബലര്‍ പോലും ഫാഷിസത്തില്‍ അഭയം തേടിയേക്കാം. മതേതര പക്ഷത്തിന്റെ അടുത്ത തലമുറ ഫാഷിസത്തിലെത്തിയാല്‍ പോലും അത്ഭുതമില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി ഈ സമീകരണ സിദ്ധാന്തം ഉപയോഗിക്കുന്നത് വിനാശകരമായിരിക്കും.

മതങ്ങളോടുള്ള കമ്യൂണിസത്തിന്റെ സഹജമായ വിരോധം ഇതിന്റെ പിന്നിലുണ്ടോ?

മതവിശ്വാസങ്ങള്‍ വര്‍ഗീയമാണെന്ന് കമ്യൂണിസത്തിന്റെ ഒരു സഹജ നിലപാടാണ്. സ്വന്തം മതവിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ടാണ് ഒരാള്‍ കമ്യൂണിസ്റ്റാവുന്നത്. ബാബരി മസ്ജിദ് പ്രശ്‌നം ഒരു മതത്തന്റെ കാര്യമായാണ് ആദ്യം പരിഗണിക്കപ്പെട്ടത്. ഫാഷിസം ഒരു പ്രത്യേക മതത്തെ ടാര്‍ഗറ്റ് ചെയ്യുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ ഈ സിദ്ധാന്തങ്ങള്‍ പറയുന്നത് അനുപാതബോധമില്ലായ്മയാണ്. ഹിന്ദുത്വക്കുപ്പായത്തില്‍ കയറി വരുന്ന ഫാഷിസം ഇഷ്ടമില്ലാത്ത എന്തിനെയും ശത്രുവാക്കും, ആക്രമിക്കും. കമ്യൂണിസവും ഗാന്ധിസവും വരെ അവരുടെ ശത്രുക്കളാണ്. ആഗോള സാമ്രാജ്യത്വം ലോകത്തിന്റെ 'നിയമ'മാക്കിത്തീര്‍ത്ത ഇസ്‌ലാമോഫോബിയയുടെയും, ഇന്ത്യന്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ മുസ്‌ലിം അപരവത്കരണത്തിന്റെയും കാലത്ത് മതങ്ങളെല്ലാം ശത്രുക്കളാണെന്ന് കരുതുന്നത് ചരിത്രപരമായ വങ്കത്തമാണ്.

ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെക്കുറിച്ച്?

ഇന്ത്യന്‍ ഫാഷിസത്തിന്റെ ആക്രമണങ്ങളോടൊപ്പം ഇസ്‌ലാമോഫോബിയ കൂടി ചേര്‍ന്നപ്പോള്‍ ഏതൊരു മുസ്‌ലിമും ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്നവനായിരിക്കുന്നു. ആയിരക്കണക്കിന് മുസ്‌ലിംകള്‍ ജയിലിലടക്കപ്പെടുന്നത് മുതല്‍ ഇങ്ങേയറ്റത്ത് യുവജനോത്സവത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നു വന്ന ടീം പ്രതിഷേധിക്കാനൊരുങ്ങുമ്പോള്‍ അവരെ ഒതുക്കുന്നതിനായി 'തീവ്രവാദം കളിച്ചാല്‍ ശരിയാക്കിക്കളയും' എന്ന് ഭീഷണിപ്പെടുത്തുന്ന പോലീസുകാരന്റെ മനോഭാവത്തില്‍ വരെ ഇത് പടര്‍ന്നിരിക്കുന്നു. എത്ര സമരങ്ങള്‍ നടത്തിയിട്ടും തല്ലുകൊണ്ടിട്ടും സമരങ്ങള്‍ വിജയിച്ച് ജനങ്ങള്‍ കാര്യങ്ങള്‍ നേടിയെടുത്ത ഇടങ്ങളില്‍ പോലും സോളിഡാരിറ്റിയടക്കമുള്ള മുസ്‌ലിം നേതൃത്വത്തിലുള്ള സംഘടനകള്‍ അംഗീകാരം നേടാതെ പോകുന്നതും മറ്റെന്തുകൊണ്ടാണ്?

സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെല്ലാം ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നു. മാധ്യമങ്ങളാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രയോക്താക്കള്‍. എത്രയെത്ര ഭീകരതയുടെ വാര്‍ത്തകളാണ് യാതൊരു തെളിവുമില്ലാതെ നിരന്തരം ഉല്‍പാദിപ്പിക്കപ്പെടുന്നത്! ഇന്ത്യന്‍ മുജാഹിദീന്‍ അണുബോംബിടാന്‍ പോകുന്നുവെന്നും നാവിക പരിശീലനം തുടങ്ങുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഈയിടെയുണ്ടായി. ഇവയുടെ സത്യമെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല. ആരും ഇവയെ പിന്തുടരുന്നില്ല. എന്നാല്‍ അവ സൃഷ്ടിക്കുന്ന ഭീതിയും വിരോധവും അവബോധങ്ങളായി മാറി നിലനില്‍ക്കുകയും ചെയ്യുന്നു.

ഫാഷിസത്തിനെതിരെ നമ്മുടെ പ്രതിരോധങ്ങള്‍ എങ്ങനെയായിരിക്കണമെന്നാണ് താങ്കള്‍ കരുതുന്നത്?

മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഒരു വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് ആദ്യമേ ഉണ്ടാകേണ്ടതാണ്. ഞങ്ങളാണ് പരിശുദ്ധ ഇസ്‌ലാം എന്ന വാദം ഇക്കാര്യത്തിലെങ്കിലും മാറ്റിവെക്കണം. കേരളത്തിലെ പ്രമുഖ കക്ഷികള്‍ ഫാഷിസത്തിനെതിരെ വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം. മുസ്‌ലിംകളെ ഞങ്ങള്‍ക്കു വേണം, എന്നാല്‍ അവരുടെ സംഘടനകളെ വേണ്ട എന്ന നിലപാട് ഇടതുപക്ഷം തിരുത്തണം. ഫാഷിസത്തിനെതിരെ ഗാന്ധി ബ്രിട്ടീഷുകാരെ പിന്തുണച്ചതുപോലെ മുസ്‌ലിം സംഘടനകളുമായി യോജിപ്പിനുള്ള വഴികള്‍ തേടണം.

ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസ്സുമായി സമീകരിക്കുന്ന പ്രസ്താവനകള്‍ കാലാകാലങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇടതു മതേതര പക്ഷത്തുനിന്ന് വരാറുണ്ട്. ഇതിനെക്കുറിച്ച്?

കമ്യൂണിസ്റ്റുകാര്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവെക്കുന്നതുപോലെ ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിക രാഷ്ട്രീയവും മുന്നോട്ടുവെക്കുന്നു. ലോകത്തിലെ രാഷ്ട്രീയ സമസ്യകളുടെ പരിഹാരം അതിലാണെന്ന് പറയുന്നു. ഇത് ഹിന്ദുത്വ ഫാഷിസം പോലെ ഇസ്‌ലാമിക ഫാഷിസമാണെന്ന് പറയുന്നത് സത്യസന്ധതയില്ലായ്മയാണ്. മറ്റൊരു വാദം ഇസ്‌ലാമിക രാഷ്ട്രീയം പറയുന്നത് ഫാഷിസത്തിന് വളരാനുള്ള മണ്ണൊരുക്കുന്നു എന്നതാണ്. വാസ്തവത്തില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ളവരെ പരിഗണിക്കുകയോ വിമര്‍ശിക്കാന്‍ തക്ക പ്രാധാന്യമുള്ളതാണെന്ന് കരുതുക പോലുമോ ചെയ്യുന്നില്ല. ഇടതുപക്ഷവും കോണ്‍ഗ്രസ്സുമടക്കമുള്ളവര്‍ മുസ്‌ലിം പ്രീണനം നടത്തുന്നു എന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ വിമര്‍ശിക്കാന്‍ ഇടതു നേതാക്കന്മാര്‍ക്ക് മാധ്യമം ഉദാരമായി സ്ഥലമനുഭവിക്കുമ്പോള്‍ ദേശാഭിമാനിയില്‍ നിന്നത് പ്രതീക്ഷിക്കാനാവുന്നില്ല. ആരാണ് യഥാര്‍ഥത്തില്‍ അസഹിഷ്ണുതയും ഭയവും പ്രകടിപ്പിക്കുന്നത് എന്നത് ചിന്തനീയമാണ്. ഇതേ 'മാധ്യമ'ത്തിന്റെ പിന്നിലുള്ള ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസ്സുമായി സമീകരിക്കുന്നത് സഹതാപാര്‍ഹമായ ഒരു ഫലിതമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍